ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ ആര്‍ രാജേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമന്‍ വീടിന്റെ ഉമ്മറത്ത് ബീഡിയും വലിച്ചു ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്തിരിക്കുകയാണ്.
ദിവസങ്ങളായി വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു പ്രശ്‌നത്തിന് പരിഹാരവുമായിട്ടാണ് ശിവദാസന്റെ ആഗമനം.
'കേസ്‌പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ.'
വിക്രമപത്‌നി വൈശാലിയുടെ വകയായി സ്വരം അടുക്കളയില്‍ നിന്നുയര്‍ന്ന വാക്കുകളില്‍ പ്രതിഷേധത്തിന്റെയും, പരിഹാസത്തിന്റെയും മെമ്പോടിചേര്‍ന്നിരുന്നു.
ആദ്യത്തെ ബീഡിക്കുറ്റിയെ അയ്യത്തേക്ക് വലിച്ചെറിഞ്ഞ വിക്രമന്‍ രണ്ടാമന്റെ മൂട്ടില്‍ തീ കൊളുത്തി ചുംബിക്കുന്ന നേരത്താണ് കാത്തിരിപ്പിന് അറുതിവരുത്തി കൊണ്ട് ചുണ്ടില്‍ പുഞ്ചിരിയും വായില്‍ മുറുക്കാനുമായി ശിവദാസന്‍ കടന്നുവന്നത്.
മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടിതുപ്പി ശിവദാസന്‍ വിക്രമചാരെ ഇരിപ്പുറപ്പിച്ചു.
പേരറിയാത്തൊരു രാജ്യത്തിന്റെ ഭൂപടം പോലെ മണ്ണില്‍ പരന്നു കിടന്ന മുറുക്കാന്‍ തുപ്പല്‍ നോക്കി മുഖം വികൃതമാക്കി വൈശാലി കട്ടന്‍ മേക്കിങ്ങിനായി അടുക്കളയിലേക്ക് നീങ്ങിയപ്പോള്‍, വിക്രമാലയത്തിന്റെ ഉമ്മറത്ത് അത്യന്തം പ്രാധാന്യമേറിയ 'വിക്രമ - ദാസ' ചര്‍ച്ച ആരംഭിച്ചിരുന്നു.
'എല്ലാത്തിനും പരിഹാരമുണ്ട് വിക്രമാ, നീയും ഒന്ന് സജ്ജമായിരിക്കണം.വേണ്ടതെല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട് '.
വൈശാലി കൊടുത്ത കട്ടന്‍കാപ്പി ഊതികുടിക്കുന്നതിനിടയില്‍ ശിവദാസന്‍ ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകള്‍ക്ക് വിക്രമന്‍ ശ്രദ്ധയോടെ കാതോര്‍ക്കുന്നുണ്ട്.
രണ്ട്
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ വിക്രമനും, തെക്കേലെ സുബൈറുമായി അതിര്‍ത്തി സംബന്ധമായി ചെറിയ കശപിശ നടന്നിരുന്നു. സുബൈറും ,അനുജന്‍ ഇസഹാക്കും ചേര്‍ന്ന് വിക്രമന്റെ സെക്രട്ടറിയേറ്റ് നോക്കി ചവിട്ടുകയും, ഇടനെഞ്ച് നോക്കി തള്ളുകയും ചെയ്തതോടെ പുറന്നോട്ട് മലച്ച വിക്രമനെ വൈശാലിയുടെ കരുത്തുറ്റ കൈകള്‍ താങ്ങിയതിനാല്‍ നിലംപതിച്ചില്ല.
'നിലത്തുവീണിട്ട് എടുത്താല്‍ പോരായിരുന്നോ അമ്മേ?, നല്ലൊരു സീനാണല്ലോ അമ്മ കുളമാക്കിയത്.'
നടന്ന സംഭവങ്ങള്‍ ഒരു രംഗവും വിട്ടുപോകാതെ മൊബൈലില്‍ പകര്‍ത്തികൊണ്ടിരുന്ന വിക്രമപുത്രന്‍ പ്ലസ് ടുക്കാരന്‍ വിക്രജിത്ത് വൈശാലിയുടെ അവസരോചിതമായ ഇടപെടല്‍ കാരണം സുവര്‍ണ്ണാവസരം നഷ്ടമായത് കണ്ട് തലയില്‍ കൈവെച്ചു.
' ഡാ കാലാ ആ മൊബൈല്‍ മാറ്റി വെച്ചിട്ട് ഇതിയാനെ വന്നൊന്ന് പിടിക്ക്.'
അവശനായ വിക്രമനെ വീടിനുള്ളിലേക്ക് കയറ്റുവാന്‍ വിക്രജിത്തിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വൈശാലിയുടെ ഉച്ചത്തിലുള്ള വാക്കുകള്‍ കരച്ചിലിന്റെ അകമ്പടിയായി അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു.
'ഇപ്പോള്‍ അയലത്തുകാര്‍ തമ്മിലുള്ള നാടന്‍ തല്ലിന്റെ വീഡിയോക്കാണ് സോഷ്യല്‍ മീഡിയയില്‍ മാര്‍ക്കറ്റ്.'
ഇരുവരും ചേര്‍ന്ന് വിക്രമനെ തിണ്ണയില്‍ പ്രതിഷ്ഠിക്കുമ്പോഴും വിക്രജിത്തിന്റെ മുഖത്ത് നല്ലൊരു സീന്‍ നഷ്ടമായതിന്റെ നിരാശയായിരുന്നു നിഴലിച്ചിരുന്നത്.
പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കണമെന്ന വൈശാലിയുടെ ആവശ്യം വിക്രമന്‍ നിരസിച്ചു. പകരം തന്ത്രങ്ങളുടെ തമ്പുരാന്‍ ശിവദാസനെയാണ് വിക്രമന്‍ രക്ഷകനായി കണ്ടത്.
ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം പോലെ വിക്രമനും സുബൈറും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങിയത് ആദ്യമായാണെന്ന് മാത്രം. ഇതിന് മുമ്പ് അവസാനം തര്‍ക്കം ഉണ്ടായപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ മല്ലാക്ഷിയുടെ നേതൃത്വത്തില്‍ സന്ധിസംഭാഷണം നടത്തിയതോടെയാണ് ഇരു കൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.എന്നാല്‍ മല്ലാക്ഷി കമ്മീഷന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മറുഭാഗത്തുനിന്ന് വീണ്ടും പ്രകോപനം ഉണ്ടായിട്ടും കേസ് കൊടുക്കാത്ത വിക്രമന്റെ നടപടിയോടാണ് വൈശാലിക്ക് അമര്‍ഷം.
കേസിനും വഴക്കിനും പോയാല്‍ താന്‍ വര്‍ഷങ്ങളായി കയ്യേറിവെച്ചിരിക്കുന്ന സുബൈറിന്റെ വസ്തു തിരികെ നല്‍കേണ്ടിവരുമോ എന്ന ആശങ്കയാണ് വിക്രമനെ കേസില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
മൂന്ന്
'സുബൈറും, ഇസാഹാക്കും മാത്രമല്ല, സുബൈറിന്റെ രണ്ട് ആണ്മക്കളും നല്ല തടി മിടുക്കുള്ളവരാണ്. അവരുടെ സംഘടിതമായ അക്രമണം ഉണ്ടായാല്‍ ഇപ്പുറത്ത് നീ മാത്രമേയുള്ളു.
ഇപ്പോഴും വട്ടു കളി വിട്ടുമാറാത്ത ഈ ചെക്കനെ കൊണ്ട് എന്ത് ചെയ്യാനാണ്?.'
ശിവദാസവചനങ്ങളുടെ അവസാന ഭാഗങ്ങളില്‍ പ്രതിപാദ്യം വിക്രജിത്തിനെ കുറിച്ചുമായി.
'നിന്റെ ഭാഗത്ത് നിന്നും ഒരു കരുതല്‍ അത്യാവശ്യമാണ് വിക്രമാ.'
കൂടിക്കാഴ്ച്ചയുടെ അവസാനം ശിവദാസനൊപ്പം വിക്രമന്‍ പുറത്തേക്ക് ഇറങ്ങിയ നേരത്താണ് , തിരികെ വരുമ്പോള്‍ ഡേവിസിന്റെ കടയില്‍ നിന്ന് രാവിലത്തേക്കുള്ള പാല് വാങ്ങണമെന്ന വൈശാലിയുടെ ഓര്‍മ്മപ്പെടുത്തല്‍ ഓടിയെത്തിയത്. എന്നാല്‍ തെക്കോട്ടു പോകുന്നൊരു തീവണ്ടിയുടെ നിലവിളി അതിനെ മായ്ച്ചു കളഞ്ഞിരുന്നു.
ആറടി നീളമുള്ള രണ്ടു കുറുവടിയുമായിട്ടായിരുന്നു രാത്രിയില്‍ വിക്രമന്റെ മടങ്ങിവരവ്.
പാല് വാങ്ങാന്‍ പോയവന്‍ കുറുവടിയുമായ് വന്നതിന്റെ നീരസം വിക്രമന്റെ പാത്രത്തിലേക്ക് കപ്പയും, മത്തികറിയും വിളമ്പുന്നതിനിടയില്‍ വൈശാലി പ്രകടമാക്കിയതോടെ വിക്രമന്റെ കുറുവടിമഹാതമ്യം ആരംഭിച്ചു.
'ഇത് സാധാരണ കുറുവടിയല്ല, പ്രതിരോധത്തിന്റെ കവചമാണ്.'
കുറുവടി കൊണ്ട് ചായ ഉണ്ടാക്കുവാനൊക്കില്ലെന്ന വൈശാലിയുടെ പായാരം അടുക്കളയുടെ ഏതോ കോണില്‍ നിന്ന് അപ്പോഴും ഉയരുന്നുണ്ടായിരുന്നു.
അടുക്കളവരാന്തയില്‍ നിന്നുള്ള വൈശാലിയുടെ ഒച്ച കേട്ടുകൊണ്ടാണ് വിക്രജിത്തിന്റെ തൊട്ടടുത്ത പ്രഭാതം ആരംഭിച്ചത്.
പതിവിലും രാവിലെ ഉണര്‍ന്നു അടുക്കളയുടെ പുറകിലായി സുബൈറിന്റെ വീട്ടില്‍ നിന്നാല്‍ കാണുന്ന വിധം വിക്രമന്റെ കുറുവടി പരിശീലനമാണ് വൈശാലിയുടെ ശബ്ദമുയരുവാന്‍ കാരണം.
വൈശാലി വളര്‍ത്തുന്ന മുട്ടക്കോഴികളില്‍ ഒന്ന് അടുക്കളവരാന്തയില്‍ ജീവനില്ലാതെ കിടപ്പുണ്ട്.
വിക്രമന്റെ കുറുവടി പരിശീലനത്തിന്റെ ആദ്യ രക്തസാക്ഷി.
'കോഴി ഒന്ന് ചത്താലെന്താ? കുറുവടി നന്നായി കയ്യില്‍ വഴങ്ങുന്നുണ്ട്.'
ഇനി സുബൈറോ, ഇസഹാക്കോ ഇവിടെ വന്നു ചൊറിയട്ടെ അപ്പോള്‍ കാണാം കളി.'
ആദ്യദിവസ പരിശീലനം കഴിഞ്ഞപ്പോള്‍ വിക്രമന്‍ സ്വയം വിശകലനം നടത്തി.
രണ്ടുമൂന്ന് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ശിവദാസന്‍ വിക്രമാലയത്തിലെത്തിയത് വിക്രമന്റെ മറ്റൊരു ആശങ്കക്ക് പരിഹാരവുമായാണ്.
'കിഴക്കേലെ ഗോപിയുടെ മോന്‍ ഗണേഷ് കരാട്ടെയാണ്. ഒരു അപകടം മണക്കുന്നുണ്ട്, അവന്‍ കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍വെച്ച് കാര്‍ത്തിക ബസ്സിലെ കിളിയെ ചവുട്ടി താഴെയിട്ടത് ഞാന്‍ നേരിട്ട് കണ്ടതാണ്.'
'സുബൈറും കുറുവടിയും കഴിഞ്ഞു, ഇനി അടുത്തത്. വല്ലവനേം നോക്കി നടക്കാതെ നിങ്ങള്‍ സ്വന്തം കാര്യം നോക്ക്.'
വിക്രമന്റെ ആശങ്കക്ക് മേല്‍ വൈശാലിയുടെ പരിഹാസം പെയ്തിറങ്ങി.
'നിനക്ക് കാര്യത്തിന്റെ ഗൗരവം അറിയാത്തകൊണ്ടാണ്, ഒന്നാമത് നമ്മുടെ കിഴക്കേ അതിര്‍ത്തിയിലെ പൂവരശിന്റെ ചില്ല ഗോപിയുടെ പുരയിടത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നതിന്റെ ദേഷ്യം ഗോപിക്കുണ്ട്. ചാഞ്ഞു നില്‍ക്കുന്ന പൂവരശ് ചില്ല ഇനിയുമൊരു തര്‍ക്കത്തിനുള്ള കാരണമായേക്കാം. അപ്പോള്‍ ഗോപിയുടെ മോന്‍ ഗണേഷ് പ്രശ്‌നത്തില്‍ ഇടപെടാനും, കരാട്ടെ പ്രയോഗിക്കാനും സാധ്യതയുണ്ട്, വേണ്ട മുന്‍കരുതല്‍ എടുക്കണം'.
വിക്രമനിലെ പ്രതിരോധമന്ത്രി ശിവദാസനുമായുള്ള കൂടിക്കാഴ്ച്ചയില്‍ സ്വയം വിലയിരുത്തല്‍ നടത്തി.
'കരോട്ടക്ക് മുന്നില്‍ കുറുവടി പറ്റില്ല, വേറേ ഒരു സംഭവം ഉണ്ട്, പക്ഷേ ഇത്തിരി കാശ് ചിലവാണ്.'
ശിവദാസന്റെ പുതിയ പ്രതിരോധ രഹസ്യം കൈക്കലാക്കാന്‍ കാശ് എത്ര മുടക്കുവാനും വിക്രമന്‍ തയ്യാറായിരുന്നു.
പുതിയ ആയുധസംഭരണത്തിന്റെ മൂലധനം കണ്ടെത്തുവാന്‍ വിക്രമന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വൈശാലിയുടെ കയ്യില്‍ കിടന്ന വളയെ ചെറിയാന്റെ പണയ ലോക്കറില്‍ സുരക്ഷിതമായി വെക്കുക എന്നതും കുടുംബശ്രീയില്‍ നിന്ന് വൈശാലിയെ കൊണ്ട് ലോണ്‍ എടുപ്പിക്കുക എന്നതുമായിരുന്നു.
മൂന്നാം നാള്‍ രാത്രി രഹസ്യമായി ശിവദാസന്‍ വിക്രമാലയത്തിലെത്തി 'സാധനം' വിക്രമന് കൈമാറി.
ഒരു നാടന്‍ തോക്കും ഏതാനും ഉണ്ടകളുമായിരുന്നു അത്.
'തോക്ക് കയ്യില്‍ വെക്കാന്‍ ലൈസന്‍സ് വേണ്ടതാണ്. അതില്ലാത്തതിനാല്‍ പുറത്തെടുക്കരുത് ആവശ്യം വന്നാല്‍ മാത്രം ഉപയോഗിക്കുക.'
ശിവദാസന്റെ ഓര്‍മ്മപ്പെടുത്തല്‍ വിക്രമനില്‍ അല്‍പ്പം നിരാശ സമ്മാനിച്ചു.
കുറുവടി പോലെ തോക്ക് കയ്യിലേന്തി അയല്‍വാസികളെ കാണിച്ചു അഭ്യാസം നടത്തുവാന്‍ കഴിയില്ലല്ലോ.
'ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആണവശക്തികള്‍ക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ എടുപ്പുള്ളത് പോലെ, ഈ നാട്ടില്‍ തോക്ക് സ്വന്തമാക്കിയ ആദ്യത്തെ ആള്‍ എന്ന പെരുമ ഇനി വിക്രമാലയത്തില്‍ വിക്രമന് സ്വന്തം'.
വിക്രമനെ ഒരിക്കല്‍ക്കൂടി പുകഴ്ത്തിയാണ് ആ രാത്രി ശിവദാസന്‍ മടങ്ങിയത്.
ആഴ്ച്ചകള്‍ മുന്നോട്ടു പോയിട്ടും സുബൈറില്‍ നിന്നോ, ഗണേഷില്‍ നിന്നോ പ്രകോപനം ഒന്നും ഉണ്ടാകാത്തതിനാല്‍ തോക്കും - കുറുവടിയും പ്രയോഗിക്കുവാന്‍ കഴിയാത്തതിന്റെ നിരാശ വിക്രമനില്‍ ആവോളം പ്രകടമായിരുന്നു.
'കുറുവടി കാരണം നഷ്ടം ഒരു മുട്ടക്കോഴിയായിരുന്നെങ്കില്‍, ഇപ്പോള്‍ തോക്ക് കാരണം തന്റെ വള തന്നെ നഷ്ടപ്പെടുന്ന ലക്ഷണമാണ്.'
എന്നിങ്ങനെയുള്ള പ്രതിഷേധം വൈശാലിയില്‍ നിന്നുയരുമ്പോഴൊക്കെ, ആയുധ സംഭരണത്തിനായി ലോകരാജ്യങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചിലവിടുന്നത് ചൂണ്ടിക്കാട്ടി വിക്രമന്‍ വാക്കുകള്‍ കൊണ്ട് വൈശാലിക്ക് മേല്‍ പ്രതിരോധം തീര്‍ത്തിരുന്നു.
മാസങ്ങള്‍ പിന്നെയും പിന്നിട്ട് മറ്റൊരു വൈകുന്നേരം, ജോലി കഴിഞ്ഞു മടങ്ങിയെത്തി പതിവ്‌പോലെ ഉമ്മറത്തെ കസേരയില്‍ വൈശാലി കൊണ്ടുവരുന്ന കട്ടനും കാത്ത് സിഗരറ്റും പുകച്ചിരിക്കവെയാണ് പുറകിലൂടെ വിക്രമന്റെ കഴുത്തിലൊരു കുറുവടിയമര്‍ന്നത്.
വളയില്ലാത്ത വൈശാലിയുടെ വലതു കയ്യില്‍ നിന്നും ഒരു നോട്ടീസ് വിക്രമന്റെ മടിയിലേക്ക് ഊര്‍ന്ന് വീണു.
'വായിച്ചു നോക്ക്'- വിക്രമനു നേര്‍ക്ക് വൈശാലിയുടെ ആജ്ഞയുടെ സ്വരമുയര്‍ന്നു.
'ശ്വാസംമുട്ടുന്നു. കുറുവടി മാറ്റ് എന്നിട്ട് വായിക്കാം.'
വിങ്ങിയ വിക്രമശബ്ദം തപ്പിത്തടഞ്ഞു പുറത്തേക്ക്.
'വായിച്ചു കഴിഞ്ഞേ മാറ്റൂ' വൈശാലി നിലപാട് വ്യക്തമാക്കി.
വിക്രമന്റെ കണ്ണുകള്‍ മടിയില്‍ കിടന്ന നോട്ടീസിലേക്ക്.
മുതലും പലിശയുമടച്ചു നാളെ വൈകിട്ട് നാലുമണിക്ക് മുമ്പ് വള തിരുച്ചെടുത്തില്ലെങ്കില്‍ ഉരുപ്പടികള്‍ ലേലത്തില്‍ വെക്കുമെന്ന ചെറിയാന്‍ ഫൈന്‍സിയേഴ്സില്‍ നിന്നുള്ള മുന്നറിയിപ്പായിരുന്നു നോട്ടീസില്‍.
'നാളെ എന്റെ വള തിരിച്ചെടുത്തില്ലായെങ്കില്‍, അകത്തിരിക്കുന്ന തോക്ക് നിങ്ങളുടെ അണ്ണാക്കില്‍ വെച്ച് ഞാന്‍ പൊട്ടിക്കും.'
കുറുവടി നിലത്തിട്ട് ഓര്‍മ്മപ്പെടുത്തലുമായി വൈശാലി അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ നടന്ന സംഭവങ്ങളൊക്കെ കൃത്യമായി വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു വിക്രജിത്ത്.
'പൊളിച്ചു, ഇത് വൈറലാകും ഉറപ്പ്'
വീഡിയോ വീണ്ടും കണ്ട് വിക്രജിത്ത് ആത്മരതിയിലാറാടുന്ന നേരത്ത്, വിക്രമന്‍ തോക്ക് വില്‍ക്കുവാന്‍ ശിവദാസനെ വിളിക്കുന്ന തിരക്കിലായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...