Malayalam Short Story : കുതിരാന്‍, കെ ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 13, 2023, 6:15 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ ആര്‍ രാഹുല്‍ എഴുതിയ  ചെറുകഥ 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


എന്റെ ജീവന്റെ, ദൈവവും ചെകുത്താനും ഞാന്‍ തന്നെയാണെന്ന് എനിക്കു മുന്നില്‍ അവള്‍ കുമ്പസരിച്ചത് കെ.എസ്.ആര്‍.ടി.സി. ബസ് കുതിരാന്‍മല ശ്വാസം മുട്ടിക്കയറുമ്പോഴാണ്!

അപ്പൂപ്പന്‍താടി പോലെ മാനത്തു നിന്നും ഒരു തുണ്ടുമേഘം കിഴുക്കാംതൂക്കായ മലയുടെ നേരെ ഒഴുകിക്കൊണ്ടിരുന്ന ചിത്രം അവളുടെ ഉള്ളം കൈവെള്ളയില്‍ എന്റെ വിരലുകൊണ്ട് എഴുതുകയായിരുന്നു ഞാനപ്പോള്‍. 

അത് ബാംഗ്ലൂരിലേക്കുള്ള ഞങ്ങളുടെ രണ്ടാമത്തെ യാത്രയായിരുന്നു. ആദ്യ യാത്ര അപ്രതീക്ഷിതവും ലക്ഷ്യബോധമില്ലാത്തതുമായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്നതിന്റെ ആസ്വാദ്യത നുകരാന്‍ വേണ്ടി മാത്രമുള്ള യാത്ര. ഒന്നിച്ച് ജീവിച്ചു തുടങ്ങിയതിന്റെ ആറാമത്തെയോ ഏഴാമത്തെയോ മാസമായിരുന്നു അത്.

സുദീര്‍ഘമായ മധുവിധുകാലം വിരസമായി തുടങ്ങുന്നതായി തിരിച്ചറിഞ്ഞപ്പോള്‍ അതുമാറാന്‍ ഒരു നാല് ദിവസം വെറുതെ ഇറങ്ങിയതാണ്. ബാംഗ്ലൂരിലേക്ക് ബോധപൂര്‍വ്വം പോയതല്ല . സത്യത്തില്‍ അവിടെ എത്തപ്പെട്ടതാണ്. ഹ്രസ്വമായ ദൂരങ്ങളെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓരോ സ്ഥലത്ത് എത്തുമ്പോഴും തൊട്ടടുത്ത മറ്റൊരു സ്ഥലം അങ്ങോട്ട് ക്ഷണിച്ചു. അങ്ങനെ തെന്നിത്തെറിച്ച് അവിടെ എത്തിയതാണ്. 

എന്നാല്‍ ഇപ്രാവശ്യം ബീജാപ്പൂരിലുള്ള നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനും മടങ്ങി വരുന്ന വഴി പാലക്കാട്ടുള്ള അവളുടെ കൂട്ടുകാരിയെ കണ്ട്  വിശേഷങ്ങള്‍ പങ്കുവെക്കാനുമായിരുന്നു യാത്ര. പതിവിന് വിപരീതമായി  യാത്ര കെ.എസ്.ആര്‍.ടി.സി. ബസ്സിലാക്കിയത് അവളുടെ നിര്‍ബന്ധം കൊണ്ടായിരുന്നു. സാധാരണ ബസ് യാത്ര തുടങ്ങിയാല്‍ ആറേഴ് കവറും രണ്ടു കുപ്പി വെള്ളവും അര ഡസന്‍ ചെറുനാരങ്ങയും അവള്‍ക്ക് ആവശ്യം വരാറുണ്ട്. കാറില്‍ അല്ലാതെ പത്ത് കിലോമീറ്റര്‍ തികച്ചും സഞ്ചരിക്കാന്‍ പറ്റാത്ത ആളാണ്. എന്നാല്‍ ഇക്കുറി അതൊന്നുമുണ്ടായില്ല. യാത്ര തുടങ്ങിയ പാടെ ചെറുതായി ശാന്തമായി അവള്‍ മയങ്ങി. എന്നാല്‍ കെ.എസ്.ആര്‍.ടി.സി. ബസ് തൃശ്ശൂര്‍ സ്റ്റാന്‍ഡ് വിട്ടതിനുശേഷം അവള്‍ ഉറങ്ങിയിട്ടില്ല. റോഡിനിരുവശവും കാണുന്ന ഓരോ കാഴ്ചകളും ആസ്വദിച്ച് വിവരിച്ച് എന്നെ കേള്‍പ്പിക്കും. ആദ്യ ബാംഗ്ലൂര്‍ യാത്ര ട്രെയിനിലൂടെ ആയിരുന്നതിനാല്‍ ഈ ആവേശവും ഉത്സാഹവും കണ്ടിരുന്നില്ല. ഇപ്പോള്‍ എന്‍എച്ച് 544 എന്ന പുനര്‍നാമകരണം ചെയ്ത പഴയ എന്‍എച്ച് 47-ലൂടെയായിരുന്നു യാത്ര. ബസ് കുതിരാന്‍ മല കയറാന്‍ തുടങ്ങുന്നതിന് മുമ്പ് അവളില്‍ കരിമേഘം പോലെ ഒരു നിശബ്ദത വന്നുനിറഞ്ഞു.

 

Also Read : വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

 

രണ്ട് 

ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവസാന നാളുകളില്‍ മലബാര്‍ മേഖലകളില്‍ പലയിടത്തും വലിയ ചുങ്കങ്ങള്‍  നിര്‍മ്മിച്ചിരുന്നു. കുരുമുളകും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പുറമേ റബ്ബറും കാളകളുമായിരുന്നു അവിടെ കൂടുതലും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. കാളവണ്ടികളില്‍ നിറയെ ചരക്കുമായി കുതിരാന്‍ മല കടക്കാന്‍ എത്തുന്ന കച്ചവടക്കാരെ പീരുവെന്നും ശേഖണ്ഠനെന്നും പേരുള്ള രണ്ട് കള്ളന്മാര്‍ കൊന്ന് കൊള്ളി വെച്ച് വടക്കുഭാഗത്ത് കാണുന്ന മലയിലേക്ക് രക്ഷപ്പെടുമായിരുന്നത്രേ! അങ്ങനെയാണ് കുതിരാന്‍ മലയ്ക്ക് സമാന്തരമായി കാണുന്ന കാടിനുള്ളിലുള്ള മലയ്ക്ക് കള്ളക്കുന്ന് എന്ന പേര് വന്നത്.  

'പീരുവിനും ശേഖണ്ഠനും ശേഷം  പേരറിയാത്ത ആയിരം കള്ളന്മാരും ചോരകൊണ്ട് ഗുരുതി കലക്കിയ മലയില്‍ ഇപ്പോഴും ചെരിപ്പിടാതെ ചവിട്ടിയാല്‍ ഉള്ളം കാലില്‍ ചോര നനയും. സംശയം ഉണ്ടെങ്കില്‍ എന്റെ ഉള്ളം കാലില്‍ തൊട്ടു നോക്കൂ. കഴിഞ്ഞ തവണ അവിടെ പോയപ്പോള്‍ ചവിട്ടിയതിന്റെ ചോരപ്പാട് ഇപ്പോഴും മാഞ്ഞിട്ടില്ല.'

എന്നവള്‍ പറഞ്ഞത് വിവാഹം കഴിക്കാതെ ദാമ്പത്യം ശീലിച്ചു തുടങ്ങിയ രണ്ടാമത്തെ രാത്രിയിലായിരുന്നു. അത് കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു.

അത് കണ്ട് അവള്‍ പൊട്ടിച്ചിരിച്ചു! 

ശേഷം ഉമ്മകള്‍ കൊണ്ട് അതിവിദഗ്ധമായി അവള്‍ എന്റെ ചുണ്ടുകള്‍ കൊരുത്തിട്ടു. ആ പശിമയില്‍ ഉടലൊട്ടി, ഉയിരൊട്ടി, ചലനം നിലച്ച് ഞാന്‍ കിതച്ചു. 

 

Also Read : മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

 

മൂന്ന്

യാത്രയില്‍ എപ്പോഴോ കണ്ണടഞ്ഞു പോയപ്പോള്‍ മല കയറുമ്പോള്‍ ഉറങ്ങരുതെന്ന് അവള്‍  പറഞ്ഞു.

'മലമുകളില്‍ വെച്ച് എപ്പോഴെങ്കിലും ബസ് സഡന്‍ ബ്രേക്ക് ചെയ്താല്‍ ഇരിക്കുന്നിടം  പൊട്ടിത്തെറിക്കുന്നത് പോലെ ഒരു  ശബ്ദവും ക്ലച്ച് കരിയുന്ന മണവും ഉയരുമത്രേ. അതിന് പുറകേ ആരതിയുഴിയുന്ന മണവും ഉയരും. അപ്പോള്‍ കുതിരയില്‍ വന്ന് മലമുകളില്‍ ഇരുപ്പുറപ്പിച്ച ദേവന്റെ തിരുനടയിലെ മലമടക്കില്‍ അമര്‍ന്നുപോയ ചില ശബ്ദങ്ങള്‍ കാറ്റില്‍ കലര്‍ന്ന് ഒഴുകിയെത്തും. ഒറ്റയ്ക്കായാല്‍ ഞാനത് കേട്ട് കരയും.'

അമ്പലപ്രാവുകള്‍ കൂടുകൂട്ടിയ എന്റെ ഇടനെഞ്ചില്‍ ചെവി ചേര്‍ത്താണ് അവളത് പറഞ്ഞത്. ഏത് ശബ്ദങ്ങള്‍ മലമുകളില്‍ അമര്‍ന്നുപോയ കാര്യമാണ് പറയുന്നതെന്ന് രണ്ടുവട്ടം ചോദിച്ചിട്ടും അവള്‍ മറുപടി പറഞ്ഞില്ല. -'തിരിച്ചുവരാം എന്നുറപ്പു നല്‍കി പുറപ്പെട്ടവരില്‍ ചിലര്‍ മലമടക്കില്‍ നിലവിളിയായ് ഒളിച്ചുനില്‍ക്കുന്നത് കേള്‍ക്കണോ? എങ്കില്‍  ചെവിയോര്‍ത്തു നോക്കൂ' എന്ന് എന്റെ ചെവിയില്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. 

മലകയറുമ്പോള്‍ അടിച്ച തണുത്ത കാറ്റു കൊണ്ടാണെന്ന് പറഞ്ഞു സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ അടിവയറ്റില്‍ ഉണ്ടായ ആളലും രോമാഞ്ചവും ഭയം കൊണ്ടാണെന്ന് എനിക്ക് തുറന്നു സമ്മതിക്കേണ്ടി വരുമായിരുന്നു.

തലയും വാലും ഇല്ലാത്ത ആ സംസാരത്തിന്റെ ചുഴിയില്‍പ്പെട്ട് പേരറിയാത്ത ഒരു വികാരം എന്നെ ഭയത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചു താഴ്ത്തിയിരുന്നു. ആ ഭയം കുതിരാനെ കുറിച്ച് ഓര്‍ത്തിട്ടല്ലായിരുന്നു. എനിക്കിനിയും ഒരു തരിമ്പും മനസ്സിലാവാത്ത ഒരാള്‍ ആണല്ലോ കൂടെയുള്ളത് എന്നോര്‍ത്ത് ആയിരുന്നു.

എന്റെ ഭാവമാറ്റം തിരിച്ചറിഞ്ഞ അവള്‍ ഒരു കുഞ്ഞിനെപ്പോലെ എന്റെ തല അവളുടെ മാറോട് ചേര്‍ത്ത് പറഞ്ഞു.

'പേടിക്കണ്ട ട്ടോ , വണ്ടിതട്ടിമരിച്ചവര്‍ അന്നദാനം നടക്കുമ്പോള്‍ അമ്പലത്തെ പ്രദക്ഷിണം ചെയ്ത് മലയിറങ്ങി വഴിപാട് കടം വീട്ടുന്നത് കണ്ടാല്‍ സങ്കടമാണ്  വരുകയെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു!

ഇരുന്നിടത്ത് ഞാന്‍ കുതിര്‍ന്നു. പിന്നെ അലിഞ്ഞൊഴുകി.

 

Also Read : കാഫ്ക, കരുണാകരന്‍ എഴുതിയ കഥ

 

നാല്

ആദ്യമായി കുതിരാന്‍ എന്ന് കേള്‍ക്കുന്നത് ഉറക്കത്തില്‍ അവള്‍ പറഞ്ഞ ഏതോ പിച്ചും പേയുടേയും ഇടയിലാണ്. ആദ്യമൊക്കെ അതൊരു കൗതുകമായിരുന്നു. സുന്ദരിയായ ഒരുവള്‍ ഉറക്കത്തിനിടയില്‍ ഉണര്‍വില്‍ എന്നപോലെ അതിമനോഹരമായി സംസാരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി തരുന്നു. ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ലോകങ്ങള്‍ക്കിടയില്‍ തെന്നി വീഴാതെ നടക്കുന്നു.

നേരം പുലര്‍ന്നാല്‍ ഒന്നും ഓര്‍മ്മയില്ല.

- നിനക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. പകല്‍ ഞാന്‍ കളിയാക്കും. 

- മോനെ തികട്ടി വരുന്നത് മാത്രമല്ലേ സ്വപ്നത്തില്‍ ആയാലും പുറത്തു വരുന്നുള്ളൂ. കുഴിച്ചു മൂടണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരു ഉറക്കത്തിലും മുളച്ചു പൊന്താറില്ല.

-അതുപോട്ടെ, എന്താണ് ഈ കുതിരാന്‍?

എന്റെ ചോദ്യത്തിന് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

- അതൊരു സ്ഥലപ്പേരാണ് പൊട്ടാ തൃശ്ശൂര്‍ - പാലക്കാട് ജില്ലയുടെ അതിര്‍ത്തി ആയി വരും.

ഭൂമിശാസ്ത്രത്തില്‍ ഒട്ടും പിടിപാടും താല്‍പര്യവും ഇല്ലാത്ത ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാറില്ല. 

അന്യോന്യം ഭൂതകാലങ്ങളിലേക്ക് ചികഞ്ഞ് ഇറങ്ങി കുഴിച്ചുമൂടിയതും മണ്ണടിഞ്ഞു പോയതും ആയ കാര്യങ്ങള്‍ ഒന്നും തോണ്ടിയെടുക്കില്ല എന്നത് ഞങ്ങള്‍ പരസ്പരം നല്‍കിയ ആദ്യത്തെ വാഗ്ദാനമായിരുന്നു. മാത്രമല്ല തൃശ്ശൂരില്‍ ജനിച്ചെങ്കിലും എറണാകുളത്ത് പഠിച്ചു വളര്‍ന്ന എനിക്ക് തൃശൂര്‍ പോലും അപരിചിതമായിരുന്നു.

എന്നിട്ടും ഞാന്‍ അങ്ങോട്ട് ചോദിക്കാതെ തന്നെ ഏതോ ഒരു ദിവസം അവള്‍ തന്നെയാണ് എന്നോട് പറഞ്ഞത്: 

- ഒരിക്കല്‍ നമുക്ക് റോഡ് മാര്‍ഗ്ഗം പാലക്കാട് പോണം. അപ്പോള്‍ ഞാന്‍ കുതിരാന്‍ കാണിച്ചു തരാം.

 

Also Read : പട്ടം പറത്തുന്ന മന്ത്രവാദി, നിധീഷ് ജി എഴുതിയ കഥ

 

അഞ്ച്

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനോ മറ്റോ സര്‍ട്ടിഫിക്കറ്റുകള്‍ തിരിയുന്ന കൂട്ടത്തിലാണ് അവളുടെ എസ്എസ്എല്‍സി ബുക്കില്‍ പ്ലേസ് ഓഫ് ബര്‍ത്തിന്റെ സ്ഥാനത്ത് കുതിരാന്‍ കണ്ടത്. ഞാനത് ശ്രദ്ധിച്ചു എന്ന് മനസ്സിലായപ്പോള്‍ അവള്‍ കുതിരാനെപ്പറ്റി വീണ്ടും എന്നോട് സംസാരിച്ചു.

- എന്തുകൊണ്ടാണ് എന്റെ സ്വഭാവത്തില്‍ നിഗൂഢമായ വശങ്ങളുണ്ടെന്ന് നീ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് തോന്നാനുള്ള കാരണം എന്നറിയുമോ? അത് ഞാന്‍ കുതിരാന്‍കാരി  ആയതുകൊണ്ടാണ്. നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവത്തില്‍ നമ്മള്‍ ജനിച്ച ഭൂപ്രകൃതിക്ക് വലിയ സ്വാധീനം ചെലുത്താന്‍ പറ്റും.
പട്ടണത്തിന്റെ മകന്‍ ആയതുകൊണ്ടാണ് നിനക്ക് ഭൂതകാലത്തിനോട് വലിയ പ്രതിപത്തി ഇല്ലാത്തത്. സന്തോഷവും സങ്കടവും ക്ഷണനേരം കൊണ്ട് നിന്നെ വിട്ടുപോകുന്നത് പട്ടണത്തിലെ വേഗതയുമായി വേര്‍തിരിക്കാനാവാത്തവണ്ണം നിന്റെ ജീവിതം ഇഴുകി ചേര്‍ന്നതുകൊണ്ടാണ്.

ഒരു ഭാഗത്ത് പീച്ചി ഡാമിന്റെ റിസര്‍വോയറും മറുഭാഗത്ത് കൊള്ളക്കാര്‍ താമസിച്ചിരുന്ന കള്ളക്കുന്നും മറ്റൊരു ഭാഗത്ത് വന്യജീവി സങ്കേതവും ഉള്ള ഭൂപ്രദേശത്തുനിന്നാണ് ഞാന്‍ വന്നത്. ഇരുണ്ടതും നിഗൂഢവുമായ ഒരുപാട് ഇടങ്ങള്‍ അവിടങ്ങളില്‍ എല്ലായിടത്തുമുണ്ട്. അവിടെ ജീവിക്കുന്ന എല്ലാ മനുഷ്യരും ആ അത്ഭുതരഹസ്യങ്ങളില്‍ എല്ലാദിവസവും മരിച്ച് ഇഴുകിച്ചേരുകയും പിന്നീട് പുനര്‍ജനിക്കുകയും ചെയ്യാറുണ്ട്. ചികഞ്ഞു നോക്കിയാല്‍ ഭൂതകാലത്തിന്റെ വലിയ മണ്ണടരുകളാണ്  ഞങ്ങളുടെ ഉള്ളിലുള്ളത്.'

ഇത്രയും  ആയപ്പോള്‍ ഞാന്‍ ഇടപെട്ടു.

- സത്യത്തില്‍ എനിക്ക് ഇതൊന്നും അറിയാന്‍ ആഗ്രഹമില്ല. ഉറക്കത്തില്‍ നീ എപ്പോഴും പറയുന്ന സ്ഥലം നിന്റെ നാടാണെന്ന് കണ്ടപ്പോള്‍ ഒരു കൗതുകം അത്രയേ ഉള്ളൂ. 

പിന്നെ ചെറിയൊരു പരിഭവത്തോടുകൂടി കൂട്ടിച്ചേര്‍ത്തു: ചിലപ്പോഴൊക്കെ നിന്റെ സംസാരം എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല.

ചെറിയൊരു നിശബ്ദത ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു .
- സംസാരം ഇഷ്ടപ്പെടുന്നില്ല എന്നല്ല മനസ്സിലാകുന്നില്ല എന്നാണ് ഉദ്ദേശിച്ചത് ഞാന്‍ വിശദീകരിച്ചു.

ഉം..  എന്നൊരു ചെറിയ മൂളലില്‍ മൂളലില്‍ ആ സംസാരം അവിടെ തീര്‍ന്നു. 

 

Also Read: സഹയാത്രിക, അബിന്‍ ജോസഫ് എഴുതിയ കഥ


ആറ്

അവളുടെ കൈകള്‍ എന്റെ കൈകളില്‍ കോര്‍ത്തുപിടിച്ചിരുന്നു. തണുത്ത കാറ്റ് മലമടക്കില്‍ നിന്നും ബസ്സിനുള്ളിലേക്ക് അടിച്ചു കയറി. ഷട്ടര്‍ അടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ തടഞ്ഞു. 

-കുതിരാന്‍  ഒന്ന് ശരിക്ക് കാണണം. 

അവള്‍ പറഞ്ഞു.

-എന്തിന്? എന്റെ ചോദ്യം ഹ്രസ്വം ആയിരുന്നു. 

പക്ഷേ മറുപടി ഉണ്ടായിരുന്നില്ല.

- കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുതിരാനിലെ വാഹന അപകടങ്ങളില്‍ മരിച്ചത് 208 പേരാണ്. ഇത് റോഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക കണക്കാണ്. അനൗദ്യോഗിക കണക്ക് പ്രകാരം ഇതില്‍ 10-20 എണ്ണം കൂടുമെത്രേ.

- അത്രയും അപകടകരമായ സ്ഥലമാണോ?

അ ചോദ്യത്തിനും അവള്‍ മറുപടി തന്നില്ല.

കേട്ട ഭാവം നടിക്കാതെ അവള്‍ തുടര്‍ന്നു.

-മരണശേഷം ഒരു ജീവിതം ഉണ്ടെങ്കില്‍ ഇവിടെ മരിച്ചുപോയ എല്ലാവരും ഒരു കുടുംബമായി താമസിക്കുന്നുണ്ടായിരിക്കും അല്ലേ? 208 പേരുടെ വലിയ കൂട്ടുകുടുംബം!

 

Also Read: വണ്ടര്‍ വുമണ്‍, കെ വി പ്രവീണ്‍ എഴുതിയ കഥ

 

ഏഴ്

രാത്രി 10.20 ന് ബസ് പാലക്കാട് സ്റ്റാന്‍ഡില്‍ എത്തി. ഭക്ഷണം കഴിക്കുന്നതിനായി അരമണിക്കൂര്‍ വണ്ടി അവിടെ നിര്‍ത്തിയിടും. മുന്നില്‍ക്കണ്ട മലബാര്‍ ഹോട്ടലില്‍ നിന്ന് ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് ഞങ്ങള്‍ രണ്ടുപേരും കഴിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള്‍ പൂര്‍ണ്ണ നിശബ്ദയായിരുന്നു.

ഒന്ന് രണ്ട് തവണ സംസാരിക്കാന്‍ ഞാന്‍ ഒരുങ്ങിയെങ്കിലും പിന്നെ വേണ്ടെന്നുവച്ച മൗനം പാലിച്ചു.

- നമുക്ക് ബാംഗ്ലൂരിലേക്ക് പോണോ?

കൈകഴുകി കൊണ്ടിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു.

-പിന്നെ? നമ്മള്‍ അങ്ങോട്ടല്ലേ പോയിക്കൊണ്ടിരിക്കുന്നത്?

- അതല്ല നമുക്ക് തിരിച്ചു പോകാം. ഇവിടെനിന്ന് തിരുവില്വാമലയിലേക്ക് ബസ് കിട്ടും. അവിടെ പോയി എനിക്ക് ബലി ഇടണം.

- ആര്‍ക്ക്? നിഷ്‌കളങ്കമായി ഞാന്‍ ചോദിച്ചു.

- എല്ലാവര്‍ക്കും. മരിച്ചുപോയ എല്ലാവര്‍ക്കും. ഒരു സമാധാനവും തരാതെ രാത്രിയില്‍ തലഭാഗത്ത് വന്ന് സംസാരിക്കുന്ന എല്ലാവര്‍ക്കും. 

അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

- എല്ലാദിവസവും അങ്ങനെ ബലിയിടാന്‍ പറ്റുമോ? ഏതൊക്കെ ചില ദിവസങ്ങളില്‍ അല്ലേ അങ്ങനെ ചെയ്യാറ്. എന്റെ സംശയം തീര്‍ന്നിരുന്നില്ല.

- നിനക്ക് പറ്റുമെങ്കില്‍ വാ.  അല്ലെങ്കില്‍ ഞാന്‍ പൊയ്‌ക്കോളാം.  നീ ബാംഗ്ലൂര്‍ക്ക്  പോയി തിരിച്ചുവന്നോളൂ. കണ്ണുതുടച്ച് ഉറച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.

- ഞാന്‍ ഒറ്റയ്ക്ക് അവിടെ പോയിട്ട് എന്തിനാ? അവിടെ കഞ്ഞിവീഴ്ത്ത് വല്ലതുമുണ്ടോ?

രംഗം തണുപ്പിക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട് തമാശ പറഞ്ഞൊപ്പിച്ചു.

അവള്‍ ചിരിച്ചു. കണ്ണുതുടച്ചു.

അനുനിമിഷം എനിക്ക് അവളെ മനസ്സിലാകാതെ വരികയായിരുന്നു. അതുപോലെ അവളോടുള്ള ഇഷ്ടവും കൂടിക്കൂടി വരികയായിരുന്നു.

 

Also Read: ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ

 

എട്ട്

വസ്ത്രവും മൊബൈല്‍ ഫോണും ബാഗും പിടിച്ച് ഞാന്‍ നിളയുടെ ചുട്ടു പഴുത്തു തുടങ്ങിയ മണല്‍ത്തട്ടില്‍ തൂവാല വിരിച്ച് അതിനു മുകളില്‍ ഇരുന്നു. മരിച്ചുപോയവര്‍ക്കും ഭൂതകാലത്തിലും ബലിയിടാന്‍ പോയവള്‍ പക്ഷേ തിരിച്ചുവന്നില്ല.  പകരം മൊബൈലില്‍ ഒരു ശബ്ദ സന്ദേശം എന്നെ കാത്തു കിടപ്പുണ്ടായിരുന്നു. 

'ചോരവീഴ്ത്തി തറകലക്കി, വേരറുത്ത് മലകുലുക്കി, വെള്ളമൂറ്റി നിലമൊരുക്കി പണിതതാണ് കുതിരാനിലെ പാത. ഇനിയും നിലയ്ക്കാത്ത കണ്ണുനീരിന്‍ ധാര! കാത്തിരിക്കണം എന്ന് പറഞ്ഞു യാത്രചൊല്ലി ഇറങ്ങിയവര്‍  പോക്കുവെയിലിനോടൊപ്പം മാഞ്ഞുപോയതറിയാതെ വിളമ്പിയ ചോറ്റില്‍ നിന്ന് ഉരുളവാങ്ങാന്‍ കൊതിച്ചവര്‍ കണ്ണീരുപ്പു പുരട്ടി  ഒരുപാട് തവണ ബലിച്ചോറുരുട്ടിയിട്ടുണ്ട്. വഴിക്കണ്ണുമായി കാത്തുനിന്നവര്‍ മിഴികളില്‍ പെയ്യുന്ന തോരാമഴയുമായി ദുസ്വപ്നങ്ങളില്‍ ദിക്കറിയാതെ *പൊട്ടിതിരിച്ച്  നിലവിളിക്കുമ്പോള്‍  മലമടക്കില്‍ തട്ടി ഇന്നും നോവുകള്‍ പ്രതിധ്വനിക്കാറുണ്ട്. മലയേറി കുതിരമേലെ വന്ന ശാസ്താവ് ഇവിടെ നാടിനെ സംരക്ഷിക്കാന്‍  കാത്തിരിക്കുമ്പോള്‍ ഈ ശൈലകൂടത്തിന്റെ  ഉള്ളില്‍ ആരോ  മദപ്പാടിന്‍ വിത്തെറിഞ്ഞു കടന്നുപോയിട്ടുണ്ട്. അതുകൊണ്ടാവണം കടന്നുപോയ പഥികരുടെ തലയെഴുത്ത്  മായ്ച്ച് ഓര്‍മ്മകളാക്കി അവരെ മലയില്‍ തന്നെ പച്ചകുത്തിയിടുന്നത്. ലോകത്ത് എവിടേക്ക് പോയാലും കുതിരാന്‍ അതിന്റെ മാറിലേക്ക് എന്നെ വലിച്ചടുപ്പിക്കും. ഓര്‍മ്മകള്‍ക്ക് ബലിയിട്ടാലൊന്നും അതിന് മാറ്റം സംഭവിക്കില്ല. നിന്നോട് യാത്ര പറയാന്‍ എനിക്ക് കഴിയില്ല. നിനക്ക് എന്നെ വെറുക്കാം ശപിക്കാം. പക്ഷേ ടാങ്കര്‍ ലോറിയുടെ ടയറിന്റെ അടിയില്‍ മണ്ണെന്നപോലെ ഒട്ടിപ്പിടിച്ച് ഇല്ലാതായിപ്പോയ അപ്പനും അമ്മയ്ക്കും അതുപോലെതന്നെ ഇല്ലാതായ ഇരുനൂറ്റി ചില്വാനം പേര്‍ക്കും സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ തിരിച്ചു പോകുന്നു. നീ തിരിച്ച് പോകും വഴി അവിടെ ഇറങ്ങാതിരിക്കുക. ഒരു തുള്ളി ചോര പൊടിയാതെ കരള്‍  ഇറുത്തെടുത്ത് രക്ഷപ്പെട്ടോടിയ എനിക്ക് ബലിയിട്ടതിനുശേഷം മാത്രം തിരിച്ചു പോവുക.'
 

Also read: ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ

 

ഒന്‍പത്

അമര്‍ചിത്രകഥയിലെ രാക്ഷസന്റെ മൂക്കിന്‍ തുള പോലെ ഇരു ദ്വാരങ്ങള്‍ മലയിലിട്ട് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കം നിര്‍മ്മിച്ചതിന്  ശേഷം ഒറ്റയ്ക്കാണ് അവിടെ എത്തിയത്. തുരങ്കം തുറന്നു കൊടുത്തതോടു കൂടി മലമുകളിലൂടെ ഇപ്പോള്‍ വണ്ടികളോടില്ല. മല ചുറ്റിവരുന്ന നിലവിളിയും കേള്‍ക്കുന്നില്ല. ഒറ്റയ്ക്കായാല്‍ പറ്റില്ലെന്ന് പരാതി പറഞ്ഞവളും കൂടെയില്ല. മലയുടെ താഴ്വാരത്തില്‍ നിന്നും പഞ്ഞിക്കെട്ടു പോലൊരു വെള്ളമേഘം മാത്രം വിന്‍ഡോ സീറ്റിന്റെ അരികിലൂടെ കുറെ ദൂരം പിന്തുടര്‍ന്നു. പിന്നീട് എപ്പോഴോ വിരഹത്താല്‍ കറുകറെ കറുത്ത്  എനിക്ക് മുന്നില്‍ കരഞ്ഞു വീണു! 

കരയുന്നത് ആരായാലും കാണുക വയ്യ.

ഷട്ടര്‍ താഴ്ത്തി
'ശ്യാമ സുന്ദര പുഷ്പമേ'
റിപ്പീറ്റ് മോഡില്‍ ഇട്ട് കേട്ട് നിശ്ശബ്ദം വേദനിച്ചു.

................,,,,,,,,,,,,,,,,


*കുതിരാന്‍: തൃശ്ശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ മല. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരട്ടക്കുഴല്‍ തുരങ്കം ഈ മലയ്ക്കുള്ളിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത് 
* പൊട്ടിതിരിക്കുക:  കാട്ടില്‍ എല്ലാ വഴികളും ഒരുപോലെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണ് കെട്ടി കുളത്തിലോ കുഴിയിലോ കൊണ്ടുപോയി ചാടിച്ച് കൊലപ്പെടുത്തുന്ന ദുര്‍ദേവത വഴിതെറ്റിച്ചു കൊണ്ടുപോകുന്നത്
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!