ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.സി ബിപിന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ടെറസിലെ പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക് വീണുതുടങ്ങിയ വെള്ളം, അലാറം പോലെ വിശാലിന് അരോചകമായി. അയാള്‍ മുഖത്തുനിന്ന് പുതപ്പുമാറ്റി, ഉറക്കം നഷ്ടമായതിന്റെ അരിശത്തോടെ ശബ്ദംകേട്ട ഭാഗത്തേക്ക് നോക്കി. ജനല്‍പാളികള്‍ ഒന്നുപോലും അടച്ചിട്ടില്ല. കുറ്റം തന്റേത് തന്നെയെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടു. രാത്രി എപ്പോഴോ ഉറങ്ങിപ്പോയതാണ്. കൈയ്യില്‍നിന്ന് മയക്കത്തിനിടെ വഴുതിവീണ മൊബൈല്‍ ഫോണ്‍ കിടന്നതിന് ചുറ്റും പരതി. പുതപ്പിനടിയിലുണ്ട്. സമയംനോക്കിയപ്പോള്‍ നേരം നല്ലോണം വെളുത്തിട്ടുണ്ട്.
അഴിഞ്ഞുവീണ ലുങ്കി അരയില്‍ വലിച്ചുകുത്തി, എഴുനേറ്റിരുന്നു. നല്ല ക്ഷീണം. കാല് നിലത്തുകുത്തി, തലതാഴ്ത്തി, കണ്ണടച്ച്, ഒരല്പനേരംകൂടി...ഇല്ല, ഇന്നലെ കുടിച്ച മദ്യത്തിന്റെ ചൊരുക്ക് വിട്ടുപോയിട്ടില്ല! ഒരു നെടുവീര്‍പ്പ്... കുറ്റബോധം മദ്യപാനത്തിന്റെ അവസാനത്തെ ഉല്‍പ്പന്നമാണ്. എല്ലാ ലഹരികളും അവസാനിക്കുമ്പോഴാണ് അത് തലയിലേക്ക് കയറിവരിക. അതില്‍ തലവയ്ക്കരുതെന്ന് അയാള്‍ വീണ്ടും ഓര്‍ത്തു. പുറത്ത് ബക്കറ്റ് നിറയുന്ന ശബ്ദം. കണ്ണുതിരുമ്മികൊണ്ട് വിശാല്‍ വാതില്‍ തുറന്നു. ടെറസിലെ മൂലയിലുള്ള ടാപ്പ് അടച്ച്, ബക്കറ്റില്‍ വെള്ളം തൂക്കിയെടുത്ത് കണ്ണമ്മ നടന്നുവരുന്നു.
'വണക്കം സാര്‍...'
'വണക്കം' വിശാല്‍ കൈ ഉയര്‍ത്തി സലാം പറഞ്ഞ് ടെറസിലേക്ക് നടന്നു.
രണ്ടിടത്ത് മൂക്കു കുത്തിയ, പുള്ളിയുള്ള മാക്‌സി ധരിച്ച, മുല്ലപ്പൂ ചൂടിയ പത്തു നാല്പത് വയസുതോന്നിക്കുന്ന കണ്ണമ്മ ഈ നാലുനില അപ്പാര്‍ട്ട്‌മെന്റിലെ തൂപ്പുകാരിയാണ്. ഈ കെട്ടിടത്തിന്റെ ഓരത്തുള്ള ഒരു ചെറിയ വീട്ടിലാണ് താമസം. കോയമ്പത്തൂരില്‍ നിന്ന് കുട്ടിക്കാലത്ത് എത്തപ്പെട്ടതാണ്. അപ്പാര്‍ട്‌മെന്റിന്റെ കോണിപ്പടികള്‍ തുടയ്ക്കാനാണ് വെള്ളവുമായി പോയത്. അതാണ് വിശാലിന്റെ ഒട്ടുമിക്ക ദിവസത്തെയും കണിയും.
അയ്യപ്പക്ഷേത്രത്തിലെ വിശേഷാല്‍ പൂജയുടെ മണിയടി താഴെനിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കന്നഡ ഭാഷയിലുള്ള കീര്‍ത്തനങ്ങള്‍. 'ഈ നഗരത്തില്‍ ഏറ്റവും വൈകി എഴുന്നേറ്റത് ഞാനാണോ?' അങ്ങനെ ഒരു ആത്മവിമര്‍ശനവും അതുവഴി ഒരു ജാള്യതയും വിശാലിനുണ്ട്. അയാള്‍ അതിലും തലകൊടുത്തില്ല.
ടെറസില്‍ നിന്നുകൊണ്ട് അടുക്കള ജനലിന്റെ ഉള്‍ഭാഗത്ത് വച്ച സിഗരറ്റ് പാക്കറ്റ് കയ്യിലെടുത്തു. ടെറസിന്റെ കിഴക്ക് ഭാഗത്തെ മുസ്ലിം പള്ളിയുടെ മിനാരത്തില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു കാക്കയെ നോക്കിക്കൊണ്ട് തീപ്പട്ടി ഉരച്ചു. കത്തിയില്ല. കാറ്റുവീശുന്നുണ്ട്. രണ്ടാമത്തെ കൊള്ളികൊണ്ട് വീണ്ടും ഉരച്ചു, തീ കത്തി.
താഴെ അമ്മന്‍കോവിലില്‍ നിന്ന് ഭക്തിസാന്ദ്രമായി പരക്കുന്ന പൂമണത്തെ മറികടന്ന്, സിഗരറ്റിന്റെ പുകയും മണവും അയാളുടെ മൂക്കിലും വായിലും മുഖത്തുമെല്ലാം പരന്നു. ഉള്ളില്‍ അവശേഷിക്കുന്ന മദ്യത്തിന്റെ ലഹരീകോശങ്ങളെ ഒന്ന് ഉദ്ദീപിപ്പിക്കാന്‍ പുകയില വല്ലാതെ ശ്രമിക്കുന്നുണ്ട്. ചൂടില്ലാവെയില്‍ പരന്ന ടെറസില്‍ നിന്നുകൊണ്ട് വിശാല്‍ ചുറ്റുംനോക്കി. പള്ളിയോട് ചേര്‍ന്നുകാണുന്ന ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ തുണിയിടാന്‍ വന്ന അല്‍പവസ്ത്ര ധാരിയായ സ്ത്രീ തന്നെ പുച്ഛത്തോടെ വീക്ഷിക്കുന്നതായി അയാള്‍ക്ക് തോന്നി. പതിയെ മുഖംതിരിച്ചു. തിരിഞ്ഞുനിന്നുകൊണ്ടാണ് രണ്ടാമത്തെ പുകയെടുത്തത്. അവിടെ നേരിട്ട് കാണാന്‍ ആരുമില്ല, പക്ഷെ ഈ നഗരമുണ്ട്. തണുത്ത കാറ്റുവീശുന്ന ബംഗ്‌ളൂര്‍ നഗരം...
ഇടത്തരക്കാരും പാവങ്ങളും അത്യാവശ്യം പണക്കാരുമെല്ലാം തിങ്ങിപാര്‍ക്കുന്ന വസന്തനഗര്‍. കള്ളി വരച്ചതുപോലെ ഒരു നഗരം. ചെറിയ വഴികള്‍, നിറയെ ആളുകള്‍...കോവിലും പള്ളിയും തമിഴനും തെലുങ്കനും മലയാളിയുമെല്ലാം അയല്‍ക്കാരായി കഴിയുന്ന കന്നഡക്കാരന്റെ മണ്ണ്. ആരും ആരെയും അടുത്തറിയാത്ത നഗരം. അധികനാള്‍ ആയിട്ടില്ല വിശാല്‍ ഈ നഗരത്തില്‍ എത്തിയിട്ട്. വസന്തനഗര്‍ എന്നാണ് പേരെങ്കിലും അയാള്‍ക്ക് ഈ നഗരത്തില്‍ വസന്തകാലമല്ല. വന്ന നാള്‍ മുതല്‍ ആസ്വസ്ഥമാണ് മനസ്.
മൂന്നാമത്തെ പുക എടുക്കുമ്പോള്‍ അടുത്ത അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ വിശാല്‍ ശ്രദ്ധിച്ചു. അവള്‍ക്ക് അവിടെ നിറയെ ചെടികള്‍ ഉണ്ട്. പൂക്കളോട് സല്ലപിച്ച്, ഇലകളെ തൊട്ടുതലോടി എന്നും കാണാം ആ കുട്ടിയെ. ടെറസിന്റെ അരമതിലില്‍ കൈകുത്തിനിന്ന് താഴേക്ക് നോക്കിക്കൊണ്ട് അയാള്‍ വയനാട്ടിലെ തന്റെ വീടും ഓര്‍ത്തു.
ഓര്‍മകളെ മുറിച്ച് അകത്തുനിന്ന് ഫോണ്‍ റിങ് ചെയ്യുന്നു. സിഗരറ്റ് അരമതിലില്‍ കുത്തിക്കെടുത്തി അയാള്‍ മുറിയിലേക്ക് കയറി..
'സുഭാഷേ പറയു'
അങ്ങേ തലയ്ക്കലില്‍ നിന്നുള്ള എന്തോ ചോദ്യത്തിനുള്ള ഉത്തരമായി അയാള്‍ വീണ്ടും പറഞ്ഞു
'വേറൊന്നും ഇല്ല, കുളിക്കണം, കഴിക്കണം ഇറങ്ങണം. എന്തായാലും മൂന്നുമണി കഴിഞ്ഞല്ലേ ട്രെയിന്‍...ഞാന്‍ വിളിക്കുമ്പോള്‍ വണ്ടിയുമായി വന്നാല്‍ മതി.'
കട്ടിലിന്റെ താഴെ കാലിനോട് ചേര്‍ത്തുവച്ച പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് അയാള്‍ കുറെ വെള്ളം അകത്താക്കി. വാഷ് ബേസിനു മുന്നിലേക്ക് എത്തി, മുഖം കഴുകി. കണ്ണാടിയില്‍ നോക്കി. കണ്ണുകള്‍ നിറയുന്നത് പോലെ വെറുതെ തോന്നി. കുറെ വെള്ളം കൈക്കുമ്പിളിലാക്കി വീണ്ടും വീണ്ടും മുഖത്തേക്ക് ഒഴിച്ചു...കണ്ണീര് കാണാനില്ല, പക്ഷെ കണ്ണു ചുവന്നുവന്നു.
പേസ്റ്റും ബ്രഷും സോപ്പും തോര്‍ത്തുമൊക്കെയായി വിശാല്‍ ബാത്റൂമിലേക്ക് കയറി.
കണ്ണമ്മ മുഴുവന്‍ പടികളും തുടച്ച് വൃത്തിയാക്കി താഴെ എത്തി. കണ്ണമ്മയുടെ പെണ്മക്കള്‍ രണ്ടുപേരും അപ്പാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറന്ന് അമ്മയുടെ തൊട്ടടുത്തേക്ക് വന്നു. കണ്ടാല്‍ എട്ടും പത്തും വയസ് തോന്നിക്കുന്ന കുട്ടികള്‍. കുളികഴിഞ്ഞ് വിശാല്‍ ഒരു ബാഗുമായി താഴേക്ക് ഇറങ്ങി. കുട്ടികള്‍ അടച്ച ഗേറ്റ് അയാള്‍ വീണ്ടും തുറന്നു. ഗേറ്റിനോട് ചേര്‍ന്നാണ് കണ്ണമ്മയും കുടുംബവും താമസിക്കുന്നത്. ഒരു ഒറ്റമുറി ചായ്പ്പ്, അത്രേയുള്ളൂ വീട്. പാവങ്ങളാണ്, വിശാല്‍ ഗേറ്റ് അടയ്ക്കുമ്പോള്‍ കുട്ടികളോട് ചിരിച്ചു. ഇളയ കുട്ടി നാണംകൊണ്ട് ചേച്ചിയെ കുത്തിച്ചാരി നിന്നു. അയാള്‍ തെരുവിലൂടെ മുന്നോട്ട് നടന്നു.
കണ്ണമ്മയുടെ മൂത്തമകള്‍ വിശാലിനെ ചൂണ്ടിക്കൊണ്ട് ഇളയവളോട് പറഞ്ഞു- 'അതാണ് ബിരിയാണി കഴിക്കുന്ന സാര്‍' (തമിഴ് ഭാഷ) ഇളയത് അത്ഭുതത്തോടെ തലയാട്ടി. എന്നിട്ട് എന്നും ബിരിയാണി കഴിക്കുന്ന പണക്കാരനായ മനുഷ്യനെനോക്കി ആ എട്ടുവയസുകാരി ആശ്ചര്യം പൂണ്ടു.
റോഡരികിലെല്ലാം നിറയെ മരങ്ങളുള്ള സ്ഥലമാണ് വസന്തനഗര്‍. ബംഗ്‌ളൂരില്‍ പൊതുവില്‍ അങ്ങനെ ആണെങ്കിലും വസന്തനഗര്‍ കുറേക്കൂടി പച്ചപ്പ് കൂടുതലുള്ള ഇടമാണ്. പക്ഷെ രണ്ടുമാസമായിട്ടും ഈ പച്ചപ്പിന്റെ കുളിര്‍മയൊന്നും വിശാല്‍ ശ്രദ്ധിച്ചിട്ടില്ല, അനുഭവിച്ചിട്ടുമില്ല. കൊച്ചിയില്‍ നിന്ന് ട്രാന്‍സ്ഫറായി വന്നതാണ്. തൊഴില്‍പരമായ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. സ്ഥാപനം തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. ശമ്പളം വൈകിച്ചും ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റിയും പുകച്ചുപുറത്തു ചാടിക്കുകയാണ് കമ്പനിയുടെ തന്ത്രം. പിടിച്ചു നില്‍ക്കാന്‍ തൊഴിലാളികളും..
ഗോവിന്ദരാജ് തന്റെ പഴയ അംബാസിഡര്‍ കാര്‍ നനഞ്ഞ പഴന്തുണികൊണ്ട് തുടച്ചു വൃത്തിയാക്കാനായി മുറ്റത്തേക്ക് ഇറങ്ങി. വിശാല്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിന്റെ ഉടമയാണ് ഗോവിന്ദരാജ്. ഗ്രൗണ്ട് ഫ്‌ളോറിലാണ് കുടുംബസമേതം താമസം. നട്ടുച്ച വെയിലിനെ വകവയ്ക്കാതെ കയ്യിലൊരു പൊതിയുമായി ബാഗും തൂക്കി പത്തുപതിനഞ്ചു മിനിട്ടുകൊണ്ട് വിശാല്‍ മടങ്ങിയെത്തി. കണ്ണമ്മയുടെ പെണ്മക്കള്‍ വിശാലിന്റെ മണംപരക്കുന്ന പൊതിയിലേക്ക് കണ്ണുവയ്ക്കവേ ഗേറ്റ് തുറന്ന് അയാള്‍ അകത്തേക്ക് കയറി. ആരെയും അയാള്‍ നോക്കുന്നില്ല..
'ഇന്ന് ഓഫിസ് ഇല്ലേ സാര്‍?' (കന്നഡ ഭാഷ ) ഗോവിന്ദരാജിന്റെ അന്വേഷണമാണ്
'നല്ല തലവേദന, അതുകൊണ്ട് നേരത്തെ പോന്നു' (തമിഴ് ഭാഷ )
മലയാളം അറിയില്ലയെങ്കിലും തമിഴില്‍ പറഞ്ഞാല്‍ കന്നഡക്കാര്‍ തിരിച്ചറിയും. ദുബായില്‍ ഹിന്ദി പോലെയാണ് വസന്തനഗറില്‍ തമിഴ്. അതാണ് പൊതുവിലുള്ള സംസാരഭാഷ..
വിശാലിന്റെ കയ്യിലെ പൊതിയിലോട്ട് നോക്കിയിട്ട് ഗോവിന്ദരാജ് വീണ്ടും ചോദിച്ചു. 'ഹൈദരാബാദ് ബിരിയാണിയാണോ? നല്ല മണം' (കന്നഡ ഭാഷ )
വിശാല്‍ മിണ്ടിയില്ല. കണ്ണമ്മയുടെ പെണ്മക്കള്‍ മുഖത്തോട് മുഖം നോക്കി. കുട്ടികളുടെ കൊതിയും വിശപ്പും നാവ് തൊടാതെ തൊണ്ടയിലൂടെ നുണഞ്ഞിറങ്ങി. മൂത്ത പെണ്‍കുട്ടി ഇളയവളോട് വീണ്ടും പറഞ്ഞു 'സാറിന് ഇന്നും ബിരിയാണി..'(തമിഴ് ഭാഷ)
പടികള്‍ ഓരോന്ന് കയറുമ്പോഴും വിശാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ജോലി നഷ്ടമായി. ഇന്ന് നാട്ടിലേക്ക് മടങ്ങണം. ജീവിക്കാന്‍ മറ്റെന്തെങ്കിലും വഴി കണ്ടെത്തണം. വീട്ടിലും മറ്റും ജോലിപോയ കാര്യം മറച്ചുവെക്കേണ്ടിവരും. ആലോചനകള്‍ കൂടിക്കൂടി വന്നു. വാതില്‍ തുറന്ന്, ബാഗും പൊതിയും മേശയില്‍ വച്ച് അയാള്‍ അടുക്കളയിലേക്ക് പോയി. ഒരു ഗ്ലാസ് എടുത്ത് കഴുകി മേശപ്പുറത്ത് വച്ചു. ഷര്‍ട്ട് വലിച്ചൂരി കസേരയിലിട്ടു. ബാഗില്‍ നിന്നൊരു മദ്യക്കുപ്പിയെടുത്ത് അതും മേശപ്പുറത്തുവച്ചു. 'പകലരുതെ'ന്ന മദ്യസിദ്ധാന്തം അയാള്‍ ആ നാലാംനിലയില്‍ നിന്ന് പട്ടം കണക്കെ എങ്ങോ പറത്തി.
ആദ്യപെഗിനൊപ്പം ഫോണും റിങ് ചെയ്തു. നാട്ടിലെ സഹപ്രവര്‍ത്തകനാണ്
'ഹലോ.'
'ബാംഗ്‌ളൂര്‍ നഗരത്തിലൂടെ വല്ല പഞ്ചാബി പെണ്‍പിള്ളാരെയും കൂട്ടി സുഖിച്ചു നടക്കുവായിരിക്കും അല്ലെ..?'
വിശാലിന് ആ തമാശ ഇഷ്ടമാകുന്ന സമയമേ അല്ലായിരുന്നു 'എന്താ കാര്യം പറ?'
'അളിയാ... ഞാനും തോമാച്ചനും കൂടി അടുത്ത ആഴ്ച അങ്ങോട്ട് ഇറങ്ങട്ടെ, നീ ഫ്രീ ആവുലെ... നമുക്കൊന്ന് ബാംഗ്ലൂര്‍ ചുറ്റണം. പബ്ബില്‍ ഒക്കെ കയറണം.. അങ്ങനെ ചില്ലറ പരിപാടികള്‍...'
'ശ്രീജിത്തേ ഞാന്‍ പിന്നെ വിളിക്കാം' വിശാല്‍ ഫോണ്‍ കട്ട് ചെയ്തു. ബാംഗ്ലൂരില്‍ കഴിയുന്നവരെല്ലാം കള്ളും കാമുകിമാരുമൊക്കെയായി സുഖിച്ചു ജീവിക്കുന്നവരാണെന്നൊരു തോന്നല്‍ നാട്ടിലെ മിക്ക തെണ്ടികള്‍ക്കുമുണ്ട്. വിശാല്‍ പിറുപിറുത്തു...
അരിശത്തോടെ അയാള്‍ രണ്ടാമത്തെ പെഗ് ഒഴിച്ചു. ഒറ്റവലി. തൊട്ടുപിന്നാലെ ഒരു സിഗരറ്റും കത്തിച്ച് ടെറസിലേക്ക് നടന്നു. വീണ്ടും ഫോണ്‍ റിങ് ചെയ്തു.
'ഹലോ...തങ്കം, ആ... ഉണ്ട്. ഓകെ..കയറിവരൂ..'
അയാള്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ ഇട്ടു. നാലാംനിലയില്‍ നിന്ന് താഴേക്ക് നോക്കി. തങ്കം ജോസഫ് ആണ്. സഹപ്രവര്‍ത്തകയാണ്. ഗേറ്റിന് പുറത്ത് സ്‌കൂട്ടി നിര്‍ത്തി അകത്തേക്ക് കയറിവരുന്നുണ്ട്. മകനോടൊപ്പം നാലു വര്‍ഷമായി ബംഗ്‌ളൂരിലാണ് താമസം. ഭര്‍ത്താവും കുടുംബവും നാട്ടിലാണ്. ജീവിക്കാന്‍ ഈ ജോലി അത്രമേല്‍ പ്രധാനപ്പെട്ടതായതിനാലാണ് രണ്ടിടങ്ങളിലെ താമസം.
തങ്കത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്തുകൊണ്ടിരിക്കെ അവള്‍ നടന്നു നാലാംനിലയിലെത്തി. 'ഹോ...ഈ സന്നിധാനത്ത് കയറി എത്താനാണ് വിശാലെ പാട്'- അവള്‍ കിതച്ചു..
അയാള്‍ ചിരിച്ചു.
'ഞാന്‍ രണ്ടുപെഗ് കഴിച്ചിട്ടുണ്ട്, രണ്ടെണ്ണം കൂടി കഴിക്കാനും പ്ലാന്‍ ഉണ്ട്, തങ്കത്തിന്....?'
കിതച്ചുകൊണ്ടിരിക്കെ തങ്കം കൈവീശി 'വേണ്ട.. വേണ്ട' എന്ന് കാണിച്ചു. വിശാല്‍ രണ്ടു കസേരകള്‍ ടെറസിലേക്ക് ഇട്ടു. വെയിലുണ്ട്, എങ്കിലും ചൂട് കുറവാണ്. നല്ല കാറ്റും.
തങ്കം അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. തിരിച്ചുവന്ന് വിശാലിനോട് ചോദിച്ചു ' ഇന്നിത് ഒഴിവാക്കിക്കൂടായിരുന്നോ. നാട്ടില്‍ പോകുവല്ലേ.'
'നാട് എത്താന്‍ എത്ര മണിക്കൂറുകള്‍ കാത്തിരിക്കണം, അത്രയും നേരം ബോധം നല്ലവണ്ണം ഉണ്ടാകുന്നത് ഒരു തടസ്സമാണ് തങ്കം..'
അയാളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന തങ്കം അയാള്‍ പറയുന്നത് ശരിയാണെന്നു സമ്മതിച്ചു.
'ഇവരൊന്നും അല്ലല്ലോ എല്ലാത്തിന്റെയും ഫൈനല്‍, നീ ഫൈറ്റ് ചെയ്യണം, നിനക്ക് പറ്റും, ഇതിനേക്കാള്‍ മികച്ചൊരു സ്‌പെയ്‌സ് നിനക്ക് ഉണ്ടാവും.. നോക്കിക്കോ..' അവള്‍ വിശാലിനെ നല്ല വാക്കുകള്‍ കൊണ്ട് അശ്വസിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു...
വിശാലിന്റെ ഉള്ളുതണുത്തു.
'പ്രൈവറ്റ് കമ്പനികള്‍ക്ക് അവരുടെ ലാഭവിഹിതം കൂട്ടാനുള്ള ടൂള്‍ മാത്രമാണ് നമ്മള്‍, നഷ്ടം വരുമെന്ന് തോന്നിയാല്‍ അവരത് റീപ്ലേസ് ചെയ്യും. മനുഷ്യത്വവുമില്ല മനസാക്ഷിയും കാണില്ല'- ഒട്ടേറെ അനുഭവങ്ങളുടെ ഓരം ചേര്‍ന്നായിരുന്നു തങ്കത്തിന്റെ വാക്കുകള്‍.
വിശാല്‍ അങ്ങ് ദൂരെ ഒരുപാട് നിലകളിലായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ ഹോട്ടല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു -'നമ്മള്‍ അന്ന് വൈകീട്ട് നടക്കാന്‍ പോയപ്പോള്‍ കണ്ട ഹോട്ടല്‍ അല്ലെ അത്?'
'അതെ...നമ്മുടെ വര്‍ക്കി സാറൊക്കെ വന്നാല്‍ അവിടെയാണ് സ്റ്റേ'- തങ്കം പറഞ്ഞു.
ഒരു സിപ്പ് കൂടി എടുത്തശേഷം വിശാല്‍ ഇളം ചിരിച്ചേര്‍ത്ത് ഒരു ആഗ്രഹം കൂടി പറഞ്ഞു. 'ഇനി ഞാന്‍ വസന്തനഗറില്‍ വരുമ്പോള്‍ ആ ഹോട്ടലില്‍ ആയിരിക്കും താമസിക്കുക.'
തങ്കം പൊട്ടിച്ചിരിച്ചു. 'രണ്ടുമാസം ബംഗ്‌ളൂരില്‍ ജോലിക്ക് നില്‍ക്കാന്‍ നാട്ടില്‍ നിന്ന് സുഹൃത്തിനോട് കടം വാങ്ങിയ നീയോ...'-അത്രയും പറഞ് തങ്കം വിശാലിന്റെ മുഖത്തേക്ക് നോക്കി. ഇല്ല അയാള്‍ക്ക് സങ്കടം ഒന്നും ആയിട്ടില്ല.
തങ്കം തന്റെ ബാഗില്‍നിന്ന് രണ്ടു പൊതി പുറത്തേക്ക് എടുത്തു. ഹോട്ടല്‍ മുറിയിലെ സ്വപ്നലോകത്ത് നിന്ന് ആശ്ചര്യത്തോടെ വിശാല്‍ പൊതിയിലേക്ക് നോക്കി.
'ഹൈദരാബാദി ബിരിയാണിയോ?'
'അതെ, നീ കഴിക്കില്ലേ'
'അല്ല ഞാന്‍ ഒരെണ്ണം വാങ്ങിയിരുന്നു'- വിശാല്‍ പറഞ്ഞു.
'അത് നീ രാത്രി ട്രെയിനില്‍ ഇരുന്നു കഴിച്ചോ, ഇതിപ്പോ നിന്നോടൊപ്പം കഴിക്കാം എന്ന് കരുതി ഞാന്‍ വാങ്ങിയതാ.' അവള്‍ സ്‌നേഹത്തോടെ അവന്റെ മുഖത്തുനോക്കി.
തങ്കം കഴിക്കാനുള്ള പാത്രംതേടി അടുക്കളയിലേക്ക് പോയി. കണ്ണമ്മയുടെ വീട്ടില്‍ നിന്ന് സ്റ്റീല്‍ പാത്രങ്ങള്‍ നിലത്തുവീഴുന്ന ശബ്ദം. കുട്ടികള്‍ക്ക് കഴിക്കാനായി കഞ്ഞിപോലെ എന്തോ ഒന്ന് കണ്ണമ്മ പാത്രത്തില്‍ ഒഴിച്ചുകൊടുത്തു. മൂത്തവള്‍ ഇളയതിന്റെ പാത്രത്തില്‍ കൂടി ഊതി ഊതി ചൂടകറ്റി. .. വിശാലിന് ചൂട് കൂടികൂടി വന്നു. തങ്കത്തിന്റെ പ്‌ളേറ്റില്‍ കയ്യിട്ട് ഇച്ചിരി മാത്രമാണ് അയാള്‍ കഴിക്കുന്നത്. ഇടയ്ക്കിടെ ഓരോ സിപ്പിന്നിടെ. ഒരു പൊതി ബിരിയാണി തുറന്നിട്ടേയില്ല. വിശാല്‍ വാങ്ങിയത് വേറെയും. എങ്കിലും അയാള്‍ കാണിക്കുന്ന സ്വാതന്ത്ര്യവും സ്‌നേഹവും തങ്കം ആസ്വദിക്കുന്നുമുണ്ട്. ഒരു സിഗരറ്റ് കൂടി കത്തിച്ച് അയാള്‍ വീണ്ടും ടെറസിലേക്ക് പോയി. താഴേക്ക് നോക്കിനിന്നു..
ഗോവിന്ദരാജും കുടുംബവും പഴയ അംബാസിഡറില്‍ എങ്ങോട്ടാ യാത്രപോയി. സമ്പന്നര്‍, ഇടത്തരക്കാര്‍, സാധാരണക്കാര്‍, പാവപ്പെട്ടവര്‍... പണംകൊണ്ട് മാത്രം ഈ ലോകത്തുള്ള ഏറ്റവും വലിയ മതിലുകള്‍. അയാള്‍ ഓര്‍ത്തു. ഈ സമയം കഴിച്ചുകഴിഞ്ഞ തങ്കം വേസ്റ്റ് എല്ലാം ഒരു കവറിലാക്കി കെട്ടി. വിശാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു 'എത്ര കെട്ടിയാലും താഴെ ചില പട്ടികള്‍ ഉണ്ട്, അത് പൊട്ടിച്ചു പരിശോധിച്ച് നോക്കും. ഒരു രക്ഷയും ഇല്ല' അയാള്‍ ചിരിച്ചു. 'താഴെ ആണോ വെക്കേണ്ടത്' തങ്കം ചോദിച്ചു.
'ഗേറ്റിനടുത്ത് ഒരു ബക്കറ്റ് ഉണ്ട്, അതില്‍ വച്ചാല്‍ മതി, അല്ലേല്‍ വേണ്ട ഞാന്‍ കഴിച്ചില്ലല്ലോ ഞാന്‍ ഒരുമിച്ചു വച്ചോളാം' വിശാല്‍ മറുപടി നല്‍കി
'വേണ്ട, ഞാന്‍ എന്തായാലും ഇറങ്ങുവാ..'- തങ്കം റൂമിലേക്ക് കയറി ബാഗ് എടുത്തു. വിശാലും അകത്തേക്ക് കയറി.
'നിനക്ക് ക്യാഷിന് അത്യാവശ്യം വല്ലതും വന്നാല്‍ പറയണം. ഒന്നും കാണില്ല എന്നെനിക്ക് അറിയാം, എന്റെ അവസ്ഥ നിനക്കും അറിയാലോ, പറ്റാവുന്ന രീതിയില്‍ എന്തേലും ചെയ്യാം.'
വിശാല്‍ തങ്കത്തിന് മുന്നില്‍ അതിദരിദ്രനായി.
'അപ്പൊ ഓള്‍ ദി ബെസ്റ്റ് ഡിയര്‍, നാട്ടില്‍ എത്തിയിട്ട് വിളിക്കണം.' വിശാലിനെ അവള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചു. വരണ്ടുണങ്ങിയ അയാളുടെ മനസിലേക്ക് തങ്കത്തിന്റെ യാത്ര പറച്ചില്‍ ഒരു മഴപോലെ അനുഭവപ്പെട്ടു. ചേര്‍ത്തുപിടിച്ചു നില്‍ക്കെ തങ്കം ഒരു വരികൂടി അയാളുടെ മുഖത്തുനോക്കി പറഞ്ഞു. 'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മാന്യനായ പുരുഷന്മാരില്‍ ഒരാളാണ് നിങ്ങള്‍.'
അവളുടെയും കണ്ണുനിറഞ്ഞു. അങ്ങനെ അവള്‍ പറഞ്ഞതെന്തിനാണെന്ന് വിശാല്‍ ആലോചിച്ചുകൊണ്ടിരിക്കെ തങ്കം പടികള്‍ ഇറങ്ങി.
വിശാല്‍ ടെറസില്‍ നിന്ന് താഴേക്കുനോക്കി. കുടിച്ച കള്ളിന്റെ ലഹരിയെല്ലാം ഇറങ്ങിപ്പോയപോലെ. തങ്കം കയ്യിലുണ്ടായിരുന്ന പൊതി താഴെയുള്ള ബക്കറ്റില്‍ ഇട്ടു. സ്‌കൂട്ടിയില്‍ കയറി ഹെല്‍മറ്റ് വച്ചശേഷം മുകളിലോട്ട് നോക്കി കൈവീശി യാത്രപറഞ്ഞു.. വിശാലിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്‌കൂട്ടി വസന്തനഗറിലെ തിരക്കിലൂടെ മുന്നോട്ട് പാഞ്ഞു. വസന്തം വഴിമാറുന്നതുപോലെ അയാള്‍ക്ക് തോന്നി..
പള്ളിമിനാരത്തില്‍ എന്നും കാണുന്ന കാക്കകള്‍ ഇല്ല, ചുറ്റിലും കാണുന്ന ഒരു ടെറസിലും ആളില്ല, ക്ഷേത്രത്തില്‍ നിന്ന് മണിയടി ശബ്ദമോ പാട്ടോ ഇല്ല. ഒറ്റപ്പെട്ടുപോയത് പോലെ. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് അയാള്‍ സുഭാഷിനെ വിളിച്ചു. വണ്ടിയുമായി വരാന്‍. നാലാംനിലയിലെ വെയിലിന് ചൂട് കൂടിയതുപോലെ, ഒന്നുകൂടെ അയാള്‍ താഴേക്ക് നോക്കി. കണ്ണമ്മയുടെ പെണ്മക്കള്‍ അവിടെയുണ്ട്.
അയാള്‍ താഴോട്ട് നോക്കി നില്‍ക്കെ കണ്ണമ്മയുടെ പെണ്മക്കള്‍ പരിസരമെല്ലാം നിരീക്ഷിച്ച് ഗേറ്റിന് അടുത്തേക്ക് വന്നു. വിശാലിന് എന്തോ പന്തികേട് മണത്തു. ഇളയ കുട്ടിയെ രണ്ടടി പുറകില്‍ നിര്‍ത്തി മൂത്തവള്‍ തങ്കം ഉപേക്ഷിച്ച പൊതി ബക്കറ്റില്‍ നിന്ന് പുറത്തെടുത്തു. വിശാല്‍ ഒന്നുകൂടെ ശരിക്ക് നോക്കി. ഹൈദരാബാദി ബിരിയാണിയുടെ എല്ലിന്‍ കഷണങ്ങളും ബാക്കിവന്ന ഇച്ചിരി ചോറുമുള്ള പൊതി അവര്‍ തുറന്നു.
വിശാലിന് ഒരു തലയില്‍ മരവിപ്പ് പോലെ. 'അതവിടെ വെക്കൂ... എടുക്കരുത്..' എന്നൊക്കെ പറയാന്‍ അയാള്‍ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. നെഞ്ചില്‍ തടവിക്കൊണ്ട് അയാള്‍ മുഖം തിരിച്ചു. വേഗത്തില്‍ മുറിയിലേക്ക് കയറി. 'എന്തൊരു ലോകമാണിത്....' കൂടെ ഒന്നുരണ്ട് തെറിവാക്ക് കൂടി ചേര്‍ത്ത് അയാള്‍ ഉച്ചത്തില്‍ ആരോടെന്നില്ലാതെ പറഞ്ഞു. എന്തോ ഒരു ഭ്രാന്ത് കയറിയതുപോലെ ആ മുറിയിലൂടെ കുറെ നടന്നു. കുടിച്ച മദ്യം മുഴുവന്‍ അയാള്‍ക്ക് തികട്ടിവന്നു. വലിയ ഓക്കാനത്തോടെ അയാള്‍ ഛര്‍ദിച്ചു.
അതിനേക്കാള്‍ ശബ്ദത്തില്‍, നാലാം നിലയില്‍നിന്ന് വേണമെങ്കില്‍ എറിഞ്ഞിട്ടാല്‍ എത്തുന്ന ഉയരത്തിലൂടെ, ഒരു വിമാനം പറന്നുപോയി.
വിശാലിന്റെ വണ്ടി താഴെവന്നു. വായയും മുഖവും കഴുകി കുപ്പായമിട്ട്, ബാഗും സാധനങ്ങളും എടുത്ത് അയാള്‍ ഇറങ്ങി. ഈ നഗരത്തോട് യാത്ര പറയുകയാണ്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവണം എന്നില്ല. പുറം ചുവരിലുള്ള സായിബാബയുടെ ചിത്രത്തിന് പിന്നില്‍ സഹമുറിയനുവേണ്ടി താക്കോല്‍ ഒളിപ്പിച്ച് അയാള്‍ ഇറങ്ങി.
ഗേറ്റ് തുറന്നു. ബാഗും മറ്റും കാറില്‍ വച്ചു. സുഭാഷിനോട് ഒരുമിനിറ്റ് എന്ന് ആംഗ്യം കാണിച്ച് കണ്ണമ്മയുടെ വീടിനു മുന്നില്‍വന്നു.
''മക്കളെ.. ''
രണ്ടു പെണ്‍കുട്ടികളും ഭയബഹുമാങ്ങളോടെ വിശാലിന്റെ അരികിലേക്ക് വന്നു. അയാള്‍ ആ കുട്ടികളുടെ മുഖത്തേക്ക് തന്നെ നോക്കി. ഇളയതിന് തന്റെ മകളുടെ ഛായ തോന്നി. വിശാല്‍ ചിരിച്ചു, കുഞ്ഞുങ്ങളും.
കയ്യില്‍ കരുതിയ രണ്ടു പൊതി ബിരിയാണി അയാള്‍ അവര്‍ക്കു വച്ചുനീട്ടി. കുട്ടികള്‍ അത് രണ്ടുകയ്യും നീട്ടിവാങ്ങി. സംഭാഷങ്ങള്‍ ഏതുമില്ലാതെ രണ്ടു ദേശക്കാര്‍ക്ക് ഇടയില്‍ വിശപ്പ് സ്‌നേഹചാലകമായി.
ഇപ്പോള്‍ അയാള്‍ മജസ്റ്റിക് റയില്‍വെ സ്റ്റേഷനിലാണ്. ട്രെയിന്‍ മുന്നോട്ടെടുത്തു.
ഭക്ഷണപ്പൊതികളുമായി റെയില്‍വെ കാറ്ററിംഗ് ജീവനക്കാര്‍ ബോഗികളില്‍ എത്തി. വിശാല്‍ ഒന്നും വാങ്ങിയില്ല. വിശപ്പ് തോന്നുന്നേ ഇല്ല. മനസ്സില്‍ കണ്ണമ്മയുടെ പെണ്മക്കളാണ്. ബോഗികള്‍ പാളം മാറുമ്പോഴുള്ള ശബ്ദം കണ്ണമ്മയുടെ പെണ്മക്കള്‍ കോഴിക്കാല് കടിച്ചുപൊട്ടിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. ആ പൊതിയില്‍ നിന്നുള്ള ബിരിയാണിയുടെ മണം വിശാലിന് തന്റെ അരികില്‍ വരെ എത്തിയതായി അനുഭവപ്പെട്ടു. തീവണ്ടിക്ക് വേഗം കൂടി. ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന വസന്തനഗര്‍ സ്റ്റോപ്പിലൂടെ ട്രെയിന്‍ അതിവേഗം പാഞ്ഞു.
നല്ല വിശപ്പിനുള്ള നേരമായിട്ടും വയറുനിറഞ്ഞതുപോലെയാണ് വിശാലിന് തോന്നുന്നത്. അയാള്‍ രണ്ടു കണ്ണുകളുമടച്ചു. ട്രെയിന്‍ ഇപ്പോള്‍ കള്ളിവരച്ചതുപോലുള്ള വസന്തനഗറിന്റെ തിരക്കേറിയ വഴികളിലൂടെയാണ് പായുന്നത്.. കണ്ണമ്മയുടെ വീടിനു മുന്നിലൂടെ തീവണ്ടി കുതിക്കുന്നതായി അയാള്‍ക്ക് തോന്നി. കൈവിരലുകള്‍ നക്കിത്തുടച്ച് കണ്ണമ്മയുടെ പെണ്മക്കള്‍ അയാള്‍ക്ക് കൈവീശി. അവരുടെ കണ്ണുകളില്‍ അയാള്‍ക്ക് സന്തോഷം കാണാനായി. അപ്പോള്‍ ആദ്യമായി അയാള്‍ക്കതൊരു വസന്തനഗരമായി തോന്നി്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...