Malayalam Short Story : ഉത്തരങ്ങള്‍, ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Oct 22, 2022, 5:40 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


ചായക്കൂട്ടുകള്‍ അയാളുടെ മുന്നിലുള്ള ക്യാന്‍വാസില്‍, രൂപങ്ങള്‍ക്ക് ജീവന്‍ നല്‍കികൊണ്ടിരിക്കുമ്പോളാണ് ഫോണ്‍ ചിലച്ചത്.

പുകയിലക്കറ പിടിച്ച നീളന്‍ വിരലുകള്‍, അയാളുടെ ഉടുപ്പിന്റെ ആഴമുള്ള പോക്കറ്റില്‍ ആഴ്ന്നിറങ്ങി. സ്‌ക്രീനില്‍ തെളിഞ്ഞ അക്കങ്ങള്‍, ആ വിളി  അമ്മയുടെതെന്ന തിരിച്ചറിവില്‍ അയാള്‍ കാതുചേര്‍ത്തു. 

'ഒന്നു ഓര്‍മിപ്പിക്കാന്‍ വിളിച്ചതാ കുട്ടാ, അച്ഛന്റെ ശ്രാദ്ധം.'

'ആ... ആട്ടെ... അമ്മേ, ഞാന്‍ വരാം', അയാള്‍ കുറുകിയ വാക്കുകളില്‍ മറുപടിയൊതുക്കി ചായക്കൂട്ടുകളിലേക്ക് മടങ്ങി.

പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിമിന്നലിന്റെ വാള്‍മുന ജനാലചില്ല് കുത്തിത്തുരന്നു അകത്തുകയറി അയാളുടെ ചിത്രം ദീപ്തമാക്കി.

ഒരു പെരുമഴക്കാലത്ത്, കാറ്റില്‍ ആടിയുലയുന്ന മുരിങ്ങാമരത്തിന്റെ ചില്ലകള്‍ അടര്‍ന്നു ഒടിഞ്ഞു തൂങ്ങിയതും, അടര്‍ന്ന കൊമ്പിലെ മുരിങ്ങ കായ്കള്‍ തൂങ്ങികിടക്കുന്നതും നോട്ട് പുസ്തകത്തിന്റെ അവസാനത്തെ താളില്‍ പകര്‍ത്തിയതും ഉറക്കത്തിന്റെ പാതിമയക്കത്തില്‍ ആ ചിത്രം നോക്കിനിന്നിരുന്ന അച്ഛന്റെ രൂപവും അയാള്‍ ഓര്‍ത്തു.

എന്നു മുതല്‍ക്കാണ് താന്‍ അച്ഛനില്‍ നിന്നും ഒളിച്ചോടാന്‍ തുടങ്ങിയത്?

ചിത്രകല പഠിക്കാന്‍ ചേരണം എന്നു ആവശ്യം, 'വേണ്ട' എന്ന ഒറ്റ വാക്കില്‍ തള്ളിയപ്പോള്‍ മനസ്സില്‍ മുളയെടുത്ത അകല്‍ച്ച വലിയ വിള്ളലായി അവര്‍ക്കിടയില്‍ വളര്‍ന്നു.

തൊഴില്‍ സാധ്യത കുറവുള്ള മേഖലയാണ് എന്നായിരുന്നു അച്ഛന്റെ അഭിപ്രായം. തനിക്കു ഇഷ്ടമില്ലാത്ത
വിഷയവും അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് അതിന് കഴിഞ്ഞില്ല.

ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി പോരുമ്പോള്‍, അച്ഛനോട് പിണക്കമായിരുന്നോ, ഭയമായിരുന്നോ എന്ന ചോദ്യവും അയാളുടെ ചുറ്റും കറങ്ങുന്ന അനേകം ചോദ്യങ്ങളില്‍ ഒന്നായി തീര്‍ന്നു.

അയാള്‍ക്ക് വേണ്ടി കരുതിവെക്കുന്ന രണ്ടു പിടി ചോറും ഒരു തവി കറിയും തണുത്തു വിറങ്ങലിച്ചു ഊണുമേശയില്‍ ഇരുന്നിരുന്നത് അയാള്‍ അറിഞ്ഞില്ല.

അമ്മയില്‍ നിന്നും ഉതിര്‍ന്ന കണ്ണീരിന്റെ നനവും അച്ഛന്റെ ഉള്ളില്‍ നീറുന്ന നെരിപ്പോടിന്റെ ചൂടും അയാളുടെ ചിന്തകളില്‍ ഇടം പിടിക്കാതെ ഒഴിഞ്ഞു നിന്നു. അയാള്‍ക്ക് അച്ഛന്‍ അന്യനായി മാറിയിരുന്നു.

അവഗണിക്കാന്‍ കഴിയാത്ത, അയാളിലെ അഭിരുചിയുടെ വര്‍ണങ്ങളില്‍ മനം മയങ്ങിയ സഹൃദയര്‍ കലയുടെ വിശാലമായ ലോകം അയാള്‍ക്കു മുന്നില്‍ തുറന്നിട്ടു.

മാരകരോഗത്തിന്റെ പിടിയില്‍ വേദനയുടെ ഉള്‍പെരുക്കത്തിലും അച്ഛന്റെ കണ്ണുകള്‍ തിരഞ്ഞത് അയാളെ ആയിരുന്നു. കടമ തീര്‍ക്കാന്‍ വേണ്ടി മാത്രം, കട്ടിളപടിയില്‍ കൈവെച്ചു നിന്ന അയാളുടെ ശൂന്യമായ കണ്ണുകള്‍ അച്ഛന് നേരെ നീണ്ടപ്പോള്‍, എന്തോ പറയാന്‍ ആ ചുണ്ടുകള്‍ അനങ്ങിയോ? അച്ഛന്റെ മുഖത്തു നിമിഷമാത്രമായ തെളിച്ചം ഇരച്ചുകയറിയോ?

നിറമില്ലാത്ത ചോദ്യങ്ങള്‍ അയാളെ മഥിച്ചുകൊണ്ടിരുന്നു.

സ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു. അയാള്‍ ബഹളം കൂട്ടുന്ന സഹയാത്രികര്‍ക്കൊപ്പം തനിക്കു ചുറ്റും കറങ്ങുന്ന ചോദ്യങ്ങളെ കൂട്ടി പുറത്തു കിടന്നു.

ബലിയിടുന്നത് അച്ഛനു വേണ്ടിയോ അതോ അമ്മയുടെ വാക്കുകള്‍ തള്ളിക്കളയാന്‍ ഉള്ള മടി കൊണ്ടുമാത്രമോ?

ഉത്തരങ്ങള്‍ പിടി തരാതെ അയാളില്‍ നിന്നും തുടങ്ങി അയാളില്‍ മാത്രം അടങ്ങി. അയാളുടെ ചുറ്റും ചോദ്യങ്ങള്‍, കറുത്ത വാവിന്റെ ഇരുണ്ട കരിമ്പടം ചുഴറ്റിയെറിഞ്ഞു. ആ കറുപ്പ് നേര്‍ത്തും കടുത്തും അയാളുടെ ചിത്രങ്ങളില്‍ പടര്‍ന്നു. ഏറെ സംസാരിക്കുന്ന, വികാരം പകര്‍ന്ന ചിത്രങ്ങള്‍ അയാളെ നാടറിയുന്ന ചിത്രകാരനാക്കി.

അണഞ്ഞ ഒന്നിനു പുറകെ അടുത്ത സിഗരറ്റിന് തീ പിടിപ്പിക്കുമ്പോള്‍, തീവണ്ടി നെല്‍വയലുകള്‍ക്ക് കുറുകെ താളമിട്ടോടി. കാഴ്ചയില്‍ തടഞ്ഞ വാഴയില കൂമ്പുകളുടെ ഇളം പച്ചനിറം ചിത്രത്തില്‍ പകര്‍ത്താന്‍ അയാളുടെ വിരലുകള്‍ കൊതിച്ചു.

സഞ്ചിയില്‍ കിലുങ്ങുന്ന വര്‍ണ്ണപെന്‍സിലുകള്‍ക്കായി അയാള്‍ തിരഞ്ഞു.

'ഓ... വേണ്ട, അതു അശ്വിനു വേണ്ടി കരുതിയതല്ലേ.'

കഴിഞ്ഞ തവണ വീട്ടില്‍ ചെന്നപ്പോള്‍ അനിയത്തി പറഞ്ഞതാണ്. അവളുടെ മകനും ചിത്രം വരയാന്‍ ഏറെ ഇഷ്ടമാണെന്ന്. അന്നു വളരെ അപൂര്‍വ്വമായി കാണാറുള്ള പുഞ്ചിരി അയാളുടെ മുഖത്തു വിരിഞ്ഞു.

വീട്ടിലേക്കു തിരിയുന്ന ഇടവഴിയില്‍ അയാള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 'ഇനിയങ്ങോട്ട് ചെറിയ ഇടവഴിയാണ്, നിങ്ങള്‍ പൊയ്‌ക്കോളൂ', അയാള്‍ കാര്‍ മടക്കി.

പെയ്തു തീരാത്ത മഴ ചെറിയ ചാറ്റലായി അയാളെ നനച്ചു.

'മഹേഷ് അല്ലേ?', പുറകില്‍ നിന്നും വിളിച്ച ആളെ അയാള്‍ തിരിഞ്ഞുനോക്കി.

ബദ്ധപ്പെട്ട് നടന്നടുക്കുന്നയാള്‍ അച്ഛന്റെ കൂട്ടുകാരന്‍ ഭരതന്‍ ചേട്ടന്‍ ആയിരുന്നു.

ഭരതന്‍ ചേട്ടന്‍ നിറം മങ്ങിയ വലിയ കുട നിവര്‍ത്തി, അയാളെ കുടയിലേക്ക് ക്ഷണിച്ചു.

'ഇങ്ങട്ട് നീങ്ങി നിന്നോളൂ..., മഴ നനയണ്ട, കര്‍ക്കിടകം പെയ്‌തൊഴിയാണ്.'

'ഗോപി മാഷ്‌ക്ക് ബലിയിടാന്‍ താന്‍ എത്തുമെന്നു അമ്മ പറഞ്ഞിരുന്നു.'

'ഉം...' അയാള്‍ അലസമായി മൂളി.

'താന്‍ നാലാള് അറിയണാള്‍ ആയില്ലേ, ഞാന്‍ വിശേഷങ്ങള്‍ അറിയാറുണ്ട്, സന്തോഷം കുട്ട്യേ.'

'ഗോപി മാഷ്ടെ വല്യേ സങ്കടായിരുന്നു, തന്നെ ഇഷ്ടമുള്ളത് പഠിപ്പിക്കാന്‍ തരാവാഞ്ഞത്.'

അയാളുടെ മുഖത്തു ദേഷ്യം ഇരച്ചുകയറി.

'ങും...എന്ത്?'അയാളുടെ സ്വരത്തില്‍ സംശയം ചിലമ്പി.

'അതേടോ... ഈ തോളില് തല വെച്ചാ മാഷ് കരഞ്ഞത്, ഇടനെഞ്ചു പൊട്ടീട്ട്...' കൂട്ടുകാരന്റെ ശബ്ദം നേര്‍ത്തു വന്നു.

അയാളുടെ സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ വര്‍ഷമാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. പിന്നീട് ആശുപത്രികളും മരുന്നുകളും വേദനയും അച്ഛന്റെ ജീവിതത്തിന്റെ ഭാഗമായി. അതൊന്നും അയാളെ ബാധിക്കാതെ കടന്നുപോയത് ഓര്‍ത്തു അയാളിപ്പോള്‍ മനോവ്യഥയില്‍ വെന്തു.

'എനിക്ക് പോകാറായി, മോന് ഒരു നല്ല ജോലി തരാവണ്ടേ ന്നു കരുതിയാ അവനു ഇഷ്ടമില്ലാത്തത് പഠിപ്പിക്കാന്‍ വിട്ടത്.'

'എന്നോട് മാഷിതു പലവുരു പറഞ്ഞതാണ്, തന്റെ അച്ഛന് ഇതായിരുന്നു വല്യേ വിഷമം.'

'ഹും... എന്താ ചെയ്യാ... തന്റെ താഴെ മൂന്നു കുട്ട്യോളില്ലേ?... ഏതൊരച്ഛനും അതല്ലേ ആഗ്രഹിക്കൂ...'

ചാറ്റല്‍ മഴ നനച്ച കണ്ണടചില്ലുകള്‍ കാഴ്ച അവ്യക്തമാക്കിയെങ്കിലും അയാളുടെ മുഖത്തെ വിസ്മയം ഭരതന്‍ ചേട്ടന്‍ വായിച്ചറിഞ്ഞു.

'ഇനി ഒരീസം കാണണം...ട്ടോ.'-ഭരതന്‍ ചേട്ടന്‍ യാത്രപറഞ്ഞു പിരിഞ്ഞു.

ചെറിയ ഇരുമ്പു ഗേറ്റ് തട്ടിത്തുറക്കുന്ന ശബ്ദം കേട്ട് അമ്മയും അനിയത്തിയും ഉമ്മറത്തെത്തി. അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ തിരകള്‍ അലയടിക്കുന്നത് അയാള്‍ കണ്ടു.


പുലര്‍ച്ചെ ബലിയിട്ടു ആലുവാപ്പുഴയില്‍ മുങ്ങി നിവര്‍ന്നു ഈറന്‍ പിഴിഞ്ഞ് അയാള്‍ കറുത്ത മാനത്തു നോക്കി.

നിലാവില്ലാത്ത രാത്രിയും വിടപറയുന്ന ഇരുട്ടും അലിയിച്ചു  വെളിച്ചം പരന്നു തുടങ്ങിയിരുന്നു

ആ വെളിച്ചത്തില്‍ അയാള്‍ അച്ഛനെ കണ്ടു. വര്‍ണക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ചിത്രമായി, അച്ഛന്‍ അയാളുടെ കാഴ്ചയില്‍ നിറഞ്ഞു.

അയാളുടെ ചുറ്റുമുള്ള കാറ്റിനു ശക്തി കുറഞ്ഞിരുന്നു. അയാളുടെ മനസിലെ ചോദ്യങ്ങളെ കൊന്ന ഉത്തരങ്ങള്‍ പേറി ആ കാറ്റ് പറന്നുപോയിരുന്നു.

അമാവാസി രാത്രിയുടെ ഇരുട്ട് നേര്‍ത്തു കടുപ്പം കുറയുന്നത് അയാള്‍ അറിഞ്ഞു.


തുറന്ന ഉമ്മറത്തെ ചാരുപ്പടിയില്‍ ചാരി അയാള്‍ ഇരുന്നു. അയാള്‍ കൊടുത്ത വര്‍ണപെന്‍സിലുകള്‍, അശ്വിന്‍ കൗതുകത്തോടെ ഓരോന്നായി എടുത്തു വരച്ചു നോക്കി.

'ദാ... ഇങ്ങു തരൂ' -അയാള്‍ ആ വര്‍ണപെന്‍സിലുകള്‍ കൈയ്യിലെടുത്തു. പല നിറങ്ങള്‍ കലര്‍ത്തി വരച്ചു പുതിയ നിറക്കൂട്ടുകള്‍  സൃഷ്ടിച്ചെടുക്കുന്ന അയാളുടെ വിരലുകള്‍ കണ്ട് അവന്റെ കണ്ണുകളില്‍ ആരാധന വളരുന്നത് അയാള്‍ അറിഞ്ഞു.

മുറ്റത്തു കര്‍ക്കിടക മഴ ചിണുങ്ങി പെയ്തു. തലേ ദിവസത്തെ മഴ പൊടി കഴുകി വെളുപ്പിച്ച ഇലകള്‍ കിഴക്കിന്റെ പടി കടന്നെത്തുന്ന പതിഞ്ഞ സൂര്യരശ്മികള്‍ തട്ടി മെല്ലെ തിളങ്ങി.

'ദാ... ഏട്ടന്റെ ഒരു പടം, അച്ഛന്റെ പഴയ അലമാരയില്‍ നിന്നും കിട്ടിയതാ...'-രണ്ടായി മടക്കിയ ഒരു കടലാസ്സ് അനിയത്തി അയാള്‍ക്ക് നേരെ നീട്ടി.

കുറുകെ മടക്കിയ പാട് വീണ മുരിങ്ങ മരം അയാള്‍ക്ക് മുന്നില്‍ വിടര്‍ന്നു. പറന്നു വന്നു കുസൃതി കാട്ടുന്ന കാറ്റ് മുരിങ്ങ മരത്തിന്റെ ശിഖരങ്ങളെ വിറപ്പിച്ചു.

അയാള്‍ ആ മങ്ങിയ ചിത്രത്തിലേക്കു സാകൂതം നോക്കിയിരുന്നു.

'നിക്ക്... ഒരു പടം വരച്ചു തരോ?'- അശ്വിന്റെ ചോദ്യമാണ് അയാളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.

'ആ.. വരക്കാലോ...'- അയാള്‍ അരുമയോടെ അവനെ തഴുകി.

'എന്താ... വരക്ക്യാ ഇപ്പൊ?', അശ്വിന്‍ അവന്റെ ചുണ്ടില്‍, രണ്ട് വിരലുകള്‍ ചേര്‍ത്തു വെച്ചു കൊട്ടി ആലോചനയോടെ അയാളെ നോക്കി.

'നമ്മുടെ ചുറ്റും കാണുന്നത്, മനസ്സില്‍ തോന്നുന്നത'-അയാള്‍ പറഞ്ഞു.

അശ്വിന്‍ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു, അയാള്‍ അവനെ ഒരു കൈ കൊണ്ടു ചുറ്റിപ്പിടിച്ചു. ആ വെള്ളകക്കലാസില്‍ ചിത്രങ്ങള്‍ക്ക് ജീവന്‍ വെച്ചു.

മുറ്റത്തെ വാഴത്തോട്ടത്തില്‍ ഇളംപച്ച വാഴയിലകൂമ്പുകളെ തഴുകിക്കൊണ്ട് അച്ഛന്‍. ആ ഇലകളില്‍ മഴത്തുള്ളികള്‍, മുത്തുമണികള്‍ പോലെ ഉരുണ്ടുനിന്നിരുന്നു.

വാഴത്തോപ്പിനെ വാരിപ്പുണര്‍ന്നു ഒഴുകിയെത്തിയ ഒരിളം കാറ്റ് അവര്‍ക്കിടയിലൂടെ കടന്നുപോയി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!