ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജയചന്ദ്രന്‍ ആദിനാട് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇന്നിപ്പോള്‍, ഈ വൈകിയവേളയില്‍ അയാള്‍ക്ക് തന്റെ തപസ്സ് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു.
സ്ഥലകാലബോധ ബന്ധങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടുപോയ, മൗനവല്മീകത്തില്‍ അകപ്പെട്ടുപോയ, ഒരു ജീവന്റെ പൊരുള്‍ തേടുകയായിരുന്നു ഇക്കാലമത്രയും. എന്നാല്‍, യുഗങ്ങളോളം വല്മീകത്തിനുള്ളില്‍ കഴിഞ്ഞ രത്‌നാകരനില്‍ സംഭവിച്ച പരിണാമ സിദ്ധാന്തമൊന്നും അയാളില്‍ സംഭവിച്ചില്ല എന്നതാണു സത്യം!
എങ്കിലും, നേര്‍ത്തൊരു പ്രതീക്ഷയോടെ കണ്ണുകള്‍ മെല്ലെ തുറന്നു നോക്കുമ്പോള്‍, അങ്ങകലേക്ക്, അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന മണ്‍പാത കൂടുതല്‍ ചുവന്നിരിക്കുന്നു. പാതയുടെ കാഴ്ചക്കുമപ്പുറത്ത് ഇലകള്‍ നഷ്ടമായ, നീര് വറ്റിപ്പോയ മരങ്ങളുടെ നിലംപൊത്താറായ ശിഖരങ്ങള്‍ക്കും അപ്പുറത്തു, ചുവന്നു താണുകൊണ്ടിരിക്കുന്ന സൂര്യനെ അയാള്‍ കണ്ണിമവെട്ടാതെ കണ്ടു.
ഒരു നെടുവീര്‍പ്പടക്കി അയാള്‍ ആ പാതയിലേക്ക് ഇറങ്ങി നടന്നു.
തനിക്കു ചുറ്റുമുള്ള കാഴ്ചകള്‍ മാറുന്നത് കണ്ടു. അവിടെ, മണ്‍പാതയുടെ ഇരുവശത്തുമായിക്കണ്ട വിശാലമായ വയലുകളില്‍, ഉഴുതുമറിച്ച കറുത്ത മണ്ണില്‍, വിത്തില്‍ നിന്നുണര്‍ന്ന പുതുജീവനുകള്‍ മൂളപൊട്ടിയത് അയാള്‍ നോക്കി നിന്നു.
പാതയിലൂടെ, വര്‍ദ്ധക്യം ബാധിച്ച കുതിരയെപ്പോലെ, കിതച്ചു നടക്കുന്നതിനനുസരിച്ച് കറുത്ത മണ്ണില്‍ മുളപൊട്ടിയ വിത്തുകള്‍ വളര്‍ന്നു തുടങ്ങുന്നതുകണ്ട് അയാള്‍ ഭയന്നു!
തന്റെ കുളമ്പുകള്‍ കൊണ്ട് പാതയിലെ ചുവന്ന മണ്ണിനെ മെതിച്ച് വേഗത്തില്‍ നടന്നിട്ടും, ചക്രവാളം തന്നില്‍ നിന്ന് അകന്നു പോകുന്നതില്‍ അയാള്‍ക്ക് കടുത്ത നിരാശയും തോന്നി.
പാതയ്ക്കു സമീപം ദീര്‍ഘയാത്രക്കാര്‍ക്കുള്ള ഇടത്താവളം പോലെ ഒരു തെരുവ് ഉണ്ടായിരുന്നു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ഓരോരുത്തരും വന്നെത്തുന്ന ഒരു തീര്‍ഥാടനകേന്ദ്രം എന്നതുപോലെയാണ് അയാള്‍ക്ക് ആ തെരുവ് അനുഭവപ്പെട്ടത്. അവനവനെ തിരിച്ചറിയുന്ന, അവനവനെ കണ്ടെത്താന്‍ സഹായിക്കുന്ന ആ വലിയ തെരുവിനെ വീക്ഷിച്ചു നിന്ന അയാള്‍, ആരോടെന്നില്ലാതെ പറഞ്ഞു: വരും ജന്‍മത്തിലേക്ക് യാത്ര പോകുന്നവരേ, നിങ്ങളെന്തിനാണ്, കാടും മേടും കയറി, മോക്ഷത്തിന്റെ ആകാശം താണ്ടാന്‍ വെമ്പുന്നത്? എല്ലാം നിങ്ങളില്‍ തന്നെയെന്ന് എന്തുകൊണ്ട് അറിയുന്നില്ല? ആരംഭവും നിങ്ങളില്‍ തന്നെ! അവസാനവും നിങ്ങളില്‍ തന്നെ!
ഒരു അത്ഭുതലോകത്തേക്ക് പ്രവേശിക്കും പോലെയാണ്, ആ തെരുവിലെ അപരിചിതമായ ചുറ്റുപാടുകളിലേക്ക് അയാള്‍ കടന്നു ചെന്നത്.
ചുറ്റും പഴയ മാതൃകയിലുള്ള വലിയ കെട്ടിടങ്ങള്‍. കെട്ടിടങ്ങളില്‍ ഓരോ അറകള്‍ പോലെ നിറയെ കിളിവാതിലുകള്‍. അവിടെ, ആ കിളിവാതിലുകള്‍ക്കു പിന്നിലായി, വിശാലമായ ആകാശത്തേക്ക് കണ്ണുംനട്ട് നില്‍ക്കുന്ന ദേവദാസികളെപോലെയുള്ള നിരവധി സ്ത്രീകള്‍. സുരതത്തിന്റെ തളര്‍ച്ച വിട്ടുമാറാത്ത മുഖമുള്ള സുന്ദരികളായ സ്ത്രീകള്‍!
അയാള്‍ അവരെ നോക്കി നിന്നു.
ആ വലിയ കെട്ടിടങ്ങള്‍ക്ക് താഴെയായി നിരയൊത്തരീതിയില്‍ തിരക്കേറിയ കച്ചവട കേന്ദ്രങ്ങളായിരുന്നു. അവിടെ ആവശ്യക്കാരെ ആകര്‍ഷിക്കുവാന്‍ വേണ്ടി ആരവമുയര്‍ത്തുന്ന നിരവധി വ്യാപാരികളും ഉണ്ടായിരുന്നു.
വിലപേശല്‍ നടത്തുന്ന ആവശ്യക്കാരുടെ ഒച്ചകള്‍.
പണം നല്‍കിപ്പോകുന്ന ആളുകള്‍.
ശബ്ദമുഖരിതമായ ചുറ്റുപാടുകള്‍, അയാളെ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു.
തെരുവിന്റെ ഉള്ളില്‍ ഒരിടത്തുമാത്രം, ഒരു കച്ചവടകേന്ദ്രത്തിനു മുന്നിലായി തടിച്ചു കൂടിനില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട് അയാള്‍ക്ക് ആകാംക്ഷ തോന്നി.
എന്താണ് അവിടെ മാത്രം ഇത്ര തിരക്ക്? എന്താണ് അവിടെ മാത്രം പ്രത്യേകമായുള്ളത്?
തിരക്കിനിടയിലൂടെ ഊളിയിട്ട്, ജനക്കൂട്ടത്തിന് മുന്നിലേക്ക് എത്തിയ അയാള്‍ അത്ഭുതപ്പെട്ടുപോയി!
പ്രത്യേകിച്ച് എന്തെങ്കിലും അവിടെ ഉള്ളതായി അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല.
അവിടെ ഒരു മരക്കസേരയില്‍ വൃദ്ധനായ ഒരു വ്യാപാരി ഇരിക്കുന്നു. കാഴ്ചയില്‍ ഒരു സന്യാസിയെപ്പോലെ തോന്നുന്ന അയാളുടെ മുഖത്ത് ആള്‍ക്കൂട്ടത്തോടുള്ള പരിഹാസം കലര്‍ന്ന ഒരു പുഞ്ചിരി മായാതെ നിറഞ്ഞു നില്ക്കുന്നു!
എന്തിനാണ് ആ വൃദ്ധവ്യാപാരി ഇങ്ങനെ പുഞ്ചിരിക്കുന്നത് എന്നൊരു ആലോചനയോടെ, അയാള്‍ ചുറ്റുപാടും കണ്ണോടിച്ചു. പലതരം പുഷ്പങ്ങളും സുഗന്ധദ്രവ്യങ്ങളും വൃദ്ധവ്യാപാരിക്കുചുറ്റും നിരത്തി വച്ചിരിക്കുന്നു.
വ്യാപാരിയുടെ പിന്നിലായി എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു പ്രതിമകണക്കെ നില്‍ക്കുന്ന, അതീവ സുന്ദരിയായ സ്ത്രീ!
അയാള്‍ അവളെത്തന്നേ നോക്കി നിന്നു.
യക്ഷകന്യകയെപ്പോലെ സുന്ദരിയായ ഇവള്‍ ആരാണ്?
വൃദ്ധനായ ഈ വ്യാപാരി ഇവളുടെ ആരാണ്?
അവള്‍ക്കൊപ്പമുള്ള ഈ ചെറിയ സുന്ദരിക്കുട്ടികള്‍, അവളുടെ മക്കളാണോ?
വൃദ്ധവ്യാപാരിയുടെ മുന്നിലായി, ഒരു വലിയ പീOത്തില്‍ പഴകിത്തുടങ്ങിയ കുറേയേറെ പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു! മറ്റൊരു പീഠത്തില്‍, ജീവന്‍ തുടിക്കുന്ന ഒരു തലച്ചോറും ഹൃദയവും അയാള്‍ കണ്ടു.
വൃദ്ധവ്യാപാരി വിലവിവരങള്‍ കുറിച്ച ടാഗുകള്‍ ആ സുന്ദരിയിലും കുട്ടികളിലും തൂക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വല്ലാതെ വിഷമം തോന്നിപ്പോയി.
എന്തു മനുഷ്യനാണിയാള്‍!
കൂട്ടംകൂടി നിന്ന ആളുകള്‍ സന്തോഷത്തോടെ ആര്‍ത്തട്ടഹസിച്ചു ആ ശബ്ദം ഒരു ലഹരിപോലെ ഉള്‍ക്കൊണ്ട വൃദ്ധവ്യാപാരി, നിഗൂഢത നിറഞ്ഞ ഒരു പുഞ്ചിരിയോടെ, പീഠത്തിലെ തലച്ചോറിലേക്ക് വിരല്‍ ചൂണ്ടി ഉറക്കെ വിളിച്ചുപറഞ്ഞു:
'ഇതെന്റെ ചിന്തകളുടേയും ഓര്‍മ്മകളുടേയും തടവറയാണ്!'
വൃദ്ധവ്യാപരിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടുനിന്ന അയാള്‍, ആ തലച്ചോറിലേക്ക് നോക്കി.
'നിങ്ങളിലാരിത് സ്വന്തമാക്കിയാലും, പുതിയൊരു ലോകം തന്നെ സൃഷ്ടിക്കാന്‍ കഴിയും'
ജീവന്‍ തുടിക്കുന്ന ആ തലച്ചോറ് ആരുവാങ്ങുമെന്ന ആകാംക്ഷയോടെ നിന്ന അയാള്‍ക്കു മുന്നിലൂടെ ഒരു ടെക്കിയുവാവ് അത് സ്വന്തമാക്കി കൊണ്ടുപോകുന്നതയാള്‍ കണ്ടു.
പിന്നെ, ഒരുകൂട്ടം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വന്ന്, ജീവന്റെ ചലനം നിലയ്ക്കാത്ത ആ ഹൃദയവും സ്വന്തമാക്കി!
ചുവപ്പ് മാറാത്ത ആ ഹൃദയത്തില്‍ നിന്ന് എന്തോ ഒന്ന് പുറത്തുചാടാന്‍ വെമ്പുന്നപോലെ അയാള്‍ക്ക് തോന്നി!
പണം എണ്ണി തിട്ടപ്പെടുത്തി തന്റെ മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിലേക്ക് തിരുകിയ ശേഷം, തന്റെ മുന്നിലെ പുസ്തകങ്ങളിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടു ആള്‍ക്കൂട്ടത്തെ നോക്കുന്ന വ്യാപാരി അടുത്തതിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ഇത് നാളേയ്ക്കായി ഞാന്‍ കരുതിവച്ച, എന്റെ ദിവ്യസ്വപ്നങ്ങള്‍! നിങ്ങളില്‍ ആരാണിത് സ്വന്തമാക്കാന്‍ പോകുന്നത്?'
ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്ന വൃദ്ധവ്യാപാരി.
ചിരിയൊച്ച ഒടുങ്ങുംമുന്‍പേ, ആള്‍ക്കൂട്ടത്തില്‍ നിന്നും മുന്നോട്ടു വന്ന സാഹിത്യകാരന്മാര്‍ അത് സ്വന്തമാക്കി. പിന്നെ, വീതം വെക്കലിന്റെ തര്‍ക്കത്തോടെ അവരും കടന്നുപോയി!
അടുത്തതായി വ്യാപാരി വിരല്‍ ചൂണ്ടിയത്, തന്റെ പിന്നില്‍ നിന്നിരുന്ന ആ സുന്ദരിയിലേക്കായിരുന്നു!
'ഇവള്‍ എന്റെ പ്രിയപ്പെട്ടവള്‍! എന്റെ രണ്ടുമക്കളുടെ അമ്മ'
വ്യാപാരിയുടെ വാക്കുകള്‍ ഒരു ഞെട്ടലോടെ കേട്ടുനിന്ന അയാള്‍, അവളുടെ മുഖത്തേക്ക് നോക്കി. അപ്പോഴും അവളുടെ കണ്ണുകള്‍ വിശാലമായ ആകാശത്തുതന്നെ തറച്ചുനിന്നു!
ലോകം തരിച്ചു നിന്നു. ജനക്കൂട്ടം പരിഭ്രാന്തരായി.
' ഇനി, ഈ സുന്ദരി നിങ്ങള്‍ക്കുള്ളതാണ്....'
ഉറക്കെ ചിരിതുടരുന്ന വൃദ്ധവ്യാപാരി.
ഒരു ഭാവവ്യത്യാസവും ഇല്ലാതെ നില്‍ക്കുന്ന ആ സുന്ദരിയായ സ്ത്രീയോട് അയാള്‍ക്ക് സഹതാപം തോന്നി. അവളുടെ കണ്ണുകളില്‍ എന്നോ തെളിഞ്ഞു നിന്നിരുന്ന പ്രകാശത്തിന്റെ അവശേഷിപ്പുകള്‍ മാത്രം!
വ്യാപാരിയുടെ വാക്കുകള്‍ ഉണ്ടാക്കിയ പരിഭ്രാന്തി മാറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് അഭിപ്രായങ്ങള്‍ കേട്ടുതുടങ്ങി:
'ഇവള്‍ കൊള്ളാം! സുന്ദരിയാണ്.'
'ആ മുലയും അരക്കെട്ടും കണ്ടാല്‍, രണ്ടുപെറ്റതാണെന്ന് പറയില്ല!'
ഒരു സ്ത്രീയെക്കണ്ടാല്‍, പുരുഷന്‍ ആദ്യം നോക്കുന്നത് അവളുടെ മുലകളില്‍ ആയിരിക്കുമെന്ന് എവിടെയോ വായിച്ചത് അയാള്‍ ഓര്‍ത്തുപോയി.
'ഇവളുടെ ശരീരത്തിന് അമൃതിന്റെ സുഗന്ധം ആവും!'
'സത്യം പറഞ്ഞാല്‍, എനിക്കവളുടെ വിടര്‍ന്ന നിതംബം മതി! '' കൂട്ടത്തിലാരുടെയോ വാക്കുകള്‍ അല്പം ഉച്ചത്തിലായിരുന്നു.
ആരൊക്കെയോ കൂട്ടുചേര്‍ന്ന് അവളെ, ആ സുന്ദരിയായ സ്ത്രീയെ വിലയ്ക്കു വാങ്ങി! അവര്‍ക്കൊപ്പം അവള്‍ ഇറങ്ങിപ്പോയി!
അയാളെ സംബന്ധിച്ചിടത്തോളം, അത് താങ്ങാനാകുമായിരുന്നില്ല എന്നതൊരു സത്യമായിരുന്നു!
പെട്ടെന്ന്, വൃദ്ധവ്യാപാരി കുട്ടികളില്‍ നിന്നും വിലയെഴുതി തൂക്കിയിരുന്ന ടാഗ് എടുത്തുമാറ്റി. വ്യാപാരി വളരെ സന്തോഷവാനായിരുന്നു.
'ഇവരെ ഞാനിന്ന് വില്‍ക്കുന്നില്ല!'
അതുകേട്ടതും ജനക്കൂട്ടം പിരിഞ്ഞു പോയിത്തുടങ്ങിയിരുന്നു.
ആകുലചിത്തനായി അയാള്‍ മാത്രം അവിടെത്തന്നെ നിന്നു.
എന്തുകൊണ്ടാണ് വൃദ്ധവ്യാപാരി സുന്ദരികളായ ആ കൂട്ടികളെ ഇന്ന് വില്‍ക്കാതിരുന്നത്? അവര്‍ കുറേക്കൂടി വളര്‍ന്നിട്ടു വിറ്റാല്‍ കൂടുതല്‍ തുക ലഭിക്കും എന്നു കരുത്തിയിട്ടുണ്ടാകും.
ആയാള്‍ക്ക് ആ വ്യാപാരിയോട് വല്ലാത്ത ദേഷ്യം തോന്നി. മനുഷ്യത്വമില്ലാത്ത ജന്തു!
അയാള്‍ തിരികെ നടന്നു.
ദൈവമേ, ഈ കാഴ്ച കാണാനായിരുന്നോ... ഇത്രയും ദൂരം താണ്ടിയിവിടെ എത്തിയത്? വേണ്ടിയിരുന്നില്ല! പിന്നിട്ട വഴികളിലെവിടെയോ താന്‍ വീണുകിടക്കുന്നതുപോലെ!
ഒരു നെടുവീര്‍പ്പടക്കി അയാള്‍ തിരികെ നടന്നു. മണ്‍പാതയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നത് അയാള്‍ കണ്ടു. ഒരിക്കല്‍ക്കൂടി ആ തെരുവിലേക്ക് തിരികെ നോക്കുമ്പോള്‍, അങ്ങിങ്ങായി റാന്തല്‍ വിളക്കുകള്‍ തെളിഞ്ഞുനില്‍ക്കുന്ന തെരുവിനെ കാറ്റ് കൊണ്ടുപോയി!
ഇരുട്ടിലൂടെ നടന്ന് വീട്ടിലെത്തിയ അയാള്‍ ആകെ തളര്‍ന്നു പോയിരുന്നു. പൈപ്പില്‍ നിന്ന് വെള്ളമെടുത്തു മുഖം കഴുകി നിന്ന് വല്ലാതെ കിതച്ചു. കിതപ്പടക്കി തികഞ്ഞ ദുഖഭാരത്തോടെ, മുഖമുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കിനിന്നു.
തനിക്കിത് എന്തുപറ്റി ആലോചനയോടെ അയാള്‍ നിന്നു.
പെട്ടെന്ന്, കണ്ണാടിയില്‍ കണ്ട തന്റെ പ്രതിബിംബം, തെരുവിലെ വൃദ്ധനായ വ്യാപാരിയുടേതാണെന്ന്, ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിയുകയായിരുന്നു!
ആ നിമിഷം, അയാളില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു!
നിലവിളിയുടെ മാറ്റൊലികള്‍ ഇരുട്ടിന്റെ ഉള്ളറകളിലെവിടെയോ പ്രതിധ്വനിച്ച് അലിഞ്ഞില്ലാതായിപ്പോയി!