ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുള്ളിയുടുപ്പിട്ട്
കണ്‍മഷിഎഴുതി
പൊട്ടു തൊട്ട്
കരിവള ചാര്‍ത്തി
കൂട്ടുകാരോടൊത്ത്
കൊത്തങ്കല്ലാടി
സാറ്റു കളിച്ചു നടന്നു
പത്തുവയസ്സുള്ള ജാനി.
വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ
മിട്ടായി നുണഞ്ഞ്
നുണക്കുഴികാട്ടി
ചിരിച്ചു ജാനി.
രക്ഷയാകേണ്ട കൈകളാല്‍
അച്ഛന്‍
അഴിച്ചെറിഞ്ഞ
കുഞ്ഞുടുപ്പിനരികെ,
ചൂഴ്ന്നിറങ്ങിയ
നിമ്‌നോന്നതങ്ങളിലെ
മുറിവില്‍നിന്ന്
ഇറങ്ങിയോടാന്‍കഴിയാതെ
വിങ്ങിവിങ്ങി ജാനി.
ഭൂമിശാസ്ത്ര ക്ലാസില്‍
അക്ഷാംശങ്ങളും
രേഖാംശങ്ങളും തെറ്റാതെ
മഴക്കാടുകളും
വനങ്ങളും വരച്ച
വികൃതിക്കുട്ടിയാണ്.
തന്റെ ഭൂമിശാസ്ത്രത്തില്‍
കുന്നും മലയും
വളര്‍ന്നതറിയാതെ
മിട്ടായി മധുരം
നുണഞ്ഞ്
കൊഞ്ചിപ്പോയി ജാനി.
അച്ഛാ, ജാനിക്കെന്തിനാ
ഇത്രയധികം മിട്ടായി
വാങ്ങിത്തന്നത്,
അതല്ലേ
മോള്‍ടെ വയറിങ്ങനെ
വീര്‍ത്തത്!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...