Malayalam Short Story : രണ്ട് പെണ്ണുങ്ങള്‍, ഹര്‍ഷ പട്യേരി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Mar 5, 2022, 6:43 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹര്‍ഷ പട്യേരി എഴുതിയ ചെറുകഥ

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയാണ്. ചുറ്റും വെളളം കയറാന്‍ തുടങ്ങിയിരുന്നു. 

താന്‍ ഇപ്പോള്‍ ഒരു ദ്വീപിലാണെന്നപോലെ പോലെ ഐലിന്‍  തോമസ് ജനല്‍പാളി നീക്കി കൊണ്ട് ചിരിച്ചു.  റൂം മേറ്റ്  ആയ ട്രീസ പീറ്ററും, തുളസിയും അവധി കിട്ടിയത് കൊണ്ട് വീട്ടില്‍ പോയിരുന്നു. പോയിട്ട് മറ്റ് ആവശ്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും ജോലിത്തിരക്ക് കൊണ്ടും ഐലിന്‍ മുറിക്കുള്ളില്‍  തന്നെ ഇരുന്നു.  

എഡിറ്റര്‍  ഇന്നലെ മുതല്‍ മാറ്ററുമായി  ബന്ധപ്പെട്ട് തുടരെ തുടരെ വിളിക്കുന്നുണ്ടായിരുന്നു. കാറും, കോളും കാരണം കിടക്കയില്‍  മലര്‍ന്ന് കിടക്കാനല്ലാതെ ലാപ്‌ടോപ്പിലൂടെ വിരലൊന്ന് അനക്കാന്‍ ഐലിന്‍ ബദ്ധപ്പെട്ടില്ല. മുറിയില്‍ ആകെ ഇരുട്ട് പതിഞ്ഞിരിക്കുന്നു. കറണ്ട് ഇടതടവില്ലാതെ പോവുന്നുണ്ടെങ്കിലും ഇപ്പോഴുണ്ടായ ഈ ഇരുട്ട് കറണ്ട് ഇല്ലാത്തത് കൊണ്ടല്ല എന്ന് വ്യക്തം. കണ്ണുകള്‍ മുറുക്കി അടച്ച് കട്ടിപ്പുതപ്പിനുള്ളില്‍ ചുരുണ്ട് കിടന്ന് ഐലീന്‍ ഉറങ്ങാന്‍  ശ്രമിച്ചു. ലാപ് തലയണയുടെ തൊട്ടടുത്ത് പാതി മടക്കി വച്ചിരുന്നു. 'ടിംഗ്' ശബ്ദത്തില്‍ തുടരെ മൂന്ന് മെയിലുകള്‍ വന്നു. 

ജോലി സംബന്ധമായതാണെന്ന മട്ടില്‍ ഐലിന്‍ എഴുന്നേറ്റില്ല.

മഴ ഒന്ന് ശമിച്ചപ്പോഴേക്കും  ഉറക്കമുണര്‍ന്ന് ഐലിന്‍ ഒരു കപ്പ് കാപ്പിയുമായി തിരിച്ച് പണിയന്ത്രത്തിലേക്ക് വിരല്‍ അണച്ചു. വന്ന മൂന്നു മെയിലുകളില്‍ രണ്ട് എണ്ണവും  ജോലി സംബന്ധമായിരുന്നു. 

'Rape Then And Now' എന്ന ചുവപ്പ് ഹെഡ്‌ലൈനിന് കീഴില്‍ കാര്യങ്ങള്‍ എഴുതി വച്ചിരുന്നു. 

'ഈ റേപ്പ് കള്‍ച്ചര്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ട ഒരു പ്രതിഭാസമാണോ? അന്നും ഇന്നുമായി എത്രയെത്ര ബലാല്‍സംഗ ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിനാലും, പണ്ടു മുതല്‍ക്കേ പുരുഷ മേധാവിത്വം കൈയാളുന്നതിനാലും ഇരകള്‍ അന്നുമിന്നും വലിയൊരു ശതമാനവും സ്ത്രീകളും, കുട്ടികളും, ഐഡെന്റിറ്റി വെളിപ്പെടുത്താന്‍ കഴിയാതെ പോയവരുമാണ്. ലൈംഗിക വിദ്യാഭ്യാസക്കുറവ് കൊണ്ടോ കിട്ടിയ നുറുങ്ങ് അറിവുകള്‍ തെറ്റായതുകൊണ്ടോ ആവാം ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ തമ്മില്‍ ബലപ്രയോഗത്തിലേക്കോ റേപ്പിലേക്കോ പോവുന്നത്. പണ്ടു മുതലേ അനുവര്‍ത്തിച്ചുപോന്ന ആചാരങ്ങള്‍ ഒരു വ്യക്തിയുടെയോ, ഒരു വിഭാഗത്തിന്റെയോ വികാരങ്ങളെ സാരമായി ബാധിക്കുന്നുവെങ്കില്‍ അവ ദുരാചാരങ്ങളായി കണക്കാക്കണം. ഇത്തരം പരമ്പരാഗത വൈകൃതങ്ങളോട് എത്തരത്തിലാണ് നാം അയിത്തം കല്‍പ്പിക്കേണ്ടത്!'

മുന്നേ ടൈപ്പ് ചെയ്ത ഇത്രയും ഭാഗം വീണ്ടും വായിച്ചതിന്  ശേഷം എഴുതാന്‍ ഇരുന്നു. വീണ്ടും മണിയടിച്ചു കൊണ്ട്  പുതിയ മെയില്‍ വന്നു. എല്ലാത്തിനോടും മടുപ്പ് തോന്നിയ ഈ സമയത്ത് അപരിചിതമായ ഒരു മെയില്‍ ഐഡി തെല്ലും ആകാംക്ഷ ഉണര്‍ത്തിയില്ല. വാസ്തവത്തില്‍  റിപ്പോര്‍ട്ടില്‍ ആഡ് ചെയ്യാന്‍ തയ്യാറാക്കി വച്ചിരുന്ന കീ പോയിന്റ്‌സ് കൃത്യമായി അറേഞ്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ എഴുതാന്‍ വച്ചിരുന്നതെല്ലാം ഉള്ളില്‍ കിടന്ന് പുളിച്ചു തികട്ടി. മടുപ്പ് ഉച്ചിയില്‍ മുട്ടിയിരിക്കുന്ന സമയത്ത് വരുന്ന ഓരോ ഡിസ്ട്രാക്ഷനും ഒരു ആശ്വാസമാണ്! 

ഐഡി ശ്രദ്ധിച്ചതും മനസ്സില്‍ മഴ വീണ്ടും പെയ്ത് തുടങ്ങിയതും ഒരുമിച്ചാണ്- നയന്‍ കബീര്‍. 

'Ileen, it has been 8 years since we broke up. I am in Delhi now. I would like to meet you again. Text me whenever you are free. I don't know this is the right time or not but I must say that I was always, always concerned of you. Sometimes  situations demand us to move on. 

Nayan kabir

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ജേണലിസം പിജി ബാച്ച് മേറ്റ്‌സ് ആയിരുന്ന കാട്ടയം ജില്ലയിലെ തോമസ് മാപ്പിളയുടെയും, മറിയം തോമസിന്റെയും മകള്‍ ഐലീന്‍ തോമസും, പഞ്ചാബി കേണല്‍ കബീര്‍ സിംഗിന്റെയും മലയാളി ഡോ. സീമയുടെയും  മകള്‍ നയന്‍ കബീറും തങ്ങളുടെ ഇഷ്ട വിഷയം ജേണലിസം അല്ലായിരുന്നെങ്കില്‍ ഒരിക്കല്‍ പോലും കണ്ടു മുട്ടില്ലായിരുന്നു. 

അപ്പന്‍ നന്നേ ചെറുപ്പത്തില്‍ മരിക്കുകയും, അമ്മയുടെ ചെറു പ്രായം കണക്കിലെടുത്ത് പുനര്‍വിവാഹം നടത്തുകയും, ജീവിതം ആരുടെയൊക്കെയോ കളിപ്പാട്ടമായി മാറുകയോ ചെയ്തിരുന്നില്ലെങ്കില്‍ ഐലിന്‍ തോമസിന് ഡല്‍ഹിയിലേക്ക് തന്റെ തായ് വേരുകള്‍ ഇറക്കേണ്ടി വരില്ലായിരുന്നു. 

ആദ്യ വിവാഹം തന്നെ സ്വരച്ചേര്‍ച്ച ഇല്ലാതായ തോമസിനും മറിയത്തിനും ഇടയില്‍ എലിന്‍ തോമസ് എന്ന സന്തതി  കടന്ന് വന്നത് തന്നെ  അനാവശ്യമായിരുന്നു. ഐലിന്റെ  വളര്‍ച്ചയുടെ എവിടെയോ വെച്ച് തോമസ് തന്റെ തകര്‍ച്ച അവസാനിപ്പിച്ചു. പെറുമ്പം ചോര പറ്റിയത് കൊണ്ട് മാത്രം കൊച്ചിനെയും  മാറില്‍ ചേര്‍ത്ത് മറിയം തന്റെ പിതാവായ വറുത് മാപ്പിളയുടെ അടുത്തേക്ക് തിരിച്ചു വന്നു. 

'കെട്ടിയോനേം കൊന്നേച്ച് വരുവാ. ഒരുമ്പട്ടോള്'

ദീനപ്പായേ കെടന്ന് കൊച്ച് മേരി കാറിത്തുപ്പി.നാട് നീളെ സംബന്ധം കൂടാന്‍ മിടുക്കായതിനാല്‍ വറുത് മാപ്പിളയ്ക്ക്, കുട്ടികളെ പെറ്റിടുന്ന ഒരു യന്ത്രം മാത്രമായിരുന്നു കൊച്ച് മേരി. വറുതുമായി അന്തിയുറങ്ങിയ അന്ന് മുതല്‍ മേരി സ്‌നേഹിക്കാന്‍ മറന്നു, ആദ്യത്തെ പേറില്‍ അമ്മയായതും  മറന്നു. കൊച്ചുങ്ങള് കരയുമ്പോ പാല് കൊടുക്കാതെ അത്ങ്ങളെ  ഒറക്കെ ഒറക്കെ കരയിച്ച് വറുതാണ് കരയുന്നതെന്നോര്‍ത്ത് മേരി കൈകൊട്ടി ചിരിച്ചു. വറുത് ഇതൊന്നും ചെവി കൊണ്ടതുമില്ല. സംബന്ധങ്ങള്‍ പെരുക്കാന്‍ പരക്കം പാഞ്ഞു കൊണ്ടിരുന്നു. കരച്ചിലിനും  പൊട്ടിച്ചിരിച്ചിരികള്‍ക്കുമിടയില്‍ കിടന്ന് മറിയം വളര്‍ന്നു. 

തടിച്ച് കൊഴുത്ത ഉടല്‍, ഉയര്‍ന്ന മാറിടം, ചുവന്ന ചുണ്ട് അങ്ങനെ മറിയത്തില്‍ വളര്‍ച്ചയെത്തിയതായി കൊച്ചു മേരി അറിഞ്ഞു. വറുത് പാതിരാ വെളുത്ത് കയറി വരുമ്പോള്‍ മേരി തെറിപ്പാട്ട് തുടങ്ങുകയായി. മറിയത്തിന് അപ്പന്റെ കഥകളൊക്കെയും മേരിയുടെ തെറിപ്പാട്ടാണ്. മേരി അറപ്പോടെയും, വെറുപ്പോടെയും വറുതിനെപ്പറ്റി പാടി നാവ് കഴക്കുമ്പോള്‍ മറിയം തന്റെ കിടക്കയില്‍ മലര്‍ന്ന് കിടന്ന് ആവേശം കൊള്ളുകയാവും. 

വയസ്സ് തീണ്ടിയ കാലം തൊട്ടേ അപ്പനെ ആരാധിച്ചു പോന്ന മറിയം അപ്പന്റെ വഴിയേ പോയി. മറിയത്തിന്റെ  ഉശിര് ചെറുതൊന്നുമായിരുന്നില്ല. തള്ള തല്ലിയിട്ടും, തെറി പറഞ്ഞിട്ടും മറിയം അടങ്ങിയില്ല. ഒടുക്കം തന്തയെ കൂടാതെ നാട്ടില്‍ മോളും പേരെടുക്കുന്നായപ്പോ മേരി എവിടെ നിന്നോ ഒരുത്തനെ കണ്ടെത്തി മറിയത്തെ കെട്ടിച്ചു. 

മറുനാട്ടുകാരന്‍ തോമസ് മാപ്പിളയ്ക്ക് മറിയത്തേക്കാള്‍ നന്നേ പ്രായമുണ്ടായിരുന്നു. മറിയത്തെ തൃപ്തിപ്പെടുത്താന്‍ തോമസിനാകട്ടെ ഒരിക്കലും സാധിച്ചതുമില്ല. ഒടുക്കം മറിയം തോമസ് വീണ്ടും മറിയം മാത്രമായി. അപ്പോഴേക്കും തോമസ് മാപ്പിളയെ ഓര്‍മ്മപ്പെടുത്തുമാറ് കുഞ്ഞ് ഐലീന്‍ തോമസ് മറിയത്തിന്റെ മാറോട് ഒട്ടി കിടന്നു. 

തിരിച്ച് വന്നിട്ടും മറിയം കിടപ്പ് രോഗിയായ മേരിയെ തിരിഞ്ഞ് നോക്കിയില്ല. പുതിയ വേഴ്ചകള്‍ തേടിക്കൊണ്ടേ ഇരുന്നു. കൊച്ചു മേരിയുടെ തീട്ടപ്പായേ കിടന്ന് ഐലീന്‍ വളര്‍ന്നു. മറിയത്തോളം പോന്ന കൊച്ച് പെണ്ണായി ഐലിന്‍ വളരുന്നുണ്ടായിരുന്നു. 

അപ്പോഴേക്കും വറുത് മാപ്പിള തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും താണ്ടിയിരുന്നു. തന്റെ ആരോഗ്യനില ഇപ്രകാരം തകരുന്നത് കണ്ട് അയാള്‍ സ്വയം തകര്‍ന്നു. മറിയം വീണ്ടും കെട്ടി. വറുത് മേരിയുടെ ദീനപ്പായേലോട്ട്  കിടപ്പ് മാറ്റാന്‍ തക്കം പാര്‍ത്തിരുന്നു. മറിയമാവട്ടെ തോമസ് മാപ്പിള എന്ന വിരസനില്‍ നിന്ന് സൈമണ്‍ ഫിലിപ്പിന്റെ പാറയോളം വലിപ്പമുള്ള മാറില്‍ പടര്‍ന്നു കിടന്നു. ഇതിനിടയില്‍ എവിടെയോ ഐലിന്‍ വന്നുകൊണ്ടേ ഇരുന്നു. 

ഐലീന്‍ വളരുന്നുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത് കിളവന്‍ വറുതായിരുന്നു. രോഗാസന്നനായ അയാള്‍ ഐലിന്റെ കുഞ്ഞ് ശരീരത്തെ പലപ്പോഴായി വരിഞ്ഞ് മുറുക്കി. പ്രായത്തേക്കാള്‍ വലിപ്പമുള്ള ശരീരം തന്നതിന് ഐലിന്‍ അമ്മയെ പ്രാകി. ചോരയൊലിപ്പിച്ച്  ഉറങ്ങാന്‍ കിടക്കുന്ന ഐലിനിനെ മറിയം ഒരിക്കല്‍ പോലും തിരിഞ്ഞ് നോക്കിയില്ല. വറുത് മാപ്പിളയുടെ കാതടപ്പിക്കുന്ന വയസ്സന്‍ ശബ്ദത്തെ എതിര്‍ക്കാന്‍ ഐലിനിന് കഴിഞ്ഞതുമില്ല. തോമസ് മാപ്പിളയെ  ഓര്‍മിപ്പിക്കുമാറ് ഐലിന്‍ വീണ്ടും ചുണ്ടുകള്‍ കോട്ടി അടച്ച് വയസ്സന്റെ  ക്ഷയിച്ചു തുടങ്ങിയ ശരീരത്തിനടിയില്‍  കിടന്ന് ശ്വാസം മുട്ടി. 

സൈമണ്‍ ഫിലിപ്പില്‍ മറിയത്തിന് ഒരു സന്തതി പോലും ഉണ്ടായില്ല. മറിയം അയാളെ വെറുത്തു. കഴിവില്ലാത്ത ഒരുവന്റെ കൂടെ ഇത്രയും നാള്‍ അന്തിയുറങ്ങിയതിന് മറിയം പല്ല് കടിച്ചു. മേരിയെ പോലെ അവളും അയാളെ പ്രാകി, തെറിപ്പാട്ട് പാടി. ബലപ്പെട്ട് അയാള്‍ വീണ്ടും വീണ്ടും മറിയത്തെ കീഴ്‌പ്പെടുത്തി. അയാള്‍ ഒരു  ഷണ്ഡനാണെന്നതൊഴിച്ചാല്‍ മറിയം അയാളില്‍ തൃപ്തയായിരുന്നു. 

കിഴവന്റെ  കാലം കടക്കുവോളം ഐലിന്‍ വലിഞ്ഞ് മുറുകി. വറുത് മാപ്പിളയുടെ വീട്ടില്‍ വന്നതില്‍ പിന്നെ ഐലിന്റെ കിടപ്പ് തീട്ടപ്പായയിലൂടെയും, ചോരക്കറയിലൂടെയും ഞെരുങ്ങി നീങ്ങി. തന്നെക്കാള്‍ പ്രായം ചെന്ന ശരീരം അവളെ കുടുസു മുറിയില്‍ തിങ്ങി ഞെരിയുന്ന അനേകം ആളുകളെ ഓര്‍മ്മിപ്പിച്ചു. ഐലിന്‍ തന്റെ ശരീരത്തെ വെറുത്തു, ഐലിന്‍ എന്ന ആത്മാവിനെ ആരോ അടച്ചു വച്ച വെറും മാംസപാത്രമയിരുന്നു അവള്‍ക്ക് അത്. 

പുത്തനടുപ്പും, കളിപ്പാട്ടങ്ങളും മാത്രം ഓര്‍ക്കേണ്ട പ്രായം മുതല്‍ക്കേ കൊച്ചു മേരിയുടെ മൂക്ക് പൊത്തുമാറ് ദുര്‍ഗന്ധം വമിക്കുന്ന തീട്ടപ്പായയും, കിഴവന്‍ വറുതിന്റെ വലിയ ശരീരത്തിന്റെ പരുക്കന്‍ ചലനങ്ങളും ഐലിനെ തകര്‍ത്തിരുന്നു. കിഴവനാല്‍ വരിഞ്ഞ് മുറുകുന്ന ഓരോ നിമിഷവും ഐലിന്‍ വാവിട്ട് കരഞ്ഞു. എത്രയും പെട്ടെന്ന് അപ്പന്റടുക്കലേക്ക് കൊണ്ട് പോകണേന്ന്  തമ്പുരാനോട് മുട്ടിപ്പായി പറഞ്ഞു. ഐലിന്റെ ചോരയൊലിക്കുന്ന മുറിവും, ചതഞ്ഞരഞ്ഞ ശരീരവും മറിയം ഒരിക്കല്‍ പോലും നോക്കിയില്ല. അവള്‍ സദാ വട്ടമിട്ടു പറന്നു. മറിയത്തിന്റെ ഈ മടുപ്പ് സൈമണില്‍ ആദ്യമാദ്യം ബലപ്രയോഗങ്ങള്‍ക്ക്  വഴിവച്ചെങ്കിലും പിന്നീട് അയാള്‍ക്കും അവളെ മടുത്തു. 

കിഴവന്റെ മരണം ആശ്വാസമായെങ്കിലും മറിയം സൈമണില്‍ നിന്നകന്നത് ഐലിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു. അയാള്‍ മറിയത്തെ വേള്‍ക്കുമ്പോഴും അവളെ ആരാധിച്ചിരുന്നു. മറിയം ഇക്കിളി കൊള്ളുന്നതും, കുണുങ്ങി ചിരിക്കുന്നതും അയാള്‍ ആസ്വദിച്ചിരുന്നു. പക്ഷേ മറിയത്തില്‍ നിന്നുള്ള ഈ അകല്‍ച്ച പാറയോളം വലിപ്പമുള്ള നെഞ്ചും, അതിനുള്ളില്‍ കൈപ്പിടിയോളം ചെറുതും, പഞ്ഞിക്കെട്ടോളം മിനുത്തതുമായ സൈമണ്‍ ഫിലിപ്പിന്റെ ഹൃദയത്തെ ഉടച്ചു കളഞ്ഞു. അയാളാവട്ടെ  പിന്നീട് തൂണിലും തുരുമ്പിലും മറിയത്തെ കണ്ടു. മറിയമാകട്ടെ അയാളില്‍ നിന്ന് ഒരുപാട് അകന്നു. അയാള്‍ പിന്നീട് ഐലിന് മറിയവുമായുള്ള സാമ്യത ശരി വെക്കുകയും ചെയ്തു. 

ഐലിന്‍ എപ്പോഴും നിസ്സഹായയായിരുന്നു. അവളുടെ ഹൃദയം വറുത് മാപ്പിളയുടെ പരുക്കന്‍ ശരീരം ഞെരിച്ചമര്‍ത്തിയ അന്ന് തകര്‍ന്ന് പോയതാണ്. ഇതിനിടയിലെപ്പോഴോ പഠിപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഹൃദയത്തിന് പകരം പാറയും ആത്മാവിനെ അടച്ച മാംസ ഭരണിയുമായി ഐലിന്‍ ആരോടും ദയവ് കാട്ടാതെ ജേണലിസത്തില്‍ ബിരുദം നേടി. 

കിഴവന്റെ ബലപ്രയോഗവും സൈമണിന് മറിയത്തോടുള്ള തീരാ ആരാധനയും ഐലിന്റെ ഹൃദയം പാറയാക്കിയിരിക്കുന്നു. ഐലിന്‍ മറിയത്തോളം  വീറുള്ളവളായി. ഒന്നിനെയും കൂസാത്തവളായി. അനുഭവങ്ങള്‍ പാളിപ്പോവുന്നിടത്തു നിന്ന് ജീവിതം തുടങ്ങുന്നു. 

അപ്പന്‍ തോമസിന്റെ പേരില്‍ ഒരു ചെറിയ തുക ഉണ്ടായിരുന്നു. ഇപ്പോ അത് പെരുകിപ്പെരുകി ഒരു നല്ല തുകയായിട്ടുണ്ട്. വിവരം അറിഞ്ഞ പാടെ മറിയം വീണ്ടും മറിയം തോമസായി. പക്ഷേ അതിനുള്ള യോഗം മറിയം തോമസിന് ഉണ്ടായില്ല. അതിന്റെ അവകാശം ഐലിന്‍ തോമസിന് മാത്രമായിരുന്നു. പണം തനിക്ക് കിട്ടില്ല എന്നുറപ്പായ മറിയം തോമസ് ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ തന്റെ കുഞ്ഞിനെ എന്ന വണ്ണം ഐലിനെ പരിപാലിച്ചു. മാറില്‍ ഒട്ടി ഉറങ്ങിയപ്പോഴും, വാവിട്ട് കരഞ്ഞപ്പോഴും മറിയം ഐലിനെ തിരിഞ്ഞു നോക്കിയില്ല. ഇന്നിതാ മറിയം ഐലിനിന്റെ അമ്മയായിരിക്കുന്നു. ഐലിനാവട്ടെ കല്ല് ഹൃദയവും, മാംസ ഭരണിയും കാരണം തന്റെ മാതാവ് മറിയം തോമസിനെ  കണ്ടതുമില്ല, സ്‌നേഹ ഭാഷണങ്ങള്‍  കേട്ടതുമില്ല. 

വളര്‍ച്ചയുടെ ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഐലിന്‍ ഇന്ന് സ്വതന്ത്രയാവാന്‍  പോവുന്നു. തോമസിന്റെ പണം കിട്ടിയതുമുതല്‍  ഐലിന്‍ നാട് കടക്കണമെന്ന് ഉറപ്പിച്ചിരുന്നു. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമായതിനാല്‍ ഡല്‍ഹിയില്‍ അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്യുകയും, അഡ്മിഷന്‍ ലഭിക്കുകയും, തന്റെ തായ് വേരുകള്‍ ഡല്‍ഹി നഗരത്തില്‍ ആഴത്തില്‍ പതിപ്പിക്കുകയും ചെയ്തു. 

മനസ്സ് പാറക്കല്ലോളം തരിശും കടുപ്പവുമുള്ളതിനാല്‍ ഐലിന്‍  തന്റെ സ്വാതന്ത്ര്യം നഗരത്തിലെ വിശാലമായ വീഥികളിലൂടെ തനിച്ച് ആസ്വദിച്ചു. ഐലിനിന് പണം സ്വാതന്ത്ര്യമാണ്. വറുതിന്റെ  പരുക്കന്‍ ശരീരത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മേരിയുടെ തീട്ടപ്പായില്‍ നിന്നുള്ള സ്വാതന്ത്ര്യം, മറിയത്തിന്റെയും  സൈമണിന്റെയും ജീവിതത്തില്‍ നിന്നുള്ള സ്വതന്ത്ര്യം. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം.... 

ഐലിന്‍ തോമസ് ഫ്രം കോട്ടയവും നയന്‍ കബീര്‍ ഫ്രം പഞ്ചാബും റൂംമേറ്റ്‌സ് ആയിരുന്നു. നയനിന് അച്ഛനും അമ്മയും ഇന്‍സ്പിറേഷന്‍ ആയിരുന്നപ്പോള്‍ ഐലിനിന് അത് മനം മടുപ്പിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഓര്‍മ്മകള്‍ മാത്രമായിരുന്നു. ലോകത്തെ ടോപ്പ് ജേണലിസ്റ്റുകളില്‍ ഒരാളാവാന്‍ വന്ന നയന്‍ കബീറും സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി വന്ന ഐലിന്‍ തോമസും പരസ്പര വൈരുദ്ധ്യത്തോടെ ഒരേ മുറിയിലും ഒരേ ക്ലാസിലുമായി ദിവസങ്ങള്‍ പങ്കിട്ടു.

ടിവിയില്‍ ഇടതടവില്ലാതെ സംസാരിക്കുന്ന ജേണലിസ്റ്റുകളോടായിരുന്നു നയനിന് പ്രിയം. കുട്ടിക്കാലം മുതല്‍ക്കേ അവളും അത്തരം സംസാരവും വസ്ത്രവും പിന്തുടര്‍ന്നു. മുറിയില്‍ ഏകാന്തമായി ഇരിക്കുന്ന ഐലിന്‍ നയനില്‍  വിരസത ഉണത്തി. മുറിയില്‍ എപ്പോഴും ഐലിന്‍ ഉണ്ടാവുന്നതിനാല്‍  നയന്‍ വൈകുന്നേരങ്ങള്‍ വൈകി ഹോസ്റ്റലില്‍ എത്തി. 

ഐലിനിനെ തിരക്കി കൊണ്ട് ഒരിക്കല്‍ പോലും ഒരു കോളുപോലും വന്നില്ല. തോമസ് മാപ്പിളയുടെ പണം തനിക്ക് കിട്ടില്ല എന്ന് ഉറപ്പായതില്‍ പിന്നെ മറിയം അതിന് മുതിര്‍ന്നതുമില്ല. നയനിന് ഐലിനിനെ പറ്റി അറിയണമെന്നുണ്ടായിരുന്നു പക്ഷേ ആരോട് ചോദിക്കാന്‍. ഇത്തരം വിരസകുമാരിമാര്‍ക്ക് പുസ്തകങ്ങളെങ്കിലും കൂട്ടുണ്ടാവും അങ്ങനെ എങ്കില്‍ അതേ ചൊല്ലി ഒരല്‍പ്പം സംസാരിക്കാമായിരുന്നു. പക്ഷേ ഇവിടെ അതും നടപ്പില്ല. നയന്‍ മുറുമുറുത്തു.

ഐലിനില്‍ നയനിന് ആദ്യമാദ്യം വിരസതയും പിന്നീട് ആകാംക്ഷയും ഒടുവില്‍ പ്രണയവുമുണ്ടായി. ഒരാളെക്കുറിച്ചുള്ള നിരന്തര നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ സഹജമാണത്.  ഒരുപാട് പണിപ്പെട്ടാണ് നയന്‍ ഐലിനുമായി സൗഹൃദം സ്ഥാപിച്ചത്. പരുക്കന്‍ നയങ്ങളുള്ള ഐലിന്‍ നയനുമായി അല്പം ബുദ്ധിമുട്ടി ആണെങ്കിലും അടുത്തു. ഏറ്റവുമടുത്ത രണ്ട് പെണ്‍ സുഹൃത്തുക്കളായി അവര്‍ മാറി. നയന്‍ തന്റെ ഭാഷാവൈഭവത്തില്‍ പുസ്തകങ്ങളെ കുറിച്ചും ലോകത്തെ കുറിച്ചും സംസാരിച്ച് കൊണ്ടേ ഇരുന്നു. ഐലിന്റെ കല്ലുഹൃദയത്തെ നയന്‍ പലപ്പോഴും കനിവുള്ളതാക്കി തീര്‍ത്തു. നയനിന്റെ സാമീപ്യവും, സ്‌നേഹവും ഐലിനില്‍ പ്രണയമായി മാറാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. 

തന്റെ ഭാരിച്ച ഈ ശരീരം പതിയെ ചുരുങ്ങുന്നതായി ഐലിനിന്  തോന്നി. നയനിന്റെ  ഓരോ തലോടലും ഐലിന്റെ ഹൃദയത്തിലേക്കുള്ളതായിരുന്നു. പെണ്ണ് പെണ്ണിലേക്ക് പ്രണയപരവശയാകുന്നത് ഐലിന്‍ അത്ഭുതകരമാം വിധം നോക്കി കണ്ടു. 

ഐലിനിലെ മാറ്റം നയനിലും പ്രകടമായി തുടങ്ങി. നയന്‍ ഐലിനിലേക്ക് പടര്‍ന്ന് കയറി. ആഴത്തില്‍ ആഴത്തില്‍ പാറക്കെട്ടുകള്‍  തുളച്ച് കൊണ്ട് നയന്‍ ഐലിനില്‍ പടര്‍ന്ന് കയറി. കിഴവന്റെ ഞെരുക്കങ്ങള്‍ക്കൊടുവില്‍  ഐലിന്‍ നയനുമായി ലയിച്ചു ചേര്‍ന്നു. രണ്ട് വര്‍ഷം പരസ്പരം എതിര്‍ദിശയില്‍ നിന്നിരുന്ന രണ്ട് പെണ്ണുങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇതാ ഇഴചേര്‍ന്ന് പരിണയിക്കുന്നു. വേദനകള്‍ മറന്ന് പ്രണയിക്കുന്നു. 

പ്രണയത്തിന് അപ്പുറമാണ് യാഥാര്‍ത്ഥ്യം! രണ്ട് പെണ്ണുങ്ങള്‍ പ്രണയ ബന്ധത്തിലായത് തന്നെ തെറ്റ്. പിന്നീട് ഒരുമിച്ച് ജീവിക്കുക എന്നത് അതിലും വലിയ തെറ്റ്. സത്യം കയ്പ്പായത്  കള്ളം മധുരിക്കുന്നത് കൊണ്ടാണ്. സത്യത്തിന്റെ കയ്പ്പ് ഉള്‍ക്കൊണ്ടേ  മതിയാവൂ. 

നയന്‍ കബീര്‍, ഐലിന്‍ തോമസ് എന്നീ രണ്ട് പെണ്ണുങ്ങള്‍  ഒന്നായാല്‍ ഇവരില്‍ നിന്ന് സന്തതി പരമ്പരകള്‍ എങ്ങനെയുണ്ടാകും? ഇത് സമൂഹത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകിടം മറിക്കും. രണ്ട് പേര്‍ ഒന്നിച്ച് ജീവിക്കുക എന്നതിന്റെ പരമമായ ലക്ഷ്യം തന്നെ സന്തതി പരമ്പരകളാണ്. ഇതിനൊന്നും കഴിയാത്ത പക്ഷം ഈ പെണ്ണുങ്ങള്‍ ചെയ്തത് വലിയ തെറ്റ്. 

മഴ അല്‍പ്പനേരം നിന്നാറെ, ദ്വീപ് പോലെ ഒറ്റപ്പെട്ടുപോയ മുറിയുടെ നടുക്കഷണത്തിലേക്ക് കാലെടുത്തുവെച്ച് ഐലിന്‍ തോമസ് ആരോടെന്നില്ലാതെ ഒന്നുകൂടി അതങ്ങ് പ്രഖ്യാപിച്ചു. 

ഒരു തരത്തിലും ഒത്തു പോകാന്‍ കഴിയാത്ത ബന്ധമാണ് നയന്‍, ഐലിന്‍ എന്നീ രണ്ടു സ്ത്രീകള്‍ തമ്മിലുള്ളത്. 
'പ്രണയത്തിന് പരിധി നിലനില്‍ക്കുമ്പോള്‍ പ്രണയം തന്നെ നഷ്ടമാകുന്നു. പിജി കഴിഞ്ഞ് ഇന്റേര്‍ണ്‍ഷിപ്പിനായി നയന്‍ കബീറും ജോലി ആവശ്യത്തിനായി ഐലിന്‍ തോമസും ഇതിനാല്‍ വേര്‍പിരിഞ്ഞു കൊള്ളുന്നു. ആയതിനാല്‍ സമൂഹിക മര്യാദകള്‍ക്ക് ഒന്നും തന്നെ കേടുപാടുകള്‍ സംഭവിക്കുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തുന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

click me!