Malayalam Short Story : കാറ്റിലാരോ..., ഹരിത എച്ച് ദാസ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jun 13, 2024, 2:54 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹരിത എച്ച് ദാസ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


'ഒറ്റയാവുക എന്നാല്‍ സ്വന്തമായി ഒരു മുറി ഉണ്ടാവുക എന്നുകൂടിയാണ്. നിശ്വാസങ്ങളും നെടുവീര്‍പ്പുകളും തിങ്ങിനിറഞ്ഞ്, നമ്മള്‍ ഉണരുമ്പോള്‍ മാത്രം ആ മുറി ഉണരും'

     
സ്വപ്നത്തില്‍ കണ്ട ആ മുറിയെക്കുറിച്ച് അവള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ആ മുറി കുന്നിന്‍ മുകളിലായിരുന്നു. ചുറ്റും കാടിരമ്പുന്നത് കേള്‍ക്കാം. 'കുന്നിന്‍ മുകളിലെ മുറി' അവന്‍ കഥയ്ക്ക് തലക്കെട്ട് കൊടുത്തുകൊണ്ട് പരിചിതമായ ഭാവത്തില്‍ അവളെ നോക്കി. അവള്‍ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് കണ്ണുകള്‍ ആഴ്ത്തിക്കൊണ്ട് ചോദിച്ചു

''നീയും എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നോ''

''ഉം...''

ആ മുറിയില്‍ ഇരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കുമായിരുന്നു. ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഉള്ളിലൂടെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടം. ഒരു പാറയില്‍ നിന്നും മറുപാറയിലേക്ക് ചാടി മറയുകയാണ്. മനുഷ്യനാണെങ്കില്‍ ചിന്നഭിന്നമായേനെ! താഴെ ഒരു സങ്കോചവുമില്ലാതെ പടര്‍ന്നൊഴുകുന്ന ജലധാര.
വരണ്ട ഒരു ചുംബനം നല്‍കിക്കൊണ്ടവന്‍ സംഭാഷണത്തിന് വിരാമമിട്ടു.

പക്ഷേ അവള്‍ ആവേശത്തോടെ ബാക്കിഭാഗം പൂരിപ്പിക്കാന്‍ തുടങ്ങി. ആ വെള്ളച്ചാട്ടം മുടിയഴിച്ചിട്ട ഞാന്‍ തന്നെയായിരുന്നു. ദൂരെ നീ നില്‍ക്കുന്നുണ്ടായിരുന്നു. വെറുതെ... വെറുതെ എന്നെ നോക്കിചിരിച്ചുകൊണ്ട. ് എനിക്ക് എന്തിഷ്ടമാണെന്നോ നിന്റെ കണ്ണുകള്‍. ചിരിക്കുമ്പോള്‍ നിന്റെ കുഞ്ഞിക്കണ്ണുകള്‍ വീണ്ടും ചെറുതാകുകയും കണ്ണിന് മുകളില്‍ ഒരു കുഞ്ഞു മറുക് പ്രത്യക്ഷപ്പെടുകയും ചെയ്യും.

''എല്ലാം ഞാന്‍ ഓര്‍ക്കുന്നു'-'അവന്‍ നെറ്റിയിലേക്ക് വീണ് കിടക്കുന്ന തന്റെ ചുരുണ്ട മുടിയിഴകള്‍ ഒതുക്കി വെച്ചുകൊണ്ട് പതിയെ പറഞ്ഞു.

അവള്‍ തന്റെ കഥ തുടര്‍ന്നു.

വെള്ളച്ചാട്ടത്തില്‍ നിന്നും പെട്ടെന്ന് പാറി വന്ന ഒരു ചെറിയപക്ഷി നമ്മുടെ മുറിയുടെ മുന്നിലൂടെ ചെറുതായി ചിലച്ചു കൊണ്ട് പറക്കുന്നുണ്ടായിരുന്നു. എന്നെ മോഹിപ്പിച്ചുകൊണ്ട്, മേഘക്കീറുകളെ തൊടാനായി, പക്ഷി വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. 

വിഫലമായിരുന്നു ശ്രമങ്ങള്‍, എനിക്കറിയാം എത്ര ശ്രമിച്ചിട്ടും അരികില്‍ എത്താന്‍ കഴിയാതാകുമ്പോഴുള്ള വേദന. അന്നെനിക്ക് പക്ഷിയാവണമെന്നായിരുന്നു ആഗ്രഹം, നിനക്ക് കാറ്റും. എന്റെ ചിറകുകള്‍ക്ക് കരുത്ത് നല്‍കുന്ന കാറ്റ്. സ്വതന്ത്രമായി ആകാശത്ത് ചിറകുകള്‍ വിരിച്ചു പാറി നടക്കുന്നതിനെക്കുറിച്ച് ഞാന്‍ അന്ന് പറഞ്ഞിരുന്നു. 

അവന്‍ കാറ്റിലലിഞ്ഞു ചേര്‍ന്ന് സംസാരിക്കാന്‍ തുടങ്ങി. ആദ്യമായി അവളുടെ നേര്‍ത്ത വിരലുകളെ തൊട്ടതിനെക്കുറിച്ച്, മഴപെയ്യുന്ന മരങ്ങള്‍ക്കടിയില്‍ ചേര്‍ന്ന് നിന്നതിനെക്കുറിച്ച്, തലതുവര്‍ത്താതെ പനിച്ചു വിറച്ചു കിടന്ന രാത്രികളെക്കുറിച്ച്... ''നോക്കൂ നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ എന്നും ഇതുപോലെ ഉണ്ടാകും '


'ഓര്‍മ്മകളില്‍ ഉണ്ടാകുമെന്നോ? അപ്പോള്‍ നീ ഇന്നെന്റെ ഉപബോധമനസ്സിലെ ചിന്ത മാത്രമാണെന്നോ? ഞാന്‍ ഉണരുമ്പോള്‍ മാത്രം ഉണരുന്ന ഈ മുറി പോലെ നീ...നീയെന്റെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നുവെന്നോ''?

മറുപടിയില്ല...

അവള്‍ വെട്ടിവിറച്ചുകൊണ്ട് ചുറ്റും നോക്കി.

കാറ്റ് ഈ ലോകം വിട്ടുപോയിരുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!