Malayalam Short Story : പടയൊരുക്കം, ഹരി അരയമ്മാക്കൂല്‍ എഴുതിയ കഥ

By Chilla Lit SpaceFirst Published Mar 11, 2022, 4:12 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹരി അരയമ്മാക്കൂല്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

കഥകള്‍ രചിക്കാനും വരും തലമുറകള്‍ക്ക്  വായിച്ചു  രസിക്കാനും  വേണ്ടിയാണോ  മനുഷ്യര്‍ യുദ്ധം ചെയ്യുന്നതെന്ന് ചിലപ്പോഴെങ്കിലും  തോന്നാറുണ്ട്.  പുരാണങ്ങളിലും, നാടോടിക്കഥകളിലുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണല്ലോ ആരും  ജയിക്കാത്ത, കഷ്ടനഷ്ടങ്ങള്‍  മാത്രമുള്ള യുദ്ധരംഗങ്ങള്‍. ഓരോ യുദ്ധകഥകള്‍ക്കും ധാരാളം ഉപകഥകളുണ്ടാകും. ചോരയുടെ മണമില്ലാത്ത, വീരരും വൈരവുമില്ലാത്തത്. അതൊന്നും പക്ഷെ അധികം പാടിപ്പറഞ്ഞു കേള്‍ക്കാനിടയില്ല.  ഒരു  യുദ്ധത്തിന്റെ അത്തരത്തിലുള്ള അനുബന്ധകഥയാണിത്.

എന്റെ ഒറ്റമകള്‍ ലക്ഷ്മിക്ക് അന്ന് അഞ്ചു  വയസ്സ്.  മേടച്ചൂടില്‍ ഉണങ്ങിവരണ്ട  വിശാലമായ  വയലിന്റെ  ഒരറ്റത്തായി, ഞങ്ങളുടെ പറമ്പില്‍ നിന്ന്  താഴേക്കു  പന്തലിച്ചു കിടക്കുന്ന കുറുക്കന്‍മാവിന്റെ ചോട്ടില്‍  ചെറിയ ഒരു വെള്ളക്കെട്ട് മാത്രം  വറ്റാതെ ബാക്കിയുണ്ടായിരിന്നു. മാവിലകള്‍ വീണുകിടന്ന വയലിന്റെ ആ ദാഹശമനിയില്‍  മീനുകള്‍ തിങ്ങിനിറഞ്ഞിരിന്നു.  വയലില്‍ അപ്പോഴും ചാകാതെ ബാക്കിയായ  ചെറുമീനുകളെല്ലാം അവിടെ  അടിഞ്ഞുകൂടിയതുപോലെ. നെറ്റിപൊട്ടനെ പിടിച്ച് കളിക്കുകയായിരുന്നു ലക്ഷ്മി; കൂട്ടിനു ഞാനും.   വരമ്പില്‍ കുഴിയുണ്ടാക്കി, കാട്ടുചേമ്പില കുമ്പിളാക്കി ആ കുഴിയില്‍ തിരുകിവച്ചു, അതില്‍വെള്ളം നിറച്ചു  കുഞ്ഞുമീനുകളെ  പിടിച്ചിടുകയാണ് പ്രധാന വിനോദം.

മുറ്റത്തിറങ്ങിനിന്ന്  അമ്മു വിളിച്ചപ്പോള്‍ ഊണ് കഴിക്കാനാവും  എന്നാണ് ആദ്യം കരുതിയത്.

''ഇപ്പൊ വരാമ്മേ, കുറച്ചൂടെ കളിച്ചോട്ടെ''-ലക്ഷ്മിയാണ് മറുപടി വിളിച്ചു പറഞ്ഞത്. 

ചേമ്പില കുമ്പിളില്‍  നെറ്റിയില്‍ സ്വര്‍ണ്ണപൊട്ടും തൊട്ടു തെന്നി നീങ്ങുന്ന  കുഞ്ഞുമീനുകളെ നോക്കിയിരുന്നാല്‍ അവള്‍ക്കു നേരം പോന്നതറിയില്ല. അവളുടെ പേരുപറഞ്ഞെന്നേയുള്ളൂ.  ഉച്ചതിരിഞ്ഞാല്‍  ഉണങ്ങിയ വയലിന് മീതെ  വീശിയടിക്കുന്ന തെക്കന്‍കാറ്റും ആസ്വദിച്ചു,  ലക്ഷ്മിയുടെ കളികളില്‍ പങ്കുചേര്‍ന്നു എത്ര നേരം വേണമെങ്കിലും  എനിക്കും  മാവിന്‍ചോട്ടില്‍ ലോകം മറന്നിരിക്കാം.

''സുന്ദരേട്ടാ, പോസ്റ്റുമേന്‍ എന്തോ ഒരു ടെലിഗ്രാം കൊണ്ട് വന്നിട്ടുണ്ട്.'' 

ശബ്ദം കേട്ട് തല ഉയര്‍ത്തി നോക്കിയപ്പോള്‍  അമ്മു  അതാ  മതിലിന്റെ മുകളില്‍ മാവിനടിയില്‍ നില്‍ക്കുന്നു.

''അങ്ങ്...മിലിട്ടറിന്നാ..ന്നാ.. തോന്നുന്നത്.'' അവള്‍ കയ്യിലെ കടലാസില്‍ നോക്കി പറഞ്ഞു.

''ടെലഗ്രാമോ?''  ഉള്ളിലെ  കാളിച്ച പുറത്ത് കാട്ടാതെ  ഞാന്‍  നിസ്സാരമാക്കി ചോദിച്ചു.

ലീവില്‍ വന്നു പത്തു ദിവസമേ ആയിരിന്നുള്ളൂ.  പ്രത്യേകിച്ച് ടെലഗ്രാം  വരാനുള്ള കാരണങ്ങള്‍ ഒന്നും കാണുന്നുമില്ല.  രണ്ടു മാസത്തെ വാര്‍ഷിക ലീവെടുത്ത് വന്നതാണ്.

''ലീവ് കര്‍ട്ടെയില്‍ഡ്. റിപ്പോര്‍ട്ട് യൂനിറ്റ് ഇമ്മീഡിയറ്റ്‌ലി.'' 

കമ്പിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെയില്ല.

കാല്‍കഴുകി കോലായില്‍ കയറിയ ഉടനെ ഞാന്‍ പത്രം നിവര്‍ത്തി അരിച്ചുപെറുക്കാന്‍ തുടങ്ങി. കാലത്ത് ഒരു വട്ടം വായിച്ചതാണ്. എങ്കിലും കണ്ണില്‍ പെടാതെപോയ വല്ല വാര്‍ത്താശകലവും എങ്ങാനുമുണ്ടോ!  ഇല്ല. പതിവ് വാര്‍ത്തയായ ' പൂഞ്ചില്‍ വെടിവെപ്പ്'' പോലും കാണാനില്ല. പിന്നെന്താണിപ്പോള്‍ ഇങ്ങിനൊരു ടെലെഗ്രാം!

വൈകുന്നേരമായി. ദൂരദര്‍ശനിലെ സന്ധ്യാവാര്‍ത്തയിലും അതിര്‍ത്തി വിശേഷങ്ങള്‍ ഒന്നുമില്ല.

കഷ്ടപ്പെട്ട്  യൂണിറ്റിലേക്ക് എസ.ടി.ഡി. വിളിച്ചത് കൊണ്ട് പ്രയോജനമൊന്നുമില്ല. കണക്ട് ചെയ്തു കിട്ടിയാല്‍ തന്നെ  ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ഒരു മറുപടി കിട്ടണമെന്നില്ല.

ഏതായാലും രണ്ടു ദിവസം കഴിഞ്ഞു യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു.  റിസര്‍വേഷന്‍ ഇല്ലാത്ത യാത്രയാണ്. എങ്കിലും സ്ലീപ്പര്‍ കോച്ചില്‍ തന്നെ കയറിപ്പറ്റി.  ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ടിക്കറ്റ് പരിശോധനക്കായി  ടി.ടി.ഇ.  വന്നു. മിലിറ്ററി വാറന്റും ടെലഗ്രാമും ഒന്നിച്ചു നീട്ടി. അയാള്‍ ഒന്ന് സൂക്ഷിച്ചുനോക്കി.

'റിസര്‍വേഷന്‍ ഇല്ലാത്ത നിങ്ങള്‍ പട്ടാളക്കാര്‍  വേറെയുമുണ്ടല്ലോ ഇതില്‍!  വാറന്റ് ഉള്ളതുകൊണ്ട് സ്ലീപ്പറില്‍ കയറാമെന്നൊന്നുമില്ല. മറ്റു യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാവാതെ  നോക്കണം.''  നെറ്റി ചുളിച്ച  മറുപടി.  എങ്കിലും  സമാധാനമായി.  തല്ക്കാലം അവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്യാമല്ലോ.

ഒരു രാത്രി കഴിഞ്ഞപ്പോള്‍ പുതിയ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ചാര്‍ജ് എടുത്തു. ആന്ധ്രക്കാരന്‍. ടെലഗ്രാം നോക്കി  ഉദ്വേഗത്തോടെ ചോദിച്ചു.

''എന്താ,  അതിര്‍ത്തിയില്‍ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോ?''

പിന്നാലെ എന്നെ വിളിച്ചു മറ്റൊരു കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി.

''ഇതാ, ഇവിടെ ഇരുന്നോളൂ. ഇത് ടി.ടി.ഇ യുടെ സീറ്റ് ആണ്. വിജയവാഡ എത്തുമ്പോള്‍ സീറ്റ്  കാലിയാകാനുണ്ട്. അപ്പോള്‍ അത് അലോട്ട് ചെയ്യാം''.

ട്രെയിന്‍ വിജയവാഡ എത്തിയപ്പോള്‍ കറുത്ത കോട്ടിനുള്ളിലെ  ശുഭശകുനം പോലെ അയാള്‍ വീണ്ടും പ്രത്യക്ഷപെട്ടു.  മറ്റൊരു കോച്ചിലെ സീറ്റ് നമ്പര്‍ എഴുതിത്തന്നു.

''എസ്. 12. അങ്ങോട്ട് ചെല്ലൂ''.

താഴത്തെ സൈഡ് ബര്‍ത്ത്.  ആര്‍. എ.സി ആണ്. എങ്കിലും ഇരിക്കാം; ഇരുന്നുറങ്ങാം. ആശ്വാസം

ആര്‍.എ.സി പങ്കാളി യാത്രികയാണ്.  .

ഞാന്‍ സീറ്റിനായി കാത്തുനിന്നു. ബര്‍ത്തില്‍ വശം തിരിഞ്ഞു  കിടക്കുകയായിരുന്ന അവര്‍ സൌകര്യം പുറത്ത് കാട്ടാതെ,  മുങ്ങിനിവരുന്ന ഒരു പെണ്‍പൊലിമപോലെ സാവധാനം എഴുന്നേറ്റിരുന്നു. 

''ആര്‍.എ.സി ആണോ?'' പകല്‍മയക്കം  മുറിഞ്ഞ നീരസം കാട്ടാതെ സൗഹൃദത്തോടെ  അവര്‍  ചോദിച്ചു. .   

''അതെ.''

''എങ്ങോട്ടാണ്?''  അവര്‍ ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു. 

''ഡല്‍ഹിക്ക്'' - ഞാന്‍ ബാഗ് സീറ്റിനടിയില്‍ തിരുകിക്കയറ്റി.

മൂന്ന് മണി ചൂടില്‍ വരണ്ടു കിടക്കുന്ന വിജയവാഡ സ്‌റ്റേഷന്‍. യാത്രക്കാര്‍ ഒഴിഞ്ഞ  പ്ലാറ്റ്‌ഫോമില്‍ മണിയനീച്ചകള്‍ വട്ടമിട്ടു പറക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന ഉന്തുവണ്ടി കടന്നുപോകുന്നു.

''യുദ്ധം.... ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം..'' 

ഉന്തുവണ്ടി പയ്യന്‍ വലിയ വായില്‍  വിളിച്ചുപറയുന്നതു കേട്ട് ഞാന്‍ ഞെട്ടി .  സായാഹ്ന പത്രത്തിലെ വാര്‍ത്തയാണ്.   അവന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ഫലിച്ചു. ജനലിലൂടെ പത്രത്തിനായി അസംഖ്യം കൈകള്‍ പുറത്തേക്ക് നീണ്ടു.  ഉച്ചക്കിറങ്ങുന്ന ഇംഗ്ലീഷ് കുട്ടിപത്രം ഒരെണ്ണം ഞാനും  വാങ്ങി. 

''കാര്‍ഗില്‍ കുന്നുകളില്‍ പാക് സൈനികരും ഭീകരവാദികളും അതിക്രമിച്ചുകയറിയിരിക്കുന്നു. മലകയറിയ ഇടയന്മാര്‍ തിരിച്ചെത്തിയപ്പോള്‍ കൊണ്ടുവന്ന വാര്‍ത്തയാണ്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സൈന്യം നടപടി തുടങ്ങി.''  

വാര്‍ത്ത വീണ്ടുമൊരാവര്‍ത്തി വായിച്ചപ്പോഴേക്കും എന്തുകൊണ്ടോ മനസ്സു നിശ്ചലമായതുപോലെ!  മൂന്ന് ദിവസം മുമ്പേ ടെലിഗ്രാം കിട്ടിയതുമുതല്‍ തുടങ്ങിയ അസ്വസ്ഥത ഇപ്പോള്‍ ഒറ്റയടിക്ക് ചോര്‍ന്നുപോയിരിക്കുന്നു. മുഖം വീര്‍പ്പിച്ചിരിക്കുന്ന  ലക്ഷ്മിയുടെ ചിത്രം പതുക്കെ ഓര്‍മയിലേക്ക് കയറിവന്നു.

''അച്ഛന്റൂടെ എനിക്കും വരണം''. അവള്‍ ശാഢൃം പിടിക്കുന്നുണ്ടായിരുന്നു.  അവള്‍ക്കെന്തോ സാധാരണയില്‍ കവിഞ്ഞ   വാശി. 

അമ്മു അവളെ ശകാരിച്ചു. 

'' നീ വലിയ കുട്ടി ആയീന്നോര്‍മ്മ  വേണം ലച്ചൂ. അടുത്ത കൊല്ലം സ്‌കൂളില്‍ പോണ്ട കുട്ട്യാ''.

''അച്ചന്റെ ജോലിസ്ഥലത്തെക്ക്  നിന്നെ..ങ്ങിനാ കൊണ്ടുപോക്വാ?''

മനസ്സിന് വ്യസനമുണ്ടാകുമ്പോള്‍ അമ്മുവിന്റെ കണ്ണുകള്‍  നിര്‍വികാരമായി മാറും. അവള്‍ നിശ്ശബ്ദയാകും, പക്ഷെ ലക്ഷ്മിയെ ശാസിക്കും.  അതൊരു സൂചനയാണ്.

''മോളു വാ'' -ഞാന്‍ ഇടപെട്ടു

ലക്ഷ്മിയെ മടിയില്‍ കയറ്റിവച്ച് പറഞ്ഞു.

'' അധികം വൈകാതെ അച്ഛന് ഫാമിലി സ്‌റ്റേഷനില്‍ പോസ്റ്റിങ്ങ് കിട്ടും. അപ്പൊ അച്ഛന്‍ മോളെയും അമ്മേയും , കൊണ്ടുപോകൂ..ട്ടോ'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞത് അമ്മു കൂടി കേള്‍ക്കട്ടെയെന്നു കരുതിയാണ്.

പക്ഷേ അവള്‍ കേട്ട ഭാവം നടിക്കാതെ,ഒരു റോബോട്ടിനെപോലെ എന്തോ പരതിനടക്കുകയാണ്.  നിനച്ചിരിക്കതെയുള്ള  എന്റെ ഈ തിരിച്ചു പോക്കുമായി അവള്‍ക്കു പൊരുത്തപ്പെടാനായിട്ടില്ല. അടുത്തയാഴ്ച ഞങ്ങളൊന്നിച്ചു അവളുടെ വീട്ടില്‍ പോയി രണ്ടു ദിവസം താങ്ങാനുള്ള പ്ലാന്‍ ഒക്കെ ചെയ്തിരിക്കയായിയിരിന്നു.

''ഇത് ഇന്ന് രാത്രിയിലേക്കാ. മറ്റതുരണ്ടും നാരങ്ങാ ചോറാണ്. നാളേക്ക് കേടാവില്ല'' അവള്‍ മൂന്നു കെട്ടു പൊതിച്ചോര്‍ ബാഗില്‍ തിരുകി.

''ഇതൊന്നും വേണ്ടായിരുന്നു അമ്മൂ. ട്രെയിനില്‍ ഭക്ഷണം കിട്ടുമല്ലോ''.

''സാരല്ല്യ. സീറ്റൊന്നും  ബുക്ക് ചെയ്തിട്ടില്ലാലോ . എങ്ങിനാ, എന്താന്നൊക്കെ  ആര്‍ക്കറിയാം?'' 


വിജയവാഡ വിട്ടു  ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍  വണ്ടിക്കുള്ളിലെ ചുട്ടുപൊള്ളുന്ന ചൂടിനു അല്പം ശമനം. യുവതി കുളിമുറിയില്‍ പോയിരിക്കുകയായിരുന്നു.  അവര്‍ മുഖം കഴുകി, മുടി ചീകി, ഉറക്കച്ചടവ് മാറ്റിവന്നു. ഇരുനിറം. നെറ്റിയില്‍ ഒട്ടിച്ചുവച്ച വലിയ വട്ടത്തിലുള്ള ചുകന്ന പൊട്ട്.

''ഡല്‍ഹിയില്‍ ജോലിയാണോ''-സഹയാത്രിക വിടാനുള്ള ഭാവമില്ല.  സല്ലാപപ്രിയയാണെന്ന് തോന്നുന്നു.

''മിലിറ്ററിയിലാ, കാശ്മീരില്‍''.

''നിങ്ങളും ഡല്‍ഹിക്കാണോ?'' ഞാന്‍ താല്‍പര്യം കാട്ടി  ചോദിച്ചു. പരിചയപ്പെടല്‍ ഒരു വണ്‍വെ ട്രാഫിക് ആയിപ്പോകരുതല്ലോ.

''ഞാന്‍ ജാസ്മിന്‍ ജോസ്. ദല്‍ഹി ഇറങ്ങി ജയ്പൂരിലേക്കു പോകും. അവിടെ ഒരു മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി''.

സംശയത്തിനിടയില്ലാത്ത, പൂര്‍ണരൂപത്തിലുള്ള  മറുപടി. പക്ഷെ അതോടെ എനിക്ക് അടുത്ത ചോദ്യം ഇല്ലാതായി.

''എന്താ പേര്'' സംഭാഷണത്തിന്റെ ഒഴുക്ക് മുറിഞ്ഞു പോകാതെ ജാസ്മിന്‍ കാത്തു..  

''സുന്ദരന്‍''  ഞാന്‍ അവര്‍ക്ക് മാത്രം കേള്‍ക്കാവുന്നവിധം ഒച്ച താഴ്ത്തിപറഞ്ഞു.

 ' പേര് മോശമില്ലല്ലോ!'' അവര്‍ കണ്ണ് വിടര്‍ത്തി ചിരിച്ചു.

''ഏതായാലും സുന്ദരന്‍ വന്നത് നന്നായി. ബാത്റൂമില്‍ പോകുമ്പോള്‍ ലഗേജ് നോക്കന്‍ ഒരാളായല്ലോ. അടുത്തുള്ള  ബര്‍ത്തുകളിലെല്ലാം തമിഴരും , തെലുങ്കരുമൊക്കെയാണ്. ഇന്നലെ രാത്രി ജോലാര്‍പേട്ടയില്‍ നിന്നോ മറ്റോ കയറിയതാണ്''.

പുറത്ത് വെയില്‍ താണ് തുടങ്ങിയിരുന്നു.  ഉഴുതുമറിച്ചിട്ട  സമൃദ്ധമായ കറുത്ത മണ്ണിലൂടെ  ദാരിദ്ര്യം പേറി അടുത്ത ഗ്രാമത്തിലേക്ക്  നടന്നുപോകുന്ന കര്‍ഷകര്‍.  കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കൂവിവിളിക്കുന്ന കരുമാടിക്കുട്ടികള്‍.  വയല്‍വരമ്പിലൂടെ  കുശലം പറഞ്ഞുനീങ്ങുന്ന നിറമുള്ള ചേലചുറ്റിയ  മെലിഞ്ഞുണങ്ങിയ  തെലുങ്കത്തികള്‍. ട്രെയിന്‍ കടന്നുപോകാനായി ലെവല്‍ ക്രോസ്സില്‍ ക്ഷമയോടെ കാത്ത് കിടന്നു ഗ്രാമീണ റോഡിലെ ഒത്തുചേരല്‍ ആഘോഷമാക്കുന്ന സൈക്കിള്‍ യാത്രക്കാരും കാളവണ്ടിക്കാരും. എനിക്കെന്തോ ആ ഗ്രാമീണരോടു വല്ലാത്ത അസൂയ തോന്നി. അവിടെയിറങ്ങി  വെയില്‍ മാഞ്ഞ പാടങ്ങളിലൂടെ ആരുമറിയാത്ത അകലങ്ങളിലേക്ക് നടന്നു മറയാന്‍ എന്തോ  ഒരു മോഹം.

വണ്ടി ഏതോ ചെറിയ സ്റ്റേഷനില്‍ സിഗ്‌നല്‍ കിട്ടാതെ പിടിച്ചിട്ടു. അടുത്ത പാളത്തിലൂടെ മിലിട്ടറി സ്‌പെഷ്യല്‍ വണ്ടി സാവധാനം കടന്നുപോകുന്നു. തുറന്ന വാഗണുകള്‍ക്ക് മീതെ ടാങ്കുകളും, കവചിത വാഹനങ്ങളും ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. നിരയായി നീങ്ങുന്ന പട്ടാളവണ്ടികളില്‍ പിടിച്ചിരുന്നു കാറ്റ് കൊള്ളുന്ന  യുനിഫോമിട്ട പട്ടാളക്കാര്‍.

''നിങ്ങളുടെ വണ്ടിയാണല്ലോ''-ജാസ്മിന് അധികനേരം സംസാരിക്കാതിരിക്കാന്‍ പറ്റില്ലെന്ന് തോന്നുന്നു. 

''അതെ. അതിര്‍ത്തിയിലെന്തോ  ചെറിയ പ്രശ്‌നമുണ്ട്.'' ഞാന്‍ എന്റെ കയ്യിലെ സായാഹ്നപത്രം അവര്‍ക്ക് നേരെ  നീട്ടി. 

വലിയ തലക്കെട്ടും ചെറിയ വാര്‍ത്താവിശേഷവുമുള്ള മുറിയന്‍  പത്രം അവര്‍ ഒന്ന് മറിച്ചുനോക്കി.

''അപ്പോള്‍ യുദ്ധത്തിനായി പോവുകയാണോ''

ഞാന്‍ തല കുലുക്കി ചിരിക്കാന്‍ ശ്രമിച്ചു.

''എന്താ പേടിയുണ്ടോ? '

'പട്ടാളക്കാരന് പേടി പാടില്ലല്ലോ? ഇനി ഉണ്ടെങ്കില്‍ തന്നെ പുറത്ത് പറയാന്‍ പറ്റുമോ?''

ജാസ്മിന്‍ എന്റെ  വീട്ടുകാര്യങ്ങള്‍ തിരക്കി. പിന്നെ സ്വന്തം ചരിത്രം ഓരോന്നായി പുറത്തെടുത്തു. ഭര്‍ത്താവ്  ഗള്‍ഫിലാണ്. വിവാഹം കഴിഞ്ഞു നാല് വര്‍ഷമായി. മൂന്ന്  വയസ്സുള്ള ഒരു മകനുണ്ട്. മകന്‍ ഇപ്പോള്‍ ജാസ്മിന്റെ മാതാപിതാക്കളുടെ കൂടെയാണ്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. ഇപ്പോള്‍ രണ്ടാളും പെന്‍ഷന്‍ പറ്റി  കൊച്ചുമകന്റെ കൂടെ സമയം കൊല്ലുന്നു.

''ഹസ്ബന്‍ഡുമായി  ചെറിയ ഇഷ്യൂസ് ഉണ്ട്'' 

ബഹറിനില്‍ എന്‍ജിനീയര്‍ ആണ് അയാള്‍.  രണ്ടു വര്‍ഷമായി നേരില്‍ കണ്ടിട്ടില്ല. കൂടുതല്‍ വിട്ടു പറയാതെ അവര്‍ ഒഴിഞ്ഞുമാറി. .

ട്രെയിന്‍ ഇപ്പോള്‍ മറ്റൊരു സ്‌റ്റേഷനില്‍ കാത്തുകിടക്കുകയാണ്. വേറൊരു  മിലിറ്ററി സ്‌പെഷ്യല്‍ കൂടെ കടന്നുപോകാനുണ്ട്. വയലുകളില്‍ വെയില്‍ താണ് സന്ധ്യ  പടര്‍ന്നിരിക്കുന്നു.  ഗ്രീഷ്മ മാസങ്ങളിലാണ് സന്ധ്യകള്‍ക്ക് ചാരുതയേറുക.   അസ്തമയങ്ങള്‍ ആശ്വാസമാകുന്ന സമയമാണിത്. പാടങ്ങളില്‍ നിന്നും  ചെറുകാറ്റ് ജനല്‍ കമ്പികള്‍ക്കിടയിലൂടെ കയറിവന്നു. പട്ടാള വണ്ടി കടന്നുപോയതിനു പിന്നാലെ ഞങ്ങളുടെ വണ്ടിയും നീങ്ങിത്തുടങ്ങി.

വേഗത കൂട്ടി നഷ്ടപെട്ട സമയം തിരിച്ചുപിടിക്കാനെന്നപോലെ ട്രെയിന്‍ കുതിപ്പ് തുടങ്ങി.  ജാസ്മിന്‍ സീറ്റില്‍ ചാഞ്ഞിരുന്നു പുറത്തെ സന്ധ്യാ കാഴ്ചകള്‍  കണ്ടു രസിക്കുകയാണ്. കാലുകള്‍ സീറ്റില്‍ കയറ്റിനീട്ടിവച്ചു അവര്‍ സ്വതന്ത്രമായി ഇരിക്കുന്നു. സൗകര്യം ചെയ്തു ഞാന്‍ ഒതുങ്ങിയിരുന്നു. ഒരു ഛായാചിത്രം  പോലെ വിദൂരതയില്‍ നിഴലിച്ചുകാണുന്ന കുന്നിന്‍ താഴ്‌വരയിലേക്ക് നീണ്ടുപോകുന്ന വയലോലകള്‍ . ഇരുട്ട് വീണ പാടങ്ങളില്‍  ഏകാന്ത കാവല്‍ക്കാരെ പോലെ അങ്ങിങ്ങായി  ഉയര്‍ന്നു നില്‍ക്കുന്ന പനമരങ്ങള്‍. ഇളകിയാടുന്ന ബോഗിയോടൊപ്പം  ജാസ്മിനും ഇരുവശങ്ങളിലെക്കും ആടുകയാണ്. ഒരു തൂക്കുമഞ്ചത്തിലെന്നപോലെ സുഖിച്ചിരുന്നു ആടിയുലയുന്ന  സമൃദ്ധയൗവ്വനം.   ഊഷ്മളമായ ഒരു ഊഞ്ഞാലാട്ടത്തിലെന്നപോലെ  അവര്‍ വണ്ടിയുടെ കുതിപ്പ്  ആസ്വദിക്കുകയാണ്.  ജനലിലൂടെ അടിച്ചുകയറുന്ന കാറ്റില്‍ അനുസരണയില്ലാതെ അഴിഞ്ഞു വീഴുന്ന മുടിച്ചുരുളുകള്‍ ഒതുക്കിമാറ്റി  ചിലപ്പോള്‍ എന്നെ നോക്കി  വെറുതെ ചിരിക്കും. വീണ്ടും പുറത്തേക്ക് നോക്കിയിരിക്കും.

ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷന്‍. സമയം പുലര്‍ച്ചെ നാലു മണി .  ഞങ്ങളുടെ വണ്ടി ഔട്ടറില്‍ മണിക്കൂറുകളായി കാത്തുകിടക്കുകയാണ്. വലിയ റെയില്‍വേ ജങ്ഷന്‍ ആണ് ഇറ്റാര്‍സി. പല ഭാഗങ്ങളിലേക്ക് അനന്തമായി നീണ്ടുപോകുന്ന പാളങ്ങളുടെ നിരകള്‍ കാണാം . ഞങ്ങളുടെ അടുത്ത  ട്രാക്കുകളില്‍ പട്ടാളവണ്ടികള്‍  കയറ്റിയ വാഗണ്‍ ട്രെയിനുകള്‍   കാത്തുകിടക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തി ചേര്‍ന്നവയാണ്. എല്ലാം  യുദ്ധമുഖത്തെക്കുള്ള  യാത്രയിലാണ്.  വമ്പന്‍  പടയൊരുക്കം തന്നെ. 

ഉദയത്തിനു തൊട്ടുമുമ്പുള്ള കൂരിരിട്ടും അങ്ങിങ്ങായി  കത്തിനില്‍ക്കുന്ന വൈദ്യുത വെളിച്ചങ്ങളും ചേര്‍ന്ന്   നിഴല്‍ ചിത്രങ്ങള്‍  വരയ്ക്കുന്ന വിസ്തൃതമായ റെയില്‍വെ യാര്‍ഡ്. യുദ്ധസാമഗ്രികള്‍ വഹിച്ചു, തങ്ങളുടെ ഊഴം കാത്ത് ഇരുട്ടില്‍ നിശ്ചലമായി കിടക്കുന്ന  മിലിട്ടറി വാഗണുകള്‍. അതില്‍ നിറയെ  സൈനികര്‍. എവിടെ നിന്നോ വന്നു,  എങ്ങോട്ടോ പോകുന്നവര്‍.  മറ്റാരൊക്കെയോ  നിര്‍ണയിച്ചുറപ്പിച്ച ശത്രുവിനെതിരെ  പൊരുതിമരിക്കാന്‍  നിയോഗിക്കപ്പെട്ടവര്‍.  ഉറക്കം മുറിഞ്ഞുപോയ  ഞാന്‍ ജനല്‍ കമ്പിയില്‍ പിടച്ചു വെറുതെ പുറത്തേക്ക് നോക്കിയിരിന്നു.  കെണിയില്‍ കുടുങ്ങി മരവിച്ചു പോയ ഒരു ചുണ്ടെലിയെപ്പോലെ ഞാന്‍  ശാന്തനായിരുന്നു. ലക്ഷ്മിയും അമ്മുവും ഇപ്പോള്‍ അകലങ്ങളില്‍   അലിഞ്ഞുപോയിപോയിരിക്കുന്നു; ഉറക്കമുണരുന്നതോടെ മാഞ്ഞുപോകുന്ന ഒരു ദുര്‍ബല സ്വപ്നം പോലെ. രണ്ടേരണ്ടു  രാത്രികള്‍! രണ്ടായിരം  നാഴികകള്‍! പക്ഷെ രണ്ടു സംവത്സരങ്ങള്‍ കഴിഞ്ഞപോലെ പോലെ അവര്‍ വിദൂരതയിലായിരിക്കുന്നു.  

മനുഷ്യമനസ്സുകളില്‍ മുളയിടുന്ന സംഘര്‍ഷങ്ങളാണല്ലോ പിന്നീട് യുദ്ധങ്ങളിലൂടെ നാം പരീക്ഷിക്കുന്നത്! ഭയവും, ആശങ്കയുമെല്ലാം സ്വരൂപിച്ചുകൂട്ടി ചിന്തകളുടെ മൂശയില്‍  ഉരുക്കിയൊഴിച്ചാല്‍പിന്നെ ഹിംസ ഒരു ഉന്മാദമായി മാറും.  മുമ്പിലുള്ളതൊക്കെ സ്വന്തമാക്കണം; അല്ലെങ്കില്‍ തച്ചുതകര്‍ക്കണം എന്നൊരു ബാധ കയറി മനസ്സിനെ   മഥിക്കാന്‍ തുടങ്ങും. 

അടുത്ത ബര്‍ത്തുകളിലെ യാത്രക്കാരെല്ലാം ഗാഢനിദ്രയിലാണ്.  കോച്ചിനുള്ളില്‍ ഫാനുകളെല്ലാംകൂടി  ഒന്നിച്ചു ചിറകിട്ടടിക്കുന്ന  ശബ്ദം മാത്രം കേള്‍ക്കാം.  ചൂടുസഹിക്കാനാകാതെ ചിലര്‍ ജനല്‍ ഷട്ടറുകള്‍ പൊക്കിയിട്ടിരിക്കുന്നു.

രണ്ടാള്‍ പങ്കിടേണ്ട സൈഡ് ബെര്‍ത്തിന്റെ  ഒരറ്റത്ത്, സീറ്റില്‍ ചാഞ്ഞിരുന്നു  പാതിയുറക്കത്തിലായിരിന്നു ഞാന്‍.  പലവട്ടം തല ജനല്‍ കമ്പിയിലിടിച്ചപ്പോള്‍ ഉറക്കം മതിയാക്കി നേരെ ഇരുന്നതാണ്. വണ്ടിയിലെ ഇരുന്നുറക്കം ഒരു കഠിനദ്ധ്വാനം തന്നെയാണ്.  പ്രത്യേകിച്ച്  തലേന്നത്തെ ഉറക്കം കൂടെ ബാക്കിയുള്ളപ്പോള്‍.  പറഞ്ഞറിയിക്കാന്‍ പറ്റാത്ത വല്ലാത്ത ഒരവസ്ഥയാണത്. മറ്റൊന്നും വേണ്ടാതെ ഒന്ന് വീണുറങ്ങാന്‍  ഇത്തിരി സ്ഥലം മാത്രം  മനസ്സാഗ്രഹിക്കുന്ന നിമിഷം!  

ജാസ്മിന്‍ സീറ്റിന്റെ മുക്കാല്‍ഭാഗവും സ്വന്തമാക്കി സധൈര്യം മലര്‍ന്നു കിടന്നുറങ്ങുകയാണ്. ഉറക്കത്തിനിടയിലും കാല്‍മുട്ട് മടക്കി ജനലിനോട് ചേര്‍ത്ത് ഉയര്‍ത്തിവച്ച് എനിക്കിരിക്കാനുള്ള ഇടം ശ്രദ്ധാപൂര്‍വ്വം  മാറ്റിവച്ചിരിക്കുന്നു.  ട്രാക്കുകള്‍ക്കിടയില്‍ സ്ഥാപിച്ച വിളക്കുകാലുകളില്‍ നിന്നും ഒഴുകിയെത്തുന്ന   സോഡിയം വേപ്പര്‍ മഞ്ഞവെളിച്ചം   അവരുടെ മുഖത്ത് പതിയുമ്പോള്‍  ഊറിവരുന്ന  നിദ്രയുടെ ലാവണ്യം എനിക്ക് തെളിഞ്ഞു കാണാം.  കുട്ടിത്തം  വിട്ടു മാറിയ  നല്ല കാമ്പുള്ള യൗവനം. ചുരിദാറിന്റെ  വെട്ടിയിറക്കിയ വി നെക്കിനുള്ളില്‍ മുപ്പതിന്റെ മൂപ്പെത്തിയ  ഉറപ്പുള്ള   മാറിടം.  കാല്‍നഖങ്ങള്‍ക്ക്  നിറം കൊടുത്തു ചുവപ്പിച്ചിരിക്കുന്നു.  കണങ്കാലിന് മേലെ തേനുറുമ്പുകളെ പോലെ കയറിപ്പോകുന്ന നേര്‍മയുള്ള രോമങ്ങള്‍.  

 

............................................

Read More: സര്‍പഞ്ചിന്റെ  മകള്‍ഹരി അരയമ്മാക്കൂല്‍ എഴുതിയ ചെറുകഥ

Read More : ഒരു ബംഗാളി പ്രണയകഥഹരി അരയമ്മാക്കൂല്‍ എഴുതിയ ചെറുകഥ

.....................................

 

ഇന്നലെ രാത്രി ഉറക്ക് സമയമായപ്പോള്‍ ഞാനവര്‍ക്ക് ബര്‍ത്ത് വിട്ടുകൊടുത്തതാണ്.  ഒന്നര ദിവസംകൊണ്ട് ഞങ്ങള്‍ക്കിടയിലുണ്ടായ അടുപ്പം എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു.  അമ്മു തന്നുവിട്ട ചെറുനാരങ്ങാചോറ് രുചിച്ചപ്പോള്‍ പിന്നെ അവര്‍ക്ക്  പാചകമായി വിഷയം. നാരങ്ങാചോറില്‍ ഉഴുന്നുപരിപ്പിന് പകരം പൊട്ടുകടല പൊട്ടിച്ചു വറവിട്ടാല്‍  കെങ്കേമമാകുമത്രേ. വിഷയ ദാരിദ്ര്യം തീരെയില്ലവര്‍ക്ക്.  അത്യാവശ്യം  നര്‍മ്മം  കൈമുതലായുണ്ട് താനും.

''പിന്നെങ്ങിനെ കെട്ടിയ പുരുഷനുമായി ഉടക്കി?'' എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഒഴിവാക്കി.  

''നിങ്ങള്‍ പട്ടാളക്കാര്‍ക്ക് ഇരുന്നുറങ്ങി നല്ല ശീലമുണ്ടാകും. അല്ലേ?'' ഞാന്‍ മറുപടി പറയാതെ ഒരറ്റത്തേക്ക് സ്വയം ചുരുങ്ങുകയായിരിന്നു.

ഇറ്റാര്‍സി  സ്‌റേഷന്‍ വിടുന്ന ഏതോ ഒരു വണ്ടിയുടെ നീണ്ട ചൂളമടി കേട്ടപ്പോള്‍ ജാസ്മിന്‍ ഉറക്കം മതിയാക്കി സീറ്റില്‍ എഴുന്നേറ്റിരുന്നു.

'' ഇതെന്താ വണ്ടിയിങ്ങിനെ നിര്‍ത്തിയിട്ടിരിക്കുന്നത്!''

സൈഡില്‍ തൂക്കിയിട്ട ബാഗ് തുറന്നു   കുപ്പി വെള്ളം പുറത്തെടുത്തു കുടിച്ചു കൊണ്ട്  ജാസ്മിന്‍ ചോദിച്ചു.

'' അതാ, അങ്ങോട്ട്  നോക്കൂ''. ഞാന്‍ കൈ പുറത്തേക്ക് ചൂണ്ടി.

വിവിധ  ട്രാക്കുകളിലായി നിര്‍ത്തിയിട്ട മിലിറ്ററി സ്‌പെഷല്‍ വണ്ടികള്‍. ഞങ്ങളുടെ തൊട്ടടുത്ത വണ്ടി സിഗ്‌നല്‍ കിട്ടി  നീങ്ങാന്‍ തുടങ്ങിയിരുന്നു.  വാലില്‍ ചുകന്ന വെളിച്ചം  തെളിയിച്ചുകൊണ്ട് ഒരു മുറിവേറ്റ പാമ്പിനെപ്പോലെ ഇഴഞ്ഞുനീങ്ങി അത് കടന്നുപോയി. മാനത്ത് വെള്ളകീറി തുടങ്ങിയിക്കുന്നു.  രണ്ടു ട്രാക്കുകള്‍ക്കപ്പുറം  കുറെ സൈനികര്‍  ട്രാക്കിലിറങ്ങി കുളിക്കുന്നു.  വണ്ടിയില്‍ വെള്ളമടിച്ച്കയറ്റുന്ന ഹോസ് പമ്പ് ഉപയോഗിച്ച് വിസ്തരിച്ചുള്ള കുളിയാണ്. പലരും അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ. ഉരുക്കുവാഗനുകള്‍ക്കൊപ്പം വടിവൊത്ത ശരീരമുള്ള അവര്‍ ട്രെയിനുകളുടെ ഇടയിലുള്ള സ്വകാര്യത മുതലെടുത്ത് കുളിക്കാനിറങ്ങിയയായിരുന്നു. പെട്ടെന്നാണ് ഞങ്ങളുടെ അപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന  വണ്ടി  കടന്നുപോയത്. മറവ് നഷ്ടപ്പെട്ടതോടെ  അവര്‍ക്ക് ജാള്യത.  പട്ടാളക്കാരുടെ  സങ്കോചം  കണ്ടു ജാസ്മിന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു.  കുളി നിര്‍ത്തി  സമീപം നിര്‍ത്തിയിട്ട  അവരുടെ വണ്ടിക്കുള്ളിലേക്ക് വലിഞ്ഞു കയറാന്‍ തിടുക്കപ്പെടുകയാണവര്‍.  നൂറു കണക്കിന് സൈനികരേയും വഹിച്ചു യുദ്ധമുന്നണി  ലക്ഷ്യമിട്ട്  പോകുന്ന ട്രെയിനാണ്.  വലിയ രീതിയിലുള്ള സൈനിക നീക്കമാണ് നടക്കുന്നത്.  അതിര്‍ത്തിയില്‍ കാര്യമായ എന്തോ കുഴപ്പമുണ്ട്.

'ഇങ്ങിനെ പോയാല്‍ എനിക്ക് ജയ്പ്പൂരിലേക്കുള്ള കണക്ഷന്‍ ട്രെയിന്‍ മിസ്സാകുമല്ലോ?'  ജാസ്മിന്‍ തലതിരിച്ചു കയ്യില്‍ കെട്ടിയ വാച്ച് നോക്കി പറഞ്ഞു.

ജാസ്മിന് ഡല്‍ഹിയില്‍നിന്ന്  തുടര്‍യാത്ര  ചെയ്യേണ്ട ട്രെയിന്‍ വൈകുന്നേരം മൂന്ന് മണിക്കാണ്.  സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അതും ആര്‍. എ.സി തന്നെ. എങ്കിലും ചിലപ്പോള്‍ ബര്‍ത്ത് ആയി മാറികിട്ടാനിടയുണ്ട്. . പക്ഷെ ആ ട്രെയിന്‍ ഇനി കിട്ടാന്‍ സാധ്യതയില്ല.  ഇങ്ങിനെപോയാല്‍ രാത്രി ഏഴു മണിയെങ്കിലുമാവും ഞങ്ങള്‍ ഡല്‍ഹി പിടിക്കാന്‍. 

''ഒരു രാത്രി കൂടെ ഉറക്കമില്ലാതെ വെയിറ്റിംഗ് റൂമില്‍ തങ്ങേണ്ട കാര്യം എനിക്ക് ആലോചിക്കാനേ വയ്യ''.  ജാസ്മിന്‍ പരിഭവം പറയാന്‍ തുടങ്ങി.

''നമുക്ക് സ്‌റേഷനില്‍ റിട്ടയറിംഗ് റൂമിനായി ശ്രമിക്കാം. അതുമല്ലെങ്കില്‍ പുറത്തിറങ്ങിയാല്‍  പഹര്‍ഗന്‍ജില്‍  ചെറിയ ബജറ്റ് ഹോട്ടലുകള്‍ ഉണ്ട്.  ഞാന്‍ മുമ്പേ താമസിച്ചിട്ടുണ്ട്. അവിടെ നോക്കാം.''

അധികം ആലോചിക്കാതെ  പറഞ്ഞുപോയതാണ്.  പക്ഷെ ജാസ്മിന്റെ കണ്ണുകള്‍ എന്റെ കണ്ണില്‍ ഉടക്കിനിന്നു. അവരുടെ കണ്ണുകളില്‍  ഉറക്കത്തില്‍ ഉരുകിയൊലിച്ച  കണ്മഷികറുപ്പിന്റെ തീഷ്ണത.   കൈവിട്ടുപോയ അബദ്ധത്തില്‍ കുടുങ്ങി ഞാന്‍ അറച്ചുനിന്നു.

നിശബ്ദമായ ചങ്കിടിക്കുന്ന ഇടവേള. അടഞ്ഞ വഴിയില്‍ പെട്ടുപോയ ഒരു സ്തംഭനാവസ്ഥ എനിക്കനുഭവപ്പെട്ടു.

'നല്ല ഹോട്ടല്‍ ആണോ? വൃത്തിയും വെടിപ്പുമൊക്കെയുണ്ടോ? സ്ത്രീകള്‍ക്ക് തങ്ങാന്‍ പറ്റിയതാണോ? '  ജാസ്മിന്‍ കണ്ണുകള്‍ പറിച്ചെടുത്ത് ഒന്നുമറിയാത്തപോലെ തുടര്‍ന്നു. 

''പഹര്‍ഗന്‍ജ്  ആയതോണ്ട് ചോദിക്കാ?'' 

നിന്നുപോയ എന്റെ ഹൃദയമിടുപ്പ് വീണ്ടും കുതിപ്പ് തുടങ്ങി.  നേരെത്തെ കൈവിട്ടുപോയെന്നു തോന്നിയ  അബദ്ധം ഇപ്പോള്‍ ഒരു ആവേശമായി മാറിയിരിക്കുന്നു. നെഞ്ചിനുള്ളിലെ പ്രഹരം എനിക്കിപ്പോള്‍  വ്യക്തമായി കേള്‍ക്കാം..

''അതെ, നല്ല ഹോട്ടലാ. വൃത്തിയും സെക്യൂരിറ്റിയുമൊക്കെയുണ്ട്''-  ഞാന്‍ തൊണ്ട നിരക്കി ശബ്ദം നേരെയാക്കി.

''അല്ലെങ്കിലെന്താ, ഞാനില്ലേ കൂടെ''. എവിടുന്നോ വീണുകിട്ടിയ ധൈര്യം വച്ച് ഞാന്‍ കാച്ചിവിട്ടു.

കുളി കഴിഞ്ഞ സൈനികരേയും വഹിച്ചു അടുത്ത സൈനികവണ്ടിയും  മുന്നറിയിപ്പില്ലാതെ ഉരുണ്ടുതുടങ്ങി.   ഞങ്ങളുടെ കോച്ചിലെ യാത്രക്കാര്‍ പലരും ഉണര്‍ന്നിരിക്കുന്നു  ഇപ്പോള്‍. എല്ലാവരുടെയും ചര്‍ച്ചാവിഷയം അതിര്‍ത്തിയും  യുദ്ധവും തന്നെ.   നേരം വൈകുന്നതില്‍ അവര്‍ക്കെല്ലാം ആശങ്കയുണ്ട് . എങ്കിലും മിലിട്ടറി വണ്ടിയിലെ പട്ടാളക്കാര്‍ക്ക് കൈവീശി കാണിച്ചു അവര്‍ യാത്രാമൊഴി നേര്‍ന്നു.

നാളെ രാത്രിക്കുമുമ്പേ എനിക്ക്  യൂണിറ്റിലെത്താനുള്ള സാധ്യത കുറവാണ്. 

''ഓരോ സൈനികന്റെയും വേഷം ഒഴിച്ചുകൂടാനാവാത്ത  അരങ്ങാണ് യുദ്ധം''.  

ക്യാമ്പിനുള്ളിലെ  ഒരു റോഡരികില്‍ വലിയ ബോര്‍ഡില്‍ എഴുതിവച്ച  ആ വാക്യം  ഓര്‍മയില്‍ വന്നിറങ്ങി.

എന്താണാവോ എന്റെ വേഷം! ഏതു അരങ്ങിലേക്കാണ് എന്റെ നിയോഗം! ഒന്നിനും ഒരു നിശ്ചയമില്ല.

പടനീക്കത്തിന്റെ അറിയിപ്പ് ലഭിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ തിരിച്ചെത്തണം എന്നാണ് നിര്‍ദ്ദേശം.  യാത്ര പുറപ്പെടാന്‍ തന്നെ അല്പം വൈകിയിരുന്നു.  ഇനി ഇപ്പോള്‍ ഒരു രാത്രി കൂടി. അനിശ്ചിതത്വം ശ്വാസം മുട്ടിക്കുന്ന  രാവാണത്;  യുദ്ധത്തലേന്നുള്ള  രാത്രി. പക്ഷെ   ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത മനോഹരമായ ഒരു രാത്രിയായി മാറട്ടെയത്!  ഈ സ്വച്ഛന്ദരാത്രിയില്‍ സ്വയം മോചിതനാകേണ്ടതുണ്ട്.  

ഉറങ്ങണം. എല്ലാം മറന്നുറങ്ങണം. ഇന്നലെയും, നാളെയും ഒന്നുമില്ലാത്ത ഉറക്കം.    
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!