Malayalam Short Story : ചുള്ളിക്കൊമ്പന്‍, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 5, 2023, 5:37 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

മണ്ണിനെ വെയില്‍ ചുട്ടുപൊള്ളിച്ചു തുടങ്ങിയ മാര്‍ച്ചിന്റെ പാതിയിലാണു ഞാനടങ്ങുന്ന മൂന്നംഗസംഘം പ്രത്യേകദൗത്യവുമായി അമ്പലക്കണ്ടിയില്‍ എത്തിച്ചേര്‍ന്നത്.

ടാര്‍ പൊട്ടിപ്പൊളിഞ്ഞു മണ്ണും കല്ലും ഭൂമിയുടെ ഗര്‍ഭത്തില്‍നിന്നും പുറത്തേക്കു വന്നിട്ടുള്ള അവസാന പതിനാലുകിലോമീറ്റര്‍ യാത്ര തീര്‍ത്തും ക്ലേശകരമായി അനുഭവപ്പെട്ടു. മൂന്നു ബൈക്കുകളിലായാണ് വരവ്. അല്ലെങ്കിലും ഏതു ദൗത്യത്തിനാണു കമാന്‍ഡര്‍ ജീപ്പില്‍ പോയിട്ടുള്ളതെന്നു വെറുതെ ചിന്തിച്ചു. 

പതിനെട്ടുവര്‍ഷങ്ങളായി തുടരുന്ന ജോലിയാണ്. ഫോറസ്റ്റു ഡിപ്പാര്‍ട്ട്‌മെന്റിലെ താല്‍ക്കാലിക  വേക്കന്‍സിയില്‍ കയറിയതു മുതല്‍ ഇങ്ങനെയാണ്.

പരീക്ഷകളോ ടെസ്റ്റുകളോ ഒന്നുമില്ലാതെ പട്ടാളത്തിലേക്കും ഫോറസ്റ്റു ഡിപ്പാര്‍ട്ട്‌മെന്റിലേക്കും തടിമിടുക്കുള്ളവരെ തിരഞ്ഞുപിടിച്ചു ചേര്‍ത്തിരുന്ന കാലം. പടിയൂരെന്ന കൊച്ചുഗ്രാമത്തില്‍ ദിനരാത്രങ്ങളെ ആഘോഷങ്ങളാക്കി കഴിഞ്ഞു കൂടുകയായിരുന്ന ഞങ്ങള്‍ മൂന്നുപേരും വീട്ടുകാരെതിര്‍ത്തിട്ടും ഈ ജോലിയില്‍ കയറിപ്പറ്റിയതു പ്രായത്തിന്റെ ചോരത്തിളപ്പും, പിന്നെ ഫോറസ്റ്റുഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിയെക്കുറിച്ചുള്ള മോനിച്ചന്റെ പ്രലോഭനങ്ങളും കൊണ്ടായിരുന്നു.
    
കൂട്ടത്തില്‍ ഇളയവനായിരുന്നു മോനിച്ചന്‍. സര്‍വ്വോപരി ഞങ്ങള്‍ക്കിടയിലെ വിദ്യാസമ്പന്നന്‍! പടിയൂര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് മിക്‌സഡ് സ്‌കൂളില്‍ എണ്‍പത്തിയെട്ട് ബാച്ചില്‍ പത്താംക്ലാസ്സിന്റെ പാതിയെങ്കിലും കണ്ട  നാട്ടിലെ ഏക ആണ്‍തരി. അതിനാല്‍ത്തന്നെ ഏഴിലും ആറിലും വച്ചേ പഠിപ്പു നിര്‍ത്തിയ ഞങ്ങള്‍ ബാക്കി രണ്ടുപേര്‍ അവനെ കുറച്ചു ബഹുമാനത്തോടെയേ കണ്ടിരുന്നുള്ളൂ. ഞങ്ങളെന്നു വെച്ചാല്‍ ഞാനും റോയിച്ചനും. വര്‍ഗീസ് എന്ന എന്നെയവര്‍ സ്‌നേഹപൂര്‍വ്വം വറീതെന്നു വിളിച്ചു.

കാക്കി ഡ്രസ്സിട്ട ഫോറസ്റ്റുകാര്‍ കുറച്ചു ദിവസങ്ങളായി കമാന്റര്‍ ജീപ്പില്‍ പടിയൂരിലും പരിസരത്തും സഹായികളെ തേടുന്ന വിവരം രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ അറിഞ്ഞിരുന്നു. പടിയൂരിന്റെ അതിര്‍ത്തിയില്‍നിന്നും കേവലം അഞ്ചുകിലോമീറ്റര്‍ അകലെ പഴശിയില്‍ സ്ഥിതി ചെയ്യുന്ന, വിള്ളല്‍ വീണതും, കുമ്മായമടര്‍ന്ന ചുമരുകളുള്ളതുമായ ഓടിട്ട ഫോറസ്റ്റുഡിപ്പാര്‍ട്ടുമെന്റിന്റെ കെട്ടിടം ഞങ്ങള്‍ക്കും പരിചിതമായിരുന്നു.

പതിവു കസര്‍ത്തുകള്‍ക്കുശേഷം മൊട്ടമൈതാനത്തിന്റെ മതില്‍ക്കെട്ടില്‍ കാലുകള്‍ തൂക്കിയിട്ടു വെറുതേയിരിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ഫോറസ്റ്റിന്റെ നീല കമാന്‍ഡര്‍ ഞങ്ങള്‍ക്കരികില്‍ ബ്രേക്കിട്ടത്. തടിച്ചു കറുത്ത ഒരോഫീസര്‍ ചുരുങ്ങിയ സമയംകൊണ്ടു ജോലിയുടെ കാര്യങ്ങള്‍ വിവരിക്കുകയും, താല്‍പ്പര്യമുണ്ടെങ്കില്‍ പറയണമെന്നറിയിച്ചു മടങ്ങുകയും ചെയ്തു. ഞങ്ങളതിനെ കാര്യമായെടുത്തില്ലെങ്കിലും മോനിച്ചന്‍ ഉത്സാഹത്തിലായിരുന്നു.

അവന്റെ വര്‍ണ്ണനകളില്‍ ഫോറസ്റ്റോഫീസര്‍മാര്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെപ്പോലെ ധീര നായകന്‍മാരായി. കാടിന്റെ വന്യതയും കാടുസംരക്ഷണവും കാട്ടുവേട്ടയും കണ്‍ മുന്നില്‍ തെളിഞ്ഞു. ട്രഞ്ചു കുഴിച്ച് വന്യമൃഗങ്ങളെ പേടിച്ചു താമസിക്കുന്ന ആദിവാസികളുടെ കാവല്‍ക്കാരായി നിയോഗിക്കപ്പെടാനുള്ള സാധ്യതയോര്‍ത്തപ്പോള്‍ കുളിരു കോരി. അതിനുമപ്പുറം ഭാവിയില്‍ പെര്‍മനന്റാക്കപ്പെടും, സര്‍ക്കാര്‍ ശമ്പളം വാങ്ങാം, പെന്‍ഷന്‍ കിട്ടും എന്നൊക്കെയുള്ള അവന്റെ ഓര്‍മ്മപ്പെടുത്തലില്‍ കുറച്ച് കാര്യമുണ്ടെന്ന് എനിക്കും തോന്നി തുടങ്ങിയിരുന്നു.

അങ്ങനെ ഒരു ദു:ഖവെള്ളിയാഴ്ചയാണു നാട്ടുകാര്‍ക്കിടയില്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെട്ടിരുന്ന ഞങ്ങള്‍ മാങ്കൂട്ടത്തെ ഡിവിഷന്‍ ഓഫീസില്‍ ഫോറസ്റ്റുദ്യോഗസ്ഥരുടെ ശിപായികളായി ട്രെയിനിങിനായി ചാര്‍ജെടുക്കുന്നത്. ആദ്യത്തെ നാലുമാസങ്ങള്‍ കഴിഞ്ഞതേ ഒരു കാര്യം ബോധ്യം വന്നു. മോനിച്ചന്റെ വര്‍ണ്ണനകളില്‍ പൂത്ത കാടു പോലെ സുഖമുള്ളതല്ല ശരിക്കുമുള്ള കാട്. രക്തമീറ്റി കുടിക്കുന്ന കുളയട്ടകളും, വിഷച്ചെടികളും നിറഞ്ഞ കാട്ടിലെ  ഡ്യൂട്ടി തികച്ചും ദുഷ്‌കരമായിരുന്നു. രാത്രികളില്‍ ഇരട്ടക്കുഴല്‍ തോക്കുമായി മാന്‍വേട്ടയ്ക്കിറങ്ങുന്ന എന്തിനും പോന്നവരെ വരുതിയിലാക്കലായിരുന്നു പ്രധാന പണി. യൗവ്വനത്തിന്റെ തിളപ്പും കായബലവും അഭ്യാസങ്ങളും വശത്തുണ്ടായിരുന്ന ഞങ്ങള്‍ക്ക് ആദ്യ ഒരാഴ്ച ആവേശം നിറഞ്ഞതായിരുന്നു. കാട്ടുപാതകളിലൂടെയുള്ള യാത്രകളും, മൃഗങ്ങളുടെയും മനുഷ്യരുടെയും ഇടതടവില്ലാത്ത ആക്രമണങ്ങളും  ഞങ്ങളൊരുമിച്ചു നേരിട്ടു. പക്ഷേ ക്രമേണ കാടു മടുത്തു തുടങ്ങി. എങ്കിലും ജോലിയുപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. രാത്രിയില്‍ നാടു തേടിയിറങ്ങുന്ന മൃഗങ്ങളെയും കാടു തേടിയിറങ്ങുന്ന മനുഷ്യരെയും ഒരു പോലെയെതിര്‍ത്തു ജോലിയില്‍ തുടര്‍ന്നു.

വര്‍ഷങ്ങള്‍ പെട്ടെന്നു കൊഴിഞ്ഞു പോയി. കാടും, കാട്ടുരീതികളും, മൃഗസ്വഭാവങ്ങളും വശത്തിലാക്കിയ ഞങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പെര്‍മനന്റാക്കപ്പെട്ടു. ഊണിലും ഉറക്കത്തിലുമുണ്ടായിരുന്ന ഞങ്ങളുടെ സൗഹൃദം ഡിപ്പാര്‍ട്ട്‌മെന്റിലെ പല സാഹസിക ഓപ്പറേഷനുകളിലും മുതല്‍കൂട്ടായിരുന്നു.

 

രണ്ട്

ഇന്നുരാവിലെ കൃത്യം ഏഴുമണിക്കാണു ഹെഡ് ഓഫീസില്‍നിന്നും അടിയന്തരസന്ദേശം  ഓഫീസിലെത്തുന്നത് .

'അടിയന്തരമായി അമ്പലക്കണ്ടിയിലേക്കു പോകണം.കാട്ടാന ശല്യം.'

കുറച്ചുദിവസങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണല്ലോ അമ്പലക്കണ്ടി എന്നെനിക്ക് ഓര്‍മ്മ വന്നു. ആറളത്തിന്റെ അതിരില്‍, അമ്പലക്കണ്ടിയുടെ മണ്ണില്‍ താണ്ഡവമാടുന്നു നാടു വിട്ട് കാടു കേറിയ ഒരു ഒറ്റയാന്‍. 'ചുള്ളിക്കൊമ്പന്‍!' അവന്റെ ചിത്രം പത്രത്തിലും ടി .വി യിലും വന്നപ്പോള്‍ ഞങ്ങള്‍ മൂവരും ശ്രദ്ധിച്ചിരുന്നു. സാധാരണ കാട്ടാനകളെ വെല്ലുന്ന ആകാരവും, ചുള്ളിക്കമ്പുപോല്‍ മെലിഞ്ഞു കൂര്‍ത്ത കൊമ്പുകളും, അതിനെക്കാളുമുപരി ബുദ്ധിയും ആ ആനയുടെ നീക്കങ്ങളെ പ്രവചനാതീതമാക്കി. ഇടയ്ക്കിടയ്ക്ക് രാത്രിയുടെ മറവില്‍  കക്കുവ പുഴ നീന്തി  കടന്ന് അവന്‍ നാടു തേടിയെത്തുകയും പറമ്പുകളെ ചവിട്ടിമെതിച്ചു സൈ്വര്യവിഹാരം നടത്തി പോരുകയും ചെയ്തു.

കണ്ണില്‍ കാണുന്നതെല്ലാം തന്റെ ചുള്ളി പോലത്തെ കൊമ്പുപയോഗിച്ച് കുത്തിമറിക്കുകയും, നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തപ്പോള്‍ ജനങ്ങളവനെ ഭയത്തോടെ ചുള്ളിക്കൊമ്പനെന്നു വിളിക്കാനാരംഭിച്ചു. ഇതിനിയിടയില്‍ പതിമൂന്നാം ബ്ലോക്കിലെ സെക്യൂരിറ്റിയായിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട രാഘവേട്ടനും ഫാമില്‍ പുല്ലു ചെത്താന്‍ പോയ സൗദാമിനിയെന്ന സ്ത്രീയും അവന്റെ ചോരക്കൊതിയുടെ കൊമ്പില്‍ ചേതനയറ്റു. അതോടെ ചുള്ളിക്കൊമ്പന്റെ കുപ്രസിദ്ധി കൂടി. അവന്‍ വാര്‍ത്തയായി. ഒരുഗ്രാമം മുഴുവനവനെ പേടിച്ച് ഏഴു മണിക്കു മുന്‍പേ വീടണഞ്ഞു. വെട്ടത്തെ പേടിയില്ലാത്ത ആനയില്‍നിന്നും രക്ഷ നേടാനവര്‍ ലൈറ്റുകള്‍പോലും കെടുത്തി.

അവനെ വേട്ടയാടല്‍ എളുപ്പമായിരിക്കില്ല എന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്കും വാര്‍ത്തകളില്‍നിന്നും ബോധ്യപ്പെട്ടു. കാടിനെയും നാടിനെയും ഒരു പോലെയറിഞ്ഞ ആനയാണ്. പോരെങ്കില്‍ നാല് അരുംകൊലകളും സ്വന്തം പേരിലുണ്ട്. ഫോറസ്റ്റും നാട്ടുകാരും പൊലീസും ഒരു പോലെ പരാജയപ്പെട്ട കേസാണ്. കളക്ടര്‍ക്കു ഭീമഹര്‍ജി ചെന്നതുകൊണ്ടാണു വീണ്ടും പൊങ്ങിവന്നത്. വിധി പോലെ ആ നിമിത്തം ഞങ്ങളെതന്നെ തേടിയെത്തി. പൂര്‍വ്വചരിത്രവും എക്‌സ്പീരിയന്‍സും കൊണ്ടു ഡിപ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുത്തതാണ്.

ചുള്ളിക്കൊമ്പന്റെ കഥകളും വാര്‍ത്തകളുമറിഞ്ഞപ്പോള്‍ മോനിച്ചനില്‍ വീണ്ടുമാ കൗമാരക്കാരന്റെ ആവേശം അണപൊട്ടി. വാറ്റുചാരായം കോപ്പയില്‍ പകര്‍ന്നു മോന്തുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

'എടാ വറീതേ, നമുക്കവനെ തളയ്ക്കണം.. എങ്ങനെയും'

എനിക്കും റോയിച്ചനും ലഹരിയുള്ളില്‍ ചെന്നപ്പോള്‍ ആത്മധൈര്യം വീണ്ടും വര്‍ദ്ധിച്ചു. പൂര്‍വ്വചരിത്രങ്ങളുടെ കാടുകള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ കറുത്തുനിന്നു. പ്ലാശു പൂത്ത കാട്ടുവഴികളില്‍ ഞങ്ങള്‍ നടത്തിയ വീരകൃത്യങ്ങള്‍ നെഞ്ചു വിരിച്ചു.

അസ്തമയസൂര്യന്റെ അവസാന വെളിച്ചത്തില്‍ ഞങ്ങള്‍ മൂന്നുപേരും കൈകള്‍ നീട്ടി കോര്‍ത്തു പിടിച്ചു.

'നാളെ നമ്മള്‍ പോകുന്നു. അമ്പലക്കണ്ടിയിലേക്ക്. ആന വേട്ടയ്ക്കായി'

രാത്രി ചിവീടിന്റെ കാതടപ്പിക്കുന്ന ശബ്ദം പ്രകൃതിയില്‍ അലതല്ലി!


മൂന്ന്

അമ്പലക്കണ്ടിയുടെ അവസ്ഥ തീര്‍ത്തും പരിതാപകരമായിരുന്നു. ടൗണടക്കം വരുന്ന എട്ടേക്കര്‍ സ്ഥലം താറുമാറായി കിടക്കുന്നു. തലേരാത്രിയിലെ നാശനഷ്ടങ്ങള്‍ കണ്ടു വിലപിച്ചും വിതുമ്പിയും പാതി തകര്‍ക്കപ്പെട്ട കടയുടെ മുന്‍പില്‍ കൂടിനില്‍ക്കുന്ന പത്തമ്പതോളം പേര്‍. ഗട്ട് റോഡിനു തടസ്സമായി  ആന വലിച്ചെറിഞ്ഞ കടയുടെ ആസ്ബറ്റോസിന്റെ വലിയ കഷ്ണം കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കു കടന്നു വരാനായി രണ്ടുപേര്‍ അതൊരു സൈഡിലേക്കു വലിച്ചുമാറ്റി. വണ്ടികള്‍ ഒരേ ലൈനില്‍ പാര്‍ക്കു ചെയ്ത ഞങ്ങള്‍ക്കു മുന്‍പിലേക്ക് ജനങ്ങള്‍ തിങ്ങിക്കൂടി. അവരുടെ കണ്ണുകളില്‍ ഭയവും, സംശയങ്ങളും ഒരല്പം പ്രതീക്ഷയുമൊരു പോലെയിടതിങ്ങി.

'മിനിഞ്ഞാന്നുവരെ കൃഷിയിടങ്ങളില്‍ മാത്രേ ഉണ്ടാരുന്നുള്ളൂ സാറന്‍മാരേ..പക്ഷേ ഇന്നത്തെ സ്ഥിതി കണ്ടാ?'

'കെട്ടിടം കൂടി കുത്തിപൊളിക്കാന്‍ തുടങ്ങിയാ ഞങ്ങളെന്നാ ചെയ്യും?'

'ഇനി നിങ്ങളിലാണ് പ്രതീക്ഷ. സാധാരണ ഓഫീസര്‍മാരെ പോലെയല്ലെന്നറിയാം. നിങ്ങളെ പറ്റി കേട്ടിട്ടുണ്ട്.' 

ആള്‍ക്കൂട്ടത്തില്‍നിന്നും ആരൊക്കെയോ മാറി മാറി സംസാരിക്കുകയാണ്.

രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ പകല്‍ വെട്ടത്തിറങ്ങിയ വരയന്‍പുലിയെ ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നു സാഹസികമായി കീഴ്‌പ്പെടുത്തിയ വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ്. ആളുകള്‍ ഒറ്റയ്ക്കും പട്ടയ്ക്കും പതം പറഞ്ഞും കരഞ്ഞും ഇന്നലെ താറുമാറാക്കപ്പെട്ട സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടേയിരുന്നു.

പുഴയുടെ തീരത്തു വേരുകള്‍ മണ്ണിലാഞ്ഞു പതിപ്പിച്ച ഒരു വന്‍ ആഞ്ഞിലിയില്‍ ഏറുമാടം കെട്ടാന്‍ തീരുമാനിച്ചു. അതിന്റെ ഉയരവും, ശാഖകളിലെ വിസ്താരവും അതിനുതകുന്നതായിരുന്നു. വാര്‍ഡ് മെമ്പറും നാട്ടുകാരും വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. ഏറുമാടം കെട്ടുന്നതില്‍ റോയി വിദഗ്ദ്ധനായിരുന്നു. പകല്‍ അസ്തമിക്കുന്നതിനും മുന്‍പേ ഏറുമാടവും കയര്‍ഗോവണിയും തയ്യാറായി. മൂന്നുപേര്‍ക്കു നീണ്ടുനിവര്‍ന്നുനില്‍ക്കാനും കിടക്കാനുമുള്ള വലിപ്പം അതിനുണ്ടായിരുന്നു.

സമയം ആറു മണിയോടടുത്തപ്പോള്‍ ആളുകള്‍ വീടുകളിലേക്കു മടങ്ങി. കാവല്‍മാടത്തിന്റെ മുഖം പുഴയ്ക്കഭിമുഖമായിരുന്നു. ദൂരെ കാടും കാടിന്റെ വന്യതയും കിലോമീറ്ററുകളോളം കാഴ്ചയില്‍ പരന്നു കിടന്നു.

പടിഞ്ഞാറു ചക്രവാളത്തില്‍ അസ്തമയസൂര്യന്‍ രജരേഖകള്‍ വരച്ചുതുടങ്ങി. ഇരുട്ട് ഏറുമാടത്തെ പുണര്‍ന്നപ്പോള്‍ മോനിച്ചന്‍ സൗരറാന്തല്‍ കത്തിച്ചു മുകളില്‍ തൂക്കി. 

ശക്തിയേറിയ പ്രകാശം പുറപ്പെടുവിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ തലയില്‍ ഫിറ്റ് ചെയ്ത്, വീര്യം കൂടിയ സ്‌ഫോടനസാമഗ്രികളുമായി ഞങ്ങള്‍ കാത്തിരുന്നു.. കാടിറങ്ങി വരുന്ന കൊമ്പന്റെ കാലൊച്ചകള്‍ക്കായി!
  
രാത്രി പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ റോയിയാണ് ആദ്യമാ കാഴ്ച്ച കണ്ടത്. പുഴയ്ക്കപ്പുറമുള്ള മുളങ്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി പുഴയിലേക്കു സാവകാശം നടന്നടുക്കുന്ന കൊമ്പന്‍. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍  ചുവന്ന കണ്ണുകള്‍ തിളങ്ങി.

ചിത്രങ്ങളില്‍ കണ്ടതിനെക്കാളും എത്രയോ ശരീര വലിപ്പം അതിനുണ്ടെന്നോര്‍ത്തു ഞാന്‍ ആശ്ചര്യപ്പെട്ടു. പതിഞ്ഞ ചുവടുകളുമായി അവന്‍ പുഴയിലേക്കിറങ്ങാന്‍ തുടങ്ങുകയാണ്. നിലാവെളിച്ചത്തില്‍ മുറിവേറ്റ പിന്‍കാല്‍  വ്യക്തമായും കാണാമായിരുന്നു. അത് നീരു വെച്ച് തടിച്ചിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ പണ്ട് കാടു കയറിയപ്പോള്‍ പൊട്ടിച്ചെറിഞ്ഞ ചങ്ങലയുടെ ബാക്കി കാലില്‍ത്തന്നെ ചുറ്റി പിണഞ്ഞിരിക്കുന്നു. ഞങ്ങള്‍ പെട്ടെന്നു ജാഗരൂകരായി. ഹെഡ്‌ലൈറ്റുകള്‍ കെടുത്തി.

മോനിച്ചന്‍ വീര്യംകൂടിയ ഏറുപടക്കം കൈയിലെടുത്തു. ആനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു.
മാര്‍ച്ചിന്റെ ചൂടില്‍പോലും നിറഞ്ഞുകവിഞ്ഞൊഴുകുന്ന കക്കുവ പുഴയുടെ കുറുകെ നീന്തുന്ന പുറംഭാഗവും ഉയര്‍ത്തിപ്പിടിച്ച തുമ്പിക്കെയും നിലാവെളിച്ചത്തില്‍ വ്യക്തമായി കാണാമായിരുന്നു.

പുഴ കടന്ന് ഇക്കരെ കാലുകുത്തിയ കൊമ്പന്റെ മുന്നിലേക്കു റോയിച്ചനെറിഞ്ഞ ആദ്യത്തെ ഏറുപടക്കം തീപ്പൊട്ടുപോല്‍ വന്നു പതിച്ചു. ഒരല്പസമയം നിശബ്ദത. 

അടുത്ത നിമിഷമത് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ഒരുനിമിഷം അമ്പരന്ന ആന രണ്ടു ചുവടുകള്‍ പുറകോട്ടു മാറി  ചിന്നം വിളിച്ചു. അത്യുച്ചത്തിലുള്ള ചിന്നംവിളി കാടിന്റെ മലക്കുകളില്‍ തട്ടി പ്രതിധ്വനിച്ചു. രണ്ടുമിനിറ്റോളം നിന്ന നില്‍പ്പില്‍ അനങ്ങാതെനിന്ന കൊമ്പന്‍ തന്റെ തുമ്പി അന്തരീക്ഷത്തില്‍ ചുഴറ്റുകയും മുന്‍കാലുകള്‍ തറയിലമര്‍ത്തി ചവിട്ടുകയും ചെയ്തു. മനുഷ്യസാമീപ്യം അവന്‍ മനസ്സിലാക്കിയിരിക്കുന്നു!

ഒരു ചുവടുകൂടി മുന്‍പോട്ടു വെച്ചതും, അടുത്ത ഏറുപടക്കം അവന്റെ മാര്‍ഗതടസ്സമായി പൊട്ടിത്തെറിച്ചു. ഇത്തവണ മോനിച്ചന്റെ വക! ക്രുദ്ധ്രനായ ആന തന്റെ മുന്‍കാലുകള്‍ മടക്കി മണ്ണിലേക്കമര്‍ന്നിരുന്നു. ചുള്ളി പോലുള്ള തന്റെ കൊമ്പുകളും മസ്തകവും മണ്ണിലമര്‍ത്തി നിവര്‍ന്ന് ആഞ്ഞിലിയുടെ നേരെ പാഞ്ഞടുത്തു.

'അവന്‍ നമ്മളെ കണ്ടു കഴിഞ്ഞു. ഇനി സൂക്ഷിക്കണം''

മോനിച്ചന്‍ അടുത്ത ഏറു പടക്കത്തിനു തീ കൊളുത്തി. കരുതലോടെ നിന്നു. ആക്രമണത്തിന്റെ ഉത്ഭവം മനസ്സിലാക്കിയ കൊമ്പന്‍ പാഞ്ഞുവന്നു തന്റെ മസ്തകമുപയോഗിച്ച് ആഞ്ഞിലിയില്‍ ശക്തിയോടെ പ്രഹരിച്ചു. മരം ചെറുതായൊന്നു കുലുങ്ങിയെങ്കിലും അവനീ വന്‍മരം മറിച്ചിടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കു ബോധ്യമുണ്ടായിരുന്നു. പിന്നോക്കം വലിഞ്ഞ് അടുത്ത ആക്രമണത്തിനവന്‍ തയ്യാറെടുത്തതും എന്റെ കൈയിലിരുന്ന ഏറുപടക്കം കൈവഴുതി താഴേക്കു പതിച്ചതുമൊരുമിച്ചായിരുന്നു. കൊമ്പന്റെ പുറം ഭാഗത്താണു പടക്കം ചെന്നു വീണത്. അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അടുത്തനിമിഷമതു പൊട്ടിത്തെറിച്ചു. ആനയുടെ അലര്‍ച്ചയും മാംസം കരിയുന്ന ഗഡവും ഒരു പോലെ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഉച്ചത്തിലലറിക്കൊണ്ടവന്‍ പ്രാണരക്ഷാര്‍ത്ഥം പുഴയിലേക്കു ചാടി നീന്തി, ഉള്‍ക്കാട്ടിലേക്കു കുതിച്ചു.

അല്പസമയം അന്തരീക്ഷമാകെ നിശ്ശബദത ഘനീഭവിച്ചു കിടന്നു. നെടുവീര്‍പ്പിട്ടു വാച്ചിലേക്കു നോക്കി, സമയം മൂന്നര! അടുത്ത വീടുകളില്‍ നിന്നും ടോര്‍ച്ചുവെട്ടങ്ങള്‍ കാട്ടിലേക്കും ഏറുമാടത്തിലേക്കും വന്നു പതിക്കുന്നതു കാണാമായിരുന്നു.

മുറിവേറ്റ ആനയുടെ മാംസം കരിഞ്ഞമണം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്തോ ഒരു ദു:ഖം ഏറുമാടത്തിനുചുറ്റും തളം കെട്ടിയതുപോലെ. ഇരുന്നു നേരം വെളുപ്പിച്ചു.


നാല് 

പിന്നീടുള്ള രണ്ടു രാത്രികളില്‍ ഉറക്കമിളച്ചിരുന്നതു വെറുതേയായി. മുറിവേറ്റ കൊമ്പന്‍ പുഴ കടന്നെത്തിയില്ല. പന്ത്രണ്ടാംബ്ലോക്കില്‍ അണ്ടി പെറുക്കാന്‍പോയ ചില സ്ത്രീകള്‍ അവനെ കാടിനുള്ളില്‍ ഏകനായി, പൊള്ളലേറ്റ മുതുകുമായി കണ്ട കാര്യം അറിഞ്ഞിരുന്നു. അവന്റെ മുതുകിനേറ്റ മുറിവു ഞങ്ങളുടെ മനസ്സിലും പൊള്ളലേല്‍പിച്ചു.

കാലില്‍ കനത്ത നീരും, മുതുകില്‍ പൊള്ളലുമായി പക പിടിച്ച കണ്ണുമായി കാട്ടിലലയുന്ന ആനയെ എത്രയും വേഗം കണ്ടെത്താനും, വേണ്ട പരിചരണങ്ങള്‍ കൊടുത്തു മെരുക്കിയെടുത്തു മിടുക്കനാക്കാനും ഞങ്ങളൊരുമിച്ച് തീരുമാനിച്ചു. മനുഷ്യന്റെ ആക്രമണങ്ങള്‍ കൊണ്ടുമാത്രം കൊലകൊല്ലിയായി തീര്‍ന്ന കൊമ്പനോട് എന്തോ സഹതാപവും തോന്നി.

നാടു തേടി വരാത്ത കൊമ്പനെ തേടി കാടുകയറാന്‍ തന്നെ തീരുമാനിച്ചു.

കോടതിയില്‍നിന്നും മയക്കുവെടി വയ്ക്കാനുള്ള ഉത്തരവു വാങ്ങി, പാലക്കാട്ടുനിന്നും മുത്തങ്ങയില്‍നിന്നും ഇറക്കുമതി ചെയ്ത കുങ്കിയാനകള്‍ക്കും പാപ്പാന്മാര്‍ക്കുമൊപ്പം മൂന്നാംദിവസം പകല്‍വെളിച്ചത്തില്‍ യാത്രയാരംഭിച്ചു. ആനയെ രണ്ടുദിവസങ്ങളായി കണ്ടുവെന്നു പറയപ്പെടുന്ന 'ആനക്കയം' പന്ത്രണ്ടാംബ്ലോക്കിന്റെ അങ്ങേ തലയ്ക്കലായിരുന്നു. കാട്ടുവഴിയിലുടനീളം വാകകള്‍ പൂത്തുനിന്നിരുന്നു. വളഞ്ഞുനില്‍ക്കുന്ന മുളച്ചാര്‍ത്തുകളില്‍ നിന്നും ഇല്ലിപൂക്കുന്ന ഗന്ധം കാറ്റില്‍ പടര്‍ന്നു.

കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍ ഒരു പന്ത്രണ്ടുകിലോമീറ്ററോളം  നടന്നിട്ടുണ്ട്. കുങ്കിയാനകള്‍ വഴി തെളിച്ചു. മരച്ചാര്‍ത്തുകള്‍ വകഞ്ഞു മാറ്റി വഴിയുണ്ടാക്കി ആനക്കയമെന്ന കാട്ടുചതുപ്പിന്റെയടുത്തെത്തുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. മങ്ങി തുടങ്ങിയ സൂര്യവെളിച്ചത്തില്‍ മരങ്ങള്‍ നിഴല്‍ച്ചിത്രം വരച്ച ആനക്കയം അരേക്കറോളം പരന്നുകിടക്കുന്ന ഒരു മൈതാനത്തിനു തുല്യമായിരുന്നു. ആനകള്‍ കൂട്ടമായും ഒറ്റയ്ക്കും വിശ്രമിക്കുന്ന സ്ഥലമായതു കൊണ്ടാവാം ആനക്കയം എന്ന പേരു വന്നത്. ചതുപ്പില്‍ മുഴുവന്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നു. ആനപ്പിണ്ടങ്ങള്‍ പലയിടത്തും കണ്ടു. അന്തരീക്ഷത്തില്‍ പരക്കുന്ന ആനച്ചൂര്. 

ഞങ്ങള്‍ക്കു ചുറ്റുമായി കുങ്കിയാനകള്‍ നിലയുറപ്പിച്ചു. അല്പനേരത്തെ  തിരച്ചിലിനൊടുവില്‍ ഞങ്ങളാനയെ കണ്ടു. മൈതാനത്തിന്റെ അങ്ങേത്തലയ്ക്കല്‍ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങി ഞങ്ങളെത്തന്നെ നിരീക്ഷിച്ച് അനങ്ങാതെ നില്‍ക്കുകയാണവന്‍!

പതിഞ്ഞ കാല്‍വെപ്പുകളുമായി കൊമ്പന്‍ ചതുപ്പിലേക്കിറങ്ങി.  അവന്‍ തന്റെ തുമ്പി അന്തരീക്ഷത്തിലേക്കുയര്‍ത്തുകയും പ്രതിഷേധിച്ചു കാടടയുംവിധം ചിന്നം വിളിക്കുകയും ചെയ്തു. വന്‍മതില്‍ പോലെ  കുങ്കിയാനകള്‍ നിരന്നുനിന്നു. കൊമ്പനും ഞങ്ങള്‍ക്കുമിടയില്‍ അമ്പതടി ദൂരം മാത്രം. പക്ഷേ ചതുപ്പായതു കൊണ്ടവനു ഞങ്ങള്‍ക്കടുത്തേക്കു പാഞ്ഞടുക്കാന്‍ സാധിക്കില്ലായിരുന്നു. കുങ്കിയാനകളുടെ സാമീപ്യവും പെട്ടെന്നുള്ള ഒരാക്രമണത്തില്‍നിന്നും ആനയെ  തെല്ലു പിന്തിരിപ്പിച്ചു.

ഇനിയുള്ള സമയം വിലപ്പെട്ടതാണ്. കുങ്കിയാനയുടെ പിന്‍കാലിനു പുറകില്‍ മുട്ടു കുത്തിയിരുന്നു ഞാന്‍ ഗണ്‍ പോയിന്റ് ചെയ്തു. (സാഹസിക ഓപ്പറേഷനായതിനാല്‍ സര്‍ജന്റെ അഭാവത്തില്‍ മയക്കുവെടി വയ്ക്കാനുള്ള പ്രത്യേക പെര്‍മിഷന്‍ ലഭിച്ചിരുന്നു.) കൊമ്പന്റെ  മുന്‍കാലായിരുന്നു ലക്ഷ്യം. അറിയാതെങ്ങാനും തലയ്ക്കു വെടിയേറ്റാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ആനയുടെ കൊലവിളി മുഴങ്ങി. അവനൊരു കുതിപ്പിനു തയ്യാറെടുത്തതും ആദ്യ വെടി പൊട്ടിയതും ഒരുമിച്ചായിരുന്നു.  ഭയാക്രാന്തനായ ആന പെട്ടെന്നു വെട്ടിത്തിരിഞ്ഞ് ഉള്‍ക്കാട്ടിലേക്കു കുതിച്ചു. അതേനിമിഷം തന്നെ അടുത്ത മയക്കുവെടി അവന്റെ പിന്‍കാലില്‍ തറച്ചു.

'അവന്‍ നൂറുമീറ്ററില്‍ കൂടുതല്‍ പോകില്ല'

റോയിച്ചന്‍ പറഞ്ഞു.

'വാ..'

കരിയിലകള്‍ ചവിട്ടിമെതിച്ച കാലടയാളങ്ങള്‍ നോക്കി കാടുകയറുമ്പോള്‍ ഇരുട്ടൊരു കരിമ്പടംപോലെ പകല്‍വെളിച്ചത്തെ പൊതിഞ്ഞു. ദൂരെയെവിടെയോ മലമടക്കുകളില്‍നിന്നും ഒരു കുറുക്കന്റെ ഇടതടവില്ലാതെയുള്ള കൂവല്‍ നിശ്ശബ്ദതയില്‍ വിള്ളലേല്‍പ്പിച്ചുകൊണ്ടിരുന്നു. സാധാരണഗതിയില്‍ വെടിയേറ്റ ഒരാനയ്ക്കു നൂറോ നൂറ്റമ്പതോ മീറ്ററില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ കഴിയുകയില്ല.

'ഇവന്‍ നമ്മുടെ കണക്കുകൂട്ടലുകളെല്ലൊം തെറ്റിച്ചല്ലോ മക്കളേ.. '

അരകിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോള്‍ മോനിച്ചനൊരു കാട്ടുപാറയില്‍ ചാരിനിന്നു കിതച്ചു. അഞ്ചുമിനിറ്റത്തെ വിശ്രമത്തിനുശേഷം വീണ്ടും നടപ്പാരംഭിച്ചു. അന്തരീക്ഷത്തിലെ ആനച്ചൂരും കാലടയാളങ്ങളും ലക്ഷ്യം തെറ്റിച്ചില്ല. ഇരുന്നൂറുമീറ്ററകലെ ഒരു കാട്ടുപനയുടെ ചുവട്ടില്‍ മയങ്ങികിടക്കുന്ന കൊമ്പനെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ കണ്ടു. ഒരല്പസമയത്തെ നിരീക്ഷണത്തിനുശേഷം മോനിച്ചന്‍ വലിയ വടം തോളില്‍ തൂക്കി ആനയ്ക്കടുത്തേക്കു നടന്നു. പുറകെ ഞങ്ങളും.

മയങ്ങികിടക്കുന്ന കൊമ്പനെ ബന്ധിക്കല്‍ എളുപ്പമുള്ള കാര്യമാണ്. മോനിച്ചന് ഈ കാര്യത്തിലുള്ള വൈദഗ്ധ്യം ഞങ്ങള്‍ക്കു പരിചിതമാണ്. ആനയുടെ പിന്‍കാലുകളും ശരീരവും അവന്‍ കെട്ടുകളിട്ടു മുറുക്കി.
മുന്‍കാലുകള്‍ ബന്ധിക്കുവാനായി മുന്‍പോട്ടുനീങ്ങിയതും എന്റെ കണ്ണുകളില്‍ ഭയമരിച്ചു കയറി. മയങ്ങികിടക്കുന്ന കൊമ്പന്റെ കൃഷ്ണമണികളനങ്ങുന്നതു ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലൊരു മിന്നായംപോലെ കണ്ടു.

'മോനിച്ചാ..' 

എന്റെ നിലവിളി തൊണ്ടയില്‍ കുരുങ്ങി'.

കാടിനെ നടുക്കുമാറുച്ചത്തില്‍ ചിന്നം വിളിച്ചുകൊണ്ടു കുതിച്ചെണീറ്റ കൊമ്പന്‍ തന്റെ കൊമ്പുകള്‍ മോനിച്ചന്റെ ശരീരത്തിലാഴ്ത്തിയിറക്കി. എല്ലാം നിമിഷങ്ങള്‍ കൊണ്ടവസാനിച്ചു. വീണ്ടുമവന്‍ മയങ്ങി നിലത്തേക്കു പതിച്ചു. ഞങ്ങള്‍ മോനിച്ചന്റെയടുത്തേക്കു പാഞ്ഞു ചെന്നു. ഹൃദയഭാഗത്താണു കുത്ത് കിട്ടിയിരിക്കുന്നത്. മാംസപേശികള്‍ വകഞ്ഞുമാറ്റി വാരിയെല്ലുകള്‍ പുറത്തേക്കു തള്ളിവരുന്നുണ്ട്. ബീഭത്സമായിരുന്നാ കാഴ്ച. തലകറങ്ങിയ ഞാന്‍ നിലത്തേക്കു മുട്ടുകുത്തി. സംയമനം വീണ്ടെടുത്ത റോയിച്ചന്‍ തോര്‍ത്തുകൊണ്ട് അവന്റെ ശരീരത്തില്‍ കെട്ടാനൊരു വിഫലശ്രമം നടത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കകം മോനിച്ചന്റെ പിടപ്പുകള്‍ നിലച്ചു. അവന്റെ പുറത്തേക്ക് തുറിച്ച കണ്ണുകള്‍ എന്റെ കാഴ്ചയില്‍ നിശ്ചലമായി. മരണം അന്ധകാരത്തിന്റെ പുതപ്പിനാല്‍ ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നും മോനിച്ചനെ കവര്‍ന്നെടുത്തിരിക്കുന്നു!

രാത്രിയുടെ  തണുപ്പിനെ കീറി മുറിച്ചെത്തിയ കാറ്റില്‍ വിഷാദത്തിന്റെ തേങ്ങലുകളവിടെ അലയടിച്ചുവോ?

ഒരു വര്‍ഷത്തിനു ശേഷം.

പടിയൂരിലെ വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ കണ്ണുകള്‍ ഒരു വാര്‍ത്തയിലുടക്കി നിന്നു.

'മനുഷ്യനോടു മെരുങ്ങാതെ ആ കൊമ്പന്‍ യാത്രയായി' ഇതായിരുന്നു തലക്കെട്ട്. വാര്‍ത്തയ്‌ക്കൊപ്പം യൂക്കാലിപ്റ്റ്‌സ് മരം കൊണ്ടുണ്ടാക്കിയ കൂട്ടില്‍  ചെരിഞ്ഞ കൊമ്പന്റെ ഫോട്ടോയും ഉണ്ടായിരുന്നു. സൂചിപോലെ കൂര്‍ത്ത കൊമ്പുകള്‍ കൂടിനു വെളിയിലേക്കു നീണ്ടുകിടക്കുന്നു. ആ കൊമ്പുകള്‍ ഓര്‍മ്മകളെ വീണ്ടും കാടു കയറ്റി. ഇല്ലിപൂത്ത കാട്ടില്‍ തളംകെട്ടിക്കിടന്ന കൂട്ടുകാരന്റെ ഈറന്‍ചോര പത്രത്താളിലൂടെ പതിയെ ഊര്‍ന്നിറങ്ങി കൈകളെ പൊള്ളിച്ചു കൊണ്ടേയിരുന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!