ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'മോന്‍ കാട്ടുപന്നികളെ കണ്ടിട്ടുണ്ടോ?'
'ഇല്ല പപ്പാ..'
എട്ടുവയസ്സുകാരന്റെ കണ്ണുകളില്‍ കൗതുകം പടര്‍ന്നു. ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ ഈപ്പന്‍ താടിക്കാരന്‍ വീടിന്റെ സിറ്റൗട്ടില്‍ തടി കൊണ്ടു പ്രത്യേകമായി പറഞ്ഞുണ്ടാക്കിപ്പിച്ച കസേരയില്‍ വിശാലമായി അമര്‍ന്നിരുന്നു. അയാളുടെ തടിച്ച ശരീരത്തിന്റെ ഭാരം താങ്ങാനാകാതെ കസേര കരഞ്ഞു. പൊക്കിള്‍ച്ചുഴിവരെ നീണ്ടുകിടക്കുന്ന പിരിയന്‍ കൊന്തമാലയിലെ ക്രിസ്തു കള്ളപ്പവും പോത്തിറച്ചിയും തിന്നു വീര്‍ത്ത കുടവയറില്‍ അയാളുടെ കഥ കാത്തു കിടന്നു.
'ഒറ്റയ്ക്കും കൂട്ടമായും വരും. നല്ല കറുകറുത്ത ശരീരം.. ഇരുട്ടില്‍ കണ്ണാടിത്തുണ്ടു പോലെ തിളങ്ങുന്ന കണ്ണുകള്‍. കൊന്ത്രന്‍ തേറ്റ. മുന്നി പെട്ടാ മനുഷ്യനെ വരെ കുത്തി മലത്തും..'
'അയ്യോ. പപ്പാ അതിനെ കണ്ടിട്ടുണ്ടോ?'
'കണ്ടിട്ടുണ്ടോന്നോ?' ഈപ്പന്‍ തന്റെ കൊമ്പന്‍ മീശ പിരിച്ചു..
'പപ്പാ അതിനെ പിടിച്ചിട്ടില്ലേ..'
'അപ്പനും മോനും കഥ പറഞ്ഞിരിക്കുവാണോ? കുറച്ചു കഴിയുമ്പൊ കരോളുകാരു വരും. അതിനു മുമ്പ് രണ്ടപ്പം തിന്നാം... വായോ.'- വാതില്‍ക്കല്‍ കട്ടിളപ്പടിയില്‍ ചാരി നിന്നു സിസിലി പറഞ്ഞു. ഈപ്പന്‍ താടിക്കാരന്റെ ഭാര്യ. ചുവന്ന നിറമുള്ള ഒരു എപ്രണ്‍ അവര്‍ നൈറ്റിക്കു മുകളില്‍ കെട്ടിയിരുന്നു.
അതൊരു ക്രിസ്തുമസ് രാത്രിയായിരുന്നു.
'ഇപ്പ വരാടീ പുല്ലേ.. കൊച്ചിന് ഈ കഥയൊന്നു പറഞ്ഞു കൊടുക്കട്ടെ.' ഉച്ചഭക്ഷണത്തിനുശേഷം കഴിച്ച ജാക്ക് ഡാനിയേലിന്റെ എഫക്ട് വിട്ടുമാറാത്ത ചുവന്ന കണ്ണുകളുമായി ഈപ്പന്‍ താടിക്കാരന്‍ ഭാര്യയെ നോക്കി.
അപ്പോള്‍ ആകാശത്തിന്റെ നീല ജാലകവിരി തുറക്കപ്പെട്ടു. ചിറകുവച്ച മാലാഖമാര്‍ കഥ കേള്‍ക്കാന്‍ മേഘങ്ങള്‍ക്കുമുകളില്‍ ഇരിപ്പുറപ്പിച്ചു. ഈപ്പന്റെ ഒരുനില വീടിന്റെ മുന്നില്‍ നിരനിരയായി തൂക്കിയിട്ട എല്‍ ഇഡി നക്ഷത്രങ്ങള്‍ പോലെ അവയുടെ കണ്ണുകള്‍ ഇരുട്ടില്‍ മിന്നിത്തിളങ്ങി.
'തൊള്ളായിരത്തി എമ്പതുകളില്‍.. പപ്പാ അന്നു കുറച്ചു കൂടി ചെറുപ്പാ. മോനന്നു ജനിച്ചിട്ടില്ല. പപ്പാ ഇരവിക്കുളത്തെ ഫോറസ്റ്റിലാ അന്നു ജോലി ചെയ്യുന്നേ..' ഈപ്പന്‍ മോന് കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. ദൂരെ എവിടെയോ നിന്നും കരോള്‍സംഘത്തിന്റെ കൊട്ടും പാട്ടും കേട്ടു തുടങ്ങി.
'അന്നൊരു ക്രിസ്തുമസ് തലേന്നാരുന്നു. പാപ്പായും കൂട്ടുകാരും അന്നുറങ്ങിയിട്ടില്ല.. ഉണ്ണിമിശിഹാ പള്ളിയില്‍ പാതിരാക്കുര്‍ബാനയ്ക്കു പോയി പുല്‍ക്കൂടും കണ്ടു ഞങ്ങള്‍ ഒരു കമാന്‍ഡര്‍ ജീപ്പില്‍ കാട്ടിലേക്കു പുറപ്പെട്ടു.'
രണ്ട്
കാടിനുള്ളില്‍ എപ്പോഴും തണുപ്പാണ്.. ഈ ക്രിസ്തുമസ് ദിനത്തില്‍ തണുപ്പ് പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഈപ്പന്‍ താടിക്കാരനു തോന്നി. വണ്ടി ബാലന്‍സ് ചെയ്തുകൊണ്ടയാള്‍ സ്റ്റിയറിങ് വീലിനു മുകളില്‍ വിറച്ചുതുടങ്ങിയ കൈകള്‍ കൂട്ടിത്തിരുമ്മി.
'ഇങ്ങനെ കൈവിറച്ചാ കാട്ടുപന്നീനെ കാണുമ്പൊ എങ്ങനെ വെടി പൊട്ടിക്കും ഈപ്പച്ചാ?'- പുറകിലിരുന്ന് ഫിലിപ്പ് ചിരിച്ചുകൊണ്ടു ചോദിച്ചു.
'ഓ.. പിന്നേ ഈപ്പന്‍ താക്ക് ആദ്യമായിട്ടല്ലേ കാണുന്നേ..' - തലയില്‍ കെട്ടുമായി ജീപ്പിന്റെ മുന്നില്‍ കമ്പിയില്‍ പിടിച്ചിരുന്ന തോമ പറഞ്ഞു. എന്നിട്ട് എന്തോ വലിയ തമാശ പറഞ്ഞതുപോലെ ഇളകിച്ചിരിച്ചു.
അത് ഈപ്പന് സുഖിച്ചു. അയാള്‍ പുറത്തേക്കു നോക്കി. മഞ്ഞില്‍കുളിര്‍ന്ന ഒരു സ്വപ്നംപോലെ കാടിനുള്ളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെമ്മണ്‍റോഡ്. റോഡിന്റെ ഇരു അതിരിലും മരുതുകള്‍ പൂത്തു നില്‍ക്കുന്നു. പഞ്ഞിമരങ്ങളിലെ കായ്കള്‍ പൊട്ടി ക്രിസ്മസ് അപ്പൂപ്പന്റെ താടി പോലെ ചില്ലകളില്‍ വീണു തൂങ്ങിനില്‍ക്കുന്നത് അയാള്‍ കണ്ടു.
ഇരവിക്കുളത്ത് ഉടനെ നാഷണല്‍പാര്‍ക്ക് തുടങ്ങാന്‍ പോകുന്നതിനെപ്പറ്റി ഈപ്പന് അറിവുണ്ടായിരുന്നു. മിക്കവാറും അടുത്തവര്‍ഷം. രാജമല വരെ പൂത്തുനില്‍ക്കുന്ന കാട്ടുകുറിഞ്ഞികളെയും ഓര്‍ക്കിഡുകളെയും കരിങ്കുരങ്ങുകളെയും കാണാന്‍ ഇനി ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും. പിന്നെ വരയാടുകള്‍. അവയെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ വായില്‍ വെള്ളമൂറി. കഴിഞ്ഞ ക്രിസ്മസിനു കാട്ടില്‍നിന്നു വരയാടിനെ പിടി കൂടി കറിവച്ചാണവര്‍ ആഘോഷിച്ചത്. ഇതേ ഫോറസ്റ്റിലെ കൂട്ടുകാര്‍ക്കൊപ്പം. കാട്ടുജീവികള്‍ കാടു കാക്കുന്നവര്‍ക്കുള്ള വിഹിതം കൂടിയാണെന്നാണ് ഈപ്പന്റെ ഫിലോസഫി.
വൈകുന്നേരം തന്നെ പാലാനിയിലെ ടൗണില്‍ നിന്നും സംഘടിപ്പിച്ച ഫുഡ്വേസ്റ്റ് വില്ലീസ് ജീപ്പിന്റെ ബാക്കില്‍ വലിയ ചാക്കുകെട്ടുകളിലായി ഇരിക്കുന്നുണ്ട്. പിന്നെ ഉണക്കച്ചൂട്ടും, മസാലയും കലവും ലാംപ് ലൈറ്ററുകളും. രാജ്മലയ്ക്കപ്പുറത്തേക്ക് ഈ പാതിരാത്രിയില്‍ ഒരു ഈച്ചക്കുഞ്ഞു പോലും വരില്ല. ഫോറസ്റ്റിലെ ചുരുക്കം ചിലര്‍ക്കു മാത്രമറിയാവുന്ന കാട്ടുവഴിയിലൂടെ കുറേദൂരം പോയാല്‍ കണ്ണാടി പോലെ തിളങ്ങുന്ന, തെളിനീരൊഴുകുന്ന ഒരു പുഴയുണ്ട്. കാടിന്റെ ഉള്ളറകളുടെ രഹസ്യവുമായി ബാലരമയിലെ മുയലിനു കാട്ടിക്കൊടുക്കുന്ന 'ക്യാരറ്റ് വഴി' പോലെ അതൊഴുകി പെരിയാറില്‍ എത്തിച്ചേരും.
ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയുരുണ്ട ജീപ്പ് പുഴയോരത്ത് എത്തിനിന്നു. കൂട്ടുകാര്‍ ജീപ്പിന്റെ പുറകില്‍നിന്നും ഫുഡ്വേസ്റ്റുകള്‍ നിറച്ച ചാക്കുകെട്ടുകള്‍ പുറത്തേക്കിറക്കി. പുഴയുടെ തീരത്ത് വിവിധ ഇടങ്ങളിലായി അവരതു വിതറാന്‍ തുടങ്ങി. വേസ്റ്റ് മാംസത്തിന്റെ ഗന്ധമടിച്ചാല്‍ ഉള്‍ക്കാടുകളില്‍ നിന്നും കാട്ടുപന്നികളിറങ്ങി വരും.. നീളന്‍ തോക്ക് ബോണറ്റിലൂന്നി ഈപ്പന്‍ ചുറ്റുപാടും നോക്കി. തലയില്‍ ഘടിപ്പിച്ചിരുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അയാള്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആഞ്ഞിലികളെ കണ്‍കുളിര്‍ക്കെ കണ്ടു. അവയുടെ ശിഖരങ്ങളില്‍ പഴുത്ത ആഞ്ഞിലിക്കായ്കള്‍ തൂങ്ങി നില്‍ക്കുന്നു. മഞ്ഞ നിറത്തിലുള്ള കൊക്കോകള്‍. ക്രിസ്മസ് ലില്ലികള്‍ പൂക്കുന്ന ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞപ്പോള്‍ ഈപ്പന്‍ മൂക്കു വിടര്‍ത്തിപ്പിടിച്ചു. അയാള്‍ക്കു ചെറുതല്ലാത്തയൊരു നഷ്ടബോധം തോന്നി. മിക്കവാറും ഇതു തന്റെ ഇരവിക്കുളത്തെ ഫോറസ്റ്റിലെ അവസാനത്തെ ക്രിസ്തുമസ് രാത്രിയായിരിക്കും. ട്രാന്‍സ്ഫര്‍ വരുന്നുണ്ട്. എങ്ങോട്ടായിരിക്കുമോ എന്തോ..എവിടെയായാലും ഇത്തരമൊരു അഡ്വഞ്ചര്‍ ഇനി ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് അയാള്‍ക്കു തോന്നി. പാമ്പാടുംചോലയും കുറിഞ്ഞിമലയും ഓര്‍മ്മകളായി അവശേഷിക്കും..
മൂന്ന്
'.... എന്റെ മോനേ അന്ന് പപ്പാ വിചാരിച്ച പോലല്ല സംഭവിച്ചേ. ഒരു പന്നീനേം പ്രതീക്ഷിച്ചു കാത്തിരുന്ന ഞങ്ങക്കു മുന്നിലേക്കു മൂന്നു ഘടാഘടിയന്‍മാരാ വന്നു പെട്ടത്.'-ഈപ്പന്‍ കഥ തുടര്‍ന്നു.
'യെന്നിട്ടോ പപ്പാ?'
'പപ്പാ വിടുമോ? വച്ചു കാച്ചീലേ ഒരെണ്ണത്തിന്. പക്ഷേ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിച്ചു. ബാക്കി രണ്ടവന്മാര്‍ ചിതറിയോടി. അതിലൊന്ന് ഞങ്ങക്കു നേരെ. കുത്തി മലത്തിയെന്നാ വിചാരിച്ചേ... ഒറ്റ ചാട്ടമായിരുന്നു പപ്പാ. കഷ്ടിച്ചു രക്ഷപ്പെട്ടു.'
ആ ചാട്ടത്തിന്റെ ആക്ഷന്‍ കാണിച്ചുകൊണ്ട് ഈപ്പന്‍ താടിക്കാരന്‍ കഥ പറഞ്ഞു നിര്‍ത്തി.
'ഹാവൂ'
രക്ഷപ്പെട്ടതിന്റെ ആശ്വാസം മകന്റെയും ഭാര്യ സിസിലിയുടെയും പിന്നെ മേഘങ്ങള്‍ക്കു മുകളിലിരുന്നു കഥ കേള്‍ക്കുന്ന മാലാഖമാരുടെ മുഖത്തും പരന്നു. കഥ പൂര്‍ത്തിയായിട്ടില്ലെന്ന് അറിയാവുന്ന ദൈവം മാത്രം നരച്ച താടിയില്‍ തടവി ചിരിച്ചുകൊണ്ടിരുന്നു.
തനിക്കു സ്തുതി വിളിച്ചുകൊണ്ട് ഈപ്പന്റെ വീട്ടിലേക്കു കയറുന്ന കാരള്‍സംഘത്തിലെ ക്രിസ്മസ് അപ്പൂപ്പനാണോ തനിക്കാണോ താടി കൂടുതലെന്നറിയാന്‍ അദ്ദേഹം ഭൂമിയിലേക്കു നോക്കി.
നാല്
ഈപ്പന്‍ താടിക്കാരനു പ്രതീക്ഷിച്ചതു പോലെ തന്നെ സ്ഥലമാറ്റം കിട്ടി. ഒപ്പം സ്ഥാനക്കയറ്റവും. കാടുകളില്‍ നിന്നും കാടുകളിലേക്ക് അയാളുടെ ക്രിസ്മസ് കാലങ്ങള്‍ കൂടുമാറി.
'ഒരു കാടല്ലെങ്കില്‍ മറ്റൊരു കാട്..എവിടെയും ഉണ്ടാകും കാട്ടുമൃഗങ്ങള്‍. അതിനു മാറ്റമില്ലല്ലോ..'
യാത്ര പറയുന്ന ദിവസം ഈപ്പന്റെ കൂട്ടുകാരന്‍ തോമ പറഞ്ഞു. എന്നിട്ടു പതിവുപോലെ എന്തോ തമാശ പറഞ്ഞുവെന്ന മട്ടില്‍ പൊട്ടിച്ചിരിച്ചു. ഈപ്പന്‍ മീശ പിരിച്ചു..
വിരമിക്കാന്‍ അഞ്ചുകൊല്ലങ്ങള്‍ ബാക്കിനില്‍ക്കവേ അയാള്‍ക്കു മലബാറിലേക്കാണ് പിന്നെ ട്രാന്‍സ്ഫര്‍ ലഭിച്ചത്. കാടിന് എവിടെയും ഒരേ സ്വഭാവമാണ്. കണ്ണാടി പോലെ തിളങ്ങുന്ന പുഴകള്‍, പേരറിയാത്ത കാട്ടുമരങ്ങളില്‍ കൂടു കൂട്ടി ചിലയ്ക്കുന്ന പക്ഷികള്‍. ക്രിസ്മസ് കാലങ്ങളില്‍ പൂക്കുന്ന ലില്ലികള്‍.. ഒന്നും മാറ്റമില്ലാത്ത മാറ്റങ്ങള്‍. എന്നാല്‍ ആ കാലഘട്ടങ്ങളില്‍ മകനെക്കുറിച്ചോര്‍ത്തുള്ള വേദന ഈപ്പന്റെ ഇടംനെഞ്ചില്‍ ഒരു കല്ലുപോലെ തൂങ്ങിക്കിടന്നിരുന്നു. ഈപ്പന്റെ കാട്ടുകഥകള്‍ കേട്ടു വളര്‍ന്നുവെങ്കിലും അവന്റെ ചിന്തകളില്‍ പൂത്തത് നിര്‍മലമായ ക്രിസ്മസ് ലില്ലികളായിരുന്നില്ല. ഇരുപത്തിയെട്ടാംവയസ്സിലും ഒരു ജോലി കിട്ടാത്തതിന്റെ അസ്വസ്ഥത ഈപ്പന്റെ മകനില്‍ രോഷത്തിന്റെ വനമായി വളര്‍ന്നു. അതിന്റെ വേരുകള്‍ വീട്ടുകാരോടുള്ള അമര്‍ഷമായി പ്രകടമായിത്തുടങ്ങി. ആ ഇടയ്ക്കാണ് ഒരു നെഞ്ചുവേദന ഈപ്പന്റെയുള്ളില്‍ വളര്‍ന്നു തുടങ്ങിയത്. പിന്നെ ആശുപത്രികള്‍ ചെക്കപ്പുകള്‍..
വിദഗ്ധപരിശോധനയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിലെ കാര്‍ഡിയാക് സ്‌പെഷ്യലിസ്റ്റ് തോമസ് കുര്യന്‍ ഈപ്പന്റെ ഇടംനെഞ്ചിലെ വാല്‍വുകള്‍ക്കുള്ളില്‍ ചില ബ്ലോക്കുകള്‍ കണ്ടെത്തി. ഒരു സര്‍ജറി വേണ്ടി വന്നേക്കുമെന്ന് അയാള്‍ ഈപ്പന്റെ മകനോടു പറഞ്ഞു. ശേഷം ദീര്‍ഘകാലം റെസ്റ്റും. അസുഖകരമായ ഒരു ഇടവേളയായി അവരുടെ ജീവിതത്തിന്റെ ഗതിമാറി. സര്‍ജറിക്കു ശേഷം എടുക്കേണ്ട റെസ്റ്റിനുവേണ്ടി ഈപ്പനു ജോലി രാജി വയ്‌ക്കേണ്ടി വന്നേക്കാം.
ഒരു ജോലി എന്നത് ഈപ്പന്റെ മകന്റെ മുന്നില്‍ കാട്ടുവള്ളിപോലെ തൂങ്ങിനില്‍ക്കുന്നത് മേഘങ്ങള്‍ക്കു മുകളില്‍നിന്നു മാലാഖമാര്‍ കണ്ടു. അതുമൊരു ക്രിസ്തുമസ് തലേന്നായിരുന്നു.
അന്നു വൈകുന്നേരം കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ഈപ്പന്റെയടുത്തു മകന്‍ എത്തി.
'പപ്പാ നമുക്കൊന്നു പുറത്തു പോയാലോ?' - അവന്‍ ചോദിച്ചു.
ഈപ്പന് തന്റെയുള്ളിലൊരു ക്രിസ്മസ് ലില്ലി പൂക്കുന്നതു പോലെ തോന്നി. മകന്റെ ഒരു ഇരുപതുവയസ്സിനുശേഷം അപ്പന്‍-മകന്‍ ബന്ധം ഒരു അവ്യക്തമായ നിശ്ശബ്ദത പോലെയായിരുന്നു. പപ്പാ എന്ന വിളിയില്‍ ഹൃദയത്തിലൂടെയൊരു തണുപ്പ് പാഞ്ഞുപോകുന്നത് ഈപ്പനറിഞ്ഞു. മകനില്‍ തന്റെ കഥ കേട്ടു വളര്‍ന്ന ആ പഴയ എട്ടുവയസ്സുകാരനെ അയാള്‍ വീണ്ടും കണ്ടു.
'ഓ അതിനെന്താ മോനേ... ഞാനും കുറച്ചുദിവസമായി ആഗ്രഹിക്കുന്നു.' - അയാള്‍ കട്ടിലില്‍നിന്നും അത്യുത്സാഹത്തോടെ എണീറ്റു.
'ഈ രാത്രിയില്‍ നിങ്ങളിതെങ്ങോട്ടാ? കുറച്ചു കഴിയുമ്പോള്‍ കരോളുകാര്‍ വരും.' -സിസിലി ചോദിച്ചു.
'മിണ്ടാതിരിക്കെടീ പുല്ലേ... ഞങ്ങള്‍ ഇപ്പോള്‍ വരും.' അവശത മറന്ന ഈപ്പന്‍ ഒരുനിമിഷം പഴയ ഈപ്പനായി.
'നമുക്ക് കാറെടുക്കേണ്ട... സ്‌കൂട്ടിയില്‍ പോകാം അല്ലേ പപ്പാ?..'
ഈപ്പന്‍ വളരെ സന്തോഷത്തിലായിരുന്നു.
വഴിയരികുകളിലെല്ലാം തിളങ്ങുന്ന നക്ഷത്രങ്ങള്‍. എവിടെയും വൈദ്യുതാലങ്കാരത്തിന്റെ ദീപപ്രഭ. വയലിന്റെ പച്ചപ്പിനു നടുവില്‍ ഫിഫ വേള്‍ഡു കപ്പുമായി നില്‍ക്കുന്ന സാന്താക്ലോസിന്റെ വലിയ രൂപം അയാള്‍ കണ്ടു.
'എങ്ങോട്ടാ മോനേ പോകുന്നത്?' അയാള്‍ ചോദിച്ചു.
'ഫാമിലേക്ക്..'
നിര്‍വികാരമായ മറുപടി. അവസാന ടൗണായ കീഴ്പ്പള്ളിയും കടന്ന് സ്‌കൂട്ടി ഫാമിന്റെ ഇരുട്ടിലേക്ക് പ്രവേശിച്ചത് അയാള്‍ അറിഞ്ഞു. ഈപ്പന് കൂടുതല്‍ സന്തോഷം തോന്നി. തന്റെ ആയകാലത്തെ ക്രിസ്മസ് രാത്രികളെല്ലാം കാടിനുള്ളിലായിരുന്നു. കാടിന്റെ തണുപ്പും മണവും അയാളുടെ ഉള്ളില്‍ നിറഞ്ഞു. പിന്നെ രുചികരമായ ഒരോര്‍മ്മയില്‍ അയാളുടെ നാവും..
'കാട്ടു പന്നിയുടെ ഇറച്ചിക്ക് നല്ല രുചിയായിരിക്കും. അല്ലേ പപ്പാ?'
മനസ്സു വായിച്ചിട്ടെന്നവണ്ണം മകന്റെ ചോദ്യം. കാടിന്റെയുള്ളിലെ രഹസ്യധമനി പോലെയൊഴുകുന്ന ഒരു പുഴയുടെ തീരത്തായിരുന്നു അവര്‍. കുറച്ചു മാറി ഓഫ് ചെയ്യാത്ത സ്‌കൂട്ടിയില്‍ നിന്നും പ്രവഹിക്കുന്ന മഞ്ഞവെളിച്ചത്തില്‍ അയാള്‍ ഏതോ ഓര്‍മ്മയില്‍ ലയിച്ചിരിക്കുകയായിരുന്നു.
'പിന്നേ... കുരുമുളകു തേച്ചു പിടിപ്പിച്ചു ചുട്ടെടുക്കണം.'- ഇരവിക്കുളത്തെ ക്രിസ്മസ് രാത്രിയുടെ ഓര്‍മ്മയില്‍ ഒരു സ്വപ്നത്തിലെന്നവണ്ണം ഈപ്പന്‍ പറഞ്ഞു.
'അവറ്റ മനുഷ്യനെ ഉപദ്രവിക്കുമോ?' ആ പഴയ എട്ടുവയസ്സുകാരന്റെ ശബ്ദത്തില്‍ മകന്‍ വീണ്ടും ചോദിച്ചു.
'പിന്നേ.. മനുഷ്യനെ കണ്ടാ കുത്തി മലര്‍ത്തിക്കളയും. അന്നു തോക്കുള്ളതുകൊണ്ടാ. പപ്പാ ഒറ്റച്ചാട്ടം.'
ഈപ്പന്‍ ഓര്‍മ്മകളിലേക്കു വീണ്ടും വഴുതി. അപ്പോള്‍ തന്റെ കാലുകളില്‍ കാട്ടുവള്ളികള്‍ പോലെ എന്തോ വരിഞ്ഞുമുറുകുന്നത് അയാളറിഞ്ഞു. എങ്കിലും ഇരുന്നിടത്തു നിന്ന് അനങ്ങാന്‍ തോന്നിയില്ല. ഓര്‍മ്മയില്‍ നിന്നും വേസ്റ്റുമാംസത്തിന്റെ ഗന്ധം തന്റെ ചുറ്റും നിറയുന്നതയാളറിഞ്ഞു.
എന്നാല്‍ അത് ഓര്‍മ്മയില്‍ നിന്നുമായിരുന്നില്ല. ആരോഗ്യം നഷ്ടപ്പെട്ട ഈപ്പനെ കാട്ടുവള്ളിയില്‍ ബന്ധിച്ചതിനുശേഷം മകന്‍ ഗൂഢമായ പുഞ്ചിരിയോടെ സ്‌കൂട്ടിക്കടുത്തേക്കു നടന്നു. വേസ്റ്റുഫുഡ്ഡിന്റെ ഗന്ധം ലഭിച്ചാല്‍ ഉള്‍ക്കാടില്‍നിന്നും കാട്ടുപന്നികള്‍ ഇറങ്ങിവരും. മനുഷ്യനെ കണ്ടാല്‍ അവ..
തനിക്കൊരു ജോലി വേണം. പിതാവു ജോലിയിലിരിക്കുമ്പോള്‍ മരണപ്പെട്ടാല്‍ ആ ജോലി മകനു ലഭിക്കും. ആശ്രിതനിയമനം. കാട്ടുമൃഗങ്ങളുടെ ആക്രമണത്താലാണെങ്കില്‍ കുടുംബത്തിനു പത്തുലക്ഷവും. സുരക്ഷിതമായ ഇടം തേടി വണ്ടിയോടിക്കുമ്പോള്‍ അവന്റ ഉള്ളില്‍ ഈപ്പന്റെ മരണം എങ്ങനെ വിശ്വാസയോഗ്യമായി അമ്മയ്ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അവതരിപ്പിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവ്യക്തമായ കാട്ടുവഴികളില്‍നിന്നും മഞ്ഞു വിട്ടുമാറി വ്യക്തമായി തീരുന്നത് ഈപ്പന്റെ മകന്‍ കണ്ടു. തന്റെ ഭാവിയിലേക്കെന്നവണ്ണം അവന്‍ അതിലേ വേഗത്തില്‍ വണ്ടിയോടിച്ചു.
അകന്നകന്നു പോകുന്ന സ്‌കൂട്ടിയുടെ ബാക് ലൈറ്റിന്റെ ചുവന്ന വെളിച്ചത്തിലേക്ക് ഈപ്പന്‍ വെറുതേ നോക്കിയിരുന്നു..
അപ്പോള്‍ മേഘങ്ങള്‍ക്കു മുകളിലിരുന്ന മാലാഖമാരുടെ കണ്ണുകള്‍ നിറഞ്ഞു. കഥയില്‍ ഇനിയും ട്വിസ്റ്റുകള്‍ വരുത്താന്‍ കഴിവുള്ള ദൈവം മാത്രം ചിരിച്ചുകൊണ്ട് മേഘങ്ങള്‍ക്കിടയില്‍നിന്നും എണീറ്റു. ഈപ്പന്റെ വീട്ടിലേക്കു കയറുന്ന കരോള്‍സംഘത്തിലെ ക്രിസ്മസ്പാപ്പായ്ക്കാണോ തനിക്കാണോ താടി കൂടുതലെന്നറിയാന്‍ ദൈവം വീണ്ടും ഭൂമിയിലേക്കു നോക്കി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...