Malayalam Short Story: എയ്ഞ്ചല്‍ ഡി മരിയയുടെ കളിപ്പാട്ടങ്ങള്‍, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 10, 2023, 4:43 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

         
വലിയൊരു കാര്‍. നല്ല ചുവന്നനിറം. അതിന്‍റെ ഹെഡ്ലൈറ്റുകള്‍ കാണാന്‍ പണ്ട് വായിച്ച അമര്‍ച്ചിത്രകഥകളിലെ രാക്ഷസന്‍റെ കണ്ണുകള്‍ പോലുണ്ട്. തീ പാറുന്ന കണ്ണുകള്‍. ബംബറില്‍ നിന്നും മുളച്ചുപൊന്തിയ രണ്ട് നീളന്‍ കൊമ്പുകള്‍.  

കാറിന്‍റെ ഫോട്ടോയെടുത്ത് 'customer rejected the order' സെലസ്‌ക് ചെയ്ത് ഓര്‍ഡര്‍ ക്യാന്‍സലേഷന്‍ പൂര്‍ത്തിയാക്കി. ചെറിയ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് കാറിനെ കയറ്റാന്‍ തുടങ്ങിയതും എവിടെയോ കൈ അറിയാതെ തട്ടി. അത് കിടന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. ഉറങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിന്‍റെ തലയില്‍ തടവുമ്പോഴെന്ന പോല്‍ നേര്‍ത്തൊരു മുരള്‍ച്ച. മുരള്‍ച്ചയ്‌ക്കൊപ്പം രാക്ഷസക്കണ്ണുകള്‍ നീലയും പച്ചയും നിറത്തില്‍ മിന്നിക്കത്തി. അല്പസമയം നിശ്ശബ്ദത. പിന്നെയും അത് മുരളാന്‍ തുടങ്ങി. അപ്പോഴതിന്‍റെ ശബ്ദത്തിനൊരു കരച്ചിലിന്‍റെ താളമാണെന്ന് എനിക്ക് തോന്നി.

'ഓഫ് ചെയ്തിട്ട് പാക്ക് ചെയ്യണേ..'

സൂപ്പര്‍വൈസര്‍ പറയുന്നു.

ഞാന്‍ കാര്‍ കൈയിലെടുത്ത് ഏതൊക്കെയോ സ്വിച്ചുകളില്‍ അമര്‍ത്തി ഞെക്കി.

പണ്ടാരം.

എത്ര ശ്രമിച്ചിട്ടും അതിന്‍റെ ഒച്ച നിക്കുന്നില്ല. ഉറങ്ങാന്‍ മടിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോല്‍ കളിപ്പാട്ടം എന്‍റെ കൈയില്‍ ചിണുങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ എനിക്ക് വീണ്ടുമാ പയ്യനെ ഓര്‍മ്മ വന്നു. കാറിന്‍റെ കണ്ണുകള്‍പോല്‍ വലിപ്പമേറിയ അവന്‍റെ കണ്ണുകളും. അല്ല. അവന്‍റെ കണ്ണുകള്‍ ആ പാവക്കുട്ടിയുടെ കണ്ണുകള്‍ പോലെയാണ്. നിറഞ്ഞ കണ്ണുകള്‍. അതു സദാസമയവും ആരെയോ പ്രതീക്ഷിച്ചു  കാത്തിരിക്കുന്നു.

ഒരു രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണെന്ന് തോന്നുന്നു ആ പയ്യന്‍റെടുത്തേക്ക്  ഞാനാ പാവക്കുട്ടിയുമായി പോകുന്നത്. (തീയതി കൃത്യമായി ഓര്‍ക്കുന്നില്ല. അല്ലെങ്കിലും ഒരു ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ സംബന്ധിച്ച് ദിവസങ്ങള്‍ക്കെന്ത് പ്രസിദ്ധി. അവന്‍റെ സമയം തിരിയുന്നത് ടു വീലറിന്‍റെ  ആക്‌സിലേറ്ററിലാണ്. ടൈം ഓണ്‍ ഡെലിവറി, ഡേ ഓണ്‍ ഡെലിവറി..)

എയ്ഞ്ചല്‍ ഡി മരിയ

പേരു കണ്ടപ്പോള്‍ ചെറിയൊരു പെങ്കൊച്ചിനെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. (പ്രഗത്ഭനായ ഫുട്‌ബോളറെ ഓര്‍മ്മ വന്നില്ല എന്നതാണ് സത്യം.)

'എന്‍റെ  മോനാണ്.' വിദേശത്തെ തിരക്കുകള്‍ക്കിടയില്‍ നിന്നും പറന്നുവന്ന സ്ത്രീ ശബ്ദം പറഞ്ഞു. അതോടെ ഞാന്‍ മനസ്സിന്‍റെ ചിന്താക്കൂട്ടില്‍ ഫ്രോക്കണിഞ്ഞ് നിന്ന പെങ്കൊച്ചിനെ ചുവന്ന മഷി കൊണ്ടു  വെട്ടി. പകരം ചരല്‍വിരിച്ച മുറ്റത്തേക്ക് കൈകള്‍നീട്ടി ഓടിവരുന്ന നിക്കറിട്ട ചെറുക്കനെ പതിപ്പിച്ചു.

'താ അങ്കിളേ താ' - അവന്‍ അക്ഷമനായി പറഞ്ഞു. കളിപ്പാട്ടങ്ങള്‍ ഇഷ്ടമില്ലാത്ത കുട്ടികളാരാണുള്ളത്?

വലിയ ചരല്‍വിരിച്ച മുറ്റവും വീടിന് മുന്നില്‍ കാട് പോലെ ആര്‍ത്ത് വളര്‍ന്ന ചുവന്ന ചെത്തികളും വീടിനടയാളമായി അവര്‍ പറഞ്ഞ പന്നിക്കോട്ടുമല ഞങ്ങളുടെ 'റേഞ്ചിനും' മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥലമാണ്. വലിയ ഒരു കുന്നാണത്. വീട്  കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും അങ്ങോട്ട് പോയാല്‍ ഐഡിയയുടെ നെറ്റുവര്‍ക്ക് വിട്ടുവിട്ടാണ്. എങ്കിലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. നാട്ടിലെ മൂവായിരം രൂപയില്‍ കുറയാത്ത ഷിപ്‌മെന്‍റാണ്. അതും പ്രീപെയ്ഡ്. അതിനപ്പുറം കളിപ്പാട്ടം കിട്ടാന്‍ എനിക്കരികിലേക്കോടി വരുന്ന നിക്കറുകാരന്‍റെ കണ്ണിലെ കൗതുകം ഉള്ളില്‍ തിളങ്ങി.

പോവുക തന്നെ.

ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്, തുടല്‍ പൊട്ടിച്ചോടാന്‍ വെമ്പുന്ന നായയെ ഓര്‍മ്മിപ്പിക്കുന്ന ജോലിയാണെങ്കിലും ചില സമയം ചിന്തകള്‍ ഒരു പക്ഷിയെ പോലെ സ്വതന്ത്രമാകും. അത്തരം  ഇടവേളകളില്‍ ഇഷ്ടം പോലെ സ്വപ്നങ്ങള്‍ കാണാം.

സ്വപ്നം കണ്ട് കൊണ്ടുള്ള ബൈക്ക് യാത്രകള്‍.

ഒരുപക്ഷേ അതുമാത്രമായിരിക്കാം ഈ ജോലിയെ എനിക്ക് പ്രിയങ്കരമാക്കുന്നത്.  സ്വപ്നങ്ങള്‍ക്ക് പരിധികളില്ലല്ലോ.

ഫോര്‍ എക്‌സാമ്പിള്‍:  കഴിഞ്ഞ ദിവസം പൊരിവെയിലേറ്റ് തളര്‍ന്ന് ഒരു ജീരക സോഡ കുടിക്കുന്നതിനിടയില്‍ ഞാനൊരു സ്വപ്നം കണ്ടു.

സ്വപ്നത്തില്‍ ഫ്ലൈറ്റ് പിടിച്ച് അതിവേഗം മഞ്ഞില്‍ തണുത്തുറഞ്ഞ, ശരറാന്തലുകള്‍ മഞ്ഞവെളിച്ചം പൊഴിക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ ഞാനെത്തി. അവിടെ ഞാന്‍ അമിത വേഗതയില്‍ പാഞ്ഞുവരുന്ന ഒരു വിദേശ നിര്‍മ്മിത കാറിന് വേണ്ടി കാത്തുനിന്നു. (അത്ഭുതകരമെന്ന് പറയട്ടെ, ആ കാറിന്‍റെ നിറവും ചുവപ്പ് തന്നെയായിരുന്നു. ആ കളിപ്പാട്ടക്കാറിനെ ഓര്‍മ്മിപ്പിച്ച് ഒറിജിനല്‍ കാറും!) നിയന്ത്രണം വിട്ടുവന്ന കാര്‍ ലണ്ടന്‍ സൂര്യന്‍റെ ചുവന്ന വെളിച്ചത്തില്‍ എനിക്ക് മുന്നില്‍ ഒരു കളിപ്പാട്ടംപോലെ തലകുത്തിമറിഞ്ഞു. അതിലെ കോടീശ്വരന്‍ ജീവനുവേണ്ടി പിടഞ്ഞു. അയാളുടെ കഴുത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വൈരക്കല്ലുകള്‍ പതിപ്പിച്ച മാല രക്തത്തില്‍ കുതിരുന്നത് ഞാന്‍ കണ്ടു.

രണ്ട്

മൂന്ന് കിലോമീറ്ററുണ്ട്. വശങ്ങളില്‍ റബര്‍മരങ്ങള്‍ തണലുമായി കാവല്‍ നില്‍ക്കുന്ന ടാര്‍ റോഡ്. ഇടതടവില്ലാതെ മുഴങ്ങുന്ന ഫോണ്‍കോളുകളുടെ ശല്യമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കൂടി സ്വസ്ഥമായ ഒരു ഇരുപത് മിനിറ്റ്. പോയാല്‍ രണ്ടുണ്ട് ഗുണം. ഒന്ന് ആ പയ്യന്‍റെ കണ്ണുകളിലെ നക്ഷത്രത്തിളക്കം ആവോളം ആസ്വദിക്കാം. രണ്ട്. അതാണ് പ്രധാനപ്പെട്ടത്. ലണ്ടന്‍ബ്രിഡ്ജില്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ ചോരയൊലിപ്പിച്ച് കിടന്ന കോടീശ്വരനായ വൃദ്ധന്‍ എനിക്ക് മുന്നില്‍ വന്നു ചിരിച്ചു. ആ സ്വപ്നത്തിന്‍റെ  ബാക്കി കാണണം. ഒരു സൂപ്പര്‍ഹീറോയെപ്പോലെ അയാളെ രക്ഷിച്ച് ആശുപത്രിയിലാക്കുന്ന ഞാന്‍. ജീവന്‍ രക്ഷപ്പെട്ടതിന്‍റെ  സന്തോഷത്തില്‍ അയാളെനിക്കു സമ്മാനിക്കുന്ന രത്‌നമാല. പിന്നെ അയാളുടെ സുന്ദരിയായ മകള്‍!

ആ സന്തോഷത്തില്‍ ഞാന്‍ സ്‌കൂട്ടിയിലെ ഇരിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തി. കൈകള്‍ കക്ഷത്തിനിടയ്ക്ക് ആരോ രണ്ടിഷ്ടികകള്‍ നിര്‍ബന്ധിച്ച് കയറ്റി വച്ചതുപോലെ വിരിച്ചു പിടിച്ചു. പുറകിലെ വലിയ ബാഗിലേക്കു ലണ്ടന്‍ നിര്‍മ്മിത സൂപ്പര്‍ബൈക്കിലെന്നവണ്ണം ബോഡിവെയിറ്റ് മൊത്തമായി കൊടുത്ത് ചാഞ്ഞിരുന്ന് കയറ്റം കേറിത്തുടങ്ങി.

വീട് കണ്ട് പിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ആഡംബരങ്ങള്‍ക്കൊട്ടും കുറവുവരാത്ത മോടി പിടിപ്പിച്ച വലിയ ഒരു ഇരുനില വീടായിരുന്നു അത്. ബംഗ്ലാവ് എന്നൊക്കെ  വേണമെങ്കില്‍ പറയാം. അതിന്‍റെ  രണ്ടാള്‍പൊക്കമുള്ള വലിയ മതില്‍ക്കെട്ടാണെന്നെ അമ്പരപ്പിച്ചത്.  വിശാലമായ തോട്ടങ്ങളെയും കൂടി ആലിംഗനം ചെയ്ത് കയറ്റത്തിനൊപ്പം വളഞ്ഞുപുളഞ്ഞുപോകുന്ന വെള്ളപൂശിയ മതില്‍ക്കെട്ട്. മതില്‍ക്കെട്ടില്‍  കറുത്ത നിഴല്‍ച്ചിത്രങ്ങള്‍വരച്ച് ചുവന്നുപൂത്ത ചെത്തികള്‍. മതില്‍ക്കെട്ടിനുമപ്പുറം കുന്നിന്‍ ചെരുവിലെ അനന്തതയിലേക്കു നീളുന്ന റബര്‍മരങ്ങള്‍..

ഇടവകപ്പള്ളിയുടെ സെമിത്തേരിയിലെ വെളുത്തനിറം കാരണമൊന്നുമില്ലാതെ എന്‍റെ  മനസ്സിലേക്ക് കയറി വന്നു. (റബര്‍ തോട്ടങ്ങള്‍ കാണുമ്പോഴെല്ലാം എനിക്ക് സെമിത്തേരിയും ഓര്‍മ്മ വരും. റബര്‍തോട്ടത്തിന് സെമിത്തേരിയുടെ വന്യമായ ഒരു ഭാവമാണ്. ആകെയൊരു മൂടിക്കെട്ടല്‍. അവിടെ പൂക്കള്‍വയ്ക്കാന്‍ ആളില്ലാത്ത കല്ലറകളാണെങ്കില്‍ ഇവിടെ വെട്ടാനാളില്ലാത്ത റബര്‍മരങ്ങള്‍. അത്രയേയുള്ളൂ വ്യത്യാസം.)

ഈ മൂടിക്കെട്ടലിന്, മറുപടികള്‍ കിട്ടാത്ത വൃത്തികെട്ട മൗനത്തിന് റബര്‍തോട്ടത്തിലും സെമിത്തേരിയിലും, അക്ഷയ സെന്‍ററുകളിലുമെല്ലാം ഒരേ സ്വഭാവമല്ലേ. അതിന്‍റെ ഏറ്റവും ഭീകര വേര്‍ഷന്‍ എവിടെയായിരിക്കും?

അക്ഷയ സെന്‍ററില്‍?

എങ്ങനെ തുറക്കണമെന്നറിയാത്ത കൂറ്റന്‍ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍ ചുമ്മാ ചിന്തിച്ചു. അക്ഷയ സെന്‍ററിലെ മജിസ്‌ട്രേറ്റിന്‍റെ ഗമയുള്ള ചേച്ചിയുടെ വട്ടമുഖം മനസ്സില്‍ തെളിഞ്ഞു. (ചില മനുഷ്യര്‍ മൗനികളായ കല്ലറകളെക്കാള്‍ കഷ്ടമാണ്.)

ഓരോ വട്ടന്‍ ചിന്തകള്‍.

ഇത്തരത്തിലുള്ള മോഡേണ്‍ഗേറ്റുകള്‍ ഇപ്പോഴത്തെ വീടുകള്‍ക്ക് ഒരാര്‍ഭാടമായി മാറിയിട്ടുണ്ട്.

വീടിനെക്കാള്‍ വിലതോന്നിപ്പിക്കുന്ന ഗെയിറ്റുകള്‍, കൂറ്റന്‍ മതില്‍ക്കെട്ടുകള്‍, പട്ടിക്കൂടുകള്‍.

വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍.

കോളിംഗ്‌ ബെല്ലിനായി പരതുമ്പോള്‍ ചെറുതല്ലാത്തൊരു ദേഷ്യം ഉള്ളില്‍ പതഞ്ഞു. ചത്ത് കിടന്നാല്‍ മണം പോലും പുറത്തേക്ക് വരില്ല.

അധികം കാത്ത് നിക്കേണ്ടി വന്നില്ല.

ചരല്‍വിരിച്ച മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടു. ഗേറ്റ് തുറക്കുന്ന കരകരാ ശബ്ദം കേട്ടതും കോടീശ്വരന്‍റെ  മകളെ കെട്ടാനെടുത്ത താലി തത്കാലം തിരികെ വച്ച ഞാന്‍ ബാഗ് വലിച്ച് തുറന്ന് ഷിപ്പ്‌മെന്‍റിനായി പരതി.

ഗേറ്റ് തുറന്നത് ഒരു വല്യമ്മച്ചിയായിരുന്നു. വെളുത്ത ചട്ടയും വെള്ള ബ്ലൗസും ധരിച്ച തടിച്ച് പൊക്കം കുറഞ്ഞ ഒരമ്മച്ചി. അമ്മച്ചിയെ കാണാന്‍ മൊത്തത്തില്‍ ഒരംബാസിഡര്‍ കാറിന്‍റെ  ചന്തം. (എനിക്ക് അംബാസിഡര്‍ കാറുകള്‍ ഒരുപാടിഷ്ടമാണ്.) അമ്മച്ചിയെ കണ്ടപ്പോള്‍ എന്‍റെ  വിദേശസ്വപ്നത്തിലെ ചുവന്ന കാര്‍ വരെ ഒരു നിമിഷത്തേക്ക് ഞാന്‍ മറന്നു പോയി.

'നീയേതാ മോനേ.. നീയാ ജോസൂട്ടീന്‍റെ  ഗള്‍ഫില്‍ പോയ ചെക്കനല്ലേ?'-അമ്മച്ചി നെറ്റിയില്‍ കൈചേര്‍ത്ത് കാഴ്ച കൂര്‍പ്പിച്ചു ചോദിച്ചു.

അമ്മച്ചിയുടെ ആദ്യ ചോദ്യത്തില്‍തന്നെ മനുഷ്യന്റെ ഗ്യാസു പോയി. ഒരു വിദേശസ്വപ്നമിവിടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴാ അമ്മച്ചിയുടെയൊരു ജോസൂട്ടി.

'അല്ലമ്മച്ചീ, ഞാനിവിടെ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഒരു ഗിഫ്റ്റ് കൊടുക്കാന്‍ വന്നതാ. അവന്‍റെ  മമ്മി ആമസോണീന്നയച്ചതാ..'

'ആന്നോ, അതു കൊള്ളാലോടാ കൊച്ചനേ.. എന്നതാ ഇത്?'

'എന്നതാന്നറിയത്തില്ലമ്മച്ചീ, ഞാന്‍ കൊണ്ടത്തരുന്ന ആളാന്നേ.. ലക്ഷണം കണ്ടിട്ട് എന്തോ കളിപ്പാവയോ മറ്റോവാന്ന് തോന്നുന്നു.'

ഞാന്‍ പ്രൊഡക്റ്റിന്‍റെ  പ്ലാസ്റ്റിക്ക് കവറിലമര്‍ത്തി അത്ര ഉറപ്പില്ലാത്ത ശബ്ദത്തില്‍ കാലാവസ്ഥാ പ്രവചകരെപ്പോലെ പ്രതിവചിച്ചു. അപ്പോള്‍ എന്‍റെ  കൈയുടെ തടവലിലൂടെ നാല് കുഞ്ഞു കാലുകളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മൃദുലമായ നീണ്ടുമെലിഞ്ഞ കാലുകള്‍. പട്ടിക്കുട്ടിയാണോ എന്ന് മനസ്സില്‍ തോന്നിയ ചിന്ത ഇരുമ്പുകൂട്ടില്‍ കിടക്കുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്‍റെ  മുരള്‍ച്ചയ്‌ക്കൊപ്പം ഇല്ലാതായി.

'ഓ.. അപ്പൊ നിനക്കിതിലെന്നതാന്നറിയത്തില്ല അല്ലേ? പിന്നെ നീയെന്തിനാ ഇതിങ്ങോട്ടെഴുന്നള്ളിച്ചേ? ഇതിന് വല്ല കേടും പാടും വന്നാ ഞങ്ങളെന്നാ ചെയ്യും.. നീ വന്ന് നന്നാക്കി തരോ, അതോ നിന്‍റെ  ആമസോണ്‍ വരോ, അതോ അവന്‍റെ  മമ്മി വരോ? നിനക്കാ കൊച്ചിന്‍റെ  എടഞ്ഞ സ്വഭാവമറിയോ?'

അമ്മച്ചിയുടെ ചോദ്യങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നു. വെള്ളേം വെള്ളേം ഉടുത്ത അമ്മച്ചിയെ ഇടവകാപ്പള്ളിയിലെ കൊച്ചുത്രേസ്യാ പുണ്യവതിയുടെ അടുത്ത് പ്രതിഷ്ഠിക്കാന്ന് വിചാരിച്ചിരുന്ന എന്‍റെ മനസ്സ് അതോടെ ഇടിഞ്ഞു. വെടക്കുതള്ള.

'ഇതിനൊന്നും കുഴപ്പമുണ്ടാകില്ലമ്മച്ചീ.'  ഞാന്‍ പറഞ്ഞു.

'വോ.. ടാ ട്ടീ മരിയേ, ട്ടീ മരിയേ..' അവര്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു.

'ഹോ... ഈ നശൂലം പിടിച്ച ചെക്കന്‍ ഒടുക്കത്തെ ഫുട്‌ബോള്‍ കളീടെ മുന്നിലായിരിക്കും. അതെങ്ങനാ.. ഞാനന്നേ അതിന്‍റെ  തന്തേനോടും തള്ളേനോടും പറഞ്ഞതാ കണ്ട പന്തുകളിക്കാരുടെ പേരൊന്നും കൊച്ചിനിടണ്ടാന്ന്.'

തള്ളയുടെ പിറുപിറുക്കലിനൊപ്പം  മരത്തില്‍ ചിത്രപ്പണികള്‍ ചെയ്ത പാതി ചാരിയ വാതില്‍ക്കല്‍ ഒരു കുഞ്ഞിത്തല പ്രത്യക്ഷമായി. ആറേഴ് വയസ് തോന്നിക്കുന്ന ഒരു മിടുക്കന്‍ ആണ്‍കുട്ടി. അവന്‍റെ  വെളുത്തു ചുവന്ന കവിളില്‍ കഴിച്ചുകൊണ്ടിരുന്ന ഏതോ പലഹാരത്തിന്‍റെ  അവശിഷ്ടം പറ്റിപ്പിടിച്ചിരുന്നു.

'ഡാ.. ഇതു നിന്‍റെ  മമ്മി നിനക്കയച്ച എന്തോവാന്ന്. വന്ന് വാങ്ങ്. '

ഓടിവരും എന്ന എന്‍റെ  പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അര്‍ജന്‍റീനിയന്‍ ജഴ്‌സിയണിഞ്ഞ ഡി മരിയ ഡിഫന്‍സ്ലൈനില്‍ എന്നപോലെ വാതില്‍ക്കല്‍തന്നെ നിന്നതേയുള്ളൂ.

'ഇന്നാ മോനേ.'-ഞാന്‍ അങ്ങോട്ട് ചെന്ന് കളിപ്പാട്ടം കൊച്ചിന് നീട്ടി.

'ങ്ങൂ കൂ.. എനിച്ച് വേണ്ട.'-അവന്‍ തല ഇടം വലം വെട്ടിച്ച് നിഷേധിച്ചു.

'നിന്‍റെ  മമ്മി നിനക്കയച്ച പാവക്കുട്ടിയാണെന്ന്. വാങ്ങിച്ച് കൊണ്ട് പോയി അകത്ത് വയ്.'

ഇത്തവണ തള്ള കുറച്ചൊച്ചയെടുത്തു പറഞ്ഞു.

'എനിച്ച് ബേണ്ടാന്ന് പറഞ്ഞില്ലേ..'-  ദേഷ്യത്തില്‍ പറഞ്ഞുകൊണ്ട് പെനാല്‍റ്റി ഗോള്‍ മിസാക്കിയ ഭാവത്തില്‍ ഡി മരിയ അകത്തേക്കോടി.

'ഓ മോനേ.. എന്നാ നീയത് നിന്‍റെ  ആമസോണിലേക്ക് തിരിച്ചു കൊണ്ടോക്കോ. അവക്ക് തിരിച്ചയച്ചേക്ക്.  ഇത്തിരിയേ ഉള്ളൂവെങ്കിലും ആ ചെക്കന്‍ പറഞ്ഞാ പറഞ്ഞതാ. നിനക്കറിയോ കൊച്ചിന്‍റമ്മ അങ്ങ് വിദേശത്താ. വര്‍ഷത്തി വല്ലപ്പോഴും വന്നാലായി ഇല്ലേലായി. കൊച്ചിന്‍റെപ്പനെ, എന്‍റെ  മോനെ അവള് 'ടൈവേഴ്‌സ്' ചെയ്തു. അവളങ്ങ് പാലേന്നാ. ഇപ്പ കൊച്ചിനെ നോക്കാന്‍ ഈ വയസ്സാം കാലത്ത് ഞാന്‍ വേണം. എന്‍റെ  മോന്‍ പാവം ഒന്നുമറിയാതെ എന്‍റെ  കെട്ടിയോന്‍റെടുത്തിപ്പൊ കെടപ്പുണ്ട്. മോനിങ്ങോട്ട് കേറിത്തൊടങ്ങിയപ്പൊ കണ്ടുകാണും. മാങ്ങോട് പള്ളി. അത് നിക്കുന്ന സ്ഥലം ഞങ്ങടെയാ.. അത് മാത്രോ..'

അമ്മച്ചിയുടെ പഴംപുരാണം കേട്ടോണ്ട് നിക്കാന്‍ നേരമില്ലായിരുന്നു. ഒട്ടൊരരിശത്തില്‍ ബാഗിലേക്ക് പാവക്കുട്ടിയെ തിരുകിക്കയറ്റി ഇറക്കമിറങ്ങിത്തുടങ്ങി. ഈ നാശം പിടിച്ച കുന്ന് കയറിയത് വെറുതേയായി. കക്ഷത്തിലെ ഇഷ്ടികകള്‍ കളഞ്ഞ് ഇറക്കമിറങ്ങുമ്പോള്‍ ഞാന്‍ നിരാശനായി. പയ്യന്‍റെ കിടിലന്‍ പേരു കണ്ടപ്പോള്‍ വിദേശത്തെ ഇനിയും ജനിക്കാത്ത എന്‍റെ സുന്ദരി ഭാര്യയുടെ ആദ്യത്തെ കൊച്ചിന് അവന്‍റെ പേര് കൊടുക്കാമെന്നുവരെ ചിന്തിച്ചതാ. അതിനി എന്തായാലും വേണ്ടാന്ന് വച്ചു.

അന്ന് വൈകുന്നേരം പ്രൊഡക്റ്റ് തിരിച്ചയക്കുവാന്‍ വേണ്ടി ഫോട്ടോയെടുക്കാന്‍ കവര്‍ പൊട്ടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. അതൊരു മാന്‍കുട്ടിയായിരുന്നു. മുന്‍കാലുകള്‍ നീട്ടി തലയൊരല്പം ചെരിച്ച് ആരെയോ പ്രതീക്ഷിച്ച് നോക്കിയിരിക്കുന്ന നല്ല രസികന്‍ മാന്‍കുട്ടി. അതിന്‍റെ കണ്ണുകള്‍ ഡി മരിയയുടെ കണ്ണുകളെ ഓര്‍മ്മിപ്പിച്ചു. മാന്‍കുട്ടിയുടെ പുറത്ത് രണ്ട് കുഞ്ഞിച്ചിറകുകള്‍.

അവന്‍ ഈ മാന്‍കുട്ടിയെ സ്വീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഈ മാന്‍കുട്ടി ഡി മരിയെയും കൊണ്ട് സ്വപ്നത്തില്‍ അവന്‍റെ അമ്മയുടെ അരികിലേക്ക് പറന്നേനെ. അങ്ങനെയൊരു സ്വപ്നം അവന്‍ കാണുമോ എന്തോ. എല്ലാവരും എന്നെ പോലെയാണോ? എന്തായാലും ഞാനന്ന് ആ സ്വപ്നം കാണുവാന്‍ പ്രാര്‍ത്ഥിച്ചാണ് കിടന്നത്. മേഘങ്ങള്‍ക്ക് മുകളിലൂടെ, വളരെ ഉയരത്തില്‍ പറക്കുന്ന പുള്ളിക്കുത്തുകളുള്ള മാന്‍കുട്ടി. മാന്‍കുട്ടിയുടെ പുറത്ത് ഒരു തൊട്ടിലിലെന്നവണ്ണം സുരക്ഷിതനായി ഇരിക്കുന്ന ഡി മരിയ. വെള്ളിമേഘങ്ങള്‍ അകന്നുമാറുന്നു. ഹിമകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന ഒരു പച്ചപ്പുല്‍പ്പരപ്പില്‍ അവര്‍ പറന്നിറങ്ങുന്നു. പുല്‍മേടിനപ്പുറം ഒരു മരുഭൂമിയാണ്. അവിടേക്ക് തിരക്കിട്ട് നടന്നുപോകുന്ന ഒരു സ്ത്രീ.
'അമ്മേ അമ്മേ..' ഡി മരിയ വിളിക്കുന്നു. അതവന്‍റെ അമ്മയാണ്. എന്നാല്‍ ഒരു നിമിഷം പോലും നില്‍ക്കാതെ, നടത്തത്തിന്‍റെ വേഗത ഒട്ടുംപോലും കുറയ്ക്കാതെ അവരാ മരുഭൂമിയിലേക്ക് നടന്ന് പോവുകയാണ്. അവരൊന്ന് നിന്നിരുന്നെങ്കില്‍.. ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..

എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പിന്നെയും കളിക്കോപ്പുകള്‍ വന്നു കൊണ്ടിരുന്നു. എല്ലാം പണമടച്ച പ്രീപെയ്ഡു ഷിപ്പ്‌മെന്‍റുകള്‍.

പറക്കുന്ന ഹെലികോപ്റ്റര്‍, വട്ടത്തിലോടുന്ന തീവണ്ടി, സ്വിച്ചിട്ടാല്‍ ഇരുമ്പൂഞ്ഞാലില്‍ നിര്‍ത്താതെയാടുന്ന പെണ്‍കുട്ടി, ബസ്സുകള്‍, ലോറികള്‍, കാറുകള്‍.

കളിപ്പാട്ടങ്ങള്‍ കളിപ്പാട്ടങ്ങള്‍..

എയ്ഞ്ചല്‍ ഡി മരിയയ്ക്ക് വന്ന  കളിപ്പാട്ടങ്ങള്‍കൊണ്ട് ഞങ്ങളുടെ 'സാള്‍ടാലി' മുറി നിറഞ്ഞു. വീണ്ടും പന്നിക്കോട്ടുമല കയറാന്‍ ഒട്ടും താല്പര്യമില്ലാത്തത് കൊണ്ട് ആദ്യദിവസം തന്നെ ഞാനാ അമ്മച്ചിയുടെ കൈയില്‍ നിന്നും ലാന്‍ഡ്‌ലൈനിന്‍റെ നമ്പര്‍ മേടിച്ചിരുന്നു. പണമടച്ച ഷിപ്‌മെന്‍റുകള്‍ തിരിച്ചയക്കണമെങ്കില്‍ കാള്‍റെക്കോഡുകള്‍ മസ്റ്റാണ്. കുന്നിന്‍മുകളിലെ ലാന്‍ഡ്‌ഫോണ്‍ എന്‍റെ ഐഡിയ സിമ്മിനെക്കാളും മികച്ചതായിരുന്നു. കാറ്റടിച്ചാല്‍ ഒന്നോ രണ്ടോ ബെല്‍ മുഴങ്ങും എന്ന് പറയുന്ന അവസ്ഥ. അതിന് വേണ്ടിയുള്ള വൈകുന്നേരങ്ങളിലെ സമയം പോക്ക് പിന്നെയൊരു പതിവായി.

എയ്ഞ്ചല്‍ ഡി മരിയയുടെ ഹാലോ- യുടെ കുഞ്ഞുശബ്ദം ഓഫീസില്‍ മുഴങ്ങുന്നതുവരെ ഞങ്ങളാ കളിപ്പാട്ടങ്ങള്‍കൊണ്ടു കളിച്ചു. കൊറിയറോഫീസിന്‍റെ  മേല്‍ത്തട്ടിലിടിച്ച ഹെലികോപ്റ്റര്‍ റിമോട്ട് കണ്‍ട്രോളര്‍ കൊണ്ട് തിരിച്ചുവിളിച്ചപ്പോള്‍ വരാന്‍ കൂട്ടാക്കാതെ മുകളില്‍ തന്നെ തങ്ങിനിന്നു. അതും ഡി മരിയയെ പോലെ അമ്മയുടെ അരികിലേക്ക് പറന്നുപോകാന്‍ വെമ്പുകയാണോ? ഡെസ്‌ക്കിട്ട് കയറി കളിപ്പാട്ടത്തെ പിടിച്ചെടുക്കുമ്പോള്‍ ഞാന്‍ ചുമ്മാ ചിന്തിച്ചു.

'എനിച്ചു മമ്മിയുടെ ഒന്നും വേണ്ടാ.. തിരിച്ചാമഷോണിലേക്ക് വിട്ടേക്ക്'

ലൈനില്‍ കിട്ടിയാല്‍ ഡി. മരിയ കുഞ്ഞു ശബ്ദത്തില്‍ പറയും. കസ്റ്റമര്‍ ഈസ് ദ കിംഗ്. രാജാവിന്‍റെ തീരുമാനം അന്തിമമാണ്. അതിനി കുഞ്ഞ് ഡി മരിയയാണെങ്കിലും ശരി.

സാള്‍ടാലി മുറിയിലെ  രോമങ്ങളുള്ള കരടിയുടെ പാവക്കുട്ടി 'ഡാഡി ഡാഡി യെസ് പപ്പാ.' നിര്‍ത്താതെ പാടിക്കൊണ്ടേയിരുന്നു. വലിയ ചില പ്രൊഡക്റ്റ്‌സെടുക്കാന്‍ ഓഫീസില്‍വരുന്ന കസ്റ്റമേഴ്‌സ് അമ്പരന്നുനോക്കുന്നതു കണ്ട് ഞങ്ങള്‍ ചിരിയടക്കി.

എങ്കിലും അരുമയായ കളിപ്പാട്ടങ്ങള്‍ക്കെല്ലാം എന്തിന്‍റെയോ ഒരു കുറവുണ്ട് എന്ന് എനിക്ക് ആ ദിവസങ്ങളില്‍ തോന്നിയിരുന്നു. ചിലതെല്ലാം ആ കാറിനെ പോലെയാണ്. അമ്മയുടെ വാത്സല്യം നഷ്ടപ്പെട്ട്, അടുപ്പം നഷ്ടപ്പെട്ട് തോന്ന്യവാസിയായി തീര്‍ന്ന കുഞ്ഞുങ്ങളെ പോലെയാണ് ആ കളിപ്പാട്ടങ്ങള്‍.

ഒടുവില്‍ ആ ദിവസം വന്നെത്തി. ഡി മരിയയുടെ കളിപ്പാട്ടങ്ങള്‍ ആമസോണിലേക്കു തിരിച്ചു കയറ്റി വിടേണ്ട ദിവസം. കസ്റ്റമര്‍ ക്യാന്‍സല്‍ പറയുന്ന പ്രൊഡക്റ്റുകള്‍ സാള്‍ടാലിയില്‍ പെട്ടെന്ന് ലോക്കാകുകയും അവയെ ഷിപ്പര്‍ (ആമസോണ്‍) തിരിച്ചുവിളിക്കുകയും ചെയ്യും. കളിപ്പാട്ടങ്ങള്‍ തിരിച്ചെത്തുന്ന പക്ഷം ഡി മരിയയുടെ അമ്മയ്ക്ക് അക്കൗണ്ടില്‍ അടച്ച പണം തിരിച്ചു കയറും. പണം തിരിച്ചെത്തുമ്പോള്‍ ആ സ്ത്രീക്ക് എന്തായിരിക്കും തോന്നുക? കുഞ്ഞു മോന്‍റെ കൈയില്‍നിന്നും കിട്ടിയ വലിയ ഒരു തിരിച്ചടി? അത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ. അതോ അവരും വാതില്‍പ്പടിയില്‍ വന്നുനിന്ന ഡി മരിയയെപ്പോലെ അക്കൗണ്ടിലെ പണത്തിലേക്ക് അന്തംവിട്ട് നോക്കിനിക്കുമോ. ആ എന്തുമാകട്ടെ.

നിശ്ചലമാക്കാന്‍ കഴിയാത്ത, അനുസരണയില്ലാത്ത കുട്ടികളെപ്പോലെ തന്നിഷ്ടത്തില്‍  പെരുമാറിയിരുന്ന കുറച്ചു കളിപ്പാട്ടങ്ങളെ ബാറ്ററിയൂരിയാണ് ചാക്കില്‍ കയറ്റിയത്. വലിയ രണ്ട് ചാക്കുകളില്‍ നിറയ്ക്കാന്‍ മാത്രമുണ്ടായിരുന്നു ഡി മരിയയ്ക്ക് വന്ന പ്രൊഡക്റ്റുകള്‍. ഒരു ഒരുലക്ഷം രൂപയുടെയെങ്കിലും കളിപ്പാട്ടങ്ങള്‍ വരും.

ചാക്കുകള്‍ ടാഗുകൊണ്ട് സീല്‍ ചെയ്തു  'റിട്ടേണ്‍ വാഹനത്തിന്‍റെ' പുറകിലേക്ക് കയറ്റി. അത് പുറകുവശം രണ്ട് സൈഡിലേക്കും  തുറക്കാവുന്ന തരത്തില്‍ ഡോറുകളുള്ള ഒരു മഞ്ഞ വാനാണ്. ഡി മരിയയ്ക്ക് എപ്പോഴോ വന്ന ഒരു കളിപ്പാട്ടവണ്ടി എനിക്കോര്‍മ്മ വന്നു. ഡോര്‍ അടയുന്നതിന് മുന്‍പുള്ള ഒരു നിമിഷം..

ടാഗ് നന്നേ വലിച്ചു മുറുക്കിയിരുന്നിട്ടും ചാക്കിന്‍റെ വിടവിലൂടെ ഒരു പാവക്കുട്ടിയുടെ തല പുറത്തേക്ക് ചാടുന്നതു ഞാന്‍ കണ്ടു. അതാ മാന്‍കുട്ടിയായിരുന്നു. അത് ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോല്‍ ഞങ്ങളെ ഉറ്റുനോക്കി. അതിന്‍റെ കണ്ണുകള്‍ കണ്ടപ്പോള്‍ എനിക്ക് വീണ്ടും ഡി മരിയയുടെ കണ്ണുകള്‍ ഓര്‍മ്മവന്നു. അതിന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ? എനിക്ക് മുന്നില്‍ വാഹനത്തിന്‍റെ ഡോര്‍ മെല്ലെ അടഞ്ഞു.


Salltally - ഒരു കൊറിയര്‍ സര്‍വ്വീസിലെ മുഴുവന്‍ പ്രൊഡക്റ്റ്‌സും സ്‌കാന്‍ ചെയ്തു കമ്പ്യൂട്ടറില്‍ സ്റ്റാറ്റസ് ചെക്ക് ചെയ്യുന്ന പ്രോസസ്. സ്‌കാന്‍ ചെയ്യുമ്പോള്‍ ഷിപ്പര്‍ (amazon, flipcart, nsapdeel, naptol..) തിരിച്ചുവിളിച്ച പ്രൊഡക്റ്റ്‌സുകള്‍  RTO lock (Return To Shipper ) ആയതായി സ്റ്റാറ്റസ് കാണിക്കുന്നു. അവ ബാഗ് ചെയ്ത് സീല്‍ ചെയ്ത് വാഹനത്തില്‍ ഹബ്ബിലേക്കു തിരിച്ചയക്കുന്നു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!