ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഗൗതം ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കൈതത്തോടിനരികെ കരിങ്കല്‍പ്പടവുകളിരുന്ന ചെമ്മരത്തിയുടെ നനഞ്ഞ മടിയില്‍ തലവച്ചുകൊണ്ട് ആല്‍ഡ്രിച്ച്, ചുവന്ന് തോരുന്ന സൂര്യനെ നോക്കി. പിന്നെ അവളുടെ കവിളില്‍ നിന്നും കഴുത്തിലേക്കൊലിച്ചിറങ്ങുന്ന ചാറ്റല്‍വെള്ളം അയാള്‍ വിരലുകള്‍ക്കൊണ്ട് മുറിച്ചുകളഞ്ഞു.
ആല്‍ഡ്രിച്ച് കപ്പിത്താനായിരുന്നു. അയാളുടെ ഉപേക്ഷിക്കപ്പെട്ട കപ്പല്‍ വളപട്ടണത്തെ കാടുപിടിച്ചുകിടന്ന ഒരു തീരത്ത് കുറച്ചുനാള്‍ കിടന്നു. ആരും അന്വേഷിച്ച് വരാത്തതുകൊണ്ടുതന്നെ തടി വാങ്ങാന്‍ ഇരിക്കൂറ് പോയ ഒരറബി, കപ്പല് പൊളിച്ച് അതിലുള്ള ചില സാധനങ്ങള്‍ പേര്‍ഷ്യക്ക് കൊണ്ടുപോയി. കപ്പലില്‍ നിന്ന് അറബിക്ക് ആദ്യം കിട്ടിയ സാധനങ്ങളിലൊന്ന് ഒരു പോര്‍ച്ചുഗീസ് തോക്കായിരുന്നു. അത് നനഞ്ഞിരുന്നു. തോക്കിന്‍ കുഴലില്‍ പായലുപിടിച്ചിരുന്നു. വെടിക്കോപ്പുകള്‍ അയാളെടുത്തു. കേടായ ഒരു വടക്കുനോക്കിയന്ത്രം അറബി വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞു. അത് ആല്‍ഡ്രിച്ചിന്റെതായിരുന്നു.
വളപ്പട്ടണത്ത് കേറിയ ആല്‍ഡ്രിച്ച്, ചങ്ങാടം കേറി ഇരിക്കൂറ് കടന്ന് ബാവലിപ്പുഴയുടെ തീരത്തെവിടെയോ ഇറങ്ങി. ബാവലിയുടെ തീരത്ത് ചെറിയ മീനുകളെയും മറ്റും പിടിച്ച് കഴിഞ്ഞ് വരുമ്പോഴാണ് ചെമ്മരത്തി വന്നത്. പുഴക്കരയില്‍ നീണ്ടുവളര്‍ന്ന താടിയും, കടല്‍നീല നിറമുള്ള കണ്ണുകളുമുള്ള ആല്‍ഡ്രിച്ചിനെ നെല്ല് മൂര്‍ന്ന് കഴിഞ്ഞ് കാലുകഴുകുന്ന ചെമ്മരത്തി കണ്ടു. അവള്‍ ആല്‍ഡ്രിച്ചിനെ അടുത്ത് വിളിച്ച് ചോറ് വിളമ്പിക്കൊടുത്തു. ചോറും പുഴ മീന്‍ കറിയും കഴിക്കുമ്പോള്‍ ആല്‍ഡ്രിച്ച് കരഞ്ഞു.
ചെറുപ്പത്തില്‍ കപ്പല് കേറിയതാണ് ആല്‍ഡ്രിച്ച്. പുതിയ തുറകള്‍ തേടി കപ്പലില്‍ കേറുന്നത് ആക്കാലത്ത് പോര്‍ച്ച്ഗീസുകാരുടെ ശീലമായിരുന്നു. പുതിയ തീരങ്ങളും, അവിടത്തെ പൊന്നും, ധാന്യങ്ങളും, സ്ത്രീകളും പോര്‍ച്ച്ഗീസ് യുവാക്കളെ കപ്പലുകയറ്റി. ഉപ്പുകാറ്റും കടലുച്ചൂരുമേറ്റ് ഛര്‍ദിച്ചു കൊണ്ടിരുന്നപ്പോള്‍ ആല്‍ഡ്രിച്ച് തീരെ ചെറുതായിരുന്നു. സൈന്റ്് കാതറിനെ കപ്പലിലെ മൃതപ്രയനായ ഒരടിമയുടെ കണ്ണ് ചൂഴ്ന്നെടുത്തുകൊണ്ട് ആല്‍ഡ്രിച്ച് വയസ്സറിയിച്ചു. പിന്നെ കൊന്നും വീഞ്ഞ് ബാരലുകള്‍ കാലിയാക്കിയും കൊള്ളയടിച്ചുമാണ് അയാള്‍ വളര്‍ന്നത്.
പനങ്കള്ളു പോര്‍ന്നു കൊണ്ട് ചെമ്മരത്തി ആല്‍ഡ്രിച്ചിനെ നോക്കി. അവള്‍ക്കും അങ്ങനെ ആരുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ആരെങ്കിലുമൊക്കെ കൂട്ടുണ്ടാവും. മടുക്കുമ്പോള്‍ അവള്‍ അവരെ പൊരയ്ക്കുപുറത്താക്കും. ഒന്നും പറയാത്തതുകൊണ്ടും വേദനിപ്പിക്കാത്തതു കൊണ്ടും ചെമ്മരത്തി ആല്‍ഡ്രിച്ചിനെ അകറ്റിയില്ല. അവളുടെ നിറഞ്ഞ മുലകള്‍ക്കിടയില്‍ ഒളിച്ചു കിടന്നപ്പോള്‍ ഈ കടലുകളത്രയും താണ്ടിയത് ഇവിടേക്കു വേണ്ടിയാണെന്ന് ആല്‍ഡ്രിച്ചിന് തോന്നി. അത് ചെമ്മരത്തിയോട് പറഞ്ഞറിയിക്കാനാവാത്ത വേദനയാല്‍ ആല്‍ഡ്രിച്ച് അവളെ ചുംബിച്ചുകൊണ്ടിരുന്നു. ഒരു വരത്തന്‍ തങ്ങളുടെ സ്ഥാനം കയ്യടക്കിയതില്‍ ചെമ്മരത്തിക്ക് കൂട്ടുവന്നിരുന്ന പ്രമാണിമാരില്‍ ചിലര്‍ കെറുവിച്ചു നടന്നു.
ചെമ്മരത്തി കാട്ടിലേക്ക് പോവുമ്പോള്‍ ആല്‍ഡ്രിച്ച് ചൂണ്ടയുമെടുത്ത് ആറ്റുവക്കില്‍ വന്നിരിയ്ക്കും. വൈകുന്നേരം വിറകും, പറങ്കിമാങ്ങയുമായി അവള്‍ വരും. മനുഷ്യരെ കൊന്നുകളയണമെന്നത് ഒരനാവശ്യമാണെന്ന് ചെമ്മരത്തിയുടെ മടിയില്‍ തലവച്ച് പുഴക്കരയില്‍ കിടക്കുമ്പോള്‍ അയാള്‍ക്ക് വെളിപാടുണ്ടായി. ചൂട്ടാച്ചി പൊരിച്ചതും ചോറും തിന്നുകഴിഞ്ഞ് പനങ്കള്ളിന്റെ കൂടെ കാന്താരിയിട്ട പറങ്കിമാങ്ങ തിന്നുമ്പോള്‍ ചെമ്മരത്തിയുടെ കീഴ്താടിയിലൂടെ മാങ്ങാനീര് ഒലിച്ചിറങ്ങി താഴോട്ട് പോകും. ആല്‍ഡ്രിച്ച് ഏറിയ ജിജ്ഞാസയോടെ അതിനെ പിന്തുടരും. പറങ്കിമാങ്ങ മണക്കുന്ന ചെമ്മരത്തി അയാളെ മണങ്ങളുടെയും രുചികളുടെയും കയത്തില്‍ മുക്കും. ആല്‍ഡ്രിച്ച്, ശ്വാസം കിട്ടാതെ പിടക്കും.
പറങ്കിമാങ്ങയുടെയും ജീവിതത്തിന്റെയും ഒട്ടല് മാറാന്‍ അവര്‍ രാത്രി ആറ്റിലിറങ്ങി കുളിച്ചുകേറും. അങ്ങനെ കുളിച്ചോണ്ടിരുന്നപ്പോ ഒരിക്കെ വെള്ളത്തിനടീല് ഒരു നീല തിളക്കം. ചെമ്മരത്തി വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. തിരിച്ചു വന്നപ്പോള്‍ അവളുടെ കയ്യിലതുണ്ടായിരുന്നു. നക്ഷത്രം മുറിഞ്ഞു വീണത് പോലെ ഒരു നീല കല്ല്. അത് തിളങ്ങുന്നുണ്ടായിരുന്നു. ചെമ്മരത്തിയത് ആകാശത്തേക്ക് നീട്ടി ഒറ്റക്കണ്ണോണ്ട് നോക്കി. നക്ഷത്രങ്ങളേക്കാള്‍ തിളക്കമുണ്ട്. ആല്‍ഡ്രിച്ച് അവളുടെ പിന്നിലേക്ക് ചേര്‍ന്ന് നിന്ന് മുകളിലേക്ക് നോക്കി, ആകാശത്തേക്ക് നീട്ടിയ ചെമ്മരത്തിയുടെ കൈയിലൂടെ അയാള്‍ നീലക്കല്ലു കണ്ടു. മറ്റ് നക്ഷത്രങ്ങളെയും. ചെമ്മരത്തി കുളിച്ച് കേറുമ്പോ ആല്‍ഡ്രിച്ചിന്റെ കൈ പിടിച്ചു. പാറയുടെ കുനിപ്പറിയില്ലെങ്കില്‍ വഴുക്കും. ആല്‍ഡ്രിച്ച് അവളുടെ കൈപിടിച്ച് കരക്ക് കേറി.
നിലാവില്‍ നിറമറിയാത്ത ഒരു പുതപ്പ് പുതച്ചു കരയിലൊരാളിരിക്കുന്നു. ചെമ്മരത്തി വീണുകിട്ടിയ മുത്ത് മുഷ്ടിയില്‍ ചുരുട്ടിപ്പിടിച്ചു.
'കുഞ്ഞികയത്ത്ന്ന് എന്തെങ്കിലും വീണുകിട്ടിയോ ചെമ്മരത്തി?'
പുതച്ചിരുന്ന മനുഷ്യന്‍ ചോദിച്ചു.
'ഇല്ലല്ലോ മൂപ്പറെ.'
ചെമ്മരത്തി ആരും കാണാത്ത ഇരുട്ടിന്റെ മറവിലൂടെ മുത്ത് ആല്‍ഡ്രിച്ചിന് കൊടുത്തു.
'നിങ്ങളേതാന്ന് മൂപ്പറേ.'
ചെമ്മരത്തി ഇരുത്തിചോദിച്ചു. ചെമ്മരത്തിയും ആല്‍ഡ്രിച്ചും അപരിചിതന് ചുറ്റും കൂടി.
'എയിനന്തായി മകന്‍ ഇളംതേവനാര്‍.'
ആറ്റിലെ ഓളത്തില്‍ അയാളുടെ ഒച്ച വഴുതിക്കളിച്ചു. ചെമ്മരത്തി അങ്ങനെയൊരു പേര് കേട്ടിട്ടില്ല.
'മുത്ത് കളഞ്ഞുകിട്ടിയോ ചെമ്മരത്തി?'
തേവനാര്‍ രണ്ടാമതും ചോദിച്ചു.
ചെമ്മരത്തി ഒന്നും പറഞ്ഞില്ല. അയാള്‍ എഴുന്നേറ്റു ആല്‍ഡ്രിച്ചിന്റെ മുഖത്തേക്ക് നോക്കി. ആല്‍ഡ്രിച്ചിന്റെ നീല കണ്ണ് തിളങ്ങി.
'കിട്ടിയ മുത്ത് തിരിച്ച് തരണ്ടന്ന് പറയാനാണ് ഞാന്‍ വന്നത്.'
എയിനന്തായി മകന്‍ ഇളംതേവനാര്‍ ചിരിച്ചു.
'ങ്ങളേട്ന്നാ? ചെമ്മരത്തി വീണ്ടും ചോദിച്ചു.
'പണ്ട് പണ്ട് ന്ന്.' തേവനാര്‍ ചിരിച്ചു.
2.
ഏഴുകടലുകളത്രയും താണ്ടി,
ആറും കാടും കടന്ന്,
ഓടിയണഞ്ഞ
വീട്, നിന്റെ ഉടല്‍
തേവനാര്‍ പാടി.
തേവനാര്‍ ഒരു കവിയായിരുന്നു. ബുദ്ധരുടെ മഞ്ഞകുപ്പായം പുതച്ച് അഗസ്ത്യമലയിറങ്ങി. കവിതപാടിക്കൊണ്ട് പുനം കൊത്തി നെല്ലുവിളയിച്ചു. കുറുച്ചിമലയുടെ ഉച്ചിയിലിരുന്ന് അയാള്‍ വൈകുന്നേരങ്ങള്‍ കണ്ടു. കാട്ടില്‍ അമ്മമ്മമാരോടൊപ്പം താമസിക്കുന്ന ഉമ്മിണിച്ചി ഇടയ്ക്കു വൈകുന്നേരങ്ങളില്‍ തേവനാരുടെ കൂടെ മലകയറും. മലപ്പൊക്കത്തില്‍, പാറകള്‍ക്കുമുകളില്‍ പഴയ മനുഷ്യര്‍ എടുത്തുവച്ച കരിങ്കല്ലടരുകള്‍. അതില്‍ എന്തൊക്കെയോ കോറിയിട്ടിട്ടുണ്ട്. ഏതോ കാലത്തെ മനുഷ്യര്‍ വരച്ചിട്ട ചിഹ്നങ്ങള്‍ക്ക് മുകളിലൂടെ അവള്‍ വിരലോടിക്കും. ഉമ്മിണിച്ചിയുടെ നീണ്ട വിരലുകള്‍ അജ്ഞാതമായ അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും മുകളിലൂടെ മീനുകളെപ്പോലെ സഞ്ചരിക്കുന്നത് തേവനാര്‍ നോക്കിയിരുന്നു.
ഇരുപത്തിയൊന്ന് രാവും പകലും കൊണ്ട് തേവനാര്‍ ഉമ്മിണിച്ചിക്ക് അക്ഷരങ്ങളും ഭാഷയും പഠിപ്പിച്ചുകൊടുത്തു. നാല്പത്തിയൊന്നു ദിവസം കൊണ്ട് ബുദ്ധമാര്‍ഗ്ഗം പറഞ്ഞുകൊടുത്തു. ഏഴു ദിവസം കൊണ്ട് യുവസന്യാസിമാരുടെ നിഷ്ഠകളെക്കുറിച്ച് പഠിപ്പിച്ചുകൊടുത്തു. അടുത്ത ദിവസം തേവനാര്‍ അവളെ ഒന്നും പഠിപ്പിച്ചില്ല. പക്ഷെ, അമ്പത്തൊന്നാമത്തെ ദിവസം, ഉമ്മിണിച്ചി തേവനാരെ സ്‌നേഹം പഠിപ്പിച്ചു. തേവനാരെ ചുംബിച്ചപ്പോള്‍ മലക്കുമുകളില്‍ എപ്പോഴോ ജീവിച്ചിരുന്ന പഴയ മനുഷ്യരുടെ പ്രേതങ്ങള്‍ നാണിച്ചു ചിരിച്ചലയുന്നത് അവള്‍ കണ്ടു.
ഉമ്മിണിച്ചിയും തേവനാരും മലയിറങ്ങി. ഒറ്റമുലച്ചികാട്ടിലൂടെ, കയത്തിന്റെ ഓരത്തൂടെ പുഴവക്കിലൂടെ, തേവനാരും ഉമ്മിണിച്ചിയും നടന്നു. വഴിയില്‍, ഒരു ദേവദാരുവിന്റെ കീഴെ വച്ച് തേവനാര്‍ ചുംബിച്ചപ്പോള്‍ ഉമ്മിണിച്ചിയുടെ മുലക്കണ്ണ് ഒരു മുത്തായി. ഞെട്ടറ്റു താഴെ വീഴുന്ന ഒരു പൂവുപോലെ അത് തേവനാരുടെ മടിയില്‍ വീണു. തേവനാര്‍ വിശ്വാസം വരാതെ തന്റെ ചുണ്ടുകള്‍ കൊണ്ട് ഒന്നുകൂടി പരാതി നോക്കിയപ്പോഴും മുലക്കണ്ണ് അവിടെത്തന്നെയുണ്ടായിരുന്നു. മുത്തും.
മുത്തെടുത്ത് എരിക്കിലയില്‍ പൊതിഞ്ഞ് തേവനാര്‍ അരയിലെ പാക്കിനൊപ്പം ചേര്‍ത്തു തിരുകി. മുത്തെവിടുന്നാന്ന് ചോദിച്ചപ്പോള്‍ ഉമ്മിണിച്ചി പറഞ്ഞു. 'പണ്ട് പണ്ട് ന്ന്.'
തേവനാരും ഉമ്മിണിച്ചിയും നടന്ന് കാലു കഴച്ചു. അവരിരുന്നു. പിന്നെ നടന്നു.
നായാടികള്‍ക്ക് അന്ന് നാട്ടിലിറങ്ങാന്‍ അനുവാദമില്ല. അവരെ കിട്ടണമെങ്കില്‍ കാട്ടിലും മടകളിലും നോക്കണം. ആരെങ്കിലും വരുമ്പോള്‍ അവര്‍ ഒളിച്ചുകളയും. കഴിഞ്ഞ തവണ നായാട്ടിനു വന്നപ്പോള്‍ അടിവാരത്ത് ഒരു പാറയിടുക്കില്‍ പേടിച്ച് വിറച്ച് ചുരുണ്ട ഒരു നായാടിയെ കഴുത്തിന് പിടിച്ച് വലിച്ചു പുറത്തിട്ടത് ശ്രീകണ്ഠന്റെ അടിയാന്മാരാണ്. കരിങ്കല്ലുകള്‍ക്കിടയില്‍ വച്ച് തല ചതച്ച് നെയ്യെടുത്തത് ശ്രീകണ്ഠന്‍ തന്നെയാണ്.
കരിക്കാട്ടില്‍ നായാടികളെ പിടിച്ച് കൊന്ന് എല്ലും മജ്ജയും ചേര്‍ത്ത് രസായനമാക്കി വീര്യം കൂട്ടാന്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ ശ്രീകണ്ഠനും പടയും ഒളിച്ചിരിക്കും. മഞ്ഞ പുതച്ച തേവനാരെ കണ്ടതും ശ്രീകണ്ഠന്‍ ഒന്ന് നിവര്‍ന്നു നോക്കി. കൂടെ വരുന്ന ഉമ്മിണിച്ചിയെയും. ഉണക്കില ഞെരുക്കി നടന്നുവരുന്നത് നായാടിയല്ലെന്ന് ഉറപ്പു വരുത്തി. ശ്രീകണ്ഠന്‍ തേവനാരുടെ മുന്നില്‍ പോയി തൊഴുത് കൂട്ടിക്കൊണ്ട് പോയി. അവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആളയച്ചു.
ചുറ്റുമതിലുകളുള്ള ഒരു കോട്ടക്കകത്തേക്ക് ശ്രീകണ്ഠന്‍ അവരെ കൂട്ടികൊണ്ടു പോയി. കോട്ടയ്ക്ക് ഉള്ളിലും പുറത്തും കൊത്തുപണികളും ശില്പങ്ങളും മറ്റുമുണ്ട്.ശ്രീകണ്ഠന്‍ പറഞ്ഞതനുസരിച്ച് ഉമ്മിണിച്ചിയെ കോട്ടയ്ക്ക് പുറത്തു നിര്‍ത്തി തേവനാര്‍ അയാളെ പിന്തുടര്‍ന്നു. പടവുകള്‍ കയറി കയറി മുകളിലെത്തി. അവിടെ കയ്യില്‍ താലമേന്തിയ സ്ത്രീകള്‍ ഇരുവശങ്ങളിലുമായി അയാളെ സ്വീകരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. താലത്തില്‍ പൂവല്ല . തലകള്‍. നാക്കരിഞ്ഞ് പിളര്‍ത്തി വച്ച തലകള്‍. അവയ്ക്ക് നന്നേ പഴക്കമുണ്ട്. ചിലത് ഉണങ്ങി ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചിലവയുടെ വായും കണ്ണും തുന്നിക്കെട്ടിയിട്ടുണ്ട്.
തേവനാര്‍ പിന്തിരിഞ്ഞോടി .
ശ്രീകണ്ഠന്റെ പട അയാളെ പിടിച്ചു.
ചോരതൂവി തഴമ്പിച്ച ഒരു കഴുവേറ്റി കല്ലില്‍ നിന്ന് താഴെ വീണ തേവനാരുടെ തല അന്‍പ് എന്ന് മാത്രം പറഞ്ഞ് ഭൂമിയെ ചുംബിച്ചു. തേവനാരുടെ മഞ്ഞപ്പുതപ്പ് അവര്‍ കരിച്ചു കളഞ്ഞു. അതില്‍പിന്നെയാണ് തേവനാരുടെ പുതപ്പിന് നിറമില്ലാതെയായത്. ഉമ്മിണിച്ചിയെ കൊന്നിട്ടും അവളുടെ തല കഴുവേറ്റി കല്ലില്‍ ചതച്ചു രസായനമാക്കിയിട്ടും ശ്രീകണ്ഠന് വീര്യം കിട്ടിയില്ല. വായില്‍ മണ്ണ് വീഴുന്നതിന് മുമ്പ്, കഴുത്തൊടിയുന്നതിന് മുമ്പ് ഉമ്മിണിച്ചി മുത്ത് ഒളിപ്പിച്ചു വെച്ചു.
3.
മണ്ണ് വകഞ്ഞു മാറ്റി ചെമ്മരത്തി ആ മുത്ത് കുഴിച്ചിട്ടു. അടുത്ത ദിവസം ആല്‍ഡ്രിച്ച് ചെമ്മരത്തിയുടെ മുലക്കണ്ണുകളെ കുലുക്കി നോക്കി. മുത്ത് വീഴുന്നുണ്ടോ എന്നറിയാന്‍. മുത്ത് വീണില്ല.
പുറത്ത് മഴ പെയ്തു. മഴ തോരുന്നത് വരെ അവര്‍ കുടിച്ചു. ചെമ്മരത്തിയുടെയും ആല്‍ഡ്രിച്ചിന്റെയും ഉടലില്‍ നിറയെ പറങ്കിമാങ്ങയുടെ കറ ഒട്ടിക്കിടന്നു.
അന്ന് രാത്രി, ആല്‍ഡ്രിച്ച് വന്നതില്പിന്നെ ചെമ്മരത്തിയുടെ പുരയിലേക്ക് കേറാന്‍ കഴിയാതിരുന്ന കൂട്ടരില്‍ ചിലര്‍ അവളുടെ പുരയ്ക്കു പിന്നില്‍ മറഞ്ഞു നിന്നു. ചൂട്ട് പടര്‍ന്ന് മറയോലയില്‍ കേറിയിട്ടെ അവരവിടന്ന് പോയുള്ളു. അയിത്തം പറ്റിപോകുമെന്ന പേടിയില്‍ ഒരാള്‍ മാറിനിന്നിട്ടാണെങ്കിലും തീ കേറിയെന്ന് ഉറപ്പു വരുത്തിയിട്ടാണ് മടങ്ങിയത്.
ഉറങ്ങിക്കിടന്ന ആല്‍ഡ്രിച്ചിന്റെ നീളമുള്ള മുടിയിലാണ് തീ ആദ്യം പടര്‍ന്നത്. പിന്നെ അയാളുടെ തലയിലേക്ക് വീണുകിടന്ന ചെമ്മരത്തിയുടെ മുടിയിഴകളിലേക്കും അതിഴഞ്ഞുകേറി. ഉച്ചിയിലേക്ക് തീ കേറിയപ്പോളാണ് റാക്കിന്റെയും രതിയുടെയും ആലസ്യത്തില്‍ നിന്ന് അവര്‍ക്ക് ഒന്ന് കണ്ണുതുറക്കാനായത്. ഓലക്കീറു വീണ് പായ കത്തിത്തുടങ്ങി. മറയോലകള്‍ ഓരോന്നായി കത്തി അവരുടെ ഉടലുകളിലേക്ക് വീഴുമ്പോഴും അവര്‍ ചേര്‍ന്നുകിടക്കുകയായിരുന്നു. കാര്യം കഴിഞ്ഞോന്ന് ഉറപ്പാക്കാന്‍ ഏര്‍പ്പാടാക്കിയ കാര്യക്കാരന്‍ തമ്പി തിരിച്ചുവന്നപ്പോള്‍ മേല് നിറയെ തീക്കേറിയിട്ടും ചുംബിച്ചുകൊണ്ടേയിരുന്ന ആല്‍ഡ്രിച്ചിനെയും ചെമ്മരത്തിയെയും കണ്ട് തലതെറ്റി കാടുകയറി.
4.
ബിരിയാണി എങ്ങനെ ഇണ്ട് ? ലിന്റോ ചോദിച്ചു.
അഞ്ജു ഒന്നും പറഞ്ഞില്ല.
ഇനി എന്താ വേണ്ടേന്ന് പറഞ്ഞോ. പിന്നെ ചോദിച്ചില്ലാന്ന് പറയരുതേ.' ലിന്റോ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
'അതേയ് എന്തേലും വേണേല്‍ എനിക്ക് വാങ്ങിക്കാന്‍ അറിയാം.' അവള്‍ പറഞ്ഞു.
കെ.എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ഏറ്റവും താമസിച്ച്, വളഞ്ഞുപുളഞ്ഞെത്തുന്ന ഒരു ബസ്സില്‍ കയറിയാമതിയെന്ന് അഞ്ജുവാണ് പറഞ്ഞത്. ചുരത്തിനു കീഴെ മുടിക്കെട്ടുപോലെ കിടക്കുന്ന മരങ്ങളെ കാണണമെന്ന് അവനും. ബസ്സ് പുറപ്പെടുന്നതുവരെ അഞ്ജു ബസ്സിന് വെളിയിലേക്ക് തലനീട്ടി നോക്കിക്കൊണ്ടിരുന്നു. തനിക്ക് കാണാവുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ പരതി. ലിന്റോ തോറ്റവനെപ്പോലെ നോട്ടമെല്ലാം നിര്‍ത്തി അവളുടെ ചുമലിലേക്ക് ചേര്‍ന്ന് കിടന്നു. ബസ് പുറപ്പെട്ടപ്പോള്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു.
കോഴിക്കോട്ന്ന് രണ്ടു പേര്‍ ഇന്നലെ ബാവലിക്കരയില്‍ ബസ് ഇറങ്ങിയിട്ടുണ്ട്. എറണാകുളത്ത്ന്ന് രണ്ടു ജീപ്പ് ആളുകളാണ് അവരെ തിരക്കി കൊട്ടിയൂരില്‍ വന്നിറങ്ങിയത്. പിന്‍സീറ്റിനടിയില്‍ കാലിച്ചാക്കുകള്‍ക്കൊണ്ട് മറച്ചനിലയില്‍ വടിവാളുകളും മറ്റും കണ്ടവരുണ്ട്.
ഒറ്റ ചെരിപ്പ് മാത്രം ബാക്കിയാക്കി രണ്ടെണ്ണവും ബാവലിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഒരു ഓടക്കാട്ടില്‍ ചുംബിച്ച് നനഞ്ഞു കിടന്നപ്പോള്‍ അഞ്ജുവിന്റെ കയ്യിലാണ് മുത്ത് ഉടക്കിയത്. അവള്‍ അതെടുത്ത് ലിന്റോവിന് കൊടുത്തു. മണ്ണുപുരണ്ടിട്ടുണ്ടെങ്കിലും അതിന്റെ നിറം മങ്ങിയിട്ടുണ്ടായിരുന്നില്ല. വൈകുന്നേരത്തെ വെയിലില്‍ അവന്‍ അതില്‍ സൂര്യനെ കണ്ടു. പഴയ ആ മുത്ത് നോക്കി ഒരു കാരണവുമില്ലാതെ അവന്‍ കരഞ്ഞു.
അവള്‍ അവനെ ചേര്‍ത്ത് പിടിച്ചു. ഓടക്കാട്ടിനിടയ്ക്ക് നിന്നപ്പോള്‍ ആരാലും ഒരിക്കലും തുറക്കാന്‍ കഴിയാത്ത ഒരു കോട്ടയാണിതെന്ന് ലിന്റോക്ക് തോന്നി. കോട്ടയില്‍ ഒന്ന് രണ്ട് മണിക്കൂറുകള്‍ മാത്രമായിട്ടെങ്കിലും അവര്‍ രാജാവും രാജ്ഞിയുമായി.
ഇലപ്പടര്‍പ്പുകള്‍ക്കിടയിലേക്ക് മുത്ത് വലിച്ചെറിഞ്ഞ് അവളെയും കൂട്ടി അവന്‍ ബാവലിയിലേക്ക് നടന്നു കയറി. മീന്‍ കൊത്തിതിന്നിട്ടും ആറ്റില്‍ വീണ ഓടപ്പൂപോലെ കുതിര്‍ന്നിട്ടും ബാക്കി ഒന്നുമുണ്ടായില്ല. എറണാകുളത്തു നിന്നും പുറപ്പെട്ട അച്ഛന്‍ വീട്ടുകാരുടെ ജീപ്പ് മംഗലാപുരം എത്തിയതിനുശേഷമാണ് വാര്‍ത്ത കേട്ട് തിരിച്ചത്.
5
മുഷിഞ്ഞ ഒരു സായാഹ്നപത്രത്തിലെ വാര്‍ത്ത കണ്ട് ആവശ്യമില്ലാത്ത കഥകളുണ്ടാക്കുകയായിരുന്നു ഞാന്‍. അന്ന് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കടല് കാണാന്‍ പോവുകയും, കടലിലേക്ക് മണിക്കൂറുകളോളം നോക്കി നില്‍ക്കുകയും ചെയ്തു. നേരമിരുട്ടിയപ്പോള്‍ കടല്‍ത്തീരത്തു നിന്നുമെഴുന്നേല്‍ക്കുകയും വത്സരങ്ങള്‍ക്കപ്പുറത്തെ ഓരോര്‍മ്മയാല്‍ പ്രചോദിതനായി പുഴ മത്സ്യം വില്‍ക്കുന്ന ഒരു കടയിലേക്ക് നടക്കുകയും ചെയ്തു. ജീവിതത്തിന്റെ അര്‍ത്ഥം പറഞ്ഞുതരുന്ന അവയുടെ മൃതമായ കണ്ണുകളിലേക്കും തുറന്നുപിടിച്ച വായയിലേക്കും നോക്കി നിന്നു. അഴുകാത്ത കുറച്ചെണ്ണം തിരഞ്ഞെടുത്തത് വീട്ടിലേക്കു വാങ്ങി തിരിച്ചു നടന്നു.
ഇന്റര്‍ലോക്കിനിടയില്‍ വളര്‍ന്നുനിന്ന പുല്‍ച്ചെടികളെ പിഴുതുമാറ്റുന്നതിനിടെ കിട്ടിയ തിളക്കമുള്ള ഒരു കല്ലുമായി വീട്ടിലവളെന്നെ കാത്തിരിക്കുകയായിരുന്നു. ഞാന്‍ അത് വാങ്ങി നോക്കി. പഴയ വിവാഹആല്‍ബവും പാറ്റാഗുളികകളും ലോണിന്റെ മാസ തവണകളടച്ചു തീരാത്തതുകൊണ്ടു വന്ന പഴയ കാര്‍ഡുകളും മാത്രമുള്ള ഒരു മേശവലിപ്പില്‍ വച്ചു. അന്ന് എന്തുകൊണ്ടെന്നറിയില്ല, വിവാഹത്തിന്റെ ആദ്യ മാസങ്ങള്‍ക്കുശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം ചുവരിനുനേരെ തിരിഞ്ഞു കിടന്നുറങ്ങാതെ ഞാന്‍ അവളെ നോക്കി കിടന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാനവളെ ചുംബിച്ചു. നരച്ചു മുടിനാരുകള്‍ വീണ എന്റെ നെറ്റിയില്‍ അവളും.പിന്നീട് രാവേറെയോളം വിലപ്പെട്ട ഏതോ കളിപ്പാട്ടം കിട്ടിയതുകൊണ്ട് ഉറങ്ങാനാവാത്ത ഒരു കുട്ടിയെപ്പോലെ ഞങ്ങള്‍ ആ പഴയ വിവാഹ ആല്‍ബം മറിച്ച് നോക്കികൊണ്ടേയിരുന്നു.