Malayalam Short Story : ബല്‍ക്കീസിന്‍റെ സ്വന്തം ജിന്ന്, ഗീത നെന്‍മിനി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 31, 2023, 3:37 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ


 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

 

''കസ്തുരി തൈലമിട്ടു മുടി മിനുക്കി
മുത്തോട് മുത്തുവെച്ച വള കിലുക്കി''

ഈ പാട്ട് കേള്‍ക്കുമ്പോള്‍ ബല്‍ക്കീസും ഒന്‍പതാം ക്ലാസ് ബിയും സ്വിച്ചിട്ട പോലെ ഉള്ളില്‍ തെളിയും. കൈ നിറയെ കുപ്പിവളയിടുന്ന നുണക്കുഴി കവിളുള്ള  മൊഞ്ചത്തി ബല്‍ക്കീസ്. പദ്മാവതി ടീച്ചര്‍ അവളോട് മാത്രമേ തോറ്റു പിന്മാറിയിട്ടുള്ളു. ഒരു ചോദ്യത്തിനും അവള്‍ ഉത്തരം പറയുകയില്ല. ദേഷ്യപ്പെട്ടാലും ചിരിച്ചു കൊണ്ടിരിക്കും. താടിക്ക് കൈകൊടുത്തു ടീച്ചറെതന്നെ നോക്കിയിരിക്കുന്ന ബല്‍ക്കീസിന് സംസാരവും കുറവായിരുന്നു.

അങ്ങിനെ ഇരിക്കുമ്പോഴാണ് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായത്.

സ്‌കൂളില്‍ എത്തുന്നതിനു മുന്‍പുള്ള  ഇടവഴിയില്‍ നിന്നും ഒരു നായക്കുട്ടി അവളുടെ കൂടെ നടക്കാന്‍ തുടങ്ങി. അവള്‍ സ്‌കൂളിന്‍റെ ഗേറ്റ് കടന്നാല്‍ അത് തിരിച്ച് ഓടിപ്പോവും. കറുത്ത കണ്ണുകളും നല്ല വെളുത്ത നിറവുമുള്ള നായക്കുട്ടി എന്നും അവളുടെ കൂടെ ഉണ്ടാവും.. അത് പിന്നാലെ വരുന്നത് എന്തിനാണെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ബല്‍ക്കീസും നായ്ക്കുട്ടിയും ക്ലാസ്സില്‍ ചര്‍ച്ചാവിഷയമായി..

ഒരു ദിവസം ബല്‍ക്കീസ് ഞങ്ങള്‍ കൂട്ടുകാരോട് ഒരു രഹസ്യം പറഞ്ഞു.

'ഈ നായ്ക്കുട്ടി ആരാണെന്നറിയോ? ജിന്നാണ്. എന്നോട് ഇഷ്ടമായിട്ട് വരുന്നതാ. ജിന്നിന് പകല് ജന്തുക്കളെ കോലത്തിലെ വരാന്‍ പറ്റു...'

'അപ്പോള്‍ രാത്രീലോ' ഉഷക്കൊരു സംശയം.

ബല്‍ക്കീസിന്‍റെ മുഖം തുടുത്തു. കണ്ണുകള്‍ തിളങ്ങി.

'രാത്രീല് വെള്ളാരം കണ്ണും ചുരുണ്ട മുടിയുമുള്ള ഒരാളാ.'

'നീ കണ്ടോ?'

'ജനലിന്‍റെ അപ്പുറത്ത് ഒരു നോക്ക് കണ്ടു.'

മിണ്ടാപൂച്ചയായിരുന്ന ബല്‍ക്കീസ് അന്ന് മുതല്‍ തുരുതുരെ വര്‍ത്തമാനം പറയാന്‍ തുടങ്ങി. ഒഴിവ് സമയം കിട്ടിയാല്‍ ഞങ്ങള്‍ അവളുടെ ചുറ്റിലും കൂടിയിരിക്കും. ജിന്നിന്‍റെ വരവ് വെള്ളിയാഴ്ചകളില്‍ ആയിരുന്നത്രെ. ജിന്നിന് അവളോടുള്ള ഇഷ്ടവും അവരുടെ കൊച്ചു വര്‍ത്തമാനങ്ങളും ചിരിച്ചും നാണിച്ചും അവള്‍ പറഞ്ഞു ഫലിപ്പിക്കും.

പതിനാല് വയസ്സുകാരികളുടെ മനസ്സില്‍ അപരിചിതവും എന്നാല്‍ ആകര്‍ഷകവുമായ ഏതോ വികാരത്തിന്‍റെ വേലിയേറ്റമുണ്ടാവും.

'ജിന്ന് നിന്നെ തൊട്ടിട്ടുണ്ടോ, ബല്‍ക്കി.'

ഇന്ദിരക്കൊരു സംശയം. മറുപടി പറയാതെ നുണക്കുഴികള്‍ വിടര്‍ത്തി അവള്‍ ചിരിക്കും.

ജിന്നും ബല്‍ക്കിയും പ്രേം നസീറും ഷീലയുമായി മാറുന്ന പ്രണയരംഗങ്ങള്‍ മനസ്സില്‍ കണ്ട് ഞങ്ങളും ചിരിക്കും.

വെള്ളിയാഴ്ചകളില്‍ അവള്‍ ജിന്നിനോടൊപ്പം പറന്ന് നടക്കും. നിലാവുകൊണ്ടുള്ള തട്ടവും  നക്ഷത്രകമ്മലുകളും ജിന്ന് അന്നവള്‍ക്ക് സമ്മാനിക്കുമത്രേ. അങ്ങനെ അവള്‍ കഥകളുടെ രാജകുമാരിയായായി വിരാജിക്കുന്ന സമയത്താണ് നോമ്പ് കാലം വന്നത്.

അപ്പോള്‍ അവള്‍ വൈകീട്ട്  വീട്ടിലെത്തി നോമ്പ് തുറക്കുന്നതുവരെ ഒന്നും കഴിക്കുകയില്ല. നോമ്പ് തുടങ്ങി നാല് ദിവസം കഴിഞ്ഞു. നായക്കുട്ടിയെ അവളുടെ കൂടെ വരാതായി. അതിനെ കാണാനേ ഇല്ലായിരുന്നു. ജിന്ന് നോമ്പിന്‍റെ ക്ഷീണം കൊണ്ട് വരാത്തതാണെന്നാണ് ബല്‍ക്കീസ് പറഞ്ഞത്. അവള്‍ ദിനംപ്രതി ക്ഷീണിതയായി കാണപ്പെട്ടു.

ആയിടക്കാണ് സ്‌കൗട്ടിന്‍റെ  ഒരാഴ്ചത്തെ ക്യാമ്പ് കഴിഞ്ഞ് രേണുക തിരിച്ചെത്തിയത്. മൈസൂര്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ അവളുടെ ഒപ്പം കൂടി. നോമ്പ്കാലം കഴിഞ്ഞ് ബല്‍ക്കിയുടെ ജിന്നിന്‍റെ കഥകള്‍ കേള്‍ക്കാമെന്നു കരുതി.

ഒരാഴ്ച്ച കഴിഞ്ഞു. ബല്‍ക്കീസിന്‍റെ പൊട്ടിക്കരച്ചില്‍ കേട്ട്  ക്ലാസ്സ് ഞെട്ടി. ജിന്ന് നായയുടെ രൂപത്തില്‍ വന്ന കഥ കേട്ടു പദ്മാവതി ടീച്ചര്‍ അമ്പരന്ന് പോയി.

ടീച്ചര്‍ നല്ല ബുദ്ധിമതിയായിരുന്നു. തിരിച്ചും മറിച്ചും അവര്‍ ബല്‍ക്കീസിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഒരു കാര്യമറിഞ്ഞത്. നായയെ കണ്ട ആദ്യ ദിവസം തന്നെ ലഞ്ച് ബോക്‌സ് തുറന്നു വറുത്ത മീന്‍ തിന്നാന്‍ ഇട്ടുകൊടുത്തിരുന്നു. മണം പിടിച്ച് അത് ദിവസവും കൂടെ കൂടി. നോമ്പ് കാരണം മീന്‍ കിട്ടാതായപ്പോള്‍ നായക്കുട്ടി അതിന്‍റെ വഴിക്ക് പോയി.

ഇതെഴുതുമ്പോള്‍ മനസ്സുകൊണ്ട് ടീച്ചറെ നമിക്കുന്നു. ബല്‍ക്കീസിനെ അവര്‍ വഴക്ക് പറഞ്ഞില്ല. മറിച്ച് കഥകള്‍ പറയാനുള്ള അവളുടെ കഴിവിനെ, വാക്കുകള്‍ കൊണ്ട് മായാപ്രപഞ്ചം തീര്‍ക്കാനുള്ള വൈദഗ്ദ്ധ്യത്തെ അനുമോദിക്കുകയാണ് ടീച്ചര്‍ ചെയ്തത്. കൂടാതെ ചെറുകഥാ മത്സരത്തിന് ടീച്ചര്‍ അവളുടെ പേര് കൊടുത്തു. അവളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്തു.

അവള്‍ പോലും അറിയാതിരുന്ന ഉള്ളിലെ ഭാവനക്ക് പറന്നുല്ലസിക്കാന്‍ ഒരാകാശം മുഴുവന്‍ തീറെഴുതി കൊടുത്ത പത്മാവതി ടീച്ചറെ ബല്‍ക്കീസ് ആദരിച്ചത് ആദ്യത്തെ ചെറുകഥാ സമാഹാരം സമര്‍പ്പിച്ച് കൊണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ബല്‍ക്കീസിനെ കണ്ടപ്പോള്‍ അവളുടെ മടിയില്‍ കറുത്ത കണ്ണുകളുള്ള വെള്ളപഞ്ഞിക്കെട്ട് പോലുള്ള ഒരു നായക്കുട്ടി ഉണ്ടായിരുന്നു.

'ഇത് ഏത് ജിന്നാണ് ബല്‍ക്കി'-  എന്ന് ചോദിക്കാതിരിക്കാനായില്ല.

'ഇതല്ലേ എന്‍റെ സ്വന്തം ജിന്ന്' എന്നു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!