Malayalam Short Story: അമേയയുടെ അമ്മമ്മ, ഗീത നെന്‍മിനി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Feb 23, 2023, 2:35 PM IST


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 


'അപ്പോള്‍  ആകാശത്തിന് പച്ചകലര്‍ന്ന മഞ്ഞ നിറമായിരുന്നു. ശരിക്കും പുന്നെല്ല് വിളഞ്ഞു കിടക്കുന്ന പാടം പോലെ... അന്നേരമായിരുന്നു എനിക്ക് ചിറകുകള്‍ മുളച്ചത്... ഞാന്‍ ദേഹം ഉപേക്ഷിക്കുകയാണെന്ന്  തോന്നുന്നു. എനിക്ക് മനസ്സിലാവുന്നു. ജീവന്‍ ഒരു കുഞ്ഞു പക്ഷിയെ പോലെയാണ്. ചെറുതും കരുത്താര്‍ന്നതുമായ ചിറകുകള്‍ വിടര്‍ത്തി ചക്രവാളത്തിനപ്പുറത്തുള്ള കാണാക്കാഴ്ചകളിലേക്ക് വ്യഗ്രതയോടെ കുതിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞു പക്ഷി.'

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ അതി കഠിനമായൊരു വയറുവേദന വന്ന് താഴോട്ടിറങ്ങി അമേയയുടെ കയ്യില്‍ നിന്നും പേന വീണുപോയി. നെഞ്ചില്‍ ഒരു കുഞ്ഞുപക്ഷി തെരുതെരെ ചിറകുകുടഞ്ഞു. ഭസ്മമണമുള്ളൊരു കാറ്റ് അവളെ പൊതിഞ്ഞു. ഭയം നിറഞ്ഞ മനസ്സോടെ അവള്‍ ഓടാന്‍ തുടങ്ങി.

എത്ര ദൂരങ്ങള്‍ താണ്ടിയെന്ന് അവള്‍ക്കോര്‍മ്മയുണ്ടായില്ല. എത്തിച്ചേര്‍ന്ന വലിയ മതില്‍ക്കെട്ടിനകത്തേക്ക് ആശങ്കയോടെ കടന്നു ചെന്നു. നിറയെ വാതിലുകളും ജനലുകളും ഉള്ള പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന വെളിച്ചം നിറഞ്ഞൊഴുകുന്ന വലിയൊരു വീട് അവളെ സ്വാഗതം ചെയ്തു.

മുന്നില്‍ ചിരിച്ചു കൈകള്‍ നീട്ടിനില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അമ്മമ്മ എന്ന് വിതുമ്പിക്കൊണ്ട് അടക്കാനാവാത്ത ആനന്ദത്തോടെ അവരെ ഇറുകെ പുണര്‍ന്നു. പിയേഴ്സ് സോപ്പിന്‍റെ സുഗന്ധം അവള്‍ക്ക് അനുഭവപ്പെട്ടു. അമ്മമ്മ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

'ഇന്ന് അമ്മു വരുമെന്ന് അറിയാമായിരുന്നു. കുട്ടിക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.'

'അമ്മമ്മ എവിടെ പോയതാ? എത്രകാലമായി കണ്ടിട്ട്? അമ്മൂനെ മറന്നുല്ലെ'

അമ്മമ്മ അവളെ വാത്സല്യത്തോടെ നോക്കിക്കൊണ്ടിരുന്നു.

'കുട്ടി വലുതായി. അമ്മമ്മ പോവുമ്പോള്‍ പതിനൊന്ന് വയസ്സായിരുന്നു. അന്ന് പറഞ്ഞ് തന്ന കഥകളൊക്കെ ഓര്‍മ്മയുണ്ടോ അമ്മൂന്.'

'ആ കഥകള്‍ എഴുതിയാണ് ഞാന്‍ ഒരു എഴുത്തുകാരിയായത്. അമ്മമ്മയുടെ മടിയില്‍ ഇരുന്നാണ് ഇന്നും എഴുതുന്നത്.' - അമേയയുടെ കണ്ണുകള്‍ നിറഞ്ഞു.

'ഇനി ഞാന്‍ ഇവിടെ താമസിക്കും. അമ്മമ്മേടെ അടുത്ത്.'

'അതുപറ്റില്ല  അമ്മൂ. കുട്ടിക്ക് ഇങ്ങോട്ട് വരാനുള്ള സമയമായിട്ടില്ല. ഈ ഒരു ദിവസം ഇവിടെ ഇരുന്നു നാളെ തിരിച്ചുപോണം.'

സങ്കടം വന്നെങ്കിലും ഈ ഒരു ദിവസമുണ്ടല്ലോ എന്ന് അവള്‍ സന്തോഷിച്ചു.

ഇളവെയിലും  കുളിര്‍കാറ്റും ഒരുമിച്ചു  കണ്ണുപൊത്തിക്കളിക്കുന്ന ഇടം. പച്ച കലര്‍ന്ന മഞ്ഞ നിറത്തില്‍ ആകാശം, കൈനീട്ടിയാല്‍ തൊടാവുന്നത്ര അടുത്ത്. രാത്രിയില്‍ അവളെ ചേര്‍ത്തണച്ച് അമ്മമ്മ പറഞ്ഞു.

'മോളിലേക്ക് നോക്കൂ, എന്തൊരു ചന്തം.'

ശരിയാണ്. നിലാവിന്‍റെ പുതപ്പിനിടയിലൂടെ നക്ഷത്രക്കുഞ്ഞുങ്ങള്‍ അവളെ നോക്കി ചിരിച്ചു. സുഗന്ധവും തണുപ്പുമുള്ള വിശറികൊണ്ട് വീശി ഇളംകാറ്റ് അവളുടെ ഉടലും ഉള്ളവും തണുപ്പിച്ചു. അമ്മു, അമ്മമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിപ്പോയി.

പ്രഭാതത്തില്‍ വണ്ടുകള്‍ മൂളുന്നത് പോലെയുള്ള ശബ്ദം കേട്ടാണ് അമേയ ഉണര്‍ന്നത്.

കണ്ണ് തുറന്നപ്പോള്‍ അമ്മയും അച്ഛനും. അവര്‍ കരയുന്നതെന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായില്ല. അമ്മേ എന്ന് വിളിക്കാന്‍ ആഞ്ഞപ്പോള്‍ വായിലും മൂക്കിലും ട്യൂബ്. കാലുകളും കൈകളും മരവിച്ചപോലെ അനങ്ങുന്നില്ല. അമ്മമ്മയുടെ  മടിയില്‍ നിന്നും എവിടേക്കാണ് എടുത്തെറിയപ്പെട്ടത്. മങ്ങിയപ്രകാശം നിറഞ്ഞ വഴികളിലൂടെ  തിരിച്ചു നടന്ന് അമ്മമ്മയുടെ അടുത്തെത്തെത്താന്‍ കൊതിച്ച് അവള്‍ കണ്ണുകള്‍ അടച്ചു.

ഡോക്ടര്‍ ആശ്വാസത്തോടെ അമേയയെ നോക്കി. നിര്‍ണ്ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ അവള്‍ തരണം ചെയ്തു കഴിഞ്ഞു.

അവസാനത്തെ അത്താഴം അവളെ എത്തിച്ചത് മരണത്തിന്‍റെ താഴ്വരയിലായിരുന്നു. ഒരാഴ്ച്ചയോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം അമേയ വീട്ടിലേക്ക് തിരിച്ചെത്തി.

കഥ എഴുതികൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ അതികഠിനമായ വയറുവേദന അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞു.  പക്ഷെ, ഏതോ ഒരു ഓര്‍മ്മ, നനുത്ത തൂവല്‍ സ്പര്‍ശം പോലെ അവളെ തലോടിക്കൊണ്ടിരുന്നു. അവസാനം എഴുതിയ വരികളിലൂടെ അമേയ കണ്ണോടിച്ചു.

'അപ്പോള്‍  ആകാശത്തിന്  പച്ചകലര്‍ന്നമഞ്ഞ നിറമായിരുന്നു. ശരിക്കും പുന്നെല്ല് വിളഞ്ഞ് കിടക്കുന്ന പാടം പോലെ..'

പൊടുന്നനെ പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള ആകാശം കണ്ട ഓര്‍മ അവളില്‍ നിറഞ്ഞു. അപ്പോള്‍ അരികില്‍ ആരോ ഉണ്ടായിരുന്നു എന്ന് മാത്രമേ ഓര്‍ക്കാനായുള്ളൂ. എത്ര ശ്രമിച്ചിട്ടും അതാരെന്ന് മനസ്സിലായില്ല. പിന്നീടൊരിക്കലും അവള്‍ക്കത്  ഓര്‍ക്കാനുമായില്ല.  ഓര്‍മ്മയ്ക്കും മറവിയ്ക്കും ഇടയിലാവാം മാഞ്ഞുപോകുന്ന മനുഷ്യര്‍ അടയാളപ്പെട്ട് കിടക്കുന്നത്.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!