ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിയ ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നാലാമത്തെ നിലയിലായിരുന്നു എഡിറ്ററുടെ മുറി. ഒരല്‍പം പഴകിയ തന്റെ നീല ജാക്കറ്റ് വലിച്ചു ചേര്‍ത്ത് ശരീരത്തിനോട് അടുപ്പിച്ച ശേഷം അവള്‍ ലിഫ്റ്റിനുനേരെ നടന്നു. തലേന്ന് നന്നായി ഉറങ്ങാത്തത് കൊണ്ടാവണം കണ്‍തടങ്ങളില്‍ കറുപ്പ് പടര്‍ന്നിരുന്നു. ഒരുപാട് ദൂരം ചവിട്ടി മെതിച്ചത് കൊണ്ട് ഹീല്‍ ഷൂസിന്റെ അടിഭാഗം നന്നായി തേഞ്ഞു തുടങ്ങിയിരുന്നു.
ഇന്ന് കാലത്ത് നടക്കാനിരിക്കുന്ന എഡിറ്ററുമായുള്ള ഈ കണ്ടുമുട്ടലില്‍, തന്റെ എഴുത്തു ജീവിതത്തിന് ഒരു പച്ചപ്പുണ്ടാകുമോ ഇല്ലയോ എന്ന് അറിയാന്‍ കഴിയും, അങ്ങനെ മനസ്സില്‍ ഒരുപാട് ഭാരങ്ങള്‍. ഭാഷ അറിയാത്ത ഈ നാട്ടില്‍ വന്ന്, അന്യഭാഷയില്‍ ഒരു എഴുത്തുകാരി ആകാന്‍, ആഗ്രഹിച്ചതിനും അതിനുള്ള ശ്രമത്തിനും ഒരുപക്ഷേ ഒരു ഉത്തരം ഇന്ന് ലഭിച്ചേക്കും.
മനസ്സില്‍ ചിന്തകള്‍ വലകെട്ടിയപ്പോഴും അവള്‍ മുന്നോട്ടു നടന്നു. ലിഫ്റ്റിന് അടുത്തെത്തിയ ശേഷം, ഒരു ബട്ടന്‍ അമര്‍ത്തി അതിന്റെ വരവിനായി കാത്തിരുന്നു. ലിഫ്റ്റ് വന്നു ഏതോ മാന്ത്രിക ലോകത്തേക്കുള്ള ജാലകം തുറക്കുന്നത് പോലെ അതിന്റെ വാതിലുകള്‍ താനേ തുറന്നു. മുഷ്‌ക്ക് മണമുള്ള നരച്ച ഗ്രേ കോട്ട് ധരിച്ച് ഒരു വൃദ്ധന്‍ അതില്‍ നിന്ന് ഇറങ്ങി. ധൃതിയില്‍ ലിഫ്റ്റിലേക്ക് അവള്‍ കയറിയപ്പോള്‍ ഹീല്‍ ചെരുപ്പ് നിലത്തു ഉരയുമ്പോള്‍ ഉണ്ടാകുന്ന അരോചകമായ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി നിന്നു.
നാലാം നിലയെത്തിയെന്നു അറിയിക്കുവാന്‍ ലിഫ്റ്റില്‍ ലൈറ്റ് മിന്നി. മാന്ത്രിക വാതിലുകള്‍ പിന്നെയും തുറന്നപ്പോള്‍ അവള്‍ ചാടി ഇറങ്ങി. വളരെ ഇടുങ്ങിയ ഒരു പാത. അതിന്റെ ഇരുവശത്തുമായി കുറെ മുറികള്‍. റൂം നമ്പര്‍ 312 ലക്ഷ്യം വെച്ച് അവള്‍ നടന്നു. ഒരു തടി വാതിലിന്റെ മുന്നിലെത്തിയപ്പോള്‍ ആ ബോര്‍ഡ് അവള്‍ ഒന്നൂടെ വായിച്ചു.
ദി സ്പ്രിങ് മാഗസിന്‍ എഡിറ്റര്‍.
അതെ, ഒരുപക്ഷേ തന്റെ എഴുത്ത് ജീവിതത്തിലെ ഒരു വഴിത്തിരിവാകാന്‍ സാധ്യതയുള്ള സ്പ്രിങ് മാഗസിന്‍.
ഡോറില്‍ മെല്ലെ ഇരുവിരലുകളുടെ മറുഭാഗം കൊണ്ട് അവള്‍ കൊട്ടി. ആ ശബ്ദം പോരാ എന്ന് തോന്നിയപ്പോള്‍, കൈപ്പത്തി തുറന്നു ആഞ്ഞടിച്ചു. അകത്തു നിന്നും നേരിയ ശബ്ദത്തില്‍ അകത്തേക്ക് വരാന്‍ ആരോ പറയുന്ന കേട്ടു അവള്‍ വാതില്‍ തള്ളി തുറന്നു.
മഞ്ഞ വെളിച്ചം നിറഞ്ഞ ഒരു മുറി, കത്തിയെരിയുന്ന സിഗററ്റിന്റെ മണം എങ്ങും ഉണ്ടായിരുന്നു. നീലച്ചുവരുകളില്‍ പ്രശസ്തരായ എഴുത്തുകാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. ഒരു കറങ്ങുന്ന കസേരയില്‍ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന, നരച്ച താടിയുള്ള സായിപ്പ്. ചുണ്ടില്‍ തേച്ചിരുന്ന ചുവന്ന ലിപ്സ്റ്റിക്കിനിടയിലൂടെ ഒരു ചിരി വിടര്‍ത്തുവാന്‍ അവള്‍ ശ്രമിച്ചു. ഇരിക്കാനായി കണ്ണ് കാണിച്ചുകൊണ്ട് ആ ശ്രമത്തെ അയാള്‍ തടഞ്ഞു.
ഇത്തവണത്തെ സ്പ്രിംഗ് മാഗസിന്‍ എഡിഷനില്‍ എഴുത്തുകാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടാണ് താന്‍ വന്നതെന്നും. എഴുത്തില്‍ തനിക്ക് അക്കാദമിക് യോഗ്യതകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, കുറച്ച് ലോക്കല്‍ മാഗസിനുകളില്‍ തന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട് എന്നും അവള്‍ വ്യക്തമാക്കി.
എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശേഷം അയാള്‍ പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ക്ക് സാഹിത്യ കോളത്തില്‍ എഴുതാന്‍ ഒരു എഴുത്തുകാരിയുടെ ആവശ്യമില്ല. എന്നാല്‍ മറ്റൊരു റൈറ്റര്‍ പിരിഞ്ഞു പോയിട്ടുണ്ട്. മൈ ഡീപെസ്റ്റ് ഡാര്‍ക്കസ്റ്റ് തോട്‌സ്' എന്ന കോളമാണ് അയാള്‍ കൈകാര്യം ചെയ്തിരുന്നത്., '
അവിടെയുണ്ടായിരുന്ന ഒരു മാഗസിന്‍ അവള്‍ക്ക് നേരെ വെച്ച് നീട്ടിയിട്ട്
'താന്‍ ഒന്ന് വായിച്ചു നോക്കൂ, തന്നെ കൊണ്ട് പറ്റുമോ എന്ന് പറയൂ, റെഡിയാണെങ്കില്‍ അടുത്ത പ്രാവശ്യം കാണാന്‍ വരുമ്പോള്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി തയ്യാറാക്കി കൊണ്ടുവരൂ.'
അവളുടെ മനസ്സ് അപ്പോഴേക്കും ഇളകിയിരുന്നു. ഭൂചലനം കഴിഞ്ഞ് വിണ്ടുകീറുന്ന ഭൂമിയെ പോലെ. അവളുടെ ആത്മാഭിമാനം വ്രണപ്പെട്ടു. ആ കോളം ഒരു സോഫ്റ്റ് പോണ്‍ മോഡല്‍ എഴുത്താണ്. കൂടുതലും എഴുത്തുകാരുടെ പേര് വയ്ക്കാത്ത ഗോസ്റ്റ് റൈറ്റിംഗ്. തന്റെ സ്വപ്നങ്ങള്‍, കരിഞ്ഞു തുടങ്ങിയതുപോലെ അവള്‍ക്ക് തോന്നി. ഒരുപക്ഷേ താന്‍ രക്ഷപ്പെട്ടേക്കുമെന്ന ചിന്തയുടെ അഗ്‌നിയെ ഒരു നിമിഷം കൊണ്ട് ആ സായിപ്പ് വെള്ളം ഒഴിച്ചു കെടുത്തി.
എങ്കിലും അവള്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞില്ല.
'ഞാനൊന്നു ശ്രമിക്കട്ടെ സാര്‍ രണ്ടുദിവസം കഴിഞ്ഞ് വരാം.'
വന്ന ഉത്സാഹത്തോടെ അല്ല അവള്‍ തിരികെ നടന്നു പോകുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി.
വാടക വീട്ടിലേക്ക് ഉള്ള ബസ്സില്‍ കയറി. പക്ഷെ അവളുടെ മനസ്സ് മുഴുവന്‍ എഴുത്തായിരുന്നു. എന്താണ് എഴുതുക? അങ്ങനെയുള്ള കഥകള്‍ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. മറ്റാരെങ്കിലും പറഞ്ഞത് എന്നുള്ള രീതിയില്‍, ശരാശരി ഒരു മനുഷ്യനെ ഇക്കിളിപ്പെടുത്താന്‍ ഉള്ള ഒരു ഫോര്‍മുല എഴുതി ശരിയാക്കിയാലോ .അങ്ങനെ ഒത്തിരി ചിന്തകള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി.
ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ തെരുവില്‍ ഉടനീളം പൂത്തു നില്‍ക്കുന്ന വെള്ള പൂമരങ്ങളെ അവള്‍ നോക്കി. അതിലെ പൂക്കള്‍ മരത്തില്‍ നില്‍ക്കുമ്പോള്‍ ഭയങ്കര ഭംഗിയുള്ളവയായി തോന്നി. റോഡിലേക്ക് വീണു കഴിയുമ്പോള്‍ അവ ഭംഗിയുണ്ടെങ്കില്‍ പോലും ശല്യമായും തോന്നും. പ്രത്യേകിച്ച് വൃത്തിയാക്കുന്ന കാര്യം വരുമ്പോള്‍. എല്ലാ വസ്തുക്കളും അങ്ങനെ ആണ്.
രണ്ട്
വീട്ടിലേക്കുള്ള വഴിയിറമ്പിലാണ് അടുത്ത വീട്. അവിടെ എത്തിയപ്പോള്‍ അടുത്തുള്ള വീട്ടിലേക്ക് അവള്‍ വെറുതെ നോക്കി.
ജനാലയ്ക്ക് അരികിലായി നില്‍ക്കുന്നു, മാര്‍ത്ത. ഹംഗറിക്കാരിയാണ്, ഭര്‍ത്താവുമായി ഇവിടേക്ക് കുടിയേറിയിട്ട് 20-25 വര്‍ഷമായി. പ്രായം കണ്ണിനു താഴെ കറുപ്പും ചുറ്റിനും ചുളിവുകളും നല്‍കിയപ്പോഴും ആ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയില്ല .ആരെയും മയക്കുന്ന ചിരി. ഉയര്‍ന്ന നെറ്റിത്തടം. നീല കണ്ണുകളെ മുക്കാലും മറയ്ക്കുന്ന കണ്‍പീലികള്‍. അവള്‍ ചിരിക്കുമ്പോള്‍ വെള്ള മുത്തുകള്‍ പോലെ ഉള്ള പല്ലുകള്‍ തിളങ്ങി നിന്നു.
മാര്‍ത്തയുടെ ഭര്‍ത്താവ് ജോസഫ് ഒരു പരുക്കനായിരുന്നു. ഒരിക്കല്‍ മാത്രമാണ് അയാളോട് സംസാരിച്ചിരുന്നത്. അവരുടെ മകന്റെ പിറന്നാള്‍ ആഘോഷത്തിന് ചെന്നിരുന്നപ്പോള്‍. അന്ന് തന്നെ മനസിലായിരുന്നു മാര്‍ത്ത വല്ലാത്ത ഒരു അവസ്ഥയില്‍ ആണ് എന്നത്. എല്ലാം തികഞ്ഞ ജീവിതം, എന്നാല്‍ ആഗ്രഹങ്ങള്‍ മനസിലാകാത്ത ഭര്‍ത്താവ് എന്ന ക്ലീഷേ അവസ്ഥ.
കൗതുകം സഹിക്കാന്‍ ആവാതെ അവള്‍ റോഡില്‍ നിന്ന് ആ വീടിന്റെ ജനലിലൂടെ അകത്തേക്ക് നോക്കി. മാര്‍ത്ത ജനലരികില്‍ തന്നെ ഉണ്ട്. അവളെ പുറകില്‍ നിന്നും വാരി പുണരുന്ന ആരോ.
'അത് ജോസഫ് അല്ല തീര്‍ച്ച'-അവളുടെ ആത്മഗതം ഉറക്കെ ആയി.
അവള്‍ വേഗം സ്വന്തം വീട്ടിലേക്ക് കയറി എന്നിട്ടു മാര്‍ത്തയുടെ വീട് കാണാന്‍ പാകത്തിന് ഒരു ബൈനോക്കുലര്‍ പിടിച്ച് ഉറ്റുനോക്കി. അതെ അത് ജോസഫ് അല്ല, മറ്റൊരു പുരുഷന്‍ തന്നെ. ഇത്രയും ഭംഗിയോടെ വാരിപ്പുണരാന്‍ അയാള്‍ക്കറിയാന്‍ വഴിയില്ല.
സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി. രണ്ടു വീട് അപ്പുറത്തുള്ള അറബി, ഹുസൈനിന്റെ പിതാവ്. ഇവര്‍ എങ്ങനെ? -അവള്‍ ഓര്‍ത്തു.
സ്വയം മതിമറന്ന് ഉന്മാദത്തില്‍ ആഴുന്ന മാര്‍ത്തയെ കണ്ടവള്‍ പുഞ്ചിരിച്ചു.
ജോസഫ് ഉള്ളപ്പോള്‍ കാര്യം കഴിഞ്ഞു തിരിഞ്ഞു കിടക്കും എന്നവള്‍ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്നിപ്പോള്‍ ഭാഷ അറിയാത്ത രണ്ടുപേര്‍ ആഗ്രഹങ്ങള്‍ പറയാതെ അറിഞ്ഞു പരസ്പരം ആസ്വദിക്കുന്നു. ഹുസൈനിന്റെ അച്ഛന് ഒരക്ഷരം ഇംഗ്ലീഷ് അറിയില്ല, മാര്‍ത്തയക്ക് അറബിയും. പിന്നെ എങ്ങനെ?
മനസ്സില്‍ ചിന്തകള്‍ കുമിഞ്ഞു കൂടിയപ്പോള്‍ അവള്‍ പേനയെടുത്തു എഴുതി.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം, മഞ്ഞ വെളിച്ചമുള്ള നീലച്ചുവരുകളില്‍ സാഹിത്യകാരന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ട ആ മുറിയില്‍ ഇരുന്നു എഡിറ്റര്‍ അവളോട് പറഞ്ഞു.
'അതിഗംഭീരം. പ്രണയദാഹി ആയ സ്ത്രീയുടെ കഥയില്‍ സ്‌നേഹത്തിനും കാമത്തിനും ഭാഷയില്ല എന്ന ചേര്‍ക്കല്‍ ഗംഭീരം.'
അവള്‍ മെല്ലെ ചിരിച്ചെന്നു വരുത്തി. ഒരു സ്ത്രീയുടെ പ്രണയദാഹം മാര്‍ക്കറ്റ് ഉള്ള വിഷയം ആണ് പോലും. അവളുടെ മനസ്സില്‍ അറപ്പ് പതഞ്ഞു പൊങ്ങി.
മൂന്ന്
നല്ല തലവേദനയുണ്ടായിരുന്നു. 'അന്നത്തെ കൂലി'യും വാങ്ങിയുള്ള നടത്തത്തില്‍, തലയുടെ പുറകില്‍ നിന്നും മുന്നിലേക്ക് പിളരുന്ന വേദന അനുഭവപ്പെട്ടു.
രാവിലെ മുതല്‍ പരീക്ഷണത്തിനായി പോയാല്‍ 300 ഡോളര്‍ കിട്ടും. അത് കൊണ്ട് തന്നെ ആ അവസരം അവള്‍ പാഴാക്കിയില്ല.
വീട്ടിലേക്ക് എത്തിയപ്പോള്‍ അവള്‍ ലെറ്റര്‍ ബോക്‌സ് തുറന്നു. കത്തുകള്‍ ഒന്നുമില്ല. സ്പ്രിംഗ് മാഗസിന്‍ ഒരു മൂലയില്‍ കിടക്കുന്നു. വീട്ടിലേക്ക് കേറി ചായ ഉണ്ടാക്കാനായി കെറ്റിലില്‍ വെള്ളം വച്ചു.
സ്പ്രിംഗ് മാഗസിന്‍ തുറന്നു. അതില്‍ ആ പരസ്യം. എഴുത്തുകാരെ ആവശ്യം ഉണ്ട്.
എല്ലാം മുന്‍പ് എപ്പോഴോ സംഭവിച്ച കഴിഞ്ഞ കാര്യങ്ങള്‍ പോലെ ഒരു തോന്നല്‍ അവള്‍ക്കുണ്ടായി- ദേജവു.
വെള്ളം തിളച്ചു എന്നറിയിക്കാന്‍ കെറ്റില്‍ മാത്രം ഉറക്കെ ചിന്നംവിളിച്ചു.
........
ദേജാവു: ഇപ്പോള്‍ നടക്കുന്നൊരു കാര്യം മുമ്പെന്നോ അനുഭവിച്ചിട്ടുണ്ടെന്നുള്ള തോന്നല്‍, മിഥ്യാധാരണ. ഒരനുഭവം മുമ്പെന്നോ അനുഭവിച്ചിട്ടുണ്ടെന്ന തോന്നല്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...