വൈദേഹി, ഡോ. മുഹ്‌സിന കെ ഇസ്മായില്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Aug 9, 2023, 7:26 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഡോ. മുഹ്‌സിന കെ ഇസ്മായില്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം 
ശരിയായ് മധുരിച്ചിടാം 
സ്വയം പരിശീലിപ്പൊരു കൈപ്പുതാനുമേ.
മനമിങ്ങു ഗുണം വരുമ്പൊഴും
വിനയെന്നോര്‍ത്ത് വൃഥാ ഭയപ്പെടും 
കനിവാര്‍ന്നു പിടിച്ചിണക്കുവാന്‍ 
തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.

(31, 35-ചിന്താവിഷ്ടയായ സീത)

 

ഒരു ഭീകരശബ്ദം കേട്ടാണ് അന്നുണര്‍ത്തത്. ചിന്നക്കുട്ടുറുവനും കാടുമുഴക്കിയും  കാക്കകളും അണ്ണാറകുട്ടന്മാരും പതിവായ വാദ്യഘോഷങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും പേരാലിലെ അങ്ങാടിക്കുരുവികളും ചെമ്പോത്തും കൊക്കുകളും നിശ്ശബ്ദരായിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാറ്റിന്റെ ചൂളം വിളിയൊന്നു ശമിച്ചപ്പോഴാണ് മനസ്സിലായത്, സിതാരയുടെയും ചിന്നുമോളുടെയും കൂര്‍ക്കം വലി കേള്‍ക്കുന്നില്ല. ചിന്നുവിന്റെ ചിണുക്കവുമില്ല. ഇവരിതെവിടെപ്പോയി? 

ഈ മഞ്ഞില്‍ തണുത്തുവിറച്ചു എവിടെയും പോകുന്നത് ചിന്നുമോള്‍ക്കിഷ്ടമല്ലല്ലോ. ചിലപ്പോള്‍ അമ്പലത്തിലെങ്ങാനും പോയതായിരിക്കും. തിരിച്ചു വരുമ്പോള്‍ മറക്കാതെ ഓട്ടോയിലോ മറ്റോ വന്നാ മതിയായിരുന്നു. കുഞ്ഞിന് ചെറിയ പനി ഉണ്ടായിരുന്നതല്ലേ ഇന്നലെ? ചിലപ്പോ തോന്നും സിതാരക്കു ചിന്നുമോളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന്. പണ്ടത്തെ കാലമല്ലല്ലോ ഇത്. ടിവിയും ഫോണും മ്യൂസിക് സിസ്റ്റവും ഒരുമിച്ചു ശബ്ദിക്കുന്ന കാലമല്ലേ? ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ അടുത്തു വരുന്നു. 

ഇടി വെട്ടുമ്പോള്‍ ചിന്നുമോള്‍ക്ക് ധൈര്യം പകരുന്നത് പോലല്ല ഇത് എന്നൊരു ചിന്ത ഉള്ളിളൂടെ തീ തുപ്പിക്കടന്നു പോയി. ഇത് മറ്റെന്തോ ആണ്. ഈ അന്‍പതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ കേട്ടു തീര്‍ത്ത ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചിലത്. അത് പേരാലിനെയും കടന്നു തന്റെ അടുത്തെത്തിയത് പോലെ. ഈ വയസ്സിയെ പേടിപ്പിക്കാന്‍ തന്നെയാണോ ലോകമേ നിന്റെ ഭാവം!  ഇപ്പോ, ചിന്നുമോളുണ്ടെങ്കി നല്ല വഴക്ക് കേട്ടേനെ. വയസ്സായെന്നു പറയരുതെന്നാണ് അവളുടെ ഓര്‍ഡര്‍. പക്ഷേ, കണ്ണും കാതും പിടിക്കാതാകുമ്പോ ഉണ്ടാകുന്ന വെപ്രാളങ്ങള്‍ വല്ലതും അവളറിയുന്നുണ്ടോ?

മൂന്നാലു കൊല്ലം മുന്‍പ് തോമാച്ചായന്റെ ഫ്‌ലാറ്റ് സമുച്ചയം പൊളിഞ്ഞു വീണില്ലേ? അന്ന് ചിന്നുമോള്‍  കുഞ്ഞായിരുന്നു. മുട്ടിലിഴയുന്ന പ്രായം. ചിലപ്പോ അവളെന്റെ പുറത്തു പിടിച്ചു നില്‍ക്കാനൊരു ശ്രമം നടത്തി നോക്കും. പെട്ടന്നായിരിക്കും ആടി ആടി നിലത്തേക്കു വീഴുന്നത്. അത് കാണുമ്പോള്‍ കയ്യൊന്നു പിടിക്കാന്‍ കഴിഞ്ഞെങ്കിലെന്നു മനസ്സൊന്നു പിടയും. അന്നു പക്ഷേ, ചിന്നു അരപ്രൈസിലിരുന്നു റാറ്റില്‍ കിലുക്കികളിക്കാരുന്നു. അപ്പോഴാണാ ശബ്ദം. എന്തൊരു മുഴക്കവാരുന്നു. ഭൂമിയങ്ങു തകര്‍ന്നു വീഴുകയാണെന്നാ ആദ്യം ഞാന്‍ കരുതിയത്. ചിന്നുമോളപ്പോഴേക്കും കരച്ചില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 

അടുക്കളയില്‍ മിക്‌സിയില്‍ തേങ്ങ അരച്ച് കൊണ്ടിരുന്നിരുന്ന സിതാര വന്നു കൊച്ചിനെയെടുത്തു. കൊച്ചിന്റെ കരച്ചില്‍ ചെവിയിലേക്ക് തുളച്ചു കയറിയിരുന്നെങ്കിലും ഭൂമിയുടെ അലര്‍ച്ച ചെവിക്കുള്ളില്‍ പതിച്ചു കൊണ്ടിരുന്നു. കുറച്ച് നേരം ചെവിയിറുക്കിയടച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. പൊളിക്കാനാണേല്‍ ഇത്രേം വലിയ കെട്ടിടമൊക്കെ ഉണ്ടാക്കി വെക്കുന്നതെന്തിനാ? 
''ഭൂമി ഒരു സന്തുലിസ്താവസ്ഥയിലാണ് നിക്കണത്. എന്ന് പറഞ്ഞാ, നമ്മളീ ഇഷ്ടികകളൊക്കെ അടുക്കി വെച്ചു അതീന്റെ താഴേന്നു ഒരിഷ്ടികയിങ്ങെടുത്താ മോളിലൊള്ളതൊക്കെ താഴെ വീഴുകേലെ? ഏതാണ്ടത് പോലെ.'' എന്ന് രാഘവന്‍ മേസ്തിരി പറഞ്ഞതു ഈ ഉമ്മറത്തിരുന്നിട്ടല്ലേ? ആ... അതൊക്കെ ഒരു കാലം. പഠിപ്പും വിദ്യാഭ്യാസൊക്കെ വന്നപ്പോ ആള്‍ക്കാര്‍ക്ക് അറിവില്ലാണ്ടായി. 

വന്നല്ലോ, പീക്കിരി. ആശ്വാസമായി. മേലൊക്കെ അങ്ങ് ചൊറിഞ്ഞിട്ട് വയ്യായിരുന്നു. അവനൊരു ദിവസം വന്നില്ലേല്‍ ഇപ്പോ സൈ്വര്യം തരില്ല ഈ പ്രാണികള്. 

എന്തൊരു കുലുക്കം. പീക്കിരി പേടിച്ചു എവിടെയോ ഒളിച്ചെന്നു തോന്നുന്നു. അവനിത് വല്ലതും കേട്ടു ശീലമുണ്ടോ? അവന്‍ കുഞ്ഞല്ലേ? അന്ന് ആ കെട്ടിടം മൂക്ക് കുത്തി താഴെ വീണപ്പോ അവനില്ലാരുന്നുവല്ലോ. അത് കഴിഞ്ഞു രണ്ടു കൊല്ലത്തോളം കഴിഞ്ഞിട്ടല്ലേ സതീശന്‍ വാല് മുറിഞ്ഞ ഇവനെയും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിക്കൊണ്ട് വന്നത്. അന്ന്, ചിന്നുവിന്റെ ഒരു സന്തോഷം കാണണമായിരുന്നു. എന്റെ കണ്ണൊക്കെ അങ്ങ് നിറഞ്ഞു പോയി.

അതേ, അന്ന് കേട്ടത് പോലൊരു ശബ്ദമാണിത്. ഒരിക്കലും വിട്ടൊഴിയാത്തത് പോലൊരു ശബ്ദം. അന്ന് ഒരാഴ്ചയോളം വേണ്ടി വന്നു അന്തരീക്ഷത്തില്‍ തങ്ങി നിന്ന പൊടി പടലങ്ങള്‍ക്കൊരു ശമനം വരാന്‍. വായുവിന്റെ താളവും മരങ്ങളുടെ ശ്വാസോച്ഛാസവും പൂര്‍വ്വസ്ഥിയിലാകാന്‍ പിന്നെയുമെടുത്തു ഒന്ന് രണ്ടാഴ്ച. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചിന്നുമോളെയും കൊണ്ട് സിതാര വീട്ടില്‍ പോയി നിന്നത് നന്നായി. 

നാട് മുഴുവന്‍ ഓടി നടന്നു വീട് പണിയുന്ന സതീശനുണ്ടോ സ്വന്തം വീട്ടിലേക്ക് വരാന്‍ സമയം? പോയിപ്പോയി അന്യ ദേശങ്ങളിലെ വീട് കരാറിനെടുക്കലാണ് സതീശനു പണി. ഒരു കരാറു കിട്ടിയാ പിന്നെ അടുത്ത കരാറു പിടിക്കാനുള്ള നെട്ടോട്ടമാണ്. അല്ലാതെ, ആ വീട് പൂര്‍ത്തിയാക്കിക്കൊടുക്കാനുള്ള മനസ്സൊന്നുമവനില്ല. രാഘവന്‍ മേസ്തിരിയുടെ മകന്‍ -അതാണിപ്പോഴും ആളുകളവനെ വിശ്വസിച്ചു പണിയേല്‍പ്പിക്കാനുള്ള കാരണം. എന്നാലവനുണ്ടോ ആ തിരിച്ചറിവ്? 

''സതീശന്‍ മുതലാളിയുടെ കണ്ണെത്താത്ത ഒരു വീടും ഇന്നീ കേരളത്തിലില്ല,'' അവന്‍ വീമ്പിളക്കും. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് കോലോത്തിരിയുടെ കടയില്‍ നിന്ന് കല്ലുകളോരോന്നായി ചുമന്നു കൊണ്ട് വന്നു രാഘവന്‍ മേസ്തിരി തറകട്ടിയ അന്നാണല്ലോ ഞാന്‍ പിറന്നത്. അന്ന്, ഒരു കുഞ്ഞിനെയെന്നവണ്ണം മേസ്തിരി എന്നുമെന്നെ പരിചരിക്കുമായിരുന്നു. ഓരോ കല്ലും ശ്രദ്ധാപൂര്‍വ്വം എടുത്തു വെച്ചു  സിമന്റ് വെച്ചുറപ്പിക്കുമായിരുന്നു. വാതിലുകളും ജനലുകളും സ്ഥാനം തെറ്റാതെ വെച്ചു . വാര്‍പ്പ് കഴിഞ്ഞ ദിവസം   ഫിലിപ്പോസും മേസ്തിരിയും ചേര്‍ന്ന് നല്ല ബിരിയാണിയും വെച്ചു. എന്ത് നല്ല മണമായിരുന്നു. ദാ...അതോര്‍ക്കുമ്പോള്‍ ഇപ്പോഴും സിമന്റിന്‍ തരികള്‍ എഴുന്നേറ്റു നില്‍ക്കും. രാത്രി അദ്ദേഹം തളര്‍ന്നു മതിലില്‍ ചാരിയിരുന്നുറങ്ങിപ്പോയതും ഒന്ന് രണ്ടു തെരുവുനായ്ക്കല്‍ വന്നപ്പോള്‍ ഞാനവയെ വാതിലിളക്കി പേടിപ്പിച്ചു വിട്ടതും അന്നല്ലേ? അത് കേട്ടുണര്‍ന്ന മേസ്തിരി എന്നെ പതിയെ തലോടിയത് മറക്കാന്‍ പറ്റോ? വൈദേഹി- അന്നാണ് മേസ്തിരി എനിക്ക് പേരിട്ടത്. എന്തൊരു ഭംഗിയാണാ വാക്കിന്?

അന്നൊക്കെ നല്ല ധൈര്യമായിരുന്നു. എന്തും ചെയ്യാനുള്ള ചുറുചുറുക്കുണ്ടായിരുന്നു. 

എന്താണത്? ആകാശത്തേക്ക് പൊടിപടലങ്ങളുയരുന്നതെന്താണ്? തിത്തിയുടെയും മക്കളുടെയും കരച്ചിലല്ലേയത്? ദൈവമേ. ആ പാവങ്ങള്‍ക്കെന്തു പറ്റി? വല്ല കഴുകനോ മറ്റോ വന്നോ? ചിന്നു ഇവിടെ ഉണ്ടായിരുന്നെങ്കില്‍ സിതാരയെ വിളിച്ചു കൊണ്ട് വന്നു അവരെ രക്ഷിക്കുമായിരുന്നില്ലേ? ഈ വയസ്സിയ്ക്കാണെങ്കിലതിനുള്ള ശക്തിയില്ലാതായിപ്പോയല്ലോ. നെഞ്ച് വിറയ്ക്കുന്നതെന്താണ്? ബുള്‍ഡോസറാണോ അത്? സംഹാരദാഹവുമായി ഇഴഞ്ഞു നീങ്ങുന്ന ഭൂതങ്ങള്‍. 

ഇത്രയധികം പക്ഷികള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നത്  ഇതാദ്യമായല്ലേ? ഒരു ആകൃതിയും ക്രമവുമില്ലാതെ പരക്കം പായുന്നത്? സതീശനിനി എന്നാണാവോ വരാ. അവനുണ്ടായിരുന്നേല്‍ പേരാലിനെ തൊടാന്‍ സമ്മതിക്കില്ലായിരുന്നു. ആ കരുത്തുറ്റ ശരീരവും താഴോട്ടു വീണു കിടക്കുന്ന കൈകളും കണ്ടാല്‍ ആര്‍ക്കേലും തൊടാന്‍ തോന്നുമോ? പാല് കാച്ചിന്റെ അന്നാണ് ഞാനങ്ങേരെ ആദ്യമായി കാണുന്നത്. കാറ്റില്‍ താഴെ വീഴാന്‍ പോയ മഞ്ഞക്കിളിയുടെ കൂട് തന്റെ ഒടിഞ്ഞു വീഴാറായ കൊമ്പ് കൊണ്ട് എത്രനേരമാണെന്നോ പേരാല്‍ അന്ന് താങ്ങി നിര്‍ത്തിയത്? നാനാതരം ജീവജാലങ്ങള്‍ക്കും കൂടൊരുക്കാന്‍ ഇടം നല്‍കുന്ന അവരെ ജീവന് തുല്യം സ്‌നേഹിക്കുന്ന പേരാലിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. 

സൂര്യരശ്മികളുടെ നടത്തത്തെ അരയാല്‍ എന്റെ മുന്നില്‍ ആദ്യമായ് വരച്ചു കാണിക്കുന്നത് ഒരു ഓണ ദിനത്തിലാണ്. കുറേ ചോദ്യങ്ങളൊക്കെ ചോദിക്കുമ്പോ ഞാനും എന്തെങ്കിലുമൊക്കെ പറയും. അങ്ങേര്‍ക്കറിയാത്ത കാര്യങ്ങളില്ല. എത്രയോ ജീവികളെക്കണ്ടിട്ടുണ്ട്?ഒരു കാടിന്റെ അനുഭവസമ്പത്തില്ലേ? പിന്നെ, ആ സന്ദേശങ്ങളൊരു പതിവായി. അന്ന്, ആ ഫ്‌ലാറ്റ് സമുച്ചയം വീണുടയുന്നത് വരെ പച്ചപ്പിന്റെ പ്രതീകമായ പേരാല്‍ തലയുയര്‍ത്തി നിന്നു. അല്ലെങ്കിലും, അത് സംഭവിച്ചതിന് ശേഷം ശരീരത്തിന് കോട്ടം തട്ടാത്തവരായി ആരുണ്ട്? മേലാസകലം പരന്ന പൊടി. എത്ര മഴ പെയ്തിട്ടും അതിന്റെ ഒരു കിരുകിരുപ്പു മാറണ്ടേ? അവിടിവിടായി വീണ വിള്ളലുകള്‍. അതിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം പൊടിയുമായി കൂടിക്കലര്‍ന്നു ഒരു തരം കീലായങ്ങനെ ദേഹത്ത് ഒട്ടിപ്പിടിക്കും. പ്രാണികള്‍ വരും. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ. പിന്നെ, പീക്കിരി മാത്രമാണൊരാശ്വാസം. 

ആരാണ് ഉറക്കെ സംസാരിക്കുന്നത് ?

''ഇതിനി ഇവിടെ നിര്‍ത്താന്‍ പറ്റില്ല. പ്ലാന്‍ നിങ്ങളൊക്കെ കണ്ടതല്ലേ? ഇത് ഓര്‍ഡറായതാണ്, ' ആരോ പറയുന്നത് കേട്ടു. 

''അതല്ല. ഈ മരമെന്നു പറഞ്ഞാ. അത് മുറിക്കാന്‍ പറ്റില്ല. നിങ്ങള് ഇതിന്റെ അപ്പറത്തൂടെ വഴിയുണ്ടാക്കിക്കോ. ഇതിവിടെ നിന്നോട്ടെ.''

'' അങ്ങനെ എതിര്‍ത്താലെങ്ങനെയാ? കാര്യങ്ങള്‍ക്കൊക്കെ ഒരു വ്യവസ്ഥയൊക്കെയില്ലേ?'' 

പൂച്ചകളുടെ കരച്ചില്‍. കാടുമുഴക്കി ശബ്ദമുണ്ടാക്കിപ്പറന്നു പോകുന്നു. അതിനു പുറകെയുള്ള ചെവിയടപ്പിക്കുന്ന കരകരാ ശബ്ദം. ഇതിനൊരു ശമനമില്ലേ? പേരാല്‍ മുറിക്കണമെന്നോ? ആര്‍ക്കാ അങ്ങനെ പറയാന്‍ കഴിയാ? സതീശനുണ്ടായിരുന്നേല്‍ എല്ലാത്തിനേം ഓടിച്ചേനെ. ആ പേരാലിനെ വെറുതെ വിട്ടു കൂടെ? ഒന്നുമില്ലെങ്കിലും നൂറോ നൂറ്റിയമ്പതോ വയസ്സില്ലേ?  ചിന്നുമോള്‍ തിരിച്ചു വരുമ്പോ കരച്ചിലാവില്ലേ? അവള്‍ ആദ്യമായി ഒരു പക്ഷിക്കൂട് കാണുന്നത് അതിനു മുകളിലല്ലേ? അവളുടെ മഞ്ഞക്കുരുവിയുടെ വീട്. കുരുവികുഞ്ഞു പിച്ചവെക്കുന്നതും പറക്കാന്‍ പഠിക്കുന്നതും കണ്ട് കൈകൊട്ടിച്ചിരിച്ചെങ്കിലും അത് ദൂരേക്ക് പറന്നു പോയപ്പോ എന്തൊരു സങ്കടമായിരുന്നു അവള്‍ക്ക്? രണ്ടു മൂന്നു ദിവസം ശരിക്കു ഭക്ഷണം കഴിച്ചിട്ട് കൂടിയില്ല. 

''പറന്നു പറന്നു പോയാലല്ലേ പുതിയ കാഴ്ചകളൊക്കെ കാണാന്‍ പറ്റൂ?'' ജനലിലൂടെ മഞ്ഞക്കുരുവി തിരിച്ചു വന്നോയെന്നു നോക്കിയിരുന്ന ചിന്നുവിനെ സമാധാനിപ്പിക്കാന്‍ അന്ന് സിതാര പറഞ്ഞു. 

അത് കഴിഞ്ഞാണ് പീക്കിരിയുമായി അവള്‍ കൂട്ടാകുന്നത്. ചോറു കഴിച്ചു കഴിഞ്ഞാല്‍ ചിന്നു ബാക്കിയുള്ളത് മുറ്റത്തേക്കെറിഞ്ഞു കാത്തിരിക്കും. പിന്നെ, പീക്കിരിയുടെയും കാക്കകളുടെയും ഒരു മേളമാണ് മുറ്റത്ത്. ചിന്നു അടുത്തു പോയിരുന്നു അവരോടൊപ്പം കളിക്കും. 

ഭീകര ശബ്ദത്തോടെ എന്തോ നിലം പതിച്ചു. അതിങ്ങനെ ഒരു പ്രകമ്പനം പോലെ ചെവിയ്ക്കുള്ളില്‍ മൂളിപ്പറക്കുന്നു. എനിക്കറിയാം... അത്...

കണ്ണിലിരുട്ടു കേറുന്നത് പോലെ. അന്ന്, രാഘവന്‍ മേസ്തിരി ഇല്ലാതായപ്പോളുണ്ടായ ശൂന്യത ഒരിക്കല്‍ക്കൂടി എന്നെ വന്നു മൂടി. ഇത്.  ഞാനൊരു ഗര്‍ത്തത്തിലേക്ക് ആഴ്ന്നിറങ്ങുകയാണോ? ഇരുട്ടാണിവിടെ. കൂരാക്കൂരിരുട്ട്. കാഴ്ച കാണാനെത്തിയ ചിലര്‍ നിലവിളിച്ചു പിന്നോട്ട് മാറി. നൂറ്റാണ്ടുകളുടെ കഥകളുമായി ആ വന്‍ മരം കൂട്ടിയിട്ട മെറ്റലിനു മുകളില്‍ തട്ടി തലയുയര്‍ത്തി നിന്നു. ഭൂമിയൊന്നു കുലുങ്ങി. ആകാശവും. പക്ഷികളുടെ കരച്ചില്‍ കൊണ്ട് ചുറ്റും ശബ്ദമുഖരിതമായി. കുഞ്ഞിപ്പക്ഷികളെത്തേടി അമ്മക്കിളികള്‍ ആകാശത്തു വട്ടമിട്ടു പറന്നു. പൊടിയൊന്നടങ്ങിയപ്പോള്‍ ഞാന്‍  കണ്ടു, ഒരു ചില്ലയ്ക്കടിയില്‍ അമര്‍ന്നു പോയ പീക്കിരിയുടെ കുഞ്ഞന്‍ വരകളെ. നെഞ്ചില്‍ നിന്ന് എന്തോ പറിഞ്ഞു പോയത് പോലെ.
അടുത്തേക്കുരുണ്ട് വരുന്നതെന്താണ്? 

ഈയിടെയാണ് കണ്ണ് പിടിക്കാതാകുന്നത്. അത്രയ്‌ക്കൊന്നുമില്ല. ചിലപ്പോലൊരു മങ്ങലാണ്. ബുള്‍ഡോസര്‍? അതിന്റെയടുത്തു സതീശനല്ലേ? ഇതെപ്പോ വന്നു? നെഞ്ചിനകത്തൊരു കുളിര്-രാഘവന്‍ മേസ്തിരിയുടെ തലോടല്‍ പോലെ. 

''പൊളിക്കാന്‍ പറ്റില്ല,'' 

ബുള്‍ഡോസറിന്റെ കൂര്‍ത്ത ബ്ലെയ്ഡിനു മുന്നില്‍ നിന്ന് കൊണ്ട് സതീശന്‍ ഡ്രൈവറോട് കയര്‍ക്കുകയാണ്. അവന്റെ ഇടത്തെ കൈ വണ്ടിയുടെ മുന്നിലാണ്. ആ വണ്ടിയെങ്ങാനും മുന്നോട്ടെടുത്താ അവന്‍ വീണു പോകുമോ? എനിക്കറിയാരുന്നു സതീശന്‍ വരുമെന്ന്. രാഘവന്‍ മേസ്തിരിയുടെ ചോരയല്ലേ അവനും? 

''ഇതിപ്പോ പൊളിക്കാന്‍ പറ്റുകേല. പറഞ്ഞ പൈസ കിട്ടിയിട്ടില്ല. തന്നെയുമല്ല, റോഡില്‍ നിന്ന് ഏഴ് മീറ്റര്‍ മാറിയേ പുതിയ കെട്ടിടം പണിയാവൂ എന്നാണല്ലോ. അപ്പോ, ഞാനെങ്ങനെ അവിടെ വീടുപണിയും? അതിനൊള്ളതോ?

''ഓര്‍ഡറുണ്ട്. നോട്ടീസ് തന്നതാണല്ലോ,'' അന്ധാളിച്ചു നില്‍ക്കുന്ന ബംഗാളീ ഡ്രൈവറെ അനുകൂലിക്കാന്‍ ഒരാള്‍ ഓടി വന്നു. 

''ഇത്രേം ആളുകള്‍ ഈ മരം മുറിക്കാനെതിര്‍ത്തിട്ട് പറ്റിയില്ല. പിന്നെയാണ് നിന്റെ വീട്. അങ്ങോട്ട് മാറി നില്‍ക്കെടാ,'' അയാള്‍ സതീശനെ പിടിച്ചു മാറ്റി. അവനു നൊന്തിട്ടുണ്ടാകുമോ? രക്ഷയില്ലെന്നു കണ്ട സതീശന്‍ വൈരാഗ്യത്തോടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നെടുത്ത ഫോണില്‍ ആരെയൊക്കെയോ വിളിച്ചു. 

''ആ പൊറകിലത്തെ മതിലും വാതിലും നിര്‍ത്തിയേക്കണം. എന്നാലേ, പൈസ കിട്ടൂ,'' അത് പറഞ്ഞു സതീശന്‍ നടന്നകന്നു. 

ആ ബ്ലേഡ് എന്റെ മുന്നിലേക്ക് കടന്നു വരുന്നതും നോക്കി നിലവിളിക്കാന്‍ പോലുമാകാതെ ഞാനവിടെ നിന്നു. കുഞ്ഞു സതീശന്‍ വരച്ച അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റേയും ചിത്രം പൊടിഞ്ഞു വീണതും ഞാന്‍ കണ്ണിറുക്കിയടച്ചു. 

''ഈ ചുമരിലൊന്നും വരച്ചിടരുത്. വീടിനു വേദനിക്കില്ലേ?'' രാഘവന്‍ മേസ്തിരിയുടെ ശബ്ദം എന്നെത്തേടി വന്നു.  

എന്നെ മാത്രം ബാക്കി വെച്ചതെന്തിന് ? പേരാലിനും പീക്കിരിയ്ക്കുമൊപ്പം എന്നെയുമങ്ങു കൊന്നു കൂടാരുന്നോ? പൊളിഞ്ഞ മതിലിനിടയില്‍ പൊടി കൊണ്ട് മൂടിയ ആ വാതിലിന്റെ ഗദ്ഗതം കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു. 

ഒരു നിമിഷം കൊണ്ട്  ചതഞ്ഞെരിഞ്ഞ ഒരായിരം ഓര്‍മ്മകളും സംഭാഷണ ശകലങ്ങളും വാതിലിലൂടെ പുറത്തേക്കു പോകണോ അകത്തേക്ക് പോകണോ എന്നറിയാതെ ശ്വാസം മുട്ടി. 


 

click me!