ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ജസീന ബഷീര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുന്ന മിയയെ ശല്യപ്പെടുത്താതെ മുറി വൃത്തിയാക്കുകയായിരുന്നു മാഗി. തൂവെള്ള ബെഡ്ഷീറ്റിലെ രക്തപുഷ്ങ്ങളെ നോക്കി ഒരു നെടുവീര്‍പ്പോടെ അത് ചുരുട്ടിയെടുക്കുമ്പോള്‍ മിയ തിരിഞ്ഞ് നിന്ന് മാഗിയോട് ദയനീയമായി പുഞ്ചിരിച്ചു.
'മാഗിയാന്റീ.' അവനിന്നലെയും വന്നു. രാത്രി ഒട്ടും ഉറങ്ങിയില്ലാട്ടോ. ആ ബെഡ്ഷീറ്റില്‍ എന്റെ തുടകളിലൂടെ ഒഴുകിയിറങ്ങിയ ചുവന്ന ചിത്രങ്ങള്‍ കണ്ടില്ലേ. വേദന കൊണ്ട് കരയാന്‍ പോലും വയ്യാതായി'
വേദനയോടെയുള്ള മിയയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മാഗിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.. വര്‍ഷങ്ങളായി മാഗിക്ക് ഒരു അമ്മയുടെ സ്ഥാനമാണ്. മിയ മോളുടെ മമ്മിക്ക് സുഖമില്ലാതായപ്പോള്‍ രണ്ട് വയസുകാരി മിയയെ നോക്കാന്‍ അവളുടെ പപ്പ ആന്‍ഡ്രൂസ് വിളിച്ചു വരുത്തിയതാണ് ബന്ധുവായ മാഗിയെ. മിയയുടെ ആറാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ടപ്പോള്‍ മാഗി അവിടെത്തന്നെ താമസമായി. മിയ വലിയ കുട്ടിയായപ്പോള്‍ ആന്‍ഡ്രൂസ് വീണ്ടും വിവാഹിതനായി വിദേശത്ത് തന്നെയായി താമസം. മമ്മിയുറങ്ങുന്ന മണ്ണും മമ്മിയുടെ മണമുള്ള വീടും അതിനോട് ചേര്‍ന്ന ഹോസ്പിറ്റലുമെല്ലാം വിട്ട് പപ്പക്കൊപ്പം പോവാന്‍ മിയ വിസമ്മതിച്ചു. വല്ലപ്പോഴും മാത്രമേ പപ്പ മോളെ കാണാന്‍ വന്നിരുന്നുള്ളൂ. ഡോക്ടറായിരുന്ന മമ്മിയുടെ ഹോസ്പിറ്റലും അതിനോട് ചേര്‍ന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റും പപ്പയുടെ സമ്മതത്തോടെ മിയയാണ് ഒരു ട്രസ്റ്റിന് കൈമാറിയത്.
മാഗി അടുത്ത് ചെന്ന് മിയയുടെ നെറ്റിയിലൊന്ന് തലോടിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞ് വന്നു...
'ആന്റീ.. ഒരു കറുത്ത നിഴലായി എന്റെ പിറകേയുണ്ടവന്‍.. പണ്ടെന്നോ ഒരു സുഹൃത്ത് പറഞ്ഞിരുന്നു, കറുപ്പും ഒരു നിറമാണ് അതില്‍ വര്‍ണ്ണങ്ങള്‍ കാണണമെന്ന്.. എന്നാല്‍ കറുപ്പ് കാണുമ്പോള്‍ അറിയാതെ പേടിച്ചു പോവുന്നു. ഈ ജീവിതത്തോടെനിക്ക് അത്രയേറെ ഇഷ്ടമാണല്ലോ ആന്റീ.'
പറഞ്ഞ് തീരുമ്പോള്‍ മിയയുടെ ശബ്ദം വല്ലാതെ നേര്‍ത്തിരുന്നു. ചില ദിവസങ്ങളില്‍ ഇങ്ങനെയാണവള്‍. പറഞ്ഞു തുടങ്ങിയാല്‍ വാക്കുകളിലൊക്കെയും വേദന പുരളും.
മാഗിയുടെ ഓര്‍മ്മകള്‍ കുറച്ചു പിന്നോട്ട് പോയി.. അവിടെ കുഞ്ഞുമിയ കൊഞ്ചലോടെ 'നോക്കിയേ ആന്റീ എന്റെ പൂക്കള്‍' എന്ന് പറഞ്ഞ് കുഞ്ഞ് കൈകള്‍ കൊണ്ട് മനോഹരമായി വരച്ച പൂക്കള്‍ കാണിക്കുന്നു .. പപ്പ വല്ലപ്പോഴും അവളെ കാണാന്‍ വരുമ്പോഴൊക്കെ ആ ചിത്രങ്ങള്‍ കാണിച്ച് 'ഇത് പപ്പക്കു വേണോ മിയമോളെ എപ്പോഴും ഓര്‍ക്കാന്‍..?' എന്ന് പ്രതീക്ഷകള്‍ നിറച്ച കുഞ്ഞു കണ്ണുകള്‍ വിടര്‍ത്തിച്ചോദിക്കുന്ന മിയമോള്‍. ഒന്ന് തലോടി ഒന്നും മിണ്ടാതെ ആന്‍ഡ്രൂസ് പോകുമ്പോള്‍ അവളുടെ മുഖത്തൊരു ചിരി വിടരും.. അവഗണിക്കപ്പെട്ടതിന്റെ നീറ്റല്‍ മറയ്ക്കാന്‍ പുറത്തേക്കോടി വെറുതേ ആര്‍ത്ത് ചിരിക്കുന്ന ഒരു പാവം മിയമോള്‍. ഓര്‍ക്കുന്തോറും മാഗിയുടെ നെഞ്ചിന് ഒരു വല്ലാത്ത ഭാരമില്ലായ്മയനുഭവപ്പെട്ടു.
മാഗി തന്റെ ഓര്‍മ്മകളില്‍ നിന്നും ഇന്നിലേക്കെത്തുമ്പോള്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്ന തന്റെ വസ്ത്രങ്ങരോന്നും നോക്കുകയായിരുന്നു മിയ. കൂടുതലും വെള്ളയില്‍ പലവര്‍ണ്ണ പൂക്കളുള്ളത. ചേതന്‍ പറയാറുണ്ട് വെളുത്ത വസ്ത്രത്തില്‍ മിയ ഒരു പൂച്ചക്കുട്ടിയെപ്പോലെ സുന്ദരിയാണെന്ന്. ചേതന്‍ ഒരു സോഷ്യല്‍ വര്‍ക്കര്‍ എന്നതിലുപരി ആലംബമറ്റ പലരുടെയും രക്ഷകനാണ്. ഹോസ്പിറ്റലും പാലിയേറ്റീവ് കെയര്‍ യൂണിറ്റും അടങ്ങുന്ന ട്രസ്റ്റിന്റെ ചുമതല ചേതനാണ്. അരയ്ക്കു താഴെ തളര്‍ന്ന് വീല്‍ ചെയറിലാണെങ്കിലും ചേതന്റെ മനസ്സിന്റെ ശക്തിയും വേഗതയും അപാരമാണ്.. മിയയുടെ പഠനം പാതി നിര്‍ത്തിയ പാട്ടു പോലെ ബാക്കി നിന്നപ്പോള്‍ ഹോസ്പിറ്റലിലും പാലിയേറ്റീവ് യൂണിറ്റിലും നിത്യ സന്ദര്‍ശകയാവുകയായിരുന്നു അവള്‍.
ഒരു നെടുവീര്‍പ്പോടെ, വെള്ളയില്‍ വയലറ്റ് പൂക്കളുള്ള ഫ്രോക്കെടുത്ത് ധരിക്കുമ്പോള്‍ മിയയുടെ ചുണ്ടില്‍ വീണ്ടും നിസ്സഹായതയുടെ പുഞ്ചിരി വിടര്‍ന്നു. തലയിലൂടെ ഒരു സ്‌കാര്‍ഫ് വലിച്ചിട്ട് കണ്ണാടിയില്‍ ഒരു നിമിഷം തന്നെത്തന്നെ നോക്കി നിന്നു. ചുവന്ന ലിപ്സ്റ്റിക്കിന്റെ നനവുള്ള, ആരാലും ചുംബിക്കപ്പെടാത്ത ചുണ്ടുകള്‍. ഉറക്കക്ഷീണത്തിലും ആഗ്രഹങ്ങള്‍ നിറച്ചു വെച്ച കണ്ണുകള്‍. മാഗിയുടെ കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍, പിന്നില്‍ നിന്നിരുന്ന ആരോ പെട്ടെന്ന് ഒളിഞ്ഞു നിന്ന പോലെ ഒരു തോന്നലില്‍ നെഞ്ചിലൊരു സൂചി കേറിയത് പോലെ അവളൊന്നു പിടഞ്ഞു...
'മിയാ.. രാത്രി ഒട്ടും ഉറങ്ങിയില്ലല്ലോ.. ഇന്നിനി പോണോ പുറത്തേയ്ക്ക് ?'
'ചേതനെയൊന്ന് കാണണം ആന്റീ.. ഈ വീടുകൂടി ചേര്‍ക്കണം ട്രസ്റ്റിലേക്ക്.'
'പപ്പയോട് പറയണ്ടേ മോളേ..'
'പപ്പ ഇതെനിക്ക് തന്നപ്പോഴേ ഞാന്‍ പറഞ്ഞതാണല്ലോ. എല്ലാം മമ്മി എനിക്കായി കരുതിവെച്ചതാണ്. എന്റെ ഇഷ്ടങ്ങള്‍ പപ്പ സമ്മതിച്ചതുമാണ്.'
'എന്തിനാണ് മിയാ ഇപ്പോള്‍ത്തന്നെ.. ഇനിയും സമയമുണ്ടല്ലോ.'
'എവിടെയാണ് ആന്റീ സമയം? ഞാന്‍ കാണുന്നുണ്ട് അവനെ. എന്റെ പിറകില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും മുന്നിലേക്ക് കടന്ന് വന്ന് ചേര്‍ത്ത് പിടിച്ചു കൊണ്ടു പോകും എന്നെന്നേക്കുമായി..'
മാഗിയുടെ മുഖത്ത് വേദനയും നിസ്സഹായതയും നിറഞ്ഞ് നിന്നു..
'എന്താണ് മാഗിയാന്റീ എന്റെ ജീവിതമിങ്ങനെ? വേദനയോടെ ആര്‍ത്ത് കരഞ്ഞു മമ്മി പോയപ്പോള്‍ പപ്പ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു. പിന്നെ തിരക്കുകളും യാത്രകളുമായി പപ്പ ഒരുപാട് ദൂരെയായി.. ആന്റിയുടെ കൈപിടിച്ചാണ് ഞാന്‍ ഒരു വലിയ പെണ്ണിലേക്ക് മാറുന്നത്.. അന്ന് പപ്പ തനിച്ചായിപ്പോകുന്നുണ്ടോന്ന് വേദനിച്ചിരുന്നു.. പക്ഷേ ഇപ്പൊ പുതിയ മമ്മിയുടെ വരവ് പപ്പയെ മുഴുവനായി നഷ്ടപ്പെടുത്തി. ഇരുപത് വര്‍ഷം ഇവിടെ ജീവിച്ചപ്പോഴേക്കും എനിക്ക് പോവാനുള്ള ടിക്കറ്റും റെഡിയായി.'
മിയ ഒരു ദീര്‍ഘശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി. മാഗി കണ്ണുകള്‍ നിറച്ച് വാക്കുകള്‍ നഷ്ടപ്പെട്ട് എങ്ങോട്ടോ നോക്കി നിന്നു. അല്ലെങ്കിലും ഇതിനൊക്കെ എന്തു സമാധാനമാണ് ആ സാധു സ്ത്രീ പറയേണ്ടത്!
മിയ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.. പല ദിവസങ്ങളിലും വേദനയോടെ തുടകളിലൂടെ ഒലിച്ചിറങ്ങുന്ന ചുവന്ന ചായം ഉടുപ്പിലും നിലത്തും ചിത്രങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഹോസ്പിറ്റലിലെ നിത്യസന്ദര്‍ശകയായതാണ്. പല നിറങ്ങളില്‍, പല രൂപത്തില്‍, വലിപ്പത്തില്‍ വേദന ചെറുക്കാന്‍ ആയുധങ്ങളെഴുതുന്ന ഡോക്ടര്‍ പോലും സഹതാപത്തോടെ നോക്കുമ്പോള്‍ അറിയുകയായിരുന്നു നടക്കാന്‍ ഇനിയും അധികദൂരമില്ലെന്ന്. ഒരു മകനോ മകള്‍ക്കോ പത്ത് മാസം കിടക്കയൊരുക്കേണ്ടിടത്ത് അര്‍ബുദത്തിന്റെ വിത്തുകള്‍ മുളച്ച് പൊങ്ങിയത് അറിയാന്‍ തന്നെ വൈകിപ്പോയിരുന്നു. ജീവനില്ലാത്ത ഉപകരണങ്ങളാല്‍ വികാരം നഷ്ടപ്പെട്ടവളുടെ പിറകേ അന്നു മുതല്‍ ഇരുട്ടായി അവനുണ്ട്.
ആ സമയത്താണ് പാലിയേറ്റീവ് കെയറില്‍ ഇടയ്ക്കിടെ പോയിരുന്നത്. മമ്മി ഉള്ളപ്പോഴേ ഹോസ്പിറ്റലിന്റെ ഒരു വിഹിതം പാലിയേറ്റീവിനുള്ളതായിരുന്നു. അങ്ങനെ അവിടെ നിന്നാണ് ചേതനെ കൂടുതല്‍ അറിയുന്നത്.. ഒരു പുഞ്ചിരിയോടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ആശ്വസിപ്പിക്കുന്ന ഇരുനിറമുള്ള മനുഷ്യന്‍. ചെറുപ്പത്തിലേ അരക്ക് താഴേ തളര്‍ന്ന് വീല്‍ചെയറിലാണ്... മിയക്ക് അവനോട് സംസാരിക്കുമ്പോള്‍ തനിക്ക് ചിറകുകള്‍ മുളയ്ക്കുന്നത് പോലെ തോന്നും. പാലിയേറ്റീവ് യൂണിറ്റിന്റെ തൊട്ടടുത്ത പള്ളിയിലാണ് മമ്മി ഉറങ്ങുന്നത്.. അതിനാല്‍ത്തന്നെ ആ വഴി പോകുമ്പോഴെല്ലാം മമ്മിയുടെ കല്ലറയില്‍ വെക്കാന്‍ ഒരു പൂവ് കയ്യില്‍ കരുതാറുണ്ട്. ഇന്നും മമ്മിയുടെ കല്ലറക്കരികില്‍ അവള്‍ കുറേ നേരമിരുന്ന'
മമ്മിയുടെ കല്ലറയില്‍ പൂ വെച്ച് പ്രാര്‍ത്ഥിച്ച് വരുമ്പോള്‍ ഊര്‍ജ്ജം തരുന്ന ഒരു ചിരിയോടെ ചേതന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നിറഞ്ഞ ചിരിയോടെ അവന്‍ അവളെ അഭിവാദ്യം ചെയ്തു.
'ഹലോ മിയാ ആന്‍ഡ്രൂസ്.. താങ്കളിന്ന് പതിവിലേറെ സുന്ദരിയായിരിക്കുന്നു. ഈ വെളുത്ത ഫ്രോക്കില്‍ ഒരു പൂച്ചക്കുട്ടിയെപ്പോലെ മനോഹരിയായിരിക്കുന്നു.'
'ഹാ നന്ദി ചേതന്‍.. എന്റെ പിറകില്‍ കൂടിയവന്‍ എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വരാം.. അവനെ സ്വീകരിക്കാന്‍ ഞാനെപ്പോഴും സുന്ദരിയായിരിക്കണ്ടേ ചേതന്‍..?'
'മിയ ഇന്ന് അപ്‌സെറ്റ് ആണല്ലോ... ചിരിയില്‍ പോലും ഒരു വരള്‍ച്ച പോലെ.. എന്തിനാണ് മിയാ ഹൃദയത്തില്‍ എപ്പോഴും മരണത്തെ ചുമക്കുന്നത്? ജീവിതത്തിലേക്ക് നോക്കി പുഞ്ചിരിക്കൂ..'
'എന്റെ മമ്മിയുടെ കല്ലറയില്‍ റോസാപ്പൂക്കള്‍ വെച്ച് വരികയാണ് ഞാന്‍. ഒരു പൂ എനിക്കാര് വെക്കും ചേതന്‍? ഒരു മകനോ മകളോ ഇല്ല. ഞാനില്ലെങ്കില്‍ പപ്പ ഇവിടേക്ക് വരുമോ എന്ന് തന്നെ അറിയില്ല. മാഗിയാന്റി അവരുടെ വീട്ടില്‍ പോകും. അനാഥയാവുമല്ലോ ഞാന്‍.. എപ്പോഴെങ്കിലുമൊക്കെ ഒരു കുഞ്ഞുപൂവ് നീ വെക്കുമോ ചേതന്‍..?'
മിയക്ക് വല്ലാത്ത വേദനയും നിസ്സഹായതയും ഉള്ളില്‍ നിറയുമ്പോഴൊക്കെ ചേതനോട് ചോദിക്കാറുള്ള ചോദ്യങ്ങളാണ് ഇതൊക്കെ. അതുകൊണ്ട് തന്നെ അവളുടെ വാക്കുകള്‍ അവനില്‍ ആശങ്ക നിറച്ചു..
'എന്തുപറ്റി മിയാ നിനക്ക്..? ഓരോന്നും ധൃതിവെച്ച് ചെയ്യുന്നു.. വീടും ട്രസ്റ്റിലേക്ക് ചേര്‍ക്കാന്‍ ഒരുങ്ങുന്നു. ഇത്രയും ധൈര്യമില്ലാതെ ആവാന്‍ മാത്രം ഇപ്പോ എന്തുണ്ടായി? '
'ഇതെല്ലാം ഒരുപാട് മുമ്പേയുള്ള ഇഷ്ടങ്ങളാണ് ചേതന്‍. വര്‍ണ്ണസ്വപ്നങ്ങള്‍ നിറച്ച എന്റെ വീടും ഞാന്‍ നിങ്ങള്‍ക്ക് തരികയാണ്.'
'എല്ലാം മിയയുടെ ഇഷ്ടം പോലെ ചെയ്യാനാണ് ആന്‍ഡ്രൂസ് അങ്കിള്‍ പറഞ്ഞത്. വലിയ മനസ്സാണ് നിങ്ങള്‍ക്കെല്ലാം'
'മനസ്സു മാത്രമേയുള്ളൂ.., ഒരേ സമയം ഒരു മകളാവാനും ഒരമ്മയാകാനും ആഗ്രഹിക്കുന്ന മനസ്സ്...! വേറൊന്നുമില്ല.. തലോടാനും ചേര്‍ത്തു പിടിക്കാനും ഉമ്മവെക്കാനും ആരുമില്ല.. മാഗിയാന്റി കൂടെയില്ലായിരുന്നെങ്കില്‍ ഞാനെന്നോ ഒരു പടമായ് തൂങ്ങിയേനെ ഇവിടെ.'
പൊട്ടിച്ചിരിച്ചാണ് മിയ പറഞ്ഞു നിര്‍ത്തിയത്.. ചേതന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. ചിറകറ്റു പോയ ഒരു പാവം ചിത്രശലഭത്തെപ്പോലെ നില്‍ക്കുന്ന മിയയുടെ മുഖം അവനില്‍ നോവ് നിറച്ചു. ദൈവം ചിലരോട് എന്തിനിങ്ങനെ ക്രൂരനാവുന്നു എന്ന് ചിന്തിപ്പിക്കുന്നതാണ് മിയയുടെ അനുഭവങ്ങള്‍.. കുഞ്ഞിലേ അമ്മയുടെ രോഗപീഡകള്‍ കണ്ടാണ് വളര്‍ന്നത്. കുഞ്ഞുമ ിയ ഓടിച്ചാടി നടക്കാന്‍ തുടങ്ങിയപ്പോഴേക്കും അമ്മ ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞു. മകളെ നോക്കാന്‍ ആളെയാക്കി മറുനാട്ടില്‍ പുതിയ കുടുംബത്തോടൊപ്പം ജീവിക്കുന്ന അച്ഛന്‍. മാഗിയാന്റിയുടെ സ്‌നേഹം മാത്രമാണ് ദൈവത്തോട് നന്ദി പറഞ്ഞാല്‍ തീരാത്തത്. ചേതന്‍ നെടുവീര്‍പ്പിടുന്നത് കണ്ട് മിയ മുഖത്തൊരു പുഞ്ചിരി വരുത്തി വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
'ഹാ ചേതന്‍.. എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍? സിതാരയുടെ ഓറഞ്ച് പഴുത്ത് പാകമായി വിളവെടുക്കാനായെന്ന് കേട്ടു..' കണ്ണുനിറഞ്ഞു ചിരിച്ചുകൊണ്ടായിരുന്നു മിയയുടെ സംസാരം. ഹോസ്പിറ്റലിലും പാലിയേറ്റീവ് യൂണിറ്റിലും ധാരാളം അര്‍ബുദരോഗികള്‍ ഉണ്ടായിരുന്നു. അതിലൊരാളാണ് സിതാര. ഹോസ്പിറ്റലില്‍ വന്നാല്‍ മിയ എല്ലാവരെയും സന്ദര്‍ശിക്കും. സത്യത്തില്‍ അവളുടെ ബന്ധുക്കള്‍ അവരൊക്കെയാണ്. മമ്മിയുടെ കുഴിമാടം വിട്ട് എങ്ങോട്ടുമില്ലെന്ന് വാശി പിടിച്ച് അവിടെത്തന്നെ നില്‍ക്കുന്നത് കൊണ്ടും, അവളുടെ സകല സ്വത്തും ട്രസ്റ്റിലേക്ക് പോകുന്നത് കൊണ്ടും ബന്ധുക്കള്‍ക്ക് അവളോട് വലിയ മമതയൊന്നും ഉണ്ടായിരുന്നില്ല.
'അതേ മിയാ... Pu de orange ല്‍ എത്തി നില്‍ക്കുന്ന സ്തനാര്‍ബുദം.. മുറിച്ചുമാറ്റാതെ വയ്യല്ലോ.'
'സ്ത്രീത്വത്തിലാണല്ലോ ചേതന്‍ അവന്‍ വിത്തുകള്‍ മുളപ്പിക്കുന്നത്. ചുവന്ന ചായം നിറച്ച് ചിത്രമെഴുതാന്‍ മാത്രം വിധിക്കപ്പെട്ട എന്റെ ഗര്‍ഭപാത്രത്തെ മുറിച്ചുമാറ്റാനും ധൈര്യമില്ലാര്‍ക്കും.. അതിന് തുനിഞ്ഞാല്‍ പരലോകത്തേക്കുള്ള വിസ പെട്ടെന്നാവാനും മതിയത്രെ.. ഇനി എന്തൊക്കെ ചെയ്താലും അവന്‍ പിടിവിടില്ലെന്നേ..'- പറഞ്ഞു തീരുമ്പോള്‍ അവളുടെ തൊണ്ടയിടറി.
'മിയാ.. സമാധാനമായിരിക്കൂ... ഇങ്ങനെയുള്ള വേദനകള്‍ക്കുള്ള മരുന്നാണ് ഇവിടത്തെ പുഞ്ചിരികള്‍. ഇവിടത്തെ അന്തേവാസികളോടൊപ്പം നിന്റെ വേദനകള്‍ കൂടി താങ്ങുവാന്‍ ശക്തിയുണ്ടെന്റെ തോളുകള്‍ക്ക്. മനസ്സിലെ വേദനകള്‍ ഇറക്കി വെച്ചോളൂ മിസ് മിയാ ആന്‍ഡ്രൂസ്.'- ചേതന്‍ നാടകീയമായി പറഞ്ഞു ചിരിച്ചു..
' എങ്ങനെയാണ് ചേതന്‍ നീ നിനക്ക് സ്വന്തമല്ലാത്തവരെ ഇത്രയധികം സ്‌നേഹിക്കുന്നത്?'
'ഞാനാരേയും സ്വന്തമാക്കുന്നില്ല മിയാ.. പകരം ഞാനവര്‍ക്ക് സ്വന്തമാവുകയാണ്. ഈ ജീവനില്ലാത്ത പാതിയുടല്‍ കൊണ്ട് നടക്കുന്ന ഞാന്‍ ആരെയും സ്വന്തമാക്കില്ല.. ഞാനവര്‍ക്ക് സ്വന്തമാവുന്നതില്‍ നിറഞ്ഞ സന്തോഷമാണെനിക്ക്.'
'നീയൊരു തണല്‍ വീടാണ് ചേതന്‍.. മരണം എന്നെ കൊണ്ട് പോയാല്‍, എന്റെ വീട് നീ സനാഥരാക്കിയ നിന്റെ കുഞ്ഞുങ്ങള്‍ക്കാണ്. പൂക്കള്‍ നിറഞ്ഞ എന്റെ സാമ്രാജ്യത്തില്‍ ആ ചിത്രശലഭങ്ങള്‍ പാറി നടക്കട്ടെ ചേതന്‍... പോവുകയാണ് ഞാന്‍.. ഇന്നെന്തോ വല്ലാതെ തളര്‍ന്നിരിക്കുന്നു..'
സാധാരണ ഒരുപാട് ചിരിച്ച് സന്തോഷത്തോടെ, യാത്ര പറയാതെ സംസാരിച്ചുകൊണ്ടേ നടന്നു പോവുന്നവളാണ്. ഇന്ന് പിന്നില്‍ നടക്കുന്ന നിഴലിനെ വ്യകതമായി കാണുന്നത് പോലെ. തളര്‍ച്ചയോടെ വീട്ടിലെത്തിയ മിയ, മാഗി നീട്ടിയ വെള്ളം ആര്‍ത്തിയോടെ കുടിച്ച് ബെഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വയലറ്റ് പൂക്കളുള്ള വെളുത്ത വസ്ത്രത്തിലേക്ക് ചുവന്ന ചായം പടര്‍ന്നു കയറി. വേദനയോടെ നോക്കുന്ന മിയയുടെ നെറ്റിയില്‍ തലോടിക്കൊണ്ടിരുന്ന മാഗിയുടെ കൈകളില്‍ അവന്റെ- മരണത്തിന്റെ വിയര്‍പ്പുതുള്ളികള്‍ തടഞ്ഞു.
നിറങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മിയ ചുവന്ന ചായത്തിനും മരണത്തിന്റെ കറുപ്പിനും മുന്നില്‍ വല്ലാതെ തളര്‍ന്നു പോയി. പിന്നില്‍ നടന്നിരുന്ന കറുത്ത നിഴല്‍ മുന്നിലേക്ക് വന്ന് തന്നെ ആഞ്ഞു പുല്‍കുന്നതും, അടിവയറിനുള്ളില്‍ ഒരായിരം ഞണ്ടുകള്‍ ഇറുക്കുന്നതും, ചുവന്ന ചായം വേഗത്തില്‍ ചാലുകളായിയൊഴുകി ചിത്രങ്ങള്‍ തീര്‍ക്കുന്നതും അവളറിയുന്നുണ്ടായിരുന്നു. നെഞ്ചില്‍ ഒരായിരം സൂചിക്കുത്തുകള്‍ ഏറ്റുവാങ്ങി അവള്‍ മരണദേവന്റെ മാറോട് ചേര്‍ന്ന് പിടഞ്ഞു പിടഞ്ഞങ്ങനെ ശാന്തമായുറങ്ങി.
തുറന്നു വെച്ച മിഴികള്‍ അടപ്പിക്കുമ്പോള്‍ മാഗിയുടെ നെഞ്ചിലും തൊണ്ടയിലും അടങ്ങാത്ത തേങ്ങലുകള്‍ ശബ്ദമായും കണ്ണുനീരായും പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു.
മിയയുടെ ആഗ്രഹം പോലെ മമ്മിയുടെ കല്ലറക്കടുത്ത് തന്നെ അവളെയും അടക്കം ചെയ്യപ്പെട്ടു. മുന്‍പേ മിയയുടെ ആവശ്യപ്രകാരം മാഗിക്ക് സ്വന്തം നാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മാഗിയാന്റി നാട്ടില്‍ പോവുകയും, വീടും ഹോസ്പിറ്റലും എല്ലാം ചേതന്റെ ട്രസ്റ്റില്‍ പൂര്‍ണ്ണമായും ചേര്‍ക്കപ്പെടുകയും, ആന്‍ഡ്രൂസ് വിദേശത്തേക്ക് തിരിച്ചു പോവുകയും ചെയ്തു.
മിയയുടെ വീട്ടില്‍ ചേതന്റെ ചുമതലയില്‍ അനാഥരായ ഒരുപാട് മാലാഖക്കുഞ്ഞുങ്ങള്‍ താമസത്തിനെത്തി... അവളുടെ കല്ലറയില്‍ പൂക്കള്‍ വെക്കാന്‍ കുഞ്ഞുകൈകള്‍ മത്സരിച്ചു. എല്ലാ ഓര്‍മ്മ ദിവസങ്ങളിലും ചേതനും കുഞ്ഞുങ്ങളും മിയയുടെയുടെയും മമ്മിയുടെയും കല്ലറകള്‍ പലവര്‍ണ്ണ പുഷ്പങ്ങളാല്‍ അലങ്കരിച്ചു.
അപ്പോഴൊക്കെ ചേതന്റെ കാതുകളില്‍ ഒരു ശബ്ദം മുഴങ്ങും. 'എനിക്കാരാണ് ചേതന്‍ പുഷ്പങ്ങള്‍ വെക്കാനുള്ളത്? ഒരു മകനോ മകളോ ഇല്ലല്ലോ... അനാഥയാവുമല്ലോ ഞാന്‍.. എപ്പോഴെങ്കിലുമൊക്കെ ഒരു കുഞ്ഞുപൂവ് എനിക്കായി നീ വെക്കുമോ ചേതന്‍?'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...