ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഡോ. ബിജു പി. എല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
വരവും ചിലവും കൂട്ടിമുട്ടിയ്ക്കുന്ന കടപ്പാലത്തിന് ബലക്ഷയം വന്നതോടെയാണ് ബസിലെ വരവും പോക്കും അവസാനിപ്പിച്ച് കഴിഞ്ഞ ഒരാഴ്ചക്കാലമായി ബാലഗോപാലന്‍ നടത്തം തുടങ്ങിയത്. ഈ പ്രായത്തിലിനി സൈക്കിളോടിച്ചു പഠിക്കുമ്പോഴുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാമെന്നതും നടക്കുന്നത് നല്ലൊരു വ്യായാമമാകുമെന്നതും അയാളുടെ ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. ഓഫീസില്‍നിന്നും വിട്ടിലേക്കുള്ള ദൂരം, കൂടിവന്നാലൊരു നാലുകിലോമീറ്റര്‍ കാണുമായിരിക്കും; നടക്കുകയാണെങ്കില്‍ ഒരര മണിക്കൂറെടുക്കും. ആ കുറച്ചു സമയംകൊണ്ട് തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ലെന്ന് അയാള്‍ മനസ്സില്‍ക്കണ്ടിരുന്നു.
മടക്കിക്കുത്തിയ മുണ്ടിന്റെ താഴേക്ക് ഇറങ്ങിനില്‍ക്കുന്ന തുണിസഞ്ചിയുടെ വാറ് തോളിലേക്ക് അല്പംകൂടി കയറ്റിയിട്ട് അയാള്‍ ഓഫീസില്‍നിന്നുമിറങ്ങി നടക്കാന്‍ തുടങ്ങി. ട്യൂഷന്‍ഫീസ് ഇന്നെങ്കിലും അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സിനിരിക്കില്ലെന്ന മകന്റെ ഭീഷണി ഒരെക്കിട്ടത്തോടൊപ്പമാണ് നടത്തത്തിനിടയില്‍ അയാളുടെ മനസ്സിലേക്ക് ചേക്കേറിയത്. അവനുള്ള മറുപടി അയാളന്നേരം ചെറിയൊരു മൂളലിലൊതുക്കിയിരുന്നു. വൈകിവന്ന കല്യാണവസന്തം പ്രായമാകുമ്പോള്‍ മക്കള്‍ക്ക് പ്രാരബ്ധമാകുമെന്നും വരാനിരിക്കുന്ന നല്ലകാലങ്ങളില്‍ ക്ലാവ്പിടിക്കുമെന്നുമുള്ള വ്യംഗ്യാര്‍ത്ഥം ആ ഭീഷണിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നുള്ള തിരിച്ചറിവിലുമാണ് മറുപടിക്ക് വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാക്കി അയാളപ്പോള്‍ മൗനിയായത്. നടത്തത്തിനിടയില്‍ പാന്റിന്റെ പോക്കറ്റില്‍നിന്നും പേഴ്‌സെടുത്ത് അതിന്റെ കാണാകോണില്‍ അറിഞ്ഞോ അറിയാതെയോ പണ്ട് എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാന്‍ അയാളൊന്ന് പരതിനോക്കി. അതിലൊന്നും കാണാന്‍ കഴിയാതെ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് മുഖത്തിനിരുവശത്തേക്കും മൂന്നുനാലുതവണ അയാള്‍ വക്രിപ്പിച്ചു. പിന്നെ ഇടതുകാല്‍ നിലത്തൂന്നി വലതുകാലുകൊണ്ട് വാപൊളിച്ച് മാനംനോക്കിക്കിടന്നിരുന്ന ഒരു ഒഴിഞ്ഞ സിഗരറ്റുപേക്കറ്റ് കാനയിലേക്ക് തട്ടിത്തെറിപ്പിച്ച് അപ്പോഴുണ്ടായ ദേഷ്യം അയാള്‍ തെല്ലൊന്ന് ശമിപ്പിച്ചു.
'അഛന്റെ മുടിഞ്ഞ ദേഷ്യമല്ലേ രണ്ടു മക്കള്‍ക്കും; മത്ത കുത്തിയാ കുമ്പളം മുളയ്ക്കുമോ?'- ഭാര്യ രുഗ്മിണിയുടെ സ്ഥിരം ഡയലോഗ് ഒരു മിന്നായംപോലെയാണപ്പോള്‍ അയാളുടെ തലയിലേയ്ക്കടിച്ചത്. ദേഷ്യത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ ഒരുപടി മുന്നിലാണവര്‍ രണ്ടുപേരും. അതിലൊരു സംശയവുമില്ല. മൂക്കിന്റെയറ്റത്താണ് രണ്ടിനും ശുണ്ഠി. ഡിഗ്രി കഴിഞ്ഞയുടനെ മൂത്തവന് ഫിലിം ഫോട്ടോഗ്രഫി പഠിക്കാന്‍ പൂനയിലേക്ക് പോണം! എവിടന്നാ പഠിക്കാന്‍വേണ്ട പണം എന്നൊന്നും അവനറിയേണ്ട. അതെങ്ങിനെയെങ്കിലും അച്ഛന്‍ ഉണ്ടാക്കിക്കൊടുക്കണം. അതച്ഛന്റെ കടമയാണ് പോലും!
വീട് പണയം വെച്ചാണെങ്കിലും അവന് പോയേ പറ്റൂ. പിന്നെ മിണ്ടാട്ടമില്ല, ഭക്ഷണം വേണ്ട, വരുന്നതും പോകുന്നതും തോന്നിയതുപോലെ! ഇപ്പോള്‍ വരവും ഇല്ല, പോക്കും ഇല്ല. രണ്ടുകൊല്ലമായി അവനെവിടെയാണെന്നുപോലും ഒരറിവുമില്ല.
രുഗ്മിണിയിപ്പോള്‍ അതേകുറിച്ചൊന്നും സംസാരിക്കാറേ ഇല്ല. സംസാരിച്ചിട്ടെന്തിനാ വെറുതെ സമാധാനക്കുറവുണ്ടാക്കുന്നതെന്ന് ആ പാവം ചിന്തിച്ചിട്ടുണ്ടാകും. ഒന്നെതിര്‍ത്താല്‍ കിട്ടിയതെടുത്ത് വലിച്ചെറിയുന്ന സ്വഭാവമാണ് രണ്ടാമന്. അവനാസ്വഭാവം എവിടെനിന്ന് കിട്ടിയതെന്നേ തനിക്ക് സംശയമുളളൂ. കുട്ടിയായിരുന്നപ്പോള്‍ ശിക്ഷിച്ച് ശരിപ്പെടുത്തേണ്ടതു തന്നെയായിരുന്നു. രുഗ്മിണി നൂറു വട്ടം പറഞ്ഞിട്ടും അവനെയൊരു ഈര്‍ക്കിലികൊണ്ടടിക്കാന്‍പോലും ഞാന്‍ സമ്മതിച്ചിരുന്നില്ല. അവന്‍ കുഞ്ഞല്ലേ, വലുതാകുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളും എന്ന നിലപാടിലാണ് തെറ്റ്. ഇനിയിപ്പോള്‍ വിഷമിച്ചിട്ടെന്താ കാര്യം? ട്യൂഷന് പോകേണ്ടായെന്ന് അവന്‍ തീര്‍ത്തുപറഞ്ഞിട്ടും നിര്‍ബന്ധിച്ചു വിട്ടതാണവനെ. ഇന്നിപ്പോള്‍ ട്യൂഷന്‍ഫീസ് ഇനിയും തരപ്പെട്ടില്ലെന്ന് എങ്ങിനെയാണ് അവനോട് പറയുക. രുഗ്മിണിയോടുതന്നെ അവനോട് പറയാന്‍ പറയാം. അവളാകുമ്പോള്‍ തഞ്ചവും തരവും നോക്കി പറഞ്ഞുകൊള്ളും. പ്രശ്‌നപരിഹാരം സ്വബുദ്ധിയില്‍ ഉരുത്തിരിഞ്ഞുവന്നതോടെ പരിസരബോധം തിരിച്ചുപിടിച്ച് അയാള്‍ റോഡിന്റെ ഓരം ചേര്‍ന്നു നടന്നു.
നടക്കുംതോറും ബാലഗോപാലന്റെ മനസ്സില്‍ മറ്റ് പ്രാരബ്ധങ്ങള്‍ ഓരോന്നോരോന്നായി ഉരുള്‍ പൊട്ടാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടു തവണ ചിട്ടിയടവ് മുടങ്ങിയിട്ടുണ്ട്; ഇത്തവണത്തേയും രണ്ടു ദിവസത്തിനുള്ളില്‍ അടയ്ക്കണം; കറണ്ടു ബില്ലടയ്ക്കാനുള്ള അവസാന തിയ്യതി നാളെയാണ്; അടുത്തമാസം പെങ്ങളുടെ മകളുടെ നിശ്ചയമുണ്ട്, അവള്‍ക്കെന്തെങ്കിലും കൊടുക്കേണ്ടെ? പലചരക്കുകടയിലെ പറ്റ് തീര്‍ത്തില്ലെങ്കില്‍ അടുപ്പെരിയുന്ന കാര്യവും കഷ്ടത്തിലാകും. ഇനിയും ഓര്‍ത്തെടുത്താല്‍ പട്ടിക നീണ്ടുപോകുമെന്നതുറപ്പാണ്. വായ മൂടിക്കെട്ടി മാസ്‌ക് വെച്ചിരിക്കുന്നതിനാല്‍, പിറുപിറുത്തുകൊണ്ടയാള്‍ നടക്കുന്നത് ആരുടേയും ശ്രദ്ധയില്‍പെട്ടില്ല.
ബസ്സില്‍ യാത്രചെയ്യുന്നവരെ നടത്തത്തിനിടയില്‍ അസൂയയോടെയാണ് അയാള്‍ നോക്കിയത്. കോവിഡിനുമുമ്പുള്ള തിക്കിത്തിരക്കിയുള്ള ബസു യാത്രകളാണ് അയാളുടെ ഓര്‍മ്മയിലന്നേരം തെളിഞ്ഞുവന്നത്. കണ്ടക്ടറെ കാണുമ്പോള്‍ അറിഞ്ഞുകൊണ്ടുതന്നെ മറന്നുപോകുന്ന യാത്രാക്കൂലി അയാളിലപ്പോള്‍ ചെറിയൊരു ജാള്യതവരുത്തി. നടന്നുപോകുന്നതിനാല്‍ ബസിനു പൈസയും കൊടുക്കേണ്ട, ആരോഗ്യവും കൂടും, പ്രകൃതിഭംഗിയും ആസ്വദിക്കാം. ബസ് യാത്രയെന്ന കയ്‌പ്പേറിയ മുന്തിരി ആ ടാറിട്ട റോഡിലേക്ക് തുപ്പിക്കളഞ്ഞ് മിഷന്‍ ക്വാര്‍ട്ടേഴ്‌സിന്റെ കോണ്‍ക്രീറ്റു ചെയ്ത ഇടവഴിയിലേക്കയാള്‍ നടന്നു കയറി.
കുറച്ചു ദൂരക്കൂടുതലുണ്ടെങ്കിലും അധികം തിരക്കുകളില്ലാത്ത ആ വഴിയില്‍ വണ്ടികളിടിയ്ക്കുമെന്ന ഭയമില്ലാതെ നടക്കാമെന്നതിനാലാണ് ആ വഴി അയാളപ്പോള്‍ തിരഞ്ഞെടുത്തത്. നടത്തത്തിന്റെ വേഗം കുറച്ചൊന്നു കൂട്ടിക്കൊണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു: ഈ വേഗത്തില്‍ നടന്നാല്‍ അഞ്ചരയോടെ വീട്ടിലെത്താം. എത്തിയ ഉടനെ ഓടിനുമേലെ ടാര്‍പൊളിന്‍പായ വലിച്ചുകെട്ടണം; ചോര്‍ച്ച തടയാന്‍ അതല്ലാതെ ഇപ്പോള്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ല. രാത്രിയാകുംമുന്‍പ് ആ പണി തീര്‍ന്നില്ലെങ്കില്‍ മഴവന്നാല്‍ ചുമരുമുഴുവന്‍ ഇനിയും കുതിരും. രണ്ടായിരം രൂപയെങ്കിലും കയ്യിലില്ലാതെ ആശാരിപ്പണി നടക്കില്ല. അയാളുടെ ചിന്തകള്‍ കടമകളും കടപ്പാലങ്ങളും കടക്കുവാനുള്ള തത്രപ്പാടുകളില്‍തട്ടി വീണ്ടും വീണ്ടും മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്നു. എത്ര ഞെക്കിത്തുറിപ്പിച്ചാലും ഏഴായിരമുള്ള മാസശമ്പളത്തില്‍നിന്നും ആശാരിപ്പണിയ്ക്കുവേണ്ട രണ്ടായിരം രൂപ മാറ്റിവെയ്ക്കാന്‍ പറ്റില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.
ഒന്നിനുപുറകെ മറ്റൊന്നായി കടന്നുവരുന്ന ചിന്തകള്‍ നടക്കുംതോറും തന്നെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്നയാള്‍ കുറച്ചു മുന്‍പിലായി രണ്ടായിരത്തിന്റെ പുത്തനൊരു നോട്ട് റോഡില്‍ കിടക്കുന്നത് കണ്ടത്. ഒരാന്തലിനൊപ്പം അയാളുടെ കണ്ണുകള്‍ മഞ്ഞളിച്ചുപോയി. അത് ഒറിജിനല്‍ നോട്ടുതന്നെയാണോ എന്ന സംശയമാണ് അയാള്‍ക്കാദ്യമുണ്ടായത്. അടുത്തെത്തിയപ്പോഴേക്കും അത് ഒറിജിനല്‍ തന്നെയാണെന്ന് അയാള്‍ക്കു ബോധ്യമായി. ആരെങ്കിലും അതിനവകാശിയായി അടുത്തുണ്ടോ എന്നറിയാന്‍ അയാള്‍ ചുറ്റിലും കണ്ണോടിച്ചു. രണ്ടുമൂന്നാളുകള്‍ കുറച്ചകലെയായി വഴിയരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതല്ലാതെ ആ വഴിയില്‍ വേറെ മറ്റാരുമില്ലായിരുന്നു, സംസാരിക്കുന്നവരാകട്ടെ തന്നെ ശ്രദ്ധിക്കുന്നില്ലെന്നും ഒറ്റനോട്ടത്തില്‍ അയാള്‍ക്ക് മനസ്സിലായി. അയാള്‍ ആ നോട്ട് കുനിഞ്ഞെടുക്കുവാന്‍ ഒരു നിമിഷം നിന്നതും ചെറിയൊരു കാറ്റില്‍ അത് കുറച്ചുമുമ്പിലേക്ക് പറന്നുപോയതും ഒരേ സമയത്തായിരുന്നു.
ആരും തൊട്ടടുത്തില്ലാത്തതിനാല്‍ വേവലാതിപ്പെടാതെ അയാള്‍ മുന്നിലേക്കുനടന്ന് അതെടുക്കുവാനായി വീണ്ടും കുനിഞ്ഞു. കൈപ്പിടിയിലെത്തും മുന്‍പേ നശിച്ചകാറ്റ് വീണ്ടും! ഇപ്പോഴത് കുറച്ചുകൂടി മുന്നിലേക്കാണ് പറന്നുനീങ്ങിയത്. അതെങ്ങാനും തൊട്ടടുത്തുള്ള കാനയില്‍ വീണാലോ എന്ന ആധിയോടെ അയാള്‍ ഇത്തവണ നടത്തത്തിന്റെ വേഗം അല്‍പംകൂടി കൂട്ടിക്കൊണ്ട് അതെത്തിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ അവിടെയെത്തും മുന്‍പേ വീണ്ടുമൊരു കുറുമ്പന്‍ കാറ്റില്‍ അത് മുന്നിലേക്ക് പറന്നുനീങ്ങി മുന്‍പുകണ്ട ആളുകളുടെ തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇനിയും അമാന്തിച്ചാല്‍ അതു കൈവിട്ടു പോകുമെന്നതിനാല്‍ അയാളോടിച്ചെന്ന് അത് പറന്നു പൊങ്ങാതിരിക്കുവാന്‍ കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു. അയാളത് കുനിഞ്ഞെടുത്ത് നിവരുമ്പോഴേക്കും അവിടെ നിന്നിരുന്നവര്‍ അയാളുടെ തൊട്ടടുത്തേക്ക് നടന്നെത്തിയിരുന്നു. ചിരിച്ചുകൊണ്ടവരിലൊരുവന്‍ അയാളുടെ കയ്യില്‍നിന്നും ആ നോട്ടുവാങ്ങി കുറച്ചകലെയായി കിടന്നിരുന്ന ഒരു വാനിലേക്ക് കൈചൂണ്ടി അയാളോട് പറഞ്ഞു:
'സാറെ, ആ വാന്‍ കണ്ടോ?'-'ചെറുകിട പറ്റിപ്പ്' എന്ന ടിവി പരമ്പരയുടെ ഭാഗമായുള്ള ഒരു വീഡിയോ ഷൂട്ടാണിത്. ആ വാനിലേക്കൊന്നു നോക്കൂ, ഒരു ക്യാമറ കാണുന്നുണ്ടോ?'
അപ്പോഴാണയാള്‍ അവിടെ കിടന്നിരുന്ന ആ വാനും അതിനുള്ളിലിരുന്ന് അവര്‍ക്കുനേരെ ക്യാമറ ചലിപ്പിക്കുന്നവരെയും കാണുന്നത്. തന്റെ കയ്യില്‍നിന്നും അവര്‍ തിരിച്ചെടുത്ത ആ നോട്ടിന്‍മേല്‍ ഒട്ടിച്ചിരുന്ന കറുത്തനൂലും അന്നേരമാണയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. തന്നെ ബുദ്ധിമുട്ടിച്ചുകൊണ്ട് ആ നോട്ട് കാറ്റില്‍ തനിയെ പറന്നു പോയതല്ലായെന്നും മറിച്ച് കുനിഞ്ഞെടുക്കാന്‍നേരം വാനിലിരുന്നവരാണ് തന്നെ കബളിപ്പിച്ചുകൊണ്ട് അത് മുന്‍പിലേക്ക് വലിച്ചുകൊണ്ടിരുന്നതെന്നും മനസ്സിലായപ്പോള്‍ വിളറിയ ചിരിയോടെ അയാള്‍ അവര്‍ക്കുമുമ്പില്‍ നിസ്സഹായനായി നിന്നു. അയാളുടെ തനത് മുഖഭാവങ്ങള്‍ അപ്പോഴെല്ലാം അവിടെയുള്ള ക്യാമറ ഒപ്പിയെടുത്തുകൊണ്ടിരുന്നു.
'സാറേ, സാറിന്റെ പേരെന്താണ്?'- അവരിലൊരുവന്‍ പുഞ്ചിരിച്ചുകൊണ്ടാണ് അയാളോട് ചോദിച്ചത്.
'ബാലഗോപാലന്‍' അയാള്‍ മറുപടി പറഞ്ഞു.
'സാറേ, വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഇതൊക്കെ ഒരു തമാശയായി കണ്ടാല്‍ മതി. ആരായാലും ഇതിലൊക്കെ വീഴാതിരിക്കുമോ?'-മറ്റൊരുവന്‍ അയാളുടെ പുറത്തു തട്ടി സമാധാനിപ്പിക്കുവാനെന്നവണ്ണം പറഞ്ഞു.
'ചേട്ടാ, പലവിധ സമ്മാനങ്ങളാണ് ചേട്ടനെ കാത്തിരിക്കുന്നത്'- ക്യാമറക്ക് മുമ്പിലേക്ക് അയാളെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ അവരിലൊരുവന്‍ പറഞ്ഞു. അവരെല്ലാവരും ക്യാമറയ്ക്ക് മുഖം കൊടുത്തുകൊണ്ട് നിരന്നുനിന്നു. അവരിലൊരാള്‍ ഒരു കാറിന്റെ പരസ്യവാചകങ്ങള്‍ പറഞ്ഞ് അവര്‍ക്കു നടുവിലേക്ക് അയാളെ ക്ഷണിച്ചു.
അവരയാള്‍ക്ക് ഒരു ഷൂ പോളിഷ്, കാറിന്റെ ഗ്ലാസ് തുടയ്ക്കുവാനുള്ള ഷാംപൂ, കാറിനുവേണ്ട ഒരു സണ്‍ ഷീല്‍ഡ്, കാറു കഴുകുവാനുള്ള സ്‌പോഞ്ച് എന്നിവ സമ്മാനങ്ങളായി നല്‍കി. അയാളുടെ കൈകളിലേക്കിവ മാറി മാറി നല്‍കുമ്പോള്‍ വാനിലെ ക്യാമറയിലേക്ക് നോക്കി ചിരിക്കുവാന്‍ അവര്‍ അയാളോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ഇംഗിതത്തിനു വഴങ്ങി സമ്മാനങ്ങളോരോന്ന് സ്വീകരിക്കുമ്പോഴും ഇളിഭ്യനായി അയാള്‍ ക്യാമറ നോക്കി ചിരിച്ചു.
അവര്‍ക്കു പിന്നിലായി വലിച്ചുകെട്ടിയിരുന്ന പരസ്യചിത്രത്തിലെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരഛനേയും മകനേയും പശ്ചാത്തലമദ്ധ്യത്തിലെത്തിക്കാന്‍ അവരുടെ ഒരേ നില്‍പ്പുതന്നെ പലയാവൃത്തി ചാഞ്ഞും ചെരിഞ്ഞും ഒപ്പിയെടുത്തുകൊണ്ടിരുന്ന താടി നീട്ടിവളര്‍ത്തിയ ക്യാമറാമാന്‍ തന്റെ മൂത്ത മകനാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയാതിരുന്നത് അയാളുടെ മുന്‍കാല സുകൃതമല്ലാതെന്തുപറയാന്‍?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...