Malayalam Short Story : ദൈവക്കുട്ടികള്‍, ഡോ. ബീന പിജി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Nov 29, 2022, 6:09 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ബീന പിജി എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


'ഇന്നെന്താണ് കളി?' 

അമ്മയുടെ ചോദ്യത്തിന് ഉത്തരമൊന്നും കൊടുക്കാതെ ഓട്ടം തുടര്‍ന്നു. മറുപടിക്കു നില്‍ക്കാനുള്ള നേരമില്ല. അമ്മയ്ക്കുമതേ. അമ്മയും തിരക്കിലാണ്. നാലു കയ്യുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിക്കുമാറ്  ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടി രാവിലത്തെ അടുക്കളക്കട പൂട്ടിയിറങ്ങാനുള്ള  ഒരുക്കത്തിലാണ്.

അമ്മ ഇറങ്ങുന്നത് രഹസ്യ വീക്ഷണം നടത്തി ക്കൊണ്ടാണ് കളി. അമ്മ വീട്ടിലുള്ളപ്പോള്‍ കയറില്ലാതെ കെട്ടിയിടുന്ന ഒരു ഫീലിംഗ്‌സാണ് രണ്ടാള്‍ക്കും. 

'അച്ചൂ.. അവിടെ നില്‍ക്ക്. അമ്പൂ പോയി കുളിക്ക്..' എന്നിങ്ങനെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ഉറച്ച ചില അശരീരികള്‍ ഇടയ്ക്കിടെ കേള്‍ക്കേണ്ടി വരും. അമ്മ ജോലിക്കു പോയാലാണ് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ അവിടെ ഉയരുക. അമ്മമ്മയ്ക്ക് ഒച്ചയിടാന്‍ അത്ര മിടുക്കു പോരാ. പോരാത്തതിന് കാളിക്കുട്ടി പണിയൊക്കെ കഴിഞ്ഞു പോവും വരെ അമ്മമ്മ അവളുടെ കൂടെ നടക്കും. 

അമ്പുവും  അച്ചുവും പരമ സ്വതന്ത്രരാവുന്ന രണ്ടു മൂന്നു മണിക്കൂറുകള്‍. അച്ചു കണ്ണാടിയ്ക്കു മുമ്പില്‍ നിന്ന് ഒരുക്കമാവും. സാരിയുടുത്ത് പരിശീലനം എന്നും പരാജയത്തില്‍ കലാശിക്കും. എന്നാലും തുടക്കം അതു തന്നെ. പിന്നീടാണ് മുഖ ചമയങ്ങള്‍. എവിടെത്തുടങ്ങണമെന്ന ശങ്കയൊന്നുമില്ല. ഒക്കെ അമ്മ ചെയ്യുന്നത് നോക്കിപ്പഠിച്ച് വെച്ചിട്ടുണ്ട്. ആദ്യം കുറച്ചു ഫേസ് ക്രീം പൂശുന്നു. ഐ ലൈനര്‍ കൊണ്ട് കണ്ണിന്റെ പരിസരങ്ങളില്‍ ഒരു വര. ചെറിയ മധുരരസമുള്ള ലിപ്സ്റ്റിക് തേച്ചു പിടിപ്പിക്കലും ചുണ്ടിന്റെ കോണുകള്‍ നക്കി മധുര രസമറിയലും സ്വന്തം വക കണ്ടുപിടുത്തമാണ്. പൗഡര്‍ ടിന്‍ ഉണ്ടെങ്കിലും ആധുനിക മേക്കപ്പില്‍ വലിയ സ്ഥാനമില്ല. മോയിസ്ചറൈസിംഗ് ക്രീം പുരട്ടിയാല്‍ പിന്നെ പൗഡറിന് റോളില്ല. 

ഒരുക്കം എന്നത്തെയും പോലെ അച്ചുവിനെ വിചിത്രമുഖിയാക്കും. പുതിയ അച്ചുവിനെ കണ്ണാടിയില്‍ കണ്ട് രസിച്ച് പഴയ അച്ചു എത്ര നേരം വേണമെങ്കിലും നില്‍ക്കും. വയ്യാത്ത അമ്മമ്മയ്ക്ക് ആശ്വാസം. ഒരു ഭാഗത്തിരുന്ന് വെറ്റില മുറുക്കാം. അമ്മയുള്ളപ്പോള്‍ അതിനും നിരോധനാജ്ഞയുണ്ട്.

അമ്പു അവസാനിക്കാത്ത സൈക്കിള്‍ യജ്ഞത്തിലാണ്  രാവിലെ മുതല്‍. പിന്നെ ഇടയ്ക്കിടെ വിശപ്പിന്റെ വിളികളും. അടുക്കളയില്‍ പോയി എല്ലാം തപ്പിത്തിരഞ്ഞ് സ്വയം എടുത്തു കഴിച്ചോളും. അച്ചു ചേച്ചിയാണെങ്കിലും ആ ബഹുമാനമൊന്നും ലവലേശം കൊടുക്കാറില്ല. ഇടയ്ക്കിടെ പോയി ചെറിയ തല്ലുമാല പരിപാടി നടത്തണം. അമ്മമ്മയുടെ സ്വസ്ഥതയ്ക്ക് വിഘ്‌നം വരുത്തണം. അമ്മമ്മ കണ്ണുരുട്ടും, ഒച്ചയെടുക്കും , അമ്മ വരുമ്പോള്‍ പറയും. അച്ഛന്‍ വിളിക്കുമ്പോ പറയും. ഇത് സ്ഥിരം കേള്‍ക്കുന്നതായതിനാല്‍ അമ്പുവിന് കൂസലില്ല. അവസാനം എനിക്കു വയ്യേ എന്റെ ഗുരുവായൂരപ്പാ എന്നും പറഞ്ഞ് അമ്മമ്മ പിന്‍ വാങ്ങും. 

കൊറോണക്കാലമാണ്. ഒന്നാം ക്ലാസിലെത്തിയ അമ്പുവിന് സ്‌കൂളു കാണാന്‍ പറ്റിയിട്ടില്ല. ഇരുന്നും കിടന്നും നടന്നുമൊക്കെ രണ്ടു കൊല്ലം നഴ്‌സറിയില്‍ പോയോ പോയില്ലേ എന്ന് അമ്പുവിനു തന്നെ വലിയ നിശ്ചയം പോരാ. അച്ചുവിനോട് ചോദിക്കേണ്ടി വരും അക്കാര്യങ്ങളൊക്കെ. അച്ചുവാണെങ്കില്‍ മൂന്നിലേയ്ക്ക് ജയിച്ചിരിക്കുമ്പോഴാണ് കൊറോണയുടെ വരവ്. പഠിപ്പിന്റെ രസം ഇത്തിരിയൊക്കെ അറിഞ്ഞു വന്നതായിരുന്നു. രാവിലെ ഒരുങ്ങി സ്‌ക്കൂളില്‍ പോവുന്നതൊക്കെ ഒരു രസമായി തോന്നിത്തുടങ്ങിയിരുന്നു. പെട്ടെന്നാണ് വീട്ടിലിരിപ്പായത്.

അമ്മമ്മയ്ക്കു മാത്രം മാറ്റമില്ല. കൊറോണ വരുന്നതിനു മുമ്പും വീട്ടിലിരിക്കല്‍ തന്നെയാണല്ലോ. രാവിലെ എല്ലാവരും പോയിക്കഴിഞ്ഞാല്‍ ടി വി കാണുക, മുറ്റത്തെ പുല്ല് പറിയ്ക്കുക, കണ്ണ് കടയും വരെ കുറച്ച് വായിക്കുക - അമ്മമ്മ ആരെങ്കിലും വന്നാല്‍ തന്റെ ദിനചര്യ വിവരിക്കുന്നത് അച്ചുവും അമ്പുവും കേള്‍ക്കാറുണ്ട്. എന്നും ഒരേ കാര്യം തന്നെ. അമ്മമ്മ ബോറടിച്ച് പണ്ടാരമടങ്ങില്ലേ എന്ന് അമ്പുവിനു സംശയം. പോടാ ചെക്കാ - എന്ന് അച്ചുവും. 

അച്ചുവും അമ്പുവും വീട്ടിലിരിക്കാന്‍ തുടങ്ങിയത് ആദ്യമൊക്കെ എല്ലാര്‍ക്കും ഒരാശ്വാസമായിരുന്നു. രാവിലത്തെ കടി പിടിയും തവളച്ചാട്ടവുമൊന്നും വേണ്ട. സുഖായി ഉറങ്ങട്ടെ. മുതിര്‍ന്നവര്‍ക്ക് സ്വസ്ഥമായി അവരവരുടെ പണി നോക്കാലോ. കുറച്ചു ദിവസം എല്ലാവര്‍ക്കും രസമായി. പക്ഷേ, പിന്നീട്  അച്ചുവും അമ്പുവും വീട്ടില്‍ പല രസങ്ങളും കണ്ടെത്തിയത് മറ്റുള്ളവര്‍ക്ക് വലിയ അരസികതയായി. 

അമ്മമ്മയുടെ നടുവേദന കൂടി. ഒച്ചയടഞ്ഞു. കിതച്ചു. തളര്‍ന്നു. പിന്നെ അമ്മമ്മയ്ക്കത് ശീലമായി. അമ്പുവും അച്ചുവും അമ്മമ്മക്കുട്ടികളായി. ചെറിയ കുരുത്തക്കേടൊക്കെ അമ്മമ്മയങ്ങ് ക്ഷമിച്ചു. ചിലതൊക്കെ മറ്റുള്ളവരില്‍ നിന്നു മറച്ചു. ചുരുക്കത്തില്‍ അമ്മമ്മയും മക്കളും സെറ്റായി. അമ്മ വരുമ്പോഴേയ്ക്ക് ഒരുമിച്ച് ഡീസന്റായി. വൈകിട്ട് ക്ഷീണിച്ചു വരുന്ന അമ്മയെ അലട്ടാതെ മക്കള്‍ അമ്മമ്മയെ തന്നെ പ്രദക്ഷിണം വെച്ചു. അമ്മമ്മ ചില ഓള്‍ഡ് ജനറേഷന്‍  കഥകളൊക്കെ പറയാന്‍ ശ്രമിച്ചു. ആ കാലവും അപ്പോഴത്തെ വീടും വീട്ടുകാരുമൊന്നും സങ്കല്പിക്കാനാവാതെ അമ്പുവിന് ശുണ്ഠി വന്നു. അച്ചുവിനും കഥ രസമായെങ്കിലും മുഴുവനങ്ങോട്ട് വിഷ്വലൈസ് ചെയ്യാന്‍ പറ്റിയില്ല. എന്നാലും ഒരു കഥ രണ്ടാള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെട്ടു. അച്ചാച്ചന്റെ മുടി കത്തിച്ച കഥ.

എട്ടു വയസ്സിലാണ് അച്ചാച്ചന്‍ അമ്മമ്മയെ കല്ല്യാണം കഴിച്ചു കൊണ്ടു വന്നത്. പകല്‍ മുഴുവന്‍ നെല്ലു കുത്തണം. അരി ചേറണം... കളിച്ചു നടന്ന സ്വന്തം വീട്ടിനെ ഓര്‍ത്ത് അമ്മമ്മക്കുട്ടി പലപ്പോഴും തേങ്ങിക്കരഞ്ഞു. അച്ചാച്ചന്‍ പകല്‍  മുഴുവന്‍ പാടത്തും പറമ്പിലും ജോലിയിലായിരിക്കും. ഒരു ദിവസം സന്ധ്യയ്ക്ക് കുളിയൊക്കെ കഴിഞ്ഞ് അച്ചാച്ചന്‍ മുറിയില്‍ വിശ്രമിക്കുകയാണ്. 

സന്ധ്യ കഴിഞ്ഞിരുന്നു. മുറിയില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. അച്ചാച്ചന് നീണ്ട തലമുടിയുണ്ട്. പകലൊക്കെ തലയുടെ മുന്‍ഭാഗത്ത് വലതു വശത്ത് കുടുമയായി കെട്ടിവെയ്ക്കാറാണ് പതിവ്. ഒരു ദിവസം ആ കുടുമയും അഴിച്ച് വിടര്‍ത്തി ഉറങ്ങാന്‍ കിടന്നതാണ് അച്ചാച്ചന്‍. അമ്മമ്മയാണെങ്കില്‍ കുറുമ്പു പിടിച്ചിരിക്കുകയാണ്. ഇയാള് ഈ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ട്, പണികളെടുത്ത് വയ്യാതായി. അമ്മമ്മയ്ക്ക് കലശലായ ദേഷ്യം തന്നെയായിരുന്നു അച്ചാച്ചനോട്. അച്ചാച്ചന്റെ  അഴിഞ്ഞു കിടക്കുന്ന മുടി കണ്ടപ്പോള്‍ അമ്മമ്മയ്‌ക്കൊരു കുസൃതി തോന്നി. മണ്ണെണ്ണ വിളക്ക് മുടിയുടെ നേരെ താഴേയ്ക്ക് നീക്കി വെച്ചു അമ്മമ്മ. മുടി കത്തിപ്പിടിച്ചു. പരിഭ്രമിച്ച് അച്ചാച്ചന്‍ ചാടിയെണീറ്റു. 

ഇത്രയും വരെ കേള്‍ക്കാന്‍ അമ്പുവിന് വലിയ ത്രില്ലാണ്. പക്ഷേ പിന്നീട് ഇതിന് അച്ചാച്ചന്റെ വക ശിക്ഷയൊന്നും കിട്ടിയില്ലാന്ന് അമ്മമ്മ പറഞ്ഞത് അവന് വിശ്വാസമേയില്ലായിരുന്നു. 

പറഞ്ഞാല്‍ കേള്‍ക്കാത്തതിന് ചെവി തിരുമ്മുക, ചൂരല് കൊണ്ട് അടിയ്ക്കുക , നൂറ്റൊന്ന് ഏത്തമിടീക്കുക എന്നൊക്കെയുള്ള ശിക്ഷകള്‍ തരുന്നത് കാരണം അച്ചാച്ചനെ പേടിയാണ് എന്ന് അമ്മമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ്.

അങ്ങനെ അമ്മമ്മയുടെ പുളു മുഴുവനും ഞങ്ങള് വിശ്വസിക്കില്ലാന്ന് അച്ചുവും പറഞ്ഞതോടെ അമ്മമ്മ തെറ്റിപ്പോയി.  കാളിയോട് വിശേഷം പറയാന്‍ ഇരുന്നു. 

അമ്മമ്മ പരിസരത്തു നിന്നു പോയതും അമ്പു വീട്ടിനകത്തു കയറി. എല്ലാ മുറികളിലും ഒരു പരിശോധനയുണ്ട്. അച്ചു നിരത്തി വെച്ച മേക്കപ്പ് സാധനങ്ങളൊന്നും അവന് വേണ്ട. പക്ഷേ സ്റ്റിക്കര്‍ പൊട്ടുകള്‍ ഒരു ബലഹീനതയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള പൊട്ടുകള്‍ ചുമരിലോ പുസ്തകത്തിലോ ഒട്ടിച്ച് വെക്കല്‍ അവന് ആനന്ദമാണ്.

മുറ്റത്തിറങ്ങിയപ്പോള്‍ അച്ചു  മിക്കിപ്പൂച്ചയുടെ കൂടെ കളിയാണ്. 

'അമ്മമ്മയെവിടെ?'- അച്ചു ചോദിച്ചു. 

'ആ അറിയില്ല.'- അച്ചു മിക്കിയുടെ  വാലില്‍ പിടിച്ച് അതിനെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. 

അമ്മമ്മയെ കാണാതെ പറ്റില്ല. ജിലേബി മധുരമോര്‍ത്ത് വായില്‍ വെള്ളം നിറച്ചു നടക്കുകയാണ് അമ്പു. അവന്‍ മുറ്റത്തിറങ്ങി നടന്നു. പിറകുവശത്തേക്ക് പോയപ്പോഴാണ് കണ്ടത്, അമ്മമ്മയതാ നിലത്ത് മണ്ണില്‍ വീണു കിടക്കുന്നു. 

'അയ്യോ അമ്മമ്മ വീണോ?' അമ്പു പേടിച്ചു. 

'അമ്മമ്മേ' എന്നുറക്കെ വിളിക്കുന്നതു കേട്ട് അച്ചുവും മിക്കിയും അങ്ങോട്ടെത്തി. മുറ്റത്ത് വീണു കിടക്കുന്ന അമ്മമ്മയെ കണ്ട് അച്ചുവിനു കരച്ചില്‍ വന്നു. 'അമ്മമ്മേ അമ്മമ്മേ' എന്ന് ഉറക്കെ വിളിച്ചു കൊണ്ടവള്‍ കരഞ്ഞു. 

'അമ്പു ഓടിപ്പോയി കുറച്ചു വെള്ളം കൊണ്ടു വാ. മുഖത്ത് തളിയ്ക്കാനാ.' 

അമ്പു വെള്ളം കൊണ്ടു വന്നു. മുഖത്ത് വെള്ളത്തുള്ളികള്‍ തട്ടിയപ്പോള്‍ അമ്മമ്മ പതുക്കെ കണ്ണു തുറന്നു . പക്ഷേ ഒന്നും മിണ്ടിയില്ല. പരിഭ്രമത്തിനിടയിലാണ് അച്ചുവിന് അമ്മ മുമ്പെപ്പോഴോ പറഞ്ഞത് ഓര്‍മ്മ വന്നത്. 'അമ്മമ്മയ്ക്ക് ക്ഷീണം വന്നാല്‍ ഒരു ഗ്ലാസ് പഞ്ചസാര വെള്ളം കുടിക്കാന്‍ കൊടുക്കണം ട്ടോ  മോളേ...' 

അച്ചു അതു പോലെ ചെയ്തു. 

രണ്ടാളും കൂടി അമ്മമ്മയെ മുറ്റത്തു തന്നെ ഇരുത്തി വെള്ളം കൊടുത്തു. 

കുട്ടികളെയും അമ്മമ്മയെയും പുറത്തു കണ്ട് അടുത്ത വീട്ടിലെ ശാന്തച്ചേച്ചി അങ്ങോട്ടു വന്നു. 

'എന്തുപറ്റിയതാ മക്കളേ. അമ്മമ്മ വീണിട്ട് മുറിവ് വല്ലതും പറ്റിയോ..?'

ശാന്തച്ചേച്ചി പതുക്കെ അമ്മമ്മയുടെ അടുത്തിരുന്നു. ഗ്ലാസിലെ വെള്ളം മുഴുവനും കുടിക്കാന്‍ കൊടുത്തു. പതുക്കെ എഴുന്നേല്‍പ്പിച്ച് അകത്തെ മുറിയില്‍ കൊണ്ടു പോയി കിടത്തി. 

'എന്താ പറ്റിയത് കല്യാണിയേട്ത്തി?'

'ഷുഗര്‍ കുറഞ്ഞതാവും. കുറച്ചു കഴിയുമ്പോഴേയ്ക്ക് ശരിയാകും ട്ടോ..'

ശാന്തച്ചേച്ചി വന്നത് കുട്ടികള്‍ക്കും അമ്മമ്മയ്ക്കും സമാധാനമായി. 

'നീ ഇവര്‍ക്ക് ചോറു കൊടുത്തിട്ട് പോയാല്‍ മതി ട്ടോ ശാന്തേ' എന്ന് അമ്മമ്മ പറയുന്നത് കേട്ട് അച്ചുവിനും അമ്പുവിനും സമാധാനമായി. രണ്ടാളും മിക്കിപ്പൂച്ചയുടെ പിന്നാലെ പുറത്തേയ്ക്കിറങ്ങി. അപ്പോഴാണ് അച്ചുവിന് അമ്മ  പോവാനിറങ്ങുമ്പോള്‍ എന്നും പറയാറുള്ള കാര്യം ഓര്‍മ്മ വന്നത്. മുറ്റത്തിറങ്ങി ചെരുപ്പിട്ട ശേഷം ഒരു വിളിയാണ്. 

'അമ്മേ കുട്ടികളെ ശ്രദ്ധിച്ചോളൂ ട്ടോ.' 

അടുത്തത് അച്ചുവിനോടാണ്. 'അമ്മമ്മയ്ക്കു വയ്യാത്തതാണ്. ഓരോന്നും വലിച്ചു പരത്തിയിട്ട് ബുദ്ധിമുട്ടിക്കരുത് ട്ടാ.'

അച്ചുവിന് ചെറിയൊരു ചിരി വന്നു. 'അമ്മമ്മയെ  ഞങ്ങള്‍ ബുദ്ധിമുട്ടിച്ചതൊന്നുമില്ല. വയ്യാതായപ്പോ നോക്കിയില്ലേ! ഞാന്‍ പഞ്ചസാര വെള്ളം കൊടുത്തില്ലേ?'

മുറ്റത്ത് നല്ല വെയില് . മിക്കിയുടെ മുഖം വാടിപ്പോയി. 

'അമ്പൂ ഫ്രിഡ്ജിന്ന് പാലെടുത്തിട്ടു വാ..'

മിക്കിയുടെ കാര്യമായതോണ്ട് അമ്പു എതിരൊന്നും പറയാതെ ഉള്ളിലേക്കോടി. ആ പോക്കില്‍ ഫ്രിഡ്ജിലിരിക്കുന്ന മിഠായിയും കൂടി എടുക്കാലോ എന്നുമോര്‍ത്താവും ഓട്ടത്തിന്റെ വേഗത എന്ന് അച്ചു കണക്കു കൂട്ടി. അമ്മയൊന്നു വേഗം വന്നാല്‍ മതിയായിരുന്നു. ഇതൊക്കെയൊന്നമ്മയോട് പറയാഞ്ഞിട്ട് അച്ചുവിനാകെയൊരു വിമ്മിഷ്ടം. സങ്കടവുമുണ്ട്. 

എന്നാലും അമ്മമ്മ എഴുന്നേറ്റ് വെള്ളമൊക്കെ കുടിച്ചല്ലോ എന്നു സന്തോഷവുമായി . ചെറിയ കിണ്ണത്തിലെ പാലു കുടിക്കുമ്പോ മിക്കിപ്പൂച്ച തലയുയര്‍ത്തി നോക്കി. മിക്കി തന്നോട് ചിരിച്ചതാണെന്ന് അച്ചു ഉറപ്പിച്ചു. 

അമ്പു മിക്കിയുടെ കഴുത്തില്‍ തലോടിക്കൊണ്ടിരിപ്പാണ്. വായില്‍ മിഠായി മധുരമുള്ളതിന്റെ സന്തോഷമാണ് അവന്റെ മുഖത്ത്. ഇന്നത്തെ ഡയറിയിലെഴുതാന്‍ ഒരു സംഭവം കിട്ടിയല്ലോ എന്നായിരുന്നു അച്ചുവിന്റെ മനോ രാജ്യം.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!