കൗന്തേയം, ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

By Chilla Lit Space  |  First Published Oct 20, 2021, 7:00 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. അജയ് നാരായണന്‍ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ഗംഗാതീരത്തേക്ക് വേച്ചുവേച്ചൊരു രൂപം നടന്നുനീങ്ങുന്നത് ദൂരെ നിന്നും ആര്‍ക്കും കാണാം. സൂര്യന്‍ ചിന്താവിഷ്ടനായി മേഘപാളികള്‍ക്കിടയില്‍ മുഖം മറച്ചു. ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ ഗംഗ നിശ്ശബ്ദയായി ഒഴുകി.

ധര്‍മ്മക്ഷേത്രത്തിന്റെ ഇരുവശവും ആളും അരങ്ങുമൊഴിഞ്ഞിരുന്നു. ചതുരംഗപ്പലകയില്‍ ശ്രദ്ധാപൂര്‍വ്വം ആവേശത്തോടെ കരുക്കള്‍ നീക്കി വിജിഗീഷുവായ് പുരുഷസൂക്തങ്ങള്‍ മൂളിയവര്‍ ഇപ്പോഴിതാ നിശ്ശൂന്യഭാവത്തില്‍ ശിരസ്സുകള്‍ താഴ്ത്തിയും കരങ്ങള്‍ പിണച്ചുവച്ചും പരേതാത്മാക്കള്‍ക്ക് മോക്ഷമേകാന്‍ മൂകമായി പ്രാര്‍ത്ഥിക്കുവാനുള്ള ഊഴവും കാത്ത് നിരന്നുനില്‍ക്കുന്നു.

പരാജയനും വിജയനും ഒരുപോലെ തകര്‍ന്നുപോയ യുദ്ധവേദിയില്‍, കുരുക്ഷേത്രത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.

രുധിരത്തിലാകൃഷ്ടരായ നായും നരിയും മറ്റു ശവംതീനികളും പരസ്പരം കടിച്ചുകീറാനൊരുങ്ങിയിരിപ്പുണ്ട്.

''ഈശ്വരന്‍മാരേ, കഴിഞ്ഞില്ലേ ഇനിയും പരീക്ഷകള്‍?'', വൃദ്ധമനസ്സ് വിതുമ്പി...

'ജഠരാഗ്‌നിപോലെ
സംഹാര രുദ്രനായി
കൊടുങ്കാറ്റുപോലെ
കടല്‍ത്തിരകള്‍ പോലെ
വ്യഥകള്‍തന്‍ ഗര്‍ത്തം തീര്‍ത്തെല്ലാം 
തച്ചുതകര്‍ക്കുന്ന പുരുഷന്റെ
ലോകം ശൂന്യമായി
പുരുവംശമൊന്നായൊലിച്ചുപോയി...'
 
ഏകയായി, മൂകയായി അവര്‍ ഗംഗയുടെ തീരത്തിരുന്നു. കാറ്റില്‍ തകര്‍ന്നടിഞ്ഞ കപ്പല്‍ പോലെ അവര്‍ തളര്‍ന്നിരുന്നു. അവരുടെ കാലടികളിലേക്ക് ഗംഗയുടെ കുഞ്ഞോളങ്ങള്‍ ഓടിയെത്തി, ആശ്വസിപ്പിച്ചു.

പണ്ടെന്നോ അര്‍ദ്ധരാത്രിയില്‍ ഒഴുക്കിവിട്ട ചെറുവഞ്ചിയെങ്ങാനും അലയുന്നുണ്ടോ, ദൂരേ? അവര്‍ സംശയിച്ചു. അതോ പൊങ്ങുതടി പോലെയൊഴുക്കില്‍ ഉലയുന്ന പരേതാത്മാക്കളുടെ കൂട്ടമോ തന്നെ തേടിയെത്തുന്നത്?
കര്‍ണ്ണകഠോരശബ്ദത്തില്‍ ആരോ കരയുന്നുവല്ലോ!

കാറ്റോ ഗംഗയിലെ ഓളങ്ങളോ? 

അതോ ഹസ്തിനപുരിയിലെ വിധവകളുടെ ജല്പനങ്ങളോ?

സംശയം മാറുന്നില്ല.

അവര്‍ ഇരുചെവികളും പൊത്തി പഞ്ചഭൂതങ്ങളെ ശപിച്ചു. 

മാറിനില്‍ക്കിന്‍ പ്രപഞ്ചസാക്ഷികളെ, നിങ്ങളൊന്നും കണ്ടിട്ടില്ല. മാറിനില്‍ക്കിന്‍ ആളിമാരേ, കഥാന്ത്യമായിട്ടില്ല ഇനിയും.

ഈ രാത്രി, എന്റെ ആത്മനൊമ്പരങ്ങളുടെ കെട്ടഴിക്കുവാനുള്ള കാളരാത്രി. എന്റെ ആത്മഗതത്തില്‍ ഞാന്‍ തന്നെ കാഥിക, ഞാന്‍ തന്നെ ശ്രോതാവും വിധികര്‍ത്താവും. എന്റെ വ്യഥകളുടെ കൂടു തുറന്നാല്‍ പുറത്തേക്കൊഴുകുന്ന അഗ്‌നിജ്വാലകള്‍ തടുക്കുവാനാകാതെ പുരുഷഭാവങ്ങള്‍ ശിലയായുറയട്ടെ. അവന്റെ രേതസ്സും വായുവില്‍ വറ്റിയുണങ്ങട്ടെ.

ഇനിയൊരു ഗര്‍ഭവും പേറിയുഴറേണ്ടോരു സ്ത്രീജന്മമിനിയീ ഭാരതപുണ്യഭൂവില്‍. ഇവിടെത്തീരണം കുന്തിമാരുടെ പരീക്ഷകളും പരീക്ഷണങ്ങളും. പറഞ്ഞുതുടങ്ങാം, ഞാന്‍... കണ്ണും കാതും മനസ്സും തുറന്നുകേള്‍ക്കുക ദൈവങ്ങളേ.

കഥ കേള്‍ക്കാന്‍ ശക്തിയില്ലാതെ അംശുമാന്‍ കാതുകള്‍ പൊത്തി  കണ്ണുകളടച്ചോടിമറഞ്ഞു. വായു നിശ്ചലമായി. ആയിരം കണ്ണുകളിലും ഈറനണിഞ്ഞ സുരദേവന്‍ വിറങ്ങലിച്ചുനിന്നു.

മൃത്യു മാത്രം രോഷാകുലനായി സംഹാരതാണ്ഡവമാടിത്തിമിര്‍ത്തു.
 
ഒന്നുമറിയാതെ, താരകകുഞ്ഞുങ്ങള്‍ ആകാശജാലകത്തിരശ്ശീലകള്‍ വകഞ്ഞുമാറ്റി കണ്ണുകള്‍ തിരുമ്മി ഉറക്കച്ചടവോടെ എഴുന്നേറ്റുവന്നു. കഥയറിയാന്‍.

പ്രകൃതി കാതോര്‍ത്തു. 

വൃദ്ധ പറഞ്ഞു തുടങ്ങി.

ഒരു പെണ്ണിന്റെ കഥ! ഭാരതസ്ത്രീകളുടെ ആവര്‍ത്തനഗാഥ.

click me!