ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ദേവിക രാജ് ബി എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
വീല്‍ ചെയറിലിരുന്നു ലില്ലിക്കുട്ടി പടം വരക്കുകയാണ്. തുറന്നിട്ട ജനാലയിലൂടെ ഇടയ്ക്കിടെ അവള്‍ പുറത്തേക്ക് നോക്കും, എന്നിട്ട് വീണ്ടും ചിത്രം വരക്കും. കൈ നിറയെ പല ചായങ്ങള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ചിത്രം വരക്കും, പേപ്പറിലേക്ക് ഒന്നു നോക്കും, പല കോണുകളില്‍ തിരിച്ചു നോക്കും, എന്നിട്ട് ചുരുട്ടി താഴേക്ക് ഒരേറാണ്.
മുറിയില്‍ ഇപ്പോള്‍ നിറയെ ചായം നിറഞ്ഞ പേപ്പറുകള്‍ ആണ്. ലില്ലിക്കുട്ടി ഉണ്ടോ വിടുന്നു, വീണ്ടും പേപ്പര്‍ കീറും, വരക്കും.
ഈ പരാക്രമം തുടങ്ങിയിട്ട് മണിക്കൂര്‍ അഞ്ചാവാറായി. ഇടക്ക് മുറിക്കു പുറത്ത് നിന്ന് അമ്മച്ചീടെ അന്വേഷണവിളി കേള്‍ക്കാം. 'ലില്ലിക്കുട്ട്യേ, നീ എന്ന എടുക്കുവാ.. അനക്കം ഒന്നുമില്ലല്ലോ?'
അപ്പൊ ലില്ലി തന്റെ മഹത്തായ കര്‍മ്മത്തില്‍ നിന്ന് ഇടവേള എടുത്തിട്ട് പറയും, 'ലില്ലി കുട്ടി ഇവിടെ ഉണ്ടെ അമ്മച്ചി. അമ്മച്ചി അടുക്കളപ്പണി ചെയ്യെന്നെ. വേഗം ചോറായില്ലേല്‍ അപ്പന്‍ പണി കഴിഞ്ഞു വരുമ്പോള്‍ മുഷിയുമേ ... '
അമ്മച്ചി അപ്പോള്‍ നീരസത്തോടെ പറയും: 'ഓ നീ അപ്പന്റെ മോളല്ലേ, അമ്മച്ചീടെ കഷ്ടപ്പാടിന് വില ഇല്ലല്ലോ.'
'പോട്ടെ അമ്മച്ചി, ലില്ലിക്കുട്ടിക്ക് അപ്പനേം അമ്മച്ചിയേം ഒരുപോലെ ഇഷ്ടമാ..'-ഇത്രേം പറഞ്ഞു ലില്ലി വീണ്ടും ചിത്രരചന തുടരും.
അമ്മച്ചി ചോറുകൊടുക്കാനായി മുറിക്കകത്തു വന്നപ്പോഴും ലില്ലിക്കുട്ടി ആവേശത്തോടെ ചായം തേക്കുകയാണ്.
'നീ ഇത് എന്ത് കാട്ടുവാ എന്റെ ലില്ലിക്കുട്ടിയെ, ഈ മുറിയിലിത് എന്നതാ കിടക്കുന്നെ. എന്താ നീ വരക്കുന്നേ?'
അപ്പോളേക്കും ലില്ലിക്കുട്ടീടെ അപ്പന്‍ പണി കഴിഞ്ഞ് എത്തി. ലില്ലി കുട്ടി പറഞ്ഞു വിട്ട തേന്‍ മിഠായി പേപ്പറില്‍ പൊതിഞ്ഞു അപ്പന്‍ മുറിയിലേക്ക് കയറി. 'അപ്പന്റെ മോള് ചോറുണ്ണുവാണോ,, ദേ തേന്‍മിഠായി..'-അപ്പന്‍ സന്തോഷത്തോടെ ലിലിക്കുട്ടീടെ അടുക്കലേക്ക് ചെന്നു.
'ആഹ് അപ്പന്റെ മോള് എന്താ കാട്ടുന്നെന്ന് കണ്ടോ, എത്ര പേപ്പറാ ചുരുട്ടി ഇട്ടേക്കുന്നെ...?'- അമ്മച്ചി നീരസത്തോടെ പറഞ്ഞു.
അപ്പന്‍ ചോദിച്ചു, 'ലില്ലി കുട്ടി എന്താ ഈ വരക്കുന്നെ?'
ലില്ലി കുട്ടി കൗതുകത്തോടെ പറഞ്ഞു: 'അപ്പാ,, ദോ... അവിടെ ആ കുട്ടികള്‍ ഓടി കളിക്കുന്നെ കണ്ടോ? അവര്‍ കുറെ പേരുണ്ട്. എന്തൊക്കെയാ അവര്‍ കളിക്കുന്നത്. രാവിലെ അമ്മച്ചി ഈ ജനാല തുറന്നപ്പോള്‍ തൊട്ട് അവര്‍ കളിക്കുകയാ. എന്ത് സന്തോഷത്തിലാ അവര്‍. അവരുടെ ചിത്രം വരക്കുകയായിരുന്നു ഞാന്‍.'
'ആഹാ മിടുമിടുക്കി, അല്ല ഇത്രയും നേരം ആയിട്ടും എന്താ വരച്ചു കഴിഞ്ഞില്ലേ? എന്തിനാ ഇതെല്ലാം ചുരുട്ടി എറിഞ്ഞേ?'- അപ്പന്‍ അവളുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്ന് ചോദിച്ചു.
ലില്ലി കുട്ടി സങ്കടത്തോടെ പറഞ്ഞു :'അപ്പ, അവരുടെ കൂടെ ഞാനും കളിക്കുന്ന പടം വരയ്ക്കാന്‍ നോക്കിതാ, പക്ഷെ വീല്‍ചെയറില്‍ ഞാന്‍ ഇരിക്കുന്ന ചിത്രം എത്ര വരച്ചിട്ടും ശരി ആകുന്നില്ല, എനിക്ക് ഇവരുടെ കൂട്ട് കാലില്ലല്ലോ ഓടികളിക്കാന്‍'-ഇത് കേട്ടപ്പോള്‍ അമ്മച്ചിടെ കണ്ണ് നിറഞ്ഞു. അമ്മച്ചി പറഞ്ഞു
'എന്റെ മോള്‍ക്ക കാലില്ലേല്‍ എന്താ, രണ്ട് കൈ ഉണ്ടലോ അത് വെച്ച് എത്ര സുന്ദരമായ ചിത്രങ്ങളാ വരക്കുന്നേ.. അതൊക്കെ ആ കുട്ടികള്‍ക്ക് പറ്റില്ലല്ലോ'
അപ്പനു്യ ഇടപെട്ടു. 'ആര് പറഞ്ഞു എന്റെ മോള് കളിക്കില്ലന്നു,? ലില്ലി കുട്ട്യേ നീ വീല്‍ ചെയര്‍ എന്തിനാ വരക്കുന്നേ? അവരുടെ കൂടെ ഓടിക്കളിക്കുന്ന ചിത്രം വരച്ചേ, അപ്പൊ നല്ല ഭംഗി ആകും'
ലില്ലി കുട്ടി ഉടനെ വീണ്ടും വര തുടങ്ങി. അവരോടൊപ്പം ഓടിക്കളിക്കുന്ന ചിത്രം വരച്ചപ്പോള്‍ പതിയെ ചിരിച്ചു. സന്തോഷം കൊണ്ട് അവളുടെ മുഖമെല്ലാം ചുവന്നു. എന്നിട്ട് അപ്പനേം അമ്മച്ചിയേം അത് കാണിച്ചു. അതുകണ്ടു അപ്പനും അമ്മച്ചിയും അവളെ കെട്ടിപ്പിടിച്ചു.
എന്നിട്ട് അപ്പന്‍ പറഞ്ഞു: 'എന്റെ മോള് മിടുമിടുക്കിയാ'
പുഞ്ചിരിയോടെ അവള്‍ അപ്പന്റെ കൈയില്‍ നിന്ന് ഒരു തേന്‍മിഠായി എടുത്ത് കഴിച്ചു.
അമ്മച്ചി അവള്‍ക്ക് ചോറും കൊടുത്തു.
വീണ്ടും വേറെ ഒരു പേപ്പര്‍ എടുത്ത് എന്തോ വരയ്ക്കാന്‍ ആയി അവള്‍ തുടങ്ങി. അന്നേരം, കറുത്ത ശരീരത്തില്‍ നീല പുള്ളി ഉള്ള ഒരു ചിത്രശലഭം ജനാലയിലൂടെ അവളുടെ അടുത്തേക്ക് പറന്നെത്തി. അതിനെ പുഞ്ചിരിയോടെ നോക്കി ലില്ലി കുട്ടി തന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ തുടങ്ങി.