Malayalam Short Story : നീല, ചിന്തു രാജ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 12, 2023, 3:36 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തുരുത്ത്    ചിന്തു രാജ് എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


'നീലയില്‍ വെള്ള പൂക്കളുള്ള ചുരിദാര്‍'- ടെക്‌സ്‌റ്റൈല്‍സിലെ പെണ്‍കുട്ടി ചുരിദാര്‍ തപ്പുമ്പോള്‍ എന്നെ നോക്കി ചിരിച്ചു, 'അവനു അതാണ് ഇഷ്ടം' ആരും കേള്‍ക്കാതെ എന്നോടുമാത്രം പറഞ്ഞു. 

'വീട്ടിലറിഞ്ഞാല്‍ ഇതു പ്രശ്‌നമാവില്ലേ? പ്രത്യേകിച്ച് നിന്റെ ഭര്‍ത്താവ്?' ഞാനവളുടെ മുഖത്തേക്ക് നോക്കാതെയാണ് ചോദിച്ചത്. 

ഉത്തരം പറയാതെയവള്‍ എന്റെ കൈ പിടിച്ചു കോഫിഹൗസിലേക്കോടുകയായിരുന്നു.

കോഫിഹൗസില്‍ ഏറ്റവും പിന്നിലായി ഒരു മൂലയ്ക്കു ഞാന്‍ സ്ഥാനം പിടിച്ചു. അവിടെ ഇരുന്നാല്‍ എനിക്കവളെ വ്യക്തമായി കാണാം. ഇളം ബ്രൗണ്‍ നിറത്തിലുള്ള മുടിയൊതുക്കാന്‍ അവള്‍ പാടുപെടുന്നുണ്ടായിരുന്നു ഇടക്ക് ഇടങ്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.

അവള്‍ക്കഭിമുഖമായി അവനിരിക്കുന്നു. അവന്റെ മുഖം വ്യക്തമല്ല, പക്ഷേ എവിടയോ കണ്ടു മറന്നത് പോലെ, എവിടെയായിരിക്കും? ഒരു കോഫി സിപ്പില്‍ 18 വര്‍ഷം പിന്നിലോട്ട് പോയ ഓര്‍മകളില്‍, ഒരു പിടി മുല്ലപ്പൂക്കളുടെ ഗന്ധം. ഓണാഘോഷത്തിനിടിയില്‍ ഒരു പിടി മുല്ലപ്പൂക്കള്‍ വാരിയെറിഞ്ഞിട്ട് ചിരിച്ച മുഖം. 

അന്ന് ഒരു നീല ചുരിദാറായിരുന്നു ഇട്ടിരുന്നത്, കാഞ്ചിയെ പോലെ അന്നൊക്കെ നീല ഡ്രെസ്സിനോട് ചേരുന്ന അതേ നിറത്തിലുള്ള ആഭരണങ്ങള്‍ ഇടാന്‍ ഇഷ്്ടമായിരുന്നു.

പിന്നെ എപ്പോഴാണ് മാറിയത്? വിവാഹാനന്തരം, 'നീലയല്ല ഓഫ്വൈറ്റില്‍ മെറൂണ്‍ ബോര്‍ഡര്‍ നല്ല ക്ലാസ്സ് ലുക്കായിരിക്കും'. 

ശ്യാമിന് വേണ്ടി ഇഷ്ടങ്ങള്‍ മാറ്റിവച്ചു. 'ആരെ കണ്ടാലും നിനക്ക് പണ്ടെങ്ങോ കണ്ട ആരുടെയങ്കിലും മുഖഛായ തോന്നും'-ശ്യാമിന്റെ ശബ്ദത്തില്‍ ലേശം പുച്ഛമുണ്ടോ? അതോ തോന്നുന്നതോ.

കാഞ്ചി എഴുന്നേറ്റ് കൈവീശി കാണിച്ചു, അവളുടെ സുഹൃത്ത് പോയിക്കഴിഞ്ഞിരുന്നു.

ശ്യാം പറയുന്നത് പോലെ ചിലപ്പോള്‍ എല്ലാം തോന്നലുകള്‍ ആവാം. എല്ലാ ശനിയാഴ്ചകളിലും കാഞ്ചി അവളുടെ സുഹൃത്തിനെ കാണാറുണ്ടായിരുന്നു, കാഞ്ചി -അവള്‍ എനിക്കെന്നും അത്ഭുതമായിരുന്നു. തലയ്ക്കു തീപ്പിടിച്ച ഒരുനാള്‍, ഡോക്ടറെ കണ്ടുമടങ്ങിവന്ന സന്ധ്യയില്‍, ശ്യാമിനൊപ്പം കടല്‍തീരത്തിരിക്കുമ്പോഴാണ് കാഞ്ചിയെ ആദ്യമായി കാണുന്നത്. 

കാഞ്ചിയപ്പോള്‍ തിരമാലകളോടൊപ്പം കളിക്കുവായിരുന്നു, എങ്ങനെയാണു ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ആരേ കുറിച്ചും ചിന്തിക്കാതെ ഇങ്ങനെ ആസ്വദിച്ചു ചിരിക്കുന്നതെന്നോര്‍ത്തു ഞാനിരുന്നു.

അന്നവളെ കണ്ടപ്പോള്‍ കാഞ്ചനയെ ഓര്‍മവന്നു. സ്‌കൂള്‍ ലീഡര്‍ ആയിരിന്നവള്‍. ക്ലാസ്സിനു മുന്നില്‍ വന്നു പഠിപ്പിച്ച പാഠം ഉറക്കെ വായിക്കാന്‍ അന്നമ്മ ടീച്ചര്‍ പറഞ്ഞപ്പോള്‍, മുന്നിലുള്ള കണ്ണുകളെ അഭിമുഖീകരിക്കാന്‍ പറ്റാതെ തളര്‍ന്നുവീണ ഒരു എട്ടാം ക്ലാസുകാരിയെ ചേര്‍ത്ത് നിര്‍ത്തിയവള്‍. പിന്നെ ഒരു യാത്ര പോലും പറയാതെ ടിസി വാങ്ങി അപ്രത്യക്ഷമായവള്‍.

തമിഴ്‌നാട്ടിലേക്കാണ് അവള്‍ പോയതെന്നറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ പഠിക്കാന്‍ പോയപ്പോള്‍ എല്ലാം മുഖങ്ങളിലും കാഞ്ചനയെ തിരിഞ്ഞു, ഒരിക്കല്‍ പോലും കണ്ടെത്താനായില്ല.

ഡോക്ടര്‍ തരുന്ന പല കളര്‍ ഗുളികകള്‍ എനിക്കിഷ്ടമില്ലായിരുന്നു. ശ്യാം അറിയാതെ ഗുളികകള്‍ കഴിക്കാതിരുന്ന ഒരു ദിനത്തില്‍, ബാങ്കില്‍, ഫയലുകളില്‍ മുഖം പൂഴ്ത്തി ഞാനിരുന്നപ്പോഴാണ് അവള്‍- കാഞ്ചി -എന്റെ മുന്നില്‍ വന്നിരുന്നത്, അന്ന് എന്തൊക്കയോ സംസാരിച്ചു, പിന്നെ പലപ്പോഴും പലയിടങ്ങളില്‍ ഞങ്ങള്‍ കണ്ടുമുട്ടി, മനഃപൂര്‍വമായി ഞാനവളോട് സൗഹൃദം സ്ഥാപിച്ചു.

എന്തുകൊണ്ടോ അവളെ പറ്റി പറയുമ്പോഴൊക്കെ ശ്യാം അസ്വസ്ഥനായി, അത് അറിഞ്ഞു കൊണ്ടു ഞാന്‍ അവളെ കുറിച്ച് മാത്രം അവനോട് പറഞ്ഞു. വൈകുന്നേരങ്ങളില്‍ അവളോടൊപ്പം ഞാന്‍ കടല്‍ത്തീരത്തും, ഷോപ്പിംഗ് മാളുകളിലും പോയി. കടുംചുവപ്പ് ലിപ്സ്റ്റിക്കിട്ട്, കളര്‍ ചെയ്ത മുടി കാറ്റില്‍ പറത്തി അവള്‍ എന്നോടൊപ്പം ഉറക്കെ ചിരിച്ചു കൊണ്ട് നടന്നു. ചിലരുടെയെങ്കിലും തുറിച്ചു നോട്ടത്തില്‍ ഞാന്‍ വ്യാകുലപ്പെട്ടപ്പോള്‍, അവള്‍ ആത്മവിശ്വാസത്തോടെ അതവഗണിച്ചു.

കാഞ്ചിയെ യാത്രയാക്കി വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു.

'ഇപ്പോള്‍ മിത്രക്ക് ഇരുട്ടിനെ പേടിയില്ലേ?'-ഡോക്ടറുടെ ചോദ്യം ഓര്‍മ്മ വന്നു.

'ഇല്ല ഡോക്ടര്‍, കാഞ്ചി കൂടെയുള്ളപ്പോള്‍ എനിക്കൊന്നിനോടും പേടിയില്ല.'

അന്നു ശ്യാം എന്തായിരിക്കും ഡോക്ടറോട് തനിച്ചു സംസാരിച്ചത്? എന്തുകൊണ്ടാണ് ശ്യാം കാഞ്ചിയെ ഇത്ര ഭയക്കുന്നത്? 

വീടിനു മുന്നില്‍ ശ്യാം എന്നെയും കാത്തുനില്‍പ്പുണ്ടായിരുന്നു.  എന്ത് കൊണ്ടോ കാഞ്ചിയോടൊപ്പം കോഫിഹൗസില്‍ പോയത് ശ്യാമിനോട് പറഞ്ഞില്ല. ശ്യാം നിര്‍ബന്ധപൂര്‍വ്വം തന്ന ഗുളികകള്‍ കഴിച്ചിട്ട്, ഫേസ്ബുക്കില്‍ കാഞ്ചിക്ക് സന്ദേശമയച്ചു. 'ഇന്നത്തെ സായാഹ്നനത്തിന് നന്ദി, ഇനി തിങ്കളാഴ്ച കാണില്ലേ?'

ശേഷമവള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ലോഗൗട്ട് ചെയ്തു. കാഞ്ചിയെന്ന പ്രൊഫൈലില്‍ നിന്ന് 'തീര്‍ച്ചയായും കാണും'-എന്ന മറുപടി സന്ദേശമയച്ചതിനു ശേഷം സുഖമായുറങ്ങി.

അപ്പോഴയാള്‍ അവള്‍ പുതിയതായി വാങ്ങിയ ചുരിദാര്‍ അതുപോലുള്ള മറ്റനവധി നീലയില്‍ വെള്ള പൂക്കളുള്ള ചുരിദാറുകളുടെ ഏറ്റവും മുകളിലായി ഭംഗിയായി അടുക്കിവച്ചു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!