ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ചിന്തു രാജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
'നെല്ലിമരത്തില്‍ നെയ്യുറുമ്പുണ്ടെടി
താഴേക്കിറങ്ങടി കുഞ്ഞിപ്പെണ്ണേ'
നെല്ലിമരത്തിന്റെ ചുവട്ടില്‍ നിന്നു മൂത്താളമ്മയുടെ ശബ്ദം കേട്ടു താഴേക്കു നോക്കിയ നിമിഷത്തില്‍ത്തന്നെ ഒരു വമ്പന്‍ പുളിയുറുമ്പിന്റെ പല്ല് എന്റെ കാലില്‍ ആഴ്ന്നിറങ്ങി. നിലവിളിച്ചുകൊണ്ട് താഴേക്കിറങ്ങി നെല്ലിയ്ക്ക് ചുറ്റും ഒരോട്ടം കഴിഞ്ഞപ്പോള്‍ മൂത്തോളമ്മ തുമ്പ അരച്ചുതേച്ചു തന്നിട്ട് നെല്ലിയ്ക്ക പെറുക്കാന്‍ തുടങ്ങി.
'മൂത്താളമ്മയ്ക്ക് ചന്തയില്‍ കൊണ്ടുപോകാനാ ഞാനീ നെല്ലിമരത്തില്‍ കയറി ഇതെല്ലാം താഴേക്കിട്ടത്' -ഞാന്‍ കാല്‍ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. മൂത്താളമ്മ മോണകാട്ടി ചിരിച്ചു.
എന്റെ വേനലവധിക്കാലം തുടങ്ങുന്നതും അവസാനിക്കുന്നതും മൂത്താളമ്മയിലാണ്. ഞങ്ങളുടെ കുടുംബവീടിന്റെ പറമ്പിന്റെ ഒരു കോണിലായിരിന്നു മൂത്താളമ്മയുടെ വീട് . മക്കളെല്ലാം അവരവരുടെ കാര്യം നോക്കിപോയപ്പോള്‍ മൂത്താളമ്മ മാത്രം ഒറ്റയ്ക്കായി. ഒരു രാജ്ഞിയെ പോലെ അവര്‍ സ്വന്തം വീട്ടില്‍ അഭിമാനത്തോടെ ജീവിച്ചു.
മൂത്താളമ്മ അതിരാവിലെ എഴുന്നേല്‍ക്കും. പിന്നെ പറമ്പായ പറമ്പിലൊക്കെ ഒരു ചെറിയ കറക്കം. തിരിച്ചു വരുമ്പോള്‍ അന്ന് ചന്തയില്‍ കൊടുക്കാനുള്ള സാധനം കാണും. കാരയ്ക്ക, ചാമ്പക്ക, നെല്ലിക്ക, പിന്നെ ചീര , മുരിങ്ങ, പയര്‍, അഗസ്തി, ചേമ്പ്, കാച്ചില്‍ അങ്ങനെയങ്ങനെ എനിക്ക് പേരറിയുന്നതും അറിയാത്തതുമായ പഴങ്ങളും പച്ചക്കറികളും ഒരു വട്ടിയിലാക്കി മൂത്താളമ്മ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും . ചില ദിവസങ്ങളില്‍ ഒന്നും കിട്ടില്ല അന്നു മൂത്താളമ്മ ചന്തയില്‍ പോകില്ല. അങ്ങനെയുള്ള ഒരുദിവസമാണ് ഞാന്‍ നെല്ലിമരത്തില്‍ വലിഞ്ഞു കയറിയത്.
ചില ദിവസങ്ങളില്‍ മൂത്താളമ്മ വന്നു അമ്മയെ സഹായിക്കും പറമ്പൊക്കെ തൂത്തുവാരിയിടും. വൈക്കോല്‍ കൂന വൃത്തിയാക്കും. പുല്ലുവെട്ടും. പിന്നെ എന്നെ നോക്കി ചിരിച്ചിട്ട് വടിയുമിടിച്ചു കൂനിക്കൂനി വീട്ടിലോട്ടു പോകും. ഞാന്‍ അത്ഭുതപ്പെടും. വയ്യാത്ത മൂത്താളമ്മ എങ്ങനെയാ ഇതൊക്കെ ചെയ്യുന്നത്.
ഓലമേഞ്ഞ ചാണകം മെഴുകിയ മൂന്നുമുറിയുള്ള വീടായിരുന്നു മൂത്താളമ്മയുടേത്. എത്ര വയ്യെങ്കിലും സ്വയം ഉണ്ടാക്കിയെ കഴിക്കൂ . ആഹാരമുണ്ടാക്കുമ്പോള്‍ എന്നോട് കഥപറയും. വീട്ടിലെ ഏറ്റവും മൂത്തത് ആയിരിന്നു മൂത്താളമ്മ. എല്ലാരും മൂത്തോള്‍ എന്ന് വിളിച്ചു. ആ പേര് വിളിപ്പേരായി. പറമ്പില്‍ നിന്നു കിട്ടുന്ന തേങ്ങയും ചീരയും വച്ച് ഒരു തോരനും ചോറുമായിരിക്കും എന്നും. ചീര കാണുമ്പോള്‍ ഞാന്‍ വീട്ടിലോട്ടോടും.
ഒരു വിഷു ദിനത്തിന്റെ തലേന്നായിരുന്നു. അന്ന് സന്ധ്യ ആകാറായപ്പോള്‍ മൂത്താളമ്മ വന്നു. പശുത്തൊഴുത്തില്‍ നിന്നും ചാണകം കോരി വീട്ടിലോട്ടു പോകാന്‍ നേരം എന്നോടുചോദിച്ചു, 'നാളെ വിഷുവിനു ഞാന്‍ സദ്യ ഉണ്ടാക്കിത്തരാം നീ കഴിക്കുവോ?'
'അവിയല്‍ ഉണ്ടെങ്കില്‍ കഴിക്കാം'- ഞാന്‍ സമ്മതം അറിയിച്ചു.
മൂത്താളമ്മ ചാണകം ഉരുട്ടി തെറ്റിയും തുളസിയും അതില്‍ വച്ച് ചെറിയ കുടത്തില്‍ വെള്ളവും വച്ചു ചെമ്പരത്തിയുടെ ചുവട്ടില്‍ ഇരുന്നു നാമം ജപിക്കാന്‍ തുടങ്ങി. അവിടമാണ് മൂത്തളമ്മയുടെ പൂജാമുറി. ഞാന്‍ വായുംപൊളിച്ചു നോക്കിനിന്നു. 'അതു മാടനാണ് നോക്കിനില്‍ക്കാതെ നാമം ജപിച്ചോ'-മൂത്താളമ്മ മാടന്‍ കേള്‍ക്കാതെ മെല്ലെ പറഞ്ഞു.
'അതു ദൈവമാണോ?' -ഞാന്‍ വീണ്ടും വാ പൊളിച്ചു.
'നിന്റെ ഇംഗ്ലീഷ് സ്‌കൂളില്‍ ഇതൊന്നും പഠിപ്പിച്ചില്ലേ?'-മൂത്താളമ്മക്ക് അത്ഭുതം.
ഞാന്‍ കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മാടനെ തൊഴുതു വണങ്ങി. നാമം ജപിക്കല്‍ കഴിഞ്ഞു മൂത്താളമ്മ സദ്യക്കുള്ള വിഭവങ്ങള്‍ക്കായി പറമ്പിലേക്കിറങ്ങി. തുലസിയും തെറ്റിയും വച്ചലങ്കരിച്ച മാടന്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ വീട്ടിലോട്ടോടി.
പിറ്റേന്ന് ഉച്ചയ്ക്ക് കണിയൊക്കെ കണ്ട്, വിഷുക്കണിയായി കിട്ടിയ ചില്ലറയൊക്കെ അമ്മയെ ഏല്‍പ്പിച്ച്, ഞാന്‍ മൂത്തളമ്മയുടെ അടുത്തെത്തി.
'എന്റെ പറമ്പിലെ തേങ്ങ
നിന്റെ വയലിലെ നെല്ല്
പറമ്പായ പറമ്പിലെ പച്ചക്കറി
വന്നു കഴിക്കെടി കുഞ്ഞിപ്പെണ്ണേ'
മൂത്താളമ്മ പാടി.
ഞാന്‍ അവിയലും കൂട്ടി ചോറുകഴിച്ചു. ചീര തോരന്‍ മാറ്റിവച്ചകൊണ്ട് പറഞ്ഞു, എനിക്ക് വീട്ടിലും കൂടി പോയി കഴിക്കണം. മൂത്താളമ്മ മോണകാട്ടി ചിരിച്ചു.
അവധിക്കാലം കഴിഞ്ഞു. മൂത്താളമ്മയോട് യാത്ര പറഞ്ഞു പോയ ഞാന്‍ പിന്നെ എന്റെ ലോകത്തായ. പുസ്തകങ്ങളുടെയും പരീക്ഷകളുടേയും ലോകം. പിറ്റേ വര്‍ഷം ചെല്ലുമ്പോള്‍ മൂത്താളമ്മയുടെ വീട് പകുതി ഇടിഞ്ഞു കിടക്കുന്നു. മൂത്താളമ്മ മരിച്ച കാര്യം അപ്പോഴാണ് ഞാന്‍ അറിഞ്ഞത് .
ആ വര്‍ഷത്തെ വിഷു ദിനത്തില്‍ പഞ്ഞിക്കെട്ടു മുടിയുമായി, വടിയുമിടിച്ച്, മൂത്താളമ്മ എന്റെ സ്വപ്നത്തില്‍ വന്നു. മാടന്റെയും മറുതയുടേയും കഥ പറഞ്ഞു പിന്നെ ഇടക്കിടെ സ്വപ്‌നത്തിലും അല്ലാതെയും വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, 'ഇടക്കിടെ വരണ്ട മൂത്താളമ്മേ, നമുക്ക് സ്വര്‍ഗ്ഗത്തില്‍ വച്ചു കാണാമിനി.'
മൂത്താളമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഇനി കാണുമ്പോള്‍ ഞാന്‍ കുഞ്ഞിപ്പെണ്ണ്, നീ മൂത്താളമ്മ.'
ഞാന്‍ സമ്മതിച്ചു. പിന്നെ മൂത്താളമ്മ എന്റെ സ്വപ്നത്തില്‍ വന്നിട്ടില്ല.
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള, വിടര്‍ന്ന കണ്ണുകളുള്ള, വിഷുദിനത്തില്‍ അവിയല്‍ തിന്നാന്‍ വരുന്നൊരു കുഞ്ഞിപ്പെണ്ണിനായി, കഥകളുടെ ഭണ്ഡാരവുമായി ഞാന്‍ കാത്തിരിക്കുന്നു.