ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ചിഞ്ചു അനുരാഗ് എഴുതിയ മിനിക്കഥകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ആബേല്‍
ആരും വരുന്നില്ല എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി അവന്‍ തന്റെ രഹസ്യ പണിശാലയിലേക്ക് വച്ചുപിടിച്ചു.
ചാപ്പലിന് പിറകിലെ പകുതിയിടിഞ്ഞ ആ നീളന്‍ മതിലില്‍ അവന്റെ കുഞ്ഞിക്കൈകള്‍ കോറിയിട്ട കാക്കയും, പൂച്ചയും, കോഴിയുമൊക്കെ അവനെയും കാത്തു ഇരിപ്പുണ്ടായിരുന്നു. വെള്ളാരം കണ്ണുകള്‍ ഉയര്‍ത്തി അവര്‍ക്കൊരു സലാം നല്‍കി മതിലിന്റെ ശൂന്യമായ ഭാഗത്തേക്ക് നീങ്ങി.
നിക്കറിന്റെ പോക്കറ്റില്‍ നിന്ന് പരത്തിയെടുത്ത പണിയായുധം പകുതിയും തേഞ്ഞു തീര്‍ന്നിരിക്കുന്നു. ചെറിയ കരിക്കട്ട വലതു കയ്യിലേക്ക് പിടിച്ചു, മതിലിനോട് ചേര്‍ന്ന് നിന്ന്, എങ്ങി വലിഞ്ഞു, കൈത്താളം കൂട്ടിയും കുറച്ചും നിമിഷ നേരംകൊണ്ട് ആണ് ചിത്രവും അവന്‍ പൂര്‍ത്തിയാക്കി.
രണ്ടടി പിന്നോട്ടുമാറി, കൈകള്‍ രണ്ടും എളിയില്‍ കുത്തി, തല വലത്തോട്ട് ചെരിച്ചു അവന്റെ സ്ഥിരം നോട്ടം. തൃപ്തികരം. വലതുവശത്തു പപ്പയും, ഇടതു വശത്തു മമ്മയും. നടുവില്‍ അവരുടെ രണ്ടു കയ്യും പിടിച്ച്... അവനു പെട്ടന്ന് നാണം വന്നിട്ട് ചിരിച്ചുകൊണ്ട് ഒറ്റ ഓട്ടം.
എല്ലാനേരവും ഭക്ഷണം കുഞ്ഞുങ്ങളുടെ ഒപ്പം എന്നത് എസ്തപ്പാനച്ചന്റെ ശീലവും നിര്‍ബന്ധവും ആയിരുന്നു. ഉച്ചയൂണിന് കുട്ടികളെല്ലാവരും വന്നപ്പോള്‍, അച്ചന്‍ അവന്റെ അടുക്കല്‍ പോയി ഇരുന്നു.
റോസന്നാ സിസ്റ്റര്‍ രാവിലെ വിളിച്ചിരുന്നു, 'നാളെ വരാമെന്ന് പറഞ്ഞവര്‍ക്ക് നമ്മുടെ ആബേല്‍ മോനെ ഇഷ്ടമായില്ലെന്ന്. അവനെ അവരുടെ കുട്ടിയാണെന്ന് പറയാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന്, കൂടാതെ 6 വയസ് ഇത്തിരി കൂടുതല്‍ ആണെന്നും. രണ്ടുവയസിനു താഴെയുള്ള, കാണാന്‍ ഭംഗിയുള്ള കുട്ടിയെ ആണത്രേ അവര്‍ക്ക് വേണ്ടത്..തൂക്കവും, ഭംഗിയും, നീളവും ഒക്കെ നോക്കി കൊടുക്കാന്‍ ഇത് ഇറച്ചിക്കടയല്ലല്ലോ...'
ഒരു നെടുവീര്‍പ്പോടെ അച്ഛന്‍ അവന്റെ തലയില്‍ തഴുകി. തലചെരിച്ചു അച്ഛനെനോക്കി നിഷ്‌കളങ്കമായ പുഞ്ചിരി സമ്മാനിച്ചു, തന്റെ മുന്നിലിരുന്ന ഭക്ഷണം അദ്ദേഹത്തിനായി അവന്‍ നീക്കി വച്ചു കൊടുത്തു.
ബംഗാളി
കയ്യില്‍ കിട്ടിയ ഫോം തിരിച്ചും മറിച്ചും നോക്കി. ഒരു രക്ഷേം ഇല്ല.
രണ്ടു ഫോട്ടോയും, ആധാറും, പാന്‍ കാര്‍ഡും, കൊടുത്ത് പേരും എഴുതികൊടുത്താല്‍ മതി ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ എന്ന കൂട്ടുകാരന്റെ അറിവിന്റെ പുറത്താണ് ചാടിത്തുള്ളി തനിയെ വന്നത്. ഇതിപ്പോ.
നൂറു നൂറു ചോദ്യങ്ങളും, ഉത്തരം എഴുതാന്‍ കുറെ ചതുരപ്പെട്ടികളും. വെറും ചോദ്യങ്ങളെന്നു പറഞ്ഞാല്‍ പോരാ, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെയും ഒന്നുപോലും വിടാതെ അടുക്കി അടുക്കി വച്ചു തയ്യാറാക്കിയ, ബാബു സാറിന്റെ ഇംഗ്ലീഷ് ചോദ്യപേപ്പറെ വരെ കടത്തിവെട്ടുന്ന ഫോം.
പുള്ളിക്കാരിയെ കുറ്റം പറയാന്‍ പറ്റില്ല. ലുക്ക് കണ്ടിട്ടായിരിക്കും മലയാളം മാറ്റി ഇംഗ്ലീഷ് ഫോം തന്നത്. എന്തുകാര്യം!
'എസ്‌ക്യൂസ് മി..'- തൊട്ടടുത്ത് രണ്ടുമൂന്നാളുകള്‍ എന്റെ കയ്യിലിരിക്കുന്ന നൂലില്‍ക്കട്ടിയ പേനക്കുവേണ്ടി ഊഴം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആ പേനയും പിടിച്ചുള്ള എന്റെ നില്‍പ്പ് തുടങ്ങിയിട്ട് സമയും കുറച്ചു കഴിഞ്ഞിരുന്നല്ലോ.
ആദ്യം നില്‍ക്കുന്ന ആളുടെ മുന്നിലേക്ക് പേന നീക്കി വച്ചു, ക്ഷമാപണവും നടത്തി കസ്റ്റമേഴ്‌സിന് വേണ്ടിയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്നു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ എന്തോ എഴുതി തീര്‍ക്കുന്ന തിരക്കിലാണ്. സൂക്ഷിച്ച് ഒന്ന് നോക്കിയപ്പോള്‍ എന്റെ കയ്യിലിരിക്കുന്ന അതെ ഫോം.
ഓരോ കോളവും യാതൊരു സംശയവും കൂടാതെ ധൃതിയില്‍ പൂരിപ്പിച്ചു പോകുന്നത് കണ്ടാല്‍ അറിയാം കേമനാണെന്ന്. ഒരു പക്ഷെ ദിവസവും ഇതുപോലുള്ള ഫോര്‍മുകളും പേപ്പറുകളും കയ്യിലിട്ട് അമ്മനമാടുന്ന ആളാകാം. എന്തായാലും ആളൊരു പ്രതിഭ തന്നെ.
മനസ്സിലൊരു മഞ്ഞു വീണ പ്രതീതി. നാണക്കേട് വിചാരിക്കേണ്ട കാര്യം ഇല്ല. അറിവുള്ള ഒരാളോട് അറിവിനായി കേഴുന്നത് ഒരു മോശപ്പെട്ട കാര്യം അല്ലല്ലോ. അതുമാത്രമല്ല, അറിവ് എത്രത്തോളം പകര്‍ന്നു കൊടുക്കുന്നുവോ, അത്രത്തോളം കുടും എന്നാണല്ലോ.
ശല്യം ഉണ്ടാക്കാത്ത രീതിയില്‍ അയാളുടെ തോളില്‍ ഒന്ന് തട്ടി, ആ ഫോം മുന്നിലേക്ക് നീട്ടി വിനയത്തോടെ സഹായം അഭ്യര്‍ത്ഥിച്ചു.
ചെറുപ്പക്കാരന്‍ എന്റെ മുഖത്തുനോക്കി ഒരു ചിരി നല്‍കി. ' ഞാന്‍ സഹായിക്കാം സേട്ടാ'- പറഞ്ഞു തീര്‍ന്നത് കയ്യില്‍ നിന്ന് ഫോം വാങ്ങി അവന്റെ ഫോമിന്റെ മുകളിലേക്ക് വച്ചു.
'ബംഗാളിയോ?'
'സേട്ടാ സേട്ടന്റെ ആധാര്‍ കാര്‍ഡ?' ഒരു നിമിഷത്തിന്റെ ഞെട്ടലില്‍ നിന്ന് പുറത്തു വന്നു, പോക്കറ്റില്‍ നിന്ന് ആധാറും ഫോട്ടോയും പണി കാര്‍ഡും എല്ലാം എടുത്തു കൊടുത്തു.
പേരും വിലാസവും ഒക്കെ അതില്‍ നിന്നും എഴുതിയെടുത്തു. ബാക്കി വിവരങ്ങള്‍ക്കായി ഒരു ചോദ്യോത്തര പരിപാടി തന്നെ അവിടെ നടന്നു. ചിലതെല്ലാം പൂരിപ്പിച്ചത് അവന്റെ നിര്‍ദേശപ്രകാരം ആയിരുന്നു. നോമിനിയായി അച്ഛനെ മാറ്റി അമ്മയെ വച്ചതും അവന്റെ നിര്‍ദേശം തന്നെ.
അവസാന മിനുക്കുപണിയും തീര്‍ത്തു, ഫോം അവന്‍ എനിക്ക് നേരെ നീട്ടി.
'അല്ല, അപ്പൊ ഒപ്പ്?'-എന്റെ ഗംഭീരമായൊരു സംശയം അവനുനേരെ ഇട്ടപ്പോള്‍ 'അത് സേട്ടന്‍ തന്നെ ഇടണം' എന്ന പഞ്ച് ഡയലോഗില്‍ എന്നെ ചമ്മിച്ചു കളഞ്ഞു.
കൗണ്ടറിനു മുന്നിലുള്ള ക്യുവിലേക്ക് കേറിനിന്ന്, അവനു മുന്നിലേക്ക് എന്നെ പിടിച്ചു നിര്‍ത്തി.
എന്റെ മുന്നിലുള്ളവരുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ ഞാന്‍ തിരിഞ്ഞ് അവനെ ഒന്ന് നോക്കി. വേറൊന്നുമല്ല, ഇതുപോലെ ഫോം ഇനിയും കിട്ടിയാല്‍ അവനെ ഉള്ളു ഒരാശ്രയം.
എന്റെ അവസ്ഥ മനസിലാക്കിയതു കൊണ്ടാവണം 'മേ ഹൂന' എന്ന ഭാവത്തോടെ അവന്‍ എന്നെ നോക്കി നില്‍ക്കുന്നത്.
കപ്പബിരിയാണി
'ചേട്ടാ, ഒരു അരമണിക്കൂര്‍ എടുക്കുംട്ടോ.' കടക്കാരന്റെ അറിയിപ്പ് കിട്ടിയതും ഇത്തിരി ഇരുട്ടുള്ള ഭാഗത്തേക്ക് ദേവന്‍ നീങ്ങി നിന്നു. പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്നു അപ്പോഴും കണ്ണുകളാല്‍ തിരയുന്നുണ്ടായിരുന്നു. ഹെല്‍മെറ്റ് തലയില്‍ ഒന്നുകൂടി നേരെ വച്ചു. എല്ലാം സേഫ് ആണ്.
കല്യാണം കഴിഞ്ഞുള്ള ആദ്യനാളുകളില്‍, അവള്‍ ഒരു നോണ്‍-വെജ് പ്രേമിയാണെന്ന് പറഞ്ഞത് പെട്ടന്ന് ഒരു ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും, പിന്നീട് ഇടവേളകള്‍ നല്‍കാതെ ചെറിയ നോണ്‍ - വെജ് ഐറ്റംസ് വീട്ടിലുള്ളവരുടെ കണ്ണുവെട്ടിച്ച എത്തിച്ചു കൊടുക്കാമായിരുന്നു. അത് കിട്ടിക്കഴിയുമ്പോഴുള്ള അവളുടെ മുഖമാണ് ഒന്ന് കാണേണ്ടത്.ഒരു പൂരത്തിലും കാണാന്‍ പറ്റാത്തത്ര പ്രകാശം. അവന്‍ അതോര്‍ത്തു ചിരിച്ചു.
പക്ഷെ അവള്‍ക്ക് വിശേഷം ആയതോടുകൂടി കളി ആകെ മാറി. പാതിരാത്രി എണീറ്റിരുന്നു ഒറ്റ കരച്ചില്‍ 'കപ്പ ബിരിയാണി' വേണമെന്ന്. ആരോടെങ്കിലും പറയാന്‍ പറ്റുമോ. ശബ്ദമുണ്ടാക്കാതെ ബൈക്ക് തള്ളി പുറത്തിറക്കി നൂറേ നൂറില്‍ വിട്ടു.
അവസാനം ഒരു തട്ടുകട കണ്ടെത്തി സാധനം പൊതിഞ്ഞു മേടിച്ചപ്പോഴുണ്ട്, അന്തരീക്ഷം മുഴുവന്‍ കപ്പയുടെയും ബീഫിന്റെയും വാട്ടിയ വാഴയിലയുടെയും ഒക്കെ മണം. ഇതൊക്കെ മുന്നില്‍ കണ്ടായിരിക്കണം ഇറങ്ങാന്‍ നേരം അവള്‍ രണ്ടുമൂന്നു കവറും ഒരു അത്തറും കയ്യില്‍ തണുവിട്ടത്.
എന്തൊക്കെപ്പറഞ്ഞാലും അവളത് കഴിക്കുന്നത് കാണാന്‍ തന്നെ ഒരു ചേലാണ്. 'പൊതി സാവധാനം അഴിച്, ഒരു സെക്കന്റ് ഒന്ന് നോക്കി ആസ്വദിച്ചു ശേഷം, മുഖം അതിലേക്ക് അടുപ്പിച്ചു അതിന്റെ ഗന്ധം വലിച്ചെടുത്തു, അതില്‍നിന്നു ഒരു ഇത്തിരി എടുത്തു വായിലേക്ക് വെച്ച് കണ്ണുകള്‍ അടച്ചു ആ സ്വാദ് ആസ്വദിച്ച് ആ.. ഹാ... '' എന്നൊരു പറച്ചിലുണ്ട്.
അവളുടെ അടുത്ത് ഇതൊക്കെ കണ്ട് ആസ്വദിക്കാന്‍ ഞാനും ഇരിക്കും. ഓരോ തവണയും അവളുടെ മുഖത്തു മിന്നിമയുന്ന ഭാവങ്ങള്‍ കണ്ടിരിക്കാന്‍ നല്ല രസമാണ്. ഇടക്ക് ഇടക്ക് വേണോ എന്നു ചോദിച്ചു എനിക്ക് നേരെയും നീട്ടും. ഇതൊക്കെ കണ്ട് ആസ്വദിക്കും എന്നല്ലാതെ കഴിച്ചു നോക്കാനുള്ള ധൈര്യം ഇതുവരെ കാണിച്ചിട്ടില്ല.
ബാക്കിവന്ന ഇലയും പേപ്പറും എല്ലാം ഭദ്രമായി പൊതിഞ്ഞു ഓഫീസ് ബാഗില്‍ ഒളിപ്പിച്ചു, മുറിയാകെ കുന്തിരിക്കം ഇട്ടു പുകയ്ക്കും. അതും അവളുടെ കാഞ്ഞബുദ്ധിയില്‍ തെളിഞ്ഞത് തന്നെ.
ഈ എട്ടാം മാസത്തിലും അവളുടെ കപ്പബിരിയാണി കൊതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അവന്‍ ചിരിയോടെ ഓര്‍ത്തു.
ദൂരനിന്നെ കണ്ടു വീട്ടില്‍ മുന്നിലും മുറികളിലും എല്ലാം വെളിച്ചം. ഉമ്മറത്തു അച്ഛന്‍ നില്‍പ്പുണ്ട്. ഉള്ളൊന്ന് കാളി, ദൈവമേ ശ്രീകുട്ടിക്ക് എന്തെങ്കിലും?
ബൈക്ക് പോര്‍ച്ചിലേക്ക് കയറ്റുമ്പോഴേക്കും അച്ഛന്‍ ഇറങ്ങിവന്ന് നന്നായി ശകാരിക്കുന്നുണ്ട്. ഈ പാതിരാത്രി ആ കൊച്ചിനേം ഇട്ടിട്ട് എവിടെപോയതാണെന്ന്? അവള്‍ക്ക് പെട്ടെന്ന് ഒരു ശ്വാസംമുട്ട് ഉണ്ടായി, ഇപ്പൊ കുഴപ്പമില്ല. ഡോക്ടറെ വിളിച്ചു സംസാരിച്ചിരുന്നു. നാളെ ഒന്ന് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.
മുറിയിലേക്ക് ഓടിക്കറി ചെല്ലുമ്പോള്‍ അമ്മയുടെയും മുത്തശ്ശിയുടെയും വക അവിടുന്നും കിട്ടി. എല്ലാ ദിവസവും പാതിരാത്രി ആകുമ്പോ കുന്തിരിക്കം പുകച്ചിട്ടായിരിക്കും എന്ന് അമ്മ പറയുന്നുണ്ട്. ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കിയപ്പോള്‍ ആളൊരു ചമ്മിയ ചിരി പാസാക്കി.
അടുത്തുചെന്ന് അവളെ ചേര്‍ത്ത പിടിക്കുമ്പോള്‍ ഒന്നുമില്ലെന്ന് ' കണ്ണുകള്‍ അടച്ചു കാണിച്ചു.ഒപ്പം ഒരു ചോദ്യവും 'കിട്ടിയോ?'- ചിരിയിലുടെ അതിനു മറുപടി കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ വയ്യായ്കകള്‍ മാറി പത്തര മാറ്റ് തിളക്കം വന്നു.
എല്ലാവരും ഗുഡ്‌നൈറ്റ് പറഞ്ഞു പോയതും അവള്‍ കുന്തിരിക്കത്തിന്റ പൊതിയെടുത്തു കയ്യില്‍ പിടിച്ചു.