ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബിജു വി ചാണ്ടി എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ടിഫാനി വില്യംസ് എന്ന അമേരിക്കക്കാരി അദ്ധ്യാപികയ്ക്ക് അഭിമുഖമായി സ്റ്റാര്‍ ബക്‌സ് കോഫി ഷോപ്പിലെ സോഫായിലിരുന്ന് ചൂടുള്ള കാപ്പിച്ചിനോ കോഫി മോന്തിക്കുടിക്കുമ്പോളാണ് ഞാന്‍ 'കരിമുരിക്കി' നെക്കുറിച്ച് ആലോചിച്ചത്.
വീടിന്റെ മുറ്റത്ത് ഞാന്‍ നട്ടുപിടിപ്പിച്ച ചുവന്ന മുസാണ്ട ചെടി പിഴുതുമാറ്റി അപ്പന്‍ അവിടെ കരിമുരിക്കും പത്തല് നാട്ടിയത് ആത്മരോഷത്തോടെ ഓര്‍ക്കേണ്ടതാണല്ലോ.
'ചെടി നിന്നാല്‍ എന്നാ കിട്ടാനാ അല്ലേ കുഞ്ഞൂട്ടിയെ, അവിടെ കരിമുണ്ടയുടെ രണ്ടു കൊടിത്തല ഇട്ടാല്‍ അതല്ലേ നല്ലത്'
പണിക്കുവന്ന കുഞ്ഞൂട്ടി ചേട്ടനോട് എന്റെ ആത്മരോഷം മനസ്സിലാക്കിയിട്ടോ എന്തോ അപ്പന്‍ തന്റെ ന്യായം ഞാന്‍ കേള്‍ക്കുമാറുച്ചത്തില്‍ പറഞ്ഞു.
''അതു പിന്നെ പതിയെപ്പറയണ്ട കാര്യമുണ്ടോ ചേട്ടാ കൊടി പിടിച്ചാലാദായമല്ല്യോ?'
''ചെടി നിന്നാലെന്നാ കോപ്പു കിട്ടും, പൂ കാണമെന്നല്ലാതെ''
കുഞ്ഞൂട്ടി ചേട്ടന്റെ സപ്പോര്‍ട്ടടിയും, പരിഹാസച്ചിരിയും കേട്ട് നിശബ്ദനായി പിഴുതിട്ട മുസാണ്ട എടുത്ത് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി കുഴിച്ചു വെയ്ക്കാന്‍ ഞാനപ്പോള്‍ ശ്രമിച്ചെന്നാണ് ഓര്‍മ്മ.
ടിഫാനി വില്യംസിനെ ദുബായിലെത്തിയശേഷം ആറേഴു കൊല്ലമായി എനിക്ക് പരിചയമുണ്ട് .
അവര്‍ അമേരിക്കന്‍ സ്‌കൂളില്‍ അദ്ധ്യാപികയാണ്.
കോഫിഷോപ്പിലേയ്ക്ക് അവരെന്നെ ഒപ്പം കൂട്ടിയത് ആദ്യമായിരുന്നു ,
ഡ്യൂട്ടിയാണ് എന്നൊക്കെപ്പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും അവരുടെ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു.
കോഫി ഷോപ്പില്‍ അവര്‍ക്കൊപ്പം പോകാന്‍ മാനേജരോട് പ്രത്യേകം അനുവാദം അവര്‍ തന്നെയാണ് വാങ്ങിയത് അത് എന്നേയോ ഫലസ്തീനിയായ മാനേജരെയോ തെല്ലും അദ്ഭുതപ്പെടുത്തിയില്ല. കാരണം അവര്‍ അത്തരമൊരു ഫണ്‍ ക്യാരക്ടറാണ് .
വിലപിടിപ്പുള്ള ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുന്ന ഞങ്ങളുടെ സ്ഥാപനത്തിലേയ്ക്ക് വളരെ കുറച്ച് കസ്റ്റമേഴ്‌സ് മാത്രേ സാധാരണ വരാറുള്ളു. അതില്‍ പതിവായി വരുന്നവരെ ഞങ്ങള്‍ സ്റ്റാഫിന് പരിചയവുമാണ്. അതിലൊരാളാണ് ടിഫാനി.
ഒച്ചത്തില്‍ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ടിഫാനി വന്നാല്‍ സ്വതവേ നിശബ്ദമായ ഞങ്ങളുടെ ഷോറൂം ശബ്ദമുഖരിതമാകും .
കൗതുകരമായ പല പ്രത്യേകതയും അവര്‍ക്കുണ്ട്.അതില്‍ എടുത്തു പറയേണ്ടത് അവരുടെ പാണ്ഡിത്യവും കൈയ്യില്‍ എപ്പോഴുമുള്ള ബുക്കും ധരിക്കുന്ന വേഷവുമാണ്.
ലേഡീസ് ഫാഷന്‍ ഡ്രസുകള്‍ അവര്‍ ഉപയോഗിക്കില്ല മറിച്ച് മെന്‍സ് ഷര്‍ട്ടും ടീ ഷര്‍ട്ടും ജാക്കറ്റും ഷൂസുമാണ് കാണുന്ന കാലം മുതല്‍ ടിഫാനി ഉപയോഗിക്കുന്നത്.
''മാം നിങ്ങള്‍ എന്തുകൊണ്ടാണ് പുരുഷ വസ്ത്രങ്ങള്‍ ധരിക്കുന്നത്?''
ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു മറു ചോദ്യമാണ് എന്നോട് ചോദിച്ചത്
''പുരുഷന്മാരുടെ വസ്ത്രം പുരുഷന്മാര്‍ മാത്രമേ ധരിക്കാവു എന്നൊന്നുമില്ലല്ലോ പ്രിയനേ''
ശേഷം അവര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു ''എന്റെ ഹസ്ബന്‍ഡ് ഏഴു കൊല്ലം മുമ്പ് മരണപ്പെട്ടു. റിയലി ഐ മിസ് ഹിം. അങ്ങനെയാണ് ഞാന്‍ വില്യമിന്റെ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. എനിക്ക് അവനോട് അത്രമേല്‍ പ്രണയമാണ്. പക്ഷേ, അതൊന്നുമല്ല, എനിക്കിപ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ മെന്‍സ് വെയറാണ്. ഞാന്‍ വല്ലാതെ തടിച്ചിരിക്കുന്നത് നീ കാണുന്നില്ലേ. ലേഡീസ് ഡ്രസിട്ടാല്‍ എന്റെ പുറക് വശമൊക്കെ മഹാവൃത്തികേടായിരിക്കും''
അവര്‍ പൊട്ടിച്ചിരിച്ചു.
''നോക്കൂ, ബ്ലാക്ക് പെപ്പര്‍, നിന്നെ ഞാനിന്ന് ഒപ്പം കൂട്ടിയത് എന്തുകൊണ്ടാണ് എന്ന് നീ മനസ്സിലാക്കിയിട്ടുണ്ടോ?''
പഞ്ചസാര കവര്‍ കോഫിയിലേയ്ക്ക് പൊട്ടിച്ചിട്ടു കൊണ്ട് ഇല്ലെന്നു ഞാന്‍ തലയാട്ടി .
കാണുന്ന കാലം മുതല്‍ എന്നെ അവര്‍ 'മിസ്റ്റര്‍ ബ്ലാക്ക് പെപ്പര്‍' എന്നാണ് തമാശ കലര്‍ത്തി വിളിച്ചിരുന്നത് .
''നിന്റെ ആകാംക്ഷനിറഞ്ഞ കണ്ണുകള്‍ അല്പനേരം അടുത്തിരുന്നു കാണാനാണ് പ്രിയനെ''-അവര്‍ വീണ്ടും കുലുങ്ങിച്ചിരിച്ചു .
മലയാളികളുടെ നോട്ടങ്ങളേക്കുറിച്ചും ഇവര്‍ മനസ്സിലാക്കിയിരിക്കുന്നല്ലോ എന്നോര്‍ത്ത് അപ്പോള്‍ ശരിക്കും എനിക്കൊരു ജാള്യത തോന്നി.
''സുഹൃത്തേ, നീ ഈ കോഫി ടൈമിലെങ്കിലും ആയാസരഹിതമായി ഇരിക്കൂ. നിന്റെ ഇരുപ്പില്‍ തന്നെ അപകര്‍ഷതാ ബോധമുണ്ട്''
കോഫി ഷോപ്പിലെ സോഫയില്‍ അല്പം മുന്നോട്ടാഞ്ഞ് തുടയില്‍ കൈമുട്ടുകളൂന്നിയിരുന്ന എന്നോട് അവര്‍ പറഞ്ഞു.
''നോക്കൂ, എന്തിനാണ് ഇത്രമാത്രം അപകര്‍ഷത. ഞാന്‍ യുഎസില്‍ നിന്നുള്ളതുകൊണ്ടാണോ ഈ അകല്‍ച്ച.''
''അല്ല മാം, നിങ്ങളോടെപ്പം ചെലവഴിക്കുന്ന ഈ നിമിഷങ്ങള്‍ എനിക്ക് വിലപ്പെട്ടതു തന്നെയാണ്''-ഞാന്‍ പറഞ്ഞൊഴിയാന്‍ നോക്കി.
''നിനക്കറിയുമോ നീയെനിക്ക് പ്രിയപ്പെട്ടവനായിരിക്കുന്നതു പോലെ, നിന്റെ നാട് ഈ ലോകത്തിന് എത്രമാത്രം വിലപ്പെട്ടതാണ് എന്ന്?''
അദ്ഭുതത്തോടെ ഞാനവരുടെ മുഖത്തേയ്ക്ക് നോക്കി.
''ചരിത്രത്തിന് വലിയ പ്രധാന്യമുണ്ട് സുഹൃത്തേ''
''ഒരു പക്ഷേ ചരിത്രത്തിലെ ചില ആകസ്മികതകളാണ് നാം ഓരോരുത്തരും. ഈ ടേബിളില്‍ നമ്മള്‍ അഭിമുഖമായി ഇരിക്കുന്ന ഈ നിമിഷം പോലും ചരിത്രത്തിലെ നിമിത്തങ്ങളുടെ സൃഷ്ടിയാണ്''
എന്തൊക്കെയോ അവരോട് എനിക്കും പറയണം എന്നു തോന്നി. എന്റെ ചിന്തകളെ അവരുടെ മുന്നില്‍ ഭംഗിയായി ആവിഷ്‌കരിക്കാന്‍ മാത്രം ഇംഗ്ലീഷ് പരിജ്ഞാനം എനിക്കില്ലല്ലോ.
പക്ഷേ അതീവ ഹൃദ്യമായ ഭാഷയിലാണ് ടിഫാനി സംസാരിച്ചത്. ഭാഷയ്ക്കും അതീതമായ സവേദനക്ഷമത ആശയ വിനിമയത്തില്‍ അവര്‍ക്കുണ്ടായിരുന്നു. ഒരു ലക്ഷണമൊത്ത അദ്ധ്യാപിക തന്നെയാണ് അവര്‍ എന്നു ഞാനുറപ്പിച്ചു
''നോക്കു മിസ്റ്റര്‍ ബ്ലാക്ക് പെപ്പര്‍, കണ്ടു മുട്ടിയപ്പോള്‍ തുടങ്ങി ഞാന്‍ നിന്നെ ഇങ്ങനെയാണ് വിളിച്ചത്, നീ അതേക്കുറിച്ച് ബോധവാനാണോ? നീയോര്‍ത്തോ ഞാനത് നിന്നെ പരിഹസിക്കാന്‍ മാത്രം ഉപയോഗിച്ച വാക്കാണ് എന്ന്?''
''ഒരിയ്ക്കലുമില്ല മാം അത് ഒരു തമാശയപ്പേരല്ലേ''
ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
''എന്നാല്‍ അത് പരിഹാസമോ ഒരു തമാശയോ അല്ല. വളരെ ഗൗരവായി നിന്നെ അഭിസംബോധന ചെയ്തതാണ്. ഒരിക്കലെങ്കിലും നീ കുരുമുളകിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കില്‍ എന്റെ മുന്നില്‍ നീ അപകര്‍ഷതയുടെ ശരീരഭാഷയോടെ ഇരിക്കില്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിന്റെ ചരിത്രത്തിനും വികാസത്തിനും കുരുമുളക് വഹിച്ച വലിയ പങ്കുണ്ട് . അതായത് നിന്റെ നാടിന്''
''മ്മടെ കുരുമുളകിനോ?'' ഞാന്‍ മനസ്സിലോര്‍ത്തു.
ഒരിക്കല്‍ കേരളം സന്ദര്‍ശിക്കണം, ചരിത്രങ്ങള്‍ കീഴടക്കിയ കുരുമുളക് തലപ്പുകള്‍ കാണണം എന്നൊക്കെ വിചാരിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 നമ്മുടെ എല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും തകര്‍ത്തില്ലേ.''-ടിഫാനി ദീര്‍ഘനിശ്വാസം ചെയ്തു.
''ഈ പ്രതിസന്ധി അവസാനിച്ചാല്‍ ഞാന്‍ നിന്നെ എന്റെ രാജ്യത്തേയ്ക്ക് പ്രത്യേകിച്ച് എന്റെ ഗ്രാമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു''.
ഞാന്‍ പറഞ്ഞു. അവര്‍ പുഞ്ചിരിച്ചു കൊണ്ട് ആ ക്ഷണത്തിന് നന്ദി പറഞ്ഞ ശേഷം തുടര്‍ന്നു.
''യൂറോപ്പിന് ഏറെ ആവശ്യമുള്ള ഒന്നായിരുന്നു കുരുമുളക്. ക്രിസ്തുവിനു മുമ്പുമുതല്‍ മധ്യപൂര്‍വ്വേഷ്യയില്‍ പ്രത്യേകിച്ച് ഈജിപ്ത് വഴി പടിഞ്ഞാറന്‍ രാജ്യങ്ങളിലേയ്ക്ക് അത് എത്തിയിരുന്നു. പക്ഷേ പതിനാലാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യം ബൈസന്റെയിന്‍ കീഴ്‌പ്പെടുത്തി ഇസ്തംബൂള്‍ സ്വന്തമാക്കിയത് നീയും വായിച്ചിരിക്കുമല്ലോ. ലോകത്തില്‍ ഗതിവിഗതികളില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സ്യഷ്ടിച്ച യുദ്ധമായിരുന്നു അത്. ''
അവര്‍ പറഞ്ഞു. എന്നിട്ട് ചോദിച്ചു: ''നിനക്ക് വിരസമാകുന്നുണ്ടോ മിസ്റ്റര്‍ ബ്ലാക്ക് പെപ്പര്‍?''
''ചരിത്രങ്ങളും കഥകളും ഇന്നുവരെ എന്നെ വിരസമാക്കിയിട്ടില്ല. എന്നെ അദ്ഭുതപ്പെടുത്തുന്നത് നീ ഇത്ര മാത്രം ഗൗരവമായി ചരിത്രത്തെ കാണുന്നതാണ്''
എന്റെ മറുപടി കേട്ട് ടിഫാനി ഒരു മന്ദഹാസത്തോടെ കാപ്പി കപ്പില്‍ മുത്തമിട്ട ശേഷം തുടര്‍ന്നു.
''ഓട്ടോമന്‍ സാമ്രാജ്യം യൂറോപ്പിലേയ്ക്കുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി. നൈല്‍ നദി വഴി മെഡിറ്ററേനിയന്‍ കടലിലൂടെയും സിറിയവഴിയും ഇസ്തബൂളിലും തുടര്‍ന്ന് യൂറോപ്പിലാകമാനവും എത്തിയിരുന്ന കുരുമുളകും ജാതിയും ഗ്രാമ്പുവുമൊന്നും യൂറോപ്പിന് കിട്ടാക്കനിയായ. മാംസം കേടുവരാതെ സൂക്ഷിക്കാനും ഭക്ഷണത്തിനും അനിവാര്യമായിരുന്നു കുരുമുളക്. ആ ദശാസന്ധിയില്‍ നിന്നാണ് യൂറോപ്പിന്റെ അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് വാസ്‌കോഡഗാമയും കൊളംബസുമൊക്കെ പായ് വഞ്ചികളില്‍ അതിസാഹസികമായി കുരുമുളക് നേടിയിറങ്ങുന്നത്.''
അവര്‍ നെറ്റിയിലേയ്ക്ക് വീണു കിടന്ന തന്റെ സ്വര്‍ണ്ണ നിറമുള്ള മുടി മാടി ഒരുക്കി തുടര്‍ന്നു.
''നിനക്കറിയുമോ പരാജയങ്ങള്‍ ചിലപ്പോള്‍ പരിധിയില്ലാത്ത വിജയഗാഥകള്‍ക്കു തന്നെ വഴിയൊരുക്കും. ഇന്നുവരെയുള്ള യൂറോപ്പിന്റെ വിജയഗാഥകള്‍ക്ക് ആ യുദ്ധം അധാരശിലയാകുകയായിരുന്നു. നോക്കൂ നിന്റെ കുരുമുളക് ലോകത്തിനെ എങ്ങനെ മാറ്റി എന്ന്. കുരുമുളക് എരിവ് പകര്‍ന്നില്ലായിരുന്നെങ്കില്‍ എന്റെ യു എസ് പോലും ഇന്നത്തെ നിലയിലെത്തുമായിരുന്നോ? മറ്റൊന്നു കൂടിയുണ്ട്, വിലപ്പെട്ടതെന്തെങ്കിലും കൈവശമുള്ളവര്‍ അധിനിവേശത്തിന്റെ ഇരകളാകുവാനും സാധ്യതയുണ്ട്.''
അവര്‍ ഉച്ചത്തില്‍ ചിരിച്ചു.
''മോഹിപ്പിക്കുന്നതല്ലേ നമ്മള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കാറുള്ളു''
കോളനി വാഴ്ചയുടെ ഇരകളാകാന്‍ നമ്മള്‍ ഇന്ത്യക്കാര്‍ വിധിക്കപ്പെട്ടത് കുരുമുളക് കാരണമാണല്ലോ എന്ന് ഞാനും ഓര്‍ത്തു.
തോരാത്ത മഴയുള്ള ദിനങ്ങളില്‍ നാരായക്കൊടിയും കരിമുണ്ടയുമൊക്കെ തൊടിയില്‍ മുരിക്കിന്‍ ചുവട്ടിലും ആഴാന്തലിലും പ്ലാവിലും മാവിന്‍ ചുവട്ടിലുമൊക്കെ ചെറിയ കുഴിമാന്തി ഇടുന്നതും പാള നൂല്‍ക്കൊണ്ട് കെട്ടിവെയ്ക്കുന്നതും ഗൃഹാതുരതയോടെ ഞാന്‍ ഓര്‍ത്തു. പരമ്പിലിട്ട് ഉണങ്ങുന്ന കുരുമുളകിന്റെ എരിവു കലര്‍ന്ന ഗന്ധം, കാപ്പിച്ചീനോ കോഫിയുടെ രുചികരമായ ഗന്ധത്തേക്കാള്‍ തീക്ഷ്ണമായി ശ്വസിച്ചതുപോലെ അനുഭവപ്പെട്ടു. മെതിച്ചെടുക്കുന്ന കുരുമുളകിന്റെ വഴിയില്‍ വിതറുന്ന ചരടുകള്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് പറഞ്ഞു കേട്ടതും ഓര്‍ത്തു.
ഒരു പക്ഷേ കുരുമുളകുളള വീടുകള്‍ തെരഞ്ഞു നടന്നവര്‍ വഴിയിലിടുന്ന ചരടുകള്‍ കണ്ടാവുമോ വീടുകളിലേയ്ക്ക് വന്നിട്ടുണ്ടാവുക?
''എന്താണ് നീ ആലോചിക്കുന്നത്? ''
ടിഫാനി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
''കുരുമുളക് ചെറുപ്പം മുതല്‍ നിരന്തരം കൈകാര്യം ചെയ്തിട്ടുണ്ട്. അതു തേടി വിദേശികള്‍ വരാറുണ്ടായിരുന്നു എന്നും അത് കറുത്ത പൊന്നാണെന്നും ഒക്കെ കേട്ടിട്ടുമുണ്ട്. പക്ഷേ ഇത്രമേല്‍ ചരിത്രപ്രധാന്യം അതിനുണ്ടായിരുന്നു എന്ന് ഇപ്പോള്‍ മാത്രണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ വീട്ടിലിപ്പോഴും കുറച്ച് കുരുമുളക് ഉണ്ട്. ഇനിയും നാട്ടില്‍ പോയി വരുമ്പോള്‍ നിനക്ക് വേണ്ടി കൊണ്ടു വരാം''
ഞാന്‍ പറഞ്ഞു.
''ഓ നന്ദി, നന്ദി. പക്ഷേ നിന്റെ കുരുമുളക് വാങ്ങാന്‍ ഞാനിവിടെ ഉണ്ടാവില്ല''-അവര്‍ പറഞ്ഞു.
''എന്തേ?''- ഞാന്‍ ചോദിച്ചു.
നിന്റെ കുരുമുളക് തേടി തേടി കൊളംബസ് കണ്ടെത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേയ്ക്ക് ഞാന്‍ മടങ്ങുന്നു''-അവര്‍ ചിരിച്ചു.
''ഇനി വരില്ലേ?''
ഞാന്‍ ആകാംഷയോടെ ചോദിച്ചു.
ഇല്ല മഹാമാരിയുടെ കാലത്തെ അതിജീവിക്കാന്‍ എനിക്കു സാധിക്കുമോ എന്നറിയില്ല. അതിജീവിച്ചാലും ഇല്ലെങ്കിലും സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ഞാനൊരുങ്ങിക്കഴിഞ്ഞു. മറ്റന്നാള്‍ എന്റെ ഫ്‌ലൈറ്റാണ്.''-ടിഫാനി പറഞ്ഞു നിര്‍ത്തി
''നീയും നിന്റെ വിലപ്പെട്ട സൗഹൃദവും എനിക്കു നഷ്ടമാവുകയാണോ? മഹാമാരിക്കാലത്തെ ഏറ്റവും സങ്കടകരമായ വാര്‍ത്തയാണ് എന്നെ സംബന്ധിച്ചിടത്തോളം ഇത്. നീ വലിയവളും സ്‌നേഹനിധിയുമാണ. എവിടെ ആയിരുന്നാലും നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ. - ഞാന്‍ ആശംസിച്ചു.
''ഓ ദൈവമേ നിന്റെ സമയം ഒരു പാട് കവര്‍ന്നു. നിനക്ക് ഡ്യൂട്ടി തുടരേണ്ടതല്ലേ.''
ടിഫാനി സോഫയില്‍ നിന്ന് എഴുന്നേറ്റു.
''മിസ്റ്റര്‍ ബ്ലാക്ക് പെപ്പര്‍ നമുക്ക് പിരിയാം, പക്ഷേ നീ എന്നെ മറക്കരുത്''
അതു പറഞ്ഞു കൊണ്ട് അവര്‍ എന്റെ കൈ കവര്‍ന്നെടുത്തു.
''എന്റെ മുറ്റത്തും തൊടിയിലും നാട്ടിലും കുരുമുളക് ചെടി പടര്‍ന്നു നില്‍ക്കുന്നത് കാണുന്നിടത്തോളം കാലം ഞാന്‍ നിന്നെ ഓര്‍മ്മിക്കും''-അതു പറയുമ്പോള്‍ അവരെന്നെ ആലിംഗനം ചെയ്തു.
അവരുടെ മുഖം ചുവന്നു, മേഘങ്ങളുടെ നിറമുള്ള കണ്ണുകള്‍ പെയ്യാന്‍ തുടങ്ങുംപോലെ തോന്നി.
പ്രവാസത്തില്‍ എത്രയോ സൗഹൃദങ്ങള്‍ യാത്ര പറഞ്ഞ് പിരിഞ്ഞിട്ടുണ്ട്, പക്ഷേ ഏതാനും നിമിഷങ്ങള്‍ക്കൊണ്ട് ഹൃദയം കവര്‍ന്ന വ്യത്യസ്തമായ വിലപ്പെട്ട സൗഹൃദമാണ് എനിക്കിപ്പോള്‍ നഷ്ടമാകുന്നത്.
ചരിത്രത്തിനൊപ്പം അതിനു കാരണഭൂതമായ ഒരോ അണുവിനേയും സ്‌നേഹിക്കാന്‍ കഴിയുന്ന അവര്‍ കൈവീശി അകലുന്നത് നിറഞ്ഞ കണ്ണോടെയാണ് ഞാന്‍ നോക്കി നിന്നത്.
.................................
''നീയെന്നെ മറന്നോ ''
കഴിഞ്ഞ ദിവസം മെസഞ്ചറില്‍ ടിഫാനി വന്നു ചോദിച്ചു.
ഇന്നലെയാണ് എന്റെ വീട്ടിലെ കുരുമുളക് വിറ്റത്. വില വളരെ കുറവാണ്. കൃഷി നഷ്ടവും. നീ കരുതും പോലെ വിലപ്പെട്ടതായതു കൊണ്ട് മുറ്റത്തെ കുരുമുളക് ഞാനൊരിക്കലും പിഴുതു കളയില്ല.
അപ്പോള്‍ ഞാന്‍ ഒരു ഇമോജിക്കൊപ്പം പറഞ്ഞു.
''അപ്പോള്‍ നിന്റെ മുറ്റത്തെ കുരുമുളക് ചെടി തേടി ഞാന്‍ വരും ഒരു പായ് വഞ്ചിയില്‍''-അവളുടെ മറുപടി വന്നു.