ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബദരി നാരായണന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അഗ്‌നിശര്‍മനോളം ഇല്ലെങ്കിലും ഈ ടാങ്കില്‍ എനിക്കും ചില അധികാരങ്ങളുണ്ടെന്ന മട്ടിലായിരുന്നു സ്രാവിന്‍ കുഞ്ഞിന്റെ നീന്തല്‍. വാലിട്ടിളക്കി വെട്ടിത്തിരിഞ്ഞ് കൂറ്റന്‍ അലമാലകള്‍ക്കിടയിലെന്ന പോലെ ഗ്ലാസ് ടാങ്കിലെ ഇത്തിരി വെള്ളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നിരന്തരം ചുറ്റിത്തിരിയുകയാണ്.
'നിങ്ങള്‍ എത്രയും പെട്ടെന്ന് ഉചിതമായ ഒരു തീരുമാനമെടുത്തേ പറ്റൂ. ഒന്നുകില്‍ എന്നെ കടലില്‍ കൊണ്ടു പോയി വിടുക, അല്ലെങ്കില്‍ എനിക്കൊത്ത ഒരു കടല്‍ ഇവിടെ നിര്‍മിച്ചു തരിക. നിങ്ങള്‍ മനുഷ്യര്‍ എന്തിനും പോന്നവരാണല്ലോ.
'എനിക്കു വിശക്കുന്നു. ഉടനേ വേണ്ടതു തരിക.'
സ്രാവിന്‍ കുഞ്ഞ് അരുമയോടെ വാ തുറക്കുമ്പോള്‍, അതു ഗുഹപോലെ തോന്നിക്കുമ്പോള്‍ കാണാനെത്തുന്നവരുടെ കൗതുകം സ്വാഭാവികമായും ആശങ്കയിലെത്തിച്ചേരുകയാണ്. ഇവന്‍ വലുതായാല്‍...?
ശ്ശെടാ.. ഇതു വലിയ പുലിവാലായല്ലോ.
കുഞ്ഞു വളര്‍ന്നു വരുന്നതിന്റെ ചിന്തയില്‍ ഒന്നാം നിലയിലിരുന്നും രണ്ടും മൂന്നും നിലയിലിരുന്നും അയാള്‍ തലപുണ്ണാക്കി. കണ്ണട നേരെയാക്കി. ഇവന്‍ വലുതായാല്‍...?
ഇതിപ്പോ മാസമൊന്നായില്ല.
അന്നൊരു ദിവസം ഏഴരവെളുപ്പിന് അഗ്‌നിശര്‍മന്‍ ഉണരുമ്പോഴാണ് കട്ടിലില്‍ വന്നിരുന്ന് അന്തര്‍ജനം ആ വിവരം പറഞ്ഞത്.
ഞാനിന്ന് രാവിലെ മുറ്റത്തേക്കിറങ്ങിയപ്പോള്‍ മഴവെള്ളത്തോടൊപ്പം ഒരു മത്സ്യം വീണു കിടക്കുന്നു.
പാവം. ഓമനക്കുഞ്ഞു മത്സ്യം. ചത്തു പോകാതിരിക്കാന്‍ ഉടനേ കൈവെള്ളയില്‍ കോരി ഞാന്‍ തൊടിയിലൂടെ നേരെ പോയി അതിനെ ഇല്ലക്കുളത്തിലിട്ടു. ഏട്ടന്‍ പോയൊന്നു നോക്കണം.
അതത്ര നിസ്സാര മത്സ്യമല്ലെന്നാ എനിക്കു തോന്നിയത്.
വെള്ളത്തിലിറങ്ങിയതും അത് മറ്റു മത്സ്യങ്ങളെ വായിലാക്കാന്‍ പിറകേ ശരം പോലെ പാഞ്ഞു ചെല്ലുന്നു.
അഗ്‌നിശര്‍മന്‍ കുളത്തില്‍ ചെന്നു നോക്കിയപ്പോഴുണ്ട്, മൂക്കു പോലെ മുന്നോട്ടു നീളുന്ന വെളുത്ത മുഖം.
മറ്റു മത്സ്യങ്ങളുടെ പിറകേ ചെന്ന് വാ പിളര്‍ത്തുന്ന കണ്ടപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി.
'ശരിയാണല്ലോ. ഇതെന്തു സാധനം ? ഉടലിനു താഴെ ഗുഹാമുഖം പോലെ തുറന്നടയുന്ന വാ.
അതെ, ലക്ഷണം കണ്ടിട്ട് ഇതൊരു സ്രാവിന്റെ കുഞ്ഞാണ്. ചന്തയില്‍ നിരത്തി വെച്ചിരിക്കുന്നത് താന്‍ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. ഒരേ അളവില്‍ വെട്ടിയരിഞ്ഞു നിര്‍ത്തിയ അതിന്റെ ഉടലും ചെകിളയും തേവാരത്തിനൊരുക്കി വെച്ച ചെമ്പരത്തിപ്പൂവൊത്ത് തിളങ്ങുമ്പോള്‍ എന്തോ ഒരു കഠോരചിത്തതയോര്‍ത്ത് കണ്ണുകള്‍ പിന്‍വലിക്കും. അതാണു പതിവ്.
ഇതു സ്രാവു തന്നെ. എല്ലാവരും ഉറപ്പിച്ചു പറഞ്ഞു.
സ്രാവിന്‍ കുഞ്ഞിനോട് സന്ധിയാകാന്‍ അനുനയത്തില്‍ ടാങ്കിലെത്തിച്ചു.
എന്തൊരു തീറ്റയാണിത്. ഒരു മാസമായില്ല. കുളത്തില്‍ ഇനി ഒറ്റ മീനും ബാക്കിയില്ലാതായി. നിവേദ്യത്തിന്റെ ഉണക്കലരിച്ചോറാണെങ്കില്‍ അതിനു താല്‍പര്യവുമില്ല. കൂര്‍ത്തുമൂര്‍ത്ത പല്ലു കൊണ്ട് ടാങ്കില്‍ തട്ടി അത് എപ്പോഴും തിടുക്കം കൂട്ടുന്നു. കണ്ണില്‍ കണ്ടതെല്ലാം വെട്ടിവിഴുങ്ങുമ്പോള്‍ അതിന്റെ ഇടുങ്ങിയ കീറക്കണ്ണില്‍ അന്തര്‍ജനം കാണുന്നത് ക്രുദ്ധഭാവമാണ്. േ
നരത്തേ പറഞ്ഞ മത്സ്യമാര്‍ക്കറ്റിനു മുന്നില്‍ കാറ് നിര്‍ത്തി അവശിഷ്ടങ്ങള്‍ സഞ്ചിയിലാക്കി പോരുമ്പോള്‍, മനയ്ക്കലെ കുട്ടനെന്താ ഈ വഴി, എന്നിത്യാദി ചോദ്യങ്ങള്‍ എവിടെ നിന്നെങ്കിലും വരുന്നത് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. ഭാഗ്യം.
ഇവനെ കുളത്തില്‍ സ്ഥിരമായി നിര്‍ത്തുന്നത് ബുദ്ധിയല്ല. അതാണ് ടാങ്കിലെത്തിച്ചത്. വലുതായാല്‍ ഒരുവേള, കുളിക്കാനിറങ്ങിയ നമ്മളെത്തന്നെ ഇവന്‍ വിഴുങ്ങിയേക്കാം.
മനുഷ്യനെ വിഴുങ്ങാന്‍ വരുന്ന സ്വഭാവം വെച്ച് ചിന്തിക്കുമ്പോള്‍ ഇവന്‍ നിന്റെ കുഞ്ഞു തന്നെയാണോ എന്നാണ് എന്റെ കലശലായ സംശയം. അഗ്‌നിശര്‍മന്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ അന്തര്‍ജനത്തിന്റെ കണ്ണുകളില്‍ വാത്സല്യത്തിളക്കം.
അടുത്ത നിമിഷം അത് മക്കളില്ലാത്ത തങ്ങളുടെ സങ്കടത്തിലേക്കെത്തിച്ചേരുന്നമെന്നു കണ്ടതും അയാള്‍ വിഷയം മാറ്റി.
എന്നിട്ടും പിന്നൊരു സന്ധ്യയ്ക്ക് അവള്‍ പോലുമറിയാതെ സ്രാവിന്‍ കുഞ്ഞിനെ കരിമുണ്ടിക്കാവിലെ ചിറയിലേക്ക് കൊണ്ടു വിടാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. അവിടെയാകുമ്പോള്‍ ഇവനെക്കാള്‍ വലിയ മത്സ്യങ്ങളാണ്. അവര്‍ മുട്ടി നിന്നോളും.
എന്നാല്‍ പിറ്റേന്ന് രാവിലെ കാവില്‍ തൊഴാനെത്തിയവര്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ അഗ്‌നിശര്‍മ്മന് വീണ്ടും ചിറക്കരയില്‍ എത്തേണ്ടി വന്നു. അവിടെ ചിറയിലെ മുഴുവന്‍ മീനുകളും ജലോപരി ഒരുമിച്ചെത്തി ബഹളം വെക്കുകയാണ്.
ഇതിവിടെ പറ്റില്ല. നിങ്ങളാണ് ഇവന്റെ ഉത്തരവാദി. ഇവനിവിടെ വലുതായാല്‍ ഞങ്ങളുടെ സ്ഥിതിയെന്താണ് ?
ഇവനൊരു സ്രാവിന്റെ കുഞ്ഞാണ്. അല്ലാതെ പ്രാവിന്റെയല്ല.
പോരാത്തതിന് ബ്രാഹ്മണരും മറ്റും വളര്‍ത്തിയ മത്സ്യക്കുഞ്ഞിനെ ഞങ്ങള്‍ കറുത്ത മത്സ്യങ്ങള്‍ ഇനിയങ്ങോട്ട് ഒരു തരത്തിലും കൂടെ കൂട്ടില്ലെന്നാണ് തീരുമാനം. എങ്ങനെ വിശ്വസിക്കും ഞങ്ങള്‍? ഇവര്‍ വര്‍ണ്ണാശ്രമധര്‍മങ്ങളും മനുവാദവും വിസ്തരിച്ച് എതിര്‍ത്തു വന്നാല്‍ കാര്യങ്ങള്‍ കുഴമറിയുമെന്ന വര്‍ത്തമാനകാല സാഹചര്യങ്ങളുണ്ട്. കരിമുണ്ടിക്കാവിലമ്മയുടെ തിരുമക്കളില്‍ ആക്ടിവിസ്റ്റുകളും ഉണ്ടത്രേ.
അവരുടെ ഏറ്റവും പിറകില്‍ നിന്നതാ സ്രാവിന്‍ കുഞ്ഞ് വിളിച്ചു പറയുകയാണ്.
ഇയാളാണ്. ഇയാള്‍ തന്നെയാണ് ഉത്തരവാദി. ഇതേ ഈ അഗ്‌നിശര്‍മനും അന്തര്‍ജനവും. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് എന്നെ മനയ്ക്കലേക്ക് തിരികെ കൊണ്ടു പോകണം. എന്റെ ജന്മാവകാശമാണത്.
എന്തു ചെയ്യാന്‍!
സ്രാവിന്‍ കുഞ്ഞിനെ വീണ്ടും ടാങ്കിലെത്തിച്ച് കസേരയിലിരുന്ന് ആഞ്ഞൊരു സിഗരറ്റ് കത്തിച്ചു വിട്ടപ്പോഴാണ് അയാള്‍ക്ക് ശ്വാസം നേരെ വീണത്.
ചിറക്കരയില്‍ കൂടിയവര്‍ക്കെല്ലാം നിന്നില്‍ ഒരു കണ്ണുണ്ട്. ഞാന്‍ തികഞ്ഞ ഒരു സസ്യാഹാരിയായത് നിന്റെ ഭാഗ്യം. അയാള്‍ സ്രാവിന്‍ കുഞ്ഞിനെ ഇടക്കിടെ ഓര്‍മിപ്പിക്കാഞ്ഞിട്ടല്ല.
അതിലെ ഭീഷണിയുടെ സ്വരം സ്രാവിന്‍ കുഞ്ഞിനൊട്ട് മനസ്സിലാകാഞ്ഞിട്ടുമല്ല. അതാണ്. അവിടെയാണ് സഹവര്‍ത്തിത്വം. ആ സന്മനസ്സിലൂടെയല്ലാതെ ഭൂമിയില്‍ സമാധാനത്തിന് മറ്റു വഴികളില്ലല്ലോ.
ദൂരെ കടലില്‍ കൊണ്ടു വിടാന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അവിടത്തെ സ്രാവുകള്‍ കൂട്ടമായി വന്ന് എതിര്‍പ്പറിയിച്ചു. നിങ്ങള്‍ മനുഷ്യരുടെ കൂടെ ജീവിച്ച് മനുഷ്യരുടെ സ്വഭാവങ്ങള്‍ പഠിച്ച ഒരു സ്രാവിനെ ഞങ്ങള്‍ ഇനി കൂടെ കൂട്ടുന്നത് ശരിയല്ല. ബുദ്ധിയുമല്ല. കടലമ്മയുടെ ചിരപുരാതന ആചാരസംവിധാനങ്ങള്‍ മുഴുവന്‍ തകരാന്‍ അങ്ങനെ ഒരുത്തന്‍ മാത്രം മതി.
പറ്റില്ല. നില്‍ക്കണ്ടാ..
പൊക്കോളാ. കൂട്ടത്തില്‍ നേതാവായ മുതുകിഴവന്‍ സ്രാവ് തീര്‍ത്തു പറയുന്നതു കേട്ടാല്‍ എന്തൊരഹങ്കാരം,
അടിച്ചു പല്ലു താഴെയിടാന്‍ തോന്നും.
വിവരം കെട്ട സ്രാവു വര്‍ഗ്ഗങ്ങള്‍. ഇവരെന്താണ് ഇപ്പറയുന്നത്. മനുഷ്യസംസര്‍ഗം ഗുണമല്ലാതെ എന്തു ദോഷമാണ് ചെയ്യുക. അഗ്‌നിശര്‍മന് ഒരെത്തും പിടിയും കിട്ടിയില്ല.
നശിച്ച ഈ ജന്തു കാരണം തന്റെ മനസ്സമാധാനം പോയി.
സ്റ്റിയറിംഗ് തിരിക്കുന്നതിനിടയില്‍ പാളുന്ന അഗ്‌നിശര്‍മന്റെ മനസ്സു കണ്ട് കാര്യങ്ങള്‍ ഊഹിച്ച സ്രാവിന്‍ കുഞ്ഞ് തന്റെ കുഞ്ഞു പല്ലുകള്‍ ടാങ്കില്‍ ഉരസി ശബ്ദമുണ്ടാക്കിക്കൊണ്ട് ചോദിച്ചു.
ഹേ, ശുദ്ധനായ ബ്രാഹ്മണ, താങ്കള്‍ക്ക് എന്തു ചെയ്യണമെന്നറിയില്ലല്ലേ.
ശരിയാണ്. ഞങ്ങള്‍ കൊന്നു തിന്നുന്ന പ്രകൃതക്കാരാണ്. അതാണ് പ്രശ്‌നം. വലുത് ചെറുതിനെ വേട്ടയാടി തീര്‍ക്കും. എന്തു ചെയ്യാന്‍ അതാണ് ഞങ്ങളുടെ നിയമം...
എന്നാലും താങ്കളോടൊത്തുള്ള എന്റെ വാസം ഇനി മേലില്‍ അത്ര പന്തിയല്ല. ഞാന്‍ വളര്‍ന്നു വരികയാണ്.
താങ്കളെക്കൊണ്ട് പറ്റില്ല. ഞാന്‍ തന്നെ സ്വയമൊരു തീരുമാനമെടുക്കാതെ ശരിയാകില്ല.
സ്രാവിന്‍ കുഞ്ഞ് തികഞ്ഞ ഗൗരവത്തില്‍ പക്വതയെത്തിയ ആളെപ്പോലെയാണ് സംസാരിക്കുന്നത്.
അത് തുടര്‍ന്നു.
നമ്മള്‍ വഴി പിരിയുന്നു. കാരണം, നിങ്ങള്‍ക്ക് വഴി മുട്ടിയിരിക്കുന്നു. നിങ്ങള്‍ മനുഷ്യര്‍ തരം കിട്ടിയാല്‍ കൊല്ലാനും മടിക്കാത്തവരാണ് പക്ഷേ തിന്നുകയുമില്ല.
മത്സ്യമാംസങ്ങള്‍ കഴിക്കാത്തവരും കൊന്നുകുഴിച്ചുമൂടുന്ന കാര്യത്തില്‍ പിറകിലല്ലെന്ന ചരിത്ര സത്യം അറിഞ്ഞ ഈ സ്രാവിന്‍ കുഞ്ഞ് ആള്‍ നിസ്സാരക്കാരനല്ലല്ലോ. മനുഷ്യബുദ്ധിയുടെ വിചിത്ര രീതികള്‍ ഇത്ര വ്യവച്‌ഛേദിച്ചറിയാന്‍ ഒരു മത്സ്യാവതാരത്തിനല്ലാതെ ആര്‍ക്കാണു കഴിയുക?
അഗ്‌നിശര്‍മന്‍ ശ്രദ്ധാലുവായി.
സ്രാവ് പറയുകയാണ്.
ചത്താല്‍ പോലും...എന്റെ ശരീരത്തിന് ഒരര്‍ത്ഥമുണ്ട്. അത്ര വിലയുണ്ടതിന്. പുറത്തെത്തിയാല്‍ ആളുകള്‍ എന്നെ വലയെറിഞ്ഞു പിടിച്ചേക്കാം. വിശപ്പുള്ള ഞാന്‍ അതേ സമയം മറ്റുള്ളവര്‍ക്ക് ആഹാരവുമാണ്.
നിങ്ങള്‍ മനുഷ്യര്‍ ചത്താല്‍ എന്തു വില. കൊണ്ട് കുഴിച്ചുമൂടാനോ കത്തിക്കാനോ കൊള്ളാം.
സ്രാവ് വലിയ തത്വചിന്തകനെപ്പോലെ തെല്ലിട മൗനിയായി.
മിക്ക തത്വചിന്തകളും സത്യത്തില്‍ പച്ചയ്ക്കുള്ള പരിഹാസം മാത്രമാണെന്ന് അഗ്‌നിശര്‍മ്മന് തോന്നി.
ഇവിടം വരെ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി.
അത് എളിയിലെ കുഞ്ഞു ചിറകുകള്‍ കൂട്ടി തൊഴുകയാണോ.
അടുത്ത നിമിഷം.. അയാള്‍ നോക്കി നില്‍ക്കേ കാറിന്റെ മുന്‍സീറ്റില്‍ വെച്ച ടാങ്കില്‍ നിന്ന് പാലത്തിനു കീഴെ കുത്തിയൊലിക്കുന്ന പുഴയിലേക്ക് സ്രാവിന്‍ കുഞ്ഞ് എടുത്തു ചാടി.
എന്തു ചെയ്യണമെന്നറിയില്ല.അയാള്‍ വെറുതേ കൈവീശിക്കാണിക്കുക മാത്രം ചെയ്തു.
പുഴ അഴിമുഖത്തേക്കാണ്. അവിടെ കടലുണ്ട് ആകാശം പോലെ വിശാലമായി. മുകളിലാകാശമോ, അപാര സാഗരം പോലെയും.
എങ്ങനെയും തിരിച്ച് പോകണം. പുഴയുടെ ഒഴുക്കിനൊത്ത് സ്രാവിന്‍ കുഞ്ഞ് പ്രതീക്ഷയുള്ള ഒരു തുഴച്ചിലായി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...