Malayalam Short Story : ബകാര്‍ഡിയും കനകാംബരവും, ആതിര വി എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 3, 2024, 7:22 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ആതിര വി എഴുതിയ ചെറുകഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ബകാര്‍ഡിയും കനകാംബരവും

രാത്രി അങ്ങനെ വളരെ വൈകി നില്‍ക്കുകയാണ്. എന്നത്തേയും പോലെ ഒരു തിരക്കും ഇല്ലാത്തതിനാല്‍ അന്നും വളരെ മെല്ലെയാണ് അയാള്‍ കാറോടിച്ചിരുന്നത്. സ്റ്റീരിയോയിലെ പാട്ടിനൊപ്പം അയാളും കൂടി. കുമാര്‍ സാനുവും അയാളും ഒരുമിച്ചങ്ങനെ പാടി വരുന്നതിനിടെ ഒരു രൂപം റോഡിലേക്ക് ചാടിവീണു. അയാള്‍ ഊക്കില്‍ ബ്രേക്കില്‍ കാല്‍ അമര്‍ത്തിയില്ലായിരുന്നെങ്കില്‍ ആര്‍ഐപി ആകേണ്ടിയിരുന്ന ജീവന്‍ റോഡില്‍നിന്ന് ബദ്ധപ്പെട്ട് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഡോര്‍ തുറന്ന് അയാള്‍ ചാടി പുറത്തിറങ്ങി. മദ്യം കുറച്ച് വയറ്റില്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്നിറങ്ങിയപ്പോള്‍ അയാള്‍ക്ക് തല മിന്നിപ്പോയി. അയാളും ചെറുതായൊന്ന് വീണു.

അയാള്‍ ആ രൂപത്തിനടുത്തേക്ക് നീങ്ങി. സാധനം പെണ്ണാണ്. കയ്യും നെറ്റിയുമെല്ലാം മുറിഞ്ഞ് ചോര ചാടുന്നുണ്ട്. പരിസരത്തെങ്ങും ഒരൊറ്റ മനുഷ്യനുമില്ല. പേരിന് ഒരു സ്ട്രീറ്റ് ലൈറ്റുപോലുമില്ല. അയാള്‍ വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് റോഡില്‍ ഇരുത്തി.

'ആര്‍ യു ഓക്കേ?'

പെണ്ണിന്  മിണ്ടാട്ടമില്ല.

'നീ പൊട്ടിയാണോ?'

അയാള്‍ എഴുന്നേറ്റ്  നിന്നുകൊണ്ട് അവളെ നോക്കി.

'വണ്ടി വല്ലതും കിട്ടുന്ന വഴിക്ക് എന്നെ ഇറക്കാമോ?'

അവള്‍ മിണ്ടി

'നിന്നെ എടുത്തു കയറ്റണോ?'

വേച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി  അവള്‍ പിന്‍സീറ്റിലേക്ക് കയറിയിരുന്നു. അയാള്‍ ഒരു കണക്കിന് വണ്ടിയില്‍ കയറി. വീണ്ടും പാടാന്‍ തുടങ്ങിയ കുമാര്‍ സാനുവിനെ മ്യൂട്ട് ചെയ്തുകൊണ്ട് അയാള്‍ പിറകിലേക്ക് തിരിഞ്ഞ് അവളെ നോക്കി. സാരിത്തുമ്പുകൊണ്ട്  മുഖത്തെയും കൈയിലെയും ചോര ഒപ്പുകയാണ് പെണ്ണ്.

'നിനക്ക് ഹോസ്പിറ്റലില്‍ പോണോ?' അയാള്‍ കാര്‍ മുന്നോട്ട് എടുത്തു.

'ഞാന്‍ ഡോക്ടറെ കാണിക്കാറില്ല'

'അതെന്താ നിനക്ക് അവരെ പിടിക്കില്ലേ?'

'ഇല്ല'

ശരീരം നിറയെ മുറിവുണ്ടായിരുന്നിട്ടും ഇങ്ങനെയൊക്കെ പറയുന്ന പെണ്ണിനെ വീണ്ടും കാണാന്‍ അയാള്‍ റിയര്‍വ്യൂ മിറര്‍ ഒന്ന് നേരെയാക്കി. അതു കണ്ട അവള്‍ മിററിലേക്ക് ഒരു നോട്ടമെറിഞ്ഞു. അത് ഉടയാഞ്ഞത് ഭാഗ്യം!

'ഈ മുറിവെല്ലാം കൊണ്ട് നീ ഇനി എന്ത് ചെയ്യും? ബ്ലഡ് ലോസ് ആയാല്‍ അപകടമാണ്'- അയാള്‍ ചെറുതായി വ്യാകുലപ്പെട്ടു.

'എനിക്ക് പരിചയമുള്ള ഒരു ചേച്ചിയുണ്ട്. നഴ്‌സാണ്. അവരുടെ അടുത്ത് പോയിക്കൊള്ളാം'

'ഓ നിനക്ക് നഴ്‌സുമാരെ ആണോ ഇഷ്ടം? അത് കലക്കി'

അയാള്‍ ചിരിച്ചു. എന്നിട്ട് മ്യൂട്ട് ചെയ്ത സാനുവിനെ നേര്‍ത്ത  ശബ്ദത്തില്‍ പാടാന്‍ അനുവദിച്ചു. അല്പം കൂടി മുന്നോട്ട് പോയപ്പോള്‍ അയാള്‍ കാര്‍ സൈഡില്‍ ഒതുക്കി.  സിറ്റി എത്തിയില്ലല്ലോ എന്ന ഭാവത്തില്‍ അവള്‍ ഒന്ന് പകച്ചു. അയാള്‍ വേഗത്തില്‍ വണ്ടിയുടെ പിറകിലേക്ക് കയറി. അയാളെ ആക്രമിക്കാന്‍ അവള്‍ പല്ലും നഖവും ഒരുക്കുന്നതിനിടയില്‍ അവളുടെ കൈപിടിച്ചുകൊണ്ട് അയാള്‍ വീണ്ടും ചിരിച്ചു.

'നിനക്ക് നഴ്‌സുമാരെയല്ലേ പിടിക്കൂ? ഞാന്‍ ഒരു മിടുക്കന്‍ നഴ്‌സാണ്. പണ്ട് റാങ്കൊക്കെ കിട്ടിയിട്ടുണ്ട്. എന്റെ കയ്യില്‍ കുറച്ചു മെഡിസിന്‍ സ്റ്റോക്ക് ഉണ്ട്. വീഴുമ്പോള്‍വീഴുമ്പോള്‍ ഡ്രസ്സ് ചെയ്യാന്‍ വച്ചിരിക്കുന്നതാണ്. അത് നിനക്ക് ഷെയര്‍ ചെയ്യാം. ഒക്കെയല്ലേ? 

അയാളൊരു കിറുക്കനാണെന്ന് ആ നിമിഷം അവള്‍ ഉറപ്പിച്ചു. നല്ല വേദനയുള്ളതുകൊണ്ട് അയാളുടെ പരീക്ഷണങ്ങള്‍ക്ക് അവള്‍ നിന്നുകൊടുത്തു. മുറിവുകളില്‍ മരുന്നും പുരട്ടി അല്പം വെള്ളവും കുടിച്ചപ്പോള്‍ അവള്‍ക്ക് നല്ല ആശ്വാസം തോന്നി.

'പെയിന്‍ കില്ലര്‍ ഉണ്ട്. വേണോ? 

മുന്നിലേക്ക് കയറുന്നതിനിടയില്‍ അയാള്‍ ചോദിച്ചു. അവള്‍ വേണ്ടെന്ന് തലയാട്ടി. അവളെ നോക്കിനോക്കി  അയാള്‍ കാറോടിച്ചു കൊണ്ടിരുന്നു.

'വിശക്കുന്നുണ്ടോ? 

അയാളുടെ ചോദ്യം കേട്ട് എന്തോ ചിന്തയില്‍ നിന്ന് വെളിയില്‍ വന്നപോലെ അവള്‍ പകച്ചുനോക്കി.

'ഒന്നും വേണ്ട. അടുത്ത് എവിടെയെങ്കിലും ബസ് കിട്ടുന്നിടത്ത് എന്നെ ഇറക്കിയാല്‍ മതി.' 

'വയ്യാതെ നീ  എങ്ങനെ പോകും? അഡ്രസ്സ് പറഞ്ഞാല്‍ വീട്ടില്‍ ആക്കി തരാം'

പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടോ എന്തോ അവള്‍ മിണ്ടാതെ തലകുനിച്ചിരുന്നു.

'എന്താ നിന്റെ നാമം?' 

അവള്‍ മിററിലേക്ക് അതേ ക്രൂരനോട്ടമിട്ടു.

'ഇഷ്ടമായില്ലെങ്കില്‍ പറയണ്ട. പക്ഷേ ഇങ്ങനെ നോക്കി എന്റെ മിറര്‍ പൊളിക്കരുത്'

കുമാര്‍ സാനുവിന്റെ  ശബ്ദം ഒന്നുകൂടി ഉയര്‍ത്തി അയാള്‍ അവളെ വീണ്ടും ഒന്നുനോക്കി. അവള്‍  ചിരിച്ച പോലെ അയാള്‍ക്ക് തോന്നി. രാത്രി ഒന്നുകൂടി കനത്ത മട്ടുണ്ട്.

'ഞാന്‍  ബെക്കാര്‍ഡി. ഒരു ഭംഗിക്ക് ബെക്കാഡി മേനോന്‍ എന്നും പറയാം. നീ പേര് പറയടോ?'

അയാള്‍ മിററില്‍ തന്നെ കണ്ണുറപ്പിച്ചു. അവള്‍ എന്തിനോ ഉള്ള ഒരുക്കമാണ്. ഒറ്റപ്പുരികമുയര്‍ത്തുന്നു. പെണ്ണുങ്ങള്‍ പുരികം  ഉയര്‍ത്തിയാല്‍ എന്തെങ്കിലുമൊക്കെ നടക്കും എന്ന ജനറല്‍നോളജൊക്കെ അയാള്‍ക്ക് ഉണ്ടായിരുന്നു. അവള്‍ എന്തോ പറയാന്‍ തുടങ്ങിയതും  ഒരു പട്ടി റോഡില്‍ വട്ടം ചാടിയതും അയാള്‍ ഒരു കിടിലന്‍ ബ്രേക്കിട്ടതും അവള്‍ മുന്നോട്ടു തെറിച്ചതും ഒരുമിച്ചായിരുന്നു. ശരീരം എവിടെയോ ചെന്നിടിച്ച് വേദന കൊണ്ട് അവള്‍ പുളഞ്ഞുപോയി. അയാളും നന്നായി കിതച്ചിരുന്നു.

'മാഡം, ഒന്ന് ഡോര്‍ തുറന്ന് ഒന്ന് മുന്നിലേക്ക് ഇരിക്കണം പ്ലീസ്. സീറ്റ് ബെല്‍റ്റും ആവാം'

ഒന്ന് ഞരങ്ങിയതല്ലാതെ അവള്‍ പ്രതിവചിച്ചില്ല. ബക്കാഡിക്ക് ദേഷ്യം പോലെ എന്തോ ഉണ്ടായി.

'ഏയ് സ്ത്രീയെ, എനിക്ക് ഇന്നേക്ക് 40 വയസായി. ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമയാണ്. കൂടെക്കൂടെ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച് ബി പി കൂട്ടാന്‍ വയ്യ. നിങ്ങളെ ഒന്ന് ഫ്രണ്ട് സീറ്റിലേക്ക് കെട്ടിയെടുക്കൂ പ്ലീസ്'

വല്ലാത്ത അന്ധാളിപ്പോടെ അയാളെ നോക്കിക്കൊണ്ട് അവള്‍ ഒരു ഞൊടി നിന്നു. പതിയെ നിരങ്ങി ഡോര്‍ തുറന്ന് വെളിയില്‍ ഇറങ്ങി മുന്നിലേക്ക് കയറുന്നതിനിടയില്‍ പറഞ്ഞു

'കനകാംബരം'

അവള്‍ എന്തോ മൊഴിഞ്ഞത് കേട്ട് അയാള്‍ കാതുകൂര്‍പ്പിച്ചു.

'എന്താ?'

'കനകാംബരം, എന്റെ പേര്'

അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് അവളെ ഒന്ന് മുഴുവനായും നോക്കി. അവളുടെ അരണ്ട നോട്ടവും പതുങ്ങിയ ഇരിപ്പും അയാളെ അമ്പരപ്പിച്ചു.

'എന്റെ കനകാംബരമേ, ഞാന്‍ താങ്കളെ ലൈംഗികമായി ഉപയോഗിക്കുമെന്ന് ഭയം വേണ്ട. മിനിമം നാളെ ഉച്ച ആകുന്നവരെയെങ്കിലും നിങ്ങള്‍ എന്റെ അരികില്‍ വളരെ സേഫ് ആണ്'

ഒരു ചെറിയ കുഞ്ഞിനെ കാണും പോലെ അവള്‍ അയാളെ നോക്കി. അയാള്‍ ചിരിച്ചു. അവള്‍ ആശ്ചര്യപ്പെട്ടു. വണ്ടി ഓടിത്തുടങ്ങി. കുമാര്‍ സാനു വീണ്ടും പാടാനും.

'അവിടെ ആ ഒറ്റപ്പെട്ട സ്ഥലത്ത് എന്തായിരുന്നു വിശേഷം?'

'കസ്റ്റമറുടെ കൂടെ പോയതാണ്്'

അയാളുടെ മുഖത്തേക്ക് നോക്കാതെയുള്ള അവളുടെ മറുപടി.

'എന്നിട്ട് കസ്റ്റമര്‍ എവിടെ?്'

അയാള്‍ ചൊദിച്ചു. മറുപടി ഉണ്ടായില്ല. രണ്ടു മിനിറ്റിനുശേഷം അവളുടെ ചോദ്യം വന്നു.

'ബക്കാര്‍ഡി എന്നത് ശരിക്കുള്ള പേരാണോ?്'

'ആ പേരാണ് എനിക്ക് ചേരുക. ചോരയില്‍ എപ്പോഴും ബക്കാര്‍ഡി കലര്‍ന്നിരിക്കും്'

ഇരുവരും പിന്നെ മിണ്ടിയില്ല. കുമാര്‍ സാനു അര്‍ജീത്ത് സിംഗിനും സുനീധി ചൗഹാനും ബാറ്റണ്‍  കൈമാറി  വിശ്രമിക്കാന്‍ പോയിരുന്നു. വണ്ടി ചെറിയൊരു ജംഗ്ഷനില്‍ എത്തിയിരുന്നു.

'ഇവിടെനിന്ന് ഇടത്തേക്ക് പോയാല്‍ നാലാമത്തെ സ്ട്രീറ്റിലാണ് എന്റെ വീട്.'

അയാള്‍ അവള്‍ക്ക് വഴി കാണിച്ചു.

'അവിടെ ആരോട് ചോദിച്ചാലും പറഞ്ഞുതരും ഗജരിവാളിന്റെ വീട്' 
 
അവള്‍ സംശയഭാവത്തില്‍ അയാളെ നോക്കി.

'കുറച്ചുകാലം ആം  ആദ്മിയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ കിട്ടിയതാണ്. ഇപ്പോള്‍ ആ പ്രാന്തൊക്കെ തീര്‍ന്നു. പക്ഷേ എപ്പോഴും വാള് വെക്കുന്നത് കൊണ്ട് പേര് മാറിയില്ല' 

അയാള്‍ ചിരിച്ചു അവള്‍ക്ക് ചിരിക്കാന്‍ തോന്നിയില്ല.

'വീട്ടില്‍ ആരൊക്കെയുണ്ട്?'

'ടിയാന്‍ തനിച്ച്  ഏകാന്തവാസം'

അര്‍ജിത്ത് ഒറ്റക്ക് നല്ല  ഉച്ചത്തില്‍ ഒരു പാട്ടുകൂടി പാടി. വയറ്റില്‍ മദ്യം ഉള്ളതുകൊണ്ട് പോലീസ് ചെക്കിംഗ് ഒഴിവാക്കി ഇടവഴി പിടിച്ചാണ് അയാള്‍ കാറോടിച്ചിരുന്നത്. ദൂരവും നേരവും പോയിക്കൊണ്ടിരുന്നു.

'നിനക്ക് കുട്ടികളുണ്ടോ?'

'ഇപ്പോഴില്ല'

'എനിക്കൊരു മകനുണ്ട്. നാലാം ക്ലാസില്‍ ആയി. അവന്റെ പേര് ബല്ലു. ഒരു സൈസ് ചോട്ടാ ഭീം.'

അയാള്‍ സംസാരിക്കുന്നതിനൊപ്പം അവളെ പാളി നോക്കിക്കൊണ്ടിരുന്നു. കനകാംബരം  തന്റെ കണ്ണുകള്‍ മുഴുവനും വിടര്‍ത്തി അയാളെ കേള്‍ക്കുകയാണ്.

'അവനിപ്പോള്‍ എവിടെയാണ്?'

'വിദേശത്താണ്, അവന്റെ അമ്മയോടൊപ്പം. കോടതി കനിഞ്ഞരുളി വര്‍ഷത്തില്‍ ഒരുതവണ എനിക്ക് അവനെ കാണാം. ആഴ്ചയില്‍ ഒരു വീഡിയോ കോളും.'

കനകാംബരം വലിയൊരു നെടുവീര്‍പ്പിട്ടു.

'എന്റെ മകന്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ മകനോളം കണ്ടേനെ'

'എന്തായിരുന്നു ആ വികൃതിയുടെ പേര്?'

'അവന്  പേരൊന്നും ഇല്ലായിരുന്നു. പെരുമയുള്ളവര്‍ക്കല്ലേ പേരൊക്കെ? രണ്ടു വയസുള്ളപ്പോള്‍ ഒരു പനി വന്നു. പിന്നെ അത് കൂടി. എപ്പോഴും ചര്‍ദ്ദി. ഡോക്ടറെ കാണിച്ചു. ഒരു കുറവും ഉണ്ടായില്ല. ഒടുവില്‍ മൂത്രമൊഴിക്കുമ്പോഴൊക്കെ ചോരയും വരാന്‍ തുടങ്ങി. അവന്‍ അങ്ങനെ പോയി'

അയാള്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. പുറത്തേക്ക് ഇറങ്ങി. അവിടെത്തന്നെ ചര്‍ദ്ദിക്കുകയും ചെയ്തു. കനകാംബരം അയാളുടെ പുറം തടവി. വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം അവള്‍ അയാള്‍ക്ക് കൊടുത്തു. ബക്കാര്‍ഡി കാറിനുമേല്‍ ചാരി റോഡില്‍ ഇരുന്നു.

'നീ കാര്‍ ഓടിക്കോ?'

അവള്‍ ഇല്ലെന്ന് തലയാട്ടി.

'അങ്ങനെയാണെങ്കില്‍ വാ, എന്റെ അടുത്ത് ഇരിക്ക്'

അവള്‍ അയാളുടെ സമീപത്തായി ഇരുന്നു. നേര്‍ത്ത  ചാന്ദ്രവെളിച്ചം മാത്രമേ വഴിയില്‍ ഉണ്ടായിരുന്നുള്ളൂ. അവളുടെ തലയില്‍ അയാള്‍ പതിയെ കൈവച്ചു.

'നിനക്ക് വേദന കുറവുണ്ടോ?'

അവള്‍ ഉണ്ടെന്ന് തലയാട്ടി. രണ്ട് വണ്ടികള്‍ അവര്‍ക്ക് അരികിലൂടെ വളരെ വേഗത്തില്‍ പാഞ്ഞു പോയി.

'നമുക്ക് പോകാം'

അവള്‍ പറഞ്ഞു.

'ആയില്ല'

തല കാലുകള്‍ക്കിടയില്‍ പൂഴ്ത്തി ഇരിക്കുകയാണ് ബക്കാര്‍ഡി. അവള്‍ ചുറ്റുപാടും നോക്കി. അകലെ കെട്ടിടങ്ങള്‍ അടക്കം എല്ലാം ഉറങ്ങുകയാണ്. റോഡരികിലെ ചെറിയ ചെടികള്‍ പോലും അനങ്ങുന്നില്ല.

'ബക്കാര്‍ഡീ'

അവള്‍ അയാളെ പതിയെ ഒന്ന് കുലുക്കി

'നിനക്ക് വിശക്കുന്നുണ്ടെങ്കില്‍ ഡിക്കിയില്‍ ഒരു സ്വീറ്റ് ബോക്‌സ് ഉണ്ട്. എടുത്തോ' എന്നും പറഞ്ഞ് കാറില്‍ പിടിച്ചു കൊണ്ട് അയാള്‍ എഴുന്നേറ്റു നടന്നു. മഞ്ഞ നിറമുള്ള ഉരുണ്ട ചോക്ലേറ്റ് പൊതി അവള്‍ക്ക് നേരെ നീട്ടി. അവള്‍ ഒരെണ്ണം എടുത്ത് വായിലിട്ടു.

'എങ്ങനെ കൊള്ളാമോ?' 

അവള്‍ ചിരിച്ചു.

'ഒരു പെണ്ണുമായി ഇഷ്ടത്തിലാണ്. കുറച്ച് വ്യത്യാസമുള്ള ഒരുത്തി. ഓമനിക്കാന്‍ വരാത്തവള്‍. അവള്‍ തന്നതാ. ടിയാളെ കണ്ട് മടങ്ങും വഴിയാണ് നിന്നെ കിട്ടിയത്. വേണമെങ്കില്‍ ഒരെണ്ണം കൂടി കഴിച്ചോ'

അവള്‍ വേണ്ടെന്ന്  തലയാട്ടി. അയാള്‍ അടുത്തുള്ള പൊന്തയിലേക്ക്  വീണ്ടും വീണ്ടും ചര്‍ദ്ദിച്ചു. പിന്നീട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അവളോട് കയറാന്‍ പറഞ്ഞു. സ്റ്റീരിയോയില്‍ വീണ്ടും കുമാര്‍ സാനു എത്തി. ഇത്തവണ മെലഡിയാണ്.

'നീ മലയാളിയല്ല. നിന്നെ കണ്ടിട്ട് തമിഴത്തിയെപ്പോലെയുമില്ലല്ലോ!'

കാര്‍ വലത്തോട്ട് തിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.

'എന്റെ അമ്മ അവരുടെ ജോലി തുടങ്ങിയതും അവസാനിപ്പിച്ചതും ബോംബെയിലായിരുന്നു.'

'അപ്പോള്‍ നീ മറാത്തി, അല്ലേ?'

'അറിയില്ല. അമ്മ തമിഴും മലയാളവും പറഞ്ഞിരുന്നു'

'എങ്ങനെയാണ് അവിടെ ആ റോഡരികില്‍ വന്നുപെട്ടത്?'

ചോദ്യം  കേട്ടപ്പോള്‍ അവള്‍ വികാരങ്ങളാല്‍ നിറയുന്നത് അവളെ നോക്കാതെ തന്നെ അയാള്‍ അറിഞ്ഞു.

'കനകാംബരം'

അയാള്‍ പതിയെ വിളിച്ചു. ഒരു നേരിയ വിതുമ്പല്‍ ആയിരുന്നു മറുപടി.

'കുറെ മുമ്പാണ്. എന്റെ മോന്‍ ജനിക്കുന്നതിനു മുമ്പ്. ഒരാള്‍ വഴിയില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി. മുടിയൊക്കെ നരച്ചു തുടങ്ങിയ ഒരാള്‍. കാശൊക്കെ തന്നെങ്കിലും എന്നെ കുറെ ഉപദ്രവിച്ചു. ഒടുവില്‍ ആയപ്പോള്‍ എന്റെ മുല കടിച്ചു പറിച്ചുകളഞ്ഞു. അതിന്റെ ഒരു കണ്ണ് അയാളുടെ വായിലിരുന്നു. വേദന.. കുറേ ചോരയും..അലറിക്കരഞ്ഞുകൊണ്ട് ഇടനാഴിയിലൂടെ അന്ന് ഞാന്‍ ഓടിയ ആ ഓട്ടം ഒരിക്കലും മറക്കാനാവില്ല. ആ വടു കാണുമ്പോളൊക്കെ  ഞാന്‍ അയാളെ ഓര്‍ക്കും'

അവള്‍ ഒരു നിമിഷം നിര്‍ത്തി. അയാള്‍  വേഗതയില്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.  ഇടത്തേക്ക് നോക്കുവാന്‍ അയാള്‍ക്ക് കെല്‍പ്പില്ലായിരുന്നു.

'ഇന്നലെ സാഗയില്‍ ഉണ്ടായിരുന്ന ആള്‍ ഒരു മുലക്കണ്ണ് ഇല്ലാത്തതിന് എന്നോട് വിലപേശി. വായില്‍ വന്ന തെറിയെല്ലാം പറഞ്ഞുകൊണ്ട് ഞാന്‍ അവന്റെ പേഴ്‌സില്‍  നിന്ന് കാശ് എടുക്കാന്‍ നോക്കിയപ്പോള്‍ അതില്‍ പഴയ ആളിന്റെ ഫോട്ടോ. അവന്റെ തന്ത.. അവന്റെ ചത്തുതുലഞ്ഞ തന്ത. എനിക്കവനെ കൊല്ലണമെന്ന് തോന്നി. പക്ഷേ വരിയുടച്ചതേയുള്ളു. അതുകഴിഞ്ഞ് ഓടിയ ഓട്ടം.. വന്നുവീണത് ഈ കാറിന്റെ മുന്നില്‍'

രണ്ടു മിനിറ്റ് മൗനം. ബക്കാര്‍ഡി വണ്ടി നിര്‍ത്തി. ബസ്റ്റാന്‍ഡ് എത്തിക്കഴിഞ്ഞിരുന്നു. അയാളെ ഒന്നുനോക്കി, ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ ഇറങ്ങി. പിന്നെ വിന്‍ഡോവിലൂടെ തലയിട്ട്  കനകാംബരം പറഞ്ഞു.

'ഹാപ്പി ബര്‍ത്ത് ഡേ!'

നിറഞ്ഞ കണ്ണ് ഒഴുകാതെ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ അവളെ നോക്കി.

'അത് ഇന്നലെയായിരുന്നു പെണ്ണേ!'

അവള്‍ പെട്ടെന്ന് കൈ നീട്ടി അയാളുടെ കണ്ണ് തുടച്ചു. സാരിയുടെ അറ്റംകൊണ്ട് തലമറച്ച് വേഗത്തില്‍ നടന്നുമറഞ്ഞു. അയാള്‍ വീണ്ടും  വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കുമാര്‍സാനു വീണ്ടും പാടി.

'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ.'


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!