ലുട്ടാപ്പിയും ലൂക്കോസും: എ നൊസ്റ്റു സ്‌റ്റോറി, ആതിര വി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 19, 2024, 3:15 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആതിര വി എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

കുറച്ചുനേരമേ ആയിട്ടുള്ളൂ വന്നിട്ട്. വന്നപ്പോള്‍, കുഞ്ഞിന് സ്വിച്ചിടുമ്പോള്‍ കറങ്ങുന്ന, പതിഞ്ഞതാളത്തില്‍ പാടുന്ന ഒരു ബാര്‍ബിയെയും കൊണ്ടുവന്നിരുന്നു. അത് അയാളുടെ കയ്യില്‍നിന്നും വാങ്ങുംമുമ്പ് അവള്‍ എന്നെ നോക്കി. അയാളെ ഞങ്ങള്‍ക്ക് അറിയാമോ എന്ന് ചോദിച്ചാല്‍ അറിയാം. ഒരു വീടിന്റെ മുകളിലെ നിലയില്‍ ഒരേ സൗകര്യങ്ങള്‍ ഉള്ള രണ്ട് പോര്‍ഷനുകളില്‍ ഒന്നിലേക്ക് മാറിയ അന്നുമുതല്‍ ചിലപ്പോഴൊക്കെ കാണാറുണ്ടായിരുന്നു. ഒന്നില്‍ ഞങ്ങളും മറുഭാഗത്ത് വന്നയാളും മൂന്നുനാല് മാസങ്ങളായി താമസിച്ചുവരുന്നു. ജോര്‍ജ്ജ് എന്നാണ് പേരെന്ന് പ്രവീണ്‍ സൂചിപ്പിച്ചിരുന്നു. കൂടുതല്‍ എന്തെങ്കിലും പറഞ്ഞിതുവരെ കേട്ടതുമില്ല, അറിയാന്‍ മാത്രം അടുപ്പം അയാള്‍ കാണിച്ചിരുന്നുമില്ല.

വന്നുകയറിയ സമയം മുതല്‍, അല്‍പം ക്ലബ്ബ് സോഡ ചേര്‍ത്ത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഞാന്‍ ഉണ്ടാക്കിക്കൊണ്ടുവന്നുകൊടുക്കുന്നതുവരെ അയാള്‍ കുഞ്ഞിനോട് ഒന്നോരണ്ടോ കൊഞ്ചിവര്‍ത്താനങ്ങള്‍ പറഞ്ഞതൊഴിച്ചാല്‍ എന്തെങ്കിലും കാര്യമായി സംസാരിക്കുകയോ വന്നതെന്തിനാണെന്ന് പറയുകയോ ചെയ്തില്ല. ആവശ്യത്തിന് പൊക്കവും തൂക്കവുമുള്ള ഒരുപക്ഷേ, ദിവസവും എക്‌സര്‍സൈസ് ചെയ്യുന്ന ഒരാളായി എനിക്കയാളെ അനുഭവപ്പെട്ടു. വിലകൂടിയ ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും ലോവറുമാണ് ഇട്ടിരിക്കുന്നത്. അയാള്‍ കുഞ്ഞിനുകൊണ്ടുവന്ന സമ്മാനവും വിലയുള്ളതുതന്നെ. നാരങ്ങാവെള്ളം കുടിക്കുന്നതിനും ഒരു ഐശ്വര്യമുണ്ട്. അയാള്‍ അതു കുടിച്ചു കഴിയുന്നതുവരെ ഒരു പത്തുവട്ടമെങ്കിലും ഞാനയാളെ അടിമുടി നിരീക്ഷിച്ചു. ജ്യൂസ് ഗ്ലാസ് ടേബിളില്‍ വച്ച് ചിരിക്കുമ്പോള്‍ വലത്തെ കവിളില്‍ തെളിഞ്ഞ നുണക്കുഴിയുള്ള മുഖം ഉയര്‍ത്തിക്കൊണ്ട് അയാള്‍ എന്നോട് ചോദിച്ചു:

'ഗീതൂ, സ്‌കാന്‍ ചെയ്ത് കഴിഞ്ഞോ? എന്നിട്ട് എന്താ റിപ്പോര്‍ട്ട്? വല്ലതും പിടികിട്ടിയോ?'

എനിക്ക് ആകെയൊരു വെപ്രാളമാണ് തോന്നിയത്. ജോര്‍ജ്ജിന് എന്റെ പേരറിയാം. അതു വലിയ കാര്യമല്ല. ഹൗസോണര്‍ അങ്കിളാണ് താഴെ താമസം. അദ്ദേഹം പറഞ്ഞിരിക്കാം. പ്രവീണ്‍ ഉറക്കെ വിളിക്കുമ്പോള്‍ കേട്ടിരിക്കാം. അല്ലെങ്കില്‍ കുഞ്ഞു കളിയായി വിളിക്കുമ്പോഴോ മറ്റോ ആകാം. എന്നാലും ചെറുതായി അന്ധാളിച്ച ഞാന്‍ കുഞ്ഞുവിനെ നോക്കി. അവള്‍ ഇടയ്‌ക്കെന്നെ പാളി നോക്കിക്കൊണ്ട് ബാര്‍ബിയുടെ മുടിയും ഉടുപ്പുമൊക്കെ പരിശോധിക്കുകയാണ്. കുഞ്ഞിന് പരിഭ്രമം തോന്നാതിരിക്കാനായി എനിക്കുണ്ടായ മാറ്റത്തെ ഞാന്‍ പരമാവധി മറച്ചുപിടിച്ചു.

'ടെന്‍ഷനായോ നിനക്ക്?'

കൂടുതല്‍ നന്നായി ചിരിച്ചുകൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു. ഞാന്‍ ഒന്നും പറയാതെ, നിവൃത്തികേടോടെ ചിരിച്ചു. എന്റെ മൊബൈല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ഒന്നുപാളിനോക്കി. നാട്ടില്‍നിന്നും അകലെയുള്ള നഗരത്തിലാണ് ഞങ്ങള്‍. അപരിചിതരാണ് ചുറ്റും. അടുത്ത ബന്ധുക്കളോ ആഴത്തിലുള്ള സുഹൃത്തുക്കളോ അടുത്തില്ലാത്തപ്പോള്‍ ആര്‍ക്കുമുണ്ടാകാവുന്ന സങ്കോചത്തോടെയാണ് ഞാന്‍ നിന്നിരുന്നത്. തെല്ലുവേഗത്തില്‍ നെഞ്ചിടിക്കുന്നത് ഞാനറിഞ്ഞു.

'ഗീതൂ, ബീ കൂള്‍.. എനിക്ക് നിന്നെപ്പോലെ ഭയങ്കര ഫ്‌ളോയില്‍ കഥ പറയാനൊന്നും അറിയില്ലെടോ.. മലയാളം തന്നെ വിചാരിച്ച മീനിങ്ങൊന്നും എപ്പോഴും കിട്ടില്ല. കുറച്ചുകഷ്ടാണ്. കഴിഞ്ഞ വീക്കെന്‍ഡില്‍ നീ മോള്‍ക്കൊരു നൊസ്റ്റു സ്റ്റോറി പറഞ്ഞുകൊടുത്തില്ലേ? അയാം വണ്‍ ഓഫ് ദ ഹീറോസ് ഇന്‍ ഇറ്റ്. ഡിഡ് യു ഗെറ്റിറ്റ്?'

ഞാന്‍ തുപ്പലുവിഴുങ്ങി നില്‍ക്കുകയാണ്. എനിക്ക് ഇരിക്കാന്‍ തോന്നി. ജോര്‍ജ്ജിന്റെ സംസാരം എന്റെ മനസിനെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഏത് കഥ? ഏത് ഹീറോ?

ഒരുപിടിയുമില്ലാതായി എനിക്ക്. എന്നെ മനസിലാക്കിയപോലെ അയാള്‍ പറഞ്ഞു.

'ഗീതു പ്ലീസ് സിറ്റ്.' കഷ്ടപ്പെട്ട് ഞാന്‍ ഇരുന്നു. അതിലും കഷ്ടപ്പെട്ട് അയാളോട് ചോദിച്ചു.

'എനിക്കൊന്നും മനസ്സിലായില്ല, ഏത് കഥയാണ്?'

ആരെങ്കിലും എന്തെങ്കിലും നന്നായി പറഞ്ഞുവരുമ്പോള്‍ ഒരുതരം രസംകൊല്ലി സംശയം എനിക്ക് പണ്ടേ പതിവുള്ളതാണ്.

'ലുക്ക്, സെന്റ് ആന്റണീസിലെ ഇരട്ടപ്പിള്ളേരുടെ കഥ. ലുട്ടാപ്പി ആന്‍ഡ് ലൂക്കോസ്. സ്റ്റോറി ഓഫ് ദ നോട്ടി ട്വിന്‍സ്. അതൊരു വെറും കഥ അല്ലല്ലോ ഗീതു. നമ്മുടെയൊക്കെ ലൈഫിന്റെ ഒരു പീസ്, എ സ്‌മോള്‍ പീസ്. അല്ലേ?'

വളരെച്ചുരുങ്ങിയ അവസരങ്ങളില്‍ മാത്രം ദൈവത്തെ വിളിക്കാറുള്ള ഞാന്‍ അപ്പോഴത് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞുവിന് ഈ കഥ പറഞ്ഞുകൊടുത്തത്. ഒരല്‍പം പൊടിപ്പും തൊങ്ങലും ചേര്‍ത്തിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ ഇരുന്ന് പഠിക്കുകയായിരുന്നു. ഇന്‍സ്പയറിംഗ് സ്റ്റോറീസ്, പുട്ടിന് തേങ്ങയിടുമ്പോലെ ഞാന്‍ പറയാറുണ്ട്. അവളതില്‍ കയറി കൊത്താറുമുണ്ട്. അവിടിരുന്ന് പറഞ്ഞാല്‍ അപ്പുറത്തും താഴെയും നല്ല വ്യക്തമായി കേള്‍ക്കാമെന്ന് ഉറപ്പാണ്. കഥ മുഴുവനും ജോര്‍ജ്ജ് കേട്ടിട്ടുണ്ടാകും. എന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു

'ജോര്‍ജ്ജെന്ന് വിളിക്കേണ്ട ഇനി. ലൂക്കോസ് ആണ്. നീ പറഞ്ഞ സ്‌റ്റോറീടെ റിമേയ്‌നിംഗ് പാര്‍ട് ഞാന്‍ പറഞ്ഞാലോ? എന്റെ സ്‌റ്റൈലില്‍. 'അയാള്‍ ചിരിച്ചു.

അങ്കിള്‍ കഥ പറയുകയാണെന്ന് മനസിലായിട്ടോ എന്തോ പാവയെ വിട്ട് കുഞ്ഞു ഞങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

'അന്ന് ലുട്ടാപ്പിക്കും എനിക്കും നിന്റെ മോള്‍ടെ ഏജ് കാണും അല്ലേ? എന്താ വാവേടെ പേര്?'

'എന്റെ പേര് മുകില്‍ പ്രവീണ്‍. ഞാന്‍ വാവയല്ല. എല്‍കെജിലാ പഠിക്കുന്നത്' എന്റെ മകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.

ലൂക്കോസ് ചമ്മി. അയാള്‍ എക്കിള്‍ വരുന്നതുവരെ ചിരിച്ചു. ഞാനും ചെറുതായി ഒപ്പം കൂടി. മുകില്‍ പ്രവീണിന് അതത്ര ബോധിച്ചില്ല.

'കഥ പയ്യുന്നില്ലേ?' അവള്‍ വിഷയത്തിലേക്ക് ഞങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ചോദ്യമെറിഞ്ഞു.

'അശ്വിന്‍ ഇപ്പോള്‍ എവിടെയാണ്? എന്തുചെയ്യുന്നു?'

ലൂക്കോസ് എന്റെ കസിന്‍ ഉണ്ണിയെപ്പറ്റിയാണ് ചോദിക്കുന്നത്. എന്റെ അതിശയം അങ്ങ് ആകാശത്തോളമായി.

'അശ്വിന്‍ എറണാകുളത്തുണ്ട്. ബാങ്കിലാണ് ജോലി. രണ്ടാഴ്ച മുമ്പിവിടെ വന്നിരുന്നു. ആ ഭയങ്കരമഴയില്‍ സിറ്റി മുങ്ങിയ ടൈമില്‍.'

'ഓഹ്, ശരിയാണ്! ആ മഴ! അവന്‍ മാറിയിട്ടുണ്ടാകുമല്ലേ ഒരുപാട്? മാര്യേജ്?'

'ഇല്ല, കാര്യമായി നോക്കുന്നുണ്ട്. ലൂക്കോസ്?'

'ഉം, ടൂ ഇയേഴ്‌സാകുന്നു. എന്നാലും നീയെന്നെ ലൂക്കോസെന്ന് വിളിച്ചല്ലോ! ഞാന്‍ ലൂക്കോസാണെന്ന് നിനക്ക് ശരിക്കും വിശ്വാസം വന്നോ?'

അതൊരു നല്ല ചോദ്യമായിരുന്നു. എന്തോ വലിയ കഥ കേള്‍ക്കാന്‍ കൊതിച്ചുനിന്ന കുഞ്ഞു ബോറടിച്ച് ചിണുങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ അവളെ മടിയില്‍ വച്ച് മുടിയില്‍ തലോടിക്കൊണ്ട് ഞാനയാളോട് ചോദിച്ചു

'അന്തോണി പുണ്യാളന്റെ പള്ളിയെപ്പറ്റിയും പള്ളിക്കൂടത്തെപ്പറ്റിയും നീ എന്തെങ്കിലും പറ. ഞാന്‍ കഥയില്‍ പറയാത്തത് എന്തെങ്കിലും'

ലൂക്കോസിനെ ഇതാ ഞാന്‍ നീ എന്നു വിളിച്ചിരിക്കുന്നു. അപരിചിതരെ പെട്ടെന്ന് നീ എന്ന് വിശേഷിപ്പിക്കുന്ന പതിവെനിക്കില്ല. എന്റെ ആകാശത്തിലെ കാര്‍മേഘങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കാം. ഞാന്‍ ആവശ്യപ്പെട്ട കാര്യം വളരെ സിംപിളാണെന്ന മട്ടില്‍ ലൂക്കോസ് പറഞ്ഞുതുടങ്ങി. അവന്റെ കഥ പുരോഗമിക്കുന്തോറും എനിക്കെല്ലാം വ്യക്തമായി തെളിഞ്ഞുകിട്ടി. 

എത്ര സുന്ദരമായ നറേഷന്‍! ഒരുപക്ഷേ അവന്റെ മുറിമലയാളമല്ല ഓര്‍മകളായിരിക്കാം സുന്ദരം. 

പുണ്യവാളനും പള്ളിയും 96-ല്‍ അവിടെ കെജി സ്‌കൂളില്‍ പഠിച്ച പിള്ളേറും പഠിപ്പിച്ച സിസ്റ്റര്‍മാരും ആയമാരും പള്ളിക്ക് താഴെ കട നടത്തിയിരുന്ന വറീത് മാപ്പിളയും മാപ്പിളയുടെ കയ്യില്‍ നിന്നും ഞങ്ങള്‍ പിള്ളേര്‍ക്കൊക്കെ കാണുമ്പം കാണുമ്പം കല്‍ക്കണ്ടം വാങ്ങിത്തന്നിരുന്ന ശേഷമ്മാവനും സന്ധ്യയ്ക്ക് ഒട്ടും മുടക്കം വരാതെ ശംഖൂതുന്ന രത്‌നാകരന്‍ ചേട്ടനും ഷുഗര്‍കൂടിയപ്പോള്‍ കാലുമുറിച്ച നെല്ലിക്കുന്നേലെ കൃഷ്ണന്‍ നായരും മൂക്കില്‍ ശുണ്ഠി കൊണ്ടുനടക്കുന്ന വയസ്സന്‍ കുട്ടിച്ചേട്ടനും ഉള്‍പ്പടെ കാക്കത്തൊള്ളായിരം പേരെ അവനെന്റെ മുന്നില്‍ പരേഡിന് നിര്‍ത്തി. ഒരു കള്ളനും ഇത്രയും പേരെ ഒന്നിച്ചു കവരാന്‍ സാധിക്കില്ല. ഈ ഇരിക്കുന്ന ആള്‍ ശരിക്കും ലൂക്കോസാണ്. അല്ലെങ്കില്‍ ലുട്ടാപ്പിയാണ്. ഇവരില്‍ ഒരാളാണ് തീര്‍ച്ച.

ഒരേപോലത്തെ ഇരട്ടകളാണ് ലുട്ടാപ്പിയും ലൂക്കോസും. ഉണ്ണിയുടെ ക്ലാസിലാണ് അവര്‍ പഠിച്ചിരുന്നത്. കഥയും കഥാപാത്രങ്ങളും കൊണ്ടുനിറഞ്ഞ് മുറിക്ക് ചൂടുകൂടിയ പോലെ എനിക്ക് തോന്നി. കുഞ്ഞുവിന്റെ വായ കഥ കേട്ട് അല്‍പ്പം തുറന്നനിലയിലായിരുന്നു. ഞാന്‍ മുറിയിലെ ഫാന്‍ അല്‍പ്പമൊന്ന് കൂട്ടി. 

ലൂക്കോസ് ഒരു വല്ലാത്ത അവസ്ഥയില്‍ ഇരിക്കുകയാണ്. കുഞ്ഞുവിനെ ആണ് അവന്‍ നോക്കുന്നത്. എനിക്ക് അവന്റെ കയ്യില്‍ പിടിക്കണമെന്ന് തോന്നി. പക്ഷേ ചെയ്തില്ല. ഒരുതവണയേ ഞാന്‍ ഇരട്ടകളുടെ കയ്യില്‍ പിടിച്ചിട്ടുള്ളൂ. ഇരുപത്തിയേഴ് വര്‍ഷം മുമ്പാണ്. അന്ന് നടന്നത് ഒരു വലിയ യുദ്ധമായിരുന്നു. 

പോപ്പിക്കുടയുടെ പീപ്പി ഇവന്മാരാണ് ഊരിയെടുത്തത് ചേച്ചീ, എന്നും വിളിച്ച് ഉണ്ണി എന്റെ ക്ലാസില്‍ വന്ന് കരഞ്ഞ ദിവസം. ബോധക്കേടുകൊണ്ടുണ്ടാകുന്ന ഒരുതരം ചങ്കൂറ്റം കൊണ്ട് ഞാനീ തല തെറിച്ച ചെക്കന്മാരോട് എന്റെ അനിയന്റെ പീപ്പി ചോദിക്കാന്‍ പോയതാണ്. ഒരു മഴക്കാലത്ത്; രണ്ട് ക്ലാസ് മുറികള്‍ക്കിടയിലെ ഇടനാഴിയില്‍ നിന്ന് ഞാന്‍ തല്ലുകയും നന്നായി തല്ലുകൊള്ളുകയും സിസ്റ്റര്‍ മരിയാ ഫെര്‍ഡിനാന്റ് അതോ സിസ്റ്റര്‍ ആഗ്‌നസ് തെരേസയോ ആരോ ഞങ്ങളെ കഷ്ടപ്പെട്ട് പിടിച്ചുമാറ്റുകയും കൂടി നിന്ന പിള്ളേര്‍ക്കിടയില്‍ നിന്നും കൂക്കിവിളിച്ച കുരുത്തംകെട്ടവര്‍ക്ക് നേരെ ചൂരല്‍വീശി സിസ്റ്റര്‍ 'ഗോടു യുവര്‍ ക്ലാസസ്' പറഞ്ഞതുമൊക്കെ എനിക്ക് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. ഗൃഹാതുരത്വമുണ്ടാക്കിയ കുളിര്‍ എന്റെ ശരീരഭാഷയെ അല്‍പ്പം കൂടി ശാന്തമാക്കി. പേശികള്‍ അയഞ്ഞു. അന്യനെ എന്നപോലെ അല്ലാതെ ഞാന്‍ ലൂക്കോസിനെ നോക്കി. അവനത് ആഗ്രഹിച്ചിരുന്ന പോലെ എനിക്ക് തോന്നി.

'അടികഴിഞ്ഞ് തെരേസാ മിസ് എന്‍ക്വയറി നടത്തിയില്ലെങ്കിലും പിള്ളേര് പറഞ്ഞുംകേട്ടും ഞങ്ങള്‍ കൊടപ്പീപ്പി കട്ട കഥ, അങ്ങ് ഇല്ലിക്കല് ഞങ്ങടെ തറവാട്ടില്‍ ഞങ്ങള് എത്തുന്നതിന് മുമ്പെത്തി. എനിക്കും അവനും അന്ന് നാലര വയസേ ഒള്ളൂ. ഞങ്ങടെ വല്യപ്പച്ചന്‍ കൊച്ചൌസേപ്പ് അന്ന് പേരക്കമ്പിന് ഞങ്ങളെ വീക്കി. മമ്മിയാ പിന്നെ ആ മുറിവേല്‍ മെഡിസിന്‍ വച്ച് തന്നത്. ഞങ്ങളെ കള്ളന്മാരാക്കി മാറ്റിയത് നീയാരുന്നു, അന്നത്തെ ആ വഴക്കാരുന്നു. സത്യത്തില്‍ എനിക്കും ലുട്ടാപ്പിച്ചെറുക്കനും നിന്നെ തല്ലണമെന്നും കയ്യും കാലും ഒടിക്കണമെന്നും പൂതി ഒണ്ടാരുന്നു. ഇപ്പോ ഇല്ല കേട്ടോ'

ഞാന്‍ ചിരിച്ചു: 'എന്നിട്ട് അവനെവിടെ? ലുട്ടാപ്പി?'

'നിന്റെ കൂടെ ആനിവേഴ്‌സറിക്ക് 'മെയിഡിന്‍ ഇന്ത്യ ഡ്യുവറ്റ്' ചെയ്ത റോയിയെ ഓര്‍മ്മയില്ലേ? പപ്പയുടെ പെങ്ങള്‍ റേച്ചലാന്റിയുടെ മോനാ അത്.'

റോയിയെ എനിക്ക് ഓര്‍മ്മ ഉണ്ടായിരുന്നു.

'റേച്ചലാന്റിയുമായിട്ട് പപ്പയ്ക്ക് ചെറിയ പ്രോപ്പര്‍ട്ടി ഇഷ്യൂസ് ഒണ്ടാരുന്നു. വല്യപ്പച്ചനും അമ്മച്ചിയും പോയപ്പോള്‍ പപ്പ മൊത്തത്തില്‍ ഞങ്ങളെയും കൊണ്ട് എറണാകുളത്തേക്ക് ഷിഫ്റ്റായി. അതീപ്പിന്നെയാണ് എല്ലി ജനിച്ചതൊക്കെ. എല്ലിയെ അറിയുവോ? എലിസബത്ത് ഇല്ലിക്കല്‍. ട്രാവല്‍ വ്‌ളോഗൊക്കെ ചെയ്യാറുണ്ട്. ഒരു പൊടിക്ക് ഫേമസാണ്.'

ലൂക്കോസ് വികാരങ്ങളാല്‍ നിറഞ്ഞുനിറഞ്ഞുവന്നു. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ പറഞ്ഞു. അശ്വിന്റെ നമ്പര്‍ തരണം. അവന്‍ എറണാകുളത്തുണ്ടെന്നല്ലേ പറഞ്ഞത്?'

ഞാന്‍ തലയാട്ടി

'നാലുമാസമാകുന്നു ചെറുക്കന്‍ പോയിട്ട്. കാര്‍ ആക്‌സിഡന്റാരുന്നു. പഴേ തല്ലുകൊള്ളി; എന്നേലും വീരന്‍. പല്ലുപറി ഇഷ്ടായോണ്ട് ഡെന്റലാ പഠിച്ചെ. അവിടൊരു മള്‍ട്ടി സ്‌പെഷ്യാലിറ്റീല് ജോബും സെറ്റായി. എന്റെ ചില ഫാമിലി ഇഷ്യൂസ് വന്നപ്പോ ഒപ്പം നിന്നു. ഞാനും വൈഫും കുറച്ചായി ജുഡീഷ്യല്‍ സെപ്പറേഷനിലാണ്. അതൊന്ന് റീജോയിന്‍ ചെയ്യിക്കാന്‍ മെനക്കെടുന്നതിനിടയില്‍ പെട്ടെന്നൊരു ഡേ അവന്‍ പോയി. അവന്‍ ഒറ്റാന്തടിയാരുന്നു. ആ ട്രോമ താങ്ങാന്‍ പറ്റാത്തോണ്ടാണ് ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ പ്രിഫര്‍ ചെയ്തുപോന്നെ.'

ലൂക്കോസിനോട് എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ചെറുതായി വിറച്ചു.

'അങ്ങനെ ഡിപ്രഷന്‍ മൂത്തിരിക്കുമ്പോഴാണ് ഗീതൂ നിന്റെ നൊസ്റ്റാള്‍ജിക്ക് സ്റ്റോറി. അവനൊണ്ടായിരുന്ന എല്ലാം വിട്ട് ആ മെമ്മറീസില്‍നിന്നോടിയ എനിക്ക് കിട്ടിയ ഫീസ്റ്റ്; സൂപ്പര്‍ബ് അല്ലേ?!'

ഞാന്‍ എഴുന്നേറ്റു നിന്നു, ഒപ്പം ലൂക്കോസും.

'അടുത്ത മഴ സീസണിന് മുമ്പേ നാടുപിടിക്കാനാണ് പ്ലാന്‍. മമ്മീടെം പപ്പേടേം അടുത്തേക്ക് തിരിച്ചുപോകുകയാണ്. ഇവിടെ ചെറിയ ഫോര്‍മാലിറ്റീസ് ഉണ്ട് ബാക്കി. എന്നാലും നിന്റെ സ്റ്റോറി..!'

ലൂക്കോസ് എന്റെ കൈ പിടിച്ചു കുലുക്കി. കുഞ്ഞുവിന്റെ കവിളില്‍ നുള്ളി.  പെട്ടെന്ന് പുറത്തേക്കിറങ്ങി.

'എല്ലിയെ സെര്‍ച്ചിയിട്ട് കൊള്ളാവെങ്കില്‍ ഒന്ന് സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണേ.' സ്റ്റെപ്പിറങ്ങുന്നതിനിടയില്‍ അവന്‍ പറഞ്ഞു.

'അശ്വിന്റെ പീപ്പി ഞങ്ങള്‍ എടുത്തിട്ടില്ല. അന്ന് കട്ടുപോയ ഒരു പീപ്പിയും ഞങ്ങള്‍ എടുത്തിട്ടില്ലെന്ന് ലുട്ടാപ്പിക്ക് വേണ്ടിക്കൂടി ഞാന്‍ പറയുവാന്നേ. പിന്നെ നീ അവിടുന്ന് പോയി. അശ്വിന്‍ സ്‌കൂള്‍ മാറി. ഒന്നും പറയുവാനോ കണ്‍ക്ലൂഡ് ചെയ്യാനോ കഴിഞ്ഞില്ല. എനിവേ, എന്റെ നമ്പര്‍ പ്രവീണിന്റെ കയ്യില്‍ ഉണ്ട്.'

അവന്‍ വേഗം നടന്നു. 

ലൂക്കോയുടെ ആകാശത്തിലെ കാര്‍മേഘങ്ങള്‍ നീങ്ങിയിരുന്നു, എന്റെയും! വാതില്‍ ചാരിയശേഷം മുകിലിനൊപ്പം ഞാന്‍ അടുത്ത കഥയിലേക്ക് പറന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!