ഫെയറി

By Chilla Lit Space  |  First Published Oct 11, 2021, 8:26 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അശോക് കുമാര്‍ കെ എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ഫെയറീ എന്ന് വിളി കേട്ടാലുടന്‍, അവന്റെ കണ്ണുകള്‍ തിളങ്ങും. തന്റെ സൗന്ദര്യത്തില്‍ അവന്‍ അഭിമാനം കൊള്ളും.

അവനെ ആരും പൂച്ച എന്ന് വിളിക്കാറില്ല. ഫെയറി ഒരു സ്ത്രീലിംഗ നാമമായിട്ടായിരിക്കും കൂടുതല്‍ ശോഭിക്കുക.
പക്ഷേ, ഈ വീട്ടില്‍, അച്ഛനും അമ്മയ്ക്കും ഒരു പെണ്‍ തരിയില്ലാത്തതു കൊണ്ടാവാം , അവര്‍, അവനെ ഫെയറി എന്ന് വിളിച്ചു പോന്നു.

അവനെന്തു ഗമയാണെന്നോ അങ്ങനെ കേള്‍ക്കുവാന്‍.

പഞ്ഞിക്കെട്ടില്‍ കണ്ണും മൂക്കും മീശയും വച്ചവന്‍. നടുവില്‍ നിന്ന് , ഇരു പള്ളകളിലേക്കും മൂന്നു പൊന്‍ വരകള്‍ വീതം.
നെറ്റിയില്‍ ഒരു സ്വര്‍ണ്ണ നാണയം. വെള്ള വര നിറഞ്ഞ സ്വര്‍ണ്ണ വാല്‍. വാലിന്റെ തുമ്പത്തൊരു ചുവന്ന ചുട്ടി.

കണ്ടാല്‍, ഒരു പെണ്ണുടല്‍. പക്ഷേ, അവന്റെ ശബ്ദത്തിലുണ്ട്, ഒരാണിന്റെ ഗാംഭീര്യം.

സുഭദ്രനും, ഭാര്യ ചന്ദനയും അവനെ ഫെയറീ എന്നു വിളിച്ചു. ഫെയ്‌റിയെ കൂട്ടിലടയ് ക്കാറില്ല. വേണമെങ്കില്‍ഫെയറി എല്ലാവരെയും കൂട്ടിലടയ്ക്കും, സ്‌നേഹത്തിന്റെ കൂട്ടില്‍.

ഫെയറിയുടെ ചുണ്ടുകള്‍ നോക്കി സുഭദ്രന്‍ പറഞ്ഞു: ഫെയറിയുടെ ചുണ്ടുകള്‍ ചുവക്കുന്നതുപോലെയായിരുന്നു, നമ്മുടെ മോന്റെ ചുണ്ടുകളും ചുവക്കുന്നത്. പ്രത്യേകിച്ച് , ആഹാരം കഴിക്കുമ്പോള്‍ ..'

'അങ്ങനെയൊന്നുമില്ല. അവനിപ്പോള്‍ ഇവിടെയില്ലാത്തതുകൊണ്ട് നിങ്ങള്‍ക്ക് തോന്നുന്നതാണ്. അവനിപ്പോള്‍ വിദേശത്ത് ജോലി ചെയ്യുകയല്ലേ.  എപ്പോഴും അവനെയോര്‍ത്ത് ഓരോന്ന് പറയാതെ.' ചന്ദന സുഭദ്രനോട് ആശ്വാസ വാക്കായി പറഞ്ഞു.

പെട്ടെന്നായിരുന്നു ചന്ദനയുടെ മടിയിലേക്ക്, ഒരു കൊഞ്ചല്‍ ശബ്ദം മൂളി ഫെയറി ചാടിക്കയറിയത്.

ഇവന് എന്തെങ്കിലും വിഷമമുണ്ടാകുമ്പോഴും ഇവന്റെ ചുണ്ടുകള്‍ ചുവക്കാറുണ്ട്. ഫെയറിയുടെ ചെവികള്‍ തലോടിക്കൊണ്ട് ചന്ദന പറഞ്ഞു.

'നീ മനസ്സിലാക്കി കഴിഞ്ഞോ, സുരാജിനെ, ഞങ്ങളുടെ മകനെ. നീ വന്ന നാള്‍ മുതല്‍ ഞങ്ങള്‍ സുരാജിന്റെ ചിത്രം കാട്ടിത്തരുന്നതല്ലേ'

ചന്ദനയുടെ വാക്കുകള്‍ കേട്ട്, ആന്‍ഡ്രോയിഡ് ഫോണില്‍ നോക്കിയിരുന്നു ഫെയറി.

സാധാരണ പൂച്ചകളില്‍ കാണുന്ന ഗൂഢ നോട്ടമൊന്നും ഫെയറിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നില്ല. സ്‌നേഹവും, ആകാംക്ഷയും നിറഞ്ഞ കണ്ണുകളില്‍  സുരാജ് നിറഞ്ഞു.

പിറകിലേക്ക് വളര്‍ന്നിറങ്ങിയ മുടി കോതിയൊതുക്കി, മീശ വാലുകള്‍ കത്രിച്ച് സുന്ദരമാക്കി, ഭംഗിയുള്ള ചിരിയില്‍ തിളങ്ങി നിന്നു, സുരാജിന്റെ ചിത്രം.

ഫോണില്‍, സുരാജിനെ നോക്കി നോക്കിയിരുന്ന് അവന്റെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

'നീ, ഫെയറിയുടെ നഖങ്ങള്‍ വൃത്തിയാക്കി കൊടുക്കുന്നില്ലേ?'     സുഭദ്രന്‍ ചന്ദനയോട് പറഞ്ഞു. 

ഇപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞ് ചന്ദന നെയ്ല്‍ക്കട്ടറുമായി വന്നപ്പോഴേക്കും ഫെയറി വീടിന്റെ ഉള്ളിലേക്ക് ഓടിപ്പോയിരുന്നു.

'രാത്രിയായി വരുന്നില്ലേ; അവന് വിശക്കുന്നുണ്ടാകും. മോനുമിതുപോലായിരുന്നു കുട്ടിക്കാലത്ത്. നഖം വൃത്തിയാക്കാന്‍ വിളിക്കുമ്പോള്‍ ഓടുമായിരുന്നു.'

ചന്ദന പിന്നെയും പറഞ്ഞ് പറഞ്ഞ് സുരാജിലേക്ക് തന്നെ പോകുന്നു.

'നിങ്ങള്‍ ഓര്‍ക്കുന്നില്ലേ  സുരാജ്, വിദേശത്തേക്ക് പോകുന്നതിന്റെ തലേ ദിവസം നമ്മുടെ മുമ്പില്‍ നഖം വെട്ടുവാനായി വന്നത്? ഇരുപത്തിയഞ്ച് വയസ്സു കഴിഞ്ഞ ചെക്കന്‍, നിങ്ങളുടെ മടിയില്‍ തലവച്ച, എന്റെ മടിയില്‍ കാലുകളണിച്ച് നഖങ്ങള്‍ വെട്ടിവെടുപ്പാക്കാനായി ഉമ്മറയിറമ്പില്‍ കിടന്നത? ഞാന്‍ അവന്റെ നഖങ്ങള്‍ വെട്ടിക്കൊടുക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞു, 'ആദ്യ ലീവിനു വരുമ്പോള്‍ നിന്റെ കല്യാണം. പിന്നെ, നഖം വെട്ടുവാനൊന്നും ഞങ്ങളെ വിളിക്കില്ലല്ലോ?'-ചന്ദന പറഞ്ഞു. 

അന്നേരം സുരാജ് പറഞ്ഞതോര്‍മ്മയുണ്ടോ, 'അച്ഛാ , അച്ഛനെ കാണാതെ , എനിക്കവിടെ നില്‍ക്കാര്‍ കഴിയുമോ എന്നറിയില്ല. അച്ഛന്റെ കൂടെയാണിത്രയും കാലം ഞാന്‍ ഉറങ്ങിയത്. അച്ഛനെ കാണാതെ, അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങാതെ,
എനിക്കവിടെ നില്‍ക്കാനാകുമോ?' -അയാള്‍ നനഞ്ഞ സ്വരത്തില്‍ പറഞ്ഞു്

'നീ വലുതായി. നിനക്ക് നല്ല ജോലി കിട്ടി. നീ അച്ഛനെയും അമ്മയെയും വിട്ട് ജീവിക്കാന്‍ പ്രാപ്തനായി. നിന്റെ ജീവിതമാണ് ഞങ്ങളുടെ സന്തോഷം. നീ അവിടെ ചിരിക്കണം.  അപ്പോള്‍,ഞങ്ങള്‍ക്കിവിടെ ഉല്ലാസത്തോടെ ജീവിക്കാമെന്ന് അന്നേരം നിങ്ങള്‍ പറഞ്ഞു.'-ചന്ദന തുടര്‍ന്നു.  

''അന്നേരം സുരാജ് പറഞ്ഞത് നല്ല ഓര്‍മ്മയുണ്ട്.  ഈ തണുപ്പ് എനിക്ക് വല്ലാത്ത സമാധാനമാണ്. അച്ഛന്റെയും, അമ്മയുടെയും ഈ തലോടല്‍ എനിക്കവിടെ കിട്ടുമോ?'-ചന്ദന വീണ്ടും മകന്റെ ഓര്‍മ്മയിലേക്ക് വീണു. 

'മതി ഓര്‍ത്തതൊക്കെ, നാളെ വെള്ളിയാഴ്ചയല്ലേ, വീഡിയോയില്‍ കൂടുതല്‍ നേരം അവനോട് സംസാരിക്കാം. ഇപ്പോള്‍ നമുക്ക് ആഹാരം കഴിച്ചുറങ്ങാം'-സുഭദ്രന്‍ പറഞ്ഞു.

ഫെയറിയും മീന്‍ കറി കൂട്ടി കുശാലായി ഊണു കഴിച്ചു.

കിടക്കയില്‍, അവര്‍ വെളിച്ചം കെടുത്താതെ കിടന്നു. 

ചന്ദനയാണ് പറഞ്ഞത:  'സുരാജ് പോയട്ട് മൂന്നു വര്‍ഷമാകുന്നു. നാളെ മാര്‍ച്ച് മുപ്പത്തൊന്ന്. മൂന്നുവര്‍ഷം.
നിങ്ങള്‍ക്ക് പണ്ട് മദ്രാസില്‍ ജോലിയുണ്ടായിരുന്നപ്പോള്‍ മിക്കവാറും വീട്ടിലേക്ക് വരുന്നത് മാര്‍ച്ച് എന്‍ഡ് കഴിയുമ്പോഴായിരുന്നല്ലോ.'

ഞാനോര്‍ക്കുന്നു. മോന് ആറോ ഏഴോ വയസ് പ്രായം. നിങ്ങള്‍ വീട്ടില്‍ വരുന്ന കാര്യം നേരത്തേ അറിയിച്ചിരുന്നു; മോന് പ്രത്യേക സമ്മാനമുണ്ടാകുമെന്നും. ചെക്കന്‍ ഉറങ്ങാതെ കാത്തിരിക്കും.'-ചന്ദന പറഞ്ഞു. 

സര്‍പ്രൈസ് ഗിഫ്റ്റുമായി നിങ്ങള്‍ എത്തുമ്പോഴേക്കും അവന്‍ ഉറങ്ങും. 

ഭക്ഷണം കഴിച്ചതിനു ശേഷം പൊതിയഴിച്ചു നോക്കുവാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞു: അതു സര്‍പ്രൈസല്ലേ,
ഇന്ന്, ഉറങ്ങൂ.. രാവിലെ , അവനൊപ്പം നമുക്ക് തുറക്കാം എന്ന്. എന്നിട്ട് മോന്റെ നെറ്റിയില്‍ ഉമ്മവച്ച്, എന്റെ കരം പിടിച്ച് നിങ്ങള്‍ ഉറങ്ങും. ഞാനും നന്നായി ഉറങ്ങിയിരുന്നു. രാവിലെ നാമുണരുന്നതിന്  മുമ്പുതന്നെ അവന്‍ ഉണരും. സര്‍പ്രൈസ് ഗിഫ്റ്റലെ പാവകളെ കണ്ടു  തുള്ളിച്ചാടും. ''

ഓര്‍മകളുടെ പിടി അയച്ച്, ചന്ദന സുഭദ്രന്റെ കൈ ചേര്‍ത്തുപിടിച്ചു പറഞ്ഞു: 'വിളക്ക് കെടുത്ത് നമുക്കുറങ്ങാം' 

ഫെയറിയെ ഒന്നു നോക്കട്ടെ. അവന്‍ പതിവില്ലാതെ എന്തോ ബഹളം കാട്ടുന്നല്ലോ. സുഭദ്രന്‍ ഫെയറിയുടെ അടുത്തേക്ക് പോയി.

അവന്‍ അയാളിലേക്ക് ചാടിക്കയറി.  അവന്റെ ചുണ്ടുകള്‍ ചുവന്നിരുന്നു. അവനെയും എടുത്തുകൊണ്ടാണ് സുഭദ്രന്‍ കിടക്കയില്‍ തിരിച്ചെത്തിയത്.

'ഫെയറി വല്ലാതെ വെപ്രാളം കാട്ടുന്നു. അവന്‍ ഇന്നിവിടെ കിടക്കട്ടെ ! എന്തോ വല്ലായ്മ' 

ഫെയറിയെ താഴെ ഒരു കാര്‍ട്ടണ്‍ ബോക്‌സില്‍ കിടത്തിയിട്ട് സുഭദ്രന്‍ ഉറങ്ങാന്‍ കിടന്നു.

ചന്ദന ഉറങ്ങിക്കഴിഞ്ഞിരുന്നു. വിളക്ക് കെടുത്തി സുഭദ്രനും ഉറക്കത്തിലേക്ക് വഴുതി.

പിറ്റേന്നത്തെ പ്രഭാതം വലിയ ഒരു മഴയുമായാണ് എത്തിയത്. ഫെയറിയുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദന ഉണര്‍ന്നത്.
പക്ഷേ, സുഭദ്രന്‍ ഉണര്‍ന്നില്ല. വാവിട്ടു നിലവിളിച്ചു കൊണ്ട്, ചന്ദന നാലുപാടും ഓടി. ഓടി ഓടി ഒപ്പം നിന്ന് ഫെയ്‌റി.

സുരാജിന്റെ ഫോണിലേക്ക് ഒരു പാട് മെസേജുകള്‍ അയച്ചു.

വീഡിയോ, വാട്‌സാപ്പ്, മെസേജ്. 

ഒന്നിനും സുരാജിന്റെ മറുപടി വന്നില്ല. 

കുറേ കഴിഞ്ഞു ഒരു മെസേജു വന്നു.'ഇയര്‍ എന്‍ഡാണെല്ലോ. മാര്‍ച് 31. ഞാന്‍ തിരക്കിലാണ്. കാര്യങ്ങള്‍ നടക്കട്ടെ..
അങ്ങോട്ട് വിളിക്കാം'

ജനല്‍പ്പടികളില്‍പ്പിടിച്ചു കൊണ്ട് ചന്ദന പുറത്തേക്ക് നോക്കി നിന്നു. പ്രിയതമന്‍ ദഹിച്ച പുകച്ചുരുളുകള്‍ മേല്‍പ്പോട്ട് മേല്‍പ്പോട്ട് പോകുന്നത് അവള്‍ കണ്ടു. 

പുക, ചെറുതായൊന്നു മാഞ്ഞപ്പോള്‍ അവള്‍ കണ്ടു, ഫെയറി അടുത്തുള്ള മാഞ്ചുവട്ടിലിരുന്നു വിതുമ്പുന്നു. 

പെട്ടെന്നൊരു റിംഗ്‌ടോണ്‍. സുരാജിന്റെ ഫോണ്‍.

അവള്‍ അറിയാതെ ഉറക്കെ വിളിച്ചു. ഫെയറീ.

click me!