ഉഗു

By Chilla Lit Space  |  First Published Aug 3, 2021, 6:20 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അശോക് കുമാര്‍ കെ എഴുതിയ കഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ചക്ക വീണു മുയല്‍ ചത്തു എന്ന കഥ, മുയല് വീണു ചക്ക ചത്തു എന്ന് മാറ്റിപ്പറഞ്ഞ്  ഫലിപ്പിക്കാന്‍ ശേഷിയുള്ള നാവായിരുന്നു വീരാന്റത്.

വീരാന്‍ എന്നത് ശരിക്കും കുമാരേട്ടനാണ്. ഞങ്ങളേക്കാള്‍ വളരെ മൂപ്പുണ്ട് കുമാരേട്ടന്. വീരന്‍, വീരാന്‍  എന്നൊക്കെ പലരും  പലതും വിളിച്ചു പോന്നു കുമാരേട്ടനെ.

ഏതു കാര്യവും വീര സ്വഭാവത്തോടെ നേരിടാനുള്ള വീരാന്റെ മന:ശ്ശക്തി എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്.  

വള്ളക്കടവിന് അഭിമുഖമായാണ് വീരാന്റെ കട. കടത്തുവഞ്ചികളും മീന്‍ വലക്കാരും മുറയ്ക്ക് വന്നടുക്കുന്ന വള്ളക്കടവ്.
ചായയും പലഹാരവും പേനയും ബുക്കും മുറുക്കാനും ബീഡിയുമെല്ലാം കിട്ടുന്ന ഒരു കൊച്ചു കട.

കട, ട്രെയിന്റെ ഒരു ബോഗി പോലെയുണ്ട്. അടച്ചിട്ടാല്‍ നിര്‍ത്തിയിട്ട ഒരു ട്രെയിന്‍ ബോഗി. കട തുറന്നുവച്ചാല്‍ ഓടുന്ന ഒരു ട്രെയിന്റെ ബോഗി.

ബോഗിയുടെ ഒരു ജാലകപ്പലക നീക്കിയാല്‍ കാണാം, വീരാനെ.

നീട്ടി വളര്‍ത്തിയ മുടിയില്‍ കരിമുക്കി, വളര്‍ന്നിറങ്ങിയ മീശ രോമങ്ങള്‍ നിറയെ മുറുക്കാന്‍ പത പൂശി, ആടുന്ന വയ്പ് പല്ല്, നാവു കൊണ്ടൊന്നു താങ്ങി വീരാന്‍ ചോദിക്കും:

'മഹേഷേ, നിനക്ക് കഴിയ്ക്കാനെന്താണ് വേണ്ടത്?'

മഹേഷ് എന്റെ ആത്മ മിത്രം. ഞങ്ങള്‍ ഒരുമിച്ചാണ് മിക്കപ്പോഴും വീരാന്റെ കടയിലെത്തുന്നത്.

മഹേഷ് പറയും: 'എനിയ്‌ക്കൊരു വട, സന്തോഷിനൊരു ഉഗു.'

ഉഗു, വീരാന്റെ കടയില്‍ മാത്രം കിട്ടുന്ന ഒരു പലഹാരമായിരുന്നു. ഉഗു എന്ന് നാമകരണം ചെയ്ത് കുത്തകയായി മാറ്റപ്പെട്ട പലഹാരം.

ഉഗുവിന് വീരാന്റെ വക നിര്‍വചനവുമുണ്ട്.

'ഉണ്ണിയപ്പത്തിന്റെ (ഉ) രുചിയോടു കൂടിയതും, ഗുണ്ടിന്റെ (ഗു)രൂപത്തോടും കൂടിയ സ്വാദിഷ്ടമായ എണ്ണ പലഹാരം.'

പലഹാരം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ വാചക കസര്‍ത്തിന്റെ ഒരു മൈക്ക് തീര്‍ക്കും, വീരന്‍. കവികൂടിയായ വീരാന്‍ പാട്ടെഴുതി, തെരുവുകളില്‍ പാട്ടു പാടി, ബുക്ക് കച്ചവടം ചെയ്തിരുന്ന ആ പഴയ കാല ചരിത്രം ഉടന്‍ വിളമ്പും.

'തിരുവനന്തപുരത്ത് സംഭവിച്ച ഒരു കൊലപാതകം പാട്ടു പുസ്തമാക്കിയിരുന്നു ഞാന്‍. ചന്ദ്രികയെന്ന സ്ത്രീയെ ആരോ ഒരാള്‍ കൊന്നു. ഞാന്‍ അതിന്റെ ഉത്തരവാദിത്വം അവളുടെ ഭര്‍ത്താവില്‍ ചാര്‍ത്തി മനോഹരമായ ഒരു പാട്ടു പുസ്തകം ഉണ്ടാക്കി. പല തൊങ്ങലും ഭംഗിയും ചേര്‍ത്ത്, അവളുടെ നാട്ടില്‍ ഈണത്തില്‍  പാടി, ധാരാളം പുസ്തകങ്ങള്‍ വില്‍ക്കുകയും അതിനു ശേഷം അവിടം വിട്ടുപോരികയും ചെയ്തു. എന്നാല്‍, ആ കൊലപാതക കഥയ്ക്ക്
പെട്ടെന്നൊരു മാറ്റം വന്നിരുന്നു. ചന്ദ്രിക, മരിച്ചിരുന്നില്ല. ആരോ അവളെ തട്ടിക്കൊണ്ടുപോയതായിരുന്നു. തട്ടിക്കൊണ്ടുപോയ അവളെ കണ്ടെത്താനും കഴിഞ്ഞില്ല.. ഒന്നുമറിയാത്ത എന്നെ പോലീസ് പൊക്കി. ഭര്‍ത്താവ് ഉപേക്ഷിച്ച ചന്ദ്രിക, എന്റെ തലയിലായി..'

ഒരു പാത്രം നിറയെ, പുതു വെളിച്ചെണ്ണയില്‍ മൊരിഞ്ഞ ഉഗുവുമായി, കണ്ണാടി പെട്ടിയില്‍ നിറയ്ക്കുവാനായി ചന്ദ്രിക ചേച്ചി കടയ്ക്കുള്ളിലേക്ക് കയറി വന്നു.

ഞങ്ങള്‍ കടയില്‍ നിന്നിറങ്ങുമ്പോള്‍ വീരാന്റെ പാട്ട് ഉറക്കെ കേള്‍ക്കാമായിരുന്നു.
  
'പെരുന്തലമുക്കിലെ പെണ്ണേ
നിന്റെ ഉമ്മറപ്പടിയിലുണ്ടെന്റെ കണ്ണ് 
നിന്റെ കണ്ണേറു കിട്ടുവാന്‍
കാത്തു നില്‍ക്കുന്നു ഞാന്‍
എന്റെ കണ്ണേ..


രണ്ട്

ഞങ്ങള്‍ വീണ്ടും വീരാന്റെ കടയിലെത്തിയത് ഒരു ഞായറാഴ്ച വൈകിട്ടായിരുന്നു.

ഞങ്ങള്‍ വരുമ്പോള്‍, കടവില്‍ കെട്ടിയിരുന്ന ഒരു കൊച്ചു വള്ളത്തിന്റെ അമരത്ത്  കൈ മടക്കി തലയണച്ച്  കിടക്കുകയായിരുന്നു, വീരാന്‍.

ലഹരി കലക്കിയ കണ്ണുകള്‍ കൊണ്ട് ഞങ്ങളെ വഞ്ചിയിലേക്ക് ക്ഷണിച്ചു.

ചന്ദ്രിക ചേച്ചി ഞങ്ങള്‍ക്ക് ഉഗു കൊണ്ടുവന്നു തന്നപ്പോള്‍ വീരാന്‍ ഉറക്കെ പറഞ്ഞു.

'ഉഗു എനിക്കു കൂടി...'

ഉഗുവിനെ പിടിച്ചു കൊണ്ട് വീരാന്‍ ഒന്നുയര്‍ന്നിരുന്നു.

'കഥ വല്ലതും പറയാനുള്ള പുറപ്പാടാണോ'-എന്റെ ചെവിയില്‍ മഹേഷ് സംശയം പറഞ്ഞു.

അതു ശരിയായിരുന്നു, പെട്ടെന്ന് വീരാന്റെ മൈക്ക് ഓണായി.

' നിങ്ങള്‍ക്കറിയില്ലേ,  ഞാന്‍ മരുന്നു കച്ചവടം ചെയ്ത ഒരു കാലമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ ഒരു പാട് മുന്‍പുള്ള കഥയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മുമ്പില്‍, ഒരു ഡോക്ടറെ പോലെയായിരുന്നു ഞാന്‍ രോഗവിവരങ്ങളും മരുന്നു കാര്യങ്ങളും ഉറക്കെ വിശദീകരിച്ചു കൊണ്ടിരുന്നത്.  ഡോക്ടറന്മാരും രോഗികളും മറ്റുള്ളവരുമെല്ലാം എന്റെ മുന്നിലൂടെയായിരുന്നു മെഡിക്കല്‍ കോളജിന് അകത്തേക്കും പുറത്തേക്കും പൊയ്‌ക്കൊണ്ടിരുന്നത്. ഞാന്‍ നിരത്തിവച്ച മരുന്നുകള്‍ വെയിലു കൊണ്ട് രോഗികളേയും കാത്തിരുന്നു. ചിലപ്പോള്‍, ഞാന്‍, പാട്ടു പാടി ആളുകളെ ആകര്‍ഷിച്ചിരുന്നു...'

വീരാന്റെ വാചക കസര്‍ത്തിനിടയില്‍ കയറി ഞാന്‍ ചോദിച്ചു:

'അങ്ങനെയുള്ള പാട്ടിന്റെ ഏതെങ്കിലും വരികള്‍ ഇപ്പോള്‍ ഓര്‍മയുണ്ടോ?' 

പെട്ടെന്നായിരുന്നു, വീരാന്‍, സ്പീക്കര്‍ തുറന്നതുപോലെ ഉറക്കെ പാടിയത്.

'മരുന്നുകള്‍
മരുന്നുകള്‍
മാറാത്ത ദീനത്തിനു
മാത്രം മരുന്നുകള്‍ 
കുഞ്ഞു വരാനും മരുന്നുകള്‍
കുഞ്ഞു പോകുവാനും
മരുന്നുകള്‍

വരു, വരൂ ....
എല്ലാവരും വന്നീ 
സൗഭാഗ്യമറിഞ്ഞേ പോ.....'

വീരാന്റെ തൊണ്ട ഞരമ്പുകള്‍ നന്നായി വികസിക്കുന്നുണ്ടായിരുന്നു.

'ഈ പാട്ടൊക്കെ ഇപ്പോഴായിരുന്നെങ്കില്‍ വീരാന്‍ അകത്തായേനെ'-മഹേഷാണ് പറഞ്ഞത്.

എത്ര തവണ അകത്തു കിടന്നിട്ടുള്ളവനാണെന്ന ഭാവം കാട്ടി വീരാന്‍ കഥ തുടര്‍ന്നു. 

ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് എന്റെ അടുത്തു വന്നു. കുട്ടികളുണ്ടാകാത്തതാണ് കാര്യം. മറ്റു ചികിത്സകളൊന്നും കാര്യമായി തുടങ്ങിയട്ടുമില്ല. ഒരു വെളുത്ത ജോഡി. ഉല്‍പ്പലാക്ഷനും ഗുണവതിയും. ഗുണവതി തമിഴ് നാട്ടില്‍ നിന്നു വന്നു ചേര്‍ന്നതാണ്.

വിഷയം സവിസ്തരം ചര്‍ച്ച ചെയ്ത് ചികിത്സാ രീതികളും മരുന്നുകളും ഞാന്‍ നിര്‍ദ്ദേശിച്ചു.

'ഗുണവതീ വിഷമിക്കേണ്ട. നിങ്ങളുടെ ദുഃഖം ഭഗവാന്‍ കേട്ടുകഴിഞ്ഞതായി മനസ്സിലാക്കിക്കൊള്ളു.'

ഇതു ഞാന്‍ പറഞ്ഞപ്പോള്‍ ഗുണവതിയില്‍ പ്രതീക്ഷയുടെയും, ഉല്‍പ്പലാക്ഷനില്‍ ആശ്വാസത്തിന്റെയും പ്രകാശം തിളങ്ങുന്നത് ഞാന്‍ കണ്ടു.'

'ആരാ, വീരാനെ ഭഗവാന്‍?'-മഹേഷ് ചോദിച്ചു.

അതിന് പ്രത്യേകിച്ച് മറുപടി പറയാതെ വീരാന്‍ തുടര്‍ന്നു.

'ഗുണവതീ, ചികിത്സയ്ക്കുള്ള സൗകര്യം വീട്ടില്‍ തന്നെ നല്‍കണം. കഷായങ്ങളും മരുന്നു കൂട്ടുകളും അവിടെ വച്ചുണ്ടാക്കി ഉടനുടന്‍ നല്‍കേണ്ടതാണ്.'

'ഞങ്ങള്‍ക്ക് ചെറിയ സൗകര്യമാണ്. ഉള്ള സൗകര്യമെല്ലാം നല്‍കാം.'-ഉല്‍പ്പലക്ഷനാണ് പറഞ്ഞത്.

ശരിയായ ദിവസം ചികിത്സ ആരംഭിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ അവ പൂര്‍ത്തിയാക്കി ബാക്കി വന്ന കറുത്ത കഷായങ്ങളും ഏല്‍പ്പിച്ച്, ദക്ഷിണ വാങ്ങി ഞാന്‍ അടുത്ത സ്ഥലത്തേക്ക് പോയിരുന്നു'

പിന്നീട് കാര്യങ്ങളെല്ലാം അറിയുന്നത് അണ്ണാച്ചി വഴിയായിരുന്നു.'

'ഈ അണ്ണാച്ചിയാരാണ്?'

ഇടയ്ക്ക് കയറിമഹേഷ് ചോദിച്ചു.

അണ്ണാച്ചി തമിഴ് നാട്ടില്‍ നിന്നും അലൂമിനിയം പാത്രങ്ങള്‍ വാങ്ങി തലച്ച മടില്‍ കൊണ്ടു നടന്നു വില്ക്കുന്നയാളായിരുന്നു. അയാള്‍ ഉല്‍പലാക്ഷന്റെ വീട്ടിനടുത്തായിരുന്നു താമസം. അണ്ണാച്ചിയാണ്, ഗുണവതി ഗര്‍ഭിണിയാണെന്ന കാര്യം പറഞ്ഞത്.

അതിന്റെ ഒരു കള്ളുകുടി പാര്‍ട്ടി ഉല്‍പലാക്ഷന്‍ അണ്ണാച്ചിയുമായി നടത്തിയത്രേ. അണ്ണാച്ചി പിന്നീട് വന്നത് മാസങ്ങള്‍ കഴിഞ്ഞാണ് . അന്ന് അവന്‍ തലച്ചുമടിലെ പാത്രക്കെട്ടില്‍ നിന്നും ഒരു കൊച്ചു ഡപ്പ എന്നിക്കു തന്നു .അതില്‍ കുറച്ചു മിഠായികളായിരുന്നു. ഗുണവതി കൊടുത്തുവിട്ടത്'

അവള്‍ പെറ്റു, ഒരു കരുമാടികൂട്ടനെ. വെളുത്ത ദമ്പതികളുടെ കറുത്ത കുട്ടി. ഉല്‍പലാക്ഷന്റെയും ഗുണവതിയുടെയും പുത്രന്‍. ഉല്‍പലാക്ഷന്‍ പല ചോദ്യങ്ങളും പലയിടത്തു നിന്നും നേരിട്ടു. 

വെളുത്ത ദമ്പതികളുടെ കറുത്തകുട്ടി?

കറുത്തകക്ഷായം കുടിച്ചുണ്ടായതിനാലാണെന്ന് എല്ലായിടത്തും ഉല്‍പ്പലാക്ഷന്‍ ഉത്തരം നല്‍കി. എന്റെ കഷായത്തെ ഓര്‍ത്ത് ഞാന്‍ അഭിമാനിച്ചു.'

ഞങ്ങള്‍ക്കിടപെടാന്‍ പോലുമിടം തരാതെ വീരാന്റെ പ്രസംഗം ആവേശം കൊള്ളുന്നതു കണ്ടു.

സന്ധ്യ മയങ്ങി ക്കഴിഞ്ഞിരുന്നു. വീരാന്‍ അണിയത്തൊന്നു ചാഞ്ഞു.

ഞങ്ങള്‍ വള്ളത്തില്‍ നിന്നുമിറങ്ങുമ്പോള്‍ വീരാന്റെ കലങ്ങിയ കണ്ണുകളില്‍ ഉറക്കം തലോടുന്നുണ്ടായിരുന്നു.നിലാവുള്ള ആകാശത്തിന്റെ അമ്പിളി വീരാന്റെ കറു കറുത്ത മുഖത്ത് പ്രകാശം ചൊരിയുന്നുണ്ടായിരുന്നു....

 

മൂന്ന്

നാലഞ്ചു വര്‍ഷങ്ങള്‍ കൂടി വലിയ മാറ്റങ്ങളൊന്നും കൂടാതെ കടന്നുപോയി.

വീരാന്റെ കടയില്‍ ചില വിഭവങ്ങള്‍ അധികമായെങ്കിലും ഉഗു കൂടുതല്‍ രുചിയും ഭംഗിയും വച്ചു വളര്‍ന്നുകൊണ്ടിരുന്നു. ഞങ്ങളുടെ സന്ദര്‍ശനത്തിനു് വലിയ മുടക്കമൊന്നുമുണ്ടായിട്ടില്ല. പതിവ് പോലെ കടയിലെത്തിയപ്പോള്‍ കിണറ്റുകരയില്‍ വീരാനും കൊച്ചണ്ണാച്ചിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. സ്ഥിരമായി വന്നു കൊണ്ടിരുന്ന ബുധനാഴ്ച അണ്ണാച്ചിയുടെ മകനാണ് കൊച്ചണ്ണാച്ചി. 

മഹേഷാണ് പെട്ടെന്ന് ശ്രദ്ധിച്ചു പറഞ്ഞത്:

'ദേ സന്തോഷ്, വീരാനെ നോക്കിയേ, കരയുന്നുണ്ട്.'

അണ്ണാച്ചി കൊണ്ടുവരുന്ന പാത്രക്കെട്ടില്‍ ഒളുപ്പിച്ചു വച്ചിരുന്ന ചാരായ കുപ്പി കാലിയാക്കിയട്ടുണ്ടാകും. പക്ഷേ, കഴിച്ചാല്‍ ഒരിക്കലും വീരാന്‍ കരയാറില്ല. വാചക കസര്‍ത്ത് കൊണ്ട് ചുറ്റും ഇളക്കുകയാണ് പതിവ്. അതിനു വിപരീതമായി ഇപ്പോള്‍ മാത്രം വീരാന്റെ കണ്ണൂ നിറയുന്നതു കണ്ടു.

ഞാന്‍ മഹേഷിനോട് പറഞ്ഞു: 'എന്തോ പന്തികേടുണ്ട്. വീരാനാകെ വിഷണ്ണനാണ്.'

കരയാത്ത വീരാന്‍ ചുവന്ന കണ്ണൂകളുമായി ഞങ്ങളുടെ അടുത്തെത്തി. മഹേഷിന്റെ തോളിലാണ് ഒന്നു താങ്ങിയത്. 
വീരാന്‍ പറഞ്ഞു: 'എന്റെ മോന്‍ മരിച്ചു. പെരുന്തലമുക്കിലെ ആ പൊന്നു മോന്‍. പേവിഷബാധയാണ്.'

ചിരി മാഞ്ഞ് കാണാത്ത, വീരാന്റെ മീശ രോമങ്ങള്‍ വെളുത്ത് വിളറി പിടിച്ചതുപോലെ കാണപ്പെട്ടു.

മുഴു നീളന്‍ കുപ്പായത്തിന്റെ ബട്ടനുകള്‍ അയാള്‍ വലിച്ചു പൊട്ടിക്കുന്നുണ്ടായിരുന്നു.

വീരാന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു:

'അവന്‍ എന്റെ പാട്ടുകള്‍ പാടുമായിരുന്നു. ഒരിക്കല്‍ ഞാനെഴുതി കൊടുത്ത പാട്ട് പാടി ഒന്നാം സ്ഥാനം നേടിയിരുന്നു. അണ്ണാച്ചിയാണ് പറഞ്ഞത്.'

'നീ ചിരിക്കുമ്പോളതെന്റെ
ചുണ്ടുകള്‍...
നീയെഴുതുമ്പോളതന്റെ
വിരലുകള്‍
നീ ചുറ്റിലും നോക്കുവാന്‍
മലരുകള്‍ പൂക്കുന്ന
കണ്ണുകള്‍.'

ആ മനോഹര ഗാനമാണ് അവന്‍ പാടിയത്...'

ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല വീരാനെ ഇങ്ങനെ ഒരിക്കലും ഞങ്ങള്‍ കണ്ടില്ല.

ഉഗുനിറഞ്ഞ കണ്ണാടി പെട്ടിയില്‍ മുഖമമര്‍ത്തി വീരാന്‍ വിങ്ങുന്നുണ്ടായിരുന്നു.

നാല്

പിറ്റേന്നത്തെ പ്രഭാതം വല്ലാതെ മൂടിക്കെട്ടിയിരുന്നു.

കടവിലടുത്ത വഞ്ചിയില്‍ നിന്നും ഞാനിറങ്ങി. വീരാന്റെ കട ഞാനൊന്നു ശ്രദ്ധിച്ചു.

കടയുടെ ഒരു പലകപ്പാളി മാത്രമേ തുറന്നിരുന്നുള്ളു.

അവിടെ ചോക്കുകൊണ്ടെഴുതിയ ഒരു ബോര്‍ഡ് തൂക്കിയിരുന്നു.

'ഇനി ഇവിടെ ഉഗു ഉണ്ടായിരിക്കുന്നതല്ല.'
'

 

click me!