Malayalam Short Story : വാന്‍ഗോഗ് കാരണവര്‍, ആഷ എസ് എസ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Aug 6, 2022, 3:20 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ആഷ എസ് എസ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

'നിന്നോളം അഴകുള്ള ഒരു പെണ്ണും ഇതുവരെ എന്റെ ക്യാന്‍വാസില്‍ പതിഞ്ഞിട്ടില്ല'

പോക്കുവെയിലേറ്റ് തിളങ്ങുന്ന അവളുടെ മഞ്ഞക്കല്‍ മൂക്കുത്തിയില്‍ അലസമായി വിരലോടിച്ച് അയാള്‍ പറഞ്ഞു. 

അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. 

'ചേതന്‍.. നിന്റെ ചായക്കൂട്ടുകള്‍ ജന്മം നല്‍കുന്ന ഓരോ പെണ്ണും അഴകുള്ളവരാണ്.'

ചേതന്‍ അവളെ തന്നെ നോക്കി നിന്നു. ചിത്രമെഴുത്തില്‍ അഗാധ പാണ്ഡിത്യമുള്ള ഒരു ചിത്രകാരിയെ പോലെ അവള്‍ ഓരോ ചിത്രവും എടുത്തെടുത്ത് പരിശോധിച്ചു. ഓരോ ചിത്രം കാണുമ്പോഴും പുരികം ചുളിച്ചും ചുണ്ടുകള്‍ കോട്ടിയും അവള്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടിരുന്നു. 

'ചേതന്‍... നീ കല്‍ബെലിയ നര്‍ത്തകിമാരെ കണ്ടിട്ടില്ലേ? കാച്ചെണ്ണയുടെ നിറവും ഒട്ടകത്തിന്റെ മണവുമുള്ള പെണ്ണുങ്ങളെ.. ചുവന്ന പഴങ്ങള്‍ ചതച്ച് നീരാക്കി ചുണ്ട് ചുവപ്പിക്കുന്നവരെ?  

അന്തി മയങ്ങുമ്പോള്‍ അവര്‍ ജയ്സാല്‍മീറിലെ മണല്‍പ്പരപ്പുകളില്‍  പുംഗിയുടെയും ധോലക്കിന്റെയും താളത്തില്‍ തല കീഴായി തൂക്കിയ പാമ്പുകള്‍ പുളയും പോലെ നൃത്തം ചെയ്യും.. അതൊരു ചേലാണ്...'

'എന്തെ ഈ ചിത്രം പോരാന്നു തോന്നുന്നുണ്ടോ?'

ചേതന്‍ ഒരല്‍പ്പം നീരസത്തോടെ ചോദിച്ചു.

അവള്‍ ആ കല്‍ബെലിയ നര്‍ത്തകിയുടെ ചിത്രം ചേതന് അഭിമുഖമായി അവളുടെ മാറിന് കുറുകെ പിടിച്ചു. 

'നീ ഇവരുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ ചേതന്‍? അതിത്രയും തുടുത്തത് അല്ല. തവിട്ട് പുള്ളികളും വരകളും വീണിരിക്കും. അസഹനീയമായ  വെയിലേറ്റ് പൊള്ളലുകള്‍ വീണിരിക്കും.അവരുടെ നഖങ്ങള്‍ക്ക് ഇത്രയും വൃത്തിയില്ല. അഴുക്കും ചെളിയും നിറഞ്ഞിരിക്കും.'

അവള്‍ പറഞ്ഞത് ശരിയാണ്.ഞാന്‍ ഇതുവരെയും കറുത്ത് ഇരുണ്ട ഒരു പെണ്ണിനേയും വരച്ചിട്ടില്ല. ഒട്ടകച്ചൂരുള്ള പെണ്ണുങ്ങളെയെല്ലാം അറപ്പോടെ മാത്രമേ നോക്കിയിട്ടുള്ളൂ. അവള്‍ പറഞ്ഞ പോലെ മുഖത്തെ തവിട്ട് കലകളും നഖങ്ങള്‍ക്ക് ഇടയിലെ അഴുക്കും ചളിയുമെല്ലാം കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.

ജെയ്സാല്‍മീരിലെ കരിഞ്ഞു വാടിയ പെണ്ണുങ്ങള്‍ എന്റെ ക്യാന്‍വാസില്‍ ചോരയും നീരുമുള്ള വെളുത്ത് തുടുത്ത സുന്ദരികളായി. അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. 

'മണികര്‍ണിക.. നീ വിപ്ലവകാരി ആണോ?'

ആദ്യമായാണ് അയാള്‍ അവളെ പേരെടുത്ത് വിളിക്കുന്നത്. അതിന്റെ ഭാവഭേദമൊന്നും ഇല്ലാതെ അവള്‍ പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തില്‍ ദൃഷ്ടിയുറപ്പിച്ച് കൊണ്ട് പുഞ്ചിരിച്ചു. 

'ഏത് പെണ്ണാണ് ചേതന്‍ വിപ്ലവകാരി അല്ലാത്തത്?  ഗര്‍ഭാശയ ഭിത്തി പൊട്ടിയൊലിക്കുന്ന ആ ചുവന്ന ദിനങ്ങളില്‍ അവള്‍ ഒരു വിപ്ലവകാരിയാണ്. ഒരു തണലും ആവശ്യമില്ലാതെ  ഇഷ്ടമുള്ളിടത്തെല്ലാം ചിറകു വിടര്‍ത്തി പറക്കുമ്പോള്‍ അവളൊരു വിപ്ലവകാരിയാണ്.'

ഒറ്റയ്ക്ക് ഒരു യാത്ര പോകുമ്പോള്‍, ഒറ്റയ്ക്ക്  ഒരു കാട് കയറുമ്പോള്‍, കൂട്ടില്ലാത്തവര്‍ക്ക് ഒരു കൂട്ടാകുമ്പോള്‍,
കേള്‍ക്കാനാരുമില്ലാത്തവര്‍ക്ക്  കേള്‍വിക്കാരിയാകുമ്പോള്‍..  അങ്ങനെ അങ്ങനെ എന്തെല്ലാം.അതൊക്കെയല്ലേ  അവളിലെ ഏറ്റവും വലിയ വിപ്ലവം.'


പേരിലെ കൗതുകം അവളുടെ സംസാരത്തിലും കണ്ടപ്പോള്‍ അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി നിന്നു. 

'അതല്ല ചേതന്‍.. ഞാന്‍ കുറച്ച് നാള്‍ മുമ്പ് വരെ ഞാനും ഒരു വിപ്ലവകാരി ആയിരുന്നു.' 

'വിധവയായവള്‍ ദുര്‍നടപ്പുകാരിയാണെന്ന് പറഞ്ഞവര്‍ക്കൊക്കെ മറുപടി കൊടുത്തപ്പോള്‍'

'മുമ്പൊരിക്കലും കാണാത്ത ഒരു പുരുഷന്റെ ബീജത്തെ ഗര്‍ഭത്തില്‍ പേറിയപ്പോള്‍...'

മുപ്പതു ദിവസം മുലയൂട്ടിയതിന്റെ കൂലി എണ്ണിത്തിട്ടപ്പെടുത്തി വാങ്ങിയപ്പോള്‍. 

പേറ്റു നോവിനെക്കാള്‍ വേദനയോടെ ആ കുഞ്ഞിനെ ഇനി ഒരിക്കലും കാണില്ലെന്ന ഉറപ്പോടെ ഉപേക്ഷിച്ചകന്നപ്പോള്‍... '

അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. 

'അതേയ്.. സാറേ,നിങ്ങള്‍ എന്റെ  ചിത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  മൂന്നു മണിക്കൂര്‍ ഇവിടെ ഒറ്റക്കാലില്‍ നിന്നതിന് എന്റെ കൂലി കിട്ടീല..'

'നിന്റെ കൂലി പറയൂ'

'നിങ്ങളുടെ ഒരു കാരണവര്‍ ഇല്ലേ. വാന്‍ഗോഗ്. പുള്ളിക്കാരന്‍ ചെയ്തപോലെ ചെവി മുറിച്ചെടുത്ത് തന്നാല്‍ മതി'

എന്തോ വല്യ തമാശ പറഞ്ഞ പോലെ അവള്‍  നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. 

'ഞാനും വാന്‍ഗോഗ് ആയാലോന്ന് ആലോചിക്കുവാണ്.'

'വേണ്ട സാറേ.. ആ കാരണവര്‍ ഒരു വിഷാദ രോഗി ആയിരുന്നു. നീറി   നീറി മരിച്ചതാണ്...'

'വാന്‍ഗോഗിന്റെ പ്രണയമായിരുന്ന കോര്‍ണലിയോ എന്ന  വിധവയെ കുറിച്ച് നീ കേട്ടിട്ടില്ലേ'

ചേതന്‍ പുഞ്ചിരിച്ചു. 

അവള്‍ വീണ്ടും ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. 
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

click me!