ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആഷാ റോസ് ഷൈജു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഞാന്‍ ഒരാണ്‍കുട്ടിയായി ജനിച്ചപ്പോള്‍ എന്റെ അമ്മക്ക് വലിയ സന്തോഷമായി എന്ന് കേട്ടിട്ടുണ്ട്. ആ തറവാട്ടില്‍ മൊത്തം പെണ്‍കുട്ടികളായിരുന്നത്രെ ജനിച്ചത്. അതിനാല്‍ ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയ പോലെ തുണിയുടുപ്പിക്കാതെ എന്നെ അമ്മ കൊണ്ടുനടന്നിരുന്നുവത്രെ.
എനിക്ക് മൂത്തതും, ഇളയതും ആയി പെണ്‍കുട്ടികള്‍ ജനിച്ചു. അത് കൊണ്ടു തന്നെ തറവാട്ടിലെ ആണ്‍കുട്ടി എന്ന പേരിലാണ് ഞാന്‍ വളര്‍ന്നത്.
സത്യം പറയട്ടെ ആദ്യത്തെ കുറച്ചു നാളുകള്‍ മാത്രമേ ഈ ആനുകൂല്യം എനിക്ക് ലഭിച്ചുള്ളൂ. അതിന് ശേഷം വീട്ടിലെ ഗ്യാസ് കുറ്റി, വെള്ളത്തിന്റെ വലിയ ബോട്ടില്‍, അരി ചാക്ക് തുടങ്ങി ഭാരമുള്ളതെന്തും ചുമക്കുന്ന ചുമട്ടു തൊഴിലാളിയും, വിരുന്നുകാര്‍ വരുമ്പോള്‍ ഓടി പോയി കടയില്‍ നിന്നു സാധനങ്ങള്‍ കള്ളക്കടത്തു പോലെ പിന്‍വാതിലിലൂടെ നിമിഷ നേരം കൊണ്ടു അടുക്കളയിലെത്തിക്കുന്ന ആളായും, അച്ഛന് പോകാനിഷ്ടമില്ലാത്ത അല്ലെങ്കില്‍ സാധിക്കാത്ത കല്യാണങ്ങള്‍ക്ക് പകരക്കാരനായും എന്നെ അവര്‍ ഉപയോഗിച്ച് തുടങ്ങി.
എന്റെ പിറന്നാളൊക്കെ കാര്യമായി ആഘോഷിക്കുമെങ്കിലും എന്റെ സഹോദരിമാര്‍ക്ക് വയസ്സറിയിച്ചു, പതിനെട്ടു വയസ്സായി എന്നൊക്കെ പറഞ്ഞു അമ്മ മിച്ചം പിടിക്കുന്ന അരിപ്പെട്ടിയിലെ പൈസ സ്വര്‍ണ്ണ മാലയായു, വളയായും എത്താന്‍ തുടങ്ങി. എന്നാല്‍ എനിക്ക് അത്തരം ഒരു അനുകൂല്യവും ലഭിച്ചില്ല.
എല്ലാ വീട്ടിലും വറുത്ത മീന്‍ ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അമ്മ ഒരു തികഞ്ഞ 'ഫെമിനിസ്റ്റ്' ആയതുകൊണ്ട് അത്തരം ഒരു വേര്‍തിരിവും ഉണ്ടായിട്ടില്ല. സഹോദരിമാര്‍ വീട്ടിലെ ജോലിയില്‍ അമ്മയെ സഹായിക്കുമ്പോള്‍ അച്ഛനെ പൂന്തോട്ടം, കൃഷിത്തോട്ടം എന്നീ വേലകളില്‍ ഞാനും സഹായിക്കേണ്ടിയിരുന്നു. സഹോദരിമാര്‍ അവരുടെ മാസമാസം ഉള്ള വേദനയില്‍ കിടക്കുമ്പോള്‍ അവരുടെ ഭാഗം ജോലി കൂടി എന്റെ തലയിലായി.
പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമല്ലായിരുന്നുവെങ്കിലും രണ്ടു കെട്ടിക്കാറായ പെങ്ങന്മാര്‍ എന്ന പല്ലവിയില്‍ ഞാന്‍ വേഗം പഠിച്ചു ജോലി നേടി. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അമ്മയെ കെട്ടിപിടിച്ചു ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ 'ആണ്‍പിള്ളേര്‍ കരയേ' എന്ന ഒറ്റ ചോദ്യത്തില്‍ അമ്മ എന്നെ നിശ്ശബ്ദനാക്കുമായിരുന്നു. അവര്‍ക്കും വികാരങ്ങളും, വിക്ഷോഭങ്ങളും ഉണ്ടെന്ന് എന്താ ഇവര്‍ മനസിലാക്കാത്തത്?
അച്ഛന്‍ സമ്പാദിച്ചതും, കടം വാങ്ങിയതും ഒക്കെയായി പെങ്ങന്മാരെ കുറെ സ്വര്‍ണ്ണവും പൈസയും ഒക്കെ നല്‍കി വിവാഹം കഴിപ്പിച്ചു. എന്റെ കൊച്ചു കൊച്ചു സമ്പാദ്യവും അതിലേക്കു ഞാന്‍ ഉദാരമായി സംഭാവന ചെയ്തു. അതെല്ലാം കഴിഞ്ഞ ഉടനെ അച്ഛന്‍ എല്ലാ ജോലികളില്‍ നിന്നും പെട്ടെന്ന് പെന്‍ഷന്‍ എടുത്തു. ഇനി അച്ഛനെ കൊണ്ടു വയ്യ, അച്ഛന്‍ വാങ്ങിച്ച കടമെല്ലാം നീ വീട്ടണം എന്നായി.
രാവും, പകലും ഞാന്‍ കഷ്ടപ്പെട്ടു അതെല്ലാം ഒന്ന് തീര്‍ത്തു വരുമ്പോള്‍ പെങ്ങന്മാര്‍ ഓരോരുത്തരായി പ്രസവിക്കാന്‍ വന്നു തുടങ്ങി. അവരുടെ ആണ്‍വീട്ടുകാരെ സന്തോഷിപ്പിക്കാനും പെണ്മക്കള്‍ക്ക് അവിടെ വില കിട്ടാനും വേണ്ടി അച്ഛനും അമ്മയും പിന്നെയും കടങ്ങള്‍ വാങ്ങി കൂട്ടി വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും അവര്‍ക്കു കൊടുത്തയച്ചു. അതിന്റെ കടം തീര്‍ക്കാന്‍ ജോലിയോടൊപ്പം ഞാന്‍ സ്ഥലത്തിന്റെ ബ്രോക്കറായും മാറി. എന്നാലും വീട്ടില്‍ ചെന്നു കയറുമ്പോള്‍ അമ്മ പിന്നെയും പെങ്ങന്മാരുടെ ആവശ്യങ്ങളുമായി എത്തും. അവളുടെ വീട് പണി തുടങ്ങി നമ്മള്‍ എന്തെങ്കിലും കൊടുക്കണ്ടേ, മറ്റവള്‍ക്ക് കാറു വാങ്ങണം നമ്മള്‍ എന്തെങ്കിലും കൊടുക്കണം. ഇങ്ങിനെ ആവശ്യങ്ങള്‍ക്ക് അതിരില്ലാതെയായി.
അതിനിടെ അമ്മയും പെങ്ങന്മാരും ചേര്‍ന്നു എന്റെ കല്യാണക്കാര്യം നോക്കാന്‍ തുടങ്ങി. അമ്മക്ക് ഇനി അടുക്കളയിലൊന്നും ജോലി ചെയ്യാന്‍ വയ്യ എന്നതാണ് അതിന് കാരണമായി പറഞ്ഞത്. അവിടെയും എന്റെ കാര്യമല്ല അവര്‍ പരിഗണിച്ചത്. സ്ത്രീധനം എന്ന ഏര്‍പ്പാടിനോട് എനിക്ക് മനസ്സുകൊണ്ട് എതിര്‍പ്പായിരുന്നു. എന്നാല്‍ പെങ്ങന്മാര്‍ക്ക് കൊടുത്തതെല്ലാം ഞാന്‍ വഴി തിരിച്ചു പിടിക്കണം എന്നായിരുന്നു അമ്മയുടെയും പെങ്ങന്മാരുടെയും വാദം. എന്നാലും ഒരു പെണ്ണിനെ പോറ്റാന്‍ എനിക്ക് കഴിവുണ്ടെന്നും അതിനാല്‍ ഒരു പൈസ പോലും സ്ത്രീധനം വേണ്ടെന്നും ഞാന്‍ വാശി പിടിച്ചു. 'പെങ്കോന്തന്‍' എന്ന വിളി അന്ന് തുടങ്ങിയതാണ്.
അവള്‍ വീട്ടില്‍ വന്നത് മുതല്‍ 'വെറും കയ്യോടെ' വന്നത് മുതല്‍ ഞാന്‍ വീട്ടില്‍ ഒരു ശത്രുവായി. അമ്മയെയും, അച്ഛനെയും, പെങ്ങന്മാരെയും നന്നായി നോക്കിയിട്ടും സ്‌നേഹിച്ചിട്ടും അവള്‍ അവര്‍ക്കു ബദ്ധശത്രുവായി മാറി. അമ്മക്ക് അവള്‍ വന്നത് മുതല്‍ എന്നും കാലുവേദനയും നടുവേദനയും തുടങ്ങി. ഒന്നുമില്ലാതെ കയറിവന്നവളെ കൊണ്ടു പണിയെടുപ്പിച്ചു അവര്‍ മുതലാക്കുകയായിരുന്നു. അതിനിടയിലും അവള്‍ തയ്യലും, അത്യാവശ്യം ബ്യൂട്ടീഷ്യന്‍ പണിയും ഒക്കെ ചെയ്തു വീട്ടാവശ്യത്തിനുള്ള പൈസ ഒപ്പിച്ചിരുന്നു. എന്റെ ശമ്പളവും കമ്മിഷനും മൊത്തം അച്ഛന്റെയും അമ്മയുടെയും കടങ്ങളും, ലോണുകളും അടക്കാന്‍ എടുത്തു കൊണ്ടിരുന്നു.
എന്നാല്‍ എല്ലാം അടച്ചു തീരാറായപ്പോള്‍ സ്വത്തു ഭാഗിക്കുന്നതിന്റെ വിഷയം പെങ്ങന്മാര്‍ എടുത്തിട്ടു. ലോണെല്ലാം അടച്ചു തീര്‍ന്ന സ്ഥിതിക്ക് സ്വത്തു തുല്യമായി ഭാഗം വെക്കണമെന്ന് പെങ്ങന്മാര്‍ തീരുമാനിച്ചു. എന്റെ ജീവിത സമ്പാദ്യം മുഴുവന്‍ അവരുടെ ലോണുകളും കടങ്ങളും തീര്‍ക്കാനാണ് എടുത്തത്. അവരുടെ സ്വര്‍ണ്ണവും, കല്യാണം, പ്രസവം, വീടുപണി ഇവക്കെല്ലാം കൊടുത്ത പൈസക്ക് ഒരു കണക്കുമില്ല. അതൊക്കെ സമ്മാനങ്ങള്‍ ആണത്രേ. അതുപോലും ഇല്ലാതെ വന്നവള്‍ക്ക് സ്വത്തുക്കള്‍ എല്ലാം കൊടുക്കാന്‍ ആരും തയ്യാറല്ലത്രേ.
അവള്‍ അല്ലല്ലോ എന്നെയല്ലേ അവര്‍ പരിഗണിക്കേണ്ടത്. ഞാനല്ലേ അവരുടെ മകന്‍. ഇന്നുവരെ ഒന്നിനും കണക്കു പറയാത്ത എന്നെ ഇന്ന് സമ്പത്തിന്റെ തുലാസില്‍ നിര്‍ത്തിയിരിക്കുകയാണ്.
പെണ്ണിന് സ്ഥാനം കൊടുക്കുന്നില്ല, പരിഗണന ഇല്ല എന്ന് പറയുന്നവരേ, എന്റെ കഥയൊന്നു കേള്‍ക്കു. ആണ്‍കുട്ടി ആണ്‍കുട്ടി എന്ന് പറയുന്നതല്ലാതെ ഞാന്‍ അവരുടെ മകനാണെന്നു ഒരിക്കലും അവര്‍ പരിഗണിച്ചില്ല. ആ വീടിനു വേണ്ടി മാത്രം ജീവിച്ച ഞാന്‍ കല്യാണം കഴിഞ്ഞത് മുതല്‍ അമ്മക്ക് ശത്രുവായി. അമ്മയ്ക്കും ഭാര്യക്കും ഇടയില്‍ ഒരു റഫറിയുടെ റോളായിരുന്നു എനിക്ക്. അമ്മയെ സ്‌നേഹിച്ചാല്‍ ഭാര്യയും, ഭാര്യയെ സ്‌നേഹിച്ചാല്‍ അമ്മയും പെങ്ങന്മാരും പിണങ്ങുന്നത് പതിവായിരുന്നു. ഞാന്‍ പെങ്ങന്മാര്‍ക്ക് എന്നും ശത്രുപക്ഷത്തായിരുന്നു. എന്റെ പ്രതിഷേധങ്ങള്‍ എല്ലാം പെങ്ങന്മാരുടെ കരച്ചിലിന് മുന്നില്‍ ഒഴുകി പോയി.
ജീവിതം മുഴുവന്‍ നരകിച്ചു തീര്‍ക്കാനായിരുന്നു എന്റെ വിധി. എന്റെ ചെറിയ ചെറിയ തെറ്റുകള്‍ പോലും ഭാര്യയുടെ തലയിണ മന്ത്രം കൊണ്ടാണെന്നു അവര്‍ പറഞ്ഞുറപ്പിച്ചു. അപ്പോഴും പെങ്ങന്മാരുടെ മക്കളുടെ പഠിത്തത്തിനും കല്യാണവശ്യങ്ങള്‍ക്കായും പിന്നെയും എന്നെ പിഴിഞ്ഞെടുത്തു കൊണ്ടിരുന്നു. അതിനനുസരിച്ചു ഭാര്യയും മക്കളും എന്നെ പഴിച്ചു കൊണ്ടേയിരുന്നു. ഇവിടെ നിന്നു നട്ടെല്ലില്ലാത്തവനായും അവിടെ നിന്നു പെങ്കോന്തനായും എന്നെ ചിത്രീകരിച്ചു.
ഈയിടക്ക് ഞാനൊരു പുസ്തകം വായിച്ചു. ഓട്ടോ ബയോഗ്രാഫി ഓഫ് എ യോഗി. മോട്ടിവേഷന്‍ തുളുമ്പുന്ന ആ പുസ്തകം വായിച്ചു മടക്കിയപ്പോള്‍ ഞാന്‍ ചിരിച്ച് കൊണ്ടു പറഞ്ഞു 'ഇതൊക്കെ എന്ത് എന്റെ യോഗി കല്യാണം കഴിച്ച ഒരു സാധാരണക്കാരന്‍ ആണിന്റെ ജീവചരിത്രം വായിക്കൂ അപ്പോള്‍ അറിയാം ആരാണ് കേമന്‍ എന്ന്'. ആ പുസ്തകം മടക്കി വെച്ചു ഞാന്‍ എഴുതി തുടങ്ങി. ഓട്ടോ ബയോഗ്രാഫി ഓഫ് എ കോമണ്‍ മാന്‍.