ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അര്‍ജുന്‍ രവീന്ദ്രന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒരാഴ്ച മുന്‍പാണ് മഠത്തില്‍ അച്യുതന്‍ എന്ന എന്റെ അച്ഛന്‍ വീടുവിട്ട് പോയത്. കുന്നിന്‍ മതിലകത്ത് തൊഴുത് വന്ന് മുറ്റത്തുള്ള പൈപ്പിന്‍ ചുവട്ടില്‍ കാലുകഴുകിയ ശേഷം അകത്ത് കയറി നേരെ മുറിയിലേയ്ക്ക് പോയി. വാതില്‍ തുറന്ന് പുറത്തുവന്നയാളെ കണ്ട് ഞാനും അമ്മയും അന്തിച്ചു പരസ്പരം നോക്കി. മുട്ടോളമെത്തുന്ന കാഷായവസ്ത്രവും കാവിമുണ്ടും രുദ്രാക്ഷമാലയും തലേക്കെട്ടുമായി ഒരു മനുഷ്യന്‍. ഇന്നത്തെ ദിവസത്തിനെന്ന പോലെ വളര്‍ത്തിവച്ച വെളുത്ത താടിരോമങ്ങള്‍. പൂജാമുറിയ്ക്ക് നേരെ തിരിഞ്ഞ് ഒരു ചുവന്ന കുറി നെറ്റിയില്‍ കുറുങ്ങനെ വരച്ച് വിജയീഭാവത്തില്‍ ഞങ്ങളെ നോക്കി. തലയൊന്നാട്ടി മറുപടിക്ക് കാത്ത് നില്‍ക്കാതെ ആ അറുപത്തിയഞ്ചുകാരന്‍ ഇറങ്ങിനടന്നു.
മഠത്തിലെ അച്ചുവേട്ടന്‍ സന്യാസത്തിന് പോയി എന്ന വാര്‍ത്ത നാടെങ്ങും പരന്നു. ബന്ധുക്കളെയും നാട്ടുകാരെയും തട്ടി വീട്ടില്‍ നടക്കാന്‍ സ്ഥലമില്ലാതെയായി. അവസാനം എല്ലാവരേയും മുറ്റത്ത് നിര്‍ത്തി ഞാന്‍ അറിയിച്ചു.
''അച്ഛന്‍ ഒരു തീര്‍ത്ഥാടനത്തിന് പോയിരിക്കുകയാണ്. പെട്ടെന്ന് തന്നെ തിരിച്ചു വരും'' പറഞ്ഞത് വിശ്വാസത്തിലെടുത്തില്ലെങ്കിലും എന്റെ നിര്‍ബന്ധം കാരണം എല്ലാവരും മടങ്ങി. ചെവിക്ക് ചുറ്റും വെറുതെ മൂളിപ്പറക്കുന്ന കൊതുകിനെ പോലെ പലരും അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
''ഈ ചെക്കന്‍ കാരണമാണ് അയാള്‍ നാടുവിട്ട് പോയത്'' അയല്‍വാസിയും അച്ഛന്റെ നവസുഹൃത്തുമായ ദാമുവേട്ടന്റെ ശബ്ദം മാത്രം ഞാന്‍ വ്യക്തമായി കേട്ടു. റോട്ടില്‍ വീണ് കിടന്ന കരിയിലപ്പുതപ്പ് ചവിട്ടിമെതിച്ച് കൊണ്ട് നാട്ടുപട വഴിയിറങ്ങിപ്പോയി.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ അച്ഛനുമായി ചെറിയ വാക്കേറ്റം ഉണ്ടായിരുന്നു. അച്ഛന്റെ മുന്‍കോപം കൂടി വരുന്നതിനെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. 'എല്ലാവരോടും എന്തിനാണിങ്ങനെ ഒച്ചയിടുന്നത്' എന്ന എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട അച്ഛന്‍ പൊട്ടിത്തെറിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
''ഞാനില്ലെങ്കില്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടുവല്ലോ അല്ലേ'' അത്രയും പറഞ്ഞ് ഒന്നും മിണ്ടാതെ ഭക്ഷണം മുഴുവന്‍ കഴിച്ച് തീര്‍ത്ത് അച്ഛന്‍ മുറിയിലേയ്ക്ക് പോയി. പിന്നീട് അമ്മയോടും വാക്കുരിയാടിയില്ല.
''അച്ഛന്‍ ഒന്നും മിണ്ടുന്നില്ല, നീ ഒന്നുപോയി മിണ്ട്'' അന്ന് രാവിലെ അച്ഛന്‍ അമ്പലത്തിലേയ്ക്ക് പോയ ഉടനെ അമ്മ എന്റെ അടുത്ത് വന്നു പറഞ്ഞിരുന്നു.
''അച്ഛന് വാശിയാണ്, വേറെയൊന്നുവല്ല. എന്നോട് വാശി കാണിച്ചാല്‍ ഞാനും കാണിക്കും'' ഞാന്‍ അറുത്ത് മുറിച്ച് പറഞ്ഞു.
ഈയിടെയായി അച്ഛന് ദേഷ്യം വന്നാല്‍ കണ്ണ് കാണില്ല. കണ്ണുകള്‍ ചുവന്ന് കണ്ണുനീര് വന്ന് നിറയും. പേശി ഞരമ്പുകള്‍ വലിഞ്ഞുമുറുകി ഒരു വെളിച്ചപ്പാടിനെ പോലെ അച്ഛന്‍ ഉറഞ്ഞാടും. ഞങ്ങളോട് മാത്രമല്ല, വന്നവരോടും പോയവരോടും ഒക്കെ ചൂടാവും. ഇത് വലിയൊരു മാനസിക സമ്മര്‍ദത്തിലേയ്ക്ക് എന്നെ നയിച്ച് തുടങ്ങിയത് കൊണ്ടാണ് അച്ഛനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചത്. പക്ഷെ സംയമനത്തോടെ സംസാരിക്കുന്നതിന് പകരം ഞാനും ചൂടാവുകയാണ് ചെയ്തത്. മറ്റ് പലരേയും പോലെ ശാപവാക്കുകള്‍ പറഞ്ഞുതുടങ്ങിയത് ഒരു നൊമ്പരത്തോടെ അച്ഛന്‍ കേട്ട് നില്‍പ്പുണ്ടായിരുന്നു. സാധാരണയായി ഞാനുമായുണ്ടാവുന്ന കലപിലയ്ക്കൊടുവില്‍ അമ്മയോട് ഒച്ചയിട്ടാണ് അച്ഛന്‍ സമാധാനം കണ്ടെത്താറുള്ളത്. എന്നെ പറ്റി നാല് കുറ്റം പറഞ്ഞ ശേഷം അച്ഛന്‍ റിലാക്‌സ് ചെയ്യാറാണ് പതിവ്. ഞങ്ങളിരുവരും തമ്മിലുള്ള ബഹളം വീട്ടകത്തെ ഒരു ചവിട്ടുനാടക വേദിയാക്കിയതിനാല്‍ ഒടുവില്‍ അമ്മയും ആ സത്യം വെളിപ്പെടുത്തി - ''നിങ്ങളും ഒട്ടും മോശമല്ല''
''എന്നെ ആരും മനസ്സിലാക്കുന്നില്ല'' വെള്ളിനേഴിയിലെ അമ്മാമനുമായി ഫോണ്‍ ചെയ്ത് അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു.
അച്ഛന്‍ ഇറങ്ങിപ്പോയ വഴിയേ കുറച്ച് നേരം നോക്കി നിന്നു. എന്തുചെയ്യണമെന്ന് ഒരു തുമ്പും കിട്ടിയില്ല. അച്ഛന്റെ മൊബൈല്‍ ഫോണ്‍ അതുപോലെ മേശമേല്‍ കിടപ്പുണ്ടായിരുന്നു. അതിന് താഴെയായി പോസ്റ്റല്‍ കാര്‍ഡില്‍ എഴുതിവച്ച രണ്ട് വരികള്‍ ഞാന്‍ വായിച്ചു.
''ഞാന്‍ പോവുകയാണ്, എന്നെ തിരയാന്‍ വരരുത്''
കത്തുകളെഴുതുന്നത് അച്ഛന് വലിയ ഇഷ്ടമാണ്. ബോംബെയില്‍ ആയിരുന്നപ്പോഴും അച്ഛന്‍ കത്തുകളെഴുതാറുണ്ട്, ഞാന്‍ മറുപടി ഒന്നും കൊടുക്കാറില്ലെങ്കില്‍ കൂടിയും. അഞ്ചുവര്‍ഷം മുന്‍പ് ബോംബെ ജീവിതം മതിയാക്കി തിരിച്ചു വന്ന ശേഷവും ചെന്നൈയിലായിരുന്ന എനിക്ക് കത്തുകളെഴുതി. അച്ഛന് ഇത്തരം ചെറിയ ചെറിയ ഇഷ്ടങ്ങളുണ്ട്. ഒരുമിച്ച് യാത്രകള്‍ പോകുന്നത് അച്ഛന് ഇഷ്ടമാണ്. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്, ഒരുമിച്ച് സിനിമ കാണുന്നത.
പലപ്പോഴും, കത്തുകള്‍ക്ക് മറുപടി കൊടുക്കാന്‍, മുഖത്ത് നോക്കി ഒന്ന് നിറഞ്ഞു ചിരിക്കാന്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ ഒക്കെ തോന്നാറുണ്ട്. പക്ഷേ, വെറുതെ ചില വാശികള്‍, ഭൂതകാലത്തെ കയ്‌പ്പേറിയ കുറിയ അക്ഷരങ്ങള്‍ ഭൂതക്കണ്ണാടി വച്ച് നോക്കിക്കണ്ടെത്തുന്ന ചില വാശികള്‍.
അച്ഛനുമായി ഒരു പ്രധാന വാശിയുണ്ടായിരുന്നത്, താത്പര്യമില്ലാതെ എഞ്ചിനീയറിങിന് ചേരാന്‍ നിര്‍ബന്ധിച്ചു എന്നുള്ളതാണ്. ഒന്നിനെ കുറിച്ചും ഒരു ബോധ്യവുമില്ലാതെ ഇടം വലം നോക്കി നടന്ന എന്നെ ഏതെങ്കിലുമൊരു തൊഴുത്തില്‍ കെട്ടാന്‍ അച്ഛന്‍ ശ്രമിച്ചു എന്നതാണ് വാസ്തവം. അതുകൊണ്ട് ഒരു ദോഷവും എനിക്കുണ്ടായതുമില്ല, തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ഒരവസരവും കിട്ടി. എക്‌സാം കഴിഞ്ഞ ആദ്യനാളുകളില്‍ ജേണലിസത്തിന് ചേരാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ആവോളം നിര്‍ബന്ധിച്ചതാണ്. പ്ലസ് ടു കഴിഞ്ഞ സമാധാനത്തില്‍ ഉച്ചയാവോളം ഉറങ്ങി എന്നല്ലാതെ ഞാനും ഒന്നിനോടും കാര്യമാത്രമായ താത്പര്യം കാണിച്ചതുമില്ല. വെറുതെ ഒരു മറ തീര്‍ത്തുകൊണ്ട് അച്ഛനോടും അമ്മയോടും ഞാന്‍ വാശിപ്പുറത്ത് മുഖം വീര്‍പ്പിച്ചിരുന്നു. എന്റെ പരാജയങ്ങളുടെ കാരണം എന്റെ മടി മാത്രമാണെന്ന് മനസിലാക്കാന്‍ ഞാനേറെ വൈകി.
പതിയെ പതിയെ വയസ്സ് കൂടുന്തോറും അകന്നകന്ന് ഓരോ ധ്രുവങ്ങളായി മാറി. പരസ്പരം ചിരിക്കാത്ത, തമാശകള്‍ പറയാത്ത ഒരു വീട്ടിലെ അന്തേവാസികള്‍. താന്‍ തിരിച്ച് വന്ന ശേഷമാണ് ഇങ്ങനെ എന്ന് അച്ഛന്‍ ആരോടോ പറയുന്നത് കേട്ടു. അച്ഛന് വല്ലാത്ത ഒറ്റപ്പെടല്‍ തോന്നിത്തുടങ്ങിയിരുന്നു. നാട് അച്ഛന് പുതിയതായി തോന്നി, മകനും നാട്ടുകാരും എല്ലാം പുതിയ ആള്‍ക്കാരായി തോന്നി. വല്ലപ്പോഴും വീട്ടില്‍ വരുമ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങളില്ല, ഫോണ്‍ വിളിക്കുമ്പോഴുള്ള ആഹ്ലാദ ആശ്ലേഷങ്ങള്‍ ഇല്ല. അത്രയും വര്‍ഷത്തെ ഒറ്റപ്പെടലിന് ശേഷം തിരികെ ജീവിതം ആഘോഷിക്കാന്‍ എത്തിയ മനുഷ്യന് അതിലേറെ ഒറ്റപ്പെടല്‍ തോന്നിക്കാണും. ഞാന്‍ ഇത് മനസ്സിലാക്കി തുടങ്ങിയിട്ട് ഒരു മാസത്തോളമായെങ്കിലും തുറന്ന് സംസാരിക്കാന്‍ പറ്റിയില്ല. സ്‌നേഹം ഒരു കുപ്പിയില്‍ ഇട്ട് ആഴക്കടലില്‍ പൂഴ്ത്തിവച്ചിട്ട് കാര്യമില്ല. ചെറുതെങ്കിലും പരന്നൊഴുകാന്‍ അതിനെ അനുവദിക്കണമായിരുന്നു.
ജീവിതം ആഘോഷമാക്കാന്‍ ആഗ്രഹിച്ച മനുഷ്യന്‍ ജീവിതം വിട്ട് എങ്ങോട്ടും പോകില്ല എന്നെനിക്കറിയാമായിരുന്നു. എങ്കിലും ഉള്ളില്‍ ഒരു ഭയം. ബോംബെയില്‍ നിന്ന് നാട്ടില്‍ വന്ന ശേഷം ഒരു ആത്മീയ ലൈനിലാണ് ജീവിതം. അമ്പലത്തില്‍ പോകാത്ത ഒറ്റ ദിവസം പോലുമില്ല. ഏതൊക്കെയോ സ്വാമിമാരുടെ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ അന്തിയാവോളം വായിച്ചിരിക്കും.
'കവിയുടെ കാല്‍പാടുകള്‍'' എല്ലാ ദിവസവും വായിക്കുന്നത് കാണാം. ആത്മീയ ഗ്രന്ഥങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ കൂടുതലും വായിക്കാറ് മഹാകവിയുടെ പുസ്തകങ്ങളാണ്. അത് പണ്ടേ പതിവുള്ളതുമാണ്.
യൂട്യൂബില്‍ മണിക്കൂറുകളോളം ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കുക ഒരു പുതിയ പതിവായിരുന്നു. ഞാന്‍ ഒളികണ്ണിട്ട് നോക്കുമ്പോള്‍ പതുക്കെ പുറംതിരിഞ്ഞിരിക്കും. ഒട്ടി നില്‍ക്കാനാഗ്രഹിക്കുന്ന ഉപരിതലങ്ങളില്‍ നിന്നൊറ്റപ്പെടുമ്പോഴുള്ള ഒളിച്ചോട്ടങ്ങളാണ് പല പുതു ഇഷ്ടങ്ങളും എന്നെനിക്ക് തോന്നി.
അച്ഛന്റെ തിരോധാന ദിവസം ഞാന്‍ ആരോടും ഒന്നും മിണ്ടാതെ കുറെ നേരം പറമ്പത്തൂടെ അങ്ങുമിങ്ങും നടന്നു. ജനാലക്കമ്പികള്‍ക്കപ്പുറം അമ്മ കരഞ്ഞിരിപ്പുണ്ടായിരുന്നു. വാശിയൂട്ടിയുറപ്പിച്ച് അന്തിയാവോളം ഞാന്‍ വെറുതെ നടന്നു. ഇന്നലെ വൈകുന്നേരം അച്ഛന്‍ പെറുക്കിവച്ച മാങ്ങകള്‍ വെള്ള നിറത്തിലുള്ള പെയിന്റ് ബക്കറ്റില്‍ ചായ്പ്പിനോട് ചേര്‍ന്നിരിപ്പുണ്ടായിരുന്നു. പല കാറ്റും തൊട്ടുതലോടിപ്പോയി. ഒരു മനുഷ്യന്റെ സാന്നിധ്യം എവിടെയൊക്കെ ഏതൊക്കെ രൂപത്തിലാണുണ്ടാവുക എന്ന് ഞാനോര്‍ത്തു. വല്ലാത്തൊരു വിഷമം ഒരു കുറുങ്കാറ്റിന്റെ രൂപത്തില്‍ എന്നെ പിടിച്ചുലച്ചു. ഉടനെ വെള്ളിനേഴിയിലെ അമ്മാമനെ ഡയല്‍ ചെയ്തു.
''അവിടെ വന്നിട്ട്‌ണ്ടോ''
''വൈന്നേരം വരെ ഇണ്ടായിരുന്നു. ഇപ്പോ എങ്ങോട്ടോ ഇറങ്ങിപ്പോയി, എന്നോടൊന്നും പറഞ്ഞില്ല, അയാളെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നൂല്യ''
അടുത്ത ദിവസം രാവിലെ തന്നെ ഞാനും ഉണ്ണിയും ഒറ്റപ്പാലത്തേയ്ക്ക് വിട്ടു. അവിടെ അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന രവിയേട്ടനുണ്ട്. വെള്ളിനേഴിയിലെ അമ്മാമന്റെ വീട്ടില്‍ നിന്നും ഇറങ്ങി നേരെ അങ്ങോട്ട് പോന്നിരിക്കാം എന്ന് ഞാന്‍ ഊഹിച്ചു. ഞങ്ങളെത്തിയ ഉടനെ രവിയേട്ടന്‍ വാതില്‍ തുറന്നു. ഏറെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയ ഒരു പഴയ സുഹൃത്തിനെയെന്ന പോല്‍ എന്നെ സ്വീകരിച്ചിരുത്തി. അച്ഛന്‍ അവിടെ പോയിട്ടില്ല എന്ന് ഏതാണ്ട് എനിക്കുറപ്പായി.
''അച്യുതന്‍ ഇപ്പൊ കുറെ നാളായി വിളിക്കാറേയില്ല''
മറുപടി കേട്ട് നിരാശരായ ഞങ്ങള്‍ വെള്ളിനേഴിയിലേയ്ക്ക് തിരിച്ചു. നേരിട്ട് സംസാരിക്കുമ്പോള്‍ അമ്മാമന് മറ്റെന്തെങ്കിലും സൂചന തരാനാവുമെന്ന് കരുതി. ഒറ്റപ്പാലത്ത് നിന്ന് വടക്കോട്ട് വിട്ടു. അനങ്ങന്‍മലയുടെ താഴ്വാരത്തിലൂടെ കോതകുറിശ്ശിയും തൃക്കടീരിയും പിന്നിട്ട് ഞങ്ങള്‍ വെള്ളിനേഴിയ്ക്കടുത്തു. അനങ്ങന്‍മലയിലെ കൂറ്റന്‍ കരിമ്പാറക്കെട്ടുകള്‍ക്ക് മീതെ കാര്‍മേഘം കനത്ത് നില്‍പ്പുണ്ടായിരുന്നു. മൂടിക്കെട്ടിയ വാനത്തിന് കീഴെ നെടുങ്ങനാടന്‍ പറമ്പുകളിലെ മാവും തൊടിയും കാറ്റത്ത് ഇളകിയാടിക്കൊണ്ടിരുന്നു. മാങ്ങോട് നിന്നും വളഞ്ഞും പുളഞ്ഞും ഞങ്ങള്‍ വെള്ളിനേഴിയെത്തി. കലാഗ്രാമത്തിന് തൊട്ടടുത്താണ് അമ്മാമന്റെ വീട്. പച്ച തെഴുത്ത് പടര്‍ന്നുകയറിയ വലിയ പറമ്പ്. ഓടിട്ട രണ്ട് നില വീട്ടില്‍ ഏകാന്തജീവിതം നയിക്കുന്ന ആ മധ്യവയസ്‌കന്‍ ഞങ്ങളെ കണ്ടയുടനെ പൊടിപിടിച്ച പടിക്കെട്ടിലേയ്ക്ക് ഇറങ്ങി നിന്ന് അപരിചിത ഭാവത്തില്‍ ചുഴിഞ്ഞ് നോക്കി.
'ഇങ്ങനൊക്കെയേ ഈ വഴി വരുകയുള്ളൂ, അല്ലേ?''
പുച്ഛം കലര്‍ന്ന ചിരിയോടെ അമ്മാമന്‍ പറഞ്ഞു.
''സീരിയസായ ഒരു കാര്യത്തിന് വന്നപ്പോ അമ്മാമന്‍ ഇങ്ങനെ കോമഡി പറയരുത്.''
''എന്ത് സീരിയസ് ആയ കാര്യം. അയാള്‍ അല്പം മനഃസമാധാനത്തിന് വേണ്ടി എവിടെയെങ്കിലും പോയതായിരിയ്ക്കും. നീ വിഷമിക്കാതിരിക്ക്''
''എവിടേയ്ക്കാ പോയത് എന്ന് വല്ലോം പറഞ്ഞോ''
''ഇന്നലെ വൈന്നേരം രണ്ട് പെഗ്ഗും കഴിച്ച് പാട്ടൊക്കെ പാടിയാ പോയത്, സന്യസിക്കാന്‍ പോണൂ ന്ന് പറഞ്ഞു. ഞാന്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല'' അമ്മാമന്‍ നിസ്സംഗഭാവത്തിലുള്ള ആ പതിവുചിരി ചിരിച്ചു.
''സന്യസിക്കാന്‍ പോയ ആളെന്തിന് പെഗ്ഗ് കഴിക്കണം'' തൊടിയില്‍ ഉയര്‍ന്നുവളഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ മുകളിലേയ്ക്ക് ഞാന്‍ വെറുതെ നോക്കി. മേടപ്പെയ്ത്തിനായൊരുങ്ങി നിന്ന മാമ്പഴങ്ങള്‍ക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നി.
''നമ്മള്‍ ഇങ്ങനെ അന്വേഷിട്ട് കാര്യമില്ല ദാസേട്ടാ. നിങ്ങടെ അമ്മാമന്‍ ഒന്നും വിട്ടുപറയുന്നുമില്ല. പോലീസില്‍ പറയാം, അവര്‍ അന്വേഷിച്ച് കണ്ടുപിടിയ്ക്കും. അല്ലെങ്കില്‍ കുറച്ച് ദിവസം വെയ്റ്റ് ചെയ്യ്, വല്യച്ഛന്‍ ഒറ്റയ്ക്ക് തന്നെ തിരിച്ച് വന്നോളും'' ഉണ്ണി പറഞ്ഞു. ഞങ്ങള്‍ നിരാശരായി അവിടുന്ന് മടങ്ങി.
നെടുങ്ങനാടിനെയും പഴയ വള്ളുവനാടിനേയും രണ്ടായി പിരിച്ചുകൊണ്ടൊഴുകുന്ന തൂതപ്പുഴ എന്തോ പറയാന്‍ കാത്ത് നില്‍ക്കുന്ന പോലെ തോന്നി. അച്ഛന്റെ കൂടെ തൂതപ്പൂരം കാണാന്‍ വന്ന ദിവസം ഓര്‍മയിലെത്തി. വിരിഞ്ഞ് നിവര്‍ന്ന പട്ടുകുടകളും ആലവട്ടങ്ങളും തലയ്ക്ക് ചുറ്റും പെരുത്തുനില്‍ക്കുന്നത് പോലെ തോന്നി. ആനക്കൂറ്റന്മാരുടെ അലര്‍ച്ചകളും പാണ്ടിമേളപ്പെരുമ്പറയും കാതുകളില്‍ വന്നലച്ചു.
പെരിന്തല്‍മണ്ണ ടൗണിലെ കനത്ത ചൂടിലും ആകാശം മൂടിത്തന്നെ നിന്നിരുന്നു. അങ്ങാടിപ്പുറത്ത് നിന്ന് പടിക്കെട്ടുകള്‍ താണ്ടി തിരുമാന്ധാംകുന്നിലെത്തി. കാവിലമ്മയെ തൊഴുത് നടയ്ക്ക് താഴെ വയല്‍ക്കരയില്‍ പോയിരുന്നു. ആല്‍ത്തറയിലെ കാറ്റേറ്റ് കുന്നുകള്‍ക്കപ്പുറം താഴാന്‍ തുടങ്ങുന്ന സൂര്യനെ നോക്കി ഇരുളുവോളമിരുന്നു.
ഒരു മാസത്തിലേറെയായി മാല ഇട്ടിരിക്കുകയാണ് ഞാനും ഉണ്ണിയും. മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ശബരിമലയ്ക്ക് പോകേണ്ടത്. തിരിച്ച് വീട്ടിലെത്തിയ ഉടനെ കുളിച്ച് വിളക്ക് കണ്ടു.
''വീട് വിട്ട് പോയ ആളെ തേടാതെ ശബരിമലയ്ക്ക് പോവ്വേ'' അമ്മ അന്നാദ്യമായി ദൈവദോഷം പറഞ്ഞു.
''അച്ഛന്‍ ചിലപ്പോ ശബരിമലയിലോ ഗുരുവായൂരോ ഉണ്ടാവും. ഞാനൊന്ന് തപ്പിനോക്കട്ടെ'' അച്ഛന്‍ തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.
''അച്ഛന്‍ ഒരു ട്രിപ്പ് പോയതാണെന്ന് വിചാരിച്ചാല്‍ മതി. ഒക്കെ ഞാന്‍ കാരണം ആണ്, അമ്മ ഇതാലോചിച്ച് വെഷമിക്കണ്ട.''
''അതെ, നീ തന്നെയാണ് കാരണം. വയസ്സാവയര്‍ ചെറുപ്പാവാന്‍ കൊതിക്കുമ്പോ ചെറുപ്പക്കാര്‍ വയസ്സന്മാരാവുന്നു. നീ ഒന്ന് ചിരിക്കാറ് പോലുവില്ലല്ലോ അച്ഛനോട്''
''സ്വാമിയെ നീ എന്ന് വിളിക്കരുത് അമ്മേ'' ഞാന്‍ പമ്മി പുറത്തേയ്ക്കിറങ്ങി. ചെറിയ രീതിയില്‍ പാപഭാരം തോന്നിയെങ്കിലും സ്വതന്ത്രമായി ഇങ്ങനെ യാത്ര ചെയ്യുന്ന അച്ഛനെയോര്‍ത്ത് അസൂയപ്പെട്ടു.
ശബരിമലയ്ക്ക് പോകുന്ന ദിവസം ഒരു കത്ത് എന്റെ കയ്യില്‍ കിട്ടി. ലക്കിടി പോസ്റ്റ് ഓഫീസ് പരിധിയില്‍ നിന്നും വന്നതാണതെന്ന് ഞാന്‍ മനസിലാക്കി. തുറന്ന് വായിച്ച ശേഷം അമ്മ കാണാതെ ഭാണ്ഡക്കെട്ടിലൊളിപ്പിച്ചു. മലയ്ക്ക് പോകുന്ന വഴി നീളെ മറ്റന്നാള്‍ തിരുവില്വാമല എത്തുന്നതിനെ കുറിച്ചായിരുന്നു ചിന്ത.
ശബരിമലയില്‍ തൊഴുത് ഒരുപാട് നേരം പ്രാര്‍ത്ഥിച്ചു. അച്ഛന്റെ കത്ത് കിട്ടിയതില്‍ പിന്നെ മനസ്സില്‍ നിന്ന് ഒരു ഭാരമിറക്കി വച്ച പോലെ തോന്നിയിരുന്നു. അയ്യപ്പനോട് നന്ദി പറഞ്ഞു. പതിവിലും വിപരീതമായി അഞ്ചാറ് തവണ നടയ്ക്കല്‍ ചെന്ന് തൊഴാന്‍ പറ്റി. പലവിധ അഭിഷേകങ്ങള്‍ കണ്ട് മനസ് നിറഞ്ഞു. പതിനെട്ട് മലകള്‍ക്കകത്ത് നിന്ന് സുവര്‍ണ ശ്രീകോവില്‍ നോക്കി തൊഴുത് ഗാനഗന്ധര്‍വന്റെ സ്വരത്തില്‍ ഹരിവരാസനവും സുപ്രഭാതവും ആസ്വദിച്ചു. അന്ന് വൈകീട്ടോടെ ഗുരുവായൂരെത്തി. ചന്തകളിലെ തിളക്കം, കുപ്പിവളകള്‍, കരിവളകള്‍, മയില്‍പ്പീലി, ചമയങ്ങള്‍, മഞ്ചാടിമണികള്‍, കുന്നിമണി, കൃഷ്ണവിഗ്രഹങ്ങള്‍ ഇങ്ങനെ ഗുരുവായൂരിന് സ്വന്തമായ കുഞ്ഞുകുഞ്ഞ് വസ്തുക്കള്‍ കണ്ട് കണ്‍കുളുര്‍ത്ത് തലങ്ങും വിലങ്ങും നടന്നു. രാത്രി ശീവേലിയും കൃഷ്ണനാട്ടവും കണ്ടു.
ഗുരുവായൂരപ്പനെ തൊഴുത് റൂമില്‍ വന്ന് കിടന്നപ്പോള്‍ എന്റെ മൊബൈലിലേയ്ക്ക് ഒരു കോള്‍ വന്നു. അപരിചിതമായ നമ്പര്‍ ആണെങ്കിലും ശങ്കയില്ലാതെ ഫോണ്‍ എടുത്തു. ആകാംക്ഷയോടെ 'ഹലോ' എന്ന് പറഞ്ഞപ്പോള്‍ പരിചിതമായ ഒരു മൂളല്‍ അല്ലാതെ വേറെയൊന്നും കേട്ടില്ല.
''അച്ഛന്റെ ഇപ്പഴത്തെ വിലാസം തന്നിരുന്നെങ്കില്‍ ഒരു കത്ത് തിരിച്ചയക്കായിരുന്നു'' ശബ്ദം കേട്ടയുടനെ എനിക്ക് മറ്റൊന്നും പറയാന്‍ തോന്നിയില്ല. അങ്ങനെ പറയാന്‍ എന്തുകൊണ്ട് തോന്നി എന്നെനിക്കറിയില്ല. നാളെ വീണ്ടും കണ്ടുമുട്ടാന്‍ പോകുന്ന ഒരു മനുഷ്യനോട് എന്തിന് അങ്ങനെ പറയണം എന്നുമറിയില്ല.
ഞാന്‍ പറഞ്ഞ് മുഴുമിപ്പിച്ച ഉടനെ തന്നെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. തിരിച്ച് ആ നമ്പറിലേയ്ക്ക് വിളിക്കാന്‍ നോക്കിയെങ്കിലും കോള്‍ എടുത്തില്ല. അന്ന് രാത്രി വാകച്ചാര്‍ത്ത് സമയം വരെ ഉറങ്ങാതെ ബാല്‍ക്കണിയില്‍ നിന്നു. പുതുവസ്ത്രങ്ങളിഞ്ഞ് നിരനിരയായി അമ്പലത്തിലേയ്ക്ക് പോകുന്ന കുറെ മനുഷ്യരെ വെറുതെ നോക്കി നിന്നു.
പുലര്‍കാലേ ലീലാമ്മയുടെ സുന്ദരമായ ശബ്ദത്തില്‍ ഗുരുവായൂരപ്പനെ പാടിയുണര്‍ത്തുന്ന സുപ്രഭാതവും തുടര്‍ന്ന് ജ്ഞാനപ്പാനയും കാതുകളിലേക്കെത്തി. ഗുരുവായൂരിലെ പുലര്‍കാലങ്ങള്‍ക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. പുലര്‍ന്ന് തെളിഞ്ഞു വരുമ്പോള്‍ മമ്മിയൂര് നടയില്‍ നിന്ന് തൊഴുത് ഞങ്ങള്‍ ബസ്റ്റാന്റിലേയ്ക്ക് നടന്നു. ബസ്സ്റ്റാന്‍ഡിലെത്തിയ ഉടനെ തിരുവില്വാമല ബസ് അന്വേഷിച്ചു. അര മണിക്കൂറുണ്ട്. കൊച്ചി സീമയുടെ വടക്കേ അതിരും വള്ളുവനാടും കൂടിച്ചേരുന്നിടത്തെ ഗ്രാമഭംഗിയും തിരുവില്വാമലയിലെ ആല്‍ത്തറയിലേയ്ക്ക് പുഴ കടന്നൊഴുകിയെത്തുന്ന നെടുങ്ങനാടന്‍ കാറ്റിന്റെ തലോടലും ഒക്കെ പറഞ്ഞ് തലേന്ന് രാത്രി തന്നെ ഉണ്ണിയോട് ചട്ടം കെട്ടിയിരുന്നു.
ഒരു ചായ പാസാക്കാം എന്ന് കരുതി നിന്നപ്പോഴാണ് തിരുവില്വാമല യാത്രയ്ക്ക് മറ്റൊരു നിഗൂഢോദ്ദേശം കൂടിയുണ്ടെന്ന് അവനോട് പറഞ്ഞത്.
''ഇക്കാലത്തും കത്തുകളെഴുതുന്നവരുണ്ടോ? ഫോണ്‍ ചെയ്താല്‍ പോരേ?''
ഗുരുവായൂര്‍ ബസ്റ്റാന്റിലെ ചൂടുചായയും മോന്തി പഴംപൊരി കടിച്ചുപിടിച്ച് കൊണ്ട് ഉണ്ണി ചോദിച്ചു.
''കത്ത് ആര്‍ക്ക് വേണേലും എഴുതാലോ ഉണ്ണീ. കത്ത് ഒരു സ്മാരകമല്ലേ. വാക്കുകള്‍ കൊണ്ട് പണിതീര്‍ത്തത്. മായ്ചുകളയാനാവാത്ത അക്ഷരങ്ങള്‍ ഓര്‍മകളായി ബാക്കിയാവുന്നത്.''
ഇത്തിരി സാഹിത്യവും പറഞ്ഞ് കാവിമുണ്ട് മടക്കിക്കുത്തി ഞാന്‍ ചായ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു.
''വല്യമ്മയ്ക്കറിയോ ഇക്കാര്യം?''
''അറിയിച്ചിട്ടില്ല. അറിയിക്കേണ്ട. ഇനിയൊരു കൂടിച്ചേരല്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വെറുതെയെന്തിനാ.''
''നമ്മക്ക് ബാലുശ്ശേരി പോയി ഒന്നുറങ്ങിയിട്ട് ഒരു രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് വന്നാല്‍ പോരെ, ഏതായാലും വല്യച്ഛന്‍ സന്യാസത്തിന് ചേര്‍ന്നു'
'എന്റെ അച്ഛന്‍ മാത്രമല്ല, നിന്റെ വല്യച്ഛനും കൂടി അല്ലെ ഉണ്ണീ'' എനിക്ക് ക്ഷമ നശിച്ചു.
''നീ വാ, ഇനീം രണ്ട് ദിവസം നീങ്ങി പോയാല്‍ പുള്ളി വേറെവിടെങ്കിലും പോകും''
തിരുവില്വാമല ബസ് നില്‍ക്കുന്നയിടത്തേയ്ക്ക് ഞങ്ങള്‍ നടന്നു.
''ഒരു സിഗരറ്റ് വലിച്ചാലോ?''
ഉണ്ണി ഒരു നിമിഷം എന്നെ നോക്കി.
''വേണ്ട. മാല ഊരിയിട്ട് ഒരു ദിവസം തെകച്ചായില്ല. അതും ഗുരുവായൂരപ്പന്റെ നാട്ടില്‍ വച്ച്. വേണ്ടേ വേണ്ട.''
ഞാന്‍ ആ ശ്രമം നിരുത്സാഹപ്പെടുത്തി.
''ഇതെവിടെയാ സ്ഥലം എന്ന് വല്യ നിശ്ചയണ്ടോ?''
''ഇല്ല. അമ്പലത്തില്‍ നിന്ന് നേരെ വടക്കോട്ടേയ്ക്കുള്ള ഇറക്കം ഇറങ്ങി നടക്കാനാ പറഞ്ഞെ. പുഴയെത്തുന്നതിന് മുന്‍പേ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമത്രേ. ഏത് സമയത്ത് വരണമെന്നൊന്നും കത്തില്‍ പറഞ്ഞിട്ടില്ല. കാണുവായിരിക്കും. പുള്ളി അവിടെവിടെയൊക്കെയോ തന്നെ ഇണ്ട്.''
''എന്നാലും വല്ലാത്തൊരു ചെയ്ത്തന്നെയായിപ്പോയി.''
ആനവണ്ടിയില്‍ മധ്യത്തിലായുള്ള സീറ്റില്‍ ഞങ്ങളിരുന്നു.
അച്ഛന്‍ സന്യാസത്തിന് പോയി എന്ന കാര്യം ബന്ധുക്കളും നാട്ടുകാരും അടിയവരയിട്ടിരുന്നു എന്നത് എനിക്ക് നേരത്തെ മനസിലായിരുന്നു. കത്ത് കിട്ടിയതോടെ ഞാനും അതുറപ്പിച്ചു.
''ഒറ്റപ്പാലത്ത് നിന്ന് നേരെ കോഴിക്കോട്ടേയ്ക്ക് പോവാം ലെ.''
ഉണ്ണി അക്ഷമനായിരുന്നു. എത്രയും പെട്ടെന്ന് കോഴിക്കോട് എത്തുക എന്നതായിരുന്നു അവന്റെ ഉദ്ദേശം. പെരുമല കയറിയിറങ്ങിയതിന്റെ ക്ഷീണം പ്രകടമാണ്. ബാലുശ്ശേരിയിലെ വീടിന്റെ മുകള്‍ നിലയിലെ വടക്കേ മുറിയിലെ പുതപ്പിനകത്താണ് അവന് ഏറ്റവും സമാധാനം കിട്ടുന്നയിടം. തിരുവില്വാമലയിലെ പ്രകൃതിഭംഗിയും നിളാതീരത്തെ സ്വര്‍ണവര്‍ണപ്പുല്ലുകളുടെ തിമിര്‍പ്പും വല്യച്ഛന്റെ തിരോധാനവുമൊന്നും അവന് വിഷയമായിരുന്നില്ല.
ലക്കിടിയും കിള്ളിക്കുറിശിമംഗലത്തെ വയലുകളും അതിനുമപ്പുറം കണ്ട കുന്നിന്‍പുറങ്ങളുമൊക്കെ എന്റെ മനസില്‍ വന്ന് നിറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു യാത്ര, അച്ഛനൊപ്പം. വടക്കാഞ്ചേരിയില്‍ വണ്ടിയിറങ്ങി ഉത്രാളിക്കാവ്, പാഞ്ഞാള്‍, പൈങ്കുളം, വാഴാലിക്കാവ്, കിള്ളിമംഗലം, ചേലക്കര ഒക്കെ കറങ്ങി തിരുവില്വാമലയ്ക്ക്. തിരുവില്വാമല നിന്ന് ലക്കിടി പാലം കടന്ന് വള്ളുവനാട്ടിലേയ്ക്കും.
കലക്കത്ത് വീടും നൂറ്റാണ്ടുകളുടെ പെരുമ്പറ മുഴങ്ങുന്ന വലിയ ആ മിഴാവും ശിവന്റെ അമ്പലവും പടിപ്പുരയും പഴയ തറവാടുകളുമൊക്കെ പാതയ്ക്കിരുവശവുമായി തലമുറകളുടെ കഥകള്‍ പറഞ്ഞിരിപ്പുണ്ടായിരുന്നു. മഹാകവി പിയും തിരുവില്വാമല പെരുമാളും അച്ഛന്റെ ഹൃദയത്തിലായിരുന്നു. ഒടുക്കം കാഷായം ചുറ്റി കയ്യെടുത്തതും അങ്ങോട്ട് തന്നെ.
മനസ്സിലൊരായിരം പുനര്‍ജനി നൂണ്ടു. സ്മൃതികളാകുന്ന മയില്‍പ്പറ്റങ്ങള്‍ ചിറകടിച്ചെങ്ങോ പറന്നുയര്‍ന്നു. ദൂരെ പുഴയ്ക്കക്കരെ തെളിയുന്ന പാലക്കാടന്‍ ഗ്രാമങ്ങള്‍ മനസ്സില്‍ വിരിഞ്ഞു. പ്രിയപ്പെട്ടൊരാള്‍ ആ ചെരിവിലെവിടെയോ തീരമെത്തുന്നതിന് മുന്‍പേ കാത്തിരിപ്പുണ്ട്. നിളപ്പരപ്പില്‍ ഒരു തുള്ളി ജലമായലിഞ്ഞ് അതായിത്തീരുവാന്‍ വെമ്പുന്നൊരാള്‍. അങ്ങനെയുള്ളൊരാള്‍ എന്തിനാണെന്നെ കാണണം എന്ന് പറഞ്ഞത്. എന്തായിരിക്കും പറയാന്‍ ബാക്കിയുള്ളത്.
ഗുരുവായൂരും കേച്ചേരിയും കഴിഞ്ഞ് വടക്കാഞ്ചേരിയിലേയ്ക്ക് ബസ് നീങ്ങുകയാണ്.
വടക്കാഞ്ചേരി, അകമല, ചേലക്കര, പഴയന്നൂര്‍ വഴി അങ്ങനെ പോകുമ്പോള്‍ ദൂരെ വില്വാദ്രിയിലെ വെളിച്ചം മനസില്‍ തെളിഞ്ഞു. ഇഴഞ്ഞു നീങ്ങിയ ആനവണ്ടി ചുറ്റിലുമുള്ള കാഴ്ചകളെ ആസ്വദിക്കുവാനുള്ള സമയം തന്നു. അകമലയിലെ കനത്ത കാടുകളും നേരിയ മഞ്ഞിന്‍ പടലങ്ങളും അകമല ശാസ്താവിന് അകമ്പടിയായി നിന്നത് കണ്ടു.
''എങ്ങനിണ്ട് സ്ഥലം. ഞാന്‍ പറഞ്ഞ പോലെയന്ന്യല്ലേ?''
''നല്ല പ്ലേസ്'' എന്നെ സമാധാനിപ്പിക്കാനെന്നോണം ഉണ്ണി പറഞ്ഞു.
ഉണ്ണി പലപ്പോഴും ഒരു നിര്‍വികാരനാണ് - ഞാന്‍ മനസ്സിലോര്‍ത്തു.
വള്ളുവനാടന്‍ ഗന്ധമുള്ള ഗാനങ്ങള്‍ ഞാന്‍ യൂടൂബില്‍ മാറ്റിമാറ്റിയിട്ടു. അങ്ങനെ ഗൃഹാതുരത്വമടിച്ച് പണ്ടാരമടങ്ങി നില്‍ക്കുമ്പോഴാണ് ബസ് തിരുവില്വാമല ടൗണില്‍ എത്തിയത്. കാവി ലുങ്കിയും പീച്ച് കളര്‍ ജുബ്ബയുമിട്ട ഞങ്ങളെ ഒരു അത്ഭുതജീവിയെപ്പോലെ അന്നാട്ടുകാര്‍ നോക്കി.
അമ്പലയാത്രകളില്‍ ഈ ഡ്രസ് കോഡ് വേണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ ബാഹ്യ അഭിപ്രായങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല.
നേരെ ചെന്ന് ഒരു ചെറിയ ഹോട്ടലില്‍ കയറി പുട്ടും കടലയും നല്ലൊരു ചായയും കഴിച്ചു.
ഒരു ഓട്ടോയില്‍ കയറി നേരെ തിരുവില്വാമല ക്ഷേത്രത്തിലേയ്ക്ക് യാത്രയായി. ക്ഷേത്രത്തിലെത്തി തൊഴുത് പ്രസാദം സേവിച്ചു. പാറക്കെട്ടുകള്‍ക്ക് മുകളിലുള്ള മനോഹരമായ ക്ഷേത്രം. നിള കടന്നെത്തുന്ന നെടുങ്ങനാടന്‍ കാറ്റ്. കുറച്ച് നേരം പറക്കോട്ട് കാവില്‍ പോയിരുന്നു. കാവിലേയ്ക്ക് പോകുന്ന വഴി കൂടെ കുന്നിറങ്ങി വന്ന പൂതനും തിറ വേഷങ്ങള്‍ ചുറ്റിലും ആടിത്തിമിര്‍ത്തു. പറക്കോട്ടുകാവ് താലപ്പൊലി നിശബ്ദമായി ചുറ്റിലും പെയ്‌തൊഴിഞ്ഞു.
കുണ്ടില്‍ അയ്യപ്പനേയും താഴ്വാരത്ത് പുഴക്കക്കരെ ചിനക്കത്തൂര്‍ ഭഗവതിയേയും കണ്ടു. വില്വാദ്രിനാഥനെ തൊഴുത് ലക്ഷ്മണപ്പെരുമാളെയും ആഞ്ജനേയ സ്വാമിയേയും കണ്ട് വന്ദിച്ച് കിഴക്കേ നട കടന്ന് ആല്‍ത്തറ വലം വച്ച് ആലിലക്കാറ്റേറ്റ് കുന്നിറങ്ങി. പാലക്കാടന്‍ ചുരത്തിന്റെ ഗ്യാപ്പ് സൃഷ്ടിച്ച മനോഹരമായ ഭൂപ്രകൃതി നിളയുടെ ഇരുകരകളേയും സമ്പന്നരാക്കിയിരുന്നു. പേരാറ്റിന്‍ കരയിലേക്ക് ഞങ്ങള്‍ പതിയെ നടന്നടുത്തു. വഴി നീളെ ഞാന്‍ അച്ഛനെ തിരഞ്ഞു. പല സന്യാസി മുഖങ്ങള്‍, കാഷായ വേഷധാരികള്‍, അവധൂതന്മാര്‍, യോഗിമാര്‍, സിദ്ധന്മാര്‍. രൂപമുള്ളവരും അരൂപികളുമായ പല പല മനുഷ്യരെ പലയിടത്തായി കണ്ടു. കുളക്കടവിലും പറമ്പുകളിലും ആലിന്‍മുകളിലുമൊക്കെ പലരേയും കണ്ടത് പോലെ തോന്നി. അച്ഛന്റെ മുഖം മാത്രം അവരിലാര്‍ക്കുമുണ്ടായിരുന്നില്ല.
നടന്ന് നടന്ന് പാമ്പാടി ഐവര്‍ മഠത്തിലെത്തി. ബലിക്കാക്കകള്‍ വട്ടമിട്ട് പറക്കുന്ന, മണ്‍കുടങ്ങള്‍ വീണുരുളുന്ന നിളാ മണല്‍പ്പുറം. എരിഞ്ഞമരുന്ന ചിതകള്‍. തീരം കവര്‍ന്നെടുത്ത പുഴയില്‍ ശേഷിക്കുന്ന ജലപ്പരപ്പ് വരെ നീളുന്ന സ്വര്‍ണവര്‍ണമണിഞ്ഞ പുല്‍ക്കൊടികള്‍ മേടക്കാറ്റില്‍ പൂപൊഴിച്ച് കൊണ്ടിരുന്നു. വാശിയും വീറുമൊക്കെ ചിതയായെരിഞ്ഞടങ്ങാന്‍ ഇവിടെയൊല്‍പനേരം ഇരുന്നാല്‍ മതിയെന്ന് തോന്നി. ദശകണ്ഠമുള്ള അഹങ്കാരത്തെ വില്വാദ്രിയില്‍ നിന്ന് അമ്പെയ്തു വീഴ്ത്തിയിരിക്കുന്നു. മോക്ഷപ്രാപ്തി കൊണ്ട ആത്മാക്കളെ പോലെ ചിതയ്ക്ക് മീതെ പറന്നുയരുന്ന പക്ഷികള്‍. മേലെ വള്ളുവനാടന്‍ ആകാശം. മറുകര വള്ളുവനാടന്‍ മണ്ണ്. ഒറ്റപ്പാലം, ലക്കിടി, കിള്ളിക്കുറിശ്ശിമംഗലം ദേശങ്ങള്‍.
അല്‍പം ദൂരെയായി ഒരു ചിത കത്തിയെരിയുന്നുണ്ടായിരുന്നു. കഷായം ധരിച്ച, സന്യാസിയെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍ ആ ഭാഗത്ത് നിന്ന് നടന്നുവന്നു. അച്ഛന്റെ ഫോട്ടോ കാണിച്ച് ഞാന്‍ വിവരം തിരക്കി. പുള്ളി ഒന്നും മിണ്ടാതെ ചിത കത്തിയെരിയുന്ന ദിക്കിലേയ്ക്ക് കൈചൂണ്ടി അട്ടഹസിച്ച് കൊണ്ട് വേഗത്തില്‍ നടന്നുപോയി.
മണല്‍ത്തട്ടില്‍ ഞാന്‍ തകര്‍ന്നിരുന്നു. തിരുനാവായയ്ക്ക് പോകാന്‍ കാത്തിരിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ പരസ്പരം വര്‍ത്തമാനം പറയുന്നത് കേട്ടു.
വര്‍ധിച്ച പാപഭാരത്തോടെ തലയ്ക്ക് മീതെ മറ്റൊരു നെരിപ്പോടുമായി ചിതയ്ക്കരികിലേയ്ക്ക് നടക്കുമ്പോഴാണ് അമ്മയുടെ കോള്‍ വന്നത്.
''ആള്‍ ഇവിടെ തിരിച്ചെത്തിയിട്ടുണ്ട്, ഞാന്‍ കൊടുക്കാം''
ബാലുശ്ശേരിയിലെ ഞങ്ങളുടെ വീട്ടുപറമ്പില്‍ കാത്ത് കിടപ്പുണ്ടായിരുന്ന മാമ്പഴങ്ങള്‍ പെറുക്കിയെടുത്തുകൊണ്ട് അച്ഛന്‍ പറഞ്ഞു.
'മറുപടി കത്ത് ഇങ്ങട് പോസ്റ്റ് ചെയ്‌തോ''
''ഒരു കത്ത് അയക്കാനാണോ ഈ പാടൊക്കെ പെട്ടത്'' ഉണ്ണി തലയില്‍ കൈവച്ച് എന്നെ നോക്കി.
പുഴയ്ക്കക്കരെ ലക്കിടി പോസ്റ്റ് ഓഫീസ് എന്നെ കാത്തിരിപ്പുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...