ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അര്‍ജുന്‍ അടാട്ട് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പതിവ് പോലെ അന്നും നാല് മണിക്ക് തന്നെയായിരുന്നു അംഗനവാടി പിള്ളാരുടെ ഘോഷയാത്ര. ഗേറ്റിന് മുന്നിലൂടെ തിമര്‍ത്തോടുന്ന ആ സംഘം വാതം കൊല്ലി പടര്‍ന്ന വേലിപ്പടര്‍പ്പിനപ്പുറത്തൂടെ ചിതറിത്തെറിച്ച നിറച്ചാര്‍ത്തുകളായി മറഞ്ഞു.
''നീയന്വേഷിച്ചോ? ''വേലിപ്പുറത്തെ നിറച്ചാര്‍ത്തില്‍ കണ്ണ് നട്ട് ലളിത പ്രതീക്ഷയോടെ ചോദിച്ചു.
''നമ്മടെ നാട്ടിലൊന്നും നിയമത്തില് വന്നിട്ടില്ല.. ഇനി വന്നാലും ആള്‍ക്കാരടെ എടേല് എത്താന്‍ കൊറേ കഴിയും''-മായയുടെ വാക്കുകള്‍ അലസമായി ഇഴഞ്ഞു.
''എവിടത്തെ ന്യായാ ഇത്? പെണ്ണുങ്ങള്‍ക്ക് എന്താ കുട്ടിയോളെ നോക്കി വളര്‍ത്താന്‍ പറ്റായ? അവറ്റപറയണത് അല്ലെ പ്രകൃതി വിരുദ്ധം?''- ലളിതയുടെ വാക്കുകളില്‍ നിസ്സഹായത.
അവര്‍ക്കിടയിലേക്ക് ദൂരെ നിന്നും കുട്ടികളുടെ നേരിയ ആര്‍പ്പുവിളികള്‍ മാത്രം ഇഴഞ്ഞ് വന്നു.
''ഇനി ഇപ്പോ നീയ്യ് പറഞ്ഞ പോലെ ചെയ്യണ്ടേര്യോ?''
ലളിതയുടെ ആ ചോദ്യത്തിന് മായ ഒന്ന് മൂളുക മാത്രമാണുണ്ടായത്.
അവളുടെ തണുപ്പന്‍ മറുപടിയില്‍ ലളിത പരിഭവം കാട്ടിയത്. മടിയില്‍ കിടന്ന അവളെ തള്ളി എണീപ്പിച്ചു കൊണ്ടാണ്.
''എനിക്കും ഇഷ്ടണ്ടായിട്ടല്ല. അതല്ലെ. ഒരു വഴിള്ളൂ? രണ്ടീസം കൂടി. ഒരു തീരുമാനാവും. മറ്റന്നാ ഉച്ചരിയുമ്പോ.''
മായ പദ്ധതി ഒന്ന് കൂടി പറഞ്ഞ് തീരും മുമ്പേ ലളിത ലളിത അവളുടെ വാ പൊത്തി.
''എനിക്ക് പിന്നേം പിന്നേം കേള്‍ക്കാന്‍ ഇഷ്ടല്ല''
കുറച്ച് നേരത്തേക്ക് അവിടെ നിറഞ്ഞ മൗനം പൊട്ടിച്ചുടച്ച് കൊണ്ട് ഇടി മുരണ്ടു, പറമ്പിലെവിടേയോ പെറാന്‍ കിടക്കുന്ന പൂച്ച പ്രാണവേദനയോടെ കരഞ്ഞു.
ലളിതയുടെ മുഖം വാടി. അവളുടെ ഓര്‍മ്മകള്‍ കടന്നല്‍കൂട് അഴിക്കുകയാണ്.
''കഴുത്തിന് ചവിട്ട് കൊണ്ടാ. അത് മാതിര്യ കുട്ട്യോള് കരയാ.' ലളിതയുടെ പലവുരു ആവര്‍ത്തിച്ച കഥയ്ക്കുള്ള മുഖവുരയാണ്.
കെട്ടിയവന്‍ വാസു കള്ളിന്റെ ഊക്കില്‍ നടത്തുന്ന കയ്യാങ്കളിക്കിടെ കുട്ടിയുടെ കഴുത്തില്‍ ചവുട്ടിയ കഥ വീണ്ടും വള്ളി പുള്ളി മാറാതെ ലളിത പറഞ്ഞു തുടങ്ങി.
''പ്രാണവേദന അറിഞ്ഞാ ഓന്‍ പോയത്.'' ഓക്കാനം പോലെ അവസാന ശ്വാസമെടുത്ത് കണ്ണിലൊരെണ്ണം ചത്ത മീന്‍ കണ്ണ് കണക്കുരുണ്ട് വായ തുറന്ന് കിടന്ന കുഞ്ഞിന്റെ മുഖം മനസ്സിന്ന് മായ്ക്കാനാവും ലളിത തല കഴുത്തീന്നഴിയുമാറ് ഇളക്കി.
''ചാവ്ണ വരെ ചെലപ്പോ ഞാനീ കഥ പറയും''-മായയുടെ മുഖത്ത് മടുപ്പിന്റെ ലാഞ്ചനയുണ്ടോ എന്ന് തിരയുന്നതിനിടക്ക് ലളിത പറഞ്ഞു.
''സാരല്ല്യ'' -മായ ഒന്നു കൂടി ഇറുകി ചേര്‍ന്നു. പറഞ്ഞുപറഞ്ഞ് തേഞ്ഞാലേ ആ ഓര്‍മ്മകളുടെ മൂര്‍ച്ച ഒന്ന് മയങ്ങൂ. ലളിതയുടെ ശബ്ദത്തിലും വാക്കുകളിലും വേദനയുടെ ആഴം കുറയുന്നുണ്ടോ എന്നളന്ന് ശ്രദ്ധയോടെ മായ ഇരുന്നു.
അവര്‍ രണ്ട് പേരും ഇത്രത്തോളം മനസ്സിലാക്കിയത് ജയിലില്‍ വച്ചാണ്. എന്നും ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് പിച്ചും പേയും പറയുന്ന മായയെ തെറി വിളിക്കാതെ ആശ്വസിപ്പിച്ചത് കെട്ടിയവനെ കൊന്ന് അതേ സെല്ലില്‍ കഴിയുന്ന ലളിത മാത്രമാണ്.
''വേദന കണ്ടാ അവറ്റക്ക് ആവേശം കൂടും''-പാതിയുറക്കത്തില്‍ മായ പുലമ്പും; തുടയിടുക്കില്‍ ചോരയൊലിക്കുന്നുണ്ടോ എന്ന് തടവി നോക്കും.
ചിലര്‍ രക്ത ദാഹികള്‍ ആണ് അവര്‍ക്ക് പെണ്ണ് അലറിക്കരയണം ഇഷ്ടമില്ലാതെ വഴങ്ങണം. ചോര കാണണം. പന്ത്രണ്ടാം വയസ്സില്‍ മുറിഞ്ഞ് ചോരയൊലിച്ച മായ പിന്നെ പലര്‍ക്കും ഇഷ്ടമില്ലാതെ വഴങ്ങി, പലവുരു തുന്നിച്ചേര്‍ത്ത തുന്നികെട്ടലുകള്‍ പൊട്ടി അലറി വിളിച്ച് ചോരയൊലിച്ച് കിടന്നത് പല തവണ.
അവള്‍ കാഴ്ച്ചയിലും കച്ചവടത്തിലും നിത്യകന്യകയായിരുന്നു.
ഭൂതകാലം പാതിയും കവര്‍ന്നെടുത്ത് അപൂര്‍ണ്ണമായ അവര്‍ പക്ഷെ തമ്മില്‍ അടുത്തപ്പോള്‍ പരസ്പര പൂരകങ്ങള്‍ ആവുകയായിരുന്നു
''അവര്‍ക്ക് നമ്മള്‍ ഒന്നുമല്ലെങ്കില്‍, പിന്നെന്തിനാ നമ്മള്‍?''
ലോഡ്ജ് മുറിയില്‍ കാണിച്ച പ്രണയം മറന്ന്, ആള്‍ക്കൂട്ടത്തില്‍ ഒരുവനായി 'കാശ് നഷ്ടമായെന്ന്' പോലീസ് ജീപ്പിന് പിറകെ കൂടുന്നവന്‍മാരുടേയും, അതേ മുഖഛായയുള്ള വാസുവിന്റെയും കഥക്കിടയില്‍ മായ ഒരിക്കല്‍ ചോദിച്ചു. ആ ചോദ്യത്തിന്റെ ഉത്തരം തിരഞ്ഞ് അവര്‍ ആണും പെണ്ണുമായി പരസ്പരം പിണഞ്ഞ് കിടന്നു. പെണ്ണും പെണ്ണുമായി മാറിയപ്പോള്‍ അവര്‍ കാമമില്ലാതെ പ്രണയിച്ചു. പ്രണയമില്ലാതെ കാമിച്ചു..
''പിന്നെന്തിനാ ആണ്?'' മായയുടെ ചോദ്യം മാറി.
ജയിലിന് പുറത്ത് വന്നതും അവര്‍ ഒരുമിച്ചായിരുന്നു. പഴയ ബന്ധങ്ങള്‍ വഴി മായ തെക്കോട്ട് കുറേ പോന്ന് ഒരു തുണിക്കടയില്‍ ജോലിക്ക് കേറി, ലളിത അവിടെ വീടുകളില്‍ സഹായത്തിന് ചെല്ലും. അന്യമായ ഭാഷയും അപരിചിതമായ ഭൂമിയും അവര്‍ക്ക് എന്തെന്നില്ലാത്ത സുരക്ഷിതത്വമാണ് നല്‍കിയത്.
എഴുതി തിട്ടപ്പെടുത്തിയ പോലുള്ള ജീവിതം അവര്‍ ജീവിക്കുമ്പോള്‍ കാലത്തിന്റെ ക്രയ വിക്രയങ്ങള്‍ മായയില്‍ ഒരാശ കൊണ്ടുവന്നു.
''ഒര് കുഞ്ഞിനെ വേണം''
അത് കേട്ട് വായിലിരുന്ന കഞ്ഞി ഞെട്ടി തുപ്പിയ ലളിത, കലങ്ങാത്ത കല്ലുപ്പ് കടിച്ചതിനാലാണെന്ന് പിന്നൊരിക്കല്‍ വിശദീകരിക്കേണ്ടി വന്നു.
അതില്‍ പിന്നെ അവരുടെ സംഭാഷണ സംവാദങ്ങള്‍ കുട്ടികളെ ചുറ്റിപ്പറ്റി ഉള്ളതായി. നിയമവും പ്രകൃതിയും ആ ദമ്പതികള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കാന്‍ വിമുഖത കാട്ടിയെങ്കിലും അവര്‍ തളര്‍ന്നില്ല. കണ്ണിന് പോലും കാണാന്‍ പറ്റാത്ത ഒരാണ്‍ ബീജത്തിന്റെ അഭാവം തങ്ങളുടെ ജീവിതത്തില്‍ എത്രകണ്ട് വലിയൊരു പോടാണ് വെച്ചതെന്ന് അവര്‍ കൈയില്‍ താടി താങ്ങി.
എല്ലാ വഴികളും അടഞ്ഞ അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് ''പിന്നെന്തിനാ ആണ്?'' എന്ന മായയുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ഒരല്‍പ നേരത്തേക്ക്, ഒരാണ്‍ വിത്തിന് മാത്രം വേണ്ടി ഒരാള്‍. ലോഡ്ജ് മുറിയിലെ പ്രണയം പോലെ, പെണ്ണിന്റെ ശബ്ദമൊന്നുയര്‍ന്നാല്‍ ആത്മാഭിമാനത്തില്‍ പോറലേറ്റ് പിടയുന്ന ആണ്‍കോയ്മ മുടിക്കുത്തില്‍ പിടുത്തമിടാനെടുക്കുന്ന ഞൊടിയില്‍ മാത്രം വന്നു പോകുന്ന ഒരാള്‍.
പിന്നീടൊരിക്കലും അയാള്‍ തങ്ങളുടെ ജീവിതത്തില്‍ വരരുത്. ഒരാണ്‍ ശരീരം അതിലെ ഒരു തരി കോശം.
രണ്ട്
''ഡാ സെറ്റായോ?''-മായയുടെ മെസേജുകള്‍ വായിച്ച് കൂട്ടത്തില്‍ ഒരുവന്‍ ചോദിച്ചു.
''എന്നേ സെറ്റായതാ... നാളെ വല്ലതുമൊക്കെ നടക്കും...' ആ പയ്യന്‍ ഒന്നു കൂടി ഞെളിഞ്ഞു.
അന്ന് രാത്രി മഴയുടെ മൂടിക്കെട്ടല്‍ അവനിലും പുറത്തും ചൂട് നിറച്ചു. പ്രണയഗാനങ്ങള്‍ മൊബൈലില്‍ കേട്ട് അവന്‍ ഉറങ്ങാന്‍ ശ്രമിച്ചു. നാളെ അവളുടെ ചെവിയില്‍ മൂളാന്‍ അവന്‍ താളമൊപ്പിച്ച് മൂളി നോക്കി.
യൂ ട്യൂബും ഗൂഗിളുമെല്ലാം അവന് 'ജി സ്‌പോട്ട്' കണ്ട് പിടിക്കാനുള്ള ചെപ്പടി വിദ്യകള്‍ പറഞ്ഞ് കൊടുത്തു. അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍, അവള്‍ പോലുമറിയാത്ത കാമസൂത്രങ്ങള്‍ ഒളിക്കുന്ന അവളുടെ ഗുഹ്യ ഭാഗങ്ങള്‍ തഴുകുമ്പോള്‍ അവള്‍ പുറപ്പെടുവിക്കുന്ന നിശ്വാസങ്ങള്‍. തേങ്ങിക്കരയലുകള്‍...
ഉഫ്... അവന്‍ സ്വപ്നത്തിന്റെ കുളിരില്‍ പുളഞ്ഞു. മോഹത്തിന്റെ ചൂടില്‍ വിയര്‍ത്തു. പുറമെ മഴ പെയ്യാതെ മൂടി കെട്ടി നിന്നു.
മൂന്ന്
''കാറു കെട്ടി പുകക്കുകയല്ലാതെ നശൂലം മഴയൊന്ന് പെയ്ത് തീരണില്ല''
വീട് കണ്‍വെട്ടത്ത് നിന്ന് മറയുന്നവരെയുള്ള തിരിഞ്ഞുനോക്കലുകളില്‍ ലളിത ആരോടെന്നില്ലാതെ പുലമ്പി.
അഞ്ഞൂറ് വരെ എണ്ണാനാണ് മായ പറഞ്ഞത്. 250 ആവുമ്പോ തിരിഞ്ഞ് നടക്കണം, 500 ല്‍ വീടിന്റെ പടി കയറണം. നടത്തത്തിനിടക്ക് എണ്ണം പിഴക്കാതെ ലളിതയുടെ ചുണ്ടുകള്‍ പിറുപിറുത്തു.
അവളുടെ ഓരോ ശ്വാസവും പുഴുകുന്ന ചുറ്റുപാടുകളെ ഉള്ളിലേക്ക് എടുക്കും പോലെ അവള്‍ക്ക് തോന്നി. ഹൃദയത്തില്‍ അസൂയയും രോഷവും കലര്‍ന്ന ഒരു കനല്‍ക്കട്ട മേലാസകലം പടര്‍ന്ന് കയറി. അവള്‍ മുഷ്ടി ചുരുട്ടി പല്ലിറുമ്മി.
തിരിച്ച് ഓടി ചെല്ലണം, മായയെ പുണരണം, ഒന്നും വേണ്ടെന്ന് പറയണം, നെഞ്ചിന്റെ പിടച്ചില്‍, കാലുകളുടെ വെമ്പല്‍.
അരുത്. ഒരേ ഒരു പോംവഴി ഇതാണ്. കുറച്ച് നിമിഷങ്ങള്‍ മാത്രം. അവനിലെ വിത്ത് മായയില്‍ വീഴുന്നത് വരെ മാത്രം, അത്രയും ക്ഷമിക്കണം. ആ ഒരു രംഗം അവള്‍ മായ്ക്കാന്‍ ശ്രമിക്കുന്തോറും അത്രയും വാശിയില്‍ ദൃശ്യമികവോടെ ലളിതയുടെ തലക്കുള്ളില്‍ പൂതന്‍ തുളളി. എണ്ണം തെറ്റിയോ?
ഇല്ല 150, അവള്‍ അലക്ഷ്യവും ഭ്രാന്തവുമായ തന്റെ നടത്തം തുടര്‍ന്നു.
''ഓളോനെ... ഉമ്മൊക്ക്വോ?''
മറ്റെന്തിനേക്കാളും മായ അവനെ ചുംബിക്കുന്നത. ഹൊ..അത് ആലോചിക്കുന്നത് പോലും ലളിതക്ക് താങ്ങാവുന്നതിനപ്പുറമാണ്.
200.
ഒരു ചെള്ള് ചെറുക്കന്റെ മുന്നിലൊന്നും അവള്‍ പതറില്ല. ''ന്നാലും. ഓള്പ്പളും ഓനേ കെട്ടിപ്പിടിച്ച് നിക്കാണെങ്കിലോ?' മായ തന്നെ മറന്ന് പോവുമെന്ന് ലളിത ഭയന്നു.
250. ഇനി തിരികെ.
എത്രയും പെട്ടെന്ന് ഒന്ന് തീര്‍ന്ന് കിട്ടാനാണ് മായ കൊതിച്ചത്. പദ്ധതി ഇടുമ്പോഴും ഇത്രയും നിരീച്ചില്ല. തന്റെ മുന്നില്‍ വീര്‍ത്തു നില്‍ക്കുന്ന ആണത്തത്തെ അറപ്പോടെ അവള്‍ നോക്കി. അവന്റെ കണ്ണില്‍ പ്രണയം ; ഒരു നീരൊഴുക്കിന്റെ ആയുസ്സേ ഉള്ളൂ അതിന്. ഓക്കാനം വരുന്നു.
ഇഷ്ടമില്ലാത്ത ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചാല്‍ അരുചി അറിയില്ല.
''എടീ മെല്ലെ മതി, അതാ പെണ്ണിന് സുഖം''-അവന്‍ പ്രണയത്തിന്റെ സ്വരക്രമത്തില്‍ അവളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
അവളുടെ മുഖത്ത് മിന്നിമറയുന്നത് പുച്ഛ ഭാവമാണോ എന്ന് വായിച്ചെടുക്കാനുള്ള സാവകാശം അവന് കിട്ടിയില്ല. അവന്‍ പോലുമറിയാതെ അവന്‍ അവളില്‍ തുളഞ്ഞു.
പതിനഞ്ച് സെക്കന്റ് ആണ് അവിണിശ്ശേരി കുന്നില്‍ നിന്നും ആ വീട്ട് മുറ്റത്തേക്കുള്ള മഴയുടെ ദൂരം. കുത്തിപ്പൊട്ടിച്ച പോലെയുള്ള മഴയുടെ വരവ് മൂടിക്കെട്ടലില്‍ പുഴുകിയ മുറ്റം ആഘോഷമാക്കി. പുതു മണ്ണിന്റെ മണം.
കനത്ത് നിന്നതെന്തോ ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങിപ്പോവുകയും താന്‍ അവളുടെ മുന്നില്‍ ചെറുതാവുന്നതും അറിയെ അവന്‍ ക്ഷീണിതനായി.
ഒരു നിമിഷം പോലും പാഴാക്കാതെ ''ഇറങ്ങടാ'' എന്ന് മായ അവനെ തള്ളി മാറ്റി. അവള്‍ക്ക് വേണ്ടത് നടന്നിരിക്കുന്നു.
അവന്‍ പകച്ച് നിന്നു.
''അഞ്ഞൂറേ''
വെയിലില്‍ കുളിച്ചതോ മഴയില്‍ നനഞ്ഞതോ എന്നറിയില്ല ചുവന്ന കണ്ണിലും ഇരുണ്ട മാറിലും നനഞ്ഞൊട്ടി വാതില്‍ക്കല്‍ ലളിത.
വേഗത്തില്‍ വസ്ത്രങള്‍ വാരിക്കൂട്ടി അവന്‍ ഓടാന്‍ തയ്യാറെടുത്തു.
മുടിക്കുത്തില്‍ പിടിയമര്‍ത്തുന്ന അധികാര ധിക്കാരത്തെ, തുടയിടുക്കില്‍ ചോര തിരയുന്ന പ്രാകൃത ജീവിയെ എല്ലാം ലളിത അവന്റെ കണ്ണുകളില്‍ കണ്ടു.
ഠപ്പേന്ന് കരണത്ത് കൊണ്ടതിന്റെ പകച്ചിലും പുകച്ചിലും മാറും മുന്നേ അവന്‍ മുറ്റത്തേക്ക് ചാടി.
അവന്റെ കണ്ണുകളിലെ ഭയം വാതംകൊല്ലികള്‍ക്ക് ഇടയിലൂടെ ഉള്ള വഴി പരതുന്നതിനിടക്ക്, അവിടെ ഇവിടെയൊക്കെ തട്ടി തടഞ്ഞ് വീണ് കൊണ്ടിരുന്നു.
അത് കണ്ട് ലളിതയും മായയും ചിരിച്ചു. പരസ്പരം പുണര്‍ന്നു. പരിഭവം കാണിച്ച ലളിതയുടെ കൈകള്‍ മായ തന്റെ വയറിന് മുകളില്‍ എടുത്ത് വച്ചു.
നാല് മണി കഴിഞ്ഞു.
വേലിപ്പടര്‍പ്പിനിടയിലൂടെ നിറച്ചാര്‍ത്തുകള്‍ തുള്ളിക്കളിച്ചോടുന്നു. പൂച്ച തന്റെ കുഞ്ഞുങ്ങളെ നക്കി തുടക്കുന്നു. മഴയില്‍ പുതിയ നാമ്പുകള്‍ പൊടിക്കുന്നു.