Malayalam Short Story : ഒരു മുറി നിറയെ കടല്‍, അനുഷ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Apr 4, 2022, 3:25 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനുഷ എഴുതിയ ചെറുകഥ

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

ദൂരെ ബ്രിഡ്ജ് കടന്നു വരുന്ന വാഹനങ്ങളിലേക്ക് നോക്കി അവള്‍ റെസ്റ്റോറന്റില്‍ ഇരുന്നു. കൈയിലെ കാപ്പിക്കപ്പിലെ അവസാന തുള്ളിയും നുണഞ്ഞ ശേഷം പുറത്തെ ഇളവെയിലിലേക്ക് നോക്കി. ഇത്തിരി ദൂരെ കടല്‍ തിളങ്ങുന്നു. 

ഫോണ്‍ റിങ്ങ് ചെയ്തതും, സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ബില്‍ കൗണ്ടറില്‍ തിരക്കില്ല. പുറത്ത് പകല്‍ ഉച്ചയിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നു. മെല്ലിച്ച കാലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്ലിപ്പര്‍. വെയില്‍ വന്ന് ചൂടുള്ള ഉമ്മകള്‍ നല്‍കുന്നു. ചുവപ്പിക്കുന്നു. അവള്‍ മണലിലൂടെ നടന്നു. ബ്രിഡ്ജിനു താഴെ റോഡരികില്‍ കാത്തു നിന്നു. 

ഒരു ചുവന്ന കാര്‍ മുന്നില്‍ വന്നു നിന്നു. മുന്‍വശത്തെ ഡോര്‍ തുറന്ന് അകത്തേക്ക് കയറി, സീറ്റിലേക്ക് ചായുമ്പോള്‍ അവനെ നോക്കി. 

ഒരു പുഞ്ചിരി. കറുത്ത ഗ്ലാസിനുള്ളില്‍ അവന്റെ കണ്ണുകള്‍ ഒളിച്ചിരുന്നു. കണ്ണുകള്‍ ചിരിച്ചിരിക്കുമോ? അവള്‍ വെറുതെ ചിന്തിച്ചു.


''എങ്ങോട്ടാ..?''

''നേരെ. ഹോട്ടല്‍ ലൊക്കേഷന്‍ അറിയാമല്ലോ? ഞാന്‍ അയച്ചിരുന്നു.''

''അറിയാം. ഒന്ന് റെസ്റ്റ് എടുക്കണം.''

''എപ്പോ ഇറങ്ങി?''

''പുലര്‍ച്ചെ''

''വീട്ടിലെന്തു പറഞ്ഞു? പ്രശ്‌നമുണ്ടോ?''

''അതൊക്കെ താന്‍ എന്തിനാ അറിയുന്നേ? വരാമെന്ന് ഞാന്‍ പറഞ്ഞതല്ലേ? വന്നു. പിന്നെന്താ...''

''വന്നില്ലെങ്കിലും എനിക്ക്....''

''തനിക്ക്...? പ്രശ്‌നമില്ലെന്നല്ലേ. എനിക്ക് വരണമായിരുന്നു. ഞാന്‍ വന്നു. ഇനി പോവണോ? പറയൂ, പോവാം.''


അവള്‍ അവനെ നോക്കി.

''എന്താ ഒന്നും പറയാത്തേ?''

അവള്‍ വെറുതെ ചിരിച്ചു.

''എന്തു പറയാന്‍! നിന്റെ ഓരോ കാര്യങ്ങള്‍''

അവനും പുഞ്ചിരിച്ചു.

റിസപ്ഷനില്‍ നിന്ന് കീ വാങ്ങി റൂമിലേക്ക് നടന്നു. പടവുകള്‍ കയറാനുള്ള അവന്റെ മടി കണ്ട് അവള്‍ക്ക് ചിരി വന്നു. അതവനെ ഇത്തിരി ചൊടിപ്പിച്ചു.


''ലിഫ്റ്റ് ഇല്ലേ..?''

''ഫസ്റ്റ് ഫ്‌ളോര്‍ ആണ്.. ദാ എത്തി''

''ഉം..''

ബെഡ് കണ്ടതും കുഞ്ഞു കുട്ടികളെ പോലെ അവന്‍ വന്നു വീണു.

''ഒരു റൂം ഉള്ളൂ?'' അവന്‍ ചിരിച്ചു.


''തനിക്കിന്ന് രാത്രി തിരിച്ചു പോവണമെന്ന് പറഞ്ഞില്ലേ. എന്തിനാ ഒരു പകലിന് വേറേ റൂം..''


''പറഞ്ഞത് ശരിയാണ്. പോകണം, ആവശ്യമുണ്ട്. ഇന്ന് വരാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയതല്ല.''
 
''പിന്നെ എന്തിനാ വന്നേ..?''

''വന്നത്.. വരണമെന്ന് നമ്മള്‍ തീരുമാനിച്ചതല്ലേ...?''

''അത് മുന്‍പല്ലേ... ഒരു വര്‍ഷം കഴിഞ്ഞു.'' 

''അതു കൊണ്ട്..?'' 

''അതു കൊണ്ടൊന്നുമില്ല. വരാന്‍ ബുദ്ധിമുട്ടായിരുന്നെങ്കില്‍ യാത്ര ഒഴിവാക്കാമായിരുന്നു.

അത് വിടൂ. നീ കുളിക്കുന്നുണ്ടോ?

കഴിക്കാനെന്താ വേണ്ടത്? പുറത്തു പോവുന്നുണ്ടോ ഇപ്പോള്‍?'' 

''കുളി..ഇല്ല. പുറത്തിപ്പോ പോണോ തനിക്ക്. ഇവിടിരിക്കാം?'' 

''ഉം. ഞാന്‍ കഴിക്കാനെന്തെങ്കിലും പറയാം.'' 

അവള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, അവന്‍ ഒരു ഫോണ്‍കോളിനു മറുപടി പറയുകയായിരുന്നു. 

ബെഡില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് അവന്‍ അവളെ നോക്കി ചിരിച്ചു. ഒരുപാട് കഥകള്‍ കണ്ണിലൂടെ വന്നു പോയ്‌ക്കൊണ്ടിരുന്നു. 

സോഫയില്‍ വന്നിരുന്നു, അവള്‍ അവനെ നോക്കി. ഒരു ചിരി കണ്ണില്‍ തെളിഞ്ഞു. പിന്നെ വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. 

ചോദിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് അറിയാമെങ്കിലും അവളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ക്ക് തോന്നി. അവരെ ബന്ധിപ്പിക്കുന്ന ഒന്നും ഒരു കണ്ണിയും അതില്‍ ഇല്ലാത്ത പോലെ. 

അയാള്‍ കൂട്ടുകാരുടെ വിശേഷങ്ങള്‍ പറഞ്ഞു. അവരെ അവള്‍ക്കറിയാം. ഓരോ ആളിനെപ്പറ്റി പറഞ്ഞതും അവള്‍ കൗതുകത്തോടെ കേട്ടു. സ്‌നേഹത്തോടെ ഓരോരുത്തരെയും ഓര്‍മിച്ചു. 

അവള്‍ ഇന്ന് കേള്‍വിക്കാരി ആയിരുന്നു. 

ഭക്ഷണം വന്നപ്പോള്‍, അവര്‍ എഴുന്നേറ്റു. അവന്‍ കഴിക്കുമ്പോള്‍ അവള്‍ കൂട്ടിരുന്നു, അല്പം മാത്രം കഴിച്ചു. അവന്‍ കഴിക്കുന്നത് നോക്കിയിരുന്നു. അവള്‍ക്കിഷ്ടമുള്ള കാഴ്ച. ഇടയ്ക്ക് പുരികം പൊക്കി ഒരു ചോദ്യമെറിഞ്ഞപ്പോള്‍ ഒന്നുമില്ലെന്നവള്‍ തലയാട്ടി. അവന്‍ ഭക്ഷണത്തെ നോവിക്കാതെ കഴിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് സ്‌നേഹം തോന്നി, മുന്‍പെന്ന പോലെ. 

ഒരു കുട്ടി എത്ര പെട്ടെന്നാണ് വലുതാവുന്നത്. അതിലും എത്ര പെട്ടെന്നാണ് അവന്‍ പലപ്പോഴും ചെറുതാവുന്നത്. കുട്ടിയേക്കാള്‍ ശാഠ്യക്കാരനാവുന്നത്. അവള്‍ക്കദ്ഭുതം തോന്നാതിരുന്നില്ല. കാരണം, അവള്‍ പരിചയപ്പെട്ട തോമസ് എന്നു പറഞ്ഞ മനുഷ്യനെ കുറിച്ച് അവള്‍ മനസിലാക്കിയതൊന്നും ഇങ്ങനെ ആയിരുന്നില്ല. ഏറ്റവും സുരക്ഷിതം തന്ന ഒരു നിശ്ശബ്ദത. നിശ്ശബ്ദതയ്ക്കിടയില്‍ ഇടയ്ക്ക് ആവശ്യത്തിനു മാത്രം അവന്‍ സംസാരിച്ചിരുന്നു. അവളുടെ സംസാരങ്ങള്‍ക്കൊടുവില്‍ എല്ലാം ശ്രദ്ധിച്ചു കേട്ടുള്ള മൂളല്‍. നല്ല പോലെ ചിന്തിച്ചു പറഞ്ഞ ചില മറുപടികള്‍. 

സുഹൃത്തിന്റെ വിവാഹ സല്ക്കാരത്തിനു പോയപ്പോഴാണ്, അവളുടെ മറ്റു കൂട്ടുകാരോടൊപ്പം തോമസിനെ ആദ്യമായി കാണുന്നത്. ഒരു പകലിന്റെ പകുതിയില്‍ നിന്ന് മറ്റൊരു പകലിന്റെ അവസാനം വരെ നീണ്ട ആ കണ്ടുമുട്ടല്‍ ആഘോഷങ്ങള്‍ ഒരു തരത്തില്‍ തികച്ചും അവിചാരിതമായിരുന്നു. ഒരു ദിവസം കൊണ്ട് ഒരുപാട് കാലം ഓര്‍ത്തു വയ്ക്കാവുന്ന ഓര്‍മകളും ആളുകളും ജീവിതത്തിലേക്ക് വന്നു ചേരുകയായിരുന്നു. 

അവിടുന്ന് യാത്ര പറഞ്ഞു പോരുമ്പോഴും ഇനിയും സംസാരിക്കണമെന്ന് ആഗ്രഹം തോന്നിയത് തോമസിനോട് മാത്രമായിരുന്നുവെന്ന് അവളോര്‍ത്തു. പൂര്‍ത്തിയാക്കാത്ത എതോ സംഭാഷണം തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നത് പോലെ, വീണ്ടും വീണ്ടും നിശ്ശബ്ദതയില്‍ അവള്‍ തിരഞ്ഞു കൊണ്ടിരുന്നത് ആ സാമീപ്യം ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ അക്ഷമയില്‍ കടന്നു പോയി. 

ജോലിയും പുതിയ നഗരത്തിലെ താമസവും, തിരക്കും കൗതുകങ്ങളും തന്നെങ്കിലും, കഥ കേള്‍ക്കാന്‍ കൊതിച്ച് കാത്തിരുന്ന ഒരു കുട്ടിയെ പോലെ അവള്‍ അയാളെ ഓര്‍ത്തു. ഒരു കാര്യവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ അയാളെ തിരഞ്ഞു. പിന്നീട് തിരച്ചിലുകള്‍ക്കൊടുവില്‍ മറ്റൊരു സുഹൃത്തിന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ അയാള്‍ കറുത്ത ഗ്ലാസിനു പിറകില്‍ കണ്ണുകള്‍ ഒളിപ്പിച്ച് ചുണ്ടില്‍ ചിരിയുമായി നില്ക്കുന്നത് കണ്ടു. 

പിന്നീടും ദിവസങ്ങള്‍ വേണ്ടി വന്നു വീണ്ടും സംസാരിക്കണോ എന്നു തീരുമാനിക്കാന്‍. ആവശ്യമാണോ അനാവശ്യമാണോ ഈ സൗഹൃദത്തിലേക്ക് ഉള്ള യാത്രയെന്ന് അവള്‍ ആലോചിച്ചു നോക്കി ഒരുപാട്. 

ഇഷ്ടമുള്ള ആളുകളുടെ കൂടെ സമയം ചെലവിടുക, ഇഷ്ടമുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ ജീവിക്കുക ഇതില്‍ കൂടുതല്‍ എന്താണ് ജീവിതം എന്ന ചിന്ത തന്നെയാണ് അവളെയും ആ ചെറുപ്പക്കാരനിലേക്ക് വീണ്ടും ചെല്ലാന്‍ പ്രേരിപ്പിച്ചതും. 

സുഹൃത്താവാന്‍ ഇന്ന് രണ്ട് ക്ലിക്ക്‌സ്‌ന്റെ ആവശ്യമേ വരുന്നുള്ളൂ. ഒരു റിക്വസ്റ്റ് അയക്കുന്നു. മറ്റേയാള്‍ ആക്‌സെപ്റ്റ് ചെയ്യുന്നു. 

ഏത് പുതിയ സൗഹൃദം പോലെയും അവരും കൗതുകത്തോടെ സംസാരിച്ചു തുടങ്ങി. പക്ഷേ, അവന്‍ ആ സംസാരത്തിനു രണ്ടു ദിവസത്തില്‍ കൂടുതല്‍ ആയുസ്സ് കൊടുത്തില്ല. അവള്‍ പിന്നെയും മിണ്ടിക്കൊണ്ടിരുന്നു. തിരക്കൊഴിയുമ്പോള്‍, മിണ്ടണമെന്ന് തോന്നിയാല്‍ മാത്രം അവന്‍ മറുപടി കൊടുത്തു. 

അവന് അവളും ഒരു കഥയായിരുന്നു. പിടി കിട്ടാത്ത ഒരു കഥ. എന്തിന് അവനെ അന്വേഷിച്ചു വന്നു എന്നതില്‍ മാത്രം അല്പം അദ്ഭുതം ബാക്കി നിന്നു അപ്പോഴും. 

വിശേഷങ്ങള്‍ ചോദിക്കുമ്പോഴെല്ലാം കൂട്ടുകാരുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ദിവസത്തിന്റെ ഓരോ സന്തോഷങ്ങളും അവള്‍ പങ്കു വച്ചു. 

അവളുടെ മുഴുവനാക്കാതെ പോയ കഥയിലെ നായകനെ പറ്റിയും അവന്‍ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു. അതിനെല്ലാം പൊട്ടിച്ചിരിച്ചു കൊണ്ടുള്ള മറുപടിയാണ് നല്കാന്‍ ഉണ്ടായിരുന്നത്. അവള്‍ അഭിനയിക്കാന്‍ ശ്രമിച്ചില്ല. ആരോടും പരാതി പറഞ്ഞില്ല. അപ്രതീക്ഷിതമായി മൗനങ്ങളിലേക്ക് ആഴ്ന്നു പോയെന്ന് തോന്നുമ്പോഴും മുഴക്കത്തോടെ ചിരിച്ചു കൊണ്ട്, പുതിയൊരു കഥ പറഞ്ഞു തുടങ്ങും. 

അവന്‍ ചിലപ്പോഴെല്ലാം അവനു പോലും തിരിച്ചറിയാനാവാത്ത കാരണങ്ങളാല്‍, അവളെ വെറുത്തു. അകന്ന് മാറുമ്പോള്‍ അവള്‍ അടുത്തു ചെന്നു ആദ്യമെല്ലാം. പിന്നീട് അവളും പിറകിലേക്ക് മാറി നിന്നു. അവളുടെ ജീവിതത്തിന്റെ ഒറ്റമുറി വെളിച്ചത്തില്‍ ലോകത്തെ എത്തി നോക്കി ബാല്‍ക്കണിയില്‍ ഇരുന്നു. കഥകള്‍ വായിച്ചു. ഇനിയും എഴുതാത്ത കഥകളെ ഓര്‍ത്തോര്‍ത്തിരുന്നു. വിഷമിച്ചു. സ്വപ്നങ്ങളിലെ വിചിത്രലോകങ്ങളില്‍ ചുറ്റി നടന്ന് ക്ഷീണിച്ചുറങ്ങി. ആകാശം വെളുത്തു വരുമ്പോഴേക്കും അവളുണര്‍ന്ന് പുതിയ ദിവസം തുടങ്ങി. മറവി രോഗം ബാധിച്ചവളെ പോലെ പലരെയും മറന്നെന്ന് തോന്നിപ്പിച്ചു. 

മിണ്ടാന്‍ വരുന്ന ആളുകളെ ഒരിക്കലും പക്ഷേ വീര്‍പ്പിച്ച മുഖം കാണിച്ചില്ല. ഉറങ്ങിയെണീറ്റെന്ന പോലെ തണുത്ത് നനഞ്ഞ്, വെറുതെ ഇരുന്ന് സംസാരിച്ചു. പിന്നീട് പുഞ്ചിരി പൊട്ടിച്ചിരിയിലേക്ക് മാറുമ്പോള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇരു ഫോണുകളിലേക്ക് ഓടിയോടി ചെന്ന്, ഓരോ തവണയും അവരുടെ ഇടയിലെ അകലം കുറച്ചു. 

അവര്‍ അവരുടെ ആരെങ്കിലുമായിരുന്നിടത്തു നിന്ന് ഒന്നുമില്ലായ്മയിലേക്ക് കൂപ്പു കുത്തുന്നിടം ചെന്നെത്തിയിരുന്നെങ്കിലും, അവര്‍ക്ക് ആ കാലഘട്ടത്തില്‍ കൂട്ടായി ആരുമില്ലെന്ന് രണ്ടു പേരുമറിഞ്ഞിരുന്നു. മിണ്ടാതെ ഇരിക്കുന്നതെന്തിന് എന്ന ചോദ്യം മിണ്ടുന്നതെന്തിന് എന്ന ചോദ്യത്തെ നിശ്ശബ്ദമാക്കി കളഞ്ഞു ഓരോ തവണയും. 

അവള്‍ കണ്ട തോമസ് ആയിരുന്നില്ല, അവന്‍ ശരിക്കും. അവന്‍ കണ്ട പെണ്‍കുട്ടി ആയിരുന്നില്ല അവളും. അവര്‍ ആരോ ആയി വന്നു ആരോ ആയി സംസാരിക്കുന്നു. അര്‍ത്ഥമില്ലാത്ത ചില സംഭാഷണങ്ങളെ അവളും ചിലപ്പോഴൊക്കെ ഇഷ്ടപ്പെടാതെ ഇരുന്നു. 

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി. 

അവര്‍ പിന്നീട് കാണുകയുണ്ടായില്ല. വരാം, കാണാം. ഇവിടെല്ലാം കൊണ്ടു നടന്നു കാണിക്കാം. കൂട്ടുകാരെയെല്ലാം കാണാം. എന്തൊക്കെയെന്തൊക്കെ പറഞ്ഞു. ഇത് വഴി പോകുമ്പോ ഇറങ്ങൂ എന്നു ക്ഷണിച്ചു. ഒന്നും ഉണ്ടായില്ല. 

ജീവിതത്തിന്റെ വെവ്വേറെ വഴികളില്‍ അവര്‍ മാറിപ്പോവാന്‍ തുടങ്ങുകയായിരുന്നു. 

പണ്ട് പറഞ്ഞ ഒരു വാക്കിന്റെ ഓര്‍മയില്‍ ആ ദിവസം കാണാന്‍ അവര്‍ തീരുമാനിച്ചതും പെട്ടെന്നുള്ള ഒരാവേശത്തിന്റെ മുകളിലല്ലേ എന്നവള്‍ക്ക് തോന്നാതിരുന്നില്ല. ചിന്തകളെ കാടു കയറാന്‍ വിട്ടാല്‍ ശരിയാവില്ലെന്നറിഞ്ഞു കൊണ്ട്, ആദ്യമെത്തുന്നത് അവള്‍ ആയിരിക്കുമെന്ന് അവള്‍ നിശ്ചയിച്ചിരുന്നു. എന്തിനു കാണുന്നുവെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവസാനത്തെ ആളിക്കത്തല്‍ പോലൊരു തോന്നല്‍. ഇനി കാണില്ലെന്ന് ഉള്ളില്‍ ആരോ പറയുന്നു. 

പറയാത്ത ഒരു കഥ അവന്റെ ഉള്ളു വേവിക്കുന്നുണ്ടെന്ന് കണ്ട ദിവസം തന്നെ തോന്നിയിരുന്നു. ആ കഥയുടെ അറ്റത്ത് ഇരിപ്പുറപ്പിക്കാന്‍ ഉള്ള വ്യാമോഹവുമായി അവനെ അന്വേഷിച്ച് നടന്നിരുന്നു കുറച്ചു കാലം. കെട്ടു പോയ ഒരു തിരി മാത്രമെന്ന് മാറ്റി വച്ചപ്പഴും ഇത്തിരി മോഹം ബാക്കിയാണ്. മോഹത്തിനു ചില സ്വപ്നങ്ങളുടെ ആയുസ്സേ ഉള്ളൂ. ഒരു രാത്രി മുഴുവന്‍ കണ്ടുവെന്നു തോന്നും. പകലിലേക്ക് ഉണരുമ്പോള്‍ എല്ലാറ്റിനും എന്തര്‍ത്ഥമെന്നും. 

സ്വപ്നം പോലെയുണ്ട് ഈ കൂടിച്ചേരലും. പിരിയുന്നതിന്റെ തൊട്ടു മുന്‍പ് വരെ ആയുസ്സുള്ള ഒരു സ്വപ്നം.

അവന്‍ അവളോട് ചേര്‍ന്ന് ബാല്‍ക്കണിയില്‍ നിന്നു. അവിടെ നിന്നാല്‍ കടല്‍ കാണാം. ഒരു വശത്ത് റോഡും പച്ചപ്പിലേക്ക് നീണ്ട വഴിയും. അവര്‍ ഒന്നും സംസാരിച്ചില്ല. പകലിലേക്ക് നോക്കി നിന്നു. 

ഫോണ്‍ വീണ്ടും റിംഗ് ചെയ്തപ്പോള്‍ അവളുടെ മുഖത്ത് ആരോടെന്ന് അറിയാത്ത വെറുപ്പ് കനത്തു വന്നു. അവന്‍ വീണ്ടും ഫോണിലെ സംസാരങ്ങളിലേക്ക്. കയറിയ ഉടനെ ടേബിളില്‍ വച്ച തന്റെ ഫോണ്‍ എന്നോ മരിച്ചു പോയ, ആവശ്യക്കാര്‍ ഇല്ലാത്ത അനാഥപ്രേതം ആയി കിടന്നു. 

അവള്‍ ബെഡ്ഡില്‍ പോയി കിടന്നതും മാന്ത്രികന്‍ ദണ്ഡു കൊണ്ടു തൊട്ടുറക്കിയ രാജകുമാരിയെപ്പോലെ തളര്‍ന്ന് ഉറങ്ങിപ്പോയി. ക്ഷീണം തീര്‍ന്നുണര്‍ന്നത് തന്നെ നോക്കി ചിരിക്കുന്ന കണ്ണുകളിലേക്ക് ആണ്. 

''ഉറങ്ങാന്‍ ആയിരുന്നെങ്കില്‍ എന്നെ ഇത്രേം ദൂരം വണ്ടി ഓടിപ്പിച്ചു വരുത്തണമായിരുന്നോ?''

അവന്റെ ചിരി. 

'ഓഹോ..ആശാന് ഫോണ്‍ വിളി കഴിഞ്ഞും നേരമുണ്ടോ..?' ഇനിയും ഈ റൂമില്‍ ശരിയാവില്ല. ബീച്ചിലേക്ക് ഇറങ്ങാമെന്ന് തോന്നി അവള്‍ക്ക്.  

അവനു പോവാന്‍ സമയം ആയില്ലേ എന്ന് ചിന്തിച്ചെങ്കിലും അവള്‍ ഒന്നും ചോദിച്ചില്ല. പറയാന്‍ ഉണ്ടെങ്കില്‍ പറയും. പറയാത്തത് അവരുടെ നഷ്ടം. കേള്‍ക്കാത്തവര്‍ക്ക് എന്ത് നഷ്ടപ്പെടാന്‍ ആണ്. 

വൈകുന്നേരം കാപ്പി കുടി കഴിഞ്ഞ്, സ്വര്‍ണ നിറമുള്ള ബീച്ചിലെ മണലിലേക്ക് കാല്പാദങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ അവന്‍ അവളെ നോക്കി. അവളുടെ, കാറ്റില്‍ പാറിയ തലമുടി അവന്റെ ഷര്‍ട്ടിന്റെ കൈകളിലേക്ക് ഉരുമ്മി നിന്നു. തല കുനിച്ചു നടക്കുമ്പോള്‍ അവന്‍ ചോദിച്ചു. 

''ഇവിടുന്ന് പോവാണെന്ന് പറഞ്ഞത്, ശരിക്കും പറഞ്ഞതാണോ?'' 

''അതെ..'' 

''എന്തിനാ പോവുന്നേ..?'' 

''എന്തിനാ നില്ക്കുന്നെ..?'' 

''...'' 

''നില്ക്കാന്‍ കാരണം ഇല്ലാതാവുമ്പോള്‍, കാരണം കണ്ടെത്താന്‍ വേണ്ടിയും ആളുകള്‍ ഓടിപ്പോവും..'' 

''....'' 

കഴിഞ്ഞ കഥകളെ കാറ്റിനു വിട്ടു കൊടുത്ത് നനവില്ലാത്ത മണലില്‍ കടലിലേക്ക് നോക്കി ഇരിക്കുമ്പോള്‍ അവള്‍ ചോദിച്ചു: 

''നീയെന്തിനാ വന്നത്..?'' 

നിശ്ശബ്ദം. 

''വരേണ്ട ആവശ്യം ഇല്ലായിരുന്നു ശരിക്കും. പിന്നെ, എന്നെ ഹാപ്പി ആക്കാന്‍ വന്നതാണോ?'' 

''ഇവിടിപ്പോ എന്താ പ്രെശ്‌നം..? ഞാന്‍ എന്തെങ്കിലും പറഞ്ഞോ നിന്നെ?'' 

''ഇല്ല, പറഞ്ഞില്ല. പറയില്ല.'' 

''പിന്നേ..?'' 

''പിന്നൊന്നുല്ല..തിരിച്ചു പോവാം. മതി.'' 

അവളുടെ കൈവിരലുകളില്‍ മണല്‍ത്തരികള്‍ പറ്റിക്കിടന്ന് തിളങ്ങുന്നത് അവന്‍ കണ്ടു. മാന്ത്രികതയുടെ അവശേഷിപ്പുകള്‍. 

അവര്‍ എഴുന്നേറ്റു. 

തിരിച്ചു നടന്നു.  

റൂമില്‍ കയറിയെങ്കിലും അവള്‍ ഇരുട്ടില്‍ അലിഞ്ഞില്ലാതാവാന്‍ ആഗ്രഹിച്ചു. അവന്റെ ചുറ്റിലും നിറഞ്ഞ ഇരുട്ട്. അവനെ വഴി തെറ്റിക്കുന്ന, തട്ടി വീഴ്ത്തുന്ന, കണ്ണില്‍ കുത്തിക്കയറി 'എന്തൊരിരുട്ടാണിതെന്ന്' അവനെക്കൊണ്ട് പറയിക്കുന്ന അത്രയും ഇരുട്ട്. രാത്രി. രാത്രിയുടെ ഓര്‍മ എന്താണ്. രാത്രിക്കും ഓര്‍മകള്‍ ഉണ്ടോ..? 

ഓര്‍ത്തോര്‍ത്തവള്‍ നില്ക്കുമ്പോള്‍ പിന്‍കഴുത്തില്‍ അവന്റെ ശ്വാസം.

അവന്റെ കൈകള്‍ അവളെ മെല്ലെ പിറകില്‍ നിന്നും ചേര്‍ത്തു നിര്‍ത്തി.  

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവള്‍ക്ക് ഒന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു. 

അവന്‍ അവളെ കൈ പിടിച്ചു, കണ്ണുകളിലേക്ക് ഉറ്റു നോക്കി. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. 

അവന്റെ കണ്ണുകള്‍ നിറയുന്നത് ആദ്യമായി അവള്‍ അറിഞ്ഞു. ചൂടുള്ള മുത്തുകള്‍ നെറ്റിയില്‍ വീണു പൊള്ളി. 

അവള്‍ക്കവനോട് വെറുപ്പ് തോന്നി.

അവളോടും ആ രാത്രിയോടും.

ആ ജീവിതത്തോടും വെറുപ്പു തോന്നി. 

അന്ന് തിരിച്ചു പോവുന്നില്ലെന്ന് അവന്‍ പറഞ്ഞതൊന്നും അവള്‍ക്ക് കേള്‍ക്കണമെന്ന് തോന്നിയില്ല. 

പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. അവന്റെ മുഖം മാറുന്നത് അവള്‍ക്ക് കാണാമായിരുന്നു. 

ബാല്‍ക്കണിയിലെ തണുപ്പിലേക്ക് ചാരി നില്ക്കുമ്പോള്‍, പുറത്ത് ഇരുട്ട് കനത്ത് കനത്ത് നേര്‍ത്തു പോവാന്‍

തുടങ്ങിയിരുന്നു. നിലാവെളിച്ചം പോലെ കടല്‍ ഒഴുകിയിളകുന്നു. അവന്റെ ശബ്ദം റൂമില്‍ നിന്ന് പതിയെ തെന്നി വീഴുന്നു കാതിലേക്കും. കേള്‍ക്കണ്ടെന്ന് കരുതിയെങ്കിലും, അറിയാതെ ശ്രദ്ധിച്ചു പോവുന്നു. 

ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടാണ് അവന്‍ അവളുടെ അടുത്തേക്ക് വന്നതെങ്കിലും മുഖത്തെ പ്രകാശം മാഞ്ഞു പോയിരുന്നു. 

വിഷമിപ്പിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കിലും അത് തന്നെയാണ് ചെയ്യാന്‍ പോവുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു. 

'എന്നാണ് വിവാഹം?'

'ജനുവരി 22'.

ജനുവരിയുടെ നഷ്ടങ്ങള്‍. അവള്‍ ഉറക്കെ ചിരിച്ചു പോയി.

ആ ചിരി അവനു പുതിയതായിരുന്നു.

അവളോട് നേരത്തെ പറയേണ്ടതായിരുന്നോ എന്ന് ചിന്തിക്കുമ്പോഴും,

കാരണം അന്വേഷിക്കാന്‍ അവനു തോന്നിയില്ല. പക്ഷേ അവള്‍ പറഞ്ഞു. 

'അവന്റെ കല്യാണം ആണ്, അന്ന്.' 

ഒന്നു നിര്‍ത്തി, കണ്ണിലേക്ക് നോക്കി നിന്നു. ഹൃദയത്തെ തൊടുന്ന നോട്ടം അവനെയും കടന്ന് അനന്തതയിലേക്ക് നീങ്ങി. 

'നിങ്ങളെല്ലാം എങ്ങോട്ടാണോടി പോവുന്നതെന്ന് ആലോചിക്ക്യാരുന്നു ഞാന്‍.' 

അവന്റെ മുഖത്ത് വിഷമം ഒരു നിഴല്‍ വീഴ്ത്തി. 

'ഞാന്‍ മാത്രം ഓടാതിരിക്കുന്നതെന്തിന്. ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്, അങ്ങനെ ഓടി ഓടി തളര്‍ന്നു, ഞാന്‍ വീണ്ടും ഇവിടെ തന്നെ എത്തുമായിരിക്കും, അല്ലേ..?' 

'.......' 

'അന്ന്, ഇവിടം ശൂന്യമായിരിക്കും. നമ്മുടെ ഓര്‍മകള്‍ക്കും ഈ മണലിലെ കാല്പാടുകള്‍ക്കും മുകളിലൂടെ ഒരുപാട് പേര്‍ നടന്നു പോയ്ക്കഴിഞ്ഞിരിക്കും.

അന്ന്, ഒറ്റയ്ക്കല്ലെങ്കില്‍... ഞാന്‍ ഒരു കഥ പറയുന്നുണ്ടാവും.

ആ കഥയില്‍ ഒരു പെണ്‍കുട്ടി ഉണ്ടാവും. ഒരു പെണ്‍കുട്ടി മാത്രം.

അത്, അന്നത്തെ ഞാന്‍ ആയിരിക്കില്ല.' 

കാഴ്ചകളെ മറച്ചു കൊണ്ട് രാത്രിയിലേക്ക് മഞ്ഞിറങ്ങി വരാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

click me!