ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അഞ്ജുഷ കെ ബാലു എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഈ മണ്ണിന്റെ അവകാശികളാരാണ് എന്ന ചോദ്യം അവരോരുത്തരും സ്വയം ചോദിച്ചുകൊണ്ടിരുന്നു. നേരം വെളുക്കാനിനിയും നാഴികകള്‍ ബാക്കി നില്‍ക്കെ ചെറുസംഘങ്ങളായി ആ മണ്ണിലേക്കിങ്ങനെ രഹസ്യമായി നീങ്ങേണ്ടി വരുമെന്ന് അവരാരും ചിന്തിച്ചിരുന്നില്ല.
മുന്‍പത്തെപോലെയല്ല നിയമം വന്നിരിക്കുന്നു പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹമാണ് ശിക്ഷ!
'നമ്മള്‍ എത്രപേരുണ്ട്?' മുന്‍പേ നടക്കുന്ന വൃദ്ധന്റെ കൈപിടിച്ചുനിന്ന കുട്ടി ചോദിച്ചു.
'ആര്‍ക്കറിയാം...ഇന്നലെ എന്നോടൊപ്പം പത്തുപേരുണ്ടായിരുന്നു' -വൃദ്ധന്‍ മറുപടിപറഞ്ഞു.
'ഇന്നലെ പോലീസ് ഉണ്ടായിരുന്നോ?'
''പട്രോളിംഗ് ശക്തമാണ്, പിടിക്കപെടാതെ സൂക്ഷിക്കണം'- വൃദ്ധന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
'എന്തുകൊണ്ടാണ് നമ്മളീ മണ്ണ് വിട്ടുകൊടുക്കാത്തത?' അവനു സംശയമേറി.
'പണമില്ല വെള്ളമില്ല.. വേറെ നിവൃത്തിയില്ല, ദൈവം തുണ'-അയാള്‍ തന്റെ കയ്യിലുള്ള ലോട്ടയിലെ അര ഗ്ലാസ് വെള്ളത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.
ബാലന്‍ തിരിഞ്ഞുനോക്കി. അച്ഛനും ചേട്ടനും കുടങ്ങള്‍ ഏന്തുന്നവരായതിനാല്‍ ഏറ്റവും പിറകിലാണ്. അവരുടെ കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ അവന് ദുഃഖം തോന്നി.
'എത്രനാളീ രഹസ്യയാത്ര വേണ്ടിവരും?'
'കരുത്താര്‍ജിക്കും വരെ. ശക്തികൊണ്ടോ സമ്പത്തുകൊണ്ടോ പിടിച്ചുനില്‍ക്കാനാകും വരെ'- വൃദ്ധന്‍ ചുറ്റും നിരീക്ഷിച്ചുകൊണ്ട് മറുപടി നല്‍കി.
'ഞാനും കുടം താങ്ങുമോ?' അവനാധിയായി.
'കുടിലിലെ സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു മാര്‍ഗം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, ഇതവരുടെ കൂടി മണ്ണായിരുന്നു. നശിച്ച നിയമങ്ങള്‍. നിന്റെ ലോട്ടയില്‍ നിറയെ വെള്ളമുണ്ടല്ലോ?' - വൃദ്ധന്‍ തന്റെ വയറ്റില്‍ മുറുകെപ്പിടിച്ചു അതിശയത്തോടെ ചോദിച്ചു.
'ഇതു ഞങ്ങള്‍ മൂന്നുപേര്‍ക്കുമുള്ളതാണ്..'-ബാലന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി പിറകില്‍ അച്ഛനും ചേട്ടനുമുണ്ടെന്നുറപ്പ് വരുത്തി.
വഴി കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുതുടങ്ങി, മുന്നിലതാ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണ്ണ്.
വെയിലിനുപോലും തുരന്നു കയറാനാകാത്തവിധം മരങ്ങള്‍ കുടപിടിച്ച ഇവിടമാണ് കാക്കികുപ്പായക്കാരുടെ ടോര്‍ച്ചുലൈറ്റുകള്‍ വലിഞ്ഞുകയറാന്‍ നോക്കുന്നത്.
വൃദ്ധന് ചിരി പൊട്ടിയെങ്കിലും അയാളത് പ്രകടമാക്കിയില്ല.
ആളുകള്‍ പരസ്പരം പിരിഞ്ഞു ഓരോ മരത്തിനടിയിലേക്കും നീങ്ങി.
എങ്ങും കനത്ത നിശബ്ദത
രണ്ട്
രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കൂട്ടംകൂടുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഇരുപത്തിമൂന്നു ഗ്രാമീണര്‍ പിടിയിലായി എന്ന വാര്‍ത്ത വലിയ തലക്കെട്ടുകളില്‍ പിറ്റേദിവസം പത്രങ്ങളില്‍ വന്നു.
പോലീസ് മേധാവി ന്യായാധിപന് മുമ്പില്‍ മണ്‍കുടങ്ങളും ലോട്ടകളുമടക്കം നിരവധി തെളിവുകള്‍ സമര്‍പ്പിച്ചു.
'കുറ്റം ഗൗരവമേറിയതാണ്, ആ മണ്ണിലേക്ക് പോകരുതെന്ന് വിലക്കിയിട്ടും നിങ്ങളാരും അത് ഗൗനിക്കുന്നതായി തോന്നുന്നില്ല' ന്യായാധിപന്‍ മുഖം കടുപ്പിച്ചു.
'വേറെ മണ്ണില്ല..ഞങ്ങളുടെ മുതുമുത്തച്ഛന്മാരെല്ലാം ഇവിടം സ്വന്തമാണ് എന്നാണ് പഠിപ്പിച്ചത്, ഞങ്ങള്‍ക്ക് മറ്റൊരിടമെങ്കിലും അനുവദിക്കുക'- വൃദ്ധന്റെ സ്വരമിടറി.
'നിയമലംഘനം തടയുക മാത്രമാണ് പോലീസിന്റെ ലക്ഷ്യം. സ്വന്തം വീടുകളില്‍ തന്നെ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് പൗരന്റെ ഉത്തരവാദിത്വമാണ്'- പോലീസ് മേധാവി അയാളെ തുറിച്ചുനോക്കി പറഞ്ഞു.
'പണമില്ല, വെള്ളമില്ല..ഒന്നിനും'- കൂട്ടത്തിലാരോ ഉറക്കെ പറഞ്ഞു.
'അത് ഞങ്ങളുടെ വിഷയമല്ല, ഒരു തവണ കൂടി മാപ്പാക്കുന്നു. നാനൂറുരൂപ പിഴയീടാക്കി വിട്ടയക്കുന്നതാണ്'- ന്യായാധിപന്‍ ഉത്തരവിറക്കി.
'അഴിയാണ് ഭേദം ..പിഴയടക്കാന്‍ ആവതില്ല' വൃദ്ധന്‍ നിസ്സഹായനായി മറുപടി നല്‍കി.
'രാജ്യം എല്ലാവരുടേതുമാണ്. ലോകത്തിനു മുന്‍പില്‍ എത്രനാള്‍ മതിലുകള്‍ പണിത് കാഴ്ചകള്‍ മറക്കാനാകും, നിയമം ശക്തമാക്കുന്നത് എല്ലാവര്ക്കും വേണ്ടിയാണ്?' പോലീസ് മേധാവി എന്തെല്ലാമോ പറയുവാന്‍ ശ്രമിച്ചു.
'പണമില്ല..ദയവുണ്ടാകണം' വൃദ്ധന്‍ പിന്നെയും കേണുപറഞ്ഞു.
'കാലാവധി തരാം' മറുപടി വന്നു.
ഗ്രാമീണര്‍ വേദനയോടെ പുറത്തിറങ്ങി. കുടങ്ങള്‍ നശിപ്പിക്കുവാന്‍ ഉത്തരവിട്ടതിനാല്‍ ഒന്നുപോലും അവര്‍ക്കാര്‍ക്കും തിരികെ ലഭിച്ചില്ല.
'നമ്മളെന്ത് ചെയ്യും?' ബാലന്‍ വൃദ്ധന്റെ ശോഷിച്ച കൈ പിടിച്ചു പോകുന്നതിനിടയില്‍ ചോദിച്ചു.
'വായ കീറിയ ദൈവം തന്നെ അല്ലെ മൂടും കീറിയത്...അപ്പോള്‍ വഴിയും അവനുണ്ടാക്കും' അവര്‍ നടന്നു നീങ്ങി.
അവര്‍ക്കെതിരെ മറ്റൊരു ജാഥ വരുന്നുണ്ടായിരുന്നു. ബാലന്‍ അവര്‍ പിടിച്ച വലിയ ബോര്‍ഡ് വായിക്കുവാന്‍ തുടങ്ങി.
'ഓപ്പറേഷന്‍ ഗുഡ്‌മോണിംഗ് അഥവാ പൊതുമലമൂത്രവിസര്‍ജന നിരോധന യജ്ഞത്തിന് അഭിനന്ദനങ്ങള്‍'
(ഓര്‍മ്മ: ഔറംഗബാദിനടുത്തുള്ള സില്ലോദില്‍ പൊതു മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ 23 ഗ്രാമീണരെ അറസ്റ്റ് ചെയ്ത വാര്‍ത്ത.)