ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.അനാര്‍ക്കലി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വെയിലസ്തമിച്ച വഴിയിലൂടെ നടക്കാന്‍ ഇഷ്ടമാണ്. ആ വഴികള്‍ക്ക് പൂക്കളുടെ തീക്ഷ്ണ നിറമാണ്.
എങ്ങുനിന്നോ വന്നുകയറിയ രണ്ടു പൂച്ചകള്‍ ഈയിടെയായി എന്റെ നടത്തങ്ങള്‍ക്ക് അകമ്പടിയാകുന്നുണ്ട്. അവറ്റകള്‍ എന്നെയാണോ, ഞാന്‍ പോകുന്ന വഴിയെയാണോ ഇഷ്ടപ്പെടുന്നത് എന്നെനിക്കറിയില്ല. നടത്തക്കിടെ അവര്‍ പരസ്പരം മുട്ടിയുരുമ്മാറുണ്ട്. ഇഷ്ടപ്പെട്ടയിടങ്ങളെ അവര്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണെന്ന് ഞാന്‍ നിരീക്ഷിക്കും.
പിന്നീടുള്ള നടത്തങ്ങളില്‍ ഞാനെന്റെ വഴിയെ മറന്നു. അവരെ മാത്രം കണ്ടു. സ്വയം തേടലിനേക്കാള്‍ എളുപ്പം പിന്‍തുടരലാണ്.
ഞങ്ങളുടെ ഹൗസിങ് കോളനി തീരുന്നയിടത്തെ വഴി പിന്നിട്ട് രണ്ടു മൈല്‍ നടന്നാല്‍ രണ്ടു മൊട്ടക്കുന്നുകള്‍ കാണാം. ആ കുന്നുകള്‍ക്കിടയിലൂടെ സൂര്യന്‍ മറയുന്നതുവരെ, ഞങ്ങള്‍ അതിനുനേരെ കുറച്ചു താഴെയുള്ള കലുങ്കിലിരുന്ന് കാറ്റ് കൊള്ളും. തിരികെ അതേ വഴി പിടിക്കും.
പൂച്ചകള്‍ എനിക്കുമുമ്പേ ഓടിച്ചാടി കളിച്ച് നടക്കും. നടപ്പാതക്കൊരു വശത്തായി വളഞ്ഞു ചാഞ്ഞ കൊമ്പുകളുള്ളൊരു കശുമാവുണ്ട്. അസ്തമനം വന്ന് അതിനു പിന്നില്‍ വീഴുമ്പോള്‍ എനിക്കൊരു കല്‍പ്പനാശക്തി കിട്ടും.
അതിനപ്പുറത്ത് മറ്റേതോ ഭാഷ സംസാരിക്കുന്ന ഒരിടം. അപരിചിതരും തിരക്കിട്ടു സഞ്ചരിക്കുന്നതുമായ മനുഷ്യര്‍. ദീര്‍ഘദൂരത്തേക്കു തിരിക്കുന്ന തീവണ്ടികള്‍. അലസമായിക്കിടക്കുന്ന മൈതാനം. നേര്‍ത്ത കാറ്റിന്റെ സാരള്യം. കൗതുകകരമായ സംഗതികളെ ഹൃദയ രഹസ്യമായി സൂക്ഷിച്ച് ആനന്ദിക്കുന്ന നിഗൂഢ വിദ്യ വശമാക്കിയിരുന്ന ഞാന്‍ ഒരിക്കലും എന്റെ പാദങ്ങളെ വശത്തെ കാഴ്ച്ചക്കപ്പുറത്തെ മനോരാജ്യത്തിലേക്ക് മുറിച്ചുകടക്കാന്‍ അനുവദിച്ചിരുന്നില്ല.
ഒരു ദിവസം പൂച്ചകളെന്നെ വഴിതെറ്റിച്ചു.
കലുങ്കിലേക്കുള്ള സഞ്ചാരത്തിനിടെ നേര്‍ദിശയില്‍നിന്ന് പൊടുന്നനേ വെട്ടിത്തിരിഞ്ഞ് അവര്‍ കശുമാവിനിടയിലേക്ക് യാത്ര തുടര്‍ന്നു. ഒത്തിരിദൂരം പിന്നിട്ട് ഞങ്ങള്‍ നിരപ്പായ ഒരു ഭൂമികയിലെത്തി. എത്തിയപാടെ പൂച്ചകളവിടെ ഉരുണ്ടുപിരണ്ട് കളിക്കാന്‍ തുടങ്ങി. ഞാനവിടെയൊരിടത്ത് ഇരിപ്പുറപ്പിച്ചു. കുറേ ചെറു സസ്യങ്ങളായിരുന്നു അവിടെ നിറയെ. അതിന്‍ തുമ്പത്ത് ചാഞ്ചാടി കുറേ ചെറുകിളികളും! ഇത്തിരി കഴിഞ്ഞപ്പോള്‍ പൂച്ചകളും കിളികളും കൂട്ടുകൂടി കളിക്കുന്നതു കണ്ടു.
സന്ധ്യ ചാഞ്ഞു.
എപ്പോഴാണാവോ മടക്കം. ഞാന്‍ അവരെ നോക്കി. കിളികള്‍ പറന്നകന്നതും പൂച്ചകള്‍ വന്നവഴിയേ നടന്നു. പിന്നാലെ ഞാനും.
പിറ്റേന്നു വൈകീട്ട് മൊട്ടക്കുന്നിനു സമീപം വച്ച് ഞങ്ങളുടെ വഴിയില്‍ സ്ഥിരം കാണാറുള്ള റിട്ടയേര്‍ഡ് പൊലീസുദ്യോഗസ്ഥനെയും അയാളുടെ അള്‍സേഷ്യന്‍ നായയേയും കണ്ടു. ആ നായയും പൂച്ചകളും തമ്മിലത്ര രസത്തിലല്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ല.
അയാളും ഞാനും തമ്മില്‍ അപരിചിതരെപ്പോലെയാണ്. പൂച്ചകളെ നേര്‍ക്കുനേര്‍ കണ്ടതും നായ മുരണ്ടു. അവര്‍ തിരിച്ച് മുറുമുറുത്തു. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നോട് ചൂടായി
'എന്റെ അള്‍സേഷ്യനെക്കാണുമ്പോള്‍ നിങ്ങളുടെ പൂച്ചകള്‍ക്ക് വല്ലാത്ത മുറുമുറുപ്പാണ്'
'അതിന് ഞാനെന്തു ചെയ്യാനാണ്?'-അമ്പരപ്പോടെ അയാളെ നോക്കി.
'നിങ്ങള്‍ പെരുമാറ്റ ശീലം പഠിപ്പിക്കാത്തതിന്റെ കേടാണ് പൂച്ചകള്‍ക്ക്'
' അതിനു ഞാനവരുടെ യജമാനയല്ല'
'പൂച്ചകളും നിങ്ങളും കൂടി ഇതുവഴി സര്‍ക്കീട്ടടിക്കുന്നത് ഞാനെത്ര നാളായി കാണുന്നു'
'എന്നു കരുതി ഞാനവരുടെ യജമാനയല്ല'
'പിന്നെ അവരാണോ നിങ്ങളുടെ യജമാനര്‍'
'ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊന്നില്ല'
'നിങ്ങളോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല'
അയാള്‍ തന്റെ അള്‍സേഷ്യനെയും പിടിച്ച് സ്ഥലം വിട്ടു.
പൂച്ചകള്‍ ഭാവഭേദമില്ലാതെ കലുങ്കില്‍ക്കയറി ഇരിപ്പായി.
'നിങ്ങള്‍ തരക്കേടില്ലല്ലോ' ഞാന്‍ പൂച്ചകളെ തട്ടിത്തടവി. ഒന്നു മൂളിയിട്ട് അവ മൊട്ടക്കുന്നിലേക്ക് തല പിടിച്ചിരുന്നു.
പിറ്റേന്ന് പൂച്ചകള്‍ വീണ്ടും വഴിതിരിഞ്ഞ് സഞ്ചരിച്ചു.
ഇക്കുറി ഞങ്ങളെത്തിയത് മനോഹരമായ ഒരു ഇടത്തരം വീട്ടുമുറ്റത്താണ്.
പൂച്ചകളെ കണ്ടതും ഉദ്യാനത്തില്‍ നിന്ന് പൂവ് പോലെ സുന്ദരമുഖമുള്ള രണ്ട് ചെറിയ ആണ്‍കുട്ടികള്‍ ഓടിത്തുള്ളി വന്നു. അവര്‍ പരിചിതരെപ്പോലെ സംജ്ഞകള്‍ കാട്ടി കളികളില്‍ ഏര്‍പ്പെട്ടു. എനിക്ക് ആ ചുറ്റുപാടിനോട് അല്‍പ്പംപോലും അപരിചിതത്വം തോന്നിയില്ല. കുട്ടികളും പൂച്ചകളും ഉദ്യാനത്തിലും മുറ്റത്തുമായി കളിച്ചു നടക്കുമ്പോള്‍ വീടിനകത്തു നിന്നും കുട്ടികളുടെ മുത്തശ്ശിയെന്നു തോന്നിക്കുന്ന ഒരാള്‍ ഇറങ്ങിവന്നു.
വെള്ളക്കസവും കരിമണിമാലയുമണിഞ്ഞ അവര്‍ സ്‌നേഹപൂര്‍വം എന്നെ അകത്തേക്കു ക്ഷണിച്ചു. പരിചിത മുഖം!
ഞാന്‍ അവര്‍ക്കൊപ്പം അകത്തു കയറി. കുട്ടികളും പൂച്ചകളും അതൊന്നും ശ്രദ്ധിക്കാതെ കളിച്ചുല്ലസിക്കുകയാണ്. ആ അമ്മയെന്നെ സ്വീകരണ മുറിയിലിരുത്തിയിട്ട് ചായ എടുക്കാന്‍ അടുക്കളയിലേക്ക് പോയി. ലളിതാലങ്കാരങ്ങള്‍ മാത്രമുള്ള ആ സ്വീകരണ മുറി ശാന്തവും സ്വസ്ഥവുമായിരുന്നു.
അവിടേക്ക് അകമുറിയില്‍ നിന്നും കുറ്റിത്താടിയുള്ള ശാന്ത ഗംഭീരനായ ഒരു മധ്യവയസ്‌ക്കന്‍ ഇറങ്ങിവന്നു. ലുങ്കിയും സ്ലാക്ക് ഷര്‍ട്ടുമായിരുന്നു വേഷം. അയാളെന്നെ അഭിവാദ്യം ചെയ്തിട്ട് ചോദിച്ചു
'ഇപ്പോള്‍ വന്നതേയുള്ളോ?'
'അതെ'
'സുഖമാണോ'- അയാള്‍ എനിക്കടുത്തായി കസേര വലിച്ചിട്ടിരുന്നു
'മ്... നിങ്ങള്‍ക്കോ?'- മറുപടി പറയാതെ സ്‌നേഹവായ്‌പ്പോടെ അയാളെന്നെ നോക്കിയിരുന്നു.
'അകത്തേക്ക് വരൂ. നിനക്കിഷ്ടമുള്ള സംഗീതം കേള്‍പ്പിക്കാം' അയാള്‍ അല്‍പ്പനേരത്തെ മൗനം മുറിച്ചു.
'ഞാന്‍ പോയെന്ന് അമ്മയോട് പറഞ്ഞേക്കൂ'- ഞാനെണീറ്റു.
'അമ്മയോ!'
'ങ്ഹാ. എന്നെയിവിടെയിരുത്തിയിട്ട് ചായ എടുക്കാന്‍ പോയതാണ്'
'അമ്മ പോയിട്ടും ആ സാന്നിധ്യം ഇവിടെത്തന്നെയുണ്ട്. നിന്നെ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നു'- അയാളുടെ കണ്ണുകള്‍ എന്തോ തിരഞ്ഞു.
'വരൂ നിനക്കിഷ്ടമുള്ള സംഗീതം കേള്‍പ്പിക്കാം. അന്നതിനൊന്നും പറ്റിയിരുന്നില്ല'
'ഇരുള്‍ വീഴാറായി. ഞാന്‍ പോട്ടെ'
' നിന്റെ സാരി നന്നായിരിക്കുന്നു. അന്നിതുപോലൊന്ന് വാങ്ങിത്തരാന്‍ കഴിഞ്ഞില്ല'
ഞാന്‍ നടന്നു.
പൂച്ചകള്‍ കാത്തുനില്‍പ്പുണ്ട്.
കുട്ടികള്‍ കളിച്ച് തളര്‍ന്നിരിപ്പാണ്.
അയാള്‍ പുറകെ വന്നു. 'ഇനിയെന്നാ വരിക?'
'അറിയില്ല'
''നിന്റെ പരിഭവം എനിക്ക് മനസ്സിലാവും'
ഞാനൊന്നും മിണ്ടിയില്ല.
പൂച്ചകള്‍ എനിക്കുമുമ്പേ നടന്നു. അതുവരെ മിണ്ടാതെനിന്ന കുട്ടികള്‍ മുറ്റം കടക്കുമ്പോള്‍ എന്റെ അടുത്തുവന്ന് ചോക്ലേറ്റ് തന്നിട്ട് പറഞ്ഞു- 'അമ്മ ഇനിയും വരണം.'
ഇരുവരുടേയും കവിളില്‍ത്തലോടി ഞാന്‍ തിരിഞ്ഞുനടന്നു.
'ഞാനും മക്കളും കാത്തിരിക്കും'- മിണ്ടിക്കൊണ്ട് അയാള്‍ കുറച്ചുദൂരം ഒപ്പം വന്നു. ഞാന്‍ ഒന്നുകൂടി അയാളെ നോക്കിയിട്ട് പൂച്ചകള്‍ക്കു പിന്നാലെ കൂടി.
'നില്‍ക്കൂ'-അയാള്‍ പിന്നില്‍നിന്നു വിളിച്ചു.
'സമയം വൈകി. ഞാന്‍ പോട്ടെ' ഞാന്‍ ധൃതിയിലായി.
'നാളെ നമുക്കൊരുമിച്ച് നിനക്ക് പ്രിയപ്പെട്ട പ്രഭാതം കാണാം. മൊട്ടക്കുന്നുകള്‍ക്കിടയിലെ സൂര്യോദയം കാണാന്‍ നല്ല ഭംഗിയുണ്ടാവും. അന്നൊന്നും ഒപ്പം വരാനായില്ല' അയാളുടെ ശബ്ദം എന്നെ പിന്‍തുടര്‍ന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...