Malayalam Short Story : അവളുടെ ഇഷ്ടങ്ങള്‍, അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jun 6, 2022, 3:26 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

പണികളെല്ലാം തീര്‍ത്ത് വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ടിട്ടില്ലേന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയവള്‍ അകത്തേക്ക് വന്നു. മുറിയിലെത്തിയതും, മുഖത്ത് നൈറ്റ് ക്രീം തേച്ച് തടവി, മുടി ചീവി കെട്ടി കൊണ്ടിരുന്നു. 

അയാള്‍ അവളോടെന്തോ ചോദിക്കാന്‍ വേണ്ടി പരുങ്ങുന്നതു പോലെ തോന്നി അവള്‍ക്ക്. അയാളുടെ മുഖഭാവവും, കൈവിരലുകളുടെ ചലനങ്ങളില്‍ നിന്നും അവളത് ഗണിച്ചെടുത്തു. അല്ലെങ്കിലും അയാളുടെ ഓരോ ചലനങ്ങളും അവളേക്കാള്‍ അറിയുന്ന മറ്റാരുണ്ട്! 20 വര്‍ഷമായില്ലേ അയാളെ കണ്ടു തുടങ്ങിയിട്ട്. അയാളോടൊപ്പം ജീവിച്ചു തുടങ്ങിയിട്ട്. അയാളുടെ ഓരോ അനക്കങ്ങളും എന്തിനാണ്, എങ്ങോട്ടാണെന്ന് അവള്‍ക്ക് ഊഹിക്കാം. തനിക്കിപ്പോഴൊരു മൈന്റ് റീഡറിന്റെ കഴിവുകള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, ഇയാളുടെ കാര്യത്തിലെങ്കിലും! 

അതോര്‍ത്തപ്പോള്‍ അവള്‍ ഊറിച്ചിരിച്ചു. തന്റെ ചിരി അയാള്‍ കാണാതിരിക്കാന്‍ അവള്‍ മേശവിളുമ്പിലേക്ക് നീങ്ങി നിന്നു.


'എന്താടോ തനിക്ക് പറ്റിയേ, അമ്മ പറഞ്ഞല്ലോ താനാകെ മാറിയെന്ന്'

അവള്‍ വായിക്കാന്‍ വേണ്ടി  മേശപ്പുറത്ത് എടുത്തു വെച്ചിരുന്ന പുസ്തകങ്ങള്‍ ഒതുക്കി വെച്ച് അയാള്‍ക്കു നേരെ തിരിഞ്ഞു.

'എനിക്ക് മനസ്സിലായില്ല ഏട്ടാ? എന്താ നിങ്ങള്‍ ഉദ്ദേശിച്ചത്?'

'അല്ല നീ രാവിലെ വേഗം പണികളൊതുക്കി റൂമില്‍ കയറി കതകടക്കുന്നു.'

ഓ! അതോ എന്ന ഭാവത്തില്‍ അവള്‍ അതിനെ നിസ്സാരമാക്കി ചിരിച്ചു.


'താനെന്നില്‍ നിന്നും എന്തെങ്കിലും ഒളിക്കുന്നുണ്ടോ?'

'എന്തൊളിക്കാന്‍? അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഒളിപ്പിക്കാന്‍ ഇവിടെ സ്ഥലമുണ്ടോ, ഈ മുറിയുടെ കാര്യം തന്നെയല്ലേ അമ്മ പറഞ്ഞത് നിങ്ങള്‍ക്ക് തിരഞ്ഞു നോക്കാമല്ലോ?' അവള്‍ കുറുമ്പുകാട്ടുന്ന കുട്ടികളുടെ കുസൃതിയോടെ പറഞ്ഞു.

'ഈ മുറിയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്, തന്റെ മനസ്സിനകത്ത് എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോന്ന്.'

'എന്റെ മനസ്സ്! അങ്ങനെയൊന്നുണ്ടോ? നിങ്ങളത് കണ്ടിട്ടുണ്ടോ! വിവാഹം കഴിഞ്ഞ് ഈ വീട്ടില്‍ വന്നു കയറിയ ശേഷം എല്ലാം നിങ്ങളുടെയിഷ്ടം, നിങ്ങളുടെ സ്വപ്നങ്ങള്‍, നിങ്ങളുടെ ആഗ്രഹങ്ങള്‍ അതെല്ലാം അടുപ്പിച്ച് തരലായിരുന്നല്ലോ എന്റെ ജോലി. നിങ്ങളുടെ മാതാപിതാക്കള്‍, നിങ്ങളുടെ കുടുംബം, നിങ്ങളുടെ കൂടപ്പിറപ്പുകള്‍ അവരെയെല്ലാം നോക്കുക അവരുടെ ഇഷ്ടങ്ങള്‍ സംരക്ഷിക്കുക. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുക. അതായിരുന്നല്ലോ ഉത്തമയായ മരുമകളുടെ കിരീടം ചൂടിയ എന്റെ കടമ!'

ആവേശത്തോടെ സംസാരിച്ചിരുന്നവള്‍ ഒരു വേള ഒന്നു നിര്‍ത്തി ആഞ്ഞ് ശ്വാസം വലിച്ച് മിണ്ടാതെ നിന്നു.

'അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി? അതൊക്കെ നീ ഈ കണ്ട കാലമത്രയും ഇഷ്ടത്തോടെയല്ലേ ചെയ്തത്! എന്റെ അച്ഛനേം അമ്മേം എന്നേക്കാള്‍ ഭംഗിയായി നീയല്ലേ നോക്കിയത്. അവരുടെ ആവശ്യങ്ങളെല്ലാം അവര്‍ പറയാതെ തന്നെ നീയല്ലേ കണ്ടറിഞ്ഞ് ചെയ്തത്. സുനന്ദേടെ കല്യാണം കഴിഞ്ഞ് പോയിട്ടും അവളെ ഇടക്ക് വിളിച്ച് വരുത്തുന്നതും അവള്‍ക്കും മക്കള്‍ക്കും ഇഷ്ടപ്പെട്ടതെല്ലാം വെച്ചൊരുക്കുന്നതും അവള്‍ടെ കുട്ടികള്‍ക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കുന്നതും നീയല്ലേ, പിന്നെ ഇപ്പോഴെന്താ?'

'അതേ, അതെല്ലാം ഞാന്‍ തന്നെ .. പക്ഷേ ഈ 20 വര്‍ഷത്തിനിടക്ക് ഒരിക്കലെങ്കിലും നിങ്ങള്‍ ആരെങ്കിലും എന്റെ ഇഷ്ടങ്ങള്‍ എന്തെന്ന് ചോദിച്ചോ? ഞാന്‍ പറയാതെ ഒരു മൊട്ടുസൂചിയെങ്കിലും എനിക്ക് തന്നോ? ഞാന്‍ നിങ്ങളെ കുടുംബത്തെ പൊന്നുപോലെ നോക്കിയപ്പോള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ എന്റെ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്‌തോ?'

അയാള്‍ ഒന്നും മനസ്സിലാവാത്ത പോലെ, അതെന്തിനെന്ന ഭാവത്തില്‍ അവളെ മിഴിച്ച് നോക്കി.

'എനിക്കുമുണ്ട് അച്ഛനുമമ്മയും. അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? അമ്മ അസുഖമായി കിടന്നപ്പോള്‍ പോലും ഇവിടത്തെ കാര്യങ്ങള്‍ ആരു നോക്കുമെന്ന് പറഞ്ഞ് നിങ്ങളെന്നെ വിട്ടില്ല!'

'നിന്റെ അമ്മയും അങ്ങനെ തന്നെയല്ലേ പറഞ്ഞത്, മോള്‍ ബുദ്ധിമുട്ടി വരണ്ട. ഞങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ ദിവസങ്ങള്‍ നീക്കിക്കോളാമെന്ന്'- അയാള്‍ വീറോടെ പറഞ്ഞു നിര്‍ത്തി.

അവള്‍ അയാളെ പുച്ഛഭാവത്തിലൊന്ന് നോക്കിയപ്പോള്‍ അവളുടെ നോട്ടത്തെ നേരിടാനാവാതെ അയാള്‍ മുഖം തിരിച്ചു.

'അത് പോട്ടെ, ഇപ്പോ നിന്റെയീ മാറ്റത്തിന്റെ അര്‍ത്ഥം?'

ദുര്‍ബലമെങ്കിലും ഇടറിയ ശബ്ദത്തില്‍ അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.

'നിങ്ങള്‍ക്കറിയോ, എനിക്ക് 40 വയസ് കഴിഞ്ഞു. ഇതു വരെ ഞാനൊരു മൂഢസ്വര്‍ഗ്ഗത്തിലായിരുന്നു. നിങ്ങളുടെയെല്ലാം കാര്യങ്ങള്‍ പറയാതെ തന്നെ അതാത് സമയത്ത് ഞാന്‍ ചെയ്തു തരുമ്പോള്‍ നിങ്ങളെന്നെയും അതുപോലെ പരിഗണിക്കും, നിങ്ങള്‍ എന്റെ ഇഷ്ടങ്ങളും മനസ്സിലാക്കും. അവ നിറവേറ്റി തരുമെന്നു കരുതി കാത്തിരുന്നു. പക്ഷേ ഇപ്പോഴെനിക്കറിയാം അത്തരം ചിന്തകളുടെ വിഡ്ഢിത്തം. നിങ്ങള്‍ക്ക് ഞാന്‍ ശമ്പളമില്ലാത്ത ഒരു വേലക്കാരിയും കാര്യക്കാരിയുമായിരുന്നു. ഇനിയും എന്റെ നിവൃത്തിക്കേടുകള്‍ കൊണ്ട് ഞാനീ വീട്ടിലെ ദൈനംദിന കാര്യങ്ങള്‍ എല്ലാം ചെയ്യും. ബാക്കി സമയമെല്ലാം എന്റെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു.'

' നിന്റെ ഇഷ്ടങ്ങള്‍? അതെന്താ?'

'ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, ഞാന്‍ പറഞ്ഞ് നിങ്ങളെന്റെ ഇഷ്ടങ്ങള്‍ അറിയണ്ട. നിങ്ങളുടെ ഇഷ്ടങ്ങളെല്ലാം നിങ്ങള്‍ പറഞ്ഞാണോ ഞാനറിഞ്ഞത്. അറിയാനുള്ള മനസ്സുണ്ടെങ്കില്‍ താനേ അറിയാം'

'സോറി ടോ, താനിപ്പോള്‍ അടുക്കളയിലെ പണികള്‍ കഴിഞ്ഞാല്‍ പിന്നെ പഴയതുപോലെ എല്ലായിടത്തേയും പൊടി തുടച്ചും, മുറ്റത്തെ പുല്ലുകള്‍ പറിച്ചും മറ്റു ജോലികള്‍ ചെയ്തും ഒക്കെ നില്‍ക്കാറുള്ളത് പോലെ ഒന്നും ചെയ്യാതെ മുറിയില്‍ കയറി വാതിലടച്ച് ഇരിക്കുകയും മൊബൈല്‍ നോക്കുകയാണെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍'

'ദേ മനുഷ്യാ, എന്നെ വെറുതെ ഭദ്രകാളിയാക്കല്ലേട്ടാ, ഇനി അവിഹിതം കൂടി എന്റെ തലയില്‍ കെട്ടിവെച്ചാല്‍ മതി. ഒന്നുകൊണ്ടുതന്നെ മനുഷ്യന്‍ മടുത്തു നില്‍ക്കുകയാ'

അവള്‍ അയാള്‍ക്കു നേരെ ചിരിച്ചു കൊണ്ട് കൈകൂപ്പി.

'ഞാനൊരു തീരുമാനമെടുത്തെന്നത് സത്യമാ. നമ്മളിപ്പോള്‍ മധ്യവയസ് പിന്നിട്ട് കഴിഞ്ഞു, കുറെ പൊടി തുടച്ചും പുല്ലു പറിച്ചും സമയം കളയാതെ എനിക്ക് എന്തെങ്കിലുമൊക്കെ വായിക്കണം, കല്യാണത്തിന് മുന്നത്തെ പോലെ എഴുതണം. കുറെ യാത്ര ചെയ്യണം. അങ്ങനെയങ്ങനെ എന്റെ ഇഷ്ടങ്ങളൊക്കെ തിരിച്ച് പിടിക്കണം'

' അപ്പോള്‍ ഞാനോ?'

'നിങ്ങളുടെ ഇഷ്ടങ്ങളെല്ലാം എപ്പോഴും കൂടെയുണ്ടല്ലോ, പിന്നെന്താ'

'എന്നാലും അതെല്ലാം നമ്മുടെ ഇഷ്ടങ്ങളാക്കാടോ ഭാര്യേ.'

'ആ പരിപ്പിനി ഈ കലത്തില്‍ വേവില്ല ചേട്ടാ. ഞാനെന്റെ ഇഷ്ടങ്ങളില്‍ നിന്നും പുറകിലേക്കില്ല.'

ഒരുമിച്ചൊരു പൊട്ടിച്ചിരിയില്‍ അവരുടെ ഇഷ്ടങ്ങള്‍ ഒന്നായി. എന്നാല്‍, എത്രത്തോളം മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കു പിറകേ ഓടിയോടി അതെല്ലാം നടത്തി നല്ല മരുമോളായാലും അവളവളുടെ ഇഷ്ടങ്ങള്‍ കൂടി തിരിച്ചുപിടിച്ചാലേ സന്തോഷിക്കാനാവൂന്ന് അവള്‍ മനസ്സ് കൊണ്ടുറപ്പിച്ച് കഴിഞ്ഞിരുന്നു. അതില്‍നിന്ന് ഇനിയൊരു പിന്‍നടത്തമില്ലെന്നും. 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!