ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഐശ്വര്യ ശ്രീധരന്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഭൂമി ഉരുണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലാണീ യാത്ര. അവസാനിപ്പിച്ചതിലേക്കൊരു തിരിച്ചു പോക്ക്. വിരൂപതയില്‍ നിന്നും സൗന്ദര്യത്തിലേക്ക് മുന്നയെ പറിച്ചു നട്ടിട്ട് വര്‍ഷം പത്തായി. പതിനാറാം വയസ്സിലെ അര്‍ദ്ധരാത്രിയില്‍ സ്വന്തം അച്ഛനോടൊപ്പം ഒളിച്ചോടേണ്ടി വന്ന പെണ്‍കുട്ടിയാണവള്‍.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ മുന്നയുടെ രൂപം മായുന്ന വരെ നോക്കി നിന്നു. പുളിമരത്തിന്റെ നിറവും മണവും തണലുമുള്ള ഓര്‍മകള്‍ക്ക് ഒരുപാടു ദൂരമുണ്ട്. അങ്ങ് ഭരത്പൂര്‍ വരെ.
#
'ഇരുപതു കരവലയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്ത കൂറ്റന്‍ പുളിമരത്തിന് പൂത്തു നില്‍ക്കുന്ന പെണ്ണിന്റെ മണമുണ്ട്..' തന്റെ വസൂരിക്കലയുള്ള മുഖം മുകളിലേക്കുയര്‍ത്തി, ആകാശത്തെ വേര്‍തിരിക്കുന്ന തടിച്ച ചില്ലകളെ നോക്കി നിറം മങ്ങിയ നാഗങ്ങള്‍ പൊഴിച്ചിട്ട നരച്ച നിറമുള്ള കയര്‍ കട്ടിലിലിരുന്നു ലാലിമ്മ കഥ പറഞ്ഞു തുടങ്ങി.
ഭരത്പൂരിന്റെ ജീവനദിയുണ്ടായത് ബേഡിയാ പെണ്ണിന്റെ മുല ചുരന്നിട്ടാണെന്നും, ആ നദിക്കപ്പുറം രക്തമൂറ്റി കുടിക്കുന്ന പിശാചുകള്‍ കാവല്‍ കിടക്കുന്നുവെന്നും വിശ്വസിക്കുന്ന പെണ്ണുങ്ങള്‍ പല നിറത്തിലുള്ള ദുപ്പട്ടകള്‍ കൊണ്ടു മുഖം മറച്ചും, പകുതി മറഞ്ഞും മറയാതെയും വീര്‍പ്പു മുട്ടുന്ന ബ്രേസിയര്‍ വള്ളികളാല്‍ മുറുകി നില്‍ക്കുന്ന മാറിടം കാണിച്ചും മണ്ണില്‍ ചമ്രം പടിഞ്ഞിരിക്കും. ലാലിമ്മ അവരുടെ ഗുരുവാണ്. ലാലിമ്മയുടെ ശിക്ഷണം ഓരോ ബേഡിയാ കുടുംബത്തിന്റെയും പുരോഗതിക്ക് അത്യാവശ്യമാണു താനും.
'ബേഡിയ കുലത്തിലെ ഓരോ പെണ്‍കുട്ടിയും ദേവി രേണുകയുടെ സമ്മാനമാണ്..'
തൂങ്ങിയാടുന്ന വെള്ളി നിറത്തിലെ കമ്മലുകള്‍ ലാലിമ്മയുടെ ഓരോ സംഭാഷണത്തിനും താളം പിടിക്കും. കൈകള്‍ ശൂന്യതയില്‍ പല ചിത്രങ്ങള്‍ വരയ്ക്കും. ഓരോ ദിവസവും ഓരോ വിഷയമാണ് അവര്‍ സംസാരിക്കുക. കുലത്തിലെ പുരുഷ കേസരികള്‍ ചില പ്രത്യേക ദിവസങ്ങളില്‍ ഒളിഞ്ഞിരുന്നു ലാലിമ്മയുടെ വിവരണം കേള്‍ക്കാന്‍ ആഗ്രഹിക്കും. അവരുടെ വാക്കുകള്‍ പോലും പുരുഷനെ പുളകിതനാക്കും. ഓരോ പുരുഷനെയും സന്തോഷിപ്പിക്കേണ്ടത് വേശ്യയുടെ ദൗത്യമാണ്. വേശ്യയ്ക്ക് വേണ്ട വശ്യത അതു രൂപത്തിലും ഭാവത്തിലും കൃത്യമായി പ്രകടിപ്പിക്കുന്നതിലെ രസതന്ത്രം അവര്‍ക്ക് നല്ലവണ്ണം അറിയാം. വിവരണത്തിന്റെ ഓരോ വരിയും ചമ്രം പടിഞ്ഞിരിക്കുന്ന സ്ത്രീയേയും ഒളിഞ്ഞു നോക്കുന്ന പുരുഷനെയും തമ്മില്‍ ബന്ധിപ്പിക്കും.
പലപ്പോഴും എനിക്കു തോന്നാറുണ്ട്, പെണ്ണുങ്ങളെല്ലാം നദികളെപ്പോലെയാണെന്ന്, പേരറിയാത്ത മാലിന്യങ്ങള്‍ പേറി ഉപ്പുതരിയില്‍ കലര്‍ന്ന് സ്വയമില്ലാതാവവാന്‍ ഒഴുകേണ്ടവര്‍. കടലുകള്‍ പോലും മാറ്റി നിര്‍ത്തുന്ന ചില ജീവിതങ്ങളുണ്ട്. കടലിലേക്കു പോവാനാവാതെ മരിച്ചു പോവേണ്ടി വരുന്ന ചില നദികള്‍. പോകുന്നിടമെല്ലാം പുഷ്പ്പിച്ചുവെങ്കിലും വിജനമായ മരുഭൂമിയില്‍ ദാരുണാന്ത്യം വഹിക്കുന്ന ലൂണി നദിയാണ് ഓരോ ബേഡിയ പെണ്ണും. തന്റെ യാത്ര മരുഭൂവിലേക്കാണെന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും വെറും നീര്‍ച്ചാലായി മാറിയിട്ടുണ്ടാവും. കൊടും ചൂടില്‍ നീരാവിയായ്, വന്ന വഴി പോലും ഓര്‍ത്തെടുക്കാനാവാതെ പോവുന്നവര്‍.
രജപുത്രരുടെ നാടായ രാജസ്ഥാനില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരങ്ങളും, പേരു കേട്ട പുഷ്‌കര്‍ മേളയും, മണലലകള്‍ തീര്‍ത്ത ഥാര്‍ മരുഭൂമിക്കുമപ്പുറം ശരി തെറ്റുകളെ മാറ്റി നിര്‍വചിക്കുന്ന ചില ജില്ലകളും കാണും. ശരിയുടെ വസ്ത്രമണിഞ്ഞ തെറ്റുകള്‍. ഓരോ വീടിനു മുമ്പിലും കാണാം 'ബാപ്പൂ വരൂ.. കുറച്ചു ക്ഷീണം തീര്‍ത്തു പോവാം..' എന്നു പറയുന്ന പെണ്‍രൂപങ്ങള്‍. അവര്‍ അവരെത്തന്നെ വില പേശി വില്‍ക്കുന്ന കാഴ്ച്ച.
#
ഭരത്പൂറിന്റെ കഥ തുടങ്ങുന്നത് ബേഡിയ പെണ്ണിന്റെ മുല ചുരന്നുണ്ടായ ജീവനദിയില്‍ നിന്നാണ്. മുഗളന്‍മാരുമായുള്ള യുദ്ധത്തില്‍ രജപുത്തകളുടെ ചെങ്കോലും കിരീടവും നഷ്ടമായപ്പോള്‍ ഈ നദിയില്‍ നിന്നായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പ്. പരാജയമേല്പിച്ച മുറിവുണക്കാന്‍ രജപുത്തന്‍ന്മാര്‍ നദിക്കപ്പുറമുള്ള കാടുകളില്‍ മറഞ്ഞിരുന്നു വഴിയാത്രികരെ ആക്രമിച്ചു തുടങ്ങി. സ്വര്‍ണ്ണവും പണവും വീടുകളില്‍ കുമിഞ്ഞു കൂടിയപ്പോള്‍ തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശവശരീരങ്ങള്‍ കൊണ്ടു തീരങ്ങള്‍ നിറഞ്ഞു. അഴുകിയ മാംസം കലര്‍ന്ന് ജീവനദി മലിനമായി. ഓരോ പുരുഷനും കൊന്നു തള്ളിയ തലകള്‍ കൊണ്ട് കുട്ടികള്‍ ജീവനദിക്കരയില്‍ കളിച്ചു തുടങ്ങി. ഇതു കണ്ടു മരവിച്ചു പോയ അമ്മമാര്‍ തന്റെ വീട്ടിലെ ഓരോ പുരുഷന്‍മാരോടും ഈ യുദ്ധം അവസാനിപ്പിക്കാന്‍ അപേക്ഷിച്ചു. പണത്തിനോട് മാത്രം ആര്‍ത്തിയുള്ള അവരാകട്ടെ സ്ത്രീകളുടെ വാക്കുകളെ തൃണവല്‍ക്കരിച്ചു. ഒടുവില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെങ്കില്‍ മാത്രം ആക്രമണം അവസാനിപ്പിക്കാമെന്നു സമ്മതിച്ചു.
അങ്ങിനെ രജപുത്തകളുടെ നന്മയ്ക്കു വേണ്ടി ആ വംശത്തിലെ ആദ്യ ബേഡിയ ജനിക്കുകയായി. കുലത്തിനു വേണ്ടി രജപുത്തകളുടെ തലവന്റെ ഭാര്യ രേണുക ആദ്യമായി ശരീരം വിറ്റു. പിന്നീട് എല്ലാവരും ആ പാത പിന്തുടര്‍ന്നു. രേണുകയില്‍ നിന്നും ബേഡിയ എന്ന വാക്കിന് കാട്ടുവാസി എന്നതിലപ്പുറം ലൈംഗിക തൊഴിലാളി എന്നൊരു പര്യായം കൂടി നുഴഞ്ഞു കയറി. ആര്‍ത്തവം കഴിഞ്ഞു ഏഴാം നാള്‍ രേണുക ദേവിയുടെ നാമത്തില്‍ സമീന്ദാറിനു കന്യകാത്വം കാണിക്ക വച്ചു അവള്‍ ബേഡിയ ബേട്ടിയായി കുടുംബത്തെ പോറ്റാന്‍ ആരംഭിച്ചു. ഗ്രാമത്തലവന്‍ സമീന്ദാറിന്റെ നല്ല അഭിപ്രായത്തിനു ആ കുടുംബം കാതോര്‍ക്കുക പതിവായി. പൂത്തുലഞ്ഞ പെണ്ണില്‍ നിന്നും ഭരത്പൂരിന്റെ ചരിത്രം മാറ്റിയെഴുതപ്പെട്ടു .
ലാലിമ്മ, തിരുത്തിയ ചരിത്രത്തില്‍ സമാനതകളില്ലാത്ത പേരാണ്. ഉച്ചരിക്കുന്ന പുരുഷനെപ്പോലും പുളകിതനാക്കാന്‍ കഴിവുള്ള നാമം. ചിത്രഹാറില്‍ മാത്രം കാണാറുള്ള ജൂഹിചൗളയുടെ ചിരിയായിരുന്നു അവര്‍ക്ക്. ജനലുകളുള്ള ബ്ലൗസില്‍ കണ്ണാടിച്ചില്ലുകള്‍ പ്രകാശിക്കുമായിരുന്നു. അന്ന് ലാലിമ്മയെ വെല്ലുന്ന ഒരു പെണ്ണും ഭരത്പൂരില്‍ ഉണ്ടായിരുന്നില്ല. സമീന്ദാര്‍ എന്നും അവരെ ആരാധിച്ചിരുന്നു. പുറത്തു നിന്നു വരുന്ന കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രം അവര്‍ക്കൊരു മൈതാനമുണ്ടായിരുന്നു. ഏതു പുരുഷനെയും വശീകരിച്ചെടുക്കാനുള്ള എന്തോ ഒന്ന് അവരുടെ വിരലിന്റെ ചലനത്തിനു പോലുമുണ്ടായിരുന്നുവെന്ന് എന്റെ ബാപ്പു മഹേത്ര പറയുമായിരുന്നു. ഒരിക്കല്‍പ്പോലും അവരെ അനുഭവിക്കാന്‍ കഴിയാത്ത വിഷമം ബാപ്പു മരിക്കുമ്പോഴും സൂചിപ്പിച്ചിരുന്നു. അവരെ മോഹിച്ചു പലപ്പോഴും സമീന്ദാര്‍ ബേഡിയ ബേട്ടി ചടങ്ങു പോലും കൂടാതെ അവര്‍ക്കൊപ്പം ശയിച്ചു.
ഭരത്പൂരിന്റെ എക്കാലത്തെയും വിലപ്പെട്ട വേശ്യയായിരുന്നു ലാലിമ്മ. ലാലിമ്മയുടെ ശിക്ഷണം എല്ലാ ബേഡിയ പെണ്‍കുട്ടികള്‍ക്കും വേണമെന്നത് സമീന്ദാറിന്റെ ഉത്തരവാണ്. ലാലിമ്മയുടെ വീട് എന്നും അഥിതികള്‍ക്കായി അലങ്കാര വിളക്കുകളാല്‍ മനോഹരമായിരിക്കും. വന്നു പോവുന്ന ഏതൊരുവനും മനസ്സില്‍ സൂക്ഷിക്കാന്‍ കുളിര്‍മ്മയുള്ളൊരു രാത്രി സമ്മാനിക്കും. വീണ്ടും വീണ്ടും ആ രാത്രിയ്ക്കായുള്ള കാത്തിരിപ്പ് മനസ്സിലെവിടെയോ മുള പൊട്ടുന്ന നിമിഷത്തിലാവും അവര്‍ തന്റെ പ്രിയപ്പെട്ട യജമാനനെ യാത്രയാക്കുക. രാത്രിയിലെ അവസാന തീവണ്ടി ഭരത്പൂരില്‍ മാത്രം സാവധാനം ഇഴഞ്ഞു നീങ്ങുന്നതില്‍ ലാലിമ്മയ്ക്കു ഇനിയൊരു അതിഥി കൂടിയുണ്ടെന്ന് കരുതാം. ബാപ്പു ലാലിമ്മയുടെ രാത്രിയ്ക്കായി ജയ്പൂരില്‍ നിന്നും വന്നതായിരുന്നു. ലാലിമ്മയുടെ ഒരു രാത്രിയിലെ തുക ബാപ്പൂവിനെ സംബന്ധിച്ചു ഭീമാകാരമായിരുന്നു. കൈയിലുള്ള പൈസ തീരുവോളം പല പെണ്ണിന്റെ കൂടെയും അന്തിയുറങ്ങിയെങ്കിലും ലാലിമ്മയ്ക്കായുള്ള ബാപ്പുവിന്റെ കാത്തിരിപ്പ് അവസാന ശ്വാസം വരെയുണ്ടായിരുന്നു.
ലാലിമ്മയുടെ ശരീരം ശോഷിച്ചു തുടങ്ങിയത് ലൈലായുടെ ജനനത്തിനു ശേഷമാണ്. ലൈലയുടെ ജനനത്തില്‍ ലഡ്ഡു വിതരണം ചെയ്യപ്പെട്ടുവെങ്കിലും അവള്‍ അഴകൊത്ത പെണ്ണായി വളര്‍ന്നില്ല. അതിസുന്ദരിയായ അമ്മയ്ക്ക് ഇത്രയും വിരൂപയായ മകളുണ്ടായതില്‍ സമീന്ദാര്‍ പോലും അത്ഭുതപ്പെട്ടു. ലൈല ബേഡിയ ബേട്ടിയായപ്പോള്‍ ചടങ്ങിനു പോലും സമീന്ദാര്‍ വന്നില്ല. 'വരണമെങ്കില്‍ മകള്‍ക്കു പകരം രാത്രി അമ്മ വന്നാല്‍ മതി.'എന്ന പരിഹാസം ലാലിമ്മയെ വേദനിപ്പിച്ചു. എന്നും അതിഥികളെ വരവേറ്റിരുന്ന വീട് ആര്‍ക്കു വേണ്ടിയും തുറക്കാതെയായി. ലൈല പുറത്തു വരാതെ അകത്തിരുന്നു കരഞ്ഞു തീര്‍ത്തു. സമീന്ദാര്‍ ലാലിമ്മയോട് മാപ്പു പറഞ്ഞിട്ടും അവര്‍ അലിഞ്ഞില്ല. ഒരുപാടു നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ലാലിമ്മ പുളിമരച്ചോട്ടിലെത്തി ലൈംഗികത്തൊഴിലിന്റെ ധര്‍മ്മം പഠിപ്പിക്കുന്നത്. വസൂരി തന്ന പാടുകള്‍ തിരിച്ചെടുക്കാത്തതിനാലും ധര്‍മ്മം മറന്നു പ്രവര്‍ത്തിച്ചതിനാലും അവര്‍ എന്നും വിരൂപയായി. ധര്‍മ്മം മറന്നു പ്രവര്‍ത്തിച്ചതിനു ദേവി രേണുക തന്ന ശാപമാണിതെന്നു ലാലിമ്മ തന്നെ പറയുകയുണ്ടായി. ഒരുകാലത്ത് അപ്‌സരസിനെപ്പോലെ തുള്ളിക്കളിച്ച ലാലിമ്മ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി ധര്‍മ്മത്തെ ബോധ്യപെടുത്തി.
#
കയര്‍ കട്ടിലില്‍ നിന്നു തന്റെ വസ്ത്രത്തിലെ ചുളിവുകള്‍ കൈകള്‍ കൊണ്ടു ഇല്ലാതാക്കി വശ്യമായ ചിരി ചിരിച്ചു പോവാനൊരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി അവരെന്നോട് ചോദിച്ചു.
'ബല്ലു റാം.. മുന്ന വലുതായില്ലേ.., സുശീലയുടെ സൗന്ദര്യം അവള്‍ക്കുണ്ട്. അവള്‍ രേണുകാദേവിയുടെ അനുഗ്രഹമാണ്. സൗകര്യപൂര്‍വം അവളെ കൊണ്ടു കാണൂ.. നിങ്ങള്‍ രക്ഷപ്പെടും.. അവള്‍ ഭരത്പൂരിന്റെ അടുത്ത ലാലിമ്മയാവും..'
വസൂരിക്കലയുള്ള മുഖം മറച്ചു പിടിച്ച് അവര്‍ ധൃതിയില്‍ നടന്നു. എതിരെ വന്ന ചുവന്ന കാറിനെ നോക്കി റാന്നി വിളിച്ചു പറഞ്ഞു.
'സാബ്.. അല്പം വിശ്രമിച്ചിട്ടു പോവാം..' നടന്നു നീങ്ങിയ ലാലിമ്മ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു. 'കുറച്ചു കുണുങ്ങിച്ചിരിച്ചു പറയ് റാന്നീ..'
ചുവന്ന കാറില്‍ നിന്നിറങ്ങുന്ന മുടന്തനായ വൃദ്ധനു മുന്നില്‍ റാന്നി മുഖം ചുളിച്ചു.
'മണിക്കൂറിനു മൂവായിരം കിട്ടാതെ നടക്കൂല ബാബൂ.. പ്രായമായ പെണ്ണിനെ നിങ്ങള്‍ക്ക് വേണ്ടാത്ത പോലെ പ്രായമായ സാബൂനെ എന്റെ ബേട്ടിക്കും വേണ്ടാ..'
റാന്നിയുടെ സഹോദരന്‍ റിതേഷ് രാഖിയുടെ മറുപടിക്കു മുമ്പില്‍ ഊന്നുവടിയൊന്നു തറപ്പിച്ചു വച്ച് രണ്ടടി മുന്നോട്ട് നീങ്ങി വൃദ്ധന്‍ പച്ച നിറമുള്ള നോട്ടുകള്‍ വിടര്‍ത്തി. നോട്ടുകള്‍ക്ക് പ്രായമില്ലാത്തതിനാലാവും ഊന്നുവടി ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തില്‍ പ്രത്യേക സീല്‍ക്കാരം സൃഷ്ടിച്ചു.
വംശനാശം സംഭവിച്ചു പോയ സൈക്കിള്‍ റിക്ഷയില്‍ ആര്‍ക്കും വേണ്ടാത്ത ഒരു രൂപം റാന്നിയുടെ പുതിയ രണ്ടുനിലക്കെട്ടിടവും തലയുയര്‍ത്തി നില്‍ക്കുന്ന മാലിയുടെ കൊട്ടാരവും കടന്നു പോയി. പിള്ളേരുടെ കളിസ്ഥലത്ത് നിന്നു മഞ്ഞപ്പാവാടക്കാരി ക്രിക്കറ്റ് ബാറ്റ് പിടിച്ച നീല ട്രൗസറുകാരനോട് ഉച്ചത്തില്‍ പറയുന്നു. 'ബാപ്പൂ.. കുറച്ചു ക്ഷീണം തീര്‍ത്തിട്ട് പോവാം..'
#
ഭരത്പൂരിലെ ഏക ഓടിട്ട വീട്ടിലേക്ക് ചെന്നെത്തുമ്പോള്‍ മുന്ന കാത്തിരിപ്പുണ്ടായിരുന്നു. ശ്വാസം മുട്ടിക്കുന്ന ലാലിമ്മയുടെ ചോദ്യം സൃഷ്ടിച്ച മങ്ങല്‍ കണ്ടു പിടിച്ചെന്ന പോലെ അവളെന്നെ ഉഴിഞ്ഞു നോക്കി. പണ്ടെന്നോ ദാല്‍ ബാട്ടി കട്ടു തിന്ന കുട്ടിക്കാലത്ത് മായില്‍ കാണാന്‍ സാധിച്ച അതേ ഭാവം. മുന്നയ്ക്ക് പലപ്പോഴും മായുടെ ഭാവമാണ്.
'ബല്ലു കിട്ടിയോ..?'
റിക്ഷയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പത്താം തരം പുസ്തകത്തിന്റെ മണം വീണ്ടും വീണ്ടും അവള്‍ ആഞ്ഞു വലിച്ചു.
'നോക്കു ബല്ലൂ, തീരേ പ്രതീക്ഷിച്ചില്ല, ഞാന്‍ കാത്തിരിക്കുവായിരുന്നു..'
സന്തോഷത്തില്‍ തുള്ളിച്ചാടുന്ന മുന്നയിലെ ഉത്സാഹം എന്നെ തട്ടിത്തടഞ്ഞു പോയി. മുന്നയുടെ പഠനം ഒളിപ്പിക്കുന്ന പോലെ തന്നെ അവളുടെ ആര്‍ത്തവം ഒളിപ്പിക്കുക എനിക്കെന്നും ശ്രമകരം തന്നെയാണ്. പതിമൂന്നാം വയസ്സില്‍ അവള്‍ ഋതുമതിയായപ്പോള്‍ ബേഡിയാ ബേട്ടിയാക്കി സമീന്ദാറിന്റെ രാത്രികളിലേക്കു കൊണ്ടു ചെല്ലാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
ഒരു കപ്പു ചായയും റൊട്ടിയും മുന്നയുടെ മേശമേല്‍ നിരത്തി. മേശക്കരികിലുള്ള ജനാലയിലൂടെ നോക്കിയാല്‍ വീടിനോടു ചേര്‍ന്ന് ആകാശത്തെ മറയ്ക്കുന്ന ഒരു പുളിമരം കാണാം. ഋതുഭേദങ്ങളില്ലാതെ അതിങ്ങനെ ആര്‍ക്കു വേണ്ടിയോ പൂത്തു കൊഴിയും. ശ്രമകരമായ പാഠഭാഗങ്ങള്‍ മുന്ന പുളിമരത്തെ നോക്കിയാണ് പഠിക്കുക. മരച്ചുവട്ടിലെ ചിതലു കേറിയ കസേരയിലിരുന്ന് സുശീല പറയും. 'ബല്ലൂ.. ഇവള്‍ വലുതായാല്‍ ഒരിക്കലും സമീന്ദാറിനൊപ്പം ഉറങ്ങാന്‍ അനുവദിക്കരുത്. ലാലിമ്മ പറയുന്ന പോലെ സുന്ദരമായ രാത്രി ആയിരിക്കില്ല അത്. ഞാന്‍ മൂത്രമൊഴിക്കാനാവാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്..'
സുശീലയുടെ ചിലമ്പുന്ന സ്വരം ഓരോ ചില്ലകളിലും പടര്‍ന്നു പിടിക്കുന്നുണ്ട്. ഓരോ കാറ്റിനും അവളുടെ മുടി പാറിപ്പറക്കുന്നു. ഭയ്യാ ദാമോദര്‍ മാലുവിനു പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാല്പതിനായിരം രൂപ കൊടുത്ത് അവളെ വിവാഹം കഴിക്കുമ്പോഴും ആ മുടി അനുസരണയില്ലാതെ പാറിക്കളിച്ചിരുന്നു. പ്രണയം അതു വല്ലാത്തൊരനുഭൂതി തന്നെയല്ലേ. അവളുടെ സൗന്ദര്യം എന്റെ കൗമാരത്തിലെ ഉറക്കത്തെ ബാധിച്ചിരുന്നു. അഷിമ ദീദീയ്ക്ക് ആരോ സമ്മാനിച്ച കല്ലു വച്ച മൂക്കുത്തി മോഷ്ടിച്ചാണ് പതിനാറാം വയസ്സില്‍ ഞാന്‍ കൊട്ടാരമെന്നു തോന്നിക്കുന്ന സുശീലയുടെ വീട്ടിലെത്തുന്നത്. സുശീലയുമായുള്ള ആദ്യരാത്രി. അവിടെ വച്ചാണ് സ്ത്രീ സുഖം മാത്രമല്ലെന്ന് എനിക്കു മനസ്സിലായത്. പതിനാലു വയസ്സു മാത്രമേ കാണുമായിരുന്നുള്ളൂ അവള്‍ക്ക്. വാലിട്ടെഴുതിയ കണ്ണുകള്‍ക്കും ചുവപ്പിച്ച ചുണ്ടുകള്‍ക്കും മുല്ലപ്പൂ മണമുള്ള മുടിയിഴകള്‍ക്കുമപ്പുറം അവളുടെ നഗ്‌നത കണ്ടു എന്നിലെ പുരുഷന്‍ ഉണര്‍ന്നില്ല. മുലയിലും വയറിലും തുടയിടുക്കുകളിലും കണ്ട മുറിപ്പാടുകള്‍. ഓരോ മുറിപ്പാടിലും ദീദിയുടെയും മായുടെയും മുഖം തെളിഞ്ഞു വന്നു. സുശീലയുടെ മുലയില്‍ കണ്ട കറുത്ത ചന്ദ്രക്കലപ്പാടുകള്‍, ശരീരത്തിലെ മിക്ക ഭാഗങ്ങളിലും തെളിഞ്ഞു കാണാം. മുലകളില്‍ അതിന്റെ എണ്ണം കൂടുതലാണ്. കാമപൂര്‍വ്വം ഉറ്റു നോക്കേണ്ട മുലകള്‍. അതിലെവിടെയോ അവള്‍ പ്രണയം ചുരത്തി. പാറിപ്പറന്ന മുടിയിഴകളെ തലോടവേ അവള്‍ ഉറങ്ങി. സുശീലയ്ക്കു ആദ്യ ഉറക്കം സമ്മാനിച്ച രാത്രിയായിരുന്നു അത്.
ആ ഉറക്കമാണ് പിന്നീട് എന്റെ ഉറക്കത്തെ മായ്ച്ചു കളഞ്ഞത്. ഓരോ രാത്രിയും അവളുടെ വെളുത്ത ശരീരത്തിലെ കറുത്ത മുറിപ്പാടുകള്‍ എന്നെ ഭയപ്പെടുത്താന്‍ തുടങ്ങി. തൊട്ടടുത്ത മുറിയില്‍ ദീദീയുടെ ശീല്‍ക്കാരത്തിലെ ഏറ്റക്കുറച്ചിലുകളില്‍ തൊപ്പി വച്ച വിരുന്നുകാരന്റെ നഖം നാഗങ്ങള്‍ പോലെ പത്തി വിടര്‍ത്തിയാടുന്നുണ്ടെന്നു തോന്നി. ദീദീക്ക് ഉറക്കമില്ലാത്ത രാത്രികളില്‍ ഞാനും മായും കൂര്‍ക്കം വലിച്ചുറങ്ങിയിരുന്നു. പക്ഷേ ഇപ്പോള്‍ മായുടെ ഉറക്കവും എന്റെ നെടുവീര്‍പ്പും ദീദീയുടെ സീല്‍ക്കാരവും എല്ലാം കലര്‍ന്നൊരു സ്വരമാണ് രാത്രിക്ക്. ആര്‍ത്തവ ദിവസങ്ങളില്‍ വയറുവേദന കടിച്ചമര്‍ത്തി ചുരുണ്ടു കിടക്കുമ്പോള്‍ ദീദീ എന്നോട് പറയാറുണ്ട്. 'ഭൂമിയിലെ സുന്ദരമായ വേദനയാണിതെന്ന്..' ദീദീ കരഞ്ഞത് ബാപ്പു പതിവ് തെറ്റിച്ചു മായുടെ കിടപ്പറയില്‍ നിന്നും ദീദീയുടെ അടുത്ത് പോയ ദിവസം മാത്രമായിരുന്നു. അന്നു മുതലാണ് ദീദീ ബാപ്പുവിനെ വെറുത്തു തുടങ്ങിയത്. ഒന്നും പറയാനാവാതെ നിന്ന മായോട് ബാപ്പു പറഞ്ഞിരുന്നു
'ഇവള്‍ എനിക്കുണ്ടായതാണെന്നു ഉറപ്പു തരാനാവുമോ..? പൈസ നല്കുന്നുവെങ്കില്‍പ്പിന്നെ പഴുത്തു വാടിയ ഫലങ്ങള്‍ എന്തിനാ..?'
ബാപ്പു പറഞ്ഞ വാക്കുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സിലുണ്ട്. 'ബാപ്പൂ..' എന്ന വിളി പോലും കൂടുതല്‍ പ്രാവശ്യം വരാറുള്ളതു കൊണ്ടുള്ള ഔദാര്യമാണെന്നു മാ വിതുമ്പലുകള്‍ മറച്ചു പിടിച്ചു അന്നെന്നോട് പറഞ്ഞിരുന്നു. മാ ബാപ്പുവിനെ ഒരുപാടു സ്‌നേഹിച്ചിരുന്നു. ബാപ്പു വരുമ്പോള്‍ മാത്രം ചുവന്ന പട്ടുസാരിയും മുല്ലപ്പൂവും ചൂടുമായിരുന്നു. മായുടെ വേഷം തന്നെ ബാപ്പുവിന്റെ വരവിനെക്കുറിച്ച് സൂചന നല്‍കും. ബാപ്പു മരിച്ചപ്പോള്‍ മാ കരയുകയും ദീദീ ചിരിക്കുകയും ചെയ്തു. ബാപ്പുവിനെ അന്ന് പുതപ്പിച്ചത് മായുടെ ചുവന്ന സാരിയാണ്. ആ സാരി ബാപ്പു ലാലിമ്മയ്ക്ക് കൊടുക്കാന്‍ ജയ്പൂരില്‍ നിന്നും കൊണ്ടു വന്നതാണ്. മാ ആ സാരിയുടുക്കുമ്പോള്‍ ബാപ്പു 'പ്യാരി ലാലി..' എന്നു വിളിച്ചു പിറകില്‍ കൂടും. വീടിനകത്തും പുറത്തും അവരുടെ സ്‌നേഹ പ്രകടനം കാണുമായിരുന്നു.
ആ പ്രകടനത്തിന്റെ പകര്‍പ്പവകാശം ലാലിമ്മയുടെതാണെന്നു മായ്ക്ക് അറിയാം. എങ്കിലും ആ വിളികളെ, സ്‌നേഹത്തെ, കാമത്തെ എല്ലാം മാ വില പറയാതെ സ്‌നേഹിച്ചു. മരണത്തിലും ബാപ്പുവിന്റെ മനസ്സു വായിച്ചാണ് മാ ആ സാരി കൊണ്ട് ബാപ്പുവിനെ പുതച്ചത്. ബാപ്പുവിന്റെ മരണശേഷം മാ ചിലപ്പോഴെക്കെ ബോധമില്ലാതെ നിലവിളിക്കും. അത് ദീദീയുടെ സാബുമാര്‍ക്ക് ഒരു തടസ്സമായിത്തുടങ്ങി. ദീദീയുടെ മനസ്സ് ബാപ്പുവാല്‍ മുരടിച്ചു പോയിരുന്നു. അന്നാ രാത്രിയില്‍ ഭരത്പൂരിലെ ഏതൊരു പുരുഷനും ചെയ്യാവുന്നതേ ഞാനും ചെയ്തുള്ളൂ എന്നതായിരുന്നു ബാപ്പുവിന്റെ ന്യായം. സമീന്ദാറും ലാലിമ്മയും വന്നു ഒത്തു തീര്‍പ്പിനു ശ്രമിച്ചപ്പോഴും ദീദീ ഒന്നും പറഞ്ഞില്ല. ദീദീയുടെ അടുത്തു വരുന്ന ഓരോ പുരുഷനു മുമ്പിലും ദീദീ മരപ്പാവയെപ്പോലെ കിടന്നുവെന്ന പരാതി പിന്നീട് സ്ഥിരം പല്ലവിയായിത്തുടങ്ങി. ഏതോ രാത്രിയില്‍ ദീദീ എന്റെ മടിയില്‍ തല ചായ്ച്ചു കിടന്നു. മുടിയിഴകളില്‍ വിരലോടിച്ചപ്പോള്‍ കൈയില്‍ കുറച്ചു പൈസ തന്നു പറഞ്ഞു.
'ബല്ലൂ, സുശീല ഗര്‍ഭിണിയാണ്.. ഇപ്പോള്‍ അവളെ കുറഞ്ഞ പൈസ കൊടുത്താലും കെട്ടിച്ചു തരും.. നീ അവളെ കല്യാണം കഴിക്കണം.. കഴിയുമെങ്കില്‍ അവളെ....'
പൂര്‍ണമാവാത്ത വിതുമ്പലുകള്‍ ബാക്കി നിര്‍ത്തി ദീദീ മുറിയില്‍ കയറി വാതിലടച്ചു. പിറ്റേന്ന് രാവിലെ ദീദിയെ കാണ്മാനുണ്ടായിരുന്നില്ല. ദീദിയുടെ തിരോധാനം പോലെ തന്നെ നിഗൂഢത നിറഞ്ഞതാണ് അവരുടെ വീക്ഷണവും. സുശീലയെ എനിക്കു വേണമെന്ന് ഞാന്‍ ഒരിക്കലും ദീദീയോട് പറഞ്ഞിരുന്നില്ല. മനസ്സിലെ ഓരോ അവയവങ്ങളേയും ശുദ്ധമാക്കിക്കൊണ്ടു എനിക്കു നേരെ നീട്ടിയ പണമായിരുന്നു സുശീലയോടൊപ്പമുള്ള ജീവിതം. ദീദിയ്ക്കായുള്ള തിരച്ചിലുകള്‍ ജീവനദി വരെ നീണ്ടു പോയെങ്കിലും അവരെ കണ്ടെത്താനായില്ല.
#
സുശീലയ്ക്ക് നാലു മാസമുണ്ടായിരുന്നു ഞാന്‍ കല്യാണം കഴിക്കുമ്പോള്‍. അവളുടെ വീര്‍ത്തു വരുന്ന വയറിലെ പെണ്‍ഭ്രൂണത്തെ ഞാന്‍ അത്രമേല്‍ സ്‌നേഹിച്ചു. തുടരെത്തുടരെയുള്ള വേര്‍പാടുകളുടെ പട്ടികയില്‍ സുശീലയുടെ പേരും ഉണ്ടാവുമെന്ന് കരുതിയില്ല. നീണ്ട അഞ്ചു മാസത്തെ ഒത്തൊരുമിച്ചുള്ള ജീവിതം. വയറിനോട് ചേര്‍ന്നുറങ്ങിയ രാത്രികളിലൊക്കെ ചന്ദ്രക്കലപ്പാടുകള്‍ മാഞ്ഞു പോയ വെളുത്ത മുലകളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഓരോ രാത്രിയും സുശീല എനിക്കായ് പൂത്തുലഞ്ഞു. എന്റെ ചൂടുള്ള ചുംബനങ്ങള്‍ കൊണ്ടാവണം അവളുടെ നുണക്കുഴിയുടെ ഭംഗി കൂടി വന്നു. ലേബര്‍ റൂമിന്റെ വാതില്‍ വരെ അവളെ ഞാന്‍ അനുഗമിച്ചു. പിന്നീട് ശ്മശാനം വരെയും.
എല്ലാ കഥകളിലും പോലെ നായകന്‍ എന്നു വിളിക്കുന്നവന് എപ്പോഴും വന്‍ ദുരന്തം തന്നെയായിരിക്കും. പക്ഷേ സിനിമയിലെ നായകന്മാര്‍ മാത്രമേ വിജയിക്കാറുള്ളൂ. ചിതയിലെ അവസാന കനലും ഭസ്മമാവും വരെ അമ്മയുടെ മരണത്തിലൂടെ പിറന്ന ഒരു ദിവസം പ്രായമുള്ളവളെ മാറില്‍ പുതപ്പിച്ചു, എന്റെ പ്രണയത്തിന്റെ വെണ്ണീരില്‍ കുറി വരച്ചു. തിരികെയുള്ള യാത്രയില്‍ വിരൂപയായ ലൈല വഴി തടസ്സപ്പെടുത്തി എന്നോട് ചോദിച്ചു. 'സാബൂ.. കുറച്ചു നേരം വിശ്രമിച്ചു പോവാം..'
അവളുടെ ചോദ്യം പുതുമയുള്ളതല്ല. ഓരോ മരണവും അവള്‍ക്കൊരു പ്രതീക്ഷയാണ്. ഒരു പകരക്കാരിയുടെ പ്രതീക്ഷ. എല്ലാവരെയും പോലെ ഞാനും ലൈലയെ അവഗണിച്ചു. എന്റെ അവഗണനയ്ക്കു പിറകില്‍ അവളുടെ വൈരൂപ്യമല്ലെന്ന് അവള്‍ തിരിച്ചറിഞ്ഞില്ല.
#
മുന്നയുടെ ഓരോ വളര്‍ച്ചയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. അവളുടെ പുഞ്ചിരി, ചിലപ്പോള്‍ കരച്ചില്‍, വാശി എല്ലാം എന്റെ ഓരോ ദിവസത്തെയും മനോഹരമാക്കി. റിക്ഷാ വണ്ടിയിലിരുന്ന് ഭരത്പൂര്‍ മുഴുവനും ഞങ്ങള്‍ ചുറ്റിക്കറങ്ങി. സൈക്കിള്‍ റിക്ഷ ആഞ്ഞു ചവിട്ടുന്നത് അവള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വളരെ എളുപ്പമായിരുന്നു. ദൂരദര്‍ശന്‍ ചാനല്‍ മാത്രമുള്ള ടിവിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്റെ കുട്ടിക്കാലത്ത് ബാപ്പു വാങ്ങിത്തന്നത്. അതില്‍ നിന്നാണ് ഞാനും മുന്നയും അക്ഷരങ്ങള്‍ പഠിച്ചത്. മുന്നയ്ക്ക് നാലു വയസ്സുള്ളപ്പോള്‍ തന്നെ അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് എഴുതാന്‍ ശീലിപ്പിച്ചു. ഭേല്‍പൂരി പൊതിഞ്ഞു കൊണ്ടു വരുന്ന പത്രത്താളുകളാവും അവള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. അവളെ ആരെയും ഏല്‍പ്പിച്ചു ജോലിക്ക് പോവാന്‍ കഴിയുമായിരുന്നില്ല. അതിനു മാത്രം വിശ്വാസമുള്ളൊരാള്‍ ഭരത്പൂരില്‍ തന്നെയുണ്ടായിരുന്നില്ല. കുഞ്ഞു മക്കളെ പീഡിപ്പിച്ചു കൊല്ലുന്നവരോളം വിരൂപതയുണ്ട് കൊച്ചു മക്കള്‍ക്ക് അശ്ലീല കഥ പറഞ്ഞു കൊടുക്കുന്നതില്‍.
മുന്നയെ ഒറ്റപ്പെടുത്തി വളര്‍ത്താനായിരുന്നില്ല, ഒറ്റപ്പെട്ട ചിന്തകള്‍ സമ്മാനിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഒരുപാടു ചാനലുകാര്‍ വന്നിട്ടും, കളക്ടര്‍ തന്നെ നേരിട്ടു വന്നിട്ടും അവര്‍ക്ക് മുമ്പില്‍ ശക്തമായി അടയ്ക്കപ്പെട്ട വാതിലുകള്‍ മാത്രമേ ഭരത്പൂരിലെ ഓരോ വീടുകളിലും കാണാനാവൂ. തങ്ങളുടെ നിലപാടില്‍ അത്രമേല്‍ ഉറച്ചു നില്‍ക്കുന്നവരാണിവിടെ. ഇവിടത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് കളിക്കാനും ബോധമരുന്നുകള്‍ ഉപയോഗിക്കാനും മാത്രമുള്ള കെട്ടിടമാണ്. പെണ്‍കുട്ടികള്‍ക്ക് പഠിക്കണമെന്നു ആഗ്രഹിക്കാന്‍ പോലുമറിയില്ല. ഈ സമൂഹത്തില്‍ നിന്നും അക്ഷരം പഠിച്ച ഏക പെണ്‍കുട്ടിയാണ് എന്റെ മുന്ന. എന്തു കൊണ്ടോ മുന്നയുടെ ലോകം പുസ്തകങ്ങളുടേതു മാത്രമായി. ഞാന്‍ റിക്ഷ വലിക്കാന്‍ പോവുമ്പോള്‍ അവള്‍ കതകടച്ചു ദിനപ്പത്രങ്ങള്‍ കൂട്ടിക്കെട്ടിയ പേരിടാത്ത പുസ്തകം വായിക്കും. ഇവിടെ ഒരു പെണ്‍കുട്ടി ബേഡിയാ ബേട്ടി ആവുന്നത് വരെ ആരും വിലപേശില്ല.
ഭരത്പൂര്‍ സിറ്റിയില്‍ നിന്നും മുന്നയ്ക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍, ഞാന്‍ തുണികള്‍ക്കിടയില്‍ മറച്ചു വച്ചാണ് കൊണ്ടു വരുക. പതിമൂന്നാമത്തെ വയസ്സില്‍ വന്ന ആര്‍ത്തവ രക്തത്തെ മാത്രമാണ് അവളുടെ ജനനം മുതല്‍ ഞാന്‍ ഭയന്നത്. അന്ന് അടിവയറ്റില്‍ പിടിച്ചു തേങ്ങിക്കരഞ്ഞ മുന്നയെ വാരിയെടുത്ത് മുറിക്കകത്ത് കൊണ്ടു പോവുമ്പോള്‍, എന്റെ കണ്ണില്‍ ചുവപ്പും മനസ്സില്‍ കറുപ്പും വ്യാപിച്ചിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും പെണ്ണിലേക്കും പെണ്ണില്‍ നിന്നും ബേഡിയ ബേട്ടിയിലേക്കുമുള്ള ദൂരം, പുളിമരച്ചുവട്ടിലെ ചിതലരിച്ചു പോയ കസേരയില്‍ വന്നെത്തി നിന്നു. ഗര്‍ഭത്തില്‍ തന്നെ ഒഴുക്കിനെതിരെ തുഴയാന്‍ ശീലിപ്പിച്ച സുശീല, മുന്നയുടെ വിധി മാറ്റിയെഴുതിയിരുന്നു. അവളുടെ ജാതകം ദൈവത്തിനൊപ്പമിരുന്ന് നിരക്ഷരയായ സുശീല എഴുതുകയായിരുന്നു.
പുരുഷന്റെ കിടപ്പറയിലെ വെറുമൊരു മാംസക്കഷണമായി മുന്ന കിടക്കുന്നത് എന്തിന്റെ പേരിലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത മനസ്സ് എന്നില്‍ തളിര്‍ത്തത്, പല പുരുഷന്മാരാലും ചവച്ചു ചവറ്റുകുട്ടയിലെറിഞ്ഞ മൂന്നു ചതഞ്ഞു പോയ ജീവിതങ്ങള്‍ കണ്ടതിനാലാവാം. ഇരുപത്തെട്ട് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മുറ തെറ്റാതെ വരുന്ന രക്തത്തെ മറയ്ക്കുവാന്‍ സാധിക്കുമെങ്കിലും അവളുടെ വളര്‍ച്ചയെ ഞാനെങ്ങിനെ മറച്ചു പിടിക്കാനാണ്? ഓരോ സ്ത്രീയ്ക്കും അത് ചിലപ്പോള്‍ കണ്ട് മനസിലാക്കാന്‍ സാധിക്കുമായിരിക്കും. അതു കൊണ്ടാവും ഒരേ ചോദ്യം അവര്‍ പല തവണ ആവര്‍ത്തിച്ചു ചോദിക്കുന്നത്. അവളുടെ വയസ്സ് എന്നേക്കാള്‍ കൃത്യമായി ഇവിടെയുള്ളവര്‍ക്കറിയാം. പെണ്ണിന്റെ ശരീരം സംരക്ഷിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. ഇനിയുള്ള ജീവിതവും വളരെ പ്രയാസമേറിയതാണ്.
#
'ബല്ലൂ.. എന്തു പറ്റി..?'
ചിന്തകളില്‍ നിന്നും വിളിച്ചുണര്‍ത്തി മുന്ന ചോദിച്ചു. എന്റെ മുഖമൊന്നുയര്‍ത്തി അവള്‍ തുടര്‍ന്നു, 'ബല്ലൂ.. റാന്നി ദീദി വന്നിരുന്നു.. നാളെ ലാലിമ്മയെ ചെന്നു കാണാന്‍.. ബേഡിയ ബേട്ടിയാവാന്‍ ഒരു മരുന്നു കൊണ്ടു വന്നിട്ടുണ്ട് പോലും.. ഇനിയെന്തു ചെയ്യും ബല്ലൂ.. എനിക്കവരെ പേടിയാ..'
അവള്‍ പുളിമരത്തെ നോക്കി ദയനീയമായി കരഞ്ഞു. ഭരത്പൂരിലെ അവസാന തീവണ്ടിയിലേക്ക് ലക്ഷ്യമറിയാതെ ചാടിക്കയറാന്‍ തീരുമാനിച്ച നിമിഷമാണത്. തീവണ്ടിയിലെ ചെറിയ വെളിച്ചത്തിലും ദൂരെയൊരു മിന്നായം പോലെ സുശീല പൂത്തുലയുന്നുണ്ടായിരുന്നു. തീവണ്ടിയുടെ അവസാനം ദില്ലി എന്നു വായിച്ചെടുക്കാനായതു മാത്രമാണ് ഈ ജീവിതം കൊണ്ടു നേടിയ വിജയം. റിക്ഷ വലിച്ചുണ്ടാക്കിയ ചെറിയ തുക ദില്ലിയിലെത്തുമ്പോള്‍ തന്നെ തീര്‍ന്നിരുന്നു. വിശപ്പും കൊതുകും ആക്രമിക്കുന്നതിനൊപ്പം പല കാമക്കണ്ണുകളും ഞങ്ങളെ വെല്ലുവിളിച്ചിരുന്നു. ബേഡിയ ബേട്ടിയായല്ല, പെണ്ണായി ജനിക്കുന്നത് തന്നെ ശാപമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. അവളുടെ ശരീരത്തെ സംരക്ഷിക്കേണ്ടത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഓരോ ദിവസവും സൂര്യന്‍ മറഞ്ഞു കഴിഞ്ഞാല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ വെളുത്ത വസ്ത്രത്തിനകത്തെ രൂപം മാറും.
അവളെയും കൂട്ടി ചപ്പുചവറുകള്‍ക്കിടയിലെ കൂനയ്ക്കരുകില്‍ മറഞ്ഞിരിക്കുമ്പോഴാണ് കാസിം എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. അമ്മയുടെ മരണത്തോടെ അനാഥനായിത്തീര്‍ന്ന കാസിമിനൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം. കാസിമിന്റെ ഒറ്റമുറി വീട് മുന്നയ്ക്ക് സുരക്ഷാതാവളമായി. കാസിമിനെ കൊണ്ടു മുന്നയെ വിവാഹം കഴിപ്പിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ കാസിമില്‍ എനിക്കു എന്നെത്തന്നെ കാണാന്‍ കഴിഞ്ഞു. മുന്നയ്ക്ക് ഇതു പോലൊരു ജീവിതം സമ്മാനിക്കാനാവുമെന്ന് എനിക്ക് സ്വപ്നം കാണാന്‍ കഴിയില്ലായിരുന്നു. അവളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനും ഭരത്പൂരിലെ പുളിമരം പൂത്തുലഞ്ഞു കാണുമെന്നു എനിക്കറിയാമായിരുന്നു. അതു കൊണ്ടാവും സുശീലയുടെ ഓര്‍മ്മയുടെ കാറ്റ് കിലോമീറ്ററുകള്‍ കടന്നു മനസ്സിനെ ആടിയുലയ്ക്കുന്നത്.
#
ഭരത്പൂരിലെ ബേഡിയ പെണ്ണുങ്ങളുടെ ചിരിയ്ക്കു മുന്നില്‍ ലോക്കോപൈലറ്റ് പതിവു പോലെ ഇഴഞ്ഞു നീങ്ങിയതിനാല്‍ എനിക്കൊപ്പം ഒരുപാട് പുരുഷന്‍മാര്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങി.
ഭരത്പൂരിലെ മണ്ണും മരവും പെണ്ണും മാറാതെ അങ്ങിനെ തന്നെയുണ്ട്. എല്ലാത്തിനും ചെറിയ വലുപ്പക്കൂടുതല്‍ മാത്രം. ആഡംബരത്തില്‍ മദിച്ചു ജീവിക്കുന്ന തൊപ്പി വച്ച പുരുഷന്‍മാര്‍ക്ക് നരവീണ് തുടങ്ങിയിരിക്കുന്നു. ലാലിമ്മയുടെ പുളിമരച്ചോട്ടില്‍ ഇന്ന് കൂട്ടം കൂടുതലാണ്. ലാലിമ്മയുടെ വസൂരിപ്പാടുകള്‍ മാറിക്കാണുമോ? കൈകള്‍ മുകളിലോട്ടുയര്‍ത്തി വസൂരിക്കലയുള്ള ചുളിവ് വീണ മുഖം മറച്ചു അവര്‍ ഉച്ചത്തില്‍ പറഞ്ഞു.
'ജീവനദി വറ്റിവരണ്ട് പോവാത്തിടത്തോളം ബേഡിയ ഇവിടെത്തന്നെ കാണും.. നദി നമ്മുടെ അമ്മ രേണുകയാണ്.. പാരമ്പര്യമായി ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികളും വേശ്യകളാണ്.. ഒരു പുരുഷന്റെ കൈവലയത്തിനുള്ളില്‍ മാത്രം ഒതുങ്ങിക്കൂടുന്നവളല്ല ബേഡിയ ബേട്ടി.. സ്വന്തം ശരീരം കൊണ്ടു കുടുംബം പോറ്റുന്നവളാണവള്‍.. ഇവിടെയാരും വിവാഹം എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടതില്ല.. പത്രക്കാരും ടിവിക്കാരും പലതും പറയും.. പക്ഷേ, ധര്‍മ്മം മറന്നാല്‍, ദേവി രേണുകയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ല.. പോയവര്‍ തിരിച്ചു വരിക തന്നെ ചെയ്യും..'
പുളിമരത്തില്‍ കെട്ടിയിട്ട ഒരു സ്ത്രീയുടെ ദേഹത്തേക്ക് ആഞ്ഞു തുപ്പി. പലരും കല്ലെറിഞ്ഞു. പ്രതിമ കണക്കെ നില്‍ക്കുന്ന ആ സ്ത്രീയെ ഞാന്‍ സൂക്ഷിച്ചു നോക്കി. കണ്ണുകളില്‍ ഇരുട്ടു കയറിയ പോലെ തോന്നി.
അഷിമ ദീദീ
'ദീദീ...'
എന്നുറക്കെ വിളിച്ചു കൊണ്ടു ഞാന്‍ അവരുടെ അടുത്തേക്കോടി. ചോര വാര്‍ന്ന് തളര്‍ന്നു നില്‍ക്കുന്ന ദീദി അപ്പോഴും കരഞ്ഞില്ല.
'ഭേഷ്.. ഞാന്‍ പറഞ്ഞില്ലേ.. പോയവരെയൊക്കെ ദേവി രേണുക കൊണ്ടു വരുമെന്ന്.. ബല്ലൂ.. നീയും നിന്റെ കുടുംബവും മാത്രമാണ് ദേവിയെ നിന്ദിച്ചത്.. ഇവനെയൊക്കെ കല്ലെറിഞ്ഞു കൊല്ലണം.. രണ്ടിനെയും ജീവനദിയില്‍ മുക്കി കൊല്ലണം.. എവിടെ മുന്ന..?'
'ലാലിമ്മ.., ദീദിയെ വെറുതെ വിടൂ.. അവര്‍ ഒരു തെറ്റും ചെയ്തില്ല..'
'ബേഡിയ ബേട്ടിയായാവാന്‍ മടിയുള്ള മുന്ന.. മുന്നയുടെ സമീന്ദാര്‍ നീയായിരുന്നുവോടാ..?'
അലറിക്കൊണ്ട് വന്ന സമീന്ദാറിന്റെ വാക്കുകളെ പിടിച്ചു റാന്നിയുടെ സഹോദരന്‍ പറഞ്ഞു.
'അതു ശരിയാ.. മുന്ന സ്വന്തം രക്തം തന്നെയെന്നെന്താ ഉറപ്പ്..!'
'ചിലപ്പോള്‍ അവള്‍ നിന്റെ രക്തമായിക്കൂടെന്നില്ലലോ രാഖി..'
അടക്കം ചെയ്ത ദേഷ്യത്തോടെ ഞാനവനെ നോക്കിപ്പറഞ്ഞു.
ദീദിയുടെ കൈയിലെ കെട്ടുകള്‍ അഴിച്ചു തുടങ്ങുമ്പോള്‍ ആരൊക്കെയോ എന്നെ കല്ലെറിഞ്ഞു. കല്ലുകളുടെ എണ്ണമനുസരിച്ചു ശരീരത്തിന്റെ ജീവനദി ഒഴുകിത്തുടങ്ങി. വേദിയില്‍ രണ്ടുപേര്‍ ക്രൂശിക്കപ്പെടുകയാണ്. അവരെ കല്ലെറിയുന്നതില്‍ സന്തോഷത്തിന്റെ ആര്‍പ്പുവിളികള്‍ മാത്രം. ഇടയ്‌ക്കെപ്പൊഴോ ഒരു ചങ്ങലക്കിലുക്കം കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ കല്ലും ശരീരത്തില്‍ പതിക്കുമ്പോള്‍ ദുര്‍ഗന്ധം പരത്തി ആ വികൃതരൂപം എനിക്കരുകിലെത്തി.
'ലൈലാ.. അകത്തു പോ..'
ലാലിമ്മ അവളെ പിടിച്ചു വലിച്ചു. പകുതി മാത്രം മറച്ച അവളുടെ ശരീരം പുണ്ണുകള്‍ വന്നു പഴുത്തു പൊട്ടിയിരുന്നു. ആ ദുര്‍ഗന്ധം ശ്വസിച്ചാവും എല്ലാവരും നിശബ്ദരായി. അവളുടെ പല്ലുകള്‍ക്ക് മഞ്ഞ നിറമുണ്ടായിരുന്നു. അവ ചുണ്ടുകള്‍ക്ക് മീതെ ഉയര്‍ന്നു നിന്നു. വളരെ ചെറിയ കണ്ണുകള്‍ കൊണ്ടു അവളെന്നെ നോക്കി. മുട്ടുകളുരഞ്ഞ കൈയാല്‍ എന്റെ നെറ്റിയിലൊഴുകിയ രക്തം തുടച്ചു കൊണ്ട് അവളെന്നെ വിളിച്ചു.
'സാബു....'
ആ വിളിയോടെ ലൈല താഴെ വീഴുകയായിരുന്നു. ലൈലയെ താങ്ങിപ്പിടിച്ചപ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ മടിയില്‍ കിടന്നപ്പോള്‍ ലാലിമ്മ നിലവിളിച്ചു കരഞ്ഞു. ലൈലയുടെ കണ്ണുകള്‍ക്ക് ഒരു തിളക്കമുണ്ടായിരുന്നു. ലേബര്‍ റൂമില്‍ കയറ്റുന്നതിനു മുന്‍പ് സുശീലയുടെ കണ്ണില്‍ ഞാന്‍ കണ്ട തിളക്കം. തൊണ്ടയില്‍ കുടുങ്ങിയ ശബ്ദം പകുതി പുറത്തു വന്നു.
'സ....'
ഞാനവളെ ചേര്‍ത്ത് പിടിച്ചു തലോടി. ചുക്കിച്ചുളിഞ്ഞ നെറ്റിയില്‍ ചുംബിച്ചു. ലൈല പുഞ്ചിരിച്ചു. ആയിരം സൂര്യന്റെ തിളക്കത്തോടെ അവള്‍ അസ്തമിച്ചു.
ദീദി ജീവനദിയില്‍ മുങ്ങിക്കുളിച്ചു. കൂടെ ഞാനും. നദിക്കരയില്‍ കുട്ടികള്‍ കളിച്ചു തുടങ്ങി. കൈകള്‍ പിന്നില്‍ കെട്ടിയ പെണ്‍കുട്ടിയെ ഒരു ട്രൗസറുകാരന്‍ നീട്ടി വിളിച്ചു.
'ദീദീ....'
പുളിമരം ആര്‍ക്കോ വേണ്ടി പൂത്തുലഞ്ഞു. പഴയ റിക്ഷാവണ്ടിയിലിരുന്നു സുശീല ആര്‍ത്ത് ചിരിച്ചു. അവളുടെ മുടി അനുസരണയില്ലാതെ പാറിപ്പറന്നു.