Malayalam Short Story : കുഞ്ഞലയുടെ ഉന്‍മാദങ്ങള്‍, ഐശ്വര്യ ശരത് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published May 12, 2022, 3:45 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഐശ്വര്യ ശരത് എഴുതിയ ചെറുകഥ

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

കോട്ടപ്പടി പള്ളിയുടെ വടക്ക്മാറി റോഡിനിരുവശവും തീപ്പെട്ടിക്കൂട് അടക്കിവച്ചപോലെ വീടുകള്‍ കാണാം. അതിനൊരു മാറ്റം വരുന്നതാകട്ടെ മാനത്തില്‍ മത്തായിമാഷിന്റെ വീടെത്തുമ്പോഴായിരിക്കും. മാഷിന്റേതൊരു വലിയ തറവാട് വീടാണ് ഏക്കര്‍ കണക്കിന് വരുന്ന പറമ്പില്‍ തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത തണല്‍മരങ്ങള്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ പഴയ മാനത്തില്‍ തറവാട് വീട്. 

പഠിപ്പും ജോലിയും നോക്കി മക്കളും പേരക്കിടാങ്ങളും നഗരത്തിലേക്ക് ചേക്കേറിയപ്പോള്‍ മാഷും, ഭാര്യ വെറോണിക്കയും, മാഷിന്റെ കല്യാണം കഴിയാത്ത ഒരേയൊരു ഉടപ്പെറന്നോള്‍ കുഞ്ഞലയും ആ വലിയ വീട്ടില്‍ തനിച്ചായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആണെങ്കിലും കൊല്ലംതോറും അമ്പുപെരുനാളിന് എല്ലാവരും ഒത്തുകൂടിപോന്നു.

'ഈ മാനത്തിക്കാരെന്നുവെച്ചാല്‍ ആരാന്നാ അവളുടെയൊക്കെ വിചാരം ഈ ലോല ഇതൊന്നും കണ്ടിട്ടില്ലാലോ? അവളുടെ അമാവാസി ഉദിച്ചേക്കണ പോലത്തെ പീക്കിരി ചെക്കന്റെ കിടുങ്ങാമണിയില്‍ മുത്തിപോലും.'

മാഷിന്റെ അയലത്തെ വല്യമ്മച്ചി ഏല്യാമ്മയുടെ മകന്റെ കല്യാണം കഴിഞ്ഞതിന്റെ നാലാംനാളാണ് കുഞ്ഞല, പടിഞ്ഞാറേമതിലിനോട് ചേര്‍ന്ന് വെട്ടിയ തെങ്ങിന്‍ കുറ്റിയില്‍ വന്നിരുന്ന് ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നത്, അപ്പുറത്ത് മുറ്റമടിച്ചുകൊണ്ടിരുന്ന എമിലി കേട്ട്, മതിലിനുമുകളിലൂടെ ഏന്തിവലിഞ്ഞു നോക്കിയത്.

നിറയെ പീലികളുള്ള വലിയ കണ്ണുകളും, നീണ്ടമൂക്കിന്റെ അറ്റത്ത് മിന്നിയ മൂക്കുത്തിയുമാണ് ആദ്യം എമിലിയുടെ കണ്ണിലുടക്കിയത്.  ഉരുണ്ടുമുഴുത്ത മാറുകളുള്ള അവര്‍ കുനിഞ്ഞ് പവിഴമല്ലി പൂക്കള്‍ പെറുക്കുമ്പോള്‍, എമിലിയുടെ കണ്ണുകള്‍ അങ്ങോട്ട് നീണ്ടു. നിവരുന്നതിനിടെ അരയ്ക്ക് താഴെ ഇടതൂര്‍ന്ന കറുത്ത ചുരുണ്ട മുടി തെന്നി മാറി അവരുടെ വലിയ നിതംബങ്ങള്‍ പുറത്തേക്കു തെറിച്ചു കണ്ടു. ചട്ടയും മുണ്ടിലും അവരെ കണ്ടിട്ടും മുപ്പതില്‍ കൂടുതല്‍ പ്രായം അവര്‍ക്ക് തോന്നുകയേയില്ല, എമിലി കൗതുകത്തോടെ അവരെ നോക്കി നിന്നു.


പെട്ടെന്ന് ഉയര്‍ന്നുനോക്കിയപ്പോള്‍ കുഞ്ഞല അവളെ കണ്ടു.

'പൂ വേണോ? ആട്ടെ നീ എബിടെ മാപ്ലച്ചി അല്ലെ! പേടിക്കണ്ടട്ടാ, ഈ കുഞ്ഞു ലോലേടെ ഭ്രാന്ത് ആദ്യായി കാണുന്നോണ്ടാ.'

വേണം എന്നോ വേണ്ട എന്നോ തോന്നിക്കുമാറ് തലയാട്ടി എമിലി മതിലിനപ്പുറം താഴ്ന്നു.

'ഹാ പോയാ! പേടിച്ചുകാണും.'

പൂക്കള്‍ പെറുക്കി നിവരുന്നതിനിടയില്‍ കുഞ്ഞല പെട്ടെന്ന് പറഞ്ഞു. 'ആ മുത്തുമെടി, ചിലപ്പോള്‍ ഇനിയും മുത്തും.' 

കുറെയേറെനേരം ആരോടെന്നില്ലാതെ  പിറുപിറുത്തുകൊണ്ട് കുഞ്ഞലയവിടെയിരുന്നു. പിന്നെ വെയിലിനു ചൂടുകൂടിയപ്പോള്‍ പൂക്കളുമായി അകത്തേക്ക് പോയി.


'അതെ, നിങ്ങടെ ഉടപെറന്നോളുടെ ഭ്രാന്ത് ലേശം കൂടിയിട്ടുണ്ട്, അതെങ്ങനെയാ ഇന്നും ഇന്നലെയും തുടങ്ങിയതാണോ, കല്യാണം കഴിക്കാത്തതിന്റെ ഈ ഭ്രാന്ത്? കൊച്ച് കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല ഇനിയും എന്തെല്ലാം കേള്‍ക്കണം എന്റെ യേശുഅപ്പച്ചാ!'

'നീയൊന്നു മിണ്ടാതിരിയെന്റെ വെറോണി, അവളുടെ ബാക്കി ഇനി നീയും തുടങ്ങിയാലോ?' മത്തായി വാര്‍ത്ത കാണുന്നതിനിടയില്‍ തല ഉയര്‍ത്തി പറഞ്ഞു.

'അല്ലേലും നിങ്ങക്ക് എന്റെ വായ അടച്ചുമൂടാന്‍ കഴിയും. കുഞ്ഞലയോട് ഒന്ന് എതിര്‍ത്തു പറയാനോ, നാട്ടുകാരുടെ വായ അടക്കാനോ നിങ്ങക്കാവോ?'

'നീ മിണ്ടാതെ ഇരുന്നാല്‍ തന്നെ പാതിയിലേറെ ആശ്വാസം കിട്ടും.'

'ഹാ വലിയ മാഷാണത്രേ! നിങ്ങളൊന്നും എത്ര കണ്ടാലും, കൊണ്ടാലും പഠിക്കില്ല മനുഷ്യാ. അല്ലേലും ആ പെങ്ങള് ഭ്രാന്തി പറയുന്നതാ വേദവാക്യം.'

വെറോണിക്ക വര്‍ഷങ്ങളായുള്ള ദേഷ്യവും, സങ്കടവും ഇടക്കിടെ എടുത്തുപുറത്തിട്ടുകൊണ്ടിരുന്നു.

'വെറോണീ... അമേരിക്കയിലുള്ള നിന്റെ രണ്ടാമത്തെ പുത്രന് ആഡംബര ഫ്‌ലാറ്റ്വാങ്ങാന്‍ വിറ്റുതുലച്ച റബ്ബറിന്‍ തോട്ടം കുഞ്ഞലയുടെ പേരിലായിരുന്നു എന്നത് മറക്കണ്ട.'

വെറോണിക്ക ഒരക്ഷരം മിണ്ടാതെ അടുക്കളയിലോട്ട് പോയി.

ഇതെല്ലാം കേട്ടിട്ടും കുഞ്ഞല പവിഴമല്ലി പൂക്കളുടെ ഗന്ധം മൂക്കില്‍ വലിച്ചുകയറ്റി, അവളുടെ വലിയ മാറില്‍ തഴുകിത്തലോടികൊണ്ട്, പുറത്തേക്കു നോക്കിയിരുന്നു. അവര്‍ക്ക് എപ്പോഴും തോന്നാറുണ്ട് ആ പവിഴമല്ലി പൂക്കളുടെ ആയുസ്സേ തന്റെ ഭ്രാന്തിനുള്ളൂ എന്ന്!

അന്ന് രാത്രിമഴ, പൂക്കളുടെ നടുവിലെ ഓറഞ്ച്‌പ്പൊട്ടില്‍ വീണ് ചിന്നിത്തെറിച്ചു. ആരെയും മോഹിപ്പിക്കുന്ന, നിലാവില്‍ അലിഞ്ഞ് ഗന്ധര്‍വ്വന്‍മാരുടെ വരവും കാത്ത്, പടിഞ്ഞാറുനിന്നും വീശിയടിക്കുന്ന കാറ്റിലപ്പാടെ നിലം പതിച്ച പവിഴമല്ലി പൂക്കളെപ്പോലെ അവളും ഉറങ്ങാതിരുന്നു. 

കുഞ്ഞലയും അവയെപ്പോലെ  സുന്ദരിയായിരുന്നു. സ്വതവേ മാനത്തിക്കാര്‍ സുന്ദരന്മാരും സുന്ദരികളും ആയിരുന്നുവെങ്കിലും കുഞ്ഞല കിടയറ്റൊരു രതിശില്‍പം പോലെ അവരില്‍നിന്നെല്ലാം വേറിട്ട് നിന്നു.

ഇത്ര സുന്ദരിയായിട്ടും കുഞ്ഞല എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? അതിനുള്ള ഉത്തരങ്ങള്‍ കടലിനടിയിലെ ഉഷ്ണജലപ്രവാഹങ്ങളില്‍ ചിപ്പിക്കുള്ളില്‍ ചിലപ്പോഴെങ്കിലും ചത്തിരുണ്ട് വിലയില്ലാതാകുന്ന മുത്തുപോലെ കുഞ്ഞലയുടെ മനസ്സില്‍ കിടന്നതല്ലാതെ തിരകളെത്ര ആഞ്ഞടിച്ചിട്ടും തീരത്ത് അടിഞ്ഞതുമില്ല, ചിന്നിച്ചിതറിയതുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാര്‍ അവരവരുടെ ഇഷ്ടത്തിനനുസരിച്ച നിറങ്ങള്‍ കുഞ്ഞലക്കു നല്‍കിക്കൊണ്ടേയിരുന്നു.

മത്തായിമാഷിന്റെ കല്യാണം കഴിഞ്ഞതുമുതല്‍ ആ വീട്ടില്‍ അമ്മായിയമ്മ ഇല്ലാത്തതിന്റെ കുറവ് പരിഹരിച്ചത് കുഞ്ഞലയായിരുന്നു. 

അവള്‍ വെറോണിക്കയെ പരമാവധി കഷ്ടപ്പെടുത്തികൊണ്ടേയിരുന്നു, സ്വബോധത്തോടെയും, അല്ലാതെയും. ആ വലിയ വീട്ടില്‍ എത്രയൊക്കെ മുറികള്‍ ഉണ്ടായിട്ടും മാഷിന്റെയും, വെറോണിക്കയുടെയുമിടയില്‍ അവര്‍, വെറുത്ത നിഴലായി പലപ്പോഴും അവള്‍ മാറി. എങ്കിലും അവര്‍ക്ക് മൂന്ന് മക്കളുണ്ടായി, ഡേവിസും, റാഹേലും, ബിനോയും.

അവരുടെ മക്കളോട് കുഞ്ഞലയ്ക്ക് എന്നും സ്‌നേഹമായിരുന്നു, ആണ്‍കുട്ടികളോട് പ്രതേകിച്ചും. 

ബന്ധുവീടുകളിലും, അയലത്തെ വീടുകളിലും കല്യാണങ്ങള്‍ കഴിഞ്ഞുകൊണ്ടിരുന്നപ്പോഴും,
അവിടത്തെ പെണ്ണുങ്ങള്‍ കുട്ടികളെ പ്രസവിക്കുമ്പോഴും കുഞ്ഞല അവളുടെ യൗവനത്തെ കാത്തുസൂക്ഷിച്ചുകൊണ്ടേയിരുന്നു.

എങ്കിലും ആ കുട്ടികള്‍ വലുതാകുന്തോറും കുഞ്ഞലയുടെ വിഭ്രാന്തിയും വലുതായി വന്നു.

ഇടക്കെല്ലാം അലറി വിളിക്കുംപോലെ അവള്‍ പറഞ്ഞു 'എനിക്കും കെട്ടണം, റോഡരികില്‍ പിച്ചയെടുക്കുന്നവന്‍ ആയാലും മതി, ഞാന്‍ കുളിപ്പിച്ചു വൃത്തിയാക്കി എടുത്തോളാം...'

ഇതിനെല്ലാം കാരണമായതോ അയല്‍പ്പക്കത്തെ സുലോചനയുടെ കൂട്ടും. നട്ടുച്ചയിലും കരിഞ്ഞുണങ്ങിയ ഇലകള്‍ വീണുകിടന്ന ഇടവഴിയിലൂടെ കുഞ്ഞല താഴെത്തൊടിയിലേക്കിറങ്ങി സുലോചനക്കരികിലിരുന്നു. അവര്‍ പറഞ്ഞ കഥകളും അനുഭവങ്ങളും കുഞ്ഞലയെ കുളിരുകോരിച്ചു. നനഞ്ഞുകുതിരുമ്പോള്‍ സുലോചനയുടെ കൈത്തട്ടിമാറ്റി കുഞ്ഞല വീട്ടിലോട്ടോടും. 

ബിനോയിയുടെ കല്യാണം കൂടി കഴിഞ്ഞപ്പോള്‍ കുഞ്ഞലയെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലായി. കുറെ മാസങ്ങളോളം ഫിനോയില്‍ മണക്കുന്ന സെല്ലിനുള്ളില്‍ അവര്‍ കഴിച്ചുകൂട്ടി. തിരിച്ചെത്തിയപ്പോ വീട്ടില്‍ മത്തായിമാഷും, വെറോണിക്കയും, കുഞ്ഞലയും മാത്രമായി.

കുറെ ദിവസങ്ങള്‍ റൂമില്‍ നിന്നു പുറത്തേക്കിറങ്ങാതെ അതിനുള്ളില്‍ കഴിച്ചുകൂട്ടിയപ്പോള്‍ പടിഞ്ഞാറുനിന്നുള്ള മത്തുപിടിപ്പിക്കുന്ന പവിഴമല്ലിപൂക്കളുടെ ഗന്ധം തുറന്നിട്ട ജാലകങ്ങളിലൂടെ കുഞ്ഞലയെ പൊതിയുകയും, ശരീരത്തിലെ ഓരോ രോമകൂമങ്ങളേയും ഉണര്‍ത്തി ഉന്മത്തയാക്കുകയും ചെയ്തു. വെളുത്ത രാത്രിമുല്ലയുടെ നടുവിലെ ഓറഞ്ച്‌പൊട്ടില്‍ തൊട്ട് തലോടി ഉരുകിയൊലിച്ച് വിയര്‍ത്ത്, അവളിലെ ഭ്രാന്ത് പൂത്തുലഞ്ഞു. 

പിന്നീട് വരുന്ന ഓരോ അമ്പുപെരുനാളിനുമായി കുഞ്ഞല കാത്തിരുന്നു. എല്ലാവരും കൂടി സന്തോഷിച്ചും, ഉല്ലസിച്ചും മാനത്തില്‍വീട് ഒരു ഉത്സവപ്പറമ്പാവുകയും പിന്നെ കുഞ്ഞലയില്‍ ഭ്രാന്ത് പൂക്കുമ്പോള്‍ വീടൊഴിയുകയും ചെയ്തുകൊണ്ടിരുന്നു. 

താഴെതൊടിയിലേക്കുള്ള കുഞ്ഞലയുടെ പോക്ക് പുനരാരംഭിച്ചു. സുലോചന എരുവും, ഉപ്പും, പുളിയും ചേര്‍ത്ത ഉരുളകള്‍ പതിവുപോലെ അവള്‍ക്ക് പകര്‍ന്ന് കുഞ്ഞല തിരിച്ചു പോകുമ്പോഴേക്കും കൈകഴുകികൊണ്ടേയിരുന്നു.

കിഴക്കേ മുറ്റത്തുനിന്ന് രണ്ടാമത്തെ കുട്ടിക്ക് ചോറ് കൊടുക്കുമ്പോഴാണ്  പിറുപിറുത്തുകൊണ്ട് തിരിച്ചു കയറി വരുന്ന അവരെ എമിലി കണ്ടത്. തലമുടി കുറെയൊക്കെ നരച്ചിരിക്കുന്നുവെങ്കിലും ആ നീളവും, മുറ്റുമൊക്കെ അങ്ങനത്തന്നെ ഉണ്ട്. നടത്തം മന്ദഗതിയിലായിരിക്കുന്നു, ഇവര്‍ എന്തൊരു സുന്ദരിയായിരുന്നു, വാര്‍ദ്ധക്യം അവരുടെ സൗന്ദര്യത്തെ കാര്‍ന്നെടുത്തപോലെ അവള്‍ക്ക് തോന്നി. എങ്കിലും കണ്ണിലെ തിളക്കം ഇപ്പോഴും നഷ്ട്ടപെട്ടിട്ടില്ല. ആ പോക്കുവരവ് സ്ഥിരമാവുകയും പിന്നെ അവരെ പുറത്തേക്ക് കാണാതാവുകയും ചെയ്തു. പ്രായം കൂടുന്തോറും അവര്‍ക്ക് വാശിയും കൂടിവന്നു. ഭ്രാന്ത് കേറുമ്പോള്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞു.

എബിയുടെ അടുത്തേക്ക് ജോലിശരിയായി പോകാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന എമിലിയുടെ അടുത്ത് ഏല്യാമ്മ പറഞ്ഞു,

'പോകുന്നതിനും മുന്നെ കുഞ്ഞലയെ ഒന്ന് കണ്ടേക്ക് എമി.'

'ആ മമ്മി... ഇന്ന് വൈകീട്ട് നമുക്ക് പോകാം.'

'കണ്ടിട്ട് കഷ്ടം ആണ് അവളുടെ അവസ്ഥ തിരിച്ചു വരുമ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം!'


വൈകീട്ട് പുറകുവശത്തുകൂടി അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ കുഞ്ഞലയുടെ മുറിയുടെ ജനാലകള്‍ തുറന്നു കിടന്നിരുന്നു. ഒരു കൈ മടക്കി അതില്‍ തലവെച്ചു മറ്റേ കൈ കമ്പിയഴികളിലൂടെ പുറത്തേക്കിട്ട് തലയില്‍ ഒരു ഷാളും ഇട്ടുകൊണ്ട് അവരങ്ങനെ കിടന്നു. 

അകത്തോട്ട് കയറിയപോഴേ വെറോണി പറഞ്ഞു, 'കണ്ടില്ലേ ഏല്യാമ്മേ പ്രതിഷേധം ആണ്. കാലത്ത് തുടങ്ങിയതാ ഒരുവക കഴിച്ചിട്ടില്ല.'

'സുഖക്കേട് ഇപ്പോള്‍ കൂടുതലാണല്ലേ?' 

'ഇപ്പോള്‍ തീരെ പാടേടാണ്, നടത്തം ഒക്കെ നിര്‍ത്തിയപ്പോള്‍ സമാധാനം ആകുമെന്ന് കരുതിയതാ.'

അതിനിടയില്‍ എമിലി അകത്തുപോയി കുഞ്ഞലയെ കണ്ടു. അപ്പോഴും പുറത്തോട്ട് നോക്കി അവരങ്ങനെ അനങ്ങാതെകിടന്നു. കാറ്റില്‍ തലയിലെ ഷാള് നീങ്ങിയപ്പോള്‍ എമിലിയൊന്ന് ഞെട്ടി. 'അയ്യോ ഇതെന്തുപറ്റി മുടിയൊക്കെ!'

തിരിഞ്ഞു നോക്കിയതും എമിലിയെ കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഷാള്‍ തലയിലേക്ക് കയറ്റിയിട്ടു.

അപ്പുറത്തുനിന്നും മമ്മിയുടെയും ചേടത്തിയുടെയും സംസാരം മുറിയിലേക്ക് കേട്ടുകൊണ്ടിരുന്നു

'അവക്കടെ തലയിലെല്ലാം പേന്‍ നിറഞ്ഞു. എത്ര വലിയ മുടിയാ മുട്ടിമുട്ടി തോറ്റിട്ട് ചകിരിയില്‍ തീയിട്ട് അതിക്ക് പിടിച്ചിടലായി, പിന്നെ എന്തിനാ ഇതിനൊക്കെ നില്‍ക്കുന്നെ ആ മുടി പോയാല്‍ അത്രയും പണി ലാഭമായില്ലേ! ബാര്‍ബറ് മുരളിയെ വിളിച്ച്  മൊട്ടയടിപ്പിച്ചു.'

'കണ്ടില്ലേ അവശയാണ്!' പതിഞ്ഞ സ്വരത്തില്‍ ഇതുകൂടി പറഞ്ഞു വെറോണിക്ക നിശബ്ദയായി.

'ഇപ്പൊ മരിക്കും എന്നൊന്നും കരുതി ഇരിക്കണ്ട വെറോണ്യേ തമ്പുരാന്‍ എന്തൊക്കെ കരുതി വെച്ചിട്ടുണ്ട് എന്ന് ആര്‍ക്കറിയാം.' 

അവരുടെ അടക്കം പറച്ചലുകള്‍ കേട്ടപ്പോള്‍ കുഞ്ഞലയെപ്പോലെ എമിലിക്കും അസ്വാരസ്യമുണ്ടായി.

'എന്നെ മനസ്സിലായില്ലേ ചേടത്തിക്ക്?' എമിലി ചോദിച്ചു.

ഇടയില്‍ കയറിവന്നു വെറോണിക്ക പറഞ്ഞു 'നിനക്ക് അവളെ മനസ്സിലായില്ലേ ഇതു ഏല്യാമ്മയുടെ മരുമകളാ. അവള്‍ എബിടെ അടുത്തേക്ക് പോകുവാ യാത്ര പറയാന്‍ വന്നതാ.'

ചെറുതായി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കുഞ്ഞല പറഞ്ഞു. 'എമി വാ ഇവിടെ ഇരിക്ക്, യാത്ര ചോദിക്കേണ്ടതുതന്നെ. അതെ, അത് എല്ലായിപ്പോഴും ചോദിക്കാനും കഴിഞ്ഞെന്നു വരില്ല, ചോദിക്കാന്‍ ആരൊക്കെ ഉണ്ടാകുമെന്നും!'

പിന്നീടങ്ങോട്ട് കുഞ്ഞല കിടന്ന കിടപ്പ് കിടന്നു. ആരോടോ ഉള്ള വാശി തീര്‍ക്കുംപോലെ കിടന്നിടത്തു കിടന്നു മുള്ളിയപ്പോള്‍ മൂത്രം പോവാന്‍ കുഴലിട്ടു. ഒന്നും കഴിക്കാന്‍ എഴുന്നേറ്റതുമില്ല.

കുളിപ്പിക്കലും പല്ലുതേപ്പിക്കലുമെല്ലാം മത്തായിയും വെറോണിയും കൂടിയായി.

മത്തായി അതെല്ലാം ചെയ്യുമ്പോള്‍ വെറോണിയുടെ നെഞ്ച് പിടഞ്ഞു, കുഞ്ഞല അങ്ങനെ പിറന്ന പാടെ ഇരുന്നുകൊടുത്തു.

ഒരുദിവസം സോപ്പ് തേച്ചുകൊണ്ടിരിക്കെ കുഞ്ഞല പറഞ്ഞു 'അവിടെ താഴെ ഒന്ന് തേച്ച് തരോ? നിങ്ങള്‍ തേക്കുമ്പോ നല്ല സുഖോണ്ട് .'

അതുകേട്ടതും വെറോണിക്ക് സര്‍വ്വാംഗം തരിച്ചു കയറി  ദേഷ്യത്തോടെ പറഞ്ഞു 'നിന്റെ കൈകൊണ്ട് തേച്ചാലും സുഖം കിട്ടുമെടീ. കാണുന്നതിനും ക്ഷമിക്കുന്നതിനും ഒക്കെ ഒരുപരിധിയില്ലേ! ഭ്രാന്താണ് പോലും കുറെ ആയി ഇതെല്ലാം കാണുന്നു. കണ്ടുകണ്ട് സഹികെട്ട് എല്ലാവരും പോയി. ഇനിയും മാറിയില്ല അവക്കടെ ഭ്രാന്ത്.'

'ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്ന് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു.' മത്തായി അത് പറഞ്ഞതും കുഞ്ഞല അയാളെ രൂക്ഷമായൊന്ന് നോക്കി.

പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ അയാള്‍ തത്രപ്പാടുപെട്ടപ്പോഴും വെറോണിക്ക സന്തോഷത്തോടെ പറഞ്ഞു
'പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഇതിനൊക്കെ പഠിക്കും മനുഷ്യാ എന്ന്, ഇപ്പോഴെങ്കിലും പഠിച്ചല്ലോ!'

പിന്നെയും ദിവസങ്ങള്‍ കടന്നുപോയി, കുഞ്ഞലയില്‍ ഭ്രാന്ത് പൂത്തിറങ്ങി...

ഒരുദിവസം പൂത്തുലഞ്ഞ പവിഴമല്ലിയുടെ സുഗന്ധം  കുഞ്ഞലയുടെ മുറിയിലേക്ക് വീശിയടിച്ചപ്പോള്‍ ആ സുഗന്ധത്തില്‍ ഉന്മാദയായ അവള്‍ അതുവരെയും ഇല്ലാത്ത ശക്തിയില്‍ റൂമില്‍നിന്നും ഇറങ്ങി പൂമുഖത്തെത്തി. അവിടെ ചാരുകസാരയില്‍ കിടന്നിരുന്ന മത്തായിയെ നോക്കി കുഞ്ഞല പറഞ്ഞു. 'ഒടപ്പെറന്നോന്‍ ഇനിയും വളരണം, പനയേക്കാള്‍ ഉയരെ വളര്‍ന്നങ്ങ് ആകാശം മുട്ടണം!'

വെറോണിക്ക കുഞ്ഞലയുടെ വായയില്‍നിന്നും ചിന്നിചിതറിയ മുത്തുകളെ കോര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ നിസ്സംഗമായ കണ്ണുകളോടെ  കുഞ്ഞല പുഞ്ചിരിച്ചു, മുറ്റത്തേക്കിറങ്ങി നടന്നു. പിന്നെപ്പിന്നെ ആ പടിഞ്ഞാറന്‍ കാറ്റില്‍ ലയിച്ചു, അപ്പോഴും മാനത്തിലെ പറമ്പില്‍ ഓറഞ്ച് പൊട്ടുകളുള്ള പവിഴമല്ലിപൂക്കള്‍ പൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!