Malayalam Short Story : ഒരു അറബിക്കഥയിലെ കൊവിഡ് ഭൂതങ്ങള്‍, അബ്ദുല്‍ ബഷീര്‍ ഫത്തഹുദീന്‍ എഴുതിയ ചെറുകഥ

By Web TeamFirst Published Mar 22, 2022, 3:35 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.അബ്ദുല്‍ ബഷീര്‍ ഫത്തഹുദീന്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ഇന്നലെ വരെ തോളില്‍ കയ്യിട്ട് നടന്ന അടുത്ത കൂട്ടുകാരനെ പോലും മനുഷ്യന്‍ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു. മിണ്ടാനോ കൂടെയിരുന്ന് സൗഹൃദം പങ്കിടാനോ നില്‍ക്കാതെ ഓടിയൊളിക്കാനാണ് അവന്റെ വ്യഗ്രത. വില്ലയ്ക്ക് മുമ്പില്‍ കാര്‍ നിര്‍ത്തിത്തരുമ്പോള്‍ത്തന്നെ ജോസഫ് പണവും വാങ്ങി പെട്ടെന്ന് തന്നെ മടങ്ങിയത് ശ്രദ്ധിക്കാതിരിക്കാനായില്ല.

അവനെ എങ്ങനെ കുറ്റം പറയാന്‍ കഴിയും? അപ്പുറത്തെ റൂമിലെ സമീറിന് പനി വന്നതില്‍ പിന്നെ ഈ വില്ലയിലേക്ക് ആരും വരാറില്ല. കാത്തുനില്‍ക്കേണ്ട, വിവരം ഫോണില്‍ അറിയിക്കാം എന്ന് ഷറഫലി പറഞ്ഞത് തന്നെ ഞാന്‍ ഓഫീസില്‍ കൂടുതല്‍ നേരം നില്‍ക്കുന്നതില്‍ ഭയന്നിട്ടാവും. 

മടങ്ങുമ്പോള്‍ ജോസഫിനെ ആണ് ആദ്യം ഓര്‍മ്മ വന്നത്. രണ്ടുമാസമായി പണിയില്ലാതെ റൂമിലിരിക്കുകയാണ് അവന്‍. വിളിക്കുമ്പോള്‍ മറുത്തൊന്നും പറഞ്ഞതുമില്ല. വണ്ടിയില്‍ കയറുമ്പോള്‍ ഫ്രണ്ട് ഡോര്‍ ജാമാണ്, പിറകില്‍ കയറിക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ അസ്വാഭാവികമായൊന്നും തോന്നിയില്ല. പക്ഷെ ചോദിക്കുന്നതിനൊക്കെ മറുപടി ഒറ്റവാക്കില്‍ ഒതുക്കിയപ്പോള്‍, 'എന്തുണ്ട് ചേട്ടാ' എന്ന് പോലും എന്നോട് ചോദിക്കാതിരുന്നപ്പോള്‍, തീരെ തിരക്കില്ലാത്ത റോഡില്‍ പോലും പതിവിലുമേറെ ശ്രദ്ധിച്ചുള്ള ഡ്രൈവിങ്ങ് കണ്ടപ്പോള്‍, അവനോട് ദേഷ്യമല്ല, അനുകമ്പയാണ് തോന്നിയത്.

ലുലു മാളിന് വെളിയില്‍ വെച്ചാണ് ജോസഫിനെ ആദ്യം കാണുന്നത്. ടാക്‌സി വേണോ ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ മലയാളി ആണെന്ന് കരുതിയാണ് തലയാട്ടിയത്. മലയാളി അല്ലെന്ന് മനസ്സിലായിട്ടും എല്ലാവരും പറയുന്നതില്‍ അഞ്ച് റിയാല്‍ കുറച്ച് ചാര്‍ജ്ജ് പറഞ്ഞത് കൊണ്ട് മറ്റൊന്നും പറയാതെ കൂടെപ്പോയത് എത്രയോ വര്‍ഷം കഴിഞ്ഞിട്ടും മറന്നിട്ടില്ല. തമിഴനാണെന്നായിരുന്നു കരുതിയതെങ്കിലും ക്രമേണ ശ്രീലങ്കക്കാരന്‍ ആണെന്ന് മനസ്സിലായി. 

മുറിത്തമിഴും മുറി ഇംഗ്‌ളീഷും പിന്നെ കുറച്ച് സിംഹളീസും ഒക്കെ ചേര്‍ത്ത് ജോസഫ് പറയാത്ത കാര്യങ്ങളില്ല, തിരിച്ച് മലയാളവും തമിഴും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ചേര്‍ത്ത് ഞാനും വിശേഷങ്ങള്‍ പങ്ക് വെക്കുമ്പോള്‍ ഭാഷയും ദേശവും അതിരുകളും അപ്രസക്തമായി ലോകമേ തറവാട്ടിലെ സഹോദരങ്ങളായി ഞങ്ങള്‍ മാറിയിരുന്നു. കാഴ്ച്ചയില്‍ തോന്നുകയില്ലെങ്കിലും എന്നെക്കാള്‍ പ്രായം ജോസഫിന് ഉണ്ടെന്ന് രണ്ടുപേര്‍ക്കും അറിയാമെങ്കിലും അയാളെന്നെ ചേട്ടാ എന്ന് തന്നെ വിളിച്ചു പോന്നു, എനിക്കും അതായിരുന്നു ഇഷ്ടം.

ജോസഫിന്റെ വണ്ടിയില്‍ എവിടെ പോയിട്ട് വന്നാലും സാധനങ്ങളും എടുത്ത് കൊണ്ട് അവനും കൂടെ വരും. പിന്നെ ചായയോ ജ്യൂസോ ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളമോ ഒക്കെ എടുത്ത് കുടിച്ചു കുറേ നേരം ചിലവഴിച്ചിട്ടേ അവന്‍ മടങ്ങാറുള്ളു.

ജോലി രാജി വെച്ചത് എടുത്തുചാട്ടം ആയിപ്പോയോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. റൂമിലിരുന്ന് മടുത്തു. എങ്ങോട്ടും പോകാനുമില്ല, ആരും വരാനുമില്ല. ആകെയൊരു ശൂന്യത. കൂട്ടിലടക്കപ്പെട്ടത് പോലെ. ഏക ആശ്വാസം വീട്ടിലേക്ക് വിളിക്കുന്നതാണ്. മഞ്ജു ഇടക്കിടെ മിസ്ഡ് കാള്‍ അടിച്ചു കൊണ്ടിരിക്കും. തിരിച്ചു വിളിക്കുമ്പോള്‍ ഒരേ കാര്യം മാത്രമേ അവള്‍ക്ക് പറയാനുള്ളൂ, ഒന്നും പേടിക്കേണ്ട, ഒന്നുമോര്‍ത്ത് വിഷമിക്കേണ്ട, സമയത്ത് ഭക്ഷണം കഴിക്കണം, മരുന്ന് കഴിക്കാന്‍ മറക്കരുത്, എല്ലാം ശരിയാകും.    

ശരിയാകുമത്രേ, ജോലിയില്‍ നിന്ന് ഇറങ്ങിയിട്ട് മാസം നാലാകുന്നു, രണ്ട് ദിവസത്തിനുള്ളില്‍ കിട്ടുമെന്ന് പറഞ്ഞ ശമ്പളകുടിശ്ശികയ്ക്കും മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടും അത്ര തന്നെ നാളായി. ക്ഷമ നശിച്ച് തുടങ്ങിയിരിക്കുന്നു. ഷറഫലിയുടെ ഉപദേശം കേട്ടാണ് എനിക്കീ ഗതി വന്നതെന്ന് ഇടക്കൊക്കെ തോന്നും, പക്ഷെ അതല്ലാതെ എന്ത് വഴിയാണ് ഉണ്ടായിരുന്നതെന്ന് ഉടന്‍ മനസ്സ് തിരിച്ചു ചോദിക്കും.

ഷറഫലിയെ ആദ്യം കാണുന്നത് കോഴിക്കോട് - ബോംബേ ബസ്സില്‍ വെച്ചാണ്, ശരിക്കും പറഞ്ഞാല്‍ ബസ്സ് വഴിയിലെവിടെയോ നിര്‍ത്തിയപ്പോള്‍ മൂത്രമൊഴിക്കാനായി മത്സരിച്ച് ഇറങ്ങി ഓടിയപ്പോഴാണ്. മണിക്കൂറുകളുടെ സമ്മര്‍ദ്ദം നിമിഷാര്‍ദ്ധങ്ങള്‍ കൊണ്ട് അന്യനാട്ടിലെ മണ്ണിലാഴ്ന്ന് പോയി. ആദ്യത്തെ നിര്‍വൃതിയും പിന്നത്തെ നിര്‍വികാരതയും ആസ്വദിച്ച് ബസ്സില്‍ തിരികെ എത്തുമ്പോഴാണ് കൂടെ ഓടിയവന്റെ ഇരിപ്പിടം തൊട്ട് പിറകേയുള്ള സീറ്റിലാണെന്ന് മനസ്സിലായത്. ഇരുപത്തെട്ട് വര്‍ഷം മുമ്പ്, രണ്ട് പേര്‍ക്കും ഇന്നത്തെപ്പോലെ കുടവയറോ ദുര്‍മ്മേദസ്സോ നര കയറിത്തുടങ്ങിയ കഷണ്ടിത്തലയോ ഒന്നുമില്ല. അരപ്പട്ടിണിയുടെ മൂശയില്‍ വാര്‍ത്തെടുത്ത എല്ലിച്ച യുവ ശരീരങ്ങള്‍, അവന് അന്ന് ഇപ്പോഴത്തെയത്രയും നിറവുമില്ലായിരുന്നു എന്നാണ് ഓര്‍മ്മ, കട്ടിമീശയും. 

കുടുംബത്തെ പിരിയുന്നതിന്റെ മനോവിഷമവും ഒട്ടും പരിചയമില്ലാത്ത അന്യനാട്ടിലേക്ക് പോകുന്നതിന്റെ ആശങ്കകളും നിറഞ്ഞ് നിന്നതിനാല്‍ ഉറക്കം വരുന്നതേ ഉണ്ടായിരുന്നില്ല. തിരിഞ്ഞ് നോക്കിയപ്പോള്‍ പിറകിലേ സീറ്റിലിരിക്കുന്ന ചങ്ങാതിയും സമാനമായ അവസ്ഥയിലാണ്. കുറച്ച് നേരം മിണ്ടാതെ പരസ്പരം നോക്കിയിരുന്നിട്ട് അവന്‍ ആദ്യമായി ചോദിച്ചത് ഇന്നും ഓര്‍മ്മയുണ്ട്, ഏതാ രാജ്യം എന്ന്? കൂടെയുള്ളവരെല്ലാം ഇന്ത്യക്കാരാണെന്ന് അറിയാത്ത ഒരു മണ്ടനാണോ കൂടെയുള്ളതെന്ന് ചിന്തിച്ചു പോയി. എന്തായാലും മറ്റേയാളുടെ സ്ഥലത്തെപ്പറ്റിയും അവിടങ്ങളിലെ ഭാഷാഭേദങ്ങളെക്കുറിച്ചും ഒരു തരത്തിലുമുള്ള അറിവുകളില്ലാത്ത ഒരു മലപ്പുറംകാരനും ഒരു കൊല്ലംകാരനും കണ്ട് മുട്ടുമ്പോഴുണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങളും, അത് തിരിച്ചറിയുമ്പോഴുണ്ടാകുന്ന തമാശകളും ഒക്കെ നിറഞ്ഞ ഒരു സമാഗമം. വ്യത്യസ്തമായ താഴ് വാരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ രണ്ട് കൈത്തോടുകള്‍ ചേര്‍ന്ന് ഒന്നായ പോലെ. എത്രയോ വര്‍ഷങ്ങളായി കലങ്ങിയും തെളിഞ്ഞും മെലിഞ്ഞും നിറഞ്ഞും ഇന്നും ഒഴുകുകയാണ് ആ സൗഹൃദപ്പുഴ. 

ബോംബെയില്‍ ഒരേ റൂമില്‍ താമസിച്ച്, ഒരേ വിമാനത്തില്‍ സൗദിയിലെത്തി, ഒരേ കമ്പനിയില്‍ ജോലിക്ക് കയറിയെങ്കിലും, താമസം രണ്ട് സ്ഥലത്തായിരുന്നു. വലിയ പഠിപ്പില്ലാത്തവരെന്ന് കരുതിയ മലപ്പുറത്ത് നിന്ന് വന്ന അവന്‍, തന്റെ കയ്യിലുണ്ടായിരുന്ന ബികോം സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അക്കൗണ്ടിങ്ങ് ക്ലര്‍ക്കിന്റെ ജോലിയും നല്ലയൊരു വില്ലയിലെ താമസവും തരമാക്കി. പ്രീഡിഗ്രി വരെ മാത്രം പഠിച്ച എനിക്ക് കിട്ടിയ ജോലി ഒരു ലബനോന്‍കാരന്‍ മാനേജറുടെ സെക്രട്ടറി ആയിട്ടായിരുന്നു, ഒരു തരം അടിമപ്പണി തന്നെ, ദിവസവും അയാളുടെ തെറിവിളിയും ഒരു സൗകര്യവുമില്ലാത്ത ലേബര്‍ ക്യാമ്പിലെ താമസവും പെട്ടെന്ന് തന്നെ മടുപ്പിച്ചു. എല്ലാ വെള്ളിയാഴ്ചയും ഷറഫലിയുടെ വില്ലയില്‍ പോകും, അവനുണ്ടാക്കുന്ന ബിരിയാണിയും വൈകുന്നേരമായാല്‍ കേരള മാര്‍ക്കറ്റിലെ കറക്കവുമാണ് അവധി ദിനത്തിലെ സ്‌പെഷ്യല്‍. 

വര്‍ഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഷറഫലിക്ക് ആ കമ്പനി വിട്ട് ഇപ്പോഴത്തെ കമ്പനിയില്‍ മാനേജരായി കയറാന്‍ കഴിഞ്ഞത് അവന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്. ഏറ്റവും അടുത്ത അവസരത്തില്‍ എനിക്കും ഈ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി അവന്‍ ജോലി ശരിയാക്കി തന്നില്ലായിരുന്നുവെങ്കില്‍ ആ ലബനോനിയെ കുത്തിക്കൊന്ന കുറ്റത്തിന് ജയിലില്‍ പോകേണ്ടി വന്നേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

മൂന്ന് വയസ്സില്‍ ശ്രീക്കുട്ടന് ഇനി ഒരിക്കലും നടക്കാനാവില്ലെന്ന് അറിഞ്ഞ് തകര്‍ന്ന് പോയ എനിക്ക് ആറുമാസത്തെ അവധി അനുവദിപ്പിച്ച് തന്നതും നാട്ടിലെ ആശുപത്രിയിലെ പരിചയക്കാരന്‍ ഡോക്ടറുടെ ചികിത്സ തരമാക്കി തന്നതുമെല്ലാം അവന്‍ നേരിട്ടായിരുന്നു. ചികിത്സ കൊണ്ട് അസുഖം പൂര്‍ണ്ണമായും ഭേദമാകില്ല, പകരം കാര്യങ്ങള്‍ ഇനിയും വഷളാകാതെ ഇരിക്കുകയേയുള്ളൂ എന്ന് ഉറപ്പായപ്പോള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത വീല്‍ചെയറുമായാണ് അവന്‍ വീട്ടിലേക്ക് വന്നത്. ചെറിയ ജോയ് സ്റ്റിക്ക് കൊണ്ട് നിയന്ത്രിക്കാവുന്ന ആട്ടോമാറ്റിക്ക് വീല്‍ ചെയര്‍ ശ്രീക്കുട്ടന് ഈ ഒമ്പതാം വയസ്സിലും ഒരനുഗ്രഹമാണ്. 

വീട്ടിനുളളിലും പുറത്തും ആരുടെയും സഹായമില്ലാതെ കറങ്ങി നടക്കാന്‍ അവന് ഇഷ്ടവുമാണ്. ഇടുങ്ങിയ ഹാളും മുറികളുമുള്ള പഴയ വീടിന്റെ പരിമിതികള്‍ അവനെ വീര്‍പ്പ് മുട്ടിക്കുന്നത് മനസ്സിലായപ്പോഴാണ് കഴിഞ്ഞ അവധിക്കാലത്ത് വിശാലമായ ഹാളും അവന് സ്വന്തമായി ബെഡ് റൂമും ഒക്കെയുള്ള പുതിയ വീടിന് വേണ്ടി ബേസ്‌മെന്റ് വരെ കെട്ടിപ്പൊക്കിയത്. അതിനായി പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ച് കളഞ്ഞതിനാല്‍ ഉള്ള സൗകര്യത്തില്‍ മഞ്ജുവും കുട്ടികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട് എന്നവര്‍ പറയാതെ തന്നെയറിയാം.

മണിക്കൂറുകള്‍ ഇടവിട്ട് ഐ. എം. ഓയിലൂടെ വീഡിയോ കോള്‍ വിളിക്കലാണ് അവന്റെ ഇപ്പോഴത്തെ ഹോബി. കോളെടുത്താല്‍ ഒരേയൊരു ചോദ്യം മാത്രമേ ഉള്ളൂ, അത്തത്താ എപ്പ വരും. വര്‍ത്തമാനത്തിലും കുറച്ച് വൈകല്യം ഉള്ളതിനാല്‍ അത്തത്താ എന്നാണ് വിളി. ധന്യമോള്‍ അച്ഛാ അച്ഛാ എന്ന് വിളിക്കുന്നത് കേട്ട് പഠിച്ചതാണീ അച്ഛച്ഛാ അഥവാ അത്തത്താ. അത്തത്ത നാളെ വരും എന്ന് പറഞ്ഞാല്‍ പൊട്ടി പൊട്ടി ചിരിക്കും, നാളെയെന്നത് ഗണപതിക്കല്യാണം പോലെ നീണ്ട് പോകുന്നത് അവന്‍ അറിയുന്നുണ്ടാവില്ലേ? ഉള്ളു പിടയുന്ന വേദനയോടെ ഞാനിനി എത്ര നാള്‍ എന്റെ കുഞ്ഞിനോട് കള്ളം പറഞ്ഞ് നില്‍ക്കും ദൈവമേ? തൂങ്ങിയാടുന്ന കലണ്ടറിന്റെ പുറങ്ങളില്‍ നിരവധി നാളെകള്‍ വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നുവെങ്കിലും, എന്റെ കുഞ്ഞുങ്ങളുടെയും മഞ്ജുവിന്റെയും കണ്ണുകളില്‍ സപ്തവര്‍ണ്ണങ്ങള്‍ നിറയ്ക്കുന്ന ആ ദിവസം എന്ന് വരുമെന്ന ചിന്തയില്‍ ആവാം, പൊതുവെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഈയിടെയായി വളരെ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്.

വീടിന് മുന്നിലെ ചെറിയ കടമുറിയില്‍ തുടങ്ങിയ ലേഡീസ് സ്റ്റോറിലെ വരുമാനം കൊണ്ട് മഞ്ജു വീട്ടുചെലവ് ഭംഗിയാക്കാറുണ്ടെങ്കിലും ലോക്ക് ഡൗണ്‍ വന്നതോടെ കാര്യങ്ങള്‍ക്ക് മുടക്കമായി. പക്ഷേ ശ്രീക്കുട്ടനെ നോക്കാന്‍ അവള്‍ക്കിപ്പോള്‍ ആവശ്യത്തിന് സമയമുണ്ട്. നേരത്തെ, വീടുപണിയും വീട്ടു ജോലിയും കടയും ശ്രീക്കുട്ടനും എല്ലാം കൂടി അവള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 

കല്യാണം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് തികഞ്ഞെങ്കിലും കൂടെ ഒരുമിച്ച് കഴിഞ്ഞത് എത്ര നാളുകള്‍? ദിവസം മുഴുവന്‍ മഴ പെയ്ത് നിന്നിട്ടും അതിലെത്ര തുള്ളിയാണ് മണ്ണിലേക്കിറങ്ങുക? ബാക്കിയൊക്കെ ഇടവഴിയിലൂടെ, റോഡിലൂടെ, പാറ്റോലിത്തോട്ടിലൂടെ, ചന്തക്കായലിലൂടെ ഒഴുകി ഒഴുകി നഷ്ടമാകുന്നത് നിസ്സഹായനായി കണ്ട് നില്‍ക്കേണ്ടി വന്നു. ഇനിയത് പാടില്ല, എന്നും മഞ്ജുവിനെയും മക്കളെയും ചേര്‍ത്ത് പിടിച്ച് കിടന്നുറങ്ങണം. ഒരേ മേശയ്ക്ക് ചുറ്റുമിരുന്നുണ്ണണം. ധന്യമോളെ സ്‌കൂളിലും ട്യൂഷന്‍ ക്ലാസ്സിലും സ്‌കൂട്ടറിന്റെ പിറകിലിരുത്തി കൊണ്ട് വിടണം. ശ്രീക്കുട്ടന്റെ കൂടെ ഓടിക്കളിക്കണം. നാല് പേരും കൂടി ഇടയ്ക്കിടെ അമ്പലത്തിലും കടപ്പുറത്തും സിനിമയ്ക്കും ഒക്കെ പോവണം. എന്നും വൈകിട്ട് മഞ്ജുവിന് അവളുടെ പ്രിയപ്പെട്ട മുല്ലപ്പൂമാല വാങ്ങിക്കൊണ്ട് വന്ന് കൊടുക്കണം. ചെറിയ ചെറിയ ഒരു പാട് ആഗ്രഹങ്ങള്‍ ഓരോ ധമനിയിലും നിറഞ്ഞ് നില്ക്കുകയാണിപ്പോള്‍.  

ധന്യമോള്‍ വളര്‍ന്നതോടെ മഞ്ജുവിന് നല്ല സഹായമാകുമെന്ന് കരുതിയെങ്കിലും അവളിപ്പോള്‍ ശ്രീക്കുട്ടന്റെ കാര്യങ്ങള്‍ പോലും നോക്കാറില്ല എന്നാണ് മഞ്ജുവിന്റെ പരാതി. വൈകല്യങ്ങളുള്ള ഒരു സഹോദരനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൊണ്ടു പോകാന്‍ അവള്‍ക്ക് നാണക്കേട് തോന്നുന്നുണ്ടാവും, കൂടപ്പിറപ്പിന്റെ വില അവളെ പറഞ്ഞ് മനസ്സിലാക്കുക തന്നെ വേണം. പണ്ടൊക്കെ ധന്യമോള്‍ക്ക് വലിയ ആവേശമായിരുന്നു ശ്രീക്കുട്ടനെയും കൂട്ടി എവിടെയും പോകാന്‍. അവനെയെപ്പോഴും എടുത്ത് കൊണ്ട് നടക്കുന്നതിന് പലപ്പോഴും വഴക്ക് പറയേണ്ടി വന്നിട്ടുമുണ്ട്. 

പെട്ടെന്നാണ് അവളില്‍ മാറ്റമുണ്ടായത്. ആദ്യമൊന്നും മഞ്ജു ഇക്കാര്യങ്ങള്‍ പറയാതെ എല്ലാം ഹൃദയത്തിലൊളിച്ച് വെച്ചു, എനിക്കിതൊന്നും സഹിക്കാനാവില്ല എന്നവള്‍ക്കറിയാം. ശ്രീക്കുട്ടന്റെ പരാതികള്‍ കൂടിക്കൂടി വന്നപ്പോള്‍ ചിലതെങ്കിലും അവള്‍ക്ക് കണ്ണീരോടെ പറയേണ്ടി വന്നു. ഹൃദയം ഒരു ചില്ല് ഗ്ലാസ്സ് പൊടിഞ്ഞ് ചിതറുന്നത് പോലെ നുറുങ്ങുമ്പോഴും അവളെ ആശ്വസിപ്പിക്കേണ്ടി വന്നു, എല്ലാ പുരുഷന്മാരുടെയും ഒരു ദുര്യോഗമാണത്.

മക്കള്‍ക്ക് വേണ്ടി സമ്പാദിക്കാനായി മരുഭൂമിയില്‍ വന്ന് കഷ്ടപ്പെട്ടിട്ട് ഒടുവില്‍ ആ സമ്പാദ്യം അനുഭവിക്കാന്‍ മക്കള്‍ തന്നെ ഇല്ലാതെ വന്ന പലരുടെയും അനുഭവങ്ങള്‍ ആണ് പെട്ടെന്ന് തന്നെ അവധി എടുത്ത് നാട്ടിലേക്ക് പോകാം എന്ന ചിന്തയിലേക്ക് നയിച്ചത്. ഷറഫലിയോട് കാര്യം പറഞ്ഞപ്പോള്‍ അവനും സങ്കടമായി. പക്ഷേ ജോലി രാജി വെച്ച് ആനുകൂല്യങ്ങളും വാങ്ങി പോകുന്നതാണ് നല്ലതെന്ന് അവന്‍ പറഞ്ഞപ്പോള്‍ അക്കാര്യമാദ്യം ഉള്‍ക്കൊള്ളാന്‍ തന്നെ ആയില്ല. അല്ലെങ്കിലും ഇക്കാര്യം എന്നോട് പറയാന്‍ ഇരിക്കുകയായിരുന്നു എന്നവന്‍ പറഞ്ഞപ്പോള്‍ ആകെ ആശയക്കുഴപ്പമായി. 

പല ജീവനക്കാര്‍ക്കും ശമ്പളം കുടിശ്ശികയാണെന്ന് അറിയാമായിരുന്നെങ്കിലും, കമ്പനി ഭീമമായ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് കേട്ടപ്പോള്‍ പകച്ച് പോയി. പിരിഞ്ഞു പോവുന്നവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളുടെ തുകയിലും പുതിയ മാനേജ്‌മെന്റ് കൈവെച്ചിട്ടുണ്ടെന്ന കാര്യം ഭയപ്പാടോടെയാണ് അറിഞ്ഞത്. ആ തുകയുടെ മേല്‍ താന്‍ കെട്ടിപ്പൊക്കിയിരിക്കുന്ന സ്വപ്നങ്ങളുടെ വലിപ്പം അറിയാവുന്നത് കൊണ്ടായിരിക്കണം നീ പേപ്പറുകള്‍ നാളെത്തന്നെ ശരിയാക്കെടാ, നിന്റെ കാര്യം കുഴപ്പം വരാതെ ഞാന്‍ നോക്കിക്കൊള്ളാം എന്നവന്‍ ആശ്വസിപ്പിച്ചത്. 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഷറഫലി കൂടി പറഞ്ഞിട്ടാണെന്ന് അറിഞ്ഞപ്പോള്‍ മഞ്ജുവിന്റെ ആശങ്കകള്‍ പതുക്കെ പ്രതീക്ഷകള്‍ക്കും ആഹ്‌ളാദത്തിനും വഴി മാറി. കാര്‍മേഘങ്ങളൊഴിഞ്ഞ് ആകാശത്തില്‍ മഴവില്ല് തെളിയുന്ന പ്രതീതി. ശ്രീക്കുട്ടന് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല, ധന്യമോള്‍ക്കും സന്തോഷമായെന്ന് അവളോട് സംസാരിച്ചപ്പോള്‍ മനസ്സിലായി. ശ്രീക്കുട്ടന്റെ അത്തത്ത എപ്പ വരുമെന്ന ചോദ്യം കേട്ടാണ് പിന്നീടെന്നും ഉണരുന്നത് തന്നെ. 

ചിന്തകളുടെ തേരില്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ ബെല്ലടി ഭൂമിയിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ജോസഫാണ്, ആദ്യം എടുക്കേണ്ട എന്നാണ് തോന്നിയത്. പക്ഷേ, എടുക്കാതിരിക്കാനായില്ല. ചേട്ടന് വിഷമമായി അല്ലേ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. 

''അത് വന്ത്, റൂമിലെ ഫ്രണ്ടിന് പോസിറ്റീവ് ചേട്ടാ, ചേട്ടന്റെ ഓഫീസ് വന്തത്ക്കപ്പുറം ആണ് ഫ്രണ്ട് ഫോണ്‍ വന്തത്, അതിനാലെ താന്‍ ബാക്ക് സീറ്റിലെ ഉക്കാന്ത വെച്ചത്, പേശാമ ഇരുന്തത്, വില്ല ഇന്‍സൈഡ് വരാമ ഇരുന്തത്..., സോറി ചേട്ടാ, ചേട്ടന് ഹൈ ബി പി പ്രച്‌നം ഇരിക്കേ.. ', അവന്‍ പറഞ്ഞ് കൊണ്ടേ ഇരുന്നു. ''പറവാ ഇല്ലെ, നോ പ്രോബ്ലം, ജോസഫ്'', എന്നൊക്കെ കുറേ പറഞ്ഞിട്ടും അവന് സമാധാനമായില്ല. ''ടെസ്റ്റ് പണ്ണി പാത്തിട്ട് അപ്പുറം റൂമുക്ക് വാ'' എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. 

മനസ്സിന് ഒരു ആയാസം തോന്നി, പൊടിക്കാറ്റ് കെട്ടടങ്ങിയ മരുഭൂമി പോലെ, എങ്കിലും ജോസഫിനെ അകാരണമായി സംശയിച്ചതിന്റെ കുറ്റബോധം പൊടിപടലങ്ങളായി അവിടവിടെ തങ്ങി നിന്നു. നമ്മളെപ്പോഴും അങ്ങനെ തന്നെയാണ്, നമ്മുടെ ചിന്തകള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ പ്രവര്‍ത്തികളെ വ്യാഖ്യാനിച്ച് കൊണ്ടേയിരിക്കും, അവരുടെ ശരികളെ വലിയ തെറ്റുകളായി ചിത്രീകരിക്കും, അവരുടെ ത്യാഗങ്ങളെ നമുക്കെതിരായ ഗൂഢാലോചനകളായി പരിഭാഷപ്പെടുത്തും, അവരുടെ പുണ്യങ്ങളെ പാപക്കറകളായി അടയാളപ്പെടുത്തും. ജോസഫ്, ഞാനാണ് നിന്നോട് ക്ഷമ ചോദിക്കേണ്ടത്, നിന്റെ കരുതലും സ്‌നേഹവും തെറ്റിദ്ധരിച്ചതിന്.

അരി കഴുകി കുക്കറിലിട്ട് അടുപ്പില്‍ വെച്ച് എന്ത് കറി വെക്കും. എന്നാലോചിക്കുമ്പോഴാണ് ഷറഫലിയുടെ ഫോണ്‍ വന്നത്. അവന്റെ സ്വരത്തില്‍ പതിവ് ആവേശമുണ്ടായിരുന്നില്ല, വാക്കുകളില്‍ പടര്‍ന്നിരുന്ന നിരാശ വായിച്ചെടുക്കാന്‍ പ്രയാസവുമുണ്ടായില്ല. ജി എമ്മിനോട് സംസാരിച്ചിട്ട് കാര്യമുണ്ടായില്ലെന്ന് അവന്‍ പറയാതെ തന്നെ മനസ്സിലായി. സര്‍ക്കാര്‍ പറഞ്ഞ അറുപത് ശതമാനം ശമ്പളമെങ്കിലും ജീവനക്കാര്‍ക്ക് കൊടുക്കലാണത്രേ ഇപ്പോള്‍ കമ്പനിയുടെ മുന്‍ഗണന. രാജി വെച്ചവര്‍ക്ക് ലോക്ക് ഡൗണ്‍ കഴിഞ്ഞ് എയര്‍പോര്‍ട്ട് തുറക്കുമ്പോഴേക്കും എന്തെങ്കിലും വഴിയുണ്ടാക്കാമെന്ന വാക്കുകള്‍ താത്ക്കാലികമായ ആശ്വാസം പോലും പകര്‍ന്ന് തന്നില്ല. അവന്റെ അഭിപ്രായം കേട്ടാണ് ഞാന്‍ രാജിക്കത്ത് നല്‍കിയതെന്ന കുറ്റബോധം കാരണമാവും സ്വരം വല്ലാതെ ഇടറിയിരുന്നു. 

അവനെ എങ്ങനെ കുറ്റപ്പെടുത്താനാവും? രാജി വെച്ച് ഒരു മാസത്തെ നോട്ടീസ് പീരീഡില്‍ നില്‍ക്കുമ്പോഴാണ് ചൈനയില്‍ നിന്നും മെറ്റീരിയല്‍സ് വരാതെ പ്രൊഡക്ഷന്‍ ലോക്ക് ഔട്ട് ചെയ്യേണ്ടി വന്നത്. കമ്പനിയുടെ സാമ്പത്തികം പിന്നേയും താഴേക്ക് പോയി. സമീറിനും മറ്റും പോസിറ്റീവായതോടെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് നിരവധി പേരെ ഹോട്ടല്‍ റൂമുകളിലേക്ക് മാറ്റി. പിന്നീട് ഡിസ്ട്രിബ്യൂഷന്‍ ടീം മൊത്തം ക്വാറന്റൈനിലായി. സര്‍ക്കാരിന്റെ ടോട്ടല്‍ ലോക്ക് ഡൗണ്‍ കൂടി ആയതോടെ കമ്പനിയുടെ അക്കൗണ്ടുകളില്‍ അവസാനത്തെ ആണി കൂടി അടിച്ചത് പോലെ ആയി.

അതിനൊക്കെ മുമ്പ് തന്നെ നോട്ടീസ് പീരീഡ് കഴിഞ്ഞു; കണക്ക് തീര്‍ത്ത് ശമ്പളവും എന്‍ഡ് ഓഫ് സര്‍വ്വീസ്സും കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പും അക്കൗണ്ട്‌സിലും എച്ച് ആറിലും മാറി മാറി കയറിയിറങ്ങലും ആരംഭിച്ചു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെച്ച ദിവസം ഹൃദയാഘാതം ഉണ്ടായില്ല എന്നേ ഉളളൂ. കാര്യങ്ങള്‍ വഷളാവുന്നത് കണ്ട്, തല്‍ക്കാലം വിസ എക്‌സിറ്റ് അടിക്കാതെ, ആരുടെയെങ്കിലും പേരില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റി, ലീവില്‍ നാട്ടില്‍ പോവാനുള്ള വഴി നോക്കാം എന്ന് ഷറഫലി പറഞ്ഞതാണ്. 

മതിയായിരുന്നു, പക്ഷേ അന്നതൊന്നും തലയില്‍ കയറിയില്ല. പുതുക്കി പണിയാനായി പൊളിച്ചിറക്കിയ വീടിന്റെ ഒറ്റ മുറിയിലേക്ക് വെറും കയ്യോടെ ചെന്ന് കയറുന്നത് സങ്കല്പിക്കാന്‍ പോലും കഴിഞ്ഞില്ല. കെട്ടിപ്പൊക്കിയ തറയില്‍ ഭിത്തിയും മേല്‍ക്കൂരയും പിന്നെ വാതിലുകള്‍ പിടിപ്പിക്കാനുള്ളതുമെങ്കിലും കിട്ടിയാല്‍ ഒരു പക്ഷേ സമ്മതിച്ചേനെ. കുക്കര്‍ വിസിലടിച്ചു, കറിയുടെ കാര്യം ഒന്നുമായില്ല, ഇന്നിപ്പോ കറിയൊന്നും വേണ്ട, ലബന്‍ ഫ്രിഡ്ജിലുണ്ട്, പിന്നെ അച്ചാറും. 

ലോകം മുഴുവന്‍ അദൃശ്യനായ ശത്രുവിനെ നേരിടാനായി അടച്ച് പൂട്ടി മുറികളിലൊതുങ്ങിയിട്ടും സൂക്ഷ്മാണുവിന്റെ തേര്‍വാഴ്ച തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സ്ഥലമില്ലാത്തതിനാല്‍ ആശുപത്രികളില്‍ നിന്നും തിരിച്ചയക്കപ്പെടുന്ന രോഗികളും ശ്മശാനങ്ങളില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്ന മൃതശരീരങ്ങളും വാര്‍ത്തകളല്ലാതെ ആയി. രോഗവ്യാപനത്തിന്റെ കണക്കുകള്‍ കൊണ്ട് മാധ്യമങ്ങള്‍ പ്രൈം ടൈമുകള്‍ നിറച്ചപ്പോള്‍ ടി വി കാണല്‍ തന്നെ ഒഴിവാക്കി. മഞ്ജുവിന്റെ ആശ്വാസ വാക്കുകളും ശ്രീക്കുട്ടന്റെയും ധന്യമോളുടെയും മുഖങ്ങളും മാത്രമായി പിടി വള്ളി. 

ചുറ്റും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും സന്തോഷം തരുന്നതായിരുന്നില്ല, ജോസഫിന്റെ സുഹൃത്ത് മരണത്തിന് കീഴടങ്ങി, ജോസഫ് രോഗാണുവിനും. വിവരങ്ങളറിയാനായി വിളിച്ചപ്പോള്‍ അവന്‍ കിടക്കുന്ന ഐ സി യു വിലെ നേഴ്‌സാണ് ഫോണെടുത്തത്, കൊണ്ട് വന്നതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. നാട്ടില്‍ അവനെ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചോര്‍ത്ത് മനസ്സ് സങ്കടപ്പെട്ടു.

ഷറഫലി വിളിച്ചിട്ട് നാലഞ്ച് ദിവസമായി, തിരക്കുകളുണ്ടാവും. എത്ര തിരക്കാണെങ്കിലും സുകുവേ എന്ന വിളി രണ്ട് മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും കേട്ടില്ലെങ്കില്‍ ഒരു സുഖമില്ല. അങ്ങോട്ട് വിളിച്ചു നോക്കാം. കൂടാതെ, അവന്റെ നാട്ടുകാരായ ചില സംഘടനാ പ്രവര്‍ത്തകര്‍ കൊണ്ടുത്തന്ന ഭക്ഷ്യസാധനങ്ങളൊക്കെ കഴിയാറായിരിക്കുന്നു. പുറത്തിറങ്ങി വാങ്ങാന്‍ നിര്‍വാഹമില്ല, കയ്യിലുണ്ടായിരുന്ന പണവും തീരാറായിരിക്കുന്നു. 

വിളിച്ചപ്പോള്‍ എടുത്തില്ല, വല്ല മീറ്റിംഗിലും ആണെങ്കില്‍ അങ്ങനെയാണ്, വളരെ അത്യാവശ്യമാണെങ്കില്‍ രണ്ടാമതും വിളിച്ചാല്‍ എടുത്തിരിക്കും, അതാണ് പതിവ്. മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വിളിക്കേണ്ടതാണെങ്കിലും ഇന്ന് അതുമുണ്ടായില്ല. പണത്തിന്റെ കാര്യം അന്വേഷിക്കാന്‍ ആണെന്ന് കരുതി ഒഴിവാക്കിയതാണോ? എത്ര വലിയ സുഹൃത്ത് ആണെങ്കിലും എപ്പോഴും വിളിച്ചു ശല്യം ചെയ്യാന്‍ പാടില്ലായിരുന്നു. ചിലപ്പോള്‍ വിവരങ്ങള്‍ അന്വേഷിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് കരുതിയിട്ടുണ്ടാവും.

ഉച്ച കഴിഞ്ഞിട്ടും വിളി കാണാത്തത് കൊണ്ട് ഒന്നു കൂടി വിളിച്ചെങ്കിലും ഫലം മറിച്ചായിരുന്നില്ല. എന്ത് പറ്റിയതാണെന്നറിയില്ലല്ലോ? എന്തായാലും രാത്രി വിളിച്ചു നോക്കാം, അപ്പോള്‍ മീറ്റിംഗ് ഒന്നും കാണില്ലല്ലോ. അത് വരെ കാക്കേണ്ടി വന്നില്ല, സന്ധ്യക്ക് അവന്റെ വിളി വന്നു. ശബ്ദം അന്നത്തതിനെക്കാള്‍ താണിരിക്കുന്നു, നിരാശ കലര്‍ന്ന ജീവനില്ലാത്ത സുകുവേ വിളി. എന്താടാ എന്ത് പറ്റിയെന്നതിന് മറുപടി ഞാനൊന്ന് മയങ്ങിപ്പോയി എന്നായിരുന്നു. അങ്ങനെയൊരു പതിവില്ലാത്തതാണ്, എന്ത് പറ്റിയതാണോ ആവോ? സംസാരത്തിനിടയില്‍ ഏതോ മെഷീന്റെ ടിക് ടിക് ശബ്ദങ്ങളും ഒരു സ്ത്രീയുടെ ചോദ്യങ്ങളും ഒക്കെ കേട്ടതോടെ ഞാന്‍ പരിഭ്രാന്തനായി. എന്റെ സംശയങ്ങള്‍ ശരിയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചെങ്കിലും അവന്‍ ആശുപത്രി കിടക്കയിലാണെന്ന സത്യം അവന്‍ തന്നെ ഒടുവില്‍ തുറന്ന് പറഞ്ഞു. നെഞ്ചുവേദന കലശലായപ്പോള്‍ അവന്‍ തന്നെ വണ്ടി ഓടിച്ചു പോയത്രേ. ഏറ്റവും മുന്തിയ ആശുപത്രി ആണെങ്കിലും ഡോക്ടര്‍മാര്‍ എല്ലാവരും തിരക്കിലായതോടെ രോഗികള്‍ക്ക് മതിയായ ശ്രദ്ധ കിട്ടുന്നില്ല. നാളെ ആഞ്ജിയോ ചെയ്യണം എന്നിട്ട് തീരുമാനിക്കാം എന്നാണത്രേ പറഞ്ഞിട്ടുള്ളത്.

ദൈവമേ, കണ്ണുകളടച്ചു കൈകൂപ്പി എത്ര നേരം നിന്നുവെന്നറിയില്ല. ആശുപത്രിയിലെത്താന്‍ വാഹനം കിട്ടാതെ മരണമടഞ്ഞവരുടെ ചിത്രങ്ങളായിരുന്നു അടുത്ത ദിവസങ്ങളായി പത്രങ്ങള്‍ നിറയെ. ആ വാര്‍ത്തകള്‍ വായിക്കുമ്പോഴൊക്കെ എനിക്കുള്ളില്‍ ഒരു അഹങ്കാരം ഉണ്ടായിരുന്നു, മനസ്സില്‍ ഒരു മുഖം ഉണ്ടായിരുന്നു. അവനാണ് ഐ സി യു വിന്റെ തടവില്‍ ടെസ്റ്റുകളുടെ അനിശ്ചിതത്വത്തില്‍ കഴിയുന്നത്. അവനേക്കാള്‍ വലിയ നെഞ്ചുവേദന എനിക്ക് അനുഭവപ്പെട്ടു. പക്ഷെ അത് ശരീരത്തിനല്ലായിരുന്നു, മനസ്സിനായിരുന്നു, ഒരു ഇ സി ജി യന്ത്രത്തിനും കണ്ടെത്താനാവാത്ത വേദന. 

രാവിലെ തന്നെ ആശുപത്രിയില്‍ പോയി അവനെ കാണണം, ജോസഫിനെ പലകുറി വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. ഇനി നേരം വെളുത്തിട്ട് നോക്കാം. രാത്രി വിശപ്പ് തോന്നിയില്ല, മരുന്നുകള്‍ മാത്രം കഴിച്ചു കൊണ്ട് നേരത്തെ തന്നെ കിടന്നു. 

ഒരു ചെറിയ തോണിയില്‍ കടലിലൂടെ തുഴഞ്ഞു വരികയാണ്. കൂരിരുട്ടില്‍ വഴി കാട്ടാനായി ദൂരെക്കാണുന്ന വിളക്കുമരങ്ങളുണ്ട്. അരികിലെത്തുമ്പോഴേക്കും ഓരോ വിളക്കുമരവും കണ്ണടച്ചു, പിന്നെ അടുത്തത് ലക്ഷ്യം വെച്ചു തുഴയും. ഒടുവില്‍, ഒരേയൊരു വിളക്കുമരം മാത്രം ശേഷിക്കുമ്പോള്‍, അതിശക്തിയായ തണുത്ത കാറ്റടിച്ചു. ചുറ്റും ഇരുട്ട് മാത്രം ശേഷിപ്പിച്ചു കൊണ്ട് ആ പ്രകാശവും അണഞ്ഞു. തണുപ്പും ഭയവും കാരണം ശക്തിയായി വിറക്കാന്‍ തുടങ്ങി. കണ്ണ് തുറക്കുമ്പോഴും ശരീരം നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വിറയ്ക്കുക തന്നെയാണ്.

കട്ടിയുള്ള ബ്ലാങ്കറ്റ് എടുത്ത് തല വഴിയേ പുതച്ചു. പക്ഷെ വിറയല്‍ നിന്നില്ല. ശരീരം ചുട്ടു പൊള്ളുന്നുമുണ്ട്. മനസ്സിന്റെ ക്ഷീണം ശരീരത്തിലേക്ക് പടര്‍ന്നിരിക്കുന്നു. എങ്ങിനെയോ ഫ്‌ലാസ്‌ക് എടുത്തു തുറന്നു, ആരോ കരുതി വെച്ചിരുന്നത് പോലെ കുറച്ച് ചൂടുവെള്ളം, അത് ഗ്ലാസ്സിലേക്ക് പകര്‍ന്നു, വിറയല്‍ കാരണം പകുതിയും താഴെ പോയി. കുറേശ്ശേ കുടിച്ചു തീര്‍ത്തു, വിറയലിന് ആശ്വാസമുണ്ടായി. പക്ഷേ, ക്ഷീണം കാരണം മയങ്ങിപ്പോയി.

ഫോണ്‍ തുടര്‍ച്ചയായി അടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. നേരം ഏറെ വൈകിയിരുന്നു. എടുക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ടായി. മഞ്ജു ആയിരുന്നു. നോക്കിയപ്പോള്‍ നിരവധി മിസ്ഡ് കോളുകള്‍. എല്ലാം മഞ്ജുവിന്റെ തന്നെ. ഉറങ്ങി പോയതാണ് എന്നറിഞ്ഞപ്പോഴാണ് അവള്‍ക്ക് സമാധാനമായത് എന്ന് തോന്നി. സ്വരത്തിലെ പനിപ്പകര്‍ച്ച ഉറക്കത്തിന്റേത് ആണെന്ന് അവള്‍ കരുതിയിട്ടുണ്ടാവും. ഷറഫലിയുടെ കാര്യം അവളോട് പറയേണ്ടെന്ന് കരുതിയതാണ്. എന്നാല്‍ എന്നെ കിട്ടാതിരുന്നപ്പോള്‍ അവള്‍ ഷറഫലിയെയും വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ലെന്ന് പറഞ്ഞപ്പോള്‍ അവന്‍ ആശുപത്രിയിലാണെന്ന് അറിയാതെ പറഞ്ഞു പോയി. ചെറിയ പനി മാത്രമേ ഉള്ളൂ, രാത്രി കൊണ്ട് പോയത് കൊണ്ട് ഒബ്‌സര്‍വേഷനില്‍ കിടത്തിയതാണ്, രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്ത് കൊള്ളും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അവള്‍ വിശ്വസിച്ചിട്ടുണ്ടാവും. 

നേരം വല്ലാതെ വൈകിയിരിക്കുന്നു. ജോസഫിനെ രണ്ടു മൂന്ന് തവണ കൂടി വിളിച്ച് നോക്കിയെങ്കിലും സ്വിച്ച് ഓഫ് തന്നെയാണ്. ഷറഫലിയുടെ നമ്പറും സ്വിച്ച് ഓഫ് ആണ്. ആന്‍ജിയോ കഴിഞ്ഞിട്ടുണ്ടാവുമോ? എഴുന്നേറ്റ് റെഡി ആയി അവന്റെ അടുത്തേക്ക് പോവണം. പക്ഷേ തലയ്ക്ക് വലിയ ഭാരം പോലെ, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ല. തൊടുമ്പോള്‍ തണുപ്പ് പോലെ തോന്നുന്നുണ്ടെങ്കിലും പനി വിട്ടുമാറിയിട്ടില്ല. പിടിച്ച് പിടിച്ച് എഴുന്നേറ്റ് ടോയ്ലെറ്റില്‍ പോയി. പല്ല് തേച്ചെന്ന് വരുത്തിയപ്പോഴേക്കും ക്ഷീണം ഇരട്ടിയായി. അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ വെച്ചിരുന്ന പനഡോള്‍ ഗുളികയില്‍ നിന്നും ഒരെണ്ണം എടുത്ത് കഴിച്ചു. വീണ്ടും മയങ്ങിയിട്ടുണ്ടാകും, ഉണര്‍ന്നപ്പോള്‍ കുറേ ആശ്വാസം, നല്ല വിശപ്പും തോന്നി. കട്ടന്‍ ചായയില്‍ ബ്രഡ് മുക്കി കഴിച്ചപ്പോള്‍ അല്പം ഊര്‍ജ്ജം തോന്നി. അതിനിടയില്‍ മഞ്ജു വീണ്ടും വിളിച്ചു, ഷറഫലിയുടെ വിശേഷം അറിയാന്‍. അവന് കുഴപ്പമില്ല, ഉറങ്ങുകയാണെന്ന് പറഞ്ഞൊഴിഞ്ഞു. 

ആശുപത്രിയിലേക്ക് പോകാന്‍ കഴിയും എന്ന് തോന്നിയപ്പോള്‍ ജോസഫിനെ വിളിച്ചു നോക്കി, സ്വിച്ച് ഓഫ് തന്നെ. ഷറഫലിയെ വിളിച്ചപ്പോള്‍ തികച്ചും അപരിചിതമായ ഒരു സ്ത്രീശബ്ദം. വീണ്ടും ഹലോ പറഞ്ഞപ്പോള്‍ മറുപടി ആയി കേട്ട ഹലോ ബ്രദര്‍ എന്ന സംബോധനയില്‍ നിന്നും മറുതലയ്ക്കല്‍ ഏതോ ഫിലിപ്പിനോ നേഴ്‌സാണെന്ന് ഊഹിച്ചു. ഞാന്‍ വിളിക്കുമെന്നും അപ്പോള്‍ സംസാരിക്കാന്‍ നല്കണമെന്നും ശട്ടം കെട്ടിയിരിക്കുകയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. അവനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥിതി മോശമാണെന്നും ഇന്ന് കണ്ടെത്തിയ ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ നാളെ രാവിലെ തന്നെ ആന്‍ജിയോ ചെയ്യുമെന്നും ഞെട്ടലോടെ കേട്ടു. സാധാരണ രാത്രി 8 മണിക്ക് ഐ സി യു വിലേക്ക് സന്ദര്‍ശകരെ അനുവദിക്കുമെങ്കിലും ലോക്ക് ഡൗണ്‍ കാരണം ഇനി നാളെ രാവിലെ 11 മണിക്കേ അവനെ കാണാന്‍ സാധിക്കൂ എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ നിരാശ തോന്നി. 

വര്‍ത്തമാനത്തിനിടയില്‍ അവര്‍ അവന്റെ ബെഡിനരുകിലെത്തി ഫോണ്‍ കൈമാറി. എടാ സുകുവേ എന്ന വിളിയില്‍ അവന്‍ സുഖവും സന്തോഷവും അഭിനയിക്കുകയാണെന്ന് വ്യക്തമായിരുന്നു. നീ ഒന്നും പറയണ്ട, ഞാന്‍ പറയുന്നത് കേട്ടാല്‍ മതി എന്ന് പറഞ്ഞാണവന്‍ തുടങ്ങിയത്. 'എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയില്ല, പക്ഷേ റിസ്വാനും റുക്‌സാന മോളും കൊച്ചു കുട്ടികളാണ്. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ സമ്പാദിച്ചിട്ടുണ്ട്, അവര്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തിയാവും വരെ അവര്‍ക്കൊരു തണലായി നീ ഉണ്ടാവും എന്ന് ഞാന്‍ സുബിയോട് പറഞ്ഞിട്ടുണ്ട്, നീ ഉണ്ടാവില്ലേ?', അവന്‍ പറഞ്ഞതെല്ലാം ഒരു തരിപ്പോടെ കേട്ട് നിന്നതിനാല്‍ മറുപടി തൊണ്ടയില്‍ നിന്നും വെളിയിലേക്ക് വന്നില്ല. ശബ്ദം പതുക്കെ വീണ്ടെടുക്കുന്നതിനിടെ കോള്‍ കട്ടായി. 

വീണ്ടും വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് തന്നെ ആയിരുന്നു. നെഞ്ചിന് ഭാരം കൂടി വന്നു. തലവേദനയും അധികരിച്ചു. ഇടയ്ക്ക് ശ്രീക്കുട്ടന്റെ വീഡിയോ കാള്‍, അത്തത്ത എപ്പ വരും? നാളെ, നാളെ തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ പുറത്തേക്ക് വരാനാവാതെ പാതിവഴിയില്‍ നഷ്ടമായി. പകരം, ഫ്‌ലൈയിങ്ങ് കിസ്സുകള്‍ കൈ കൊണ്ട് പിടിച്ചെടുത്ത് തിരികെ നല്കി. 

അസ്വസ്ഥമായ പകല്‍ ഭയപ്പെടുത്തുന്ന സന്ധ്യക്ക് വേണ്ടി വഴി മാറിക്കൊടുത്തു. ശരീരത്തിന്റെ ബുദ്ധിമുട്ടുകള്‍ അധികരിക്കുകയാണ്. നിസ്സാരമെന്ന് കരുതിയിട്ടുള്ള ശ്വാസോച്ഛ്വാസത്തിന് പോലും ഏറെ വിലയുണ്ടെന്ന് ബോധ്യമാകുന്നു. ഓരോ തവണയും ശ്വാസം എടുക്കുമ്പോള്‍ ജീവിത യാത്രയിലെ ഓരോ രംഗങ്ങള്‍ മനസ്സില്‍ ഓടിയെത്തുന്നു. അച്ഛന്‍, അമ്മ, സഹോദരി, സ്‌കൂളില്‍ പഠിച്ച കാലം, പ്രീ ഡിഗ്രിക്ക് കൂടെ പഠിച്ചവര്‍, സൗദിയിലേക്കുള്ള ആദ്യ യാത്ര, ഷറഫലി, കൂട്ടുകാര്‍, ലബനോണി, ജോസഫ്, വിവാഹം, മഞ്ജു, ധന്യമോള്‍, ശ്രീക്കുട്ടന്‍, ചിരിക്കുന്ന മുഖങ്ങള്‍, ആശ്വാസ വാക്കുകള്‍ പറയുന്നവര്‍, എല്ലാം ഒരു അര്‍ദ്ധബോധാവസ്ഥയിലാണെന്ന് തോന്നുന്നു. ഇല്ല, വിശ്രമിക്കാനാവില്ല, ഷറഫലിയെ കാണണം, ഏതെങ്കിലും ടാക്‌സി കിട്ടാതിരിക്കില്ല. കര്‍ഫ്യൂവും പെനാല്‍റ്റിയും പോകാന്‍ പറ. പിടഞ്ഞെഴുന്നേറ്റ് പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ചു. മാസ്‌കും കൈയ്യുറകളും ധരിക്കാന്‍ ഏറെ ബുദ്ധിമുട്ടി. വേച്ചു വേച്ചു പുറത്തിറങ്ങി, വാതില്‍ പൂട്ടാന്‍ ശ്രമിച്ച് ഒടുവില്‍ കഴിയാതെ വന്നപ്പോള്‍ അതങ്ങിനെ തന്നെ വിട്ടു. 

റോഡില്‍ എത്തുമ്പോഴേക്കും ശ്വാസം മുട്ട് അസഹനീയമായി തീര്‍ന്നിരുന്നു. ശരീരം പൊള്ളുന്നുണ്ട്, ഇനിയൊരു അടി പോലും നടക്കാന്‍ കഴിയില്ല. ടാക്‌സിക്ക് കൈ കാണിക്കാന്‍ പോലും ശരീരം വഴങ്ങുന്നില്ല. അപൂര്‍വമായി അരികിലൂടെ നടന്നു പോകുന്നവരോട് പറയാന്‍ വന്നതെല്ലാം തൊണ്ടയ്ക്കും മാസ്‌കിനും ഇടയില്‍ യാത്ര മുടക്കി. ഫോണില്‍ തുടരെത്തുടരെ കോളുകള്‍ വരുന്നുണ്ട്, മഞ്ജുവിന്റെ തന്നെയാകും, എടുക്കാന്‍ കഴിയുന്നില്ല. നടപ്പാതയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണു പോയി എന്ന് തോന്നുന്നു.

കണ്ണുകള്‍ അടഞ്ഞു പോകവേ, കൈകാലുകള്‍ തളര്‍ന്നു മരവിക്കവേ, 'ചേട്ടാ', 'എടാ സുകുവേ' എന്ന വിളികള്‍ കേട്ടത് പോലെ, ആരോ പതിയെ റോഡരികിലേക്ക് താങ്ങിക്കിടത്തിയോ? അതോ ഒക്കെയും തോന്നലുകളാണോ? ഈ  യാത്രയും പാതിവഴിയില്‍ നഷ്ടമാവുകയാണോ? 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!