ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. എ. എ സഹദ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
കാറ്റിനോടും കിളികളോടും
രാവിനോടും പകലിനോടും
ഞാന്‍ നിന്നെ തിരക്കാറുണ്ട്,
തിരക്കായതുകൊണ്ടാരും
എന്റെ തിരക്കലുകള്‍ക്ക്
ചെവികൊടുക്കാറില്ല
പഞ്ചാരയില്‍ പൊതിഞ്ഞ്
എരിയുന്ന വിശേഷങ്ങള്‍
ഞാന്‍ നിലത്തിടും,
രുചിച്ചുപോലും നോക്കാതെ
ഉറുമ്പുകള്‍ നിന്നിലേക്കത്
എത്തിക്കുമായിരിക്കും
ചിത്രീകരണം: ബാദുഷ
ഈ തൊടിയിലെ തൊട്ടാവാടിത്തോട്ടം നിന്നെപ്പോലെയാണ്.
മൗനിയാണ്. നിസ്സംഗവതിയാണ്.
ഈ മുള്ളുകളില്‍ ഞാന്‍ തലോടാറുണ്ട്,
തൊട്ടാവാടിയത് കണ്ണടച്ചാസ്വദിക്കാറുമുണ്ട്.
നിന്റെ കോളാമ്പിച്ചെടിയെ
ഭ്രാന്തമായി പ്രണയിക്കുന്നയെന്റെ ചെമ്പരത്തി
ആകാശംമുട്ടേ വളര്‍ന്നു.
ഭ്രാന്തന്‍ ചെമ്പരത്തിവേരുകള്‍
ആ മഞ്ഞ കോളാമ്പിയെ തേടി
നിന്റെ തോട്ടത്തിലെത്തിക്കാണും.
കോളാമ്പിയുടെ കടയ്ക്കല്‍ നീ മാന്തരുത്.
അവര്‍ പ്രണയിക്കട്ടെ.