ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് . ജസ്ന ഖാനൂന്‍ എഴുതിയ മിനിക്കഥകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പരുന്ത്
അവളുടെ ആത്മാവ് ഏകാന്തതയുടെ കൂരിരുട്ടില്‍ തപ്പിത്തടയുന്ന നേരമായിരുന്നു. അസ്തമയ സൂര്യന്റെ ചുവപ്പ്
ആകാശ ശോണിമയിലോ ആര്‍ത്തിരമ്പി വരുന്ന തിരമാലകളിലോ ഇഴകിച്ചേരാതെ അലഞ്ഞു. അനാഥത്വത്തിന്റെ നാള്‍വഴികളിലെ കാരിരുമ്പുകള്‍ തുളഞ്ഞു കയറിയ ഹൃദയത്തില്‍ മഞ്ഞുമഴ നിര്‍ത്താതെ പെയ്തിരുന്നെങ്കിലെന്നു അവള്‍ വല്ലാതെ കൊതിച്ചു.
അന്ന് അവളുടെ പിറന്നാള്‍ ആയിരുന്നു. ഓര്‍മ വെച്ച നാള്‍ തൊട്ട് വെറുപ്പോടെ ഉള്ളില്‍ വെന്തു കിടക്കുന്ന ദിവസം. പക്ഷേ, ഇത്തവണ ഗ്രീഷ്മത്തിന്റെ തീച്ചൂളയില്‍ വെന്തുരുകിയ മനസ്സിനെ വെല്ലുവിളിക്കാന്‍ തന്നെ തീരുമാനിച്ചു. ആയുസ്സിന്റെ നല്ലൊരു പാതിയും എരിഞ്ഞു തീര്‍ന്നു.
ഇനിയില്ലൊരു നഷ്ടം!
അതോടെ, അവള്‍ കൂരിരുട്ടിലെ മിന്നാമിനിങ്ങുകളെയും ഇരുണ്ട ആകാശത്തിലിരുന്നു കണ്ണിറുക്കി കാണിക്കുന്ന നക്ഷത്രക്കൂട്ടങ്ങളെയും നിലാവുള്ള രാത്രികളെയും പ്രണയിച്ചു തുടങ്ങി. നിലാമഴയില്‍ നനഞ്ഞു കുതിരാനും ഉച്ചിയില്‍ സൂര്യനുദിച്ചു നില്‍ക്കുമ്പോള്‍ വര്‍ണ്ണാഭമായ വാകപൂമരത്തണല്‍ തേടാനും അവള്‍ ധൈര്യപ്പെട്ടു. ഋതുഭേദങ്ങള്‍ ആസ്വദിച്ചു തുടങ്ങി. കത്തുന്ന ഗ്രീഷ്മത്തിലും പ്രണയം വാരി വിതറുന്ന പ്ലാശിന്‍ പൂക്കളെ നോക്കി പുഞ്ചിരിച്ചു.
ഒരു ദിവസത്തെ കൃത്യമായി ക്രമീകരിക്കേണ്ടത് ജീവിതവിജയത്തിന്റെ ആദ്യ പടിയാണെന്നും അവള്‍ക്കറിയാമായിരുന്നു.
ഒരു ദിവസം തന്റെ കൊച്ചുഗ്രാമത്തില്‍നിന്നും കൊല്‍ക്കത്തയിലേക്ക് വിമാനം കയറുമ്പോള്‍ അവള്‍ക്ക് താനൊരു പരുന്തായി മാറിയതായി തോന്നി. പാഴ്തൂവലുകള്‍ കൊത്തിയറുത്തു മാറ്റി പുതുതൂവലുകള്‍ വരുവോളം ഇച്ഛാശക്തിയോടെ കാത്തിരിക്കുന്നൊരു പരുന്ത്. പൂര്‍വ്വാധികം ശക്തിയോടെ അത് ആകാശത്തിന്റെ അതിരുകള്‍ ഭേദിച്ചു പറന്നു.
അവള്‍
പാത്രങ്ങളോട് കലഹിച്ചു കാലംകടന്നതും ജരാനരകളെ ഉടലും മുടിയും തഴുകിത്തീര്‍ത്തതും കരള്‍ പകുത്തുവിറ്റു മക്കളെയും നല്ലപാതിയെയും താങ്ങി നിര്‍ത്തിയതും കണക്ക് പുസ്തകത്തില്‍ രേഖപ്പെടുത്താതെ പോയത് കൊണ്ടാണത്രെ, ആര്‍ക്കും ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
പക്ഷേ, അവള്‍ക്ക് ഓര്‍ക്കാതെ തരമില്ലായിരുന്നു. വിയര്‍പ്പിറ്റി രക്തം വറ്റിയിരുന്നു.
കരളും കണക്കും ഒരുപോലെ തീരാനഷ്ടമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും ഉണരാതെ, ബാക്കി അഴികളെണ്ണി തീര്‍ക്കുന്ന തന്നെ പോലുള്ള കുറെ പാഴ്ജന്മങ്ങളെ നോക്കി അവളൊന്നു നെടുവീര്‍പ്പിട്ടു. നിസ്വതയുടെ തേങ്ങല്‍ അവളുടെ ഹൃദയത്തെ വലിഞ്ഞു മുറുക്കി.
എല്ലാ കണക്കുകളും മറന്നൊന്നുറങ്ങണം. ഒരു ഗാഢനിദ്ര!
റാന്തല്‍ മെല്ലെ താഴ്ന്നു തുടങ്ങിയിരിക്കുന്നു. ആര്‍ത്തിരമ്പിയ ഒരു കടല്‍ കൂടി നിശ്ചലമാവുന്നു. ചുവന്നു തുടുത്ത ആകാശം കറുത്തിരുളുന്നു.
ആകാശം
അവളുടെ ആകാശം അതിസുന്ദരമായിരുന്നു. ഇടയ്ക്കിടെ മഴവില്ല് പിറക്കുമ്പോള്‍ അതി സുന്ദരിയും. അതിരുകള്‍ ഭേദിച്ചു
സ്വതന്ത്രമായി, കൂട്ടത്തോടെ പറക്കുന്ന പറവകള്‍ അവളുടെ ആകാശത്തെ ഏറെ സുന്ദരിയാക്കി.
പെട്ടെന്നാണ് ആകാശം കറുത്തിരുണ്ടത്. അവളിലേക്ക് പേമാരി അഴിഞ്ഞു വിണു. ഇടമുഴക്കങ്ങള്‍ പ്രകമ്പനം കൊണ്ടു.
അവളൊന്നു പിടഞ്ഞു.
ആകാശം തെളിഞ്ഞു വന്നപ്പോഴേക്കും അഭ്രപാളികള്‍ക്കിടയിലെവിടെയോ മറഞ്ഞിരുന്നു അവള്‍. അവളില്ലാത്ത അവളുടെ ആകാശം പിന്നീടൊരിക്കലും സുന്ദരിയായില്ല.
മധുവിധു-മൂന്നാം നാള്‍!
കല്യാണം കഴിഞ്ഞു.
ഒരു നാള്‍ പെണ്ണിന്റെ അമ്മായിയുടെ വീട്ടില്‍ വിരുന്നിനു പോയി. സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി മക്കളുടെ മനസ്സും വയറും നിറയ്ക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു ആ പാവം. സുന്ദരിയും സുശീലയും വിദ്യാസമ്പന്നയും ആയ അമ്മായിയോ ട് ചെക്കന് ബഹുമാനം തോന്നി. അമ്മവനെയും പെരുത്തിഷ്ടമായി.
ഹണിമൂണ്‍ അല്ലേ ... മാതൃക ഭര്‍ത്താവാവാനുള്ള ഉദ്യമത്തിലായിരുന്നു ചെറുക്കന്‍. പ്രിയതമയോട് അവളുടെ അമ്മായിയെയും അമ്മാവനെയും കുറിച്ചുള്ള മതിപ്പ് അയാള്‍ പങ്കു വെക്കുന്നു.
ഒരു ഞെട്ടല്‍ അവളില്‍ ഉടലെടുത്തു.
'അതേയ്.. അമ്മാവന്‍ ഓകെ ആണ്. എനിക്കും വല്യ ഇഷ്ടാ. പക്ഷേ, അമ്മായി...!'
അവളൊന്നു നിര്‍ത്തി.
''സുന്ദരിയും സുശീലയും വിദ്യാസമ്പന്നയുമൊക്കെ തന്നെ. പക്ഷേ അവര്‍ക്കതിന്റെ അഹങ്കാരം നല്ലോണമുണ്ട്. അത് കൊണ്ട് കണ്ടതായി ഭാവിക്കേണ്ട. വല്യ ബഹുമാനവും കൊടുക്കാന്‍ നിക്കണ്ട ട്ടോ ന്റെ ചെറുക്കന്‍'
അമ്മായിയോടുള്ള അസൂയയുടെ പട്ടം ചരറ്റ് പറന്നു.
'ന്നാലും ഞാന്‍ നന്നായിട്ടൊക്കെ അവരോടങ്ങനെ നിക്കും. നിക്ക് അങ്ങനെ നിന്നല്ലേ പറ്റൂ. ന്റെ അമ്മാവന് സങ്കടാവൂലെ. പക്ഷേ, ഇങ്ങള് ഞാന്‍ പറഞ്ഞു തന്നതു പോലൊക്കങ്ങനെ നിന്നാല്‍ മതിട്ടോ..''
അയാള്‍ തലയാട്ടി.
''ല്ലെങ്കില്‍ ഇങ്ങളൊരു ആണത്തമില്ലാത്ത ആളെന്ന് അവര്‍ കരുതും. നിക്കതു സഹിക്കൂല'' അവള്‍ പ്രേമര്‍ദ്രമായി കൂട്ടി ചേര്‍ത്തു.
അയാള്‍ വീണ്ടും തലയാട്ടി. എന്നിട്ട് പറഞ്ഞു. 'ന്റെ മാലാഖ പറഞ്ഞാല്‍ പിന്നെ നിക്ക് മറിച്ചൊരു അഭിപ്രായല്ല്യ..'
അന്നു മുതലാണത്രെ നമ്മുടെ ചെക്കന്റെ നട്ടെല്ല് ഇത്തിരി വളയാന്‍ തുടങ്ങിയത്.