ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നൗഫിയ എസ് എഴുതിയ സയന്‍സ് ഫിക്ഷന്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
യുദ്ധം തുടങ്ങാനാണ് അവരുടെ തീരുമാനം.
ഉറപ്പാണോ?
അതെ, മനുഷ്യന്റെ കണക്കില്‍ നാല് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവരാ റോക്കറ്റിനെ വിക്ഷേപിക്കും. അതിനുള്ളില്‍ ചന്ദ്രന്റെ മുപ്പത് ശതമാനത്തെയും നശിപ്പിക്കാനുള്ള ശക്തിയുള്ള മിസൈല്‍ ഉണ്ട്.
അമേരിക്ക തന്നെയാണല്ലോ ഇതിനും പിന്നില്‍?
അതെ.
പക്ഷേ അമേരിക്കയ്ക്ക് തൊട്ടുപിറകെ ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തില്‍ റോക്കറ്റ് വിക്ഷേപിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ചന്ദ്രന്റെ എണ്‍പത് ശതമാനവും നശിപ്പിക്കപ്പെടും.
തന്റെ മുന്നിലെ സ്‌ക്രീനില്‍ നോക്കി ഡോമ വണ്‍ പറഞ്ഞു.
ചന്ദ്രനിലെ ജീവികളാണ് ഡോമകള്‍. അതിനാല്‍ തന്നെ മനുഷ്യന്റെ കാഴ്ചകളില്‍ നിന്നും അവര്‍ എന്നും മറഞ്ഞിരുന്നു.
ഒരേ സമയം പത്ത് ഡോമകള്‍ മാത്രമാണ് ജീവിച്ചിരിക്കുക. ഒരു ഡോമയുടെ ആയുസ്സ് നൂറ്റിയന്‍പത് ടീറ്റോ ആണ്. ഇരുപത് വര്‍ഷങ്ങളാണ് ഒരു ടീറ്റോ. ലിംഗഭേദമില്ലാത്തവരാണ് ഡോമകള്‍. അവരെല്ലാം കാഴ്ചയ്ക്കും സമന്മാരായിരുന്നു. നൂറ്റിയന്‍പത് ടീറ്റോ പൂര്‍ത്തിയാക്കിയ ഒരു ഡോമയുടെ ശരീരം പതിയെ പൊടിഞ്ഞു തുടങ്ങുന്നു. പിന്നെ പൂര്‍ണ്ണമായും പൊടി മാത്രമാകുന്നു. ഈ പ്രക്രിയയെ അവര്‍ സഡാസില്‍ എന്നാണ് വിളിക്കുന്നത്. ആ പൊടിയില്‍ നിന്നും നൂറ്റിയന്‍പത് ടീറ്റോ കഴിയുമ്പോള്‍ പുതിയ ഡോമ ജനിക്കുന്നു. ഈ പ്രക്രിയ റ്റൊടോ എന്നറിയപ്പെടുന്നു. രണ്ട് ദിവസങ്ങളെയാണ് ഡോമകള്‍ ഒരു സീറ്റോ എന്ന് വിളിക്കുന്നത്. ഇങ്ങനെ അവരുടെ ജീവിത ചക്രം നീണ്ടുപോകുന്നു.
രാജ്യങ്ങളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഡോമ ത്രീ പറഞ്ഞു.
അതെ, എല്ലാരാജ്യങ്ങളും യുദ്ധത്തിന് മുന്നോടിയായി തങ്ങളുടെ ശക്തി കാണിക്കുന്നതിനു വേണ്ടി ചന്ദ്രനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
ഡോമ വണ്‍ കൂട്ടിച്ചേര്‍ത്തു.
അവരിങ്ങോട്ട് മിസൈല്‍ അയക്കുന്നതിനു മുന്‍പ് ഒരു നാലെണ്ണം അങ്ങോട്ട് അയച്ചു ഭൂമിയെത്തന്നെ തകര്‍ത്താലോ?
ഡോമ ഫോര്‍ സംശയം പ്രകടിപ്പിച്ചു.
ഡോമ ഫോര്‍ ചില നേരങ്ങളില്‍ മനുഷ്യരെപ്പോലെയാണ് സംസാരിക്കുന്നത്. മനുഷ്യന്റെ അതെ വിവരമില്ലായ്മ ഡോമ ഫോറിന്റെ സംസാരത്തില്‍ വരുന്നുണ്ട്.
ഡോമ സിക്‌സ് പറഞ്ഞു.
എനിക്കുമത് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഡോമ ത്രീ കൂട്ടിച്ചേര്‍ത്തു.
അതിന്റെ കാരണം ഒരു പക്ഷേ ഇതാവാം, കഴിഞ്ഞ ഡോമ ഫോറിന്റെ സഡാസില്‍ നടന്നതും ഇവന്റെ റ്റൊടോ നടന്നതും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ പ്രദേശത്തിന്റെ നേരെ അന്തര്‍ഭാഗത്താണ്. മനുഷ്യന്റെ സാമീപ്യമേറ്റ പ്രദേശത്തു വെച്ചു റ്റൊടോ നടന്നതിലാവാം ഇവന് മനുഷ്യന്റെ സ്വഭാവത്തോട് ഒരു ചായ്വ്.
ഡോമ സെവന്‍ വിശദീകരണം നല്‍കി.
ദേ... എന്നെ മനുഷ്യന്റെ സ്വഭാവം എന്ന് പറഞ്ഞു അപമാനിക്കരുത്.
അല്‍പ്പം ദേഷ്യത്തോടെയാണ് ഡോമ ഫോര്‍ പറഞ്ഞത്.
അത്രയും നേരം നിശബ്ദമായിരുന്ന ഡോമ എയ്റ്റ് സംസാരിച്ചു തുടങ്ങി. ഡോമ എയ്റ്റ് തന്റെ ജീവിതത്തില്‍ 148 ടീറ്റോ പൂര്‍ത്തിയാക്കിയിരുന്നു.
ഇനി ഒരാളും സഡാസില്‍ സമയത്ത് മനുഷ്യന്റെ സാമിപ്യം ഉള്ളതോ ഉണ്ടായിരുന്നതോ ആയ പ്രദേശത്തു പോകരുത്. അത് റ്റോടോയെ മോശമായി ബാധിക്കും. നമ്മുടെ നിലനില്‍പ്പിനെയും.
എല്ലാവരും അതെ എന്ന അര്‍ഥത്തില്‍ തലയാട്ടി.
ശരിക്കും എന്റെ ആശയത്തില്‍ എന്തായിരുന്നു കുഴപ്പം?
ഡോമ ഫോറിനു അപ്പോഴും തന്റെ ആശയത്തിലെ പൊള്ളത്തരം മനസ്സിലായിരുന്നില്ല.
കാരണം അവനിലെ പകുതിയോളം പൊടിയും മനുഷ്യന്റെ സാമിപ്യമേറ്റതായിരുന്നു. കാലന്തരത്തില്‍ മനുഷ്യന്റെ കാല്‍പ്പദം പതിഞ്ഞ മണ്ണ് ചന്ദ്രന്റെ അന്തര്‍ ഭാഗത്തേക്ക് ഊര്‍ന്നിറങ്ങി. അവിടെയായിരുന്നു പഴയ ഡോമ ഫോറിന്റെ സഡാസില്‍ നടന്നത്. പിന്നെ പുതിയ ഡോമ ഫോറിന്റെ റ്റൊടോ നടന്ന സമയത്ത് മനുഷ്യന്റെ സാമിപ്യമുള്ള പൊടിയും അതില്‍ ചേര്‍ന്നു.
ഡോമ ഫോര്‍ സംശയം ചോദിച്ചത് ഡോമ ഫൈവിനോടായിരുന്നു.
ഈ സിസ്റ്റത്തില്‍ ഏതിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് മുഴുവന്‍ സിസ്റ്റത്തെയും ബാധിക്കും.എല്ലാത്തിനെയും നശിപ്പിച്ചിട്ട് ഒന്നിന് മാത്രമായ് ഇവിടെ ഒരു നിലനില്‍പ്പുമുണ്ടാവില്ല.
എന്ന് വെച്ചാല്‍...?
ചന്ദ്രനില്ലാതെ ഭൂമിയ്ക്ക് നിലനില്‍പ്പില്ല. വ്യാഴമില്ലാതെ ഭൂമിക്കും നമുക്കും നിലനില്‍പ്പില്ല. സൂര്യനില്ലാതെ സൗരയുഥത്തില്‍ ഒന്നിനും നിലനില്‍പ്പില്ല.
ഡോമ ഫൈവ് പറഞ്ഞു നിര്‍ത്തി.
ചന്ദ്രനില്ലാതെ ഭൂമിയ്ക്ക് നിലനില്‍പ്പില്ലെങ്കില്‍ പിന്നെന്തിന് അവര്‍ ഇവിടം തകര്‍ക്കാന്‍ നോക്കണം?
വിവരമില്ലാഞ്ഞിട്ട്. അത്രതന്നെ. ഇതിപ്പോ ആദ്യമായിട്ടല്ല, ഇതിനു മുന്‍പും മനുഷ്യന്‍ ഇവിടേക്ക് മിസൈല്‍ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . പക്ഷേ അവസാനം ആ തീരുമാനം മാറ്റിവെച്ചു..
ഈ തീരുമാനവും അങ്ങനെ മാറുമോ?
സാധ്യത കുറവാണ് . അന്ന് അമേരിക്ക മാത്രമാണ് മിസൈല്‍ അയക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇന്ന് കുറച്ചു ശക്തിയുള്ള എല്ലാ രാജ്യങ്ങളും ഈ കൂട്ടത്തില്‍ ഉണ്ട്.
ഇവരെന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്?
ശക്തി തെളിയിക്കാന്‍ വേണ്ടി. മിസൈല്‍ ആക്രമണം കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ഇടയില്‍ യുദ്ധമാണ്. പക്ഷേ അവരൊരു കാര്യം മറക്കുന്നു, ചന്ദ്രന്‍ നശിച്ചു നിമിഷങ്ങള്‍ക്കകം ഭൂമിയും നശിക്കുമെന്ന വസ്തുത.
അപ്പൊ നമ്മളും നശിക്കില്ലേ?
ഇല്ല, കുറച്ചകലെ ഒരു വേംഹോള്‍ രൂപം കൊണ്ടിട്ടുണ്ട്. നമുക്കത് വഴി മറ്റൊരു ഗാലക്‌സിയിലെത്താം. അവിടെ ജീവികളൊന്നും രൂപം കൊള്ളാത്ത ഒരു ഗ്രഹത്തില്‍ ജീവിക്കാം.
മനുഷ്യനും ആ വേംഹോള്‍ കടന്നു വരുമോ?
ഒരിക്കലുമില്ല. കാരണം ആ വേംഹോള്‍ രൂപം കൊണ്ടിട്ടു നൂറ്റിയിരുപത് ടീറ്റോ കഴിഞ്ഞു. പക്ഷേ ഇതുവരെയും മനുഷ്യരത് കണ്ടെത്തിയിട്ടില്ല. ഇനി കണ്ടെത്തിയാല്‍ തന്നെ അവരതിനെ ദൈവമെന്നു വിളിക്കും, പൂജിക്കും. നിനക്കറിയോ അവരുടെ ഇപ്പോഴത്തെ ദൈവം M87 ബ്ലാക്ക് ഹോളാണ്. അതിന്റെ ചിത്രത്തെ അവര്‍ ആരാധിക്കുന്നുണ്ട്. അവിടെയാണ് ദൈവമുള്ളതെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഓരോ സീറ്റോ കഴിയും തോറും മനുഷ്യന്റെ വിവരം കുറഞ്ഞാണ് വരുന്നത്. ഡോമ ഫൈവ് പറഞ്ഞു കൊണ്ടേയിരുന്നു.
രണ്ട് സീറ്റോ കഴിഞ്ഞു. അമേരിക്ക റോക്കറ്റ് വിക്ഷേപിച്ചു, പിന്നാലെ മറ്റു രാജ്യങ്ങളും. എന്നാല്‍ അതിനുള്ളില്‍ തന്നെ പത്ത് ഡോമകളും ആ വേംഹോളിനടുത്ത് എത്തിയിരുന്നു. വേംഹോള്‍ അടഞ്ഞു തുടങ്ങുന്നതായി അവര്‍ തിരിച്ചറിഞ്ഞു. അവര്‍ യാത്ര കൂടുതല്‍ വേഗതയിലാക്കി. ആ വേംഹോള്‍ അടയുന്നതിനു മുന്‍പ് അവര്‍ അതുവഴി മറ്റൊരു ഗാലക്‌സിയില്‍ എത്തിയിരുന്നു.
അന്നേരം സൗരയുഥത്തില്‍ ചന്ദ്രന്‍ ഏതാനും ചില പാറകള്‍ മാത്രമായി മാറിയിരുന്നു. അതിന്റെ ഫലമായി ഭൂമിയും ഉടനടി അവസാനിക്കുമെന്ന് മനസ്സിലാക്കാകാനാവാതെ ഭൂമിയിലെ ഒരു വിഭാഗം ജീവികള്‍ അന്നേരം പരസ്പരം യുദ്ധം തുടങ്ങിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...