Malayalam Poems| മത്ത, സുനില്‍ മാലൂര്‍ എഴുതിയ മൂന്ന് കര്‍ഷക കവിതകള്‍

By Vaakkulsavam Literary Fest  |  First Published Nov 19, 2021, 4:09 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   സുനില്‍ മാലൂര്‍ എഴുതിയ മൂന്ന് കര്‍ഷക കവിതകള്‍
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

കറിവേപ്പ്

ആയ കാലത്ത്  
അപ്പനൊരു കറിവേപ്പ്  നട്ടു.
വാഴ നട്ടു, ചേന നട്ടു,
ചേമ്പ്, കാച്ചില്, കപ്പ
ചീര, ചാമ്പ, ശീമച്ചക്ക
കറിവേപ്പില മാത്രം
കറിയില്‍ വെന്ത്
മണം പകര്‍ന്ന്
രുചി നുണഞ്ഞു
വാലില്‍ തൂക്കി ഒറ്റയേറ്.

മുറ്റത്തു വരിവരിയായി ഉറുമ്പുകള്‍
വെന്തുണങ്ങിയ  കറിവേപ്പിലകളുടെ  
കൊടിപിടിച്ചു വീട് വളയുന്നു.

 

കള

വിളഞ്ഞു പാകമായ ഗോതമ്പു പാടങ്ങള്‍
കൊയ്യാതെയിട്ടാല്‍ അത്
കൊട്ടാരം വളയുമെന്ന്
അപ്പന്‍ പറഞ്ഞിട്ടുണ്ട്.
 
കടുകുപാടങ്ങളിലെ വിയര്‍പ്പില്‍
പടക്കപ്പലോടുമെന്നും
കലപ്പകള്‍ തോക്കുകളാകുമെന്നും
നനഞ്ഞ മണ്ണില്‍ കള കിളിര്‍ത്താല്‍
നനവൊടുങ്ങും മുന്‍പ്
പിഴുതു മാറ്റണമെന്നും അപ്പന്‍ പറഞ്ഞിട്ടുണ്ട്.


മത്ത

വളക്കൂറുള്ള മണ്ണിലൊരു മത്ത നടുക
മത്ത വളരും.
ഇടവഴികള്‍ പിന്നിട്ട്
മത്ത നഗരത്തിലെത്തും  

നിങ്ങളതിന്റെ ചുവട്ടില്‍ മാത്രം പണിയെടുക്കുക

മത്ത വളര്‍ന്ന് തെരുവുകള്‍, കമാനങ്ങള്‍
അംബരചുംബികള്‍,  അത്ഭുതങ്ങള്‍
വെട്ടിയൊതുക്കിയ ഉദ്യാനങ്ങള്‍
കാലാള്‍പ്പടകള്‍ കാവല്‍ നില്‍ക്കുന്ന
ഉറക്കറകളിലെ കട്ടില്‍കാലുകളെ വരെ  
വരിഞ്ഞുമുറുക്കും.

നിങ്ങളതിന്റെ ചുവട്ടില്‍ മാത്രം വെള്ളം തേവുക .  

സമര്‍പ്പണം: കര്‍ഷക സമരത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും. പൊരുതി നേടിയവര്‍ക്കും

click me!