പച്ചയാകാശം, സുജിത്ത് സുരേന്ദ്രന്‍ എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Mar 13, 2021, 7:00 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുജിത്ത് സുരേന്ദ്രന്‍ എഴുതിയ കവിതകള്‍


ചില്ല. പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

 

Latest Videos

undefined

 

 പച്ചയാകാശം

മഴയുടെ 
തൂവലാകും മുന്‍പ് 
കെട്ടുപൊട്ടിയൊരാകാശം 
പട്ടത്തോട്;
അപ്പുപ്പന്‍ത്താടി 
പറഞ്ഞു കൊടുത്ത 
ആ രഹസ്യത്തെ-
ക്കുറിച്ചു ചോദിക്കുന്നു, 

അല്‍പ്പസമയത്തേ -
ക്കെടുത്തണിഞ്ഞ 
ഇലകളുടെ ഉടുപ്പിനെ-
ക്കുറിച്ചന്വേഷിക്കുന്നു, 

പറക്കുവാനിടം കൊടുത്ത 
കിളികളോട്;
തളരാത്ത 
ചിറകുകളെക്കുറിച്ചന്വേഷിക്കുന്നു, 

ഇതളുകളോട് 
കാറ്റിന്റെ തോളിലെ 
തഴമ്പിനെക്കുറിച്ചന്വേഷിക്കുന്നു, 

എല്ലാ അറിവുകളും നിറച്ചുവെച്ച്, 

ഒടുവിലൊരു 
മഴയുടെ ചിറകിനടിയിലൊളിച്ച് 
അത്;
മണ്ണിലൊരു 
പച്ചയാകാശം വരച്ചിടുന്നു.

 

............................

Read more: ചെ, സുനിത പി എം എഴുതിയ കവിതകള്‍
............................

 


ഒരൊറ്റ ടിക്കറ്റ് 

മറവിലേക്കുള്ള 
ടിക്കറ്റ് എടുത്ത് 
ബസിന്റെ 
സൈഡ്‌സീറ്റില്‍ തന്നെ 
ചെന്നിരുന്നു ;

നിന്നെക്കുറിച്ചുള്ള 
ഓര്‍മ്മകളോരോന്നും 
കാറ്റിനൊപ്പം എന്നെ 
ചുംബിച്ചുകൊണ്ടേയിരുന്നു. 

ബസ്;
മറവിലേക്കും, 
ഞാന്‍;
ഓര്‍മ്മകളിലേക്കും 
നൂറെന്നൂറില്‍ ഓടിക്കൊണ്ടിരുന്നു

കൊഴിഞ്ഞുവീണ 
ഇലകള്‍പോലും 
എന്റെയൊപ്പം പുറകിലോട്ടുപോന്നു. 

ബസ് 
മറവിയിലെത്തിയെന്ന് 
കണ്ടക്ടര്‍ 
ഓര്‍മ്മപ്പെടുത്തുമ്പോള്‍ ;

ഞാന്‍ 
ഓര്‍മ്മകളുടെ കടപ്പുറത്ത് 
വറുത്ത കപ്പലണ്ടി കൊറിച്ചുക്കൊണ്ട് 
സൂര്യാസ്തമയം കാണുകയായിരുന്നു. 

ഒരു കടല്‍
മുഴുവനായി 
ചൊകന്ന്  തുടുത്ത്,.
ചൊകന്ന് തുടുത്ത്, 
ചോര വാര്‍ന്നൊലിച്ച്, 

55 പേര്‍ 
മറവിയുടെ കൊക്കയില്‍ 
നിന്നിറങ്ങിപ്പോയി !

Read more: ഒരു പെണ്ണ് ബുള്ളറ്റോടിക്കുമ്പോള്‍, ഷീലാ റാണി എഴുതിയ കവിതകള്‍

click me!