ഒരു പെണ്ണ് ബുള്ളറ്റോടിക്കുമ്പോള്‍, ഷീലാ റാണി എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Mar 6, 2021, 5:13 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷീലാ റാണി എഴുതിയ കവിതകള്‍


ചില്ല. പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

Latest Videos


രാജ്യം

നിങ്ങളിപ്പോള്‍ ഞങ്ങളെ കണ്ടാല്‍ തിരിച്ചറിഞ്ഞുവെന്നു വരില്ല,

ഞങ്ങളിപ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചോ,
സമരങ്ങളെക്കുറിച്ചോ പാടാറില്ല
മനുഷ്യസ്‌നേഹത്തെക്കുറിച്ചും,
സത്യത്തെക്കുറിച്ചുമൊക്കെ എന്നേ ഞങ്ങള്‍ മറന്നു കഴിഞ്ഞു 

നോക്കൂ, ഞങ്ങള്‍ക്കിപ്പോള്‍ മുഷിഞ്ഞ വസ്ത്രങ്ങളോ,
പുകചുറ്റിയ കണ്ണുകളോ അല്ല,
കുപ്പായക്കീശയിലിപ്പോള്‍ ഞങ്ങള്‍ വാക്കിന്റെ  കല്‍ക്കണ്ടത്തുണ്ടുകളൊന്നും കരുതാറുമില്ല.

ഞങ്ങളുടെ മുഖഭാവങ്ങളിപ്പോള്‍ വായ മൂടിക്കെട്ടിയ കല്ലുകളെ  ഓര്‍മ്മിപ്പിക്കും,
 
താന്‍പോരിമയുടെ  ചാപിള്ളയെ ഗര്‍ഭത്തില്‍ ചുമന്ന് ഞങ്ങള്‍  മെല്ലെ മെല്ലെ അടി വച്ചു നീങ്ങുന്നു,

ഏതൊരാള്‍ക്കൂട്ടത്തിനിടയിലും ,
വലിയൊരു മുറിവ് പോലെ  നിസ്സംഗത ഞങ്ങളെ ചൂഴുന്നു 

വകതിരിവില്ലാത്ത ഒരു വികൃതിക്കുുട്ടിയെ പോലെ
ഇന്നലെ താന്‍ നട്ട ചെടിക്ക് വേരു വന്നോ എന്ന് പിന്നെയും പിന്നെയും പരിശോധിക്കുന്നു.

ഞങ്ങള്‍ കാത്തിരിക്കുകയാണ് 

ചുളുവിന്  ആകാശവും ഭൂമിയും വിറ്റുപോയ ഞങ്ങളുടെ രാജ്യം കാല്‍നടയായി പുറപ്പെട്ടിട്ടുണ്ട് 

 

.......................

Read more:
......................


ഒരു പെണ്ണ് 
ബുള്ളറ്റോടിക്കുമ്പോള്‍ 

ഒരു പെണ്ണ് 
ബുളളറ്റോടിക്കുമ്പോള്‍ 
അവള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നു,

നൃത്തത്തിലെന്ന പോലെ മതിമറക്കുന്നൊരു ലയത്തിലേക്ക് അവളൊറ്റയ്ക്കവളെ കിക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നു

ഇത്രകാലവും താനെവിടെയായിരുന്നുവെന്ന് അവളോര്‍ക്കാന്‍ തുടങ്ങുന്നു

ഹെഡ് ലൈറ്റൊന്ന് മിന്നിക്കുമ്പോള്‍ 
ഇപ്പോള്‍ പുലര്‍ന്നതേയുള്ളു എന്ന് തോന്നിപ്പിക്കുന്ന 
ഒരു പുതിയ വെളിച്ചത്തിലേക്ക് വഴികളെല്ലാം  മുങ്ങി പോകുന്നു.


സിംഹമെന്ന പോലെ ബുള്ളറ്റലറുന്നു,
അവളതിന്‍ മേലെ എഴുന്നള്ളുന്ന ദുര്‍ഗ്ഗയാകുന്നു,

കുതിര വാല്‍ മുടിയില്‍ സൂര്യനെ കൊരുത്തിട്ട് അവള്‍ കാത്തു നില്‍ക്കുമ്പോള്‍ 
ട്രാഫിക് ലൈറ്റുകളുടെ കണ്ണു തള്ളുന്നു

പിറകിലിരുന്ന് അരയില്‍ കൈചുറ്റി കാറ്റവളെ വട്ടം പിടിക്കുന്നു

നാവുകളും  നഖങ്ങളുമുള്ള  നിരത്തുകള്‍ അവളെ തിരിഞ്ഞു നോക്കി കിതയ്ക്കുന്നു,

പിന്നിലായി പോയൊരുത്തന്റെ 
വായില്‍ നിന്ന് തെറിച്ചൊരു പച്ചത്തെറി 
അവളെ തൊട്ടു തൊട്ടില്ലെന്ന  മട്ടില്‍ ...

അവള്‍ പറക്കുകയാണ്,

ചങ്ങലകള്‍,
ഇറുക്കിപ്പിടുത്തങ്ങള്‍..വീട്,
കുഞ്ഞുങ്ങള്‍...

എല്ലാമെല്ലാം അവളില്‍ നിന്നൂരി ഉരുണ്ടുരുണ്ടു  പോകുന്നു,
അവള്‍  പറക്കുകയാണ്,
മടങ്ങി വരുമ്പോള്‍ 
അവള്‍ വീടിനെ സംഗീതം കൊണ്ടു നിറയ്ക്കും...ഉറപ്പ്.

 

Read more: വണ്‍ ഷേഡ് ലൈറ്റര്‍, സീന ജോസഫ് എഴുതിയ കവിത
 

click me!