ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജ്യോതിലക്ഷ്മി ഉമാമഹേശ്വരന്‍ എഴുതിയ നാല് കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നിന്റെ (എന്റെ) മറ്റവന്..!
ഇന്നലെയും കൂടി നീ വിഷയമായി,
ഇതിങ്ങനെ പോയാല്‍ ശരിയാകുമോ?
എനിക്ക് ഭയം തോന്നുന്നുണ്ട്.
മുന്നത്തേ പോലെയല്ല
നീ; എന്ന് കേള്‍ക്കുന്നിടത്തൊക്കെ
ഹൃദയം ഞൊടിനേരം നിലച്ചുപോകുന്നത്
ഞാനിപ്പോള്‍ നന്നായ് അറിയുന്നു.
നീ എന്നാണ് വരുന്നത്?.
നിന്നെയൊന്ന് കാണാന്‍
മിണ്ടാന്‍
ഭാരങ്ങളിറക്കിവെച്ച്
നീ, നീയെന്നാര്‍ത്തലച്ച്
നീ പെയ്തിറങ്ങുന്ന ഭൂമിയാകാന്‍
ഞാനിവിടെ,
വരണ്ടുറങ്ങുന്നു.
എവിടെയാണ് നിന്നെ തേടേണ്ടത്?
മറ്റുള്ളവര്‍ക്ക് പ്രാപ്യമായും
എനിക്കപ്രാപ്യമായും
എന്തിനീ ഒളിച്ചുകളി?.
നിനക്ക് നല്‍കാന്‍
സമ്മാനങ്ങളുടെ പെരുമഴയുണ്ട്
എന്റെ കയ്യില്‍.
മനപ്പൂര്‍വ്വമായല്ലെങ്കിലും,
നിനക്കുമാത്രം അവകാശപ്പെട്ടവ.
ഒപ്പം, ഒരു രഹസ്യവും!
ഇപ്പോള്‍;
മനപ്പൂര്‍വ്വം,
ചായയില്‍ മധുരം കൂട്ടിയിടുന്നതാണ്.
മീന്‍കറിയില്‍ എരിവും.
ഇന്നലെ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ
ആ ചുളിവും, ചീര്‍പ്പിലെ മുടിയും..
എന്തിനേറെ, മക്കളുടെ
ഗൃഹപാഠം ചെയ്തുകൊടുക്കാതിരുന്നതുപോലും.
നിനക്കുവേണ്ടിയായിരുന്നു.
നീ വരാന്‍വേണ്ടിയായിരുന്നു.
എന്നിട്ടും നീ.
(നിത്യ(ദാമ്പത്യ) ജീവിതത്തിലെ കയ്യബദ്ധങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും പഴികേള്‍ക്കേണ്ടിവരുന്ന, അജ്ഞാതനായ ആ വ്യക്തിക്ക് 'മറ്റവന്‍' എന്ന് ആദ്യമായി വിളിപ്പേര് നല്‍കിയത് ആരാവും? തന്റെ കയ്യബദ്ധങ്ങള്‍ക്ക് താന്‍ പോലുമറിയാതെ ഉടയോനാകുന്ന തനിക്കറിയാത്ത ആ മറ്റവനോട് ഒരുവള്‍ക്കുണ്ടാകുന്ന വികാരം എന്തായിരിക്കും? 'പാവം എന്റെ മറ്റവന്‍' എന്നാവുമോ?. വെറുതെ ഒരു രസചിന്ത! (വായനക്കാരുടെ സൗകര്യത്തിന് മറ്റവള്‍ എന്നും തിരുത്തി വായിക്കാം.).
വീട്
വീടെന്ന ചിന്തയുള്ളില്‍
ഉണരുമ്പോള്‍ തന്നെ,
കാതങ്ങള്‍ക്കകലെയിരുന്നും
വീടതറിയാറുണ്ട്.
പിന്നെയുള്ള പകലുകളില്‍
ചിന്തകളില്‍ വിടാതെ പിന്‍തുടര്‍ന്ന്
വരുന്നില്ലേയെന്ന്
ചിണുങ്ങാറുണ്ട്.
നിദ്രയുടെ മറവുപറ്റി
കനവുകളിലൂടൂര്‍ന്നിറങ്ങി
വരുന്നില്ലേയെന്നും,
കാത്തിരിക്കുകയാണെന്നും
കണ്ണുനിറയ്ക്കാറുണ്ട്.
തിരക്കുകളെയടുക്കിപ്പെറുക്കി
കുഞ്ഞുങ്ങളെ വിരലില്‍ത്തൂക്കി
വീടിരിക്കുന്ന തെരുവിലെത്തുമ്പോഴേക്കും
കാലുകള്‍ ചിറകുകളാവാറുണ്ട്.
ഗെയിറ്റിങ്കല്‍,
താഴിനോട് ചേരാതെ ചാവി
പലവട്ടം വഴുതിവീഴുക
പതിവാണ്.
വാതില്‍ത്തുറന്ന്
അകത്തു കയറുമ്പോള്‍
ഉറ്റവരുടെ ഗന്ധങ്ങള്‍ വാരിത്തൂകി
പഴയകാറ്റ് ചേര്‍ത്തുപിടിക്കും.
വിശേഷങ്ങള്‍ പിന്നെയാകാം
അകത്തേക്കു വരൂ എന്ന്
വീടപ്പോഴേക്കും
തിരക്കുകൂട്ടും
ഞാനില്ലേ എന്ന്
കിളിയൊച്ചകള്‍ കേള്‍ക്കുന്നില്ലേയെന്ന്
കുളിച്ച് വരൂ എന്ന്
വിളക്കുകൊളുത്തണ്ടേ എന്ന്
തിരക്കുകളിലേക്ക് വീട്
തള്ളിയിടും.
രണ്ടുനാള്‍ക്കുശേഷം
വാതില്‍പൂട്ടി പടിയിറങ്ങുമ്പോള്‍
സൂക്ഷിച്ചു പോകണേയെന്ന്
ഇനിയെന്നാണിങ്ങോട്ടെന്ന്
പാവം, കണ്ണും നിറച്ച്
കാത്തിരിക്കലാണ്!
ജനാലകളില്ലാത്ത
ഒറ്റമുറിവീട്
ജനാലകളില്ലാത്ത ഒറ്റമുറി വീട് .
ആരാണവിടെ ആ വിജനതയില്‍
അങ്ങനൊന്ന് വരച്ചു ചേര്‍ത്തതെന്ന്
എനിക്കറിയില്ല.
പകുതി മാത്രം വരച്ച വാതിലിലൂടെ
ഏറെ ശ്രമപ്പെട്ടാണ്
അകത്തു കടന്നത്.
കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന തൂവാലയ്ക്കുള്ളില്‍
കുടുങ്ങിയ ശലഭത്തെ
പിന്നീടാണ് കണ്ടത്.
അപ്പോഴേയ്ക്കും
വാതിലാരോ മായ്ച്ചു കളഞ്ഞിരുന്നു.
ശലഭത്തിന്റെ ചിറകടി നന്നേ
ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
അതിനാലാണ്
തൂവാല കുടഞ്ഞെറിഞ്ഞത്.
ഇരുളില്‍,
ശലഭമെവിടെയെന്ന്
എത്ര തിരഞ്ഞിട്ടും
കണ്ടെത്തിയില്ല...
അതുകൊണ്ട് മാത്രമാണ്
അതെ, തീര്‍ച്ചയായും
അതുകൊണ്ട് മാത്രമാണ്,
ആരോ അവിടെ
വാതിലുകള്‍ വരച്ചുചേര്‍ത്തതറിഞ്ഞിട്ടും
പുറത്തിറങ്ങാതിരുന്നത്.
ഇറങ്ങിയെങ്കില്‍,
അതില്‍ നീതികേടുണ്ടെന്ന്
മനസ്സും അന്നേരം ഉറപ്പിച്ചു പറഞ്ഞിരുന്നു.
ശ്വാസം കിട്ടുന്നില്ലെന്നേയുള്ളു
ഇവിടെ സുഖമാണ്.
അതെ, സുഖമാണ്!
ആ ശലഭം,
അതെവിടെയാകും വീണു കിടപ്പുണ്ടാവുക?
ശലഭത്തിന്റെ ചിറകടിയൊച്ച
പുറത്തുനിന്ന് കേള്‍ക്കുന്നുവെന്നോ?
വാതില്‍ മാഞ്ഞുപോയത്
അറിഞ്ഞതേയില്ലല്ലോ.
ചുവപ്പ്
സുഗമമായൊരു യാത്രയില്‍
ഒഴിച്ചുകൂടുവാനാവാത്ത
ഒന്നത്രേ
ചുവന്ന വെളിച്ചം.
യാത്ര പുറപ്പെട്ട്
അവസാനിക്കുന്നിടം വരേയും
താക്കീതായും
കരുതലായും
ഒഴിവാക്കുവാനാവാതെ
കൂടെയുണ്ടാവുക
ബലമാണ്.
കണ്ടില്ലെന്നു നടിച്ചാല്‍,
അനുസരണക്കേടു കാട്ടിയാല്‍,
യാത്രയുടെ ലക്ഷ്യംതന്നെ
മാറിമറിഞ്ഞേക്കാം.
അത്തരം കാഴ്ചകള്‍
ഏറെ കണ്ടിരിക്കുന്നു..
തിരക്കുള്ള യാത്രയിലും
അതുകൊണ്ടുതന്നെയാണ്
മുഷിച്ചിലോടെയെങ്കിലും
അനുസരിക്കുന്നത്.
വെള്ളപുതച്ച്
കിടക്കുവാന്‍ വയ്യ!
ചുവപ്പ;
വെറുമൊരു നിറമല്ല,
അതൊരടയാളമാണ്,
സ്വാതന്ത്ര്യത്തിന്റെ
പരിധികള്‍
അടയാളപ്പെടുത്തിയിട്ടുണ്ട്;
ഇവിടംവരെയേ പാടുള്ളു എന്ന്,
കടന്നുകയറരുത് എന്ന്,
കാര്യകാരണ സഹിതം
ഇതിലേറെ
വ്യക്തമാക്കുക
എങ്ങനെ?
മതാന്ധത
അരങ്ങുതേടുന്ന
ആള്‍ക്കൂട്ട
ആക്രോശങ്ങള്‍ക്കിടയില്‍,
വഴി തിരയുന്ന ജനതയുടെ
പ്രതീക്ഷകളുടെ
നിറവും
ചുവപ്പു തന്നെ.
കാലദേശങ്ങളില്ലാതെ
ജാതി വര്‍ണ്ണ ഭേദങ്ങളില്ലാതെ
ഏവരിലും ഒഴുകുന്നതും
ചുവപ്പു തന്നെ
കൊടിയ വേനലില്‍
വസന്തത്തെ പുതയ്ക്കുന്ന
പൂവാകയുടെ
പ്രണയത്തിനും
ചുവപ്പാണ് വര്‍ണ്ണം.
ഇന്നുകളില്‍,
ചിന്തകളിലും
ഒരല്‍പ്പം ചുവപ്പ്
നല്ലതുതന്നെ..
മറ്റൊരുവനിലേക്ക്
കടന്നുകയറരുതെന്ന്
ബുദ്ധിയെ,
വികാരത്തെ,
ശരീരത്തെ,
ബോധ്യപ്പെടുത്താന്‍
തലച്ചോറില്‍,
ഹൃദയത്തില്‍,
പ്രവര്‍ത്തികളില്‍
ഒരല്‍പ്പം
ചുവന്നവെളിച്ചം
ഇതാ, ഇതാണെന്റെ
സ്വാതന്ത്ര്യത്തിന്റെ പരിധി
എന്ന്,
സ്വയമറിയാന്‍!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...