ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വി.കെ.അജയന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
''താങ്കളിത് നിറുത്തുന്നതാണ് നല്ലത്.''
അത് കേട്ടതോടെ ആ കെഴങ്ങന്‍ ഡോക്ടര്‍ക്കടുത്ത് നിന്ന് ഞാന്‍ ഓടിപ്പോരുകയായിരുന്നു.
''അതിന് പറ്റാത്തതല്ലേ ഡോക്ടറെ എന്റെ പ്രശ്‌നം ?''
എന്ന്, അവശേഷിക്കുന്ന സമചിത്തതയോടെ പറഞ്ഞ് അപ്പോള്‍ അവിടെ നിന്നിറങ്ങിയിരുന്നില്ലെങ്കില്‍ എനിക്കയാളെ അടിക്കേണ്ടി വന്നേനെ. 'ചികിത്സ മൂലം അക്രമാസക്തനായ മനോരോഗി ഡോക്ടറെ കൊല്ലാന്‍ ശ്രമിച്ചു.' എന്നൊരു വാര്‍ത്തയ്ക്കുള്ള വക അവിടെ സംഭവിക്കുമെന്നുറപ്പായിരുന്നു.
എത്രയോ സമയമെടുത്ത്, വിഷയം സചരിത്രകഥയായി അവതരിപ്പിച്ചതാണ്. എന്നിട്ടൊടുവില്‍ ആ ഫ്രഞ്ച് രോമങ്ങള്‍ മാന്തി സുദീര്‍ഘം ചിന്തിച്ചിട്ടയാള്‍ പറയുന്നൂ.
ഞാന്‍ കഥാവായന നിറുത്തുന്നതാണ് നല്ലതെന്ന്.
എന്റെ നാഥാ, നിനക്കറിയാമല്ലോ, പത്ത് മുപ്പത് കൊല്ലമായി കഥകള്‍ വായിച്ച് മനോവികാസം വന്ന് സഹൃദയനായ എനിക്കത് സാധിക്കില്ലെന്ന്. ആത്മാര്‍ത്ഥ സുഹൃത്തായ നിന്നോട് പോലും പറയാതെ കൊണ്ടുനടന്ന്, ഇങ്ങനെ ചുളുവില്‍ പരിഹരിക്കാന്‍ ശ്രമിച്ച എന്റെ പ്രശ്‌നമെന്താണെന്നു വെച്ചാല്‍.......
ഈയിടെയായി കഥ വായിക്കുമ്പോള്‍ തല പെരുക്കുകയാണ്. പേടിപ്പെടുത്തുന്നൊരു പിടിവിട്ടുപോകല്‍. എവിടേക്കൊക്കെയാണ് ഞാന്‍ കഥവിട്ട്, അതോ കഥയ്ക്കകത്തോ സഞ്ചരിക്കുന്നതെന്നറിയാതെ പൊറുതിമുട്ടുകയാണ്. എന്നാലോ, വായിക്കാതിരിക്കുന്ന കാര്യം ആലോചിക്കാനേ പറ്റുന്നില്ല. എന്തൊരു ദുരിതം! ഈ നിലയ്ക്കിനി ഒരടി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന നിലയിലാണ് ഞാന്‍ ആ ഡോക്ടറെ കാണാന്‍ പോയത്. അതിപ്പോ ഇങ്ങനെയായി.
ഒടുവില്‍, നിന്റെ സഹായത്തോടെ ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചാണ് ഞാനിപ്പോള്‍ നേരേ ഇങ്ങോട്ട് പോന്നിരിക്കുന്നത്. കാര്യങ്ങളൊക്കെ വിശദീകരിച്ച്, എന്നെ ദീര്‍ഘകാലമായി അറിയുന്ന നിന്റെ കയ്യില്‍ നിന്നും എന്നെക്കുറിച്ച് തന്നെ ഒരു കഥയെഴുതി വാങ്ങി ജീവിച്ചുനോക്കുക. കഥയ്ക്കു ശാന്തി കഥ എന്ന ശൈലിയില്‍ ഒരു ചികിത്സാപാരായണം...
താങ്കള്‍ക്കെന്നെ സഹായിക്കാന്‍ പറ്റും. അഥവാ, താങ്കള്‍ക്കേ പറ്റൂ. കഥയെഴുത്തിചന്റ പത്തിരുപത് സൂക്ഷ്മമര്‍മ്മങ്ങള്‍ കൂടി ഈയടുത്ത് പഠിച്ചെന്നല്ലേ കഴിഞ്ഞതവണ കണ്ടപ്പോള്‍ പറഞ്ഞത്? അതൊക്കെ ഇപ്പോള്‍ എനിക്ക് വേണ്ടി പ്രയോജനപ്പെടുത്തണം. അല്ലെങ്കിലും നിന്റെ കഥയില്‍ എനിക്ക് വിശ്വാസമാണ്. കാരണം;
വിശ്വസിച്ച് വായിക്കാം. അതില്‍, തൊണ്ണൂറുശതമാനം വീര്യമുള്ള പ്രതിരോധത്തിന്റെ രാഷ്ടീയമുണ്ട്, ഗുപ്തകാപട്യങ്ങളുടെ അനാവരണവും കപടസദാചാരത്തിനെതിരെയുള്ള സ്ട്രീക്കിങ്ങുമുണ്ട്. ചരിത്രത്തിന്റെ ഉള്‍പിരിവുകളിലൂടെയുള്ള യാത്രയുണ്ട്. തീര്‍ച്ചയുള്ള കാരുണ്യത്തിന്റെ അന്തര്‍ധാരയുണ്ട്, മാനവസേവയ്ക്കും, സാമൂഹ്യപുരോഗതിയ്ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതാണ് ആ കഥകള്‍. ജനമുന്നേറ്റം ഉന്നം വെച്ചെഴുതുന്ന ഒരു യഥാര്‍ത്ഥ ജനമൈത്രി കഥാകാരന്‍ തന്നെയാണ് താങ്കള്‍. ഇതൊന്നും ഞാന്‍ എനിക്ക് കഥകിട്ടാന്‍ വേണ്ടി പറഞ്ഞ് സുഖിപ്പിക്കുന്നതല്ല. എന്റെ സുഹൃത്തായ നാഥന്‍ എന്ന കഥാകാരന് അതിന്റെ ആവശ്യവുമില്ല. സര്‍ക്കസമല്ല സത്യമാണത്. ഒരു കഥയുമില്ലാത്തവര്‍ക്കടക്കം അറിയാവുന്ന വസ്തുതകളാണതൊക്കെ.
അപ്പൊ അതുകൊണ്ട്, എനിക്കിപ്പോള്‍ നിന്റെ കഥ വേണം. എനിയ്ക്കുള്ള ഔഷധം. മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക് ഊളിയിടാനുള്ള നിന്റെ സവിശേഷസിദ്ധി എനിക്കായി ഇവിടെ നീ ഉപയോഗിക്കണം. ഓക്കേ ?
ന്ത് ?...എന്തോന്ന് ?
തീമൊന്നും കയ്യിലില്ലെന്നോ? എന്താ സുഹൃത്തേ നിങ്ങളീ പറയുന്നത്! മനസ്സിലായില്ലേ? ഞാന്‍ തന്നെയല്ലേ തീമ്? നിന്റെ കഥയെന്ന് പറയുമ്പോള്‍, നീയെഴുതുന്ന എന്റെ കഥയാണ് എനിക്ക് വേണ്ടത്. ഒരു കഥാ തെറാപ്പിയാണ് ഞാനുദ്ദേശിക്കുന്നത്. ട്രീറ്റ്‌മെന്റ് കഥാമേഖലയിലേക്ക് നീയിതുവരെ കടന്നിട്ടില്ലെങ്കില്‍ ഇതാണ് പറ്റിയ; എനിയ്‌ക്കെങ്കിലും ഉപകാരപ്രദമായ സുവര്‍ണ്ണ അവസരം! ഒരു ജീവന്‍രക്ഷാ കഥ. ഞാന്‍ ഇവിടുന്ന് അലഞ്ഞുതിരിഞ്ഞ് എപ്പോഴെങ്കിലും വീട്ടിലെത്തുമ്പോഴേക്കും വാട്‌സാപ്പ് ചെയ്ത് കിട്ടിയാല്‍ മതി. ഉപേക്ഷ വിചാരിക്കരുത്. നീയെഴുതാന്‍ പോകുന്ന എനിക്ക് വേണ്ടിയുള്ള കഥയുടെ ഏകവായനക്കാരന്റെ ദയനീയമായ അപേക്ഷയാണിത്.
എഴുത്തിന് സഹായകമാകാവുന്ന ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. ഒരുപക്ഷെ, താങ്കള്‍ക്കു കുറച്ചൊക്കെ ആറിയാവുന്നത് തന്നെ. എന്നാലും, ഈ സന്ദര്‍ഭത്തില്‍ ഒരു ഓര്‍മ്മയുണര്‍ത്തല്‍ നന്നായിരിക്കും.
'ഒരു പഞ്ചായത്തില്‍, പത്ത്മുപ്പത് കൊല്ലമായി കഥ വായിച്ചുവായിച്ച് മനോവികാസം വന്ന...'
ങേ... ഓഹ്...അതൊക്കെ നീയായിക്കൊള്ളാമെന്നോ, ശരി. പോയിന്റുകള്‍ മാത്രം മതിയല്ലേ? അപ്പോള്‍ നീ സമ്മതിച്ചു. നന്ദി സുഹൃത്തേ. പോയിന്റുകള്‍ എന്ന് പറയുമ്പോള്‍ തല്‍ക്കാലസ്ഥിതിയാണ് ഇവിടെ പ്രധാനം. അത് വെളിപ്പെട്ട സന്ദര്‍ഭം കൂടി പറഞ്ഞാല്‍ ചിത്രത്തിന് തെളിച്ചമല്‍പം കൂടുതല്‍ കിട്ടിയേക്കും. ഞാന്‍ പറയാം.
ഏറ്റവും ചുരുങ്ങിയത് ഒരു കഥയെങ്കിലും വായിക്കാതെ എനിയ്ക്ക് ഉറങ്ങാന്‍ കഴിയില്ലെന്ന് നിനക്കറിയാമല്ലോ ? അതും, സഹിഷ്ണുതയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടവും, കാരുണ്യവും നന്മയുമൊക്കെ ഇതിവൃത്തങ്ങളായി വരുന്ന കഥകളാണെങ്കില്‍ എത്രയും നന്ന്. ഭാഷ നന്നാക്കണം. വേണ്ടെന്നല്ല. അമ്മാതിരി കഥകള്‍ക്കുള്ളിലാണ് ഞാന്‍ ഉറങ്ങാറുള്ളത്. ഭ്രാന്തും ഉറക്കവും തമ്മിലുള്ള ബന്ധം താങ്കള്‍ക്കറിയാമല്ലോ. ഉത്തമകഥാവായനയുടെ സില്‍വര്‍ ജൂബിലി കടന്ന ഒരു സഹൃദയന്റെ സ്വാഭാവികപരിണതി എന്നേ അതിനെ കണക്കാക്കേണ്ടതുള്ളൂ. കുഴപ്പം ഇതെല്ലാം മാത്രമല്ല.
കുറച്ചുനാള് മുമ്പ് ഇങ്ങനെയാണത് തുടങ്ങിയത്.
ഞാന്‍, നല്ല ഉത്സാഹത്തോടെ കഥ വായിച്ചു തുടങ്ങി, ഒന്നുരണ്ടു ഖണ്ഡികകള്‍ കഴിയുമ്പോഴേയ്ക്കും ഉടലെടുക്കുന്ന ആശയക്കുഴപ്പങ്ങളായിട്ടാണ് ആദ്യം അത് കടന്നുവന്നത്.
വായിച്ചുകൊണ്ടിരിക്കുന്നത്, ഭ്രമകല്പനകളുടെ സ്വപ്നരചനയാണോ, ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ചോരയിറ്റുന്ന ഏടാണോ, അപരിചിത ലോകങ്ങളിലേക്കുള്ള കിളിവാതില്‍ തുറന്നുവരികയാണോ, ഏതോതരം രാഷ്ട്രീയം ശക്തമായി പറയുകയാണോ, സ്ത്രീയുടെയോ മറ്റോ അടിച്ചമര്‍ത്തപ്പെട്ട ആന്തരികലോകത്തിന്റെ സൂചനാസംഘാതമാണോ, ചരിത്രത്തിന്റെ പുതുവായനയാണോ, മൂല്യബോധമെന്ന മൃഗത്തോലിന്റെ പുറത്തുള്ള ആഞ്ഞടിയാണോ?
മൊത്തം ആഖ്യാനം തന്നെ ഒരു വിരുദ്ധോക്തിയാണോ, എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച് മുന്നോട്ട് വായിക്കാന്‍ സാധിക്കാത്ത ദുരവസ്ഥയിലെത്തിപ്പെടുക!
പണ്ട് വായിച്ച കുറേ നിരൂപണഗ്രന്ഥങ്ങളുടെ പ്രേതങ്ങള്‍ അനവസരങ്ങളില്‍ വന്ന് കേറുന്നതാകാമെണെന്ന് കരുതി ആദ്യമത് ഞാന്‍ കാര്യമാക്കിയില്ല. മറിച്ച്, ഉയര്‍ന്ന താത്വിക/സൈദ്ധാന്തിക വായനയിലൂടെ എന്റെ വ്യാഖ്യാനാത്മക പാരായണശേഷി കൂടുതല്‍ വികസ്വരമാകുന്ന ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന തെറ്റിദ്ധാരണയാല്‍ ഞാന്‍ ആഹ്‌ളാദിക്കുക പോലും ചെയ്തു. കാരണം, ഒരു കഥ പത്താമത്തെയോ ഇരുപത്തഞ്ചാമാത്തെയോ ശ്രമത്തില്‍ ഒരു ഊഹാപോഹത്തിന്റെ തെളിമയോടെയെങ്കിലും മുഴുവനാക്കാന്‍ എനിക്ക് അതിന്റെ തുടക്കത്തില്‍ സാധിച്ചിരുന്നു. എന്നാല്‍ വൈകാതെത്തന്നെ, പ്രശ്‌നം ക്രമേണ വഷളാകുന്നതും പ്രകൃതം തന്നെ മാറി ഭീകരമാകുന്നതും പതുക്കെ ഞാനനുഭവിച്ചു തുടങ്ങി.
ഇതിനിടയിലാണ്, കൂനിന്മേല്‍ കുരു അതിന്മേലൊരു കൊതുക് എന്ന മട്ടില്‍ മറ്റൊരു ദുര്യോഗം വന്നുപെട്ടത്. ഞാന്‍ നെറ്റ് ചാര്‍ജ്ജ് ചെയ്യുന്നത് തന്നെ കഥയുടെ കാര്യത്തിനാണല്ലോ. ഓണ്‍ലൈന്‍ വായനയും, ഓരോരോ ഗ്രൂപ്പുകളിലെ അഭിപ്രായം പറച്ചിലും ആസ്വാദനവും അവലോകനവുമോക്കെയായി മുന്നേറി വന്നപ്പോളാണ് ആ ആവേശം എനിക്ക് കേറിയത്.
എനിക്കുമൊരു കഥ എഴുതണം!
ജീവിതാനുഭവങ്ങള്‍ ഊഹിക്കാനുള്ള കഴിവും അക്ഷരബോധവുമുള്ള ഏതൊരുത്തനും പരമാവധി ഒരു കഥയെങ്കിലും എഴുതാം എന്നാണല്ലോ ? അതുകൊണ്ട് തന്നെ വിശപ്പും, ദാഹവും, ഉറക്കമില്ലായ്മയും, നഷ്ടങ്ങളും, നേട്ടങ്ങളും, വിസിറ്റിംഗ് വിസയ്ക്ക് ദുബായില്‍ പോയി പണികിട്ടാതെ തിരിച്ചുവന്ന പ്രവാസാനുഭവമടക്കം കയ്യൊടിഞ്ഞ വേദന മുതല്‍ പ്രണയനഷ്ടത്തിന്റെ ഹൃദയവേദനയും പുരോഗമന ചിന്താഗതിയില്ലാത്ത ഭാര്യയുമായുള്ള വിവാഹമോചനാനുഭവവും വരെ നീളുന്ന ജീവിതാനുഭവങ്ങളുള്ള എനിക്കത് വളരെ എളുപ്പമായിരുന്നു. അങ്ങനെ, അനുഭവത്തിന്റെ തീഷ്ണതയില്‍ നിന്നുകൊണ്ട് ഞാനത് ചെയ്തു.
കഥയങ്ങ് എഴുതി.
സത്യത്തില്‍ അത്, അതിനിടെ നടന്നൊരു സംഭവത്തിന്റെ കഥാത്മകമായ അവതരണം മാത്രമായിരുന്നു. എന്റെ അയല്‍ക്കാരനെന്ന ആ നാറി....ങാ,. ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കാകെ.... കഥയില്‍ നേരിട്ട് വിശദാംശങ്ങള്‍ ഒന്നും പറയുന്നില്ലെങ്കിലും, ആ സവിശേഷ ജീവിതാനുഭവമാണ് ഞാന്‍ കഥാവസ്തുവാക്കിയത്. പക്ഷെ, ഒരു ആ കഥയ്‌ക്കോ, അതിനാധാരമായ സംഭവങ്ങള്‍ക്കോ എന്നെ പാളം തെറ്റിച്ചതില്‍ നേരിട്ട് എന്തെങ്കിലും പങ്കുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഡോക്ടറേ, അല്ല; നാഥാ...
കോടിയൊന്നു രാത്രികളിലിരുന്നു വായിച്ചാലും തീരാത്തത്ര കഥകളുമായി ഉറക്കമിളച്ച് കിടക്കുന്ന ഷെഹറസാദായ ഫേസ്ബുക്കില്‍, ഞാനത് പോസ്റ്റ് ചെയ്തു. താങ്കളടക്കം എഴുതിയ ആസ്വാദനക്കുറിപ്പുകള്‍ ഞാന്‍ ആര്‍ത്തിയോടെയാണ് അന്ന് വായിച്ചത്. 'വായനക്കാര്‍' 'വായിച്ചെടുത്ത' 'കഥകള്‍' വായിച്ച് ഞാന്‍ അമ്പരന്നുപോയി. കയ്യേറ്റം, താന്തോന്നിത്തം, ജനാധിപത്യം, സഹിഷ്ണുത എന്നീ പദങ്ങള്‍ കലാമര്‍മ്മം അറിയാത്ത ചിലര്‍ അവിടിവിടെ ഉപയോഗിച്ചിരുന്നു.
അതെ, എന്റെ അയല്‍ക്കാരന്‍ എന്റെ സ്വസ്ഥജീവിതത്തില്‍ നടത്തിയ ഇടപെടലും ഭാര്യാനഷ്ടം മുതലായ അനുബന്ധസംഗതികളും ആധാരമാക്കിയെഴുതിയ ആ കഥ. ചുരുക്കത്തിലത് ഇത്രയേ ഉള്ളൂ.
അവന്റെ പശു എന്റെ കിണറ്റില്‍ വന്ന് ചാടിയപ്പോള്‍ അതിനെ കെട്ടിയിടാത്ത വിഷയം പറഞ്ഞ് എനിക്കവനെ തല്ലേണ്ട അവസ്ഥയുണ്ടായി. കുറച്ചു നാള് കഴിഞ്ഞ്, എന്റെ ഡോബര്‍മാന്‍, ഓമന ഡെവിള്‍.- അവന്റെ കിണറ്റില്‍ വീണപ്പോളാണ് കിണറിന് വായ്ക്കല്ല് കെട്ടാതെ വര്‍ഷങ്ങളായി അവന്‍ കെണിയൊരുക്കി വെച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. വഴക്കിനിടയില്‍ ആഭാസകരമായ പലതും അവന്‍ കുത്തിപ്പൊക്കി. കോഴ കിട്ടുന്ന ജോലി കോഴ കൊടുത്ത് വാങ്ങിയവനെന്നും, പരസ്ത്രീ ബന്ധമുള്ളവനെന്നും ഭാര്യയെ തല്ലിയോടിച്ചവനെന്നും അതിരുമാന്തിയെന്നും ...
സ്വാഭാവികമായും എനിക്ക് രൂക്ഷമായി പോരാടേണ്ടി വന്നു. അത് പിന്നെ കേസും പുകിലുമായി. എസ്.ഐ. എനിക്ക് കായികമായിത്തന്നെ വേണ്ട ഉപദേശങ്ങള്‍ തന്നു. വ്രണപ്പെട്ട എന്റെ ആത്മാഭിമാനം വെറുതെയിരിക്കാന്‍ അനുവദിച്ചില്ല. കൊട്ടേഷന്‍ വെച്ചവന്റെ കാലൊടിച്ചിട്ടേ എനിക്ക് സ്വസ്ഥത കിട്ടിയുള്ളൂ.
കഥയില്‍ ഞാന്‍ ഈ ഘട്ടം വരെയേ ഉല്‍ഗ്രഥിക്കുന്നുള്ളൂ. പക്ഷെ, ക്വട്ടേഷന്‍കാര്‍ക്ക് കൊടുക്കാന്‍ പലിശക്കെടുത്ത കാശ് സമയത്തിന് കൊടുക്കാത്തതിന് പലിശക്കാരന്‍ എന്നെ പിന്നീട് കുടഞ്ഞിരുന്നു. എന്തായാലും, ഇതിനെല്ലാറ്റിനും വഴിവെച്ച അവനെ ഞാന്‍ സ്വന്തം നിലയ്ക്ക് തന്നെ ഒന്നുകൂടി കാണുന്നുണ്ട്. ഈ നടക്കുന്ന കേസൊന്നു കഴിയട്ടെ.
ങാ...
സത്യത്തില്‍ ഇപ്പറഞ്ഞ ജീവിതാനുഭവം കഥയെഴുത്തിനുള്ള വകയായി ഞാന്‍ സ്വീകരിച്ചത് തന്നെ, പൗരന്റെ സ്വസ്ഥജീവിതത്തെ മാരകമായി മുറിപ്പെടുത്തുന്ന ഇത്തരം ശക്തികളോട് കലാപരമായി പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു.
''കേവലന്യായത്തിനും, വ്യക്തിയുടെ ആത്മാഭിമാനത്തിനും, സര്‍വ്വോപരി ഭരണഘടന ഉറപ്പുനല്‍കുന്ന സ്വസ്ഥജീവിതത്തിനും എതിര്‍നില്‍ക്കുന്ന ശക്തികള്‍ക്ക് നേരെയുള്ള പൗരന്റെ പോരാട്ടങ്ങള്‍ക്കുമേല്‍ ഫാസിസ്റ്റ് സ്റ്റേറ്റ് നടത്തുന്ന അടിച്ചമര്‍ത്തല്‍ വെളിവാക്കുന്ന രചന.''-
എന്ന് താങ്കള്‍ ശരിയായി നിരീക്ഷിച്ച ആ കഥ, ഞാനൊന്നുകൂടി വായിച്ച അതേ ദിവസമാണ്, കടന്ന് പോയിക്കൊണ്ടിരിക്കുന്ന പ്രശ്‌നം എത്രമാത്രം ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നു എന്നെനിക്ക് പൂര്‍ണ്ണബോധ്യമായത്. അഞ്ഞൂറ് വരികളുള്ള ഒരു സമസ്യയായിട്ടാണെനിക്കത് കാണപ്പെറട്ടത്. കൂടുതല്‍ തവണ വായിച്ചപ്പോള്‍, വിഭ്രാമകധ്വനികള്‍ നിറഞ്ഞ ഒരു നിഴല്‍ യുദ്ധത്തിന്റെ ആഖ്യാനമായും. നടന്ന സംഭവങ്ങളും, ആ കഥയും, എന്റെ വായനയുമൊക്കെയായി എന്തെങ്കിലും ബന്ധമുണ്ടെന്നതിന് തെളിവാകുന്ന ഒന്നും തന്നെ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പലവര്‍ണ്ണങ്ങളിലുള്ള വായു നിറച്ച ബലൂണുകള്‍ ഓരോന്നായി പൊട്ടിക്കുന്നത് പോലെ കുറെ വാചകങ്ങള്‍ ഞാന്‍ വായിച്ച് തീര്‍ത്തു. വളരെ കഷ്ടപ്പെട്ട്, തലവവേദനയോടെ ചര്‍ദ്ദിച്ചുകൊണ്ട്. എന്റെ പ്രശ്‌നത്തിന്റെ വിശ്വരൂപം കണ്ട് ഞാന്‍ ഞെട്ടി, തകര്‍ന്നുപോയി സുഹൃത്തേ.
അതോടെ, ഖണ്ഡികകളില്‍ തെന്നി, ആശയക്കുഴപ്പങ്ങളില്‍ ചെന്ന് ചാടി നെഞ്ചുരഞ്ഞു നീന്തിയിരുന്ന ഞാനിപ്പോള്‍, ആദ്യവാചകങ്ങളില്‍ തന്നെ തട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പറന്നുപോകുകയാണ്. നീയൊന്ന് കേള്‍ക്ക് സുഹൃത്തേ, വന്നു വന്നിപ്പോള്‍ ഞാനൊരു കഥ വായിച്ച് തുടങ്ങുമ്പോഴേക്കും കുഴഞ്ഞുമറിഞ്ഞ് ആകെ തകരുകയാണ് നാഥാ!
ഓരോ ഖണ്ഡികയും, വാചകവും, വാക്കും, ചിഹ്നങ്ങളും പിരിയഴിഞ്ഞ് തമ്മില്‍ ചേരാത്ത ഖണ്ഡങ്ങളായി എനിക്ക് ചുറ്റും കറങ്ങുന്നു. വിയര്‍ത്ത് കുളിച്ച് തലകറങ്ങി കഥാവായന തന്നെ നിറുത്തി കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ സുഹൃത്തേ, അടുത്ത വാചകത്തില്‍, വാക്കില്‍ മറ്റുള്ളവയെ മുഴുവന്‍ കൂട്ടിക്കെട്ടാനുള്ള രഹസ്യമുണ്ടെന്ന ചിന്തപൊട്ടി കിടക്കെരിങ്ങയില്ലാതെ ചാടിവന്ന് വീണ്ടും ഞാന്‍ വായിച്ച് നോക്കുന്നു. മുമ്പത്തെക്കാള്‍ വലിയ കുരുക്കില്‍ പെട്ട് പേയിളകി കിടക്കയിലേക്ക് തന്നെ വീഴുന്നു. ഇതിന്റെ ആവര്‍ത്തനങ്ങള്‍ക്കവസാനം, പിച്ചുംപേയും പറഞ്ഞ് തലമുടി വലിച്ചുപറിച്ച് രാത്രി മുഴുവന്‍ വെരുകിനെപ്പോലെ നടന്ന് നേരം വെളുപ്പിക്കുന്ന അവസ്ഥയില്‍ ഞാനെത്തിയപ്പോഴാണ് മിസ്റ്റര്‍ നാഥന്‍, ഞാനാ ഡോക്ടറെ കാണാന്‍ പോയത്.
എന്തായാലും സുഹൃത്തേ, കഥാവായന നിറുത്തുക എന്നാല്‍ മരിക്കുക എന്നാണര്‍ത്ഥം. ഒരല്‍പം ഭ്രാന്തോടെയായാലും ജീവനോടെയിരിക്കാന്‍ എനിക്ക് പരിശ്രമിക്കെണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. അതിലേക്കായി നീ ഉടന്‍ തന്നെ, സമാധാനം തരുന്ന ഒരു കഥയെഴുതി വാട്‌സാപ്പ് ചെയ്യണം. മറ്റാരുടെയും കഥ എനിക്ക് ഉപകാരപ്പെടില്ല. മറ്റാരും, ഒരേ സമയം എന്നോട് സൗഹൃദമുള്ളവരും, എന്റെ അവസ്ഥയും, കഥയെഴുത്തിന്റെ മര്‍മ്മങ്ങള്‍ അറിയുന്നവരുമായി ഇല്ല, എന്നത് തന്നെ കാരണം. ഓടിച്ചെന്ന്, ആത്മാര്‍ഥമായി, ചികിത്സാത്മകമായി എഴുതൂ. ഇത് ഫലിക്കണം.
സാമൂഹ്യമാറ്റമല്ല, ഏകാന്തമായ സ്വന്തം മാറ്റമാണ് ഇപ്പോള്‍ എനിക്ക് വേണ്ടത്. നീ എഴുതിയില്ലെങ്കില്‍... നീ എഴുതാന്‍ പോകുന്ന എനിക്കുള്ള കഥ ഫലിച്ചില്ലെങ്കില്‍,... ഇല്ലെങ്കില്‍ എന്തെന്ന് എനിക്കറിയില്ല . പക്ഷെ, എന്റെ പ്രകൃതം, നിനക്കറിയാമല്ലോ..? എനിക്കിനി ഒന്നും നോക്കാനില്ല. നമ്മളന്ന് ആ പെണ്‍കൊച്ചിനെ കൈകാര്യം ചെയ്തതൊക്കെ ഞാന്‍ ചിലപ്പോള്‍ വിളിച്ചുപറഞ്ഞുപോകും.
ശരി, നീ തുടങ്ങൂ.
ഞാനിറങ്ങട്ടെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...